Satheesh Babu Payyannur

കച്ചോടം

നെറ്റ് ഫോണിലായിരുന്നു ആരോ ട്രൈ ചെയ്തത് എന്നു തോന്നുന്നു. നമ്പറില്‍ തിരിച്ചുവിളിച്ചപ്പോള്‍ ശൂന്യതയിലേക്കാണ് കാള്‍ പോകുന്നത് കുളിക്കാന്‍ മാറിയ ഒരു നിമിഷത്തിനുള്ളില്‍ മൊബൈലില്‍ വന്നത് ആറ് കോളുകളാണ് ഇനിയും വിളിക്കുമായിരിക്കും എന്ന് പറഞ്ഞ് കാത്തിരുക്കുവാന്‍ വയ്യ. ഇന്നു തന്നെ എനിക്ക് കച്ചോടം ഉറപ്പിക്കണം. കുളിക്കാന്‍ പോയത് തന്നെ അതുകൊണ്ടാണ്. കുളിച്ചിത്തിരി മനോഹരമായിരുന്നാലേ ചോദിക്കുന്ന പൈസ കിട്ടൂ, ഐ മീന്‍ ഡോളേര്‍സ് കുളിപ്പിച്ച് കിടത്തിയിരിക്കുകയല്ലേ ഞാന്‍ അവനേയും

സംഭവം പഴയതാണെങ്കിലും ഇപ്പോള്‍ കാണാനാളിത്തിരി കൊഴുകൊഴുത്തിരിക്കയാണ്. അതുകൊണ്ടല്ലേ നെറ്റില്‍ പരസ്യം കൊടുത്ത് ഏഴു മണിക്കൂര്‍ കൊണ്ട് നാന്നൂറ്റിപ്പതിമൂന്ന് എന്‍ക്വയറികള്‍ . എല്ലാം കടല്‍ കടന്നുള്ളവ

എന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ തയ്യുള്ളതില്‍ മുഹമ്മദ്ഹാജി തൊള്ളായിരത്തിപ്പതിനെട്ട് കാലത്ത് അറേബ്യന്‍ പേര്‍ഷ്യയില്‍ ചുക്കു വില്‍ക്കാന്‍ ചാക്കുമായി ചങ്ങാടത്തില്‍ പോയപ്പോള്‍ വാങ്ങിത്തന്നതാണ് ഈ വിരുതനെ. ഇന്നുകണ്ടാല്‍ അങ്ങനെ തോന്നില്ല. തൊള്ളായിരത്തി നാല്‍പ്പത്തി ഏഴില്‍ അപ്പൂപ്പന്‍ മുഹമ്മദ്ഹാജി മകന്‍ അഹമ്മദ് കോയ അവനെ ഇത്തിരി സുന്ദരനാക്കി. അക്കാലങ്ങളില്‍ അടിച്ച പച്ചപ്പെയ്ന്റ് ഇപ്പോഴും അവന്റെ ചില അടിഭാഗങ്ങളില്‍ കാണാനുണ്ട്. കറാച്ചിക്ക് കച്ചോടത്തിനായി അപ്പൂപ്പന്‍ പലതവണ ഇവനെ കൊണ്ടുപോയിട്ടുണ്ട്

പിന്നീട് പലവുരു തിരിഞ്ഞും മറിഞ്ഞും എന്റെ അപ്പന്‍ കൊടുങ്ങല്ലൂരുപോയി മാര്‍ഗ്ഗം കൂടി വര്‍ഗ്ഗീസ് യോഹന്നാന്‍ മാപ്പിളയും പിന്നീട് വിഷ്ണുനമ്പീശനും ആകും വരെ, നാല്‍പ്പത്തിമൂന്ന് മാറ്റങ്ങള്‍ ഇവനില്‍ വരുത്തപ്പെട്ടിട്ടുണ്ട്. ഹെഡ്ലൈറ്റുകള്‍ ഓരോന്നും ഓരോ തരