ലോകവ്യാപകമായ സ്ത്രീ വിമോചന പോരാട്ടങ്ങളുടെ ത്യാഗോജ്ജ്വലമായ ഓര്‍മ്മകള്‍ഉണര്‍ത്തിക്കൊണ്ടു ഒരു വനിതാ ദിനം കൂടി കടന്നു വരുന്നു. കൂടുതല്‍ മെച്ചപ്പെട്ട വേതനം ,ജോലി സമയം കുറക്കുക ,സംഘടിക്കുവാനുള്ള അവകാശം എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് 1907 ല്‍ ന്യൂയോര്‍ക്കിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ വമ്പിച്ച പ്രകടനങ്ങള്‍, 1909 ല്‍ ന്യൂയോര്‍ക്കിലെ തുണി ഫാക്ടറികളിലെ തൊഴിലാളികള്‍ the rising of the 20000 എന്ന പേരില്‍ 13 ദിവസം നീണ്ടു നിന്ന സമരം എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി അന്തര്‍ദേശീയ വനിതാദിനം എന്ന ആശയം അവതരിപ്പിക്കുന്നത് ജര്‍മന്‍ കമ്മ്യൂണിസ്റ്റ് സൈന്ധാന്തികയും സ്ത്രീ വിമോചന പോരാട്ടങ്ങളുടെ നേതൃത്വവുമായിരുന്ന ക്ലാര സെത്കിന്‍ ആണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങല്കും വിവേചനത്തിനുമെതിരെ ലിംഗനീതി , ലിംഗസമത്വം ,സ്വാതന്ത്ര്യം , തുടങ്ങി സെക്തിനും സഖാക്കളും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഒരു നൂറ്റാണ്ടിനിപ്പുറവും സഫലമാകാതെ നില്‍ക്കുന്നു എന്ന് മാത്രമല്ല സ്ത്രീ ജീവിതം കൂടുതല്‍ കൂടുതല്‍ അരക്ഷിതമായിക്കൊണ്ടിരിക്കുന്നു.
ഏറെ പുരോഗമനം എന്ന് പറയുന്ന കേരളത്തിലെ അവസ്ഥയും വേറൊന്നല്ല. അതിക്രമണങ്ങള്‍ വര്ഷം തോറും കൂടുന്നു എന്നാണ് പോലീസിന്റെ ക്രൈം റെക്കോഡുകള്‍ പറയുന്നത്. വെറും ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ അവസാന പിടച്ചിലുകളും ഇത്രയും നാള്‍അവള്‍അവളുടെ കുഞ്ഞു നെഞ്ചിനുള്ളില്‍ ഒതുക്കി വെച്ച നിലവിളി കളും അലയടിക്കുന്നത് നമ്മുടെ നാട്ടിലാണ്..അവളുടെ ആത്മഹത്യ വേണ്ടി വന്നു അവളനുഭവിച്ച കൊടും പീഡനങ്ങള്‍സഹജീവികളായ നമ്മള്‍ അറിയാന്‍. ദൈവദാസന്റെ പാപം വയറ്റില്‍ ചുമക്കാന്‍ വിധിക്കപ്പെട്ടവള്‍, അനാഥാലയങ്ങള്‍, സന്യാസിനി മഠങ്ങള്‍, കുടുംബങ്ങള്‍, കിടപ്പറകള്‍, തൊഴിലിടങ്ങള്‍,വിദ്യാലയങ്ങള്‍പീഡന കേന്ദ്രങ്ങള്‍ആകുന്നു, സദാചാര ഗുണ്ടായിസം അതിന്റെ പേരില്‍ ഒരു യുവാവിന്റെ മരണം, ജോലി കഴിഞ്ഞിറങ്ങവേ സഹപ്രവര്‍ത്തകര്‍ ആയിരുന്നവര്‍ തട്ടിക്കൊണ്ടുപോയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും ഒക്കെ (എണ്ണിയാല്‍ തീരാത്ത വിധം ) നടക്കുന്നത് നമ്മുടെ നാട്ടിലാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ നമ്മുടെ സംസ്ഥാനത്തിന് അഞ്ചാം സ്ഥാനമാണ്. അതിക്രമണങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അറിയാതെ പോകുന്നതിന്റെ ശതമാന കണക്ക് ഊഹിക്കാന്‍ പോലും പറ്റാത്തതാണ്. നൂറ് ശതമാനം സ്ത്രീ സാക്ഷരതയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്നതുമായ നമ്മുടേതുപോലുള്ള സമൂഹത്തിലും എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമണങ്ങള്‍കൂടിക്കൊണ്ടിരിയ്ക്കുന്നത് ?
