Dr Krishna Maya

ഒരു വൈകുന്നേരം അമ്മമാരോടൊപ്പം..

 

ഞാന്‍ മെത്തയില്‍ കണ്ണടച്ച് കിടന്നു.ഫാന്‍ മുകളില്‍കറങ്ങുന്നു .അതിന്റെ കര കര ശബ്ദം എന്റെ തലച്ചോറിലെ നരിച്ചീടുകളുടെ ചിറകടി ശബ്ദത്തിനു ഒപ്പം കലര്‍ന്ന് അറിയപ്പെടാത്ത ഏതോ വന്യമായ ശൂന്യതയിലേക്ക് എന്നെ കറക്കി എറിഞ്ഞുകൊണ്ടേയിരുന്നു.സര്‍വ്വത്ര ഇരുട്ട് പടരുന്നു.നെഞ്ചില്‍ ഒരു പാറക്കല്ല് ഉണ്ട് .എനിക്ക് അനങ്ങാന്‍ ആവുന്നില്ല .ശ്വാസം വിടാന്‍ വയ്യ.ഞാന്‍ നിര്ജീവമാകുന്നു .കട്ട പിടിച്ച വിഷാദം തലച്ചോറിനെ ഞെരിക്കുന്നു.കരയണമെന്നുണ്ട് എനിക്ക് പക്ഷെ അതിനും ആവുന്നില്ല.മുഖം തലയിണയില്‍ അമര്‍ത്തി ചരിഞ്ഞു കിടന്നു . ഒരു പാതാളത്തിലേക്ക്‌ വീഴുകയാണ്ഞാന്‍.ഇനി രക്ഷയില്ല.എനിക്ക് ഒന്നും ചെയ്യാന്‍ കെല്‍പ്പില്ല. നിസ്സഹായാവസ്ഥ എന്നെ മുഴുവന്‍ വിഴുങ്ങി കഴിഞ്ഞിരിക്കുന്നു.അടഞ്ഞ കണ്പോളക്കിടയിലൂടെ ഊറിവന്ന ഓരോ തുള്ളി കണ്ണുനീര്‍ വശങ്ങളിലൂടെ താഴോട്ടോഴുകി .

''അമ്മ ഇന്ന് മരുന്ന് കഴിക്കാന്‍ മറന്നു അല്ലെ?'

മകളുടെ ശബ്ദം.

ഞാന്‍ കണ്ണ് തുറന്നില്ല.മുറിക്കു പുറത്തേക്കു അകന്നു പോകുന്ന അവളുടെ കാലൊച്ച മാത്രം ശ്രദ്ധിച്ചു കിടന്നു.

പദസ്വനം മടങ്ങി വന്നു.നീണ്ട മൃദുവായ വിരലുകള്‍ എന്റെ നെറ്റിയെ തലോടി .കണ്ണീര്‍ തുടച്ചു.ഞാന്‍ മെല്ലെ കണ്ണ് തുറന്നു.

മകള്‍ സാന്ദ്ര മെല്ലെ എന്റെ അരികില്‍ ഇരുന്നു. അവളുടെ വലം കയ്യില്‍ വെള്ളം നിറച്ച ഗ്ലാസ്‌ .ഇടത് കൈ വെള്ളയില്‍ പിങ്ക് നിറമുള്ള ഗുളിക.

'വേഗം എണീറ്റെ ..ദാ ഇത് പെട്ടെന്ന് കഴിക്കു.ഈ കരച്ചിലൊക്കെ പമ്പ കടക്കും '

സ്കൂളില്‍ നിന്നു വന്നിട്ട് അവള്‍ വസ്ത്രം മാറിയിട്ടില്ല. എപ്പോഴാണ് അവള്‍ വന്നത് എന്ന് ഞാന്‍ അറിഞ്ഞതും ഇല്ല.ഇന്ന് എനിക്ക് ഓഫായിരുന്നു.രാവിലെ മരുന്ന് കഴിക്കാന്‍ മറന്നു പോയിരുന്നു.കുറെ നാള്‍ ആയിട്ട് ഈ പിങ്ക് നിറത്തിലുള്ള പൊട്ടുകളാണ് എന്റെ ജീവിതത്തിന്റെ അംഗരക്ഷകര്‍.എനിക്ക് ഡിപ്പ്രെ ഷന്‍ എന്ന മാനസിക രോഗം ആണ്.

എന്റെ തോളില്‍ പിടിച്ചു അവള്‍ എന്നെ എഴുന്നേല്‍പ്പിച്ചു ഇരുത്തി സ്വന്തം നെഞ്ചോട്‌ ചേര്‍ത്തു.വാല്സല്ല്യത്തോടെ പറഞ്ഞു.

"ഉം .വാ തുറക്ക് ."

ഞാന്‍ അനുസരണയോടെ വാ തുറന്നു.അവള്‍ ഗുളിക എന്റെ അണ്ണാക്കിലേക്കിട്ടു.ഗ്ലാസിലെ വെള്ളം ഒരു കവിള്‍ കുടിപ്പിച്ചു.

"ഒറ്റ വിഴുങ്ങിനു ഇറക്കിക്കോണം .ഇല്ലെങ്കില്‍ കാണിച്ചു തരാം"‍ ചിരിച്ചു കൊണ്ടു പറഞ്ഞു സാന്ദ്ര.

മകള്‍ അമ്മയായപ്പോള്‍ പതിനേഴു കാരിയുടെ നെഞ്ചോടു ഒട്ടി ഞാന്‍ അല്‍പ്പനേരം ഇരുന്നു.

"ഇനി ഇവിടെ ഇങ്ങനെ ഇരിക്കണ്ടാ.വേഗം എണീറ്റ്‌ റെഡി ആകു .നമുക്ക് നടക്കാന്‍ പോകാം .പാര്‍ക്കിലോ മറ്റോ .സെക്ടറില്‍ ഒന്ന് കറങ്ങാം.അപ്പൊ നിന്റെ വിഷമം ഒക്കെ മാറും.എന്റെ മോള് നല്ല കുട്ടിയാകും" അവള്‍ എന്നെ കൊഞ്ചിച്ചു.

ഗ്ലാസ്സുമായി സാന്ദ്ര ‍ അടുക്കളയിലേക്കു പോയി.ഞാന്‍ പുറത്തിറങ്ങി വരാന്തയിലെ കമ്പി അഴികള്‍ക്കിടയിലൂടെ എനിക്ക് അപ്രാപ്യം എന്ന് തോന്നുന്ന ആകാശത്തെ നോക്കി.മഴക്കാലം ആണ്.ആകാശത്തിനും ഒരു മ്ലാനതയുടെ നിറം .എന്റെ മനസ്സ് പോലെ .

ഇടയ്ക്കിടെ പെയ്യുന്ന മഴ ഉച്ചക്ക് ശേഷം ഒരിക്കല്‍ വന്നു മുഖം കാണിച്ചു കടന്നു പോയിരുന്നു.

