Jayasreekumar

മലയാളത്തിന്റെ മാംപൂക്കാലം

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് നമ്മുടെ മാതൃഭാഷ. മനുഷ്യര്‍ സംസാരിക്കുന്നതായി ഏഴായിരത്തിലേറെ ഭാഷകള്‍ ഭൂമിയില്‍ അവശേഷിക്കുമ്പോള്‍ അതില്‍ മുപ്പതുസ്ഥാനത്തിനുള്ളിലാണ് മലയാളം. മൂന്നരക്കോടിയിലേറെ ആളുകള്‍ സംസാരിക്കുന്ന, പ്രമുഖ ലോകഭാഷകളിലൊന്നായ ഈ ഈടുവെപ്പിനെ ആ അര്‍ത്ഥത്തില്‍ നാമിനിയും ഉള്‍ക്കൊണ്ടിട്ടില്ല. അതിനു തെളിവാണ് മാതൃഭാഷയുടെ നിലനില്പിനുവേണ്ടി ഈ മണ്ണില്‍ ഇപ്പോഴും പ്രക്ഷോഭങ്ങള്‍ വേണ്ടിവരുന്നത്.

ഭാഷ എന്നാല്‍ ഭാഷണമെന്ന അത്യാന്താപേക്ഷിതമായ മാനുഷിക വ്യവഹാരത്തിനുള്ള ഉപകരണമാണ്. ഒരു ഭാഷ അതിന്റെ ജനിതകക്കാമ്പുകളില്‍ പേറിനടക്കുകയും തലമുറകളിലേക്കു കൈമാറുകയും ചെയ്യുന്ന സഞ്ചിതസംസ്കൃതിയാണ് ആ ഭാഷ സംസാരിക്കുന്ന ജനതയെ ഒരുമയുടെ പാലൂട്ടി വളര്‍ത്തുന്നത്. ലോകത്ത് മാനവികമായി രൂപം കൊള്ളുന്ന ഏക ജൈവികസ്വത്വബോധമെന്ന നിലയില്‍ മാതൃഭാഷ മാറുന്നത് ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് മാതൃഭാഷയെ അമ്മ എന്നു സംബോധന ചെയ്യുന്നതും. മുലപ്പാലു കുടിച്ചുവളരുന്നവരുടെ വികാരമാണ് അമ്മ. കവിയൂര്‍ പൊന്നമ്മയെ മലയാളസിനിമയുടെ അമ്മ എന്നു വിളിക്കുന്നപോലെ അതൊരു ഭംഗിവാക്കാണെന്നു മാറിനിന്നുനോക്കുമ്പോള്‍ തോന്നിയേക്കാം. ഭാഷ അതിന്റെ എല്ലാ പ്രാദേശിക സവിശേഷതകളെയും നിലനിര്‍ത്തിക്കൊണ്ട് നിലനിന്നേ തീരൂ. മലയാളം പറയാനും വായിക്കാനും എഴുതാനും കഴിയുന്ന തലമുറകളാണ് നൂറ്റാണ്ടുകള്‍ രൂപപ്പെടുത്തിയ ഈ സംസ്കാരത്തിന്റെ വാഹകര്‍ . അവരെ കൈയും കലാശവും കാട്ടി വിളിച്ചുവരുത്തി വകവരുത്തുവാന്‍ മുലകളില്‍ വിദേശ ഭാഷ അമൃതം എന്നു ബ്രാന്‍ഡിങ് ചെയ്ത വിഷം തേച്ചിറങ്ങിയിരിക്കുകയാണ് പലവിധ മൂലധനശക്തികള്‍ അഴിച്ചുവിട്ട പൂതനമാര്‍ . അവര്‍ പെരുകുമ്പോള്‍ത്തന്നെ അതിനെതിരെയുള്ള പ്രതിരോധങ്ങളും കരുത്തുനേടുന്നുവെന്നത് ശുഭകരം തന്നെ.

