A Hari Sankar Kartha

കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് ലയന അജണ്ട: സാധാരണക്കാരന്റെ നട്ടെല്ലൊടിയ്ക്കും

ബാങ്കുകള്‍ ലയിപ്പിക്കുന്നതൊരു പുതിയ സംഭവമല്ല. ആദ്യകാലത്ത് ഇന്ത്യയില്‍ ആധുനികബാങ്കുകള്‍   തന്നെയുണ്ടായിരുന്നില്ല. കൊളോണിയല്‍ ഭരണകൂടം അവരുടെ ആവശ്യങ്ങള്‍ ക്കായാണ് ഇന്ന് കാണുന്ന തരം ബാങ്കുകള്‍   തുടങ്ങുന്നത്. ഇന്ത്യയിലെ സമ്പന്നവംശങ്ങള്‍   അത് കൊള്ളാമെന്ന് കണ്ട പാടെ ഏറ്റ് പിടിച്ചു. നാടൊട്ടുക്ക് ബാങ്കുകള്‍   വന്നു. ബാങ്കിംഗ് ഒരു നല്ല വ്യവസായമായ് തഴച്ചു. ഇതിനിടയില്‍ അനിവാര്യമായ ചില പൊട്ടലുകളുണ്ടായി. പൊട്ടുമ്പൊള്‍   ബാങ്ക് മുതലാളിമാര്‍ മുങ്ങുകയും ജനങ്ങളുടെ കാശ് വെള്ളത്തിലാവുകയും ചെയ്തിരുന്നു. ബാങ്കിംഗ് മേഖലയിലെ പൊട്ടലും ചീറ്റലും കാരണം ജനങ്ങള്‍ ക്കുണ്ടാവാനിടയുള്ള അത്തരം ബുദ്ധിമുട്ടുകള്‍   ഒഴിവാക്കാന്‍ കൂടിയാണ് ദേശസാല്‍ക്കരണം കൊണ്ട് വരുന്നത്. ബാങ്കിംഗ് ചരിത്രത്തി ല്‍ ഉടനീളം ലയനങ്ങള്‍   കാണാം. പക്ഷേ ഇപ്പൊള്‍   നടപ്പിലാക്കി കൊണ്ടിരിക്കുന്ന ലയനങ്ങളെ സാധരണങ്ങളെന്ന് വിശേഷിപ്പിച്ച് കൂടാ, ഇത് ഒരു വ്യവസ്ഥയെ തന്നെ ഉടച്ച് വാര്‍ക്കാനുള്ള അപകടകരമായ പരിശ്രമമാണ്. ഉടച്ച് വാര്‍ത്തുണ്ടാക്കുന്ന വ്യവസ്ഥ എത്രത്തോളം ജനകീയവും ലോകാനുകൂലവുമായിരിക്കുമെന്ന കാര്യത്തിലും വലിയ സന്ദേഹങ്ങള്‍  നിലനില്‍ക്കുന്നുണ്ട്.


nationalisation-of-banks-in-india-6-638


ദേശസാല്‍ക്കരണത്തിനെ തുരങ്കം വെക്കുന്ന ഒരു പ്രോജക്ടാണ് തൊണ്ണൂറുകള്‍   മുതല്‍ നടപ്പിലാക്കുന്നത്. തുരങ്കം വെച്ച് വെച്ച് പുറമെ കണ്ടാല്‍ പൊതുമേഖലാസ്ഥാപനങ്ങളെന്ന് തോന്നുന്ന പലതും അകമെ കോപ്പറേറ്റുകളായിട്ടുണ്ട്. ജനവിരുദ്ധമല്ല, ജനദ്രോഹപരമായ സര്‍വീസ് ചാര്‍ജുകള്‍   ഏര്‍പ്പെടുത്തുന്നതും മറ്റും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. തുരങ്കം വെപ്പിന്റെ അവസാനഘട്ടത്തിലാണ് ഈ ലയനങ്ങള്‍   സംഭവിച്ച് കൊണ്ടിരിക്കുന്നത്.


download


ദേശസാല്‍ക്കരണം ഒരു രാജ്യദ്രോഹമായ് ചിത്രീകരിക്കാന്‍ കഴിയില്ല. പൊതുമേഖലാജീവനക്കാരെ ഒരു ഘട്ടം എത്തും മുന്നെ എടുത്ത് വെളിയില്‍ കളയാന്‍ കഴിയില്ല. നെഹറുവിനെയും അംബേദ്കറിനെയും പരിചയിച്ച ഒരു ജനതയെ അത്ര പെട്ടന്ന് മാറ്റി മറിക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഘട്ടം ഘട്ടമായ് മാത്രമാണ് ഈ പ്രോജക്ട് മുന്നോട്ട് നീങ്ങിയത്. ഇന്നത് അതിന്റെ വിശ്വരൂപത്തിലേക്ക് വിടര്‍ന്ന് വികസിക്കുന്നു. അത്രേയുള്ളൂ.


