Anilraj K S

ഉത്തരേന്ത്യ വിളിച്ചപ്പോൾ

Anilraj K S

അങ്ങനെ കാത്തിരുന്ന ദിനമെത്തി. കുടുംബാങ്ങളോടൊത്തൊരു വടക്കേ ഇന്ത്യ കാണൽ ടൂർ. രാവിലെ 5 ന് വിമാനത്താവളത്തിൽ . പുറത്ത് മഴ .7 ന് തന്നെ പറന്നു . പിന്നെ രാജ്യ തലസ്ഥാനം. ആദ്യ ദിനം കുത്തബ് മീനാർ .... പഴമയുടെ ഗന്ധമിന്നും തളം കെട്ടി നിൽക്കുന്നു. കുത്തബ് മീനാറിരിക്കുന്ന സ്ഥലത്ത് നിരവധി മറ്റു കാഴ്ചകളുണ്ട്. കുത്ത് ബുദീൻ ഐബക്കിന്റെ കുത്തബ് മീനാറിനെ ഉയരത്തിൽ കവച്ചു വയക്കാൻ കെട്ടിയ മറ്റൊരു മിനാരം . പക്ഷേ പണി പൂർത്തിയാക്കാനായില്ല. വാനിലുയർന്ന് എന്നാൽ പൂർത്താ യാത്ത പടുകൂറ്റൻ കൽ കെട്ട്. 82 അടി പൊക്കത്തിൽ നൂറുകണക്കിന് പച്ചതത്തകളുടെ കളകളാരവം മുഴക്കി അവരുടെ ആവാസ കേന്ദ്രമായി നിൽക്കുന്നു. അലായി മിനാർ എന്ന ഈ മിനാരം അലാഹുദീൻ ഖിൽജിയുടെ 1316-ലെ മരണശേഷം ആരും ഏറ്റെടുത്ത് പൂർത്തിയാക്കിയില്ല.

ഡൽഹിയിലെ സൺ വ്യൂ ഇന്റർനാഷണൽ ഹോട്ടലിലേക്ക് ശകടം ഹോൺ മുഴക്കി പാഞ്ഞു. ക്ഷീണം കാരണം ഹോട്ടലിലെ ശീതികരണം കൂടിയായതോടെ ഉറക്കത്തിലേക്ക്. കടുകെണ്ണയിലെ ആഹാരം താലി മീൽ അൽപ്പം അലോസരമുണ്ടാക്കി. അടുത്ത ദിനം രാവിലെ 8 ന് വാഹനവും സാരഥിയും തയ്യാർ. നേരെ രാജസ്ഥാന്റെ തലസ്ഥാനമായ പിങ്ക് സിറ്റി ജയ്പൂരിലേക്ക്. വിശാല ഹൈവേ, ആദ്യം കടന്നത് ഹരിയാന ബോർഡർ . ഇരു വശങ്ങളിലും കൊയ്ത്തു കഴിഞ്ഞ ചോളപ്പാടങ്ങൾ . പാടങ്ങളിൽ അവിടവിടെയായി വലിയ പൊക്കവും, വണ്ണവുമില്ലാത്ത തണൽ മരങ്ങൾ . ആദ്യം മനസ്സിലായില്ല. അറിയാവുന്ന ഹിന്ദിയിൽ സാരഥി ശ്യാംസിങ്ങിനോടു ചോദിച്ചു. ചിരിച്ചു കൊണ്ടു മറുപടി " സാബ് വോ ബബൂൽ കാ പേട് ഹെ" അത് കറിവേപ്പില മരങ്ങളാണെന്ന്. മരങ്ങളുടെ ഇത്തിരി തണലിൽ വിശ്രമിക്കുന്ന കർഷക സ്ത്രീകൾ . ഒപ്പമുള്ള കുട്ടികൾ . ചിലർ വിശ്രമം കഴിഞ്ഞ് കൊടും ചൂടിൽ നിലമൊരുക്കുന്ന തിരക്കിൽ . ചിലർ വലിയ വടിയുമായി ആടുമാടുകളെ മേയ്ച്ചു നടക്കുന്നു. ചുരുക്കത്തിൽ കുടുംബാംഗങ്ങളെല്ലാം പണിയെടുക്കുന്നവർ. പശുവിനെ കുറിച്ച് ചോദിച്ചു. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് ഈ സംസ്ഥാനങ്ങളിലൊന്നും beef കിട്ടില്ല. അത് പോത്തിറച്ചി പോലും കിട്ടില്ല. പശു, കാള എന്നിവ വയസായി ചത്താൽ കൃഷിയിടങ്ങളിൽ കുഴിച്ചിടും .എന്നാലും കശാപ്പു ചെയ്യില്ലാത്രേ . മട്ടണും , ചിക്കണും കിട്ടും അത്ര തന്നെ ... വിരോധാഭാസമല്ലേ . കേരളത്തിൽ ബീഫിന് പ്രശ്നമില്ല എന്നു കേട്ടപ്പൊ ഭാഗ്യവാൻമാരെന്നാ അവർ പറയുന്നത്. പഴയ അനാചാരങ്ങൾ വിട്ടു വരാൻ അവർക്ക് വലിയ മടിയാണ്. അതു മാറണം മാറിയേ പറ്റൂ പിന്നെ കൃസ്ത്യൻ പള്ളികൾ മഷിയിട്ടു നോക്കിയാൽ ഒന്നോ ഒരു മുറിയോ കണ്ടാലായി.

IMG-20211023-WA0043

ഹരിയാനയിലെ ഗോതമ്പുവയലുകളും കാണേണ്ട കാഴ്ചയാണ്. റോഡിൽ പൊടുന്നനെ ഗംഭീര ട്രാഫിക്ക് ജാം. ഇവിടേപ്പോലെ ഓവർടേക്കിങ്ങിനു കൃത്യമായ രീതിയേയില്ല. കിട്ടുന്നിടത്തൊക്കെ കുത്തികയറ്റിയും, വെട്ടിത്തിരിച്ചും ഞങ്ങളുടെ വാഹനവും ഊളിയിട്ടു കൊണ്ടിരുന്നു. റോഡിന്റെ മറുവശം മുഴുവൻ കർഷക സമരത്തിന്റെ കുടിലുകൾ. ഒരു വ്യത്യാസം പകൽ സമയങ്ങളിൽ സമര കുടിലുകളിൽ ആരും കാണില്ല.കാരണം പകലവർ വയലുകളിൽ കൃഷിപ്പണിക്കു പോകും. മിക്ക വയലുകളിലും കൃഷിക്ക് ആധുനിക രീതിയാണ് ട്രാക്ടറുകളും, കൊയ്ത്തു മെഷീനുമെല്ലാമുണ്ട്. റോഡിന്റെ വശങ്ങളിൽ "ധാബ"കളുണ്ട്. ആഹാരം കഴിക്കാനും, വിശ്രമിക്കാനുമിവിടെ സൗകര്യങ്ങളുണ്ട്. അത്തരമൊരു "ശിവ് ദാബാ " എന്ന പേരിലെ ധാബായിൽ കയറി ആഹാരം. നിറയെ വിനോദ സഞ്ചാരികളാണ്. വീണ്ടും വളവുകളില്ലാത്ത, വീതിയേറിയ , വിശാല പാതയിലൂടെ യാത്ര. സാരഥിക്ക് കൂടെ കൂടെ ഫോൺ വരും. അതെടുത്ത് ഹിന്ദിയിൽ കലപിലാ സംസാരിച്ചു കൊണ്ട് തന്നെ വാഹനമോടിച്ചു കൊണ്ടേയിരിക്കും. ഹുമിഡിറ്റി " കുറവായതിനാൽ വിയർക്കില്ല. പക്ഷേ അപാരമായ വെള്ള ദാഹമാണ്.

3.30 ന് ജയ്പൂരിലെത്തി. കാത്തു നിന്ന ഗൈഡ് ശ്രീ. അബ്ബാസ് അലി വാഹനത്തിൽ കയറി ഞങ്ങളോട് ഹിന്ദി വേണോ , ഇംഗ്‌ളീഷ് വേണോ വിവരണത്തിനെന്നു ചോദിച്ചുറപ്പു വരുത്തി. ജയ്പൂർ നഗരിക്ക് എങ്ങും പിങ്ക് നിറം മാത്രമാണ്. കെട്ടിടങ്ങൾ, കടകൾ, പഴമയുടെ ശേഷിപ്പുകൾ, കോട്ട മതിലുകൾ തുടങ്ങി സകലയിടത്തും പിങ്ക് നിറം മാത്രമേ ഉപയോഗിക്കാവൂ. അത് അവിടത്തെ നിയമം കൂടിയാണ്. പ്രിൻസ് ഓഫ് വെയിൽസ് ആൽബർട്ട് എഡ്വാർഡിനെ സ്വാഗതം ചെയ്യാനാണ് സിറ്റിയിൽ പിങ്ക് നിറം ആദ്യമായ് ഉപയോഗിച്ചത് തുടർന്ന് പിങ്ക് സിറ്റിയായി നഗരം അറിയപ്പെട്ടു തുടങ്ങി. റെയിൽ, മെട്രോ, വിമാനത്താവളം എല്ലാമുണ്ടിവിടെ.
ആദ്യം പോയത് ജന്തർ മന്ദറിലേക്കാണ്. രാജാ ജയ് സിങ്ങിന്റെ (രണ്ടാമൻ ) കണക്കിലും, ജ്യോതിശാസ്തത്തിലും, വാസ്തു ശാസ്ത്രത്തിലുമുള്ള താത്പര്യമാണ് ജന്തർ മന്ദിറിന്റെ നിർമ്മാണത്തിന്റെ പിന്നിൽ. രണ്ടു സെക്കന്റിന്റെ വരെ കൃത്യതയിൽ ഇവിടത്തെ ഭൂമദ്യ രേഖാ സൂര്യഘടികാരം പ്രവർത്തിക്കുന്നുണ്ടിന്നും സകലതും കല്ലിലാണ് നിർമ്മിതി . സൂര്യന്റെ നിഴലിനെ അടിസ്ഥാനപ്പെടുത്തി മാത്രം സമയവും , ജന്മനക്ഷത്ര വും , ഒക്കെ കണക്കാക്കുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ സൂര്യഘടികാരവും ഇവിടെ തന്നെ.. നമ്മുടെയെല്ലാം ജന്മനക്ഷത്രങ്ങൾ എങ്ങനെ ജനന സമയം വച്ച് കണ്ടുപിടിക്കുന്നു എന്നത് ഗൈഡ് അബ്ബാസലി വിശദമായി പറഞ്ഞു തന്നു. മന്ദിറിന്റെ പുറത്ത് ധാരാളം ചെറു കച്ചവടക്കാർ.

IMG-20211023-WA0039


സിറ്റി പാലസാണ് അടുത്ത ലക്ഷ്യം. അവിടേക്ക് . സകലയിടത്തെയും പ്രവേശന ടിക്കറ്റുകൾ ഗൈഡ് എടുത്തു തരും . പണം മാത്രം നമ്മള് നൽകിയാൽ മതി. പാലസ് സവായ് ജയ് സിങ്ങ് രാജാവാണ് നിർമ്മിച്ചത്. രാജകുടുംബത്തിലെ ഇന്നത്തെ തലമുറയും ഇവിടെ തന്നെ ജീവിക്കുന്നു .കൊട്ടാര മുകളിൽ അഞ്ചു നിറത്തിലെ രാജപതാക പാറിക്കളിക്കുന്നു. 2013-ൽ MP ആയി തിരഞ്ഞെടുക്കപ്പെട്ട റാണി ദിയാകുമാരി ഇന്നിവിടുണ്ട്. രണ്ടു കൂറ്റൻ മിനാര സമാന വാതിലുകൾ കൊട്ടാരത്തിനുണ്ട്. ഒന്ന് ഉദയ് പോൾ . മറ്റൊന്ന് വീരേന്ദ്ര പോൾ . ദിവാൻ-ഇ-ആം എന്ന സഭാ നിവാസ് അഥവാ ദർബാർ ഹാൾ . വളരെ മനോഹരം. കൂറ്റൻ ഷാന്റിലിയറുകൾ പ്രഭ ചൊരിയുന്നു. ആർച്ചുകളും, ചിത്രങ്ങൾ കോറിയിട്ട മച്ചും , മാർബിൾ തൂണുകളും ഹാളിന്റെ മാറ്റുകൂട്ടുന്നു. ഇവിടെ രാജാവിനും, രാജ്ഞിയ്ക്കും പ്രത്യേക സിംഹാസനങ്ങളുംസനങ്ങളും , മന്ത്രിമാർ തുടങ്ങി മറ്റുള്ളവർക്ക് ഇരിപ്പിടങ്ങളും, തറയിൽ അതി മനോഹര കൂറ്റൻ കാർപ്പെറ്റുമുണ്ട്. കൊട്ടാരത്തിലെ വനിതകൾക്ക് സഭാ നടപടികൾ കാണാൻ പർദ്ദാ മോഡൽ കള്ളി ജനാലകൾ ബാൽക്കണിയിലുണ്ട്. അടുത്തത് വളപ്പിൽ തന്നെയുള്ള ദിവാൻ-ഇ-ഖാസ് എന്ന "സർവ്വ ദോ ഭദ്ര " അതായത് തുറന്ന ഹാൾ, രാജാവിന് ഉയർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ , തുടങ്ങിയ കൂടുതൽ ആൾക്കാരുമായുള്ള ചർച്ച നടത്തേണ്ടുന്നിടം. ഇവിടത്തെ മേൽക്കൂരയിൽ പണ്ട് പട്ടം പറപ്പിക്കുന്ന വിനോദം രാജാവും, പരിവാരങ്ങളും ചെയ്തിരുന്നു. ഇതിന്റെ മുൻ വശത്ത് തന്നെ രണ്ടു കൂറ്റൻ വെള്ളിയിൽ തീർത്ത അടപ്പുള്ള ജാറുകളുണ്ട്. നാലായിരം ലിറ്റർ കൊള്ളുന്ന അഞ്ചടിയിലേറെ ഉയരമുള്ള , 340 കിലോ ഭാരമുള്ള ജാറുകളാണിവ. ഗിന്നസ് റിക്കോഡ് നേടിയവയും കൂടിയാണീ ജാറുകൾ. മഹാരാജാ സോയ് മാധോ സിങ്ങ് - രണ്ടാമൻ ഗംഗാജലം മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. 1902-ൽ ഇംഗ്ലണ്ടിൽ എഡ്വാർഡ് ഏഴാമന്റെ കിരീടധാരണ ചടങ്ങിന് പോയ സമയത്ത് ഉപയോഗത്തിനായ് ഗംഗാജലം കൊണ്ടുപോകാനുപയോഗിച്ചവയാണിവ. ചന്ദ മഹൽ ഏറ്റവും പുരാതന കെട്ടിടമാണ് കൊട്ടാരത്തിലെ . ആയുധ ശേഖര ഗാലറി, പെയിന്റിങ്ങ്, ഫോട്ടോ ഗാലറി എന്നിവയെല്ലാമിടത്തെ കാഴ്ചകൾ തന്നെ.

