Prasheed P S

കണ്ടല ലഹള ; നവോത് ഥാനത്തിന്റെ കാഹളം

തെക്കന്‍ തിരുവിതാംകൂറിലെ സാമൂഹ്യ ഘടനക്ക് തന്നെ മാറ്റം കുറിച്ച കലാപമാണ് പില്‍ക്കാലത്ത് ചരിത്രത്തില്‍ രേഖപെടുത്ത പെട്ട കണ്ടല ലഹളയും ,കേരളത്തിലെ ആദ്യത്തെ കര്‍ഷകതൊഴിലാളി പണിമുടക്കവും.മഹാത്മാ അയ്യന്‍ കാളിയുടെ നേതൃത്വത്തില്‍ നടന്ന ഈ പോരാട്ടത്തെ കേവലമൊരു സമുദായ കലാപം മാത്രമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് അന്നും ഇന്നും നടന്നുവരുന്നത് . ജന്മി നടുവഴിത്വ വ്യവസ്ഥ നിലനിന്നിരുന്ന കേരളത്തില്‍ ആദ്യമായി കര്‍ഷക തൊഴിലാളികള്‍ പഠന അവകാശത്തിനും കൂലി കൂടുതലിനും ജോലി സ്ഥിരതയ്ക്കും വേണ്ടി പണി മുടക്കിയ സമരം നടന്നത് കണ്ടല ലഹളയുടെ ഭാഗമായാണ് .കണ്ടല ലഹള നടന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ കേരളത്തിന്റെ സാമൂഹ്യ പശ്ചാതലത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളില്‍ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ കര്‍ഷക തൊഴിലാളി സമരവും ചെലുത്തിയ സ്വാധീനം ചെറുതല്ല

ദശകങ്ങള്‍ നീണ്ടുനിന്ന ജന്മി നാടുവാഴിത്തത്തിന്‍ കീഴില്‍ എല്ലാ വിധത്തിലുമുള്ള അവകാശങ്ങളും നിഷേധിക്കപെട്ട ജാതീയമായി വിവേചനമനുഭവിച്ചവരുടെ സമഗ്ര മോചനത്തിന് വേണ്ടിയാണ് അയ്യന്‍ കാളി പോരാടിയത് .ജന്മിനാടുവാഴി വ്യവസ്ഥയില്‍ നാട്ടിലെ പ്രധാന സാമ്പത്തിക മേഖല കൃഷി ആയിരുന്നു .ജന്മിമാരുടെ പാടങ്ങളില്‍ പണിയെടുത്തിരുന്നത് , പുലയര്‍ ,പറയര്‍ ,കുറവര്‍ തുടങ്ങിയ ജാതീയ വിവേചനങ്ങളില്‍ നട്ടം തിരിയപ്പെട്ട സമുദായാംഗങ്ങളായിരുന്നു . ബന്ധപ്പെട്ട വിഭാഗങ്ങളെയാകെ ജന്മിമാര്‍ അടിമകളായാണ് കണക്കാക്കിയിരുന്നത് .സ്വന്തമായി ഭൂമിയോ ,തല ചായ്ക്കാന്‍ കിടപ്പാടമോ ഉണ്ടായിരുന്നില്ല .പണിയെടുക്കുന്ന പാടത്തിന്റെ കരയില്‍ കൈതക്കമ്പും കാട്ടുമരങ്ങളും കൊണ്ടുണ്ടാക്കിയ ചെറു കുടികളില്‍ ആണ് അന്തിയുറങ്ങിയിരുന്നത് .ജന്മിക്കു തോന്നുമ്പോള്‍ ഇറക്കി വിടാനും ശിക്ഷിക്കാനും കഴിയുന്ന ഒരുതരം കാട്ടാള സാമൂഹ്യ നീതിയാണ് നില നിന്നിരുന്നത് .എക്കാലവും അടിമകളാക്കി നില നിര്‍ത്തുക എന്നത് ജന്മിമാരുടെ താല്പര്യമായിരുന്നു ..അതിനു വേണ്ടി അവര്‍ ഒട്ടേറെ അനാചാരങ്ങളും ജാത്യാചാരങ്ങളും അന്ധ വിശ്വാസങ്ങളും നടപ്പിലാക്കിയിരുന്നു. മൃഗങ്ങള്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന വഴികളില്‍ പോലും ജാതീയ വിവേചനങ്ങള്‍ക്ക് വിധേയപ്പെട്ടിരുന്ന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്രമുണ്ടായിരുന്നില്ല .തൊട്ടുകൂടായ്മ ,തീണ്ടികൂടായ്മ തുടങ്ങി അനാചാരങ്ങളുടെ ഭീതിതകാലമായിരുന്നു അത്.