ആരാണീ പ്രോജക്ടിന്റെ പ്രയോജനം പറ്റുന്നത്. ഇത് വായിക്കുന്ന ഒരാള്‍ക്കെങ്കിലും ബാങ്കിംഗ് രംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ നയപ്രമാണങ്ങള്‍ കൊണ്ട് എന്തേലുമൊരു പ്രയോജനം സിദ്ധിച്ചിട്ടുണ്ടൊ. നേരനുഭവങ്ങളല്ല വാട്സപ് വളവളകളാണ് ഒരു ജനതയുടെ നിലപാട് നിര്‍ണ്ണയിക്കുന്നതെങ്കില്‍ ഈ പകല്‍ക്കൊള്ളപ്രോജക്ടില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നവര്‍ക്ക് വമ്പിച്ച ലാഭമാണ് ഉണ്ടാവാന്‍ പോകുന്നത്. അതിലൊരു മണിക്കാശ് ഇവിടെയാര്‍ക്കും കിട്ടാന്‍ പോകുന്നില്ല. പക്ഷേ ഇതെല്ലാം ആരുടെ കാശാരുന്നു എന്നോര്‍ക്കണം. അത് ഇന്ത്യക്കാരുടെ വിയര്‍പ്പായിരുന്നു. മിടുക്കന്മാരത് അടിച്ചോണ്ട് പോയ് പുട്ടടിക്കുന്നു. ജനങ്ങള്‍   ഒറ്റക്കെട്ടായ് വായില്‍ പഴത്തൊലി തിരുകിയിരിക്കുന്നു. പഴമാരുന്നേലും വേണ്ടില്ലാരുന്നു.


WEBRBI-k0wH--621x414@LiveMint


പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞ് കൂടാന്‍ കാപ്പണം വേണമെങ്കില്‍ അതൊന്ന് ഒപ്പിച്ച് കിട്ടാനുള്ള പാടറിയാമല്ലൊ. ജപ്തിയേക്കാള്‍   വലിയ അടിയാണ് സിബില്‍ സ്കോര്‍. ജപ്തി കൊണ്ട് നാട് വിട്ട് പോയ് എവിടെയെങ്കിലുമൊക്കെ പിഴയ്ക്കാരുന്നു. സിബില്‍ സ്കോര്‍ പോയാല്‍ തീര്‍ന്നില്ലെ. സിബില്‍ സ്കോര്‍ ഇല്ലാത്തവര്‍ സാമ്പത്തികനിര്‍ഗ്ഗുണരാവുന്നു. പക്ഷേ ഭീമന്‍ കടമെടുത്ത് മുങ്ങുന്നവരൊ. അവര്‍ ഓരൊ നാട്ടി ല്‍ ചെന്ന് സുഖമായ് ജീവിക്കുന്നു. അങ്ങനത്തെ ആളുകള്‍ക്ക് ഭീമാതിഭീമന്‍ വായ്പകള്‍ കൊടുക്കാനാണീ ലയനമെന്നും കേള്‍ക്കുന്നു. ചെറുകിടക്കാരെ പോക്കറ്റടിച്ച് വന്‍കിടക്കാരെ പ്രോത്സാഹിപ്പിക്കുന്നതൊക്കെ എന്ത് ഫലം തരുമെന്നത് ആര്‍ക്കാണറിയാത്തത്. എന്തൊക്കെ പറഞ്ഞാലും വര്‍ഗ്ഗസ്വഭാവം എന്നൊന്നുണ്ടല്ലൊ.


പുത്തന്‍ സങ്കേതികവിദ്യകള്‍   കൊണ്ട് സെന്‍ട്രലൈസായൊരു ഓട്ടോമേറ്റഡ് സിസ്റ്റം സൃഷ്ടിച്ച് ജനങ്ങളെ അപ്പാടെ നിയന്ത്രിക്കാനുള്ള ഒരു പദ്ധതി കൂടിയാണിത്. ഏകത്മകമായൊരു യാന്ത്രികദര്‍ശനമാണത്. വെറുമൊരു ഇന്‍ഫര്‍മേഷനല്ല സമ്പത്ത്. അത് ജീവത്താണ്. കുമിച്ചിട്ടിരിക്കുന്നവര്‍ക്കതറിയില്ല. നയിച്ചുണ്ടാക്കുന്നവര്‍ക്ക് ഓരൊ തുട്ടും പൊള്ളും. കാരണം അത് അവരുടെ ശരീരതാപം തട്ടി ചൂട് പിടിച്ചതാണ്. ഒരു രാജ്യത്തെ മുഴുവന്‍ ശരീരങ്ങളുടെയും സാമ്പത്തികതലം ഭരണകൂടം നിയന്ത്രിക്കുന്നത് മാര്‍ക്കറ്റ് എന്ന സങ്കല്പത്തിന്റെ തന്നെ നിരാകരണമായിരിക്കും.