എന്തുകൊണ്ടാണ് ഇത്രയേറെ നിസ്സംഗത ? പീഡനത്തിനു വിധേയയായി കൊല്ലപ്പെടുന്ന സംഭവങ്ങള്‍ക്കു മാത്രമേ ചെറിയ തോതിലെങ്കിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നൊള്ളു .സമാനതകളില്ലാത്തവിധം ആവേശകരമായ പ്രതിഷേധമായിരുന്നു ഡല്‍ഹി റേപ്പ് കേസില്‍ നടന്നത്. ഭരണ സിരാ കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ജിഷ കേസിലും സമാനമായ അവസ്ഥയുണ്ടായി .എന്നാല്‍ കേവലം പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും മാത്രമായി അത് അവസാനിച്ചു. എല്ലാ സമരങ്ങളും പ്രത്യാശാജനകം തന്നെയാണ്. പക്ഷെ ഏതെങ്കിലും ഒരു സംഭവത്തിന്റെ പേരിലുള്ള വൈകാരിക പ്രകടനങ്ങള്‍ ആയി അത് അവസാനിച്ചു കൂടാ .സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാരണങ്ങള്‍വസ്തു നിഷ്ട്ടമായി ,ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.വ്യക്തികളുടെയോ ഒരു വിഭാഗത്തിന്റെയോ മാത്രം പ്രശ്നമായി അതിനെ കണ്ടുകൂടാ . അത് വ്യവസ്ഥിതിയുടെ പ്രശ്നമായി തന്നെ കാണേണ്ടതുണ്ട്. പിതൃ മേധാവിത്വ കുടുംബവും, മതങ്ങളും അടിമുടി പൊളിച്ചടുക്കി ജനാധിപത്യ വല്‍ ക്കരിക്കേണ്ടതുണ്ട്. ഇവയെ സൃഷ്‌ടിച്ച മുതലാളിത്ത വ്യവസ്ഥിതിയെ വേരോടെ തന്നെ പിഴുതെറിയേണ്ടതുണ്ട്. ചര്‍ച്ചകളോടും സമരങ്ങളോടുമൊപ്പം ദീര്‍ഘകാലത്തേക്കുള്ള കര്‍മ്മ പദ്ധതികള്‍ആവിഷ്ക്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്.
നമ്മള്‍ കരുതുന്ന പോലെ പരിപാവനമല്ല കുടുംബം
സ്ത്രീ ,കുടുംബം, ലൈംഗികത എന്നിവയെ കുറിച്ച് ഏതു തരം മൂല്യ ബോധ്യങ്ങള്‍ആണ് സമൂഹത്തില്‍ ഇന്ന് നിലനില്‍ ക്കുന്നത് ? കേരളത്തില്‍ ( ഇന്ത്യയും) ഏക ദാമ്പത്യ -പിതൃ ദായക -അണു കുടുംബ സംവിധാനമാണ് നിലനില്‍ ക്കുന്നത്., വിക്ടോറിയന്‍ സദാചാര മൂല്യബോധങ്ങളാണ് നമ്മള്‍പിന്തുടരുന്നത്…ഏക ദാമ്പത്യ -പിതൃ ദായക -അണു കുടുംബം എന്നത് മുതലാളിത്തത്തിന്റെ കുടുംബ സങ്കല്‍ പം ആണ്.സ്വകാര്യ സ്വത്ത് നിലനിര്‍ത്തുന്നതിനും മൂലധന വിനിയോഗം എളുപ്പവും വിശാലവുമാക്കുന്നതിനായി മുതലാളിത്തം രൂപപ്പെടുത്തി എടുത്തത്. അതുകൊണ്ടാണ് ഏ ഗല്‍ സ് പറഞ്ഞത് മുതലാളിത്തത്തിന്റെ എല്ലാ ചൂഷണങ്ങളും അസമത്വങ്ങളും അനീതിയും കുടുംബത്തിനുള്ളിലും ഉണ്ടാകും എന്ന്. ഈ കുടുംബ സംവിധാനവും ലൈംഗികതയെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള വിക്ടോറിയന്‍ സദാചാര സങ്കല്‍ പ്പങ്ങളും ഇവിടേയ്ക്ക് വരുന്നത് കോളോണിയലിസത്തിലൂടെയാണ് . ഇവിടെ നിലനിന്നിരുന്ന സ്ത്രീ വിരുദ്ധമായ ഫ്യൂഡല്‍ കുടുംബ സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്ക് പകരം കൂടുതല്‍ പുരോഗമനപരം എന്ന് കരുതി നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ഇരു കയ്യും നീട്ടി സ്വീകരിച്ചത് കൂടുതല്‍ സ്ത്രീ വിരുദ്ധമായ ഒന്നിനെയായിരുന്നു അതായത് ഇന്നത്തെ സ്ത്രീ അവസ്ഥക്ക് വലിയൊരു കാരണം നമ്മള്‍സ്വീകരിച്ച ഈ മൂല്യ ബോധവും കുടുംബ സംവിധാനവും തന്നെയാണ് എന്നര്‍ത്ഥം.