ആരാധനാലയങ്ങള്‍ എല്ലാം സവര്‍ണ്ണരുടെ സ്വന്തമായിരുന്നു .അതുകൊണ്ട് തന്നെ ജാതീയമായി വിവേചനമനുഭവിച്ചവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല ..ജാതീയമായി വിവേചനമനുഭവിച്ചവര്‍ അറിവു നേടിയാല്‍ അത് തങ്ങളുടെ മേധാവിത്വത്തിനു ദോഷം ചെയ്യുമെന്നു മനസ്സിലാക്കിയ ജന്മി നാടുവാഴികള്‍ സ്വാഭാവികമായും അക്ഷരം നിക്ഷേധിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു..സ്കൂള്‍ പ്രവേശനവും നിക്ഷേധിച്ചു. ഇത്തരം ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ നിന്ന് അടിച്ചമര്‍ത്തപ്പെട്ട ജനതയെ മോചിപ്പിക്കാന്‍ അന്നത്തെ ഭരണകൂടം യാതൊന്നും ചെയ്തിരുന്നില്ല .കാരണം ഭരണകൂടത്തിന്റെ അധികാര സ്ഥാനങ്ങളില്‍ ജന്മിത്വം ആയിരുന്നു നിലനിന്നിരുന്നത് .ഈ ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് ജാതീയമായി വിവേചനമനുഭവിച്ചവരുടെ ആകെ മോചനത്തിനു വേണ്ടി രക്ഷകനായി മഹാത്മാ അയ്യന്‍ കാളി രംഗ പ്രവേശനം ചെയ്തത്

1863 ആഗസ്റ്റുമാസം 28 നു ധമലയാളമാസം 1039 ചിങ്ങം 14 പ അവിട്ടം നക്ഷത്രത്തില്‍ വെങ്ങനൂരില്‍ അയ്യന്റെയും മാലയുടെയും മകനായിട്ടാണ് കാളി ജനിച്ചത് .കളിയാണ് പിതാവിന്റെ പേരുകൂടി ചേര്‍ത്ത് അയ്യന്‍ കാളി ആയത്.അയ്യങ്കാളിയുടെ പിതാവ് അയ്യന്‍ പനങ്ങോട്ടു ഊറ്റിരത്തു പരമേശ്വരന്‍ പിള്ള എന്നജന്മിയുടെ കുടിയാനായിരുന്നു ..ഈ ജന്മി അക്കാലത്തുണ്ടായിരുന്ന മറ്റു ജന്മിമാരില്‍ നിന്നും വ്യത്യസ്തനായിരുന്നു.തന്റെ ഏക്കറുകണക്കിന് വരുന്ന കൃഷി ഭൂമി അധ്വാനിച്ചു സംരക്ഷിച്ചിരുന്ന അയ്യന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനായിരുന്ന പരമേശ്വരന്‍ പിള്ള അതിന്റെ സന്തോഷ സൂചകമായി 5 ഏക്കര്‍ ഭൂമി ദാനമായി നല്കി .അങ്ങനെ സ്വന്തമായി 5 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥനായ ആദ്യത്തെ കുടിയാന്‍ അയ്യനായി.

അധസ്ഥിത വിഭാഗം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ തീരുമാനിച്ച അയ്യന്‍ കാളി 1893 ല്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി വെങ്ങാനൂരില്‍ നിന്നും മണക്കാട് വരെ വെള്ള കാളകളെ പൂട്ടിയ വില്ല് വണ്ടിയില്‍ സഞ്ചരിച്ചു .ഇത് സവര്‍ണ്ണരെ രോഷാകുലരാക്കി .എന്നാല്‍ ഇത് ജാതീയമായി വിവെചനമനുഭവിച്ചവരുടെ മനസ്സുകളില്‍ പുതിയൊരു ലക്ഷ്യ ബോധം ഉണര്തുന്നതായിരുന്നു.അതിനു ശേഷം 1898 ല്‍ അദ്ദേഹം ഏതാനും അനുചരന്മാരുമായി ആറാലുംമൂട് പുത്തന്‍ ചന്തയിലേക്ക് കാല്‍നട യാത്ര നടത്തി .ബാലരാമപുരം ചാലിയതെരുവില്‍ വച്ച് ഈ യാത്രക്ക് നേരെ വലിയ സായുധ ആക്രമണം തന്നെ സവര്‍ണ്ണമേധാവികള്‍ അഴിച്ചു വിട്ടു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കും ജാത്യാചാരങ്ങള്‍ക്കും എതിരെ പൊരുതാന്‍ ഏറ്റവും ആവശ്യമായത് അറിവ് നേടുക എന്നതാണെന്ന് അയ്യന്‍ കാളി മനസ്സിലാക്കിയിരുന്നു. ജാതീയമായി വിവേചനമനുഭവിച്ചിരുന്നവര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന തിരിച്ചറിവിലാണ് അയ്യന്‍ കാളി 1904 ല്‍ വെങ്ങാനൂരില്‍ ഒരു കുടിപള്ളിക്കൂടം ആരംഭിച്ചത് .എന്നാല്‍ ഇവിടെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ കിട്ടിയില്ല .തുടര്‍ന്ന് അയ്യങ്കാളി മഹാകവി കുമാരനാശാനെ കണ്ടു സഹായം അഭ്യര്‍ത്ഥിച്ചു .കുമാരനാശാന്‍ പരമേശ്വരന്‍ പിള്ള എന്ന അദ്ധ്യാപകനെ അയച്ചു കൊടുത്തെങ്കിലും ജന്മിമാരുടെശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇദ്ദേഹം മടങ്ങി പോവുകയും അങ്ങനെ സ്കൂള്‍ പൂട്ടുകയും ചെയ്തു.