പുറത്തിറങ്ങി നേരെ ഹോട്ടലിലേക്ക് .വഴി നീളെ കച്ചവട ത്തിരക്ക്. പാഞ്ഞു പോകുന്ന ഇ-- ഓട്ടോകൾ . അതായത് ഓട്ടോ റിക്ഷയുടെ കുഞ്ഞൻ രൂപം. മേൽക്കൂര മാത്രം. 4 പേർക്ക് സുഖമായിരിക്കാം. വൈദ്യുതി ചാർജ്ജിലാണിവ ഓടുന്നത്. ഹോട്ടലിലെ ആറാംനിലയിലെ ബാൽക്കണിയിൽ നിന്നപ്പോ ജയ്പൂർ നഗരം സുന്ദരമായി തോന്നി. . രാത്രി രാജസ്ഥാൻ ഭക്ഷണം. അടുത്ത ദിനം പുലർച്ചെ പോയത് അവിടത്തെ ലക്ഷമി നാരായൺ മന്ദിറിൽ (ബിർ ലാ മന്ദിർ ഓഫ് ജയ്പൂർ ). തിരക്കോട് തിരക്ക് . ഒരു വിധം പാർക്കു ചെയ്യാനായി . പിന്നെ പടിക്കെട്ടുകൾ നടന്നുകയറണം. പടിക്കെട്ടിനു ഒരു വശത്ത് മനോഹര പൂന്തോട്ടം. 1988-ൽ ബിർലാ ഫൗണ്ടഷൻ ആണ് ക്ഷേത്രം നിർമ്മിച്ചത്. പൂർണ്ണമായും തൂവെള്ള മാർബിളിൽ നിർമ്മിച്ച ഈ ക്ഷേത്രം , കാലിനും , കണ്ണിനും, മനസ്സിലും കുളിർമ്മ നിറയ്ക്കും. പോക്കറ്റടി സൂക്ഷിക്കണം. ഇല്ലേൽ പൊടുന്നനെ പാപ്പരായേക്കാം. തിരിച്ചിറങ്ങവേ ശ്രദ്ധിച്ചു രാജസ്ഥാൻ വേഷത്തിൽ വാളും, കുടവും പിടിച്ച് ചിലർ. തിരക്കിയപ്പോഴാണ് പിടികിട്ടിയത് അവിടെ രാജസ്ഥാൻ വേഷo നമ്മെ ധരിപ്പിച്ചു പൂന്തോട്ടത്തിൽ കൊണ്ടു നിറുത്തി ഫോട്ടോ എടുത്ത് നിമിഷങ്ങൾക്കകം പ്രിന്റ് എടുത്തു തരും, ഫോട്ടോഗ്രാഫർമാർ. ആധുനികതയുടെ , ഇലക്ട്രോണിക്ക് , കംപ്യൂട്ടർ സാങ്കേതിക വിദ്യയുടെ വളർച്ചയയേ .പിന്നെ താമസിച്ചില്ല. നമ്മളും ചിത്രത്തിനു റെഡിയായി. ബാലെ ട്രൂപ്പിന്റെ റിഹേഴ്സൽ ക്യാമ്പിനെ അനുസ്മരിക്കും വിധമൊരു കുടുസുമുറി . നിറയെ വർണ്ണശബളമായ തുണികൾ മിന്നൽ വേഗത്തിൽ വേഷ പകർച്ച ചെയ്യാൻ കഴിവുള്ള മേക്കപ്പ്മാൻ കം വസ്ത്രാലങ്കാര വിദഗ്ദരായ ചെറുപ്പക്കാർ . നിമിഷ നേരം ഞങ്ങളുമതാ തനി രാജസ്ഥാൻ കുടുംബം . നടന്നു പൂന്തോട്ടത്തിലെത്തി ഫോട്ടോഗ്രാഫർ റെഡി . വാള് എടുത്തെന്റെ കൈയ്യിലും, കുടമെടുത്ത് ഭാര്യയുടെ കൈയ്യിലും പിടിപ്പിച്ചു. ചറപറാ ചിത്രങ്ങൾ .ഒപ്പം വന്ന അനുജത്തിമാരുടെ കുടുംബങ്ങളും പറപറാ ചിത്രങ്ങളെടുത്തു. തിരികെ ബാലെ " ഗുഹ " യിലെത്തി വേഷമഴിച്ചു വച്ചതും ദേ നിമിഷ നേരം കൊണ്ട് പ്രിന്ററിൽ ചിത്രങ്ങൾ റെഡി . ഒരു പടം150 രൂപ. തിരക്കിനിടയിൽ ഊളിയിട്ടിറങ്ങി. അടുത്ത ലക്ഷ്യത്തിലേക്ക്.