ഭാഷ നേരിടുന്ന മറ്റൊരു വെല്ലുവിളി സാങ്കേതികലോകത്തെ മാറ്റങ്ങളാണ്. വിവരസാങ്കേതികവിദ്യയുടെ ഘടനയ്ക്കനുസരിച്ച് രൂപം മാറിയ കാലം കമ്പ്യൂട്ടറിനൊതുങ്ങിയ ഭാഷകള്‍ക്കുമാത്രമാണ് സ്ഥാനം നല്കുന്നത്. പുതിയകാലത്തിന്റെ അറിവുകളും അതിന്റെ വ്യവഹാരങ്ങളും കൂടുതല്‍ക്കൂടുതല്‍ ഇന്റര്‍നെറ്റിനുള്ളിലേക്ക് ഒതുക്കിയെടുത്തുവരുന്ന ഈ കാലഘട്ടത്തില്‍ അതിലുപയോഗിക്കാതെ വരുന്തോറും ഭാഷയുടെ പ്രമുഖ്യം കുറയുമെന്നതിനു സംശയമില്ല. ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ ബലത്തില്‍ ഡോളര്‍ വാരാനൊക്കുന്ന രാജ്യങ്ങള്‍ തേടിയലയുന്ന മലയാളി ഇന്റര്‍നെറ്റിലെത്തുമ്പോള്‍ ഏറ്റവുമേറെ മറന്നുപോകുന്നതും മലയാളം തന്നെ. അതുമൂലം മലയാളം ഒരു അത്യാവശ്യഭാഷയായി പല സേവനദാതാക്കള്‍ക്കും തോന്നുന്നതുമില്ല. മലയാളത്തിന്റെ ശോകജനകമായ ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് യൂണിക്കോഡിന്റെ ആവിര്‍ഭാവവും അതിന്റെ സാധ്യതകള്‍ പിന്‍പറ്റിവന്ന വ്യക്തികളുടെയും സംഘങ്ങളുടെയും മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തനങ്ങളുമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ക്കു ലഭിച്ച പ്രോത്സാഹനവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തനങ്ങളും ഇവിടെ ഓര്‍ക്കുന്നു. സാങ്കേതികമായ നല്ലൊരു മുന്നേറ്റം ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ നല്ലൊരു പങ്കും പ്രതിജ്ഞാബദ്ധരായ കുറേ യുവസാങ്കേതികവിദഗ്ദ്ധരുടെ ശ്രമഫലങ്ങളാണ്. അറിവിന്റെ ജനകീയീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം എന്നിവപോലുള്ള പ്രസ്ഥാനങ്ങള്‍ അവരുടെ അനവധി അജണ്ടകള്‍ക്കിടയില്‍ ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്തു നടത്തിയ ശ്ലാഘനീയമായ ചില ഇടപെടലുകളും ഓര്‍ക്കാവുന്നതാണ്. എന്നാല്‍ ഭാഷാപണ്ഡിതരോ ഭാഷാസ്നേഹികളായ പൊതുജനങ്ങളോ ഈ രംഗത്തു നടത്തിയിട്ടുള്ള ഇടപെടലുകള്‍ നാമമാത്രമാണ്. ഭാഷയെയും അതിന്റെ ജൈവികസമ്പത്തിനെയും നിരന്തരം നവീകരിച്ചുകൊണ്ട് വരുംകാലത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും മറുപടിയാകുന്ന തരത്തില്‍ ഭാഷയെ സജ്ജമാക്കുവാന്‍ കഴിയുന്ന ഒരു മുന്നേറ്റം കാലം ആവശ്യപ്പെടുന്നു.