1907 ല്‍ ആണ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ ആദ്യമായി സ്ക്കൂള്‍ പ്രവേശനം നല്കികൊണ്ട് ഉത്തരവിറക്കിയത് .എന്നാല്‍ സമ്പന്നന്മാരായ ജന്മിമാര്‍ അത് നടപ്പിലാക്കിയില്ല .അക്ഷരം അഗ്നി ആണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു .മാത്രമല്ല തങ്ങളുടെ പാടങ്ങളില്‍ പണിയെടുക്കാനുംസമ്പത്തുണ്ടാക്കുന്നതിനും ഒരു ജന വിഭാഗം വേണം .അതിനു അവരെ അയിത്താചാരവും അനാചാരവും വഴി അടിമകളാക്കി നില നിര്‍ത്തേണ്ടത് അവരുടെ തന്നെ ആവശ്യമായിരുന്നു. എന്നാല്‍ അയ്യന്‍കാളി അധസ്ഥിത ജനവിഭാഗത്തിന്റെ സ്കൂള്‍ പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടങ്ങിയിരുന്നു .ഇതിന്റെ ഫലമായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1910 ല്‍ വീണ്ടും സ്കൂള്‍ പ്രവേശന ഉത്തരവിറക്കി .ഈ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണു.1907 ല്‍ സ്ഥാപിച്ച ഊരൂട്ടംബലം സ്കൂളിലേക്ക് പൂജാരി അയ്യരുടെ മകളായ പഞ്ചമിയുമായി അയ്യങ്കാളി എത്തിയത്.

എന്നാല്‍ കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിച്ചു .പഞ്ചമി എന്ന ജാതീയ വിവേചനത്തിന്റെ ഇര കയറിയ ഊരൂട്ടംമ്പലം സ്കൂള്‍ തീയിട്ടു നശിപ്പിക്കുകയും ആ കുറ്റം അയ്യങ്കാളിയുടെ മേല്‍ കെട്ടി വയ്ക്കുകയും ചെയ്തു .ഊരൂട്ടംമ്പലം സ്കൂളില്‍ പ്രവേശനവുമായി ബന്ധപെട്ടു നടന്ന ഈ കലാപം മാറനല്ലൂര്‍ ഗ്രാമത്തില്‍ ആകെ പടര്‍ന്നു.ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ പാര്‍ത്തിരുന്ന കണ്ടല,മുണ്ടെന്‍ ചിറ ,ഇറയംകോട്,ആനമല ,കൊശവല്ലൂര്‍ ,കരിങ്ങല്‍ ,അരുവിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ലഹള പടര്‍ന്നു .7 ദിവസം നീണ്ടു നിന്ന അക്രമങ്ങള്‍ ആയിരുന്നു ഈ പ്രദേശങ്ങളില്‍ പുലയ സമുദായാംഗങ്ങള്‍ക്കു നേരെയുണ്ടായത് .കുടിലുകള്‍ തീയിട്ടു നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തു .ജീവന്‍ രക്ഷിക്കാനായി ആണുങ്ങള്‍ കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികള്‍ പെരുംപഴുതൂര്‍ ,മാരയമുട്ടം ,പള്ളിച്ചല്‍ ,മുടവൂര്‍ പാറ ,കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി.