IMG-20211023-WA0052

ആൽബർട്ട് ഹാൾ മ്യൂസിയത്തിനു മുന്നിൽ ട്രാവലർ നിറുത്തി. ഇൻഡോ-സ്റ്റാ സെനിക്ക് വാസ്തുകലയുടെ മകുടോദാഹരണമാണീ ഏറെ പൗരാണികത നിറഞ്ഞ മ്യൂസിയം.ഗവൺമെന്റ് സെൻട്രൽ മ്യൂസിയം എന്നറിയപ്പെടുന്നതുമിതു തന്നെ. ഇവിടെ ഗുപ്ത, കുഷാൻകാലഘട്ട o മുതലുള്ള നാണയശേഖരം, പെയിന്റിങ്ങുകൾ, സ്കൾപച്ചെറുകൾ, ആഭരണങ്ങൾ, കൽപ്പണി പ്രതിമകൾ എന്നിവയുണ്ട്., ഈജിപ്‌ഷ്യൻ മമ്മിയാണിവിടത്തെ പ്രധാന ആകർഷണം. പിന്നെനേരെ ഹവ്വാ മഹൽ . " പാലസ് ഓഫ് വിൻഡ്സ്" എന്നറിയപ്പെടുന്നു. ചുവപ്പും, പിങ്കും നിറത്തിലെ കല്ലുകൾ കൊണ്ടുള്ള നിർമ്മാണം. മഹാരാജ സവായ് പ്രതാപ് സിങ്ങ് 1799-ൽ നിർമ്മിച്ചത്. 953 ചെറിയ ജനാലകളിലൂടെ രാജകുടുംബ സ്ത്രീകൾക്ക് ഉത്സവങ്ങൾ, തെരുവിലെ ദിവസ ജീവിതങ്ങൾ, എന്നിവ കാണുക എന്നതാണ് മഹലിന്റെ ഉദ്ദേശം. രാത്രി ദീപങ്ങളാൽ അലംകൃതമാണീ മഹൽ . ഏറെ ഭംഗിയുള്ള കാഴ്ചയാണത്. ജയ്പൂരിൽ നിന്നും 11 കിലോമീറ്റർ അകലെയുള്ള അമ്പർ ഫോർട്ടിലേക്കാണ് അടുത്ത യാത്ര.
കാടുകളാണ് കോട്ടയിലേക്കുള്ള വഴിയുടെ വശങ്ങളിൽ അവിടവിടെ കുരങ്ങൻമാർ . 967 AD യിൽ രജ്പുത് രാജാവായ രാജാ അലൻ സിങ്ങ് മീനായാണ് കോട്ട നിർമ്മിച്ചത്. കുന്നിന്റെ നെറുകയിലാണ് കോട്ട. ഉരുണ്ട കൽ വഴികൾ കയറുക കൂടെയുള്ള അസുഖക്കാർക്കും , വയസ്സായവർക്കും കഴിയാത്തതിനാൽ കോട്ടുകളിലേക്കുള്ള യാത്രയ്ക്ക് 6 പേർക്കിരിക്കാവുന്ന രണ്ട് ബാറ്ററി കാറുകൾ വിളിച്ചു. ഒരാൾക്ക് 80 രൂപ. വൈദ്യുതിയാണ് കാറിന്റെ ഇന്ധനം പഴയ മോറീസ് മൈനർ കാർ രൂപത്തിലുള്ള മേൽക്കൂരയില്ലാത്ത വാഹനം . കല്ലുവഴികളിൽ ആടിയുലഞ്ഞാണ് യാത്ര. കാർ ബേയിൽ നിറയെ രാജസ്ഥാൻ തൊപ്പികൾ വിൽക്കാനുള്ള ആൾക്കാർ. ഒരു തൊപ്പി 30 രൂപയ്ക്ക് വില പേശിയിൽ കിട്ടും. സൺ ഗേറ്റു കടന്നു കാർ വിശാലമായ മുറ്റത്തെത്തി. ചുമരുകൾ മുതൽ , മച്ചു വരെ കണ്ണാടികൾ പതിപ്പിച്ചുണ്ടാക്കിയ "മിറർ പാലസ് " ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. രാജാ മാൻ സിങ്ങ് - ഒന്നാമന്റെ കൊട്ടാരമാണിവടത്തെ ഏറ്റവും പഴയ കെട്ടിടം . 3 രാജ്ഞിമാരുടെ കിടപ്പറകളും അടുത്തടുത്താണ്. അവിടന്നുള്ള ഇറക്കത്തിൽ ബാറ്ററി കാറുകൾ ഫുൾ സ്പീഡിലാണ് പറപ്പിച്ചത്. പേടിപ്പിച്ച യാത്ര . ജൽ മഹലാണ് അടുത്ത പോയിന്റ്. മാൻ സാഗർ തടാകത്തിന്റെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന മഞ്ഞ കൊട്ടാരം. ഏറെ ചൂട് കൂടിയ രാജസ്ഥാൻ കാലവസ്ഥ മനസ്സിലാക്കി രാജകുടുംബത്തിനു താമസിക്കാനുള്ള വേനൽക്കാല വസതിയാണിത്. റോഡിനക്കരെ ഒട്ടക സവാരിയുണ്ട്. 100 രൂപ ഒരാൾക്ക് . അരകിലോമീറ്റർ നടക്കും. രണ്ടു പേർക്ക് ഒരു സമയം സവാരി ചെയ്യാം. ഏറെ പുതുമ നിറഞ്ഞതായി ഒട്ടുകയാത്ര. ശേഷം പാതവക്കിൽ ചായ കുടി . തീരെകുഞ്ഞ് പേപ്പർ ഗ്ലാസ്. ഇഞ്ചിയിട്ട ചായ. പിന്നെ നേരെ ചിന്ന ഷോപ്പിങ്ങ് . രത്നങ്ങൾ, മാർബിൾ എന്നിവയ്ക്ക് പേരു കേട്ട നഗരമല്ലേ .അതുകൊണ്ടു തന്നെ ഒരു രാജസ്ഥാൻ പണ്ഡിറ്റ് നെ കണ്ടു. വെളുത്ത് ഘന ഗാഭീര ശബ്ദത്തിനുടമ. കൂട്ടത്തിൽ രണ്ടു പേർ രത്ന മോതിരങ്ങൾ വാങ്ങി. അദ്ദേഹം കൈ നോക്കി ഫലം പറഞ്ഞു .മിക്കവരുടേയും.