തൊഴിലാളികളില്ലാത്ത ഫാക്ടറികള്‍ പോലെ മൂലധനശക്തികളുടെ മറ്റൊരു സ്വപ്നമാണ് അച്ചടിക്കാത്ത അറിവുകള്‍ . സാമൂഹികഘടനയിലെ ഫ്യൂഡല്‍ ആധിപത്യങ്ങളെ എത്രമാത്രം തൊഴിലാളിശക്തിക്കു തൂത്തെറിയാന്‍ കഴിഞ്ഞോ അത്രമാത്രമാണ് അച്ചടിവിദ്യയ്ക്ക് അറിവിന്റെ ജനകീയവ്യാപനത്തിന്റെ ആയുധമാകാന്‍ കഴിഞ്ഞത്. തൊഴിലാളി ഇല്ലാതാകുന്ന വ്യവസായങ്ങള്‍ മാനവികതയുടെ സാന്നിദ്ധ്യമില്ലാത്ത തൊഴിലിടങ്ങളാകുന്നതു പോലെ അറിവുകള്‍ ഇന്റര്‍നെറ്റിലേക്കു ചുരുക്കപ്പെടുന്ന ഡിജിറ്റല്‍ ഡിവൈഡിന്റെ ലോകം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സമവാക്യത്തെ പുതിയ രീതിയില്‍ എഴുതിപ്പിടിപ്പിക്കുകയാണ്. അറിവ് ഇന്റര്‍നെറ്റ് പ്രാപ്തമായവരിലേക്കു മാത്രമായി ചുരുക്കപ്പെടുന്നു. അറിവ് ആദ്യം ലഭിക്കുകയും അതിനെ ആദ്യം വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് പൊതുസമ്മതികള്‍ രൂപപ്പെടുത്തുകയും സമൂത്തെ നയിക്കുകയും ചെയ്യുക. നവോത്ഥാനാനന്തരകാലത്ത് പത്രമാസികകളുടെ വ്യാപനത്തിലൂടെ ഗ്രാമാന്തരങ്ങളിലെ ചായക്കടകളിലും ആലിന്‍ ചുവടുകളിലുമിരുന്ന് വാര്‍ത്തകളറിയുകയും ചര്‍ച്ച ചെയ്യുകയും ലോകത്തെ നിര്‍ണയിക്കുകയും ചെയ്തിരുന്ന സാമാന്യജനങ്ങളില്‍ നിന്ന് അറിവ് അകലുകയാണ്. ഒപ്പം അവരുടെ അധ്വാനത്തിന്റെ വിയര്‍പ്പും കണ്ണീരിന്റെ ഉപ്പും കിനാവിന്റെ മധുരവുമുള്ള ഭാഷയും സാമാന്യവ്യവഹാരങ്ങളില്‍ നിന്നു വിട്ടുപോകുന്നു. അതിന്റെ ഉടമസ്ഥാവകാശത്തിന് സൈബര്‍ ലോകത്തെ അഭിജാതവര്‍ഗ്ഗം കൈവശരേഖകള്‍ സംഘടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന് നവമാധ്യമങ്ങളില്‍ വന്നുപോകുന്ന ഭാഷാപരമായ വര്‍ത്തമാനങ്ങളില്‍ ഈ പരിവര്‍ത്തനം കാഴ്ചപ്പെടും. മലയാളം അതിന്റെ നിരവധി ഭാഷാഭേദങ്ങളോടൊപ്പം അടിത്തട്ടിലെ ഉര്‍വ്വരമായ പ്രയോഗക്ഷമതയുമായി നിലനില്ക്കേണ്ടതുണ്ട്. ജനസാമാന്യത്തിന്റെ വ്യവഹാരഭൂമികയിലാണ് ഭാഷയുടെ ജീവന്‍ കുടികൊള്ളുന്നത്. അവിടെനിന്നാണ് പുതിയവാക്കുകളും പ്രയോഗങ്ങളും താളബോധങ്ങളുമായി ഭാഷ ജീവവായു വലിച്ചെടുക്കുന്നത്. ഭാഷയുടെ ഈ ജീവചൈതന്യത്തെ നവമാധ്യമങ്ങളിലേക്കു പകരേണ്ടതുണ്ട്.