ഊരൂട്ടംമ്പലം സ്കൂളില്‍ ഉണ്ടായ ലഹളക്ക് ശേഷം അയ്യങ്കാളി വെങ്ങാനൂര്‍ ചാവടി സ്കൂളിലും പുലയ സമുദായാംഗങ്ങളുമായി പ്രവേശനത്തിന് ചെന്നു.അവിടെയും സവര്‍ണ്ണ ജന്മിമാര്‍ ആക്രമണം അഴിച്ചു വിട്ടു. അതോടെ അയ്യങ്കാളി സ്കൂള്‍ പ്രവേശനത്തിനായി പുതിയൊരു സമരത്തിന് രൂപം നല്കി .അയിത്ത ജാതിക്കാരുടെ സ്കൂള്‍ പ്രവേശനം ,അവര്‍ക്ക് തൊഴില്‍ സ്ഥിരത ,കൂലി കൂടുതല്‍ തുടങ്ങിയ ചില ആവശ്യങ്ങല്‍ കൂടി ഉന്നയിച്ചു കൊണ്ട് തിരുവിതാംകൂറില്‍ ആദ്യമായി ഒരു കര്‍ഷകതൊഴിലാളി പണിമുടക്കിന് അയ്യന്‍കാളി ആഹ്വാനം ചെയ്തു.

1913 ജൂണ് മാസത്തില്‍ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കര്‍ഷക തൊഴിലാളികള്‍ പണിമുടക്കി .ഈ പണിമുടക്ക് ഏറ്റവും ശക്തമായത് കണ്ടലയിലും പരിസരങ്ങളിലുംആയിരുന്നു .കര്‍ഷക തൊഴിലാളികള്‍ പാടത്ത് ഇറങാതയത്തോടെ ജന്മിമാരുടെ പാടങ്ങളില്‍ മുട്ടി പുല്ലു കിളിര്‍ത്തു തുടങ്ങി. ഈ പണിമുടക്ക് പൊളിക്കാന്‍ ജന്മിമാര്‍ പലതും ചെയ്തു .അയ്യങ്കാളിയെ ജീവനോടെ പിടിച്ചു കൊടുത്താല്‍ 2000 രൂപയും 2 കഷ്ണമാക്കി കൊടുത്താല്‍ 1000 രൂപയുംഇനാം പ്രഖ്യപിച്ചു. സമരം ശക്തമായതോടെ എങ്ങനെയും സമരം തീരക്കണമെന്നചിന്ത ജന്മിമാര്‍ക്കും സര്‍ക്കാരിനുംഉണ്ടായി .ഇതിന്റെ ഫലമായി അന്നത്തെ ദിവാന്‍ രാജഗോപാലാചാരി സമരം ഒത്തു തീര്‍പ്പാക്കാനായി ഒരു മധ്യസ്ഥനെ വച്ചു.ഫസ്റ്റു ക്ലാസ് മജിസ്ട്രേട്ട് ആയ കണ്ടല സി .കെ നാഗര്‍പിള്ള ആയിരുന്നു മധ്യസ്ഥന്‍ .ഇദ്ദേഹം ഇരു കൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് തീര്‍പ്പാക്കി .ഇതിനോട് ജന്മിമാരും സഹകരിച്ചു .ജോലി സ്ഥിരത ,കൂലി കൂടുതല്‍ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു .1914 ല്‍ വീണ്ടും സ്കൂള്‍ പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു .അങ്ങനെ 1913 ജൂണില്‍ തുടങ്ങിയ ആദ്യത്തെ കര്‍ഷകതൊഴിലാളി സമരം 1914 മെയില്‍ അവസാനിച്ചു.

1911 ല്‍ അയ്യങ്കാളിയെ ശ്രീമൂലംപ്രജാ സഭയിലേക്ക് നാമനിര്‍ദ്ദേശംചെയ്തിരുന്നു .പ്രജാ സഭയില്‍ അയ്യങ്കാളി നടത്തിയ പ്രസംഗങ്ങള്‍ എല്ലാം ശ്രദ്ധേയമായിരുന്നു .ജാതീയമായി വിവേചനമനുഭവിച്ച വിഭാഗങ്ങള്‍ക്ക് ഭൂമി പതിച്ചു കിട്ടുന്നതിനും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും ഉള്ള നിവേദനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രജാ സഭ പ്രസംഗങ്ങള്‍ .അതിനു ഫലമുണ്ടാവുകയും ഏക്കറുകണക്കിന് ഭൂമി തിരുവിതാംകൂറില്‍ അവര്‍ക്ക് പതിച്ചു നല്കുകയും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിക്കുകയും ചെയ്തു .ജാതീയമായി വിവേചനമനുഭവിക്കുന്ന എല്ലവര്‍ക്കും വേണ്ടി പോരാടാനായാണ് അയ്യങ്കാളി സാധു ജന പരിപാലന സംഘം ആരംഭിച്ചത് .1941 ജൂണ് 18 നു എഴുപത്തി ഏഴാം വയസ്സില്‍ മഹാത്മാ അയ്യന്‍ കാളി മരണമടഞ്ഞു .അയ്യങ്കാളിയുടെ മരണത്തോടെ അദ്ദേഹം സ്ഥാപിച്ച സാധു ജന പരിപാലന സംഘം ശിഥിലമായി .സാധു ജന പരിപാലന സംഘത്തിലെ പ്രവര്‍ത്തകര്‍ കാലാന്തരത്തില്‍ പുലയ / ചേരമര്‍ / അയ്യനവര്‍ സംഘടനകളായി മാറി.അതോടെ അയ്യങ്കാളിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാതായി.