ഈ മൂല്യ ബോധങ്ങൾക്കനുസരിച്ചു തന്നെയാണ് ഇന്നും പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുടുംബത്തില്‍ വളരുന്നത്. സ്ത്രീ പുരുഷ വിവേചനത്തിന്റെ ബാലപാഠങ്ങള്‍പഠിച്ചു തുടങ്ങുന്നത് കുടുംബത്തില്‍ നിന്ന് തന്നെയാണ് ഉറക്കെ ചിരിക്കരുത് ,വര്‍ത്തമാനം പറയരുത് ,നേരം ഇരുട്ടുന്നതിനു മുന്‍പ് ഹോസ്റ്റലിന്റെ വീട്ടിലോ എത്തിയിരിക്കണം ,കാലകത്തിവെച്ചിരിക്കരുത് ,ആണ്കുട്ടികളോട് കൂട്ട് കൂടരുത് തുടങ്ങി അലിഖിത നിയമങ്ങളുടെ തടവറയാണ് കുടുംബം .സ്വതം കുടുംബങ്ങളില്‍ നിന്നും അയല്‍ ക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍,അപമാനങ്ങള്‍ഏറ്റു വാങ്ങുന്നത് എന്നാണ് റിപോര്‍ട്ടുകള്‍ചൂണ്ടിക്കാണിക്കുന്നത് എന്നിരിക്കെ ഇപ്പോഴും കുടുംബത്തെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകളില്‍ നമ്മള്‍മുഴുകിയിരിക്കുന്നു .വീട്ടകങ്ങളില്‍ വെച്ചുള്ള നാനാതരം പീഡനങ്ങളിലും നമ്മള്‍പുറകിലല്ല. കിടപ്പറകളിലെ പീഡനത്തിലും നമ്മള്‍പുറകിലല്ല. പുരുഷന്‍ ഉടമയും സ്ത്രീ അടിമയുമായ കുടുംബ സംവിധാനത്തിന് പകരം ജനാധിപത്യത്തിലും സമത്വത്തിലും അധിഷ്ഠിതമാ യ ഇടങ്ങളായി കുടുംബത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.സ്വന്തം വീട്ടിലെ സ്ത്രീകള്‍ബഹുമാനം അര്‍ഹിക്കുന്നവരാണെന്നും അന്തസ്സ് ,സ്വാതന്ത്ര്യം എന്നിവയോടു കൂടിയ ജീവിതത്തിനു അവരും അര്‍ഹരാണെന്നു പടടിച്ചിട്ടില്ലാത്ത ഒരു ആണും ഇതര വീട്ടിലെ പെണ്‍കുട്ടികളോട് ബഹുമാനപൂര്‍വ്വം പെരുമാറുമെന്നു കരുതുക വയ്യ. സ്ത്രീ പുരുഷ സമത്വത്തിന്റെ ആശയങ്ങള്‍കുടുംബത്തില്‍ നിന്ന് തന്നെയാകണം തുടങ്ങേണ്ടത്.ആത്മവിശ്വാസവും തന്റേടവുമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉണ്ടാവണം. സ്ത്രീകളെ ആക്രമിക്കുന്നതും ഭരിക്കുന്നതും ശൂരത്വം അല്ലെന്നു ആണ്‍കുട്ടികള്‍ക്കും ഭരിക്കപ്പെടുന്നതില്‍ അന്തസ്സില്ലെന്നു പെണ്കുട്ടികള്‍ക്കും മനസ്സിലാക്കി കൊടുക്കണം. സ്ത്രീ പക്ഷ ചിന്തകള്‍, ചര്‍ച്ചകള്‍ എല്ലായ്പ്പോഴും ആണിനേയും പെണ്ണിനേയും ഉള്‍പ്പെടുത്തിക്കൊണ്ടാവണം നടത്തേണ്ടത്.
സ്ത്രീ ശരീരത്തെക്കുറിച്ച് വളരെ തെറ്റായതും ഇടുങ്ങിയതുമായ സങ്കല്‍പങ്ങളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. സ്ത്രീകളണിയേണ്ട മാന്യ-അമാന്യ വസ്ത്രങ്ങളെക്കുറിച്ച് സിദ്ധാന്തങ്ങളുണ്ടാവുന്നത് അതുകൊണ്ടാണ്. ഷാളിടണം, പര്‍ദ്ദയിടണം ശരീരം മറക്കണം ഏതുസമയത്തും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ശരീരം പേറി നടക്കുന്നവളാണ് ഞാന്‍ എന്ന ബോധ(അബോധ)മാണ് പെണ്‍കുട്ടികളില്‍ ഈ അനുശാസനങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും അപകര്‍ഷതാബോധവും ആത്മവിശ്വാസത്തിന്റെ ഒരു കണികയെങ്കിലും പെണ്‍ക്കുട്ടികളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതുകൂടി ഇല്ലാതാക്കുന്നു.
സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കുകാരണം സ്ത്രീകള്‍തന്നെയാണെന്ന ബോധമാണ് സമൂഹത്തെ നയിക്കുന്നത്. അവരുടെ നോട്ടം, നടത്തം, സംസാരം,വസ്ത്രം എല്ലാം പുരുഷനെ പ്രലോഭിപ്പിക്കുന്നതാണെന്നും കന്യകാത്വം നഷ്ടപ്പെട്ട പെണ്ണിന് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലെന്നാണ് സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. ഇങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍ക്കുട്ടി മരിക്കുന്നതു തന്നെയാണ് നല്ലത് എന്ന് പറയുന്നത്. രാത്രി സമയത്ത് വീട്ടിലിരിക്കാതെ കൂട്ടുകാരനുമൊത്ത് സിനിമ കാണാന്‍ പോയതു കൊണ്ടാണ് ഡല്‍ഹിയിലെ യുവതി കൂട്ടബലാത്സംഗത്തിനിരയായത് എന്നും അവള്‍ കൂട്ടുകാരനു മൊത്ത് എന്തോ അരുതാത്തത് ചെയ്യുന്നത് കണ്ട് ഉത്തേജിതരായിട്ടാവാം ബലാത്സംഗം ചെയ്തിട്ടുണ്ടാവുക എന്നും പറയാന്‍ മാത്രം ധൈര്യം ഒരു പോലീസുകാരന്‍ കാണിക്കുന്നതും, ആണിന്റെ ഒരു ബീജം മതി പെണ്ണിനെ ഗര്‍ഭിണിയാക്കാന്‍ എന്നും പെണ്ണ് ഉയരത്തിന്‍ ചാടാന്‍ പാടില്ലെന്നും ചാടിയാല്‍ വീണ് ഗര്‍ഭപാത്രം പൊട്ടിപ്പോകുമെന്നും അധ്യാപകന്‍ പ്രസംഗിക്കുന്നതും കോടതിയിലെ ബലാത്സംഗ കേസുകളിലുള്ള വിചാരണ മറ്റൊരു ബലാത്സംഗമായി മാറുന്നതും ചെറുത്തുനില്‍പ്പിനൊടുവില്‍ ശരീരവും മനസ്സും തളര്‍ന്നു പോകുന്നത് കീഴടങ്ങലായി സ്ത്രീകള്‍ പോലും കരുതുന്നതും പുരുഷാധിപത്യ വ്യവസ്ഥിതിയുടെ മൂല്യങ്ങള്‍ വളരെ ആഴത്തില്‍ അവരില്‍ വേരുറച്ചു പോയതു കൊണ്ടാണ്.
മനുഷ്യന്റെ അന്തര്‍ചോദനയായ ലൈംഗികത തെറ്റായതും പാപവുമാണ് എന്നാണ് വളരെ ചെറുപ്പത്തിലേ നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന അറിവ്. വിവാഹം, കന്യകാത്വം പാതിവ്രത്യം എന്നിവയില്‍ കുരുങ്ങി കിടക്കുകയാണ് നമ്മുടെ ലൈംഗിക ബോധം. വിവാഹത്തിലൂടെ മാത്രം സാക്ഷാത്ക്കരിക്കപ്പെടേണ്ട ഒന്നാണ് ലൈംഗികത. പെണ്‍കുട്ടി (മാത്രം)വിവാഹിതയാകുന്നതു വരെ കന്യകയാണമെന്നത് നിര്‍ബന്ധമാണ്. ഋതുമതിയായ പെണ്‍കുട്ടിയെ ആദ്യമായി അകറ്റി നിര്‍ത്തുന്നത് അവളുടെ അച്ഛന്റെ മാറിടത്തില്‍ നിന്നുതന്നെയാണ്. സ്വാഭാവികമായ ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ പോലും കര്‍ശനമായി വിലക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം ശാരീരിക വളര്‍ച്ച പെണ്‍കുട്ടികളെ ഭയപ്പെടുത്തുന്നു. ഇത് പെണ്‍കുട്ടികളില്‍ ലൈംഗികതയെക്കുറിച്ച് ആഴത്തിലുള്ള പാപബോധം സൃഷ്ടിക്കുകയും ആണ്‍കുട്ടികളില്‍ വിലക്കപ്പെട്ട കനി ഭക്ഷിക്കാനുള്ള ത്വരയായി മാറുകയും ചെയ്യുന്നു. പ്രണയത്തെ എപ്പോഴും രതിയില്‍നിന്നും വേര്‍പ്പെടുത്തി നിര്‍ത്തുന്നു. മാംസനിബദ്ധമല്ല രാഗം എന്ന ആവര്‍ത്തിച്ചുറപ്പിക്കലുകള്‍ അതിന്റെ ഭാഗമാണ്. പവിത്രത, പരിശുദ്ധി തുടങ്ങിയ പദങ്ങള്‍ കൊണ്ടാണ് പ്രണയം എപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. ആരോഗ്യകരമായ ലൈംഗികത നമ്മുടെ ലക്ഷ്യമാവണം. പ്രണയവും സൗഹൃദവും പരസ്പര ബഹുമാനവും പ്രതിബദ്ധതയുമാണ് ലൈംഗിക ബന്ധത്തെ മനോഹരമാക്കുന്നതെന്ന തിരിച്ചറിവാണ് നമ്മളില്‍ ഉണ്ടാകേണ്ടതുണ്ട്.