IMG-20211023-WA0049


ഗൈഡ് അബ്ബാസ് അലിക്ക് വിട പറയാൻ സമയമായി. ഞങ്ങൾക്ക് ഹോട്ടലിലെത്തണം. വഴി നീളെ സോമരസ വിൽപ്പന ഷോപ്പുകൾ. അബ്ബാസ് അലിക്ക് രണ്ടു മക്കൾ. ആള് ബിരുദാനന്തര ബിരുദധാരി . സൗമ്യൻ . നല്ല മനുഷ്യ സ്നേഹി. പിരിയും മുൻപ് നംപർ വാങ്ങി. ഒപ്പം ചിത്രവുമെടുത്തു. ടാറ്റാ പറഞ്ഞു പിരിഞ്ഞു. ഞങ്ങൾ മുറിയിലെത്തി. അടുത്ത ദിനം രാജസ്ഥാൻ വിടുകയാണ്. അടുത്ത ദിനം രാവിലെ രാജസ്ഥാനിൽ നിന്നു ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലേക്ക് . ക്ഷേത്രം നടയടയ്ക്കുന്നതിന് മുൻപ് എത്തണം. സാരഥി റെഡി . വാഹനത്തിൽ പിങ്ക് ടീ ഷർട്ടിട്ട ഒരു പുതുമുഖം . ചൈനാ മുഖം. സാരഥിയുടെ കൂട്ടുകാരനാണത്രേ . അദ്ദേഹവും ഡ്രൈവറാണ്. ആഗ്രയിലിറങ്ങണം. വാഹനത്തിന്റെ നിലത്തിരുന്നാണ് യാത്ര . സന്തോഷവാനായി ഞങ്ങളുടെ സംശയങ്ങൾക്ക് ഹിന്ദിയിൽ മറുപടി നൽകി കൊണ്ടിരുന്നു. സിറ്റികൾ പണ്ടു കണ്ട പോലെ വഴിയോര കക്കൂസുകളല്ല. ഏറെ മാറി. വൃത്തിയിലും വ്യത്യാസമുണ്ട് .നല്ല കാര്യം. റോഡുകൾ സാമാന്യത്തിലധികം വീതിയുണ്ട്. ചെറുതായി മഴ തുടങ്ങി. റോഡിൽ ഓട്ടോകൾ ഏറെയാണ്. കൂടുതലും ഇ- ഓട്ടോയും , CNG ഓട്ടോകളുമാണ്. പച്ചയും , മഞ്ഞയും നിറം. ഓട്ടോ ഡ്രൈവർമാരുടെ ഇരുവശത്തും ആൾക്കാരെ ഇരുത്തും. പിന്നിലെ 3 പേരുടെ സീറ്റിൽ 5 പേരെ കുത്തി നിറയ്ക്കും. പിന്നിൽ വരുന്ന വാഹനങ്ങൾഭിമുഖമായി പലകയിൽ പിടിപ്പിച്ച സീറ്റിൽ വീണ്ടും 3 പേർ. അങ്ങനെ ഒരു ഓട്ടോയിൽ ഡ്രൈവറടക്കം 11 പേർ യാത്ര. ഇവിടെയായിരുന്നേൽ പെറ്റി വാങ്ങി മുടിഞ്ഞേനെ ഓട്ടോക്കാർ . മിക്കവരും മുറുക്കാനോ , പാൻ മസാലയോ ചവയ്ക്കും. വാഹന യാത്രകളിൽ ആൺ-പെൺ വേർതിരിവേയില്ല. ഷെയർ ഓട്ടോ രീതിയാണ്. സകലർക്കും 10 രൂപ.

മധുരയിലെത്തിയപ്പോഴും മഴ ചന്നംപിന്നം ചാറുന്നു. അവിടെ നെറ്റിയിൽ ചുവപ്പു സിന്ദൂരമണിഞ്ഞ ഗൈഡ് റെഡി. ഞങ്ങളേയും കൂട്ടി നടന്നു തുടങ്ങി. മഥുര ക്ഷേത്രത്തിൽ കർശന പരിശോധനകളാണ് മൊബൈൽ ഫോണടക്കം ഒന്നും പാടില്ല. വഴിവക്കിൽ വലുതും ചെറുതുമായ കുരങ്ങൻമാർ , അഴിച്ചു വിട്ട കഴുത്തിൽ കയറില്ലാത്ത തടിയൻ പശുക്കൾ . "മാതാ " എന്നാണ് അവിടുത്തുകാർ പശുവിനെ വിളിക്കുന്നത്. ക്ഷേത്ര കവാടം കഴിഞ്ഞാൽ കൃഷ്ണന്റെ സഹോദരി മൂർത്തിയായ ക്ഷേത്രം. പിന്നെ സാക്ഷാൽ ശ്രീകൃഷ്ണൻ ജനിച്ച സ്ഥലം. ഇരുണ്ട ഇടനാഴികൾ, പഴയ കൽ കെട്ടുകൾ, അവിടെ ഏഴു വെളിച്ചം കയറാത്ത തടവറകൾ. അതിൽ ഏഴാമത്തേതിൽ ദേവകിയുടേയും, വാസുദേവിന്റെയും മകനായി കൃഷ്ണന്റെ ജനനം. കൃഷ്ണൻ പിറന്നുവീണതായി കരുതുന്ന വലിയ തടിപ്പലകയിൽ തൊട്ടു നെറുകയിൽ വയ്ക്കുന്നു പോയവരെല്ലാം. തടവറകളുടെ മേൽഭാഗം ഇടിച്ചു മാറ്റി കൃഷ്ണന്റെ ജന്മസ്ഥലത്തോട് തൊട്ടുരുമ്മി ഔറംഗസീബ് പണിത വലിയ പള്ളി. വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രം ഇവിടെ തുറക്കും. അതോട് ചേർന്ന് ബിർലാ ഗ്രൂപ്പ് മാർബിളിൽ നിർമ്മിച്ച വലിയ കൃഷ്ണ ക്ഷേത്രം. എല്ലാം കണ്ടു തിരിച്ചിറങ്ങി. വലിയൊരു കടയിലെത്തി കൃഷണന്റെ മാർബിളിലെ രൂപവും, ചന്ദനത്തിരിയും , കരകൗശല വസ്തുക്കളും വാങ്ങി. ഒപ്പം പാൽ പേടയും. പുറത്ത് മഴ തന്നെ റോഡാണേൽ കുണ്ടും , കഴിയും.