ഒട്ടും വെയില്‍ ഇല്ല.

അടുക്കളയില്‍ പാത്രങ്ങള്‍ തട്ടി മുട്ടുന്ന ശബ്ദം കേട്ടു.മകള്‍ ഭക്ഷണം ഉണ്ടാക്കുകയാവും.അടുപ്പില്‍ ഗോതമ്പ് റൊട്ടി ചുട്ടെടുക്കുന്ന മണം വരുന്നു.ദാല്‍ കറി ഞാന്‍ ഉണ്ടാക്കി വെച്ചിരുന്നു രാവിലെ തന്നെ.അവള്‍ അത് എടുത്തു ചൂടാക്കി ക്കൊള്ളും.

ഒരു പ്ലേറ്റില്‍ രണ്ടു റൊട്ടിയും സ്റ്റീല്‍ കട്ടോരിയില്‍ ദാല്‍ കറിയുമായി അവള്‍ തിരിച്ചു കിടപ്പ് മുറിയിലേക്ക് വന്നു.

"മമ്മാ .തുംനെ ഖാലിയ ഖാനാ ?"അവള്‍ എന്നോട് ചോദിച്ചു.

ഞാന്‍ ഭക്ഷണം കഴിച്ചിരുന്നില്ല .ഗുളിക കഴിക്കാതിരുന്നത് കൊണ്ട് വിഷാദത്തിന്റെ കനലുകള്‍ ഉച്ചക്ക് മുന്‍പേ നെഞ്ചില്‍ കത്താന്‍ തുടങ്ങിയിരുന്നു. മരുന്ന് മറന്നാല്‍ തലക്കകത്ത് വണ്ടുകള്‍ മുരളും.ലോകം കര കാണാക്കടലിലേക്ക് താണ് താണ് പോകും.

"ഇത് വേഗം കഴിക്കു.എന്നിട്ടീ ഉടുപ്പൊക്കെ മാറൂ .നമുക്ക് പുറത്തു പോണം "അവള്‍ എന്റെ അടുത്ത് വന്നു നിന്നു .പിന്നീടു പ്ലേറ്റ് അടുത്ത് വെച്ചിട്ട് പോയി.

എന്റെ നെഞ്ചിലെ കനം കുറച്ചു കുറഞ്ഞിരിക്കുന്നു. ഇരുമ്പഴികള്‍ക്ക് ഇടയിലൂടെ വെളുത്ത് തുടങ്ങിയ ആകാശം കുറേശ്ശെ കുറേശ്ശെ ആയി വരാന്തയിലേക്ക്‌ കയറി വരാന്‍ ‍ തുടങ്ങിയിരിക്കുന്നു.

ഞാന്‍ വേഗം ഭക്ഷണം കഴിച്ചു.എഴുന്നേറ്റു പോയി കൈകഴുകി.മകള്‍ തിരികെ വന്നു പ്ലേറ്റ് എടുത്തു.പോകും മുന്‍പ് പറഞ്ഞു.

 

"വസ്ത്രം മാറ്.കുളിയൊക്കെ ഇനി തിരിച്ചു വന്നിട്ട് മതി."

ഞാന്‍ തലയാട്ടി.

അലമാര തുറന്നു ചുവപ്പ് നിറത്തിലുള്ള സല്‍വാറും ക മ്മീസും എടുത്തു .

ഇന്ന് വെള്ളിയാഴ്ച ആണ് .ഇവിടത്തെ വിശ്വാസ പ്രകാരം ഇന്ന് ചുവപ്പ് ധരിക്കുന്നതാണ് മാതാ ദേവിക്ക് പ്രിയം.

ബാത്ത് റൂമില്‍ പോയി .വസ്ത്രം മാറി.തലമുടി ചീകി മുഖം കഴുകി.

ഇപ്പോള്‍ ഹൃദയത്തിന്റെ കനം ഒത്തിരി കുറഞ്ഞിരിക്കുന്നു.തലക്കുള്ളില്‍ തൂവലുകള്‍.

കണ്ണാടിയില്‍ കണ്ട പ്രതിബിംബത്തെ നോക്കി.ഒരു മുപ്പതു വയസ്സേ തോന്നു.ഞാന്‍ ചിരിച്ചപ്പോള്‍ അവളും ചിരിച്ചു.

ഊണ് മുറിയില്‍ മകള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു .

"മമ്മ ഇവിടെ ഇരിക്ക്." അവള്‍ എന്നെ പിടിച്ചു ഒരു കസേരയില്‍ ഇരുത്തി.എന്നിട്ട് എണീറ്റു.

"ഞാന്‍ ഇപ്പൊ വരാം .ആജ്‌ മേം തെരേ കോ ഐസ് ക്രീം ഖിലായേന്ഗെ മാരി ച്ചോരി "

അവള്‍ കണ്ണിറുക്കി .

സ്കൂള്‍ യുനിഫോരം മാറി ജീന്‍സും ടോപ്പുമിട്ട് സാന്ദ്ര റെഡിയായി വന്നു. ഞാന്‍ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി.ഉമ്മറപ്പടിയില്‍ ഇരുന്നു.മഴവെള്ളം മുറ്റത്തു നനവ്‌ പടര്‍ത്തി.റോഡിലും അവിടവിടെ ആയി ചെളി കെട്ടിക്കിടക്കുന്നു .വാതില്‍ ചാരി മൊബൈലില്‍ സംസാരിച്ചു കൊണ്ട്സാന്ദ്ര പുറത്തേക്കിറങ്ങി.

"മമ്മ ഇവിടെ ഇരിക്ക് .ഞാന്‍ നന്ദനയെ കൂട്ടിക്കൊണ്ടു വരാം ."

നന്ദന എന്റെ എട്ടു വയസ്സുകാരിയായ ഇളയ മകള്‍.അല്‍പ്പ നേരം മുന്പ് അവള്‍ കൂട്ടുകാരി ദൃഷ്‌ ടിയുടെ വീട്ടില്‍ പോയിരുന്നു.ഇന്ന് അവിടെ കന്യാ പൂജ ഉണ്ട്.

സാന്ദ്ര പോയപ്പോള്‍ വെറുതെ പുറത്തെ റോഡിലേക്ക് നോക്കി ഞാന്‍ പടിയില്‍ ഇരുന്നു.പുറത്തെ റോഡിലൂടെ ചെറിയ വാഹനങ്ങള്‍ കടന്നു പോവുന്നു.പശുക്കളും പട്ടികളും അലഞ്ഞു നടക്കുന്നു.മഴ എല്ലാവര്ക്കും ഒരു ആശ്വാസം കൊടുത്ത പോലെ ഉണ്ട്.