സ്ഥാപനവത്ക്കരിക്കപ്പെട്ട മതങ്ങളും പെണ്ണിനെക്കുറിച്ചുള്ള പരമ്പരാഗതവും സങ്കുചിതവുമായ കാഴ്ച്ചപ്പാടുതന്നെയാണ് ഊട്ടിയുറപ്പിക്കുന്നത്. ?
ജനനം, മരണം, വിവാഹം എന്നിവയെല്ലാം തന്നെ മതത്തിന്റെ നിയന്ത്രണത്തിലാണ്. ആചാരനിബദ്ധമാണ്. ആണ്‍കോയ്മയുടേയും മുതലാളിത്തത്തിന്റെയും ജാതി മതങ്ങളുടേയും മൂല്യബോധങ്ങള്‍ തന്നെയാണ് വിവാഹബന്ധത്തി ന്റെയും അടിസ്ഥാനം. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും സ്ത്രീവിരുദ്ധമാണ്. പെണ്ണിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കുന്നില്ല. ആണിന്റെ / പെണ്ണിന്റെ സ്വഭാവം, വ്യക്തിത്വം, താല്‍പ്പര്യങ്ങള്‍, ജീവിതകാഴ്ച്ചപ്പാടുകള്‍ എന്നിവയിലുള്ള സമാനതകള്‍ എന്നിവയൊന്നും അറിയുവാന്‍ ആചാരങ്ങള്‍ അവസരമൊരുക്കുന്നില്ല. അങ്ങനെ ഒരു സാഹചര്യമുണ്ടാവണമെന്ന ബോധം ആണിലും പെണ്ണിലും ഉണ്ടാകുന്നുമില്ല. പെണ്‍കുട്ടികളുടെ വിവാഹം കുടുംബത്തിന് കൂടുതല്‍ സാമ്പത്തിക ആഘാതം സൃഷ്ടിക്കുന്നു. വിവാഹം കുടംബത്തിന്റെ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി മാറിയിരിക്കുന്നു. ആര്‍ഭാടരഹിത മത/ആചാരരഹിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് മതത്തിന്റെയും ജാതിയുടേയും മുതലാളിത്തത്തിന്‍െയും പിടിയില്‍നിന്ന് ആണിന്റേയും പെണ്ണിന്റേയും ഒരുമിച്ച് ജീവിക്കാനുള്ള അവകാശത്തെ മോചിപ്പിക്കേണ്ടതുണ്ട്. പരസ്പരമുള്ള പ്രണയവും സൗഹൃദവുമാവും കാഴ്ച്ചപ്പാടുകളുടെ സമാനതയുമാകണം ഒരുമിച്ച് ജീവിക്കുന്നതിന്റെ മാനദണ്ഡം.
വിവാഹം കഴിക്കുക അമ്മയാവുക എന്നതില്‍ കവിഞ്ഞ് പെണ്‍കുട്ടികളുടെ ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും മതം കാണുന്നില്ല. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തൊഴില്‍ എന്നിവ നേടാനുള്ള അവകാശങ്ങള്‍ ചവറ്റു കൊട്ടയിലെറിയാന്‍ മടികാട്ടുന്നില്ല. അമ്പലങ്ങളിലേയും ജാതിസംഘടനകളിലേയും പെണ്‍ കമ്മിറ്റികളിലും സെറ്റുസാരിയും മുല്ലപ്പൂവും ചൂടി ഉത്സവങ്ങളിലും പെരുന്നാളിലും താലം പിടിക്കാനും ജാതിസംഘടനകളുടെ ശക്തി പ്രകടനങ്ങളിലുമല്ലാതെ സ്ത്രീകളുടെ പൊതുയിടങ്ങളിലെ ഇടപെടല്‍ നിയന്ത്രിച്ചിരിക്കുന്നു.