മലയാളം ആവശ്യപ്പെടുന്ന ഈ കടമകള്‍ നിറവേറ്റുവാന്‍ എല്ലാ വിഭാഗങ്ങളുമൊത്തുചേര്‍ന്ന ജനകീയമായ ഒരു മുന്നേറ്റത്തിനുമാത്രമേ കഴിയൂ. ഭാഷയോടുള്ള വൈകാരികബന്ധം തിരിച്ചുപിടിച്ചുകൊണ്ടു മാത്രമേ മലയാളിയെന്ന സ്വത്വബോധം കൊണ്ട് മാനവികകാഴ്ചപ്പാടുകള്‍ക്കു മുന്‍തൂക്കമുള്ള മതേതരവും സമത്വബോധമുള്ളതുമായ ഒരു പൊതുസമൂഹത്തെ ഒന്നിപ്പിക്കാന്‍ കഴിയൂ. ആശയവിനിമയത്തിന്റെ പുതിയ ഇടങ്ങളില്‍ മലയാളത്തിന്റെ സാര്‍വ്വത്രികമായ ഉപയോഗവും പ്രയോഗത്തിന്റെ ലളിതമായ വഴക്കവും സാധ്യമാകേണ്ടതുണ്ട്. കമ്പ്യൂട്ടറില്‍ അയത്നലളിതമായി മലയാളമുപയോഗിക്കുന്ന ജനസമൂഹമായി നാം മാറേണ്ടതുണ്ട്. അതിലെ സകല വ്യവഹാരങ്ങളുടെയും സ്വാഭാവികമാധ്യമമായി മലയാളം ഉപയോഗിക്കപ്പെടണം. നമ്മുടെ സന്തോഷങ്ങളും പ്രശ്നങ്ങളും സ്വപ്നങ്ങളും പ്രതിഷേധങ്ങളും ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ കൊടുക്കല്‍ വാങ്ങലുകളും മാതൃഭാഷയിലാകണം. ആ ഭാഷ മലനാടിന്റെ അഴകും പുഴകളുടെ ഒഴുക്കും മാംപൂവിന്റെ സുഗന്ധവും നിറഞ്ഞതാകണമെങ്കില്‍ ബഹുഭൂരിപക്ഷത്തിന്റെ പങ്കാളിത്തം സൈബര്‍ ലോകത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്. ശീതീകരിച്ച ഏകാന്തയില്‍ നിന്നെന്നതിനേക്കാള്‍ ജനനിബിഡമായ ആ സൈബര്‍ തെരുവില്‍ നിന്നാകും പുതിയകാലത്തിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങുന്ന സമരസജ്ജമായ മലയാളഭാഷ നവമാധ്യമങ്ങളില്‍ രൂപം കൊള്ളുക.

നവീനമായ ആശയപ്രകാശനരീതികള്‍ക്കും സാങ്കേതികവിദ്യകളുടെ അനുനിമിഷവികാസങ്ങള്‍ക്കും അനുസൃതമായ വഴക്കം നല്കി, കൂടുതല്‍ കാര്യക്ഷമതയോടെ വരുംതലമുറയ്ക്കു ഭാഷയെ കൈമാറുകയെന്ന ഉത്തരവാദിത്വമാണ് നമുക്കുള്ളത്. ഇതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് മാംപൂ എന്ന കൂട്ടായ്മ. നവമാധ്യമങ്ങളില്‍ മലയാളത്തിന്റെ ഉപയോഗം സജീവമാക്കുന്നതിനും ജനകീയമായ മുന്നേറ്റത്തിലൂടെ ഭാഷയെ പുതുക്കിപ്പണിയുന്നതിനും വേണ്ടി രൂപം കൊണ്ട സംഘടനയാണിത്. പഠനം, പ്രയോഗം, ഗവേഷണം തുടങ്ങി വിവിധ തലങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് മാംപൂ ലക്ഷ്യമാക്കുന്നത്. മലയാളത്തിന്റെ മുതല്‍ക്കൂട്ടിലേക്ക് ഓരോ മലയാളിയും തന്നാലാവുന്നതു ചെയ്യുകയെന്നതാണ് കാഴ്ചപ്പാട്. പുതിയകാലം ആവശ്യപ്പെടുന്ന സമസ്തമേഖലകളിലും അമ്മമലയാളത്തിന്റെ കാവലാളരായി, സാങ്കേതികപരിജ്ഞാനം കൊണ്ടു സായുധരായ ജനശക്തിയെ അണിനിരത്തുകയാണ് മാംപൂവിന്റെ ലക്ഷ്യം.