ജാതീയമായി വിവേചനമനുഭവിക്കുന്നവര്‍ക്കു നേരെയുള്ള കയ്യേറ്റങ്ങള്‍ തുടര്‍ന്നു. ജന്മിമാരുടെ ഇഷ്ട്ടത്തിനനുസരിച്ചു കുടിയിറക്കല്‍ തുടങ്ങി .അതുകൊണ്ടാണ് 1950 കള്‍ മുതല്‍ കുടിയിറക്കലിനെതിരെ കമ്മ്യൂനിസ്റ്റുകാര്‍ രംഗത്ത് വന്നത് .ഈ കാലത്ത് മാറനല്ലൂര്‍ പഞ്ചായത്തില്‍ തന്നെ തൊലിയറപാറ ,തച്ചമല്‍ ,അരുവിക്കര ,മുണ്ടെന്‍ ചിറ തുടങ്ങി പല സ്ഥലങ്ങളിലും കുടിയിറക്കല്‍ നടന്നു .ഇതിനെ ചെറുത്ത് മര്‍ദ്ദനം ഏറ്റുവാങ്ങിയത് കമ്മ്യൂണിസ്റ്റുകളായിരുന്നു .കുടിയിറക്കലിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നിലപാടെടുത്തപ്പോള്‍ കൊണ്ഗ്രസ്സുകാരായ ജന്മിമാര്‍ സര്‍ക്കാര്‍ സംവിധാനങ്ങളായ പോലീസിനെയും റവന്ന്യൂ ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു കുടിയിറക്കിനു കൂട്ട്നില്ക്കുകയായിരുന്നു.

അയ്യങ്കാളിയുടെ സാമൂഹ്യ പ്രക്ഷോഭംകാരായിരുന്നു.കേരളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും കമ്മ്യൂണിസ്റ്റു സര്‍ക്കാരുകള്‍ കൊണ്ടുവന്ന സമഗ്ര ഭൂ നിയമം വഴി കുടിയിറക്ക് അവസനിപ്പിക്കാനും കൈവശക്കാര്‍ക്ക് ഭൂമിയുടെ ഉടമകള്‍ ആകാനും കഴിഞ്ഞു ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ കണ്ടലലഹളയും ആദ്യത്തെ കര്‍ഷകതൊഴിലാളി സമരവും എല്ലാം സാമൂഹ്യ നവോത്ഥാനത്തിന്റെ ഭാഗമായി കാണാം .എന്നാല്‍ അയ്യങ്കാളിയെ കേവലമൊരു സമുദായ നേതാവ് മാത്രമായി ചിത്രീകരിക്കാനും കണ്ടല ലഹളയെ വെറും പുലയ ലഹള ആക്കി ചിത്രീകരിക്കാനും ഉള്ള ശ്രമങ്ങളാണ് പല ജാതി സമുദായ സംഘടനകളും നടത്തുന്നത്.

ജന്മിത്വം കിളച്ചു മറിച്ച മണ്ണില്‍ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഉയിര്‍ കൊണ്ട ധീരനായ സാമൂഹ്യ വിപ്ലവകാരി ആയിരുന്നു മഹാത്മാ അയ്യങ്കാളി .സവര്‍ണ്ണമേധാവിത്വത്തിനും അടിച്ചമര്‍ത്തലിനും എതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ വര്‍ഗ്ഗസമരം ആയിരുന്നു .ആ നിലയില്‍ കണ്ടല ലഹളയും ആദ്യത്തെ കര്‍ഷക തൊഴിലാളി സമരവും എല്ലാ സാമൂഹ്യ നവോത് ഥാനത്തിന്റെ ഭാഗമായി മാറുന്നു .