സ്ത്രീകള്‍ക്ക് നിഷിദ്ധമാക്കിയ എല്ലാ പൊതുഇടങ്ങളും പിടിച്ചെടുക്കേണ്ടതുണ്ട്. ഒരു ചെറിയ വിഭാഗം സാമൂഹ്യ ദ്രോഹികള്‍ക്കായി നമ്മുടെ രാത്രികളും പകലുകളും പൊതുഇടങ്ങളും വിട്ടു കൊടുത്തുകൂടാ.അങ്ങനെ ചെയ്താല്‍ എണ്ണമറ്റ സൗമ്യമാരോടും ദീപ്തിമാരോടും നമ്മള്‍ ചെയ്യുന്ന കൊടും ക്രൂരതയാവും അത്.
സ്ത്രീ-പുരുഷ സമത്വമെന്ന കാഴ്ച്ചപ്പാടോടെയല്ല നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തിയിരിക്കുന്നത്. അതു കൊണ്ടുതന്നെ ലിംഗനീതി, ലിംഗസമത്വം തുടങ്ങിയ കാഴ്ച്ചപ്പാടുകള്‍ വളര്‍ത്താന്‍ പര്യാപ്തമായ രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കപ്പെടണം. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ആത്മവിശ്വാസം വളര്‍ത്തുന്നതാവണം വിദ്യാഭ്യാസം. ആണ്‍- പെണ്‍ സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാകണം.
കോടതികളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ നിയമ സംവിധാനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കുള്ള ശിക്ഷ നടപ്പിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ നിര്‍മ്മിക്കണം. പോലീസ് സംവിധാനം കുറ്റമറ്റതാക്കണം. പോലീസ് കസ്റ്റഡിയില്‍ വളരെയേറെ ബലാത്സംഗങ്ങല്‍ നടക്കുന്നുണ്ട്.90% പോലീസുകാരും സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടേണ്ടവരാണെന്ന പുരുഷവിശ്വാസത്തിലടി പ്പെട്ടവരാണെന്നാണ് വാസ്തവം.
\പുരുഷാധിപത്യ വ്യവസ്ഥിതി മാത്രമല്ല ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളും സ്ത്രീ പുരുഷ ബന്ധങ്ങളെ സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ച് ആഗോളവത്ക്കരണ നവലിബറല്‍ നയങ്ങളാണ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത്.സാമ്പത്തിക സുരക്ഷിതത്വം, സമത്വം , വികസനം തുടങ്ങിയ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഈ നയങ്ങള്‍ നടപ്പിലാക്കിയത്.എന്നാല്‍ നേരെ വിപരീതമാണ് സംഭവിച്ചത്. ആഗോളവത്ക്കരണ നയങ്ങള്‍ നടപ്പാക്കിയതിനുശേഷം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായാണ് ചഇഞആ (ചമശേീിമഹ ഇൃശാല ഞലരീൃറ ആൗൃലമൗ 2011, ടൗൃ്‌ല്യ ഞലുീൃ)േ യുടെ പഠന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. 1975 നും 2011നും ഇടക്ക് അതായത് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കിയതിന്റെ ആദ്യ വര്‍ഷങ്ങളിലും അതിന്റെ തുടര്‍ച്ചയിലും നടത്തിയ സര്‍വെ അനുസരിച്ച് 50% വര്‍ധനവാണ് ബലാത്സംഗ കേസുകളില്‍ ഉണ്ടായിട്ടുള്ളത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഢിപ്പിക്കല്‍ 100% മായി വര്‍ധിച്ചു. സ്ത്രീധന മരണങ്ങള്‍ 50%മായും ലൈംഗിക പീഢനങ്ങള്‍ ഇരട്ടിയായും വര്‍ധിച്ചു.1971 ല്‍ 2487 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2011 ആയപ്പോള്‍ 24206 ആയി വര്‍ധിച്ചു. ഐ.ടി, മാനേജ്‌മെന്റെ് തൊഴില്‍രംഗത്തും സൗന്ദര്യമത്‌സരങ്ങളിലെയും, പരസ്യ സിനിമ രംഗങ്ങളിലേയും സ്ത്രീപങ്കാളിത്തം ചൂണ്ടിക്കാട്ടി നവലിബറല്‍ നയങ്ങള്‍ ആഘോഷിക്കുന്ന വിമോചിതയായ സത്രീ എന്നത് എത്ര മിഥ്യയായ സങ്കല്പമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി എല്ലാ സേവന മേഖലകളില്‍ നിന്നും ഭരണകൂടം പിന്‍വാങ്ങണമെന്നാണ് നവലിബറല്‍ നയങ്ങള്‍ അനുശാസിക്കുന്നത.് അങ്ങനെ പിന്‍വാങ്ങുമ്പോള്‍ പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ നിഷേധിക്കപ്പെടുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേടാനും തൊഴില്‍ നേടാനും നല്ല ചികിത്സ ലഭ്യമാവാനുമുള്ള അവകാശം തന്നെയാണ്.