ഒരു സൈക്കിളില്‍ രണ്ടു പേര്‍ വന്നു ഗൈറ്റിനു മുന്‍പില്‍ ഇറങ്ങി.അവര്‍ നേരെ മതിലിനു പുറത്തുള്ള ഇലക്‌ ട്രിക് പോസ്റ്റിനു അടുത്തേക്ക് നടന്നു .സിമന്റു പോസ്റ്റിനു മുകളില്‍ ഒരാള്പ്പോക്കത്തില്‍ പിടിപ്പിച്ച മീറ്റര്‍ നോക്കി ചെറിയ മഷീനില്‍ പ്രിന്റ്‌ എടുത്തു.അതുമായി ഗേറ്റ് തുറന്നു എന്റെ അടുത്ത് വന്നു ആ പേപ്പര്‍ എന്റെ കയ്യില്‍ തന്നു.കര്രെന്റ്റ് ചാര്‍ജ് .

അവര്‍ അടുത്ത വീട്ടിലേക്കു പോയി .

നന്ദന ഗേറ്റ് തുറന്നു അകത്തേക്കോടി വന്നു.അവളുടെ കയ്യില്‍ ഒരു പ്ലാസ്റിക് കൂട്. എന്റെ മുന്‍പില്‍ വന്നു നിന്നു അവള്‍ അതിലെ സാധനങ്ങള്‍ പുറത്തെടുത്തു.ഒരു തേങ്ങാപ്പൂള്,പഴം,ദേവീ സ്തോത്രത്തിന്റെ ഒരു ബുക്ക്‌ ലെറ്റ്‌ . ‍ഒട്ടിക്കുന്ന പൊട്ടുകളുടെ ഒരു സെറ്റ്.

അവള്‍ തേങ്ങാ പ്പൂള് എടുത്തു കടിച്ചു തിന്നാന്‍ തുടങ്ങി.

"എനിക്കും ഒരു കടി താ.."ഞാന്‍ പറഞ്ഞു.അവള്‍ തേങ്ങക്കഷണം എന്റെ വായിലേക്ക് തിരുകി.എന്നിട്ട് പറഞ്ഞു.

"ഒരു ബയിറ്റ് " ഞാന്‍ ഒരു കഷണം കടിച്ചെടുത്തു.

"ഈ പഴം ഞാന്‍ തിന്നോട്ടെ?" ഞാന്‍ അവളോട്‌ ചോദിച്ചു.അവള്‍ വേഗം അത് എന്റെ മടിയില്‍ ഇട്ടു തന്നു.

കയ്യില്‍ ഉണ്ടായിരുന്ന കരെന്റ്റ് ബില്‍ ഞാന്‍ അവളുടെ കൂടിനകത്തിട്ടു.

"ഇത് കൂടി കളയാതെ അകത്തു കൊണ്ട് വെച്ചേക്കു"

അവള്‍ തലയാട്ടി ക്കൊണ്ട് വാതില്‍ തുറന്നു അകത്തേക്ക് പോയി.

പടിക്കല്‍ വീണ്ടും ഒരു സൈക്കിള്‍ വന്നു നിന്നു.പ്രൊഫെഷണല്‍ കുരിയര്കാരന് ആണ്.

"യെഹ് പ്രതിഭ മേനന്‍ കോണ്‍ ഹേ ?"

‍പുറത്തു മോബയിലും ചെവിയോടു ചേര്‍ത്തു ഉലാത്തുന്ന സന്ദ്രയോടു അയാള്‍ ചോദിച്ചു.

"യ്യോ ബൈത്താ സെ "എന്നെ ചൂണ്ടിക്കാട്ടി ഹരിയാന്‍വിയില് അവള്‍ പറഞ്ഞു.

കയ്യില്‍ ഒരു വലിയ പൊതിയും ആയി അയാള്‍ ഗേറ്റിനു അകത്തേക്ക് കയറി .

"മാഡംജി യഹാം പേ സൈന്‍ കരോ."

അയാള്‍ ചൂണ്ടിക്കട്ടിയിടത് ഒപ്പിട്ടു പൊതി വാങ്ങി ഞാന്‍ കോലായില്‍ വന്നിരുന്നു.പൊതി തുറന്നു.

ജനഹൃദയം മാസികയുടെ ഓണപ്പതിപ്പ് .അതില്‍ എന്റെ ഒരു കഥ ഉണ്ട്.സാന്ദ്ര ‍ ഓടിവന്നു പിടിച്ചുവാങ്ങി.കഥ കണ്ടു പിടിച്ചു.

"അകത്തു കൊണ്ട് വെച്ചേക്കു .ബില്ലിന്റെ കൂടെ .കളയണ്ട."ഞാന്‍ പറഞ്ഞു.

വാതില്‍ പൂട്ടി കുട്ടികള്‍ ഇറങ്ങി നടന്നപ്പോള്‍ ഞാനും അവരോടൊപ്പം നടന്നു.

റോഡില്‍ ആകെ ചെളിക്കുഴികള്‍. വെള്ളത്തില്‍ ചവിട്ടാതെ ശ്രദ്ധിച്ചു സെക്ടരിനു അകത്തെ റോഡിലൂടെ ഞങ്ങള്‍ വീടുകളുടെ മതിലോരം പറ്റി നടന്നു.വരുന്ന വാഹനങ്ങള്‍ ചളി തെറിപ്പിക്കാന്‍ ‍ ഇടയുണ്ട്.

 

അറുപതു ചതുരശ്ര അടി പ്ലോട്ടുകളില്‍ പണിത വീടുകളുടെ ഇടയിലുള്ള റോഡിലൂടെ ഞങ്ങള്‍ നടന്നു.ഒരു എണ്ണൂരു മീറ്റര്‍ നീളമുള്ള റോഡിനു ഇരുവശവും ഒരേനിരയില്‍ നൂറു നൂറ്റി മുപ്പതോളം വീടുകള്‍. ഇരുവശങ്ങളിലെയും ഭിത്തികള്‍ പങ്കിട്ടു കൊണ്ട് .ഇടയില്‍ സ്ഥലം ഇല്ല.വീടിരിക്കുന്ന സ്ഥലം മാത്രം.തീപ്പെട്ടിക്കൂടുകള്‍ അടുക്കി വെച്ചത് പോലെ .ഓരോ വീടിനും രണ്ടര നില.വീടിനു പുറത്ത് ഗേറ്റില്‍ നിന്നു റോഡിലേക്ക് പണിതിട്ടുള്ള ചെറിയ അരഭിതികളില്‍ സ്ത്രീകള്‍ ഇരിക്കുന്നു .മിക്കവാറും വീടുകളില്‍ വാടകക്കാര്‍ ആണ്.പരദൂഷണത്തിന്റെ സമയം ആണ് വൈകുന്നേരങ്ങള്‍.

പകുതി വഴിയില്‍ വലതു വശത്തേക്കുള്ള ചെറിയ റോഡില്‍ എത്തിയപ്പോള്‍ ‍ നന്ദന നിന്നു.അവിടെയാണ് അവളുടെ കൂട്ടുകാരിയും ടുഷന്‍ ടീച്ചറുടെ മകളുമായ ചന്ജല്‍ ഗുപ്തയുടെ വീട്.അതിനടുതതായി ഒരു പാര്‍ക്കും ഉണ്ട്.മൂവായിരത്തില്‍ അധികം വീടുകള്‍ ഉള്ള സെക്ടറിലെ മുപ്പതോളം പാര്‍ക്കുകളില്‍ ഒന്ന് .സാധന പാര്‍ക്ക്.