IMG-20211023-WA0054

അടുത്ത യാത്ര ഫത്തേപൂർ സിക്രിയിലേക്കാണ്. സ്ഥലമെത്തി പാർക്കിങ് സ്ഥലം ദൂരെയാണ്. അവിടന്ന് നടന്ന് പോയി ഫത്തേപൂരിലേക്കുള്ള കോട്ടയിൽ പോകുന്ന ബസിൽ കയറണം. പുതിയ ഹിന്ദി സിനിമാ വില്ലനെ ഓർമ്മിപ്പിക്കും വിധമുള്ള ഒരു ഗൈഡ് വന്നു.. 16 ാം നൂറ്റാണ്ടിലെ കോട്ടയും കൊട്ടാരവും . ചുവന്ന കല്ലിൽ തീർത്ത മനോഹര കൊട്ടാരവും , പൂന്തോട്ടവുമാണാദൃ കവാടം കഴിഞ്ഞാലുടൻ. പൊതു ആഘോഷങ്ങൾ, പ്രാർത്ഥനകൾ എന്നിവ ഇവിടെയാണ് നടന്നിരുന്നത്. അക്ബർ ചക്രവർത്തിയുടെ മൂന്നു വ്യത്യസ്ത മതത്തിലെ ഭാര്യമാർക്കും വെവ്വേറെ കൊട്ടാരങ്ങൾ. വലിയ കൊട്ടാരം ജോദാ ബായി " എന്ന ഹിന്ദു ഭാര്യയ്ക്കാണ്. ഫത്തേപ്പുരിലെ വലിയ കവാടവാതിലിന് ബുലന്ദ് ദർവ്വാസാ" എന്നാണ് പേര്. ലോകത്തിലെ തന്നെ ഏറ്റവും വലുതാണിത്. അൽപ്പം കൂടി മുകളിലേക്കാണ് സിക്രി " സ്ഥിതി ചെയ്യുന്നത്. നിരവധി സൂഫി വര്യർ ഇപ്പോഴും ഇവിടുണ്ട്. ഇവിടത്തെ മസ്ജിദിൽ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടക്കാൻ നൂല് കെട്ടുന്ന രീതിയുണ്ട്. തിരികെ വീണ്ടും യാത്ര ആഗ്രയിലെ ടാജ് മഹലിലേയ്ക്ക് . ആഗ്രയെത്തിയുടൻ ആദ്യം ആഹാരം കഴിച്ചു. വിശപ്പ് ഏറെയായിരുന്നാ നേരം. പുതിയ ടാജ് ഗൈഡ് ഫർഹാൻ " റെഡി . രണ്ടു CNG - ഓട്ടോകളിലായി കുത്തി നിറച്ച യാത്ര . കർശന ചെക്കിങ്ങിനു ശേഷം അകത്തേക്ക്. ഓൺലൈനിൽ പ്രവേശന ടിക്കറ്റെടുക്കാം. ലോകത്തെ 7 മഹാ അതിശയങ്ങളിലൊന്ന്. 1658-ൽ അക്ബർ ചക്രവർത്തിയുടെ മകൻ ഷാജഹാൻ ചക്രവർത്തി പണി പൂർത്തിയാക്കിയ മഹാ തൂവെള്ള മാർബിൾ സൗധം. 20000 ആൾക്കാർ 22 വർഷം കൊണ്ട് പണി പൂർത്തിയാക്കിയതാണിത്. അതിന്റെ ഓർമ്മയ്ക്കായി 22 മകുടങ്ങൾ മഹലിന്റെ പ്രവേശന കവാടത്തിനു മുകളിൽ കെട്ടിയിട്ടുണ്ട്. അതി മനോഹര പൂന്തോട്ടമാണ് പ്രവേശന കവാടം കടന്നാലുടൻ കാണുക. അതിനു പിന്നിൽ ഷാജഹാന്റെ പ്രിയപത്നി മുംതാസിന്റെ ഓർമ്മ കുടീരമായി ടാജ് ". മുംതാസിന്റെയും , ഷാജഹാന്റേയും ശവകുടീരങ്ങൾ ഇതിനകത്താണ്. നമ്മൾ കാണുന്നത് അതിന്റെ പ്രതിബിംബമാണ്. യഥാർത്ഥ ശവകുടീരങ്ങൾ തറനിരപ്പിന് താഴെയാണ്. അവിടേക്കുള്ള വഴി കണ്ണാടി പാളി കൊണ്ടച്ചിരിക്കുന്നു. യമുനാ നദി ടാജിനു വശത്തുകൂടി ശാന്തമായ് ഒഴുകുന്നു. ദൂരെയായ് ആഗ്ര ഫോർട്ട് കാണാം. അവസാന കാലം ഷാജഹാന്റെ മകൻ ഔറംഗസീബ് ഷാജഹാനെ തടവിൽ പാർപ്പിച്ചിരുന്നതിവിടെയാണ്. 115 അടിയാണ് ടാജിന്റെ ഉയരം. ടാജിനുള്ളിൽ കയറാൻ കാലിൽ 10 രൂപാ കൊടുത്ത് കാലുറകൾ വാങ്ങിയിടണം. ടാജിനു മുന്നിലെ പൂന്തോട്ടത്തിൽ വലുതും , ചെറുതുമായ കുരങ്ങൻമാർ ... അവിടെ പല പോസുകളിൽ ആൾക്കാർ നിന്നു ചിത്രങ്ങളെടുക്കുന്നു. മനസ്സില്ലാമനസ്സോടെയാണ് ടാജിന്റെ സൗന്ദര്യത്തിൽ മയങ്ങിയ ഞങ്ങൾ അവിടന്നു മടങ്ങിയത്. നേരെ പോയത് പ്രസിദ്ധമായ ആഗ്ര പേട വാങ്ങാനായിരുന്നു.