സ്ത്രി, കുടുംബം, ലൈംഗികത തുടങ്ങിയവയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് മുതലാളിത്തവും അതിന്റെ മൂര്‍ത്തരൂപമമായ ആഗോളവത്ക്കരണവും ചെയ്യുന്നത്. ഇന്നത്തെ കുടുംബഘടനയാണ് മുതലാളിത്തത്തിന്റെ അടിത്തറ. അതിന്റെ വ്യാപനത്തിന് ആവശ്യമായ അധ്വാന ശക്തിയുടെ ഉറവിടം കുടുംബമാണ്. സ്വന്തം കുടുംബത്തിനു വേണ്ടി എന്തധ്വാനവും ചെയ്യാന്‍ മടിയില്ലാത്ത മനുഷ്യന്റെ അഭിവാഞ്ജയാണ് വിപണി ചൂഷണം ചെയ്യുന്നത്. കണ്ണഞ്ചിപ്പക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും മറ്റ് ഉപകണങ്ങളും കാട്ടി പ്രായഭേദമന്യേ വിപണി ആകര്‍ഷിക്കുകയും അതെല്ലാം വാങ്ങാന്‍ കഴിവുള്ള ആളാണ് നല്ല അച്ഛന്‍, അമ്മ ഭര്‍ത്താവ് എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. കുടുംബം മതം തുടങ്ങിയ സ്ഥാപനങ്ങളെ മുതലാളിത്തം ചോദ്യം ചെയ്യുന്നില്ല.
സ്ത്രീയേയും പുരുഷനേയും ഒരുപോലെ ആഗോളവത്ക്കരണം കച്ചവടചരക്കാക്കി മാറ്റി. മനുഷ്യന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വികാരങ്ങളും വിചാരങ്ങളും എല്ലാം തന്നെ വില്‍പനക്കു വെച്ചു. ലൈംഗികത ഏറ്റവും നല്ല ചരക്കായി മാറിയപ്പോള്‍ സ്ത്രീശരീരം അക്ഷരാര്‍ത്ഥത്തില്‍ ചരക്കുവത്ക്കരിക്കപ്പെട്ടു. ബൈക്കുകളുടേയും വാച്ചുകളുടേയും വരെ പരസ്യങ്ങള്‍ക്ക് സ്ത്രീശരീരത്തിന്റെ നഗ്നത ഉപയോഗിക്ക പ്പെട്ടു. നഗ്നത പ്രദര്‍ശനം സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യമായി ഉദ് ഘോഷിക്കപ്പെട്ടു.സ്വന്തം കിടപ്പറരംഗങ്ങള്‍ വരെ വിറ്റുകാശാക്കാന്‍മാത്രം പണക്കൊതിയന്‍മാരാക്കി മനുഷ്യനെ മാറ്റിതീര്‍ത്തു.
സവര്‍ണ ഹൈന്ദവ മൂല്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയ ഇന്ത്യന്‍ദേശീയതയും മതനിരപേക്ഷതയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. സര്‍വമതസമഭാവന എന്ന മതനിരപേക്ഷതയതുടെ ആശയം എല്ലാ മതങ്ങളുടേയും അന്തസത്തയെ അടിസ്ഥാനമാക്കിയല്ല മറിച്ച് ഹിന്ദുമതത്തിന്റെ മാത്രം അന്തസത്തയെ അടിസ്ഥാനമാക്കിയതാണ്. അതുകൊണ്ടുതന്നെ മറ്റ് മതത്തിലുള്ളവര്‍ക്ക് അവര്‍ വംശീയമായി അപരനാണ്-ഋവേിശര ഛവേലൃ (ഇന്ത്യ ഹിന്ദുരാഷ്ട്ര മാണെന്നും മുസ്‌ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും തങ്ങള്‍ ഇന്ത്യക്കാരല്ലെന്ന ബോധം) എന്ന തോന്നലാണ് ഉണ്ടാക്കുന്നത്. വര്‍ഗീയ കലാപങ്ങളിലും യുദ്ധങ്ങളിലും ബലാത്സംഗം ആയുധമാവുന്നു. വംശീയമായി അപരരായിരിക്കുന്നവരെ അപമാനിക്കാനും ഇല്ലാതാക്കാനുമായി അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്നതിനു പിന്നിലെ മനശാസ്ത്രം ഇതാണ്. വംശീയമായി അപരരായ മുസ്‌ലീങ്ങളെ അപമാനിക്കാനും ഇല്ലാതാക്കാനുമായി അവരുടെ സ്ത്രീകളെയും കുട്ടികളെയും മാനഭംഗപ്പെടുത്തുക എന്ന തന്ത്രമാണ് ഗുജറാത്തിലും ഒറീസയിലുമെല്ലാം പ്രയോഗിക്കപ്പെട്ടത്. എല്ലാ മതവിശ്വാസികളേയും പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള അരക്ഷിതാവസ്ഥയും അപരത്വവും തോന്നാത്ത രീതിയില്‍ ദേശീയതയും മതനിരപേക്ഷതയും പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ്തി തകിടം മറിക്കുക എന്ന ലക്ഷ്യബോധത്തോടെയുള്ള നിരന്തരമായ ഇടപെടലുകളും സമരങ്ങളും പ്രതിരോധങ്ങളും തന്നെയാണ് സ്ത്രീകള്‍ക്കു നേരയുള്ള അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗം. സ്ത്രീകള്‍ പ്രത്യേകം സംഘടിക്കുന്നതോടൊപ്പം തന്നെ സാമൂഹികവിമോചനത്തിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളോടൊപ്പം സ്ത്രീവിമോചന ശ്രമങ്ങളെയും കണ്ണി ചേര്‍ക്കണം. അതിനു നമ്മള്‍ രാഷ്ട്രീയമുള്ളവരാവണം. ചരിത്ര ബോധമുള്ളവരാവണം. നമ്മളെങ്ങനെ നമ്മളായി എന്ന ചോദ്യത്തിനുള്ള ഉത്തരം ചരിത്രത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുക.
സ്വാതന്ത്രസമരത്തിലും നാടുവാഴിത്തത്തിനെതിരെയുമുള്ള സമരങ്ങളിലും അഭിമാനകരമായ പങ്കുവഹിച്ച ഒരു പെണ്‍തലമുറയുടെ പിന്‍മുറക്കാരാണു നമ്മള്‍. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാടുവാഴിത്തത്തിനെതിരെയും ജാതിവ്യവസ്ഥിതിക്കെതിരെയും പോരാടിയവരെ ഭരണകൂടവും ജന്‍മിമാരും നരനായാട്ടു നടത്തിയ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ചു കൊണ്ട് പാര്‍ട്ടിയെ നയിച്ചത് ദേവയാനി, കൂത്താട്ടുകുളം മേരി, കല്യാണിടീച്ചര്‍, കുഞ്ഞാക്കമ്മ, കല്യാണിയമ്മ, ജാനകി ടീച്ചര്‍, കാവുമ്പായി ചെറിയമ്മ തുടങ്ങിയ നിരവധിയായ ധീരവനിതകളായിരുന്നു. അതിന്റെ പേരില്‍ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകള്‍ക്ക് ഇരയാവേണ്ടി വന്നപ്പോഴും ജ•നാടിന്‍െ മോചനമല്ലാതെ മറ്റൊന്നിനും തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്ന് ശപഥം ചെയ്തു അവര്‍. ജയില്‍, തോക്ക്,ലാത്തി, തൂക്കുകയര്‍ ,സ്വന്തം മക്കള്‍ പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ചോരവാര്‍ന്നു മരിക്കുന്നതും പര്‍വ്വതസമാനമായ ധീരതയോടെയാണ് അവര്‍ നേരിട്ടത്. ഒന്നിലും അവരെ പിന്തിരിപ്പിക്കാനായില്ല. അവരുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര കൊണ്ട് ചുവന്ന മണ്ണിലാണ് നമ്മള്‍ ചവിട്ടി നില്‍ക്കുന്നതെന്ന ബോധം തീര്‍ച്ചയായും നമുക്ക് ശക്തി പകരുന്നതാണ്. അത്ര നിസ്സാരരല്ല നമ്മള്‍ എന്നു തന്നെയാണ് ഈ ധീരവനിതകളുടെ പോരാട്ട ചരിത്രം നമ്മോട് പറയുന്നത്. ഒരു ആണിന്റെ നോട്ടത്തിലും കടന്നാക്രമണത്തിനും മുന്നില്‍ പതറി പ്പോവേണ്ടവരോ ഇല്ലാതാവേണ്ടവരോ അല്ല നമ്മള്‍ എന്നാണ് ചരിത്രം നമ്മോട് പറയുന്നത്.