"മേ ഖേല്നെ ജാ രഹീ ഹും ചന്ജല്‍ കെ സാത് പാര്‍ക്ക്‌ മേ ..തും ജബ് വാപസ് ആയെന്കെ തബ് മുജ്ച്ചേ ബുലാനാ .."അതും പറഞ്ഞു നന്ദന ‍ അപ്രത്യക്ഷ ആയി.

ഞാനും സാന്ദ്രയും മുന്നോട്ടു നടന്നു.

"ഇതുവഴി പോകാം "

വേറൊരു പാര്‍ക്കിനു എതിര്‍ വശത്തെ റോഡില്‍ എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

"ജൈസേ തും കഹേ വൈസേ മാതാജീ .."

സാന്ദ്ര എന്നെ കളിയായി ഉന്തി.

നടക്കുന്നതിനു ഇടയില്‍ അവള്‍ പിന്നെ സ്കൂളിലെ പുതിയ സംഭവങ്ങളെ പറ്റി പറയാന്‍ തുടങ്ങി.

സാന്ദ്രയുടെയും അവളുടെ കൂട്ടുകാരായ വേറെ നാലു കുട്ടികളുടെയും ജന്മദിനം വരുന്നത് ഈ മാസമാണ്.എല്ലാവരും കൂടി ഏതോ ഹോട്ടലില്‍ ഒരു ലഞ്ച് പാര്‍ട്ടി ബുക്ക്‌ ചെയ്തിട്ടുണ്ട്.ഇരുപത്തി രണ്ടായിരം രൂപ ആണ് ചെലവ്.സാന്ദ്രയുടെ വിഹിതം എന്റെ പോക്കെറ്റില്‍ നിന്നു പോകും. പുതിയ മെട്രോ തലമുറയുടെ പന്ത്രണ്ടാം ക്ലാസ്സിലാണിപ്പോള്‍ അവള്‍ പഠിക്കുന്നത്.

"ഇന്നലെ ഞാനും അശോക്‌ ബന്സലും ആയി പൊരിഞ്ഞ വഴക്ക് നടന്നു.പരസ്പരം തെറി വിളിച്ചു.ഞാന്‍ പാര്‍ട്ടിക്ക് വരുന്നില്ലെന്ന് പറഞ്ഞു.പൈസ കൊടുക്കും പക്ഷെ.."

സാന്ദ്ര ഹിന്ദിയിലും ഇംഗ്ലീഷിലും ആയി പറഞ്ഞു കൊണ്ടിരുന്നു.

"ഇതൊക്കെ ഇത്ര വലിയ പ്രശ്നം ആണോ?പറഞ്ഞു തീര്‍ത്താല്‍ പോരെ?'

ഞാന്‍ ചോദിച്ചു. കീഴെട്ടു മുക്കിലെ സര്‍ക്കാര്‍ ‍ ഹൈസ്കൂളിലെ ആരുടേയും മുഖത്ത് നോക്കാത്ത , നീണ്ട മുടി രണ്ടായി പകുത്തു പിന്നിയിട്ടു രിബന്‍ കൊണ്ട് കെട്ടി ,പാദത്തോളം എത്തുന്ന പാവാട ഇട്ടു നടന്ന ആ പഴയ പതിനാറുകാരി എന്നില്‍ ഇപ്പോഴും ഉണ്ട്.പുതിയ കുട്ടികളുടെ അഗ്രെഷന്‍ എനിക്ക് മുഴുവനും മനസ്സിലാകാറില്ല.

"അശോക്‌ കുഹാര്‍ ഇടപെട്ടു സംഭവം പിന്നെ ഒത്തു തീര്‍പ്പാക്കി."

സാന്ദ്രയുടെ പുറകെ പ്രേമഭ്യര്തനയും ആയി നടക്കുന്ന ജാട്ട് പയ്യന്‍ ആണ് അശോക്‌ കുഹാര്‍ എന്ന് അവള്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മ വന്നു.

"പക്ഷെ അതല്ല രസം.ഞാന്‍ ചെല്ലുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ആകെയുള്ള നാല്‍പ്പതു പേരില്‍ നിന്നു മുപ്പതു പേര്‍ ബാക്ക് ഔട്ട് ചെയ്തു.അറിയാമോ?"

അവള്‍ എന്തോ മഹാ കാര്യം സാധിച്ചെടുത്ത ഗര്‍വ്വോടെ പറഞ്ഞു.

"യു നോ ,ഐ ആം സോ പോപ്പുലര്‍ ഇന്‍ മൈ ഗ്രൂപ്പ്."

ഞാന്‍ മൂളി."

നല്ലത് .അടുത്ത ഇലെക്ഷന് നില്‍ക്കാം." ഞാന്‍ പരിഹസിച്ചു.

"പിന്നെ വഴക്കൊന്നും വേണ്ടാ.പാര്‍ട്ടി നടക്കട്ടെ."

ഈ പാര്‍ട്ടിക്ക് വേണ്ടി രണ്ടാഴ്ചക്കു മുന്‍പേ തുടങ്ങിയ ഒരുക്കങ്ങള്‍ ഓര്‍ത്തു ഞാന്‍ പറഞ്ഞു.കൂട്ടുകാര്‍ എല്ലാം കൂടി ഖാന്‍ മാര്‍ക്കെറ്റില്‍ പോയി അവനവനു ചേരുന്ന 'വണ് പീസ്‌ 'ഉടുപ്പുകള്‍ വാങ്ങിയതും അതിനു ചേരുന്ന ചെരുപ്പും മേക്കപ്പും ജ്വല്ല റിയും തിരഞ്ഞു നടന്നു സമയം കളഞ്ഞതും വെറുതെ ആയിപ്പോകണ്ട.അതിനും രണ്ടായിരത്തി അഞ്ഞൂറ് രൂപ എന്റെ പോക്കെറ്റില്‍ നിന്നാണ് പോയത്.

നടന്നു നടന്നു ഞങ്ങള്‍ കമ്മ്യു ണിറ്റി ഹാളിനു അടുത്തെത്തി .

ചുറ്റും മതില്‍ കെട്ടി വളച്ച ആ പറമ്പിനു അകത്തു പേരറിയാത്ത ഒട്ടനവധി മരങ്ങള്‍ ഉണ്ട്.അവക്കിടയില്‍ പുല്ലു വളര്‍ന്നു നില്‍ക്കുന്നു.