യു.പി. - െ ഡൽഹി ഹൈവേ 10 ലൈനാണ്. കണ്ണെത്താ ദൂരം നീണ്ട് നിവർന്നങ്ങനെ. യു.പി. - ഡൽഹി അതിർത്തിയിലെ നോയിഡ " സിറ്റി സൂപ്പർ. ഡൽഹിയിൽ അക്ഷർധാം ക്ഷേത്രത്തിനു മുന്നിലൊരു ഫോട്ടോ പിടുത്തം. രാജ്ഘട്ടിലെത്തി. ഗാന്ധിജിയുടെ ഓർമ്മകൾ . കെടാവിളക്ക് സ്മൃതി മണ്ഡപത്തിൽ തെളിഞ്ഞു കത്തുന്നു.വിശാലമായ പുൽപ്പരപ്പുകൾ ചുറ്റും.റെഡ് ഫോർട്ടിനു മുന്നിലൂടെയുള്ള ട്രാഫിക്ക് ബ്ലോക്ക് എക്കാലവും കണ്ടതിൽ വച്ചേറ്റം കടുത്തതാണ്. തിരക്കിനിടയൽ സന്ധ്യ നേരത്തെ ഇരുട്ടിൽ വഴിയോരങ്ങളിലെ ടെന്റുകളിൽ ഞരങ്ങുന്നു ഗ്യാരണ്ടിയില്ലാത്ത ജീവിതങ്ങൾ.അടുത്ത ദിനം മടങ്ങണം.

IMG-20211023-WA0033

അടുത്ത രാവിലെ മുതൽ ഓട്ട പ്രദീക്ഷണമായിരുന്നു. ഇന്ത്യാഗേറ്റ്, പാർലമെന്റ് മന്ദിരം, രാഷ്ട്രപതി ഭവൻ, ബിർലാമന്ദിർ .... ബിർലാമന്ദിരി നു മുന്നിൽ നിന്നപ്പോ രാഷ്ട്ര പിതാവ് സ്മരണകളിൽ നിറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ വീട്ടിലേക്ക് . ഇന്ദിര വെടിയേറ്റു വീണ ദിനം ധരിച്ചിരുന്ന സാരി, അവരുടെ മുറി, രാജീവ് ഗാന്ധിയുടെ മരണ സമയത്തെ വേഷം തുടങ്ങി നിരവധി ഓർമ്മചെപ്പുകളിവിടുണ്ട്. ഇന്ദിരാ ഗാന്ധി വെടിയേറ്റു വീണ മുറ്റത്തെ യിടം കണ്ണാടി ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. വിമാനത്തിനു സമയമാകുന്നു. പൊതുവായി കണ്ടത് കൊറോണയെന്നത് കേരളത്തിൽ മാത്രമോ? ഒരൊറ്റയാളിന് മാസ്ക്കില്ല. ജനജീവിതം സാധാരണ . കുത്തി നിറച്ചുള്ള യാത്രകൾ, സകല സ്ക്കൂൾ കോളേജ് എന്നിവ തുറന്നു. തിയേറ്ററുകൾ തുറന്നു. ന്താ കഥ. പ്രധാനമന്ത്രി, പ്രസിഡന്റ്, ഉപരാഷ്ട്രപതി , കേന്ദ്ര മന്ത്രിമാർ , UPSC,പ്രതിരോധ ആസ്ഥാനം തുടങ്ങിയവയെല്ലാം സാരഥി ശ്യാംസിങ്ങ് വാതോരാതെ വിവരിച്ചു തന്നുകൊണ്ട് ഞങ്ങളെ കാട്ടുന്നുണ്ട്. നേരെ വിമാനത്താവളത്തിൽ . പോയ ദിനങ്ങളിൽ ഞങ്ങളെ കൊണ്ടു നടന്ന ശകട സാരഥിക്ക് വിട. അദ്ദേഹവുമൊന്നിച്ച് ഒരു ചിത്രം . വിമാനത്താവളത്തിനകത്തേക്ക് . വീട്ടിലേക്കു പറക്കുന്ന വിമാനത്തിൽ ഓർമ്മകളിൽ ഊളിയിട്ടിരുന്നപ്പോ ആരോ മന്ത്രിച്ചു " പോയ ദിനങ്ങളെ വന്നിട്ടു പോകുമോ ".