കമ്മ്യു ണിറ്റി സെന്റെറി ന്റെ വശത്തെ പുല്‍ത്തകിടിയില്‍ മരങ്ങള്‍ക്കിടയില്‍ കുറെ കുട്ടികളുടെ ഒരു കൂട്ടം .ചുവപ്പില്‍ കറുത്ത കള്ളികള്‍ ഉള്ള ഷര്‍ട്ടും നീല നിക്കറും പാവാടയും ആണ് വേഷം .ലയന്‍സ് പബ്ലിക് സ്കൂളിലെ കുട്ടികള്‍ ആണ്.രണ്ടു വരിയായി അവര്‍ നിലത്തു ഇരിക്കുന്നു.ഓരോ വരിക്കു മുന്നിലും കസേരയില്‍ ഒരു അധ്യാപിക ഇരിക്കുന്നുണ്ട്.എക്സ്ട്രാ ക്ലാസ്സ്‌ ആയിരിക്കും.

റോഡരുകിലെ മരങ്ങള്‍ക്കടിയില്‍ സിമെന്റു കല്ല്‌ വിരിച്ചിട്ടുണ്ട്.കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ആണ്.

എതിര്‍ വശത്ത് വന്മതില്‍ കെട്ടി മറച്ച മൈതാനം .ഭാവിയില്‍ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ഉയരാനുള്ള സ്ഥലം.

റോഡിനിരു വശത്തും ഒട്ടേറെ ഉന്തു വണ്ടികള്‍ നില്‍ക്കുന്നുണ്ട്.

പാനി പൂരി വാലാ,ആലു ടിക്കി വാല ,മുസംബി ജൂസ് വാല ,വെജിടബില്‍ വാല,ഭേല്പുരി വാല ,ഫ്രുട്ടു വാല.....എല്ലാം കച്ചവടക്കാര്‍.

കട്ടാരിയ ഡ്രൈവിംഗ് സ്കൂളുകാരന്റെ വാഗനാര്‍ കാര്‍ വിദ്യാര്‍ത്ഥികളെയും കാത്തു കിടക്കുന്നു.അതിനു തൊട്ടു പുറകില്‍ ഹരിയാന ഡ്രൈവിംഗ് സ്കൂള് കാരനും ഉണ്ട്. വളവില്‍ സുരേഷി എന്നാ ബീഹാറി സ്ത്രീ കൈ കൊണ്ട് ചലിപ്പിക്കുന്ന തയ്യല്‍മഷീനുമായി തറയില്‍ വിരിച്ച ചാക്കില്‍ ഇരിക്കുന്നു. കീറിയതൊക്കെ തുന്നിത്തരും .ഒരു തുണിക്ക് പത്തു രൂപ.

ഷോപ്പിംഗ്‌ കോമ്പ്ലെക്സ് മൈതാനത്തിനുമപ്പുറത്തെ വഴിയുടെ വക്കിലാണ് മദര്‍ ഡയറിയുടെ ഔട്ട്‌ ലെറ്റ്‌ .അതിനു മുന്‍പില്‍ ഒരു ഉന്തു വണ്ടിക്കാരന്‍ ബ്രെഡും പിന്നെ വീട്ടില്‍ ഉണ്ടാക്കിയ പേരറിയാത്ത പലഹാരങ്ങളും റസ്കും കുപ്പികളില്‍ നിറച്ചു വെച്ചു വില്‍ക്കുന്നു.കൂലിപ്പണി കഴിഞ്ഞു മടങ്ങുന്ന ബീഹാറികളും ,ബംഗാളികളും ഒറീസ്സക്കാരായ വീട്ടു വേലക്കാരികളും ഒക്കെയാണ് പ്രധാന ഉപഭോക്താക്കള്‍.

സിഗരെട്ടു വാങ്ങാന്‍ ചില ഹോണ്ട സിറ്റി കാറുകാരും ഇടയ്ക്കു വന്നു നില്‍ക്കും .

കമ്മ്യുണിറ്റി ഹാളിനും അപ്പുറം കൃഷ്ണ മന്ദിര്‍.മന്ദിരത്തിനു എതിര്‍വശം വലിയ പാര്‍ക്കാണ്.സെക്ടരിനകത്തെ ഏറ്റവും വലിയാ പാര്‍ക്ക്.

പാല്ക്കടയ്ക്കു മുന്നിലെത്തിയപ്പോള്‍ സാന്ദ്ര ചോദിച്ചു.

"എന്താണ് വേണ്ടത്?ഐസ്ക്രീം... ,ജൂസ് ..?"

"ജൂസ്".അവള്‍ പോയി പാക്കെറ്റ് ജൂസ് വാങ്ങിക്കൊണ്ടു വന്നു .ഞാന്‍ ഉന്തു വണ്ടിക്കാരുടെ കച്ചവടം നോക്കി നടന്നു.പാനി പ്പൂരിക്കാരന്റെ ഗ്ലാസ്‌ അലമാരിയില്‍ ചെറു നാരങ്ങ വലുപ്പത്തിലുള്ള ചെറിയ പൂരികള്‍ നിറച്ചു വെച്ചിരിക്കുന്നു.അയാളുടെ വണ്ടിയുടെ വശത്ത് ഗ്യാസ് അടുപ്പിനു മുകളില്‍ വച്ചിരിക്കുന്ന വലിയ 'തവ' യില്‍ ഉരുളക്കിഴങ്ങിന്റെ കട്ട്ലെറ്റുകള്‍ എണ്ണയില്‍ മൊരിയുന്നുണ്ട്. ഭെല്‍ ‍ പൂരിക്കാരന്‍ എന്നെ പ്രതീക്ഷയോടെ നോക്കി .സാധ്യത ഉള്ള ഒരു ഉപഭോക്താവിനെ തിരിച്ചറിഞ്ഞത് പോലെ .

കമ്മ്യുണി റ്റി ഹാളിന്റെ മതിലരുകില്‍ ചെന്നു നിന്നു ഞാന്‍.പതിവില്ലാതെ സെപ്റ്റംബര്‍ വരെ നീണ്ട മഴക്കാലം അകത്തെ മരങ്ങളിലും പുല്ലിലും ഉണര്‍വ്വ് വരുത്തിയിട്ടുണ്ട്.ഞാന്‍ മേലോട്ട് നോക്കി.ഒട്ടേറെ പച്ച തത്തകള്‍ മരക്കൊമ്പുകള്‍ ക്കിടയിലൂടെ കൊച്ചു വാണങ്ങള്‍ പോലെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പറന്നു കളിക്കുന്നു.ചോരച്ചുവപ്പുള്ള തത്ത്ച്ചുണ്ടുകള്‍.

സാന്ദ്ര മടങ്ങി വന്നു.

 

"ലസിയെ ഉള്ളൂ .അത് പോരെ?"

കയ്യിലെ പ്ലാസ്റ്റിക്‌ ബോട്ടിലുകളില്‍ ‍ ഒരെണ്ണം അവള്‍ എനിക്ക് തന്നു.ഞാന്‍ കലോറി നോക്കി .നൂറു മില്ലിയില്‍ എഴുപത്തി ആര് കിലോ കലോറി .ഇതില്‍ ഇരുനൂറു മില്ലി.ലസി കുടിച്ചു കൊണ്ട് റോഡു കുറുകെ കടന്നു ഞങ്ങള്‍ പാര്‍ക്കില്‍ കയറി.

നാലേക്കര്‍ പാര്‍ക്കിലെ വളഞ്ഞു തിരിഞ്ഞു പലവഴി പോകുന്ന ഒറ്റ അടിപ്പാതകളില്‍ ഒട്ടേറെ ജനം.

വലത്തേ കോണില്‍ വെളുത്ത വസ്ത്രം ധരിച്ച ഒരു സംഘം കരാട്ടെ കുട്ടികള്‍.

പാര്‍ക്കിനു നടുവില്‍ ഒരു ബെഞ്ചിലും തറയിലുമായികുറെ വൃദ്ധ സ്ത്രീകള്‍ ഇരിക്കുന്നു .ഒരാളുടെ മേഘം പോലെ വെളുത്ത തലമുടി പുറകിലേക്ക് പിന്നിയിട്ടിരിക്കുന്നു .പല്ലില്ലാത്ത വായ കാട്ടി അവര്‍ ഉറക്കെ ചിരിക്കുന്നു.

അവര്‍ക്കും ഏകാന്തത ഉണ്ടായിരിക്കുമോ എന്നെപ്പോലെ?

ഇല്ലെന്നു ഞാന്‍ ഉറപ്പിച്ചു.ഇത്രയും കൂട്ടുകാരോടൊപ്പം വൈകുന്നേരങ്ങളില്‍ ഒറ്റ പല്ലില്ലാത്ത വായ തുറന്നു പൊട്ടിച്ചി രിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഏകാന്തത ഉണ്ടാവാന്‍ ഇടയില്ല.

ഞാനും സാന്ദ്രയും ഒറ്റയടി പാതയിലൂടെ ലസിയും മോന്തി മെല്ലെ നടന്നു.ഞങ്ങള്‍ക്കെതിരെ പല രൂപത്തിലും ഭാവത്തിലും ഉള്ള മനുഷ്യര്‍ വന്നു കൊണ്ടിരുന്നു.പത്തു പതിനഞ്ചു വയസ്സുള്ള കുറെ ആണ്‍കുട്ടികള്‍ ജോഗ്ഗിംഗ് നടത്തുന്നു.ഒരുപാടു തടിയുള്ള ഒരു യുവതി തടി കുറയ്ക്കാനുള്ള സായാഹ്ന നടത്തത്തിലാണ് .അവര്‍ സാന്ദ്രയുടെ മെലിഞ്ഞ അരക്കെട്ടിലേക്കു പോകുന്ന പോക്കില്‍ ഒന്ന് തുറിച്ചു നോക്കി.

"ഹലോ ആന്റി .ഹൌ ആര്‍ യു ?'

എതിരേ വന്ന ഒരു സ്ത്രീയോട് സാന്ദ്ര ചോദിച്ചു.

"ആം ഫൈന്‍ ബേട്ടാ .ഇന്ന് അമ്മയും ഉണ്ടല്ലോ കൂടെ.."

അവര്‍ ചിരിച്ചു.

അവരോടൊപ്പം സന്ദ്രയെക്കാളും ‍ അല്‍പ്പം പ്രായം കൂടിയ ഒരു തടിച്ച പെണ്കുട്ടി ‍ കൂടി ഉണ്ട് .അവരുടെ മകള്‍ ആവും.

"അത് ആരാ?"

അവര്‍ പോയ ശേഷം ഞാന്‍ സാന്ദ്രയോടു ചോദിച്ചു.

"കിരണ്‍ ആന്റിയുടെ എതിര്‍ വശത്തെ വീട്ടിലെയാണ്"

"കൂടെ ഉള്ളത് മകള്‍ ആണോ?"

"അയ്യേ ..ഈ അമ്മ എന്താ പറയുന്നത്.!അവര്‍ക്ക് അത്ര പ്രായം ഒന്നുമില്ല.അവരുടെ മോള്‍ക്ക്‌ നാലു വയസ്സേ ഉള്ളൂ "

"കണ്ടാല്‍ പക്ഷെ പ്രായം തോന്നും"ഞാന്‍ പറഞ്ഞു.

"പിന്നെ എല്ലാരും നിന്നെപ്പോലാണോ മാതാജീ ..യു നോ വാട്ട് മൈ ഫ്രെണ്ട്സ് സെയ്? യുവര്‍ ‍ മോം ലുക്ക് ടൂ യന്ഗ് ഫോര്‍ ഹേര്‍ ഏജ് "

അവള്‍ കണ്ണ് ഇറുക്കി.

"വൈസേ അഭി പൈന്താലിസ് കേ ഹെനാ?ഇനി അഞ്ചു വര്ഷം കൊണ്ട് നിങ്ങള്‍ ഹാഫ് സെഞ്ചുറി തികക്കൂലോ..ഐ കാന്റ് ബിലീവ് ."

അവള്‍ വീണ്ടും കണ്ണ് ഇറുക്കി. എനിക്കും വ്ശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് ഞാന്‍ മകളോട് പക്ഷെ തിരിച്ചു പറഞ്ഞില്ല.എവിടെയാണ് ഞാന്‍ ഇത്രയും വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയത് ?.

പാര്‍ക്കില്‍ ഒരു ഒഴിഞ്ഞ മൂലയ്ക്ക് സാന്ദ്ര ഒരു ബെഞ്ച്‌ കണ്ടു പിടിച്ചു.

"നമുക്ക് ഇവിടെ ഇരിക്കാം"അവള്‍ പറഞ്ഞു.

ഞങ്ങള്‍ ഇരുന്നു.ലസി കുടിച്ചു തീര്‍ത്തു.ഒരു സീനിയര്‍ സിറ്റിസെന്‍ ‍ ഞങ്ങളെ നോക്കി കടന്നു പോയി.

കുറെ മുന്‍പില്‍ ഒരു ബീഹാറി യുവാവും ഭാര്യയും ഇരിക്കുന്നു.അടുത്ത് കല്യാണം കഴിച്ചവരെന്നു കണ്ടാല്‍ അറിയാം.

"ഐ ലൈക്‌ റൊമാന്റിക്‌ മെന്‍"

ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.സാന്ദ്ര തല ഉയര്‍ത്തി നോക്കി.അവളുടെ നോട്ടവും ബീഹരികളില്‍ ചെന്നു വീണു.

"അതൊരു ബീഹാറിയായാലും?'അവള്‍ ഒറ്റ കണ്ണ് ഇറുക്കി.

"യെസ്..ബീഹാറി ആയാലും.പണം വേണ്ട പ്രണയം മതി .പ്രണയം ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ.."

ഞാന്‍ ചിരിച്ചു.

സാന്ദ്ര ഒന്നും മിണ്ടിയില്ല .എന്റെ ജീവിതത്തില്‍ ഉപ്പില്ലെന്നു അവള്‍ക്കു അറിയാം.

അവള്‍ കരാട്ടെ പഠിക്കുന്ന കുട്ടികളെ നോക്കി ഇരുന്നു.ആണും പെണ്ണും അടക്കം പത്തിരുപതു കുട്ടികള്‍ ഉണ്ട്.രണ്ടു മുതിര്‍ന്ന പയ്യന്മാര്‍ മഞ്ഞ നിറത്തിലുള്ള ഒരു ചരട് വലിച്ചു പിടിച്ചിരിക്കുന്നു.കുട്ടികള്‍ വരിവരിയായി ഓടി വന്നു കയറിനു മുകളിലൂടെ തട്ടാതെ ശ്രദ്ധിച്ചു ചാടുന്നു.എല്ലാ കുട്ടികളും ബെല്‍റ്റ്‌ ധരിച്ചിട്ടുണ്ട് അരയില്‍.ചിലരുടേത് കറുപ്പ്.ചിലര്‍ക്ക് നീല .ചിലര്‍ക്ക് പച്ച.

കുറെ നേരം ഞാനും സാന്ദ്രയും മിണ്ടാതെ കുട്ടികളുടെ ചാട്ടം നോക്കി ഇരുന്നു.

മടുത്തപ്പോള്‍ സാന്ദ്ര പറഞ്ഞു."

ഇതെന്തു കരാട്ടെ.പിള്ളേരെ വെറുതെ ചാടിക്കുന്നു.നമുക്കും ഇത് പഠിപ്പിക്കാന്‍ തുടങ്ങാം.ഓരോരുത്തര്‍ക്കും ഓരോ കളറിലെ ബെല്‍റ്റ്‌ കൊടുത്താല്‍ മതി.എന്നിട്ടിങ്ങനെ ചാടിക്കാം.കയറിന്റെ ഒരറ്റം നിങ്ങള്‍ പിടി.മറ്റേ അറ്റം ഞാനും പിടിക്കാം"

സാന്ദ്ര ചിരിക്കാന്‍ തുടങ്ങി ആ രംഗം ഓര്‍ത്തു രസിക്കുന്നത് പോലെ .കുട്ടികളുടെ മാതാപിതാക്കള്‍ ഇതൊന്നും നോക്കാരുണ്ടാവില്ലെന്നു ഞാന്‍ ഓര്‍ത്തു.ആ കൂട്ടത്തില്‍ ഒന്ന് രണ്ടു തടിച്ച കുട്ടികള്‍ ഉണ്ട്.പാവങ്ങള്‍ കിതയ്ക്കുന്നു.ഈ ചാട്ടം കൊണ്ട് അവരുടെ തടി കുറയാന്‍ ഇടയുണ്ട്.കരാട്ടെ പഠിച്ചില്ലെങ്കിലും ..

സാന്ദ്ര എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഞാന്‍ മൂളിക്കേട്ടു.ഇടയ്ക്കിടെ അവള്‍ സ്വന്തം മൊബൈല്‍ ഫോണിലെ കാമറയും ക്ലിക്ക് ചെയ്യുന്നുണ്ടായിരുന്നു.വൃദ്ധ സ്ത്രീകളുടെ ഇരുപ്പു,മരങ്ങള്‍,പ്രണയ ജോടികള്‍,കരാട്ടെ കുട്ടികള്‍ എല്ലാം അവളുടെ മൊബൈല്‍ കാമറ യില്‍ ‍ കയറി.പിന്നീടു അവളുടെ ശ്രദ്ധ എന്നിലേക്ക്‌ തിരിഞ്ഞു.എന്നെ പല ആങ്കിലുകളില്‍ ‍ നിന്നു ക്ലിക്ക് ചെയ്തു കൊണ്ടിരുന്നു. അടുത്ത് വന്നു ആ ച്ത്രങ്ങള്‍ എനിക്കും കാണിച്ചു തന്നു.പഴയ ഫോണ്‍ ആയതിനാല്‍ ക്ലാരിറ്റി കുറവായിരുന്നു.

"നമുക്ക് പോകും വഴി ആലു ടിക്കി തിന്നണം" സാന്ദ്ര പറഞ്ഞു.

നേരം ഇരുണ്ടു തുടങ്ങിയിരുന്നു.പാര്‍ക്കില്‍ നിറയെ തലങ്ങും വിലങ്ങും പറക്കുന്ന തുമ്പികള്‍.

എന്റെ മനസ്സ് നന്നായി തണുത്തിരിക്കുന്നു.

ഞങ്ങള്‍ എഴുന്നേറ്റു നടന്നു.ഏഴു മണിക്ക് സാന്ദ്രക്ക് ബ്യൂടി പാര്‍ലറില്‍ പോണം എന്ന് പറഞ്ഞു അവള്‍ .കൈകാലുകളിലെ നനുത്ത രോമങ്ങള്‍ എന്നെ കാണിച്ചു .

"ഇതൊക്കെ കളയണം"

പുറത്തു വന്നപ്പോള്‍ സാന്ദ്ര ആലു ടിക്കി വില്‍ക്കുന്ന ഉന്തു വണ്ടിക്കാരന്റെ അടുത്തേക്ക് നടന്നു.ഞാന്‍ പുറകെയും.

"ഒന്ന് വാങ്ങിയാല്‍ മതീട്ടോ.വി വില്‍ ഷെയര്‍ "ഞാന്‍ ഓര്‍മ്മിപ്പിച്ചു.

ജൂസ് കാരനും ഭേല്പൂരി ക്കാരനും എന്നെ പ്രതീക്ഷയോടെ നോക്കി.

സാന്ദ്ര ആലു ടിക്കി മൊരിയുന്നതും നോക്കി നിന്നപ്പോള്‍ ഞാന്‍ വീണ്ടും മതിലിനരുകില്‍ ചെന്നു നിന്നു മരങ്ങളില്‍ നോക്കി.തത്തകള്‍ ഇല്ല.എല്ലാം കൂടുകള്‍ ഉണ്ടെങ്കില്‍ അവയില്‍ എത്തിക്കാണും.അല്ലെങ്കില്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിപ്പുണ്ടാവും.എനിക്ക് കാണാഞ്ഞിട്ടാവും പച്ച നിറങ്ങളില്‍ അലിഞ്ഞു പോയ ആ പച്ച നിറങ്ങള്‍.

 

ഇലകള്‍ തുന്നി ഉണ്ടാക്കിയ ചെറിയ കോപ്പയില്‍ ആലു ടിക്കിയും ഉള്ളിയും പച്ചമുളകും സോസുംകൂട്ടിക്കലര്‍ത്തിയ മിശ്രിതവും ആയി സാന്ദ്ര വന്നു.കഴിക്കാന്‍ ഒരു മര സ്പൂണ്‍ . സ്പൂണ്‍ കൊണ്ട് ഒരു തവണ കോരി അവള്‍ എന്റെ വായില്‍ വെച്ചു തന്നു.ഭയങ്കര എരിവു.

"സാധാരണ അഞ്ചു രൂപയ്ക്ക് രണ്ടെണ്ണം തരും.ഇന്ന് ഒന്നേ തന്നുള്ളൂ "

അവള്‍ കഴിക്കുന്നതിനിടയ്ക്ക് പറഞ്ഞു.

"ഒന്ന് കൂടി വങാമായിരുന്നില്ലേ?"

ഞന്‍ ചോദിച്ചു.

"നിനക്ക് വേണമെങ്കില്‍ വാങ്ങാം"

"എനിക്ക് വേണ്ട..നിന്റെ കാര്യം ആണ് പറഞ്ഞത്"ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ നടന്നു.സുരേഷിക്ക് ഇന്ന് പണി ഒന്നും കിട്ടിയിട്ടില്ല .അവള്‍ റോഡിലേക്ക് നോക്കി ഇരിക്കുന്നു.

താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു കൂടാരത്തില്‍ ഒരു തേപ്പു കുടുംബം തുണികള്‍ തേയ്ക്കുന്നു .തേച്ചു വച്ച തുണികള്‍ വേറെ വേറെയായി ഭാണ്ഡം കെട്ടി വെച്ചിട്ടുണ്ട് .രാവിലെ വാങ്ങിക്കൊണ്ടു വന്നവ തേച്ചു തിരിച്ചേല്‍പ്പിക്കുക വൈകുന്നേരമാണ്.

ഇന്ന് മഴ പെയ്തത് കൊണ്ട് പണി വൈകിയിരിക്കാന്‍ ഇടയുണ്ട് .കല്‍ക്കരി ‍ കത്തിച്ചാണ് തേയ്ക്കുക .സാന്ദ്ര പറഞ്ഞ വളയുകയും തിരിയുകയും ചെളി കെട്ടി കിടക്കുകയും ചെയ്ത റോഡുകളിലൂടെ ഒക്കെ ഞാന്‍ നടന്നു.കുറെ പയ്യന്മാര്‍ ബൈക്കുകളിലും ബുള്ളറ്റുകളിലും മൂന്നു പേര്‍ വീതം ഇരുന്നു ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞും സര്‍ക്കസ് കാട്ടിയും വണ്ടികള്‍ പൊടി പറപ്പിച്ചു ഓടിച്ചു കൊണ്ട് പോയി.എല്ലാത്തിനും പതിനഞ്ചു പതിനാറു വയസ്സ്.ഒരു തലയിലും ഹെല്‍മെറ്റ്‌ കണ്ടില്ല.ഈ സവാരി ചീറി പ്പറക്കുന്ന കാറുകള്‍ക്ക് ഇടയിലൂടെ ഒക്കെ ആണ്.

"എല്ലാം സുരക്ഷിതമായി രാത്രി ഭക്ഷണവും വെച്ച് കാത്തിരിക്കുന്ന അമ്മമാരുടെ അടുക്കല്‍ എത്തട്ടെ ഭഗവാനെ "

ഞാന്‍ മനസ്സിലോര്‍ത്തു.

നടന്നു നടന്നു തിരികെ സാധന പര്‍ക്കിനടുത്തെത്തി .നന്ദന പാര്‍ക്കില്‍ കളിക്കുന്നുണ്ടാകും .

"പാര്‍ക്കിനകതെക്ക് ഞാന്‍ ഇല്ല.അവിടെ ഇപ്പോള്‍ കുറെ ബോറിംഗ് ആന്റിമാര്‍ ഇരുന്നു ഗോസ്സിപ്പടിക്കുന്നുണ്ടാവും .സഹിക്കാന്‍ പറ്റില്ല ": സാന്ദ്ര പറഞ്ഞു

നന്ദനയെ പാര്‍ക്കില്‍ കണ്ടില്ല.ഞാന്‍ തിരിഞ്ഞു നടന്നു പാര്‍ക്കിനു എതിരെയുള്ള വീടിന്റെ കോളിംഗ് ബെല്‍ അടിച്ചു.നന്ദനയുടെ ടുഷന്‍ ടീച്ചര്‍ കിരണ്‍ പുറത്തു വന്നു.

നന്ദനയും അവരുടെ മകളും കൂടി കൃഷ്ണ മന്ദിറില്‍ പോയെന്നു അവര്‍ പറഞ്ഞു.

കിരണിന്റെ വീട്ടില്‍ നിന്നും ഞാനും സാന്ദ്രയും മടങ്ങി.വഴിയില്‍ ഒരു കൊച്ചു വീട് ചൂണ്ടിക്കാട്ടി സാന്ദ്ര പറഞ്ഞു.

"ഇതാണ് പാര്‍ക്കില്‍ കണ്ട ആന്റിയുടെ വീട്.അതാ അവരുടെ മകള്‍"പുറത്തു നീല ഉടുപ്പിട്ട ഒരു കൊച്ചു കുട്ടി കളിക്കുന്നു.

വീട്ടിലെത്തിയപ്പോള്‍ സാന്ദ്ര വാതില്‍ തുറന്നു

"അമ്മ പോയി കുളിച്ചോ.ഞാന്‍ പാര്‍ലറില്‍ പോയി മടങ്ങുമ്പോള്‍ നന്ദുവിനെ കൊണ്ടോന്നോളാം"

സാന്ദ്ര വീണ്ടും പുറത്തേക്കു പോയി.

ഞാന്‍ വാതില്‍ അടച്ചു അകത്തേക്കും .

പിങ്ക് ഗുളികകളുടെ സമാധാനം എന്റെ തലച്ചോറിലെ കോശങ്ങളില്‍ പടര്‍ന്നിരുന്നു.

ഞാന്‍ പിറന്ന നാളില്‍ തന്നെ അപസ്മാരം ഇളകി മരിച്ച അമ്മയെയും ,

വീണ്ടും വിവാഹം കഴിച്ചും മറ്റൊരു സ്ത്രീയെ അമ്മയാക്കി തന്നും എന്റെ ജീവിതം നരകം ആക്കിയ അച്ഛനെയും,

വിവാഹം കഴിഞ്ഞു പത്തു വര്‍ഷത്തിനു ശേഷം വേറൊരു പെണ്ണിനെ കണ്ടു പിടിച്ചു എന്നില്‍ നിന്നും അകന്നു പോയ ഭര്‍ത്താവിനെയും കുറിച്ച് പിന്നീടു അബോധ തലത്തില്‍ പോലും ഒന്നും ഓര്‍ക്കാതെ ഞാന്‍ കുളിമുറിയിലേക്ക് നടന്നു .ബക്കറ്റില്‍ ഗീസരില്‍ നിന്നു ഇളം ചൂട് വെള്ളം നിറച്ചു .എന്റെ രണ്ടു അമ്മമാരും തിരികെയെത്തും മുന്പ് കുളിച്ചു ഇറങ്ങണം എന്ന തീരുമാനത്തോടെ കുളിമുറിയുടെ വാതില്‍ അടച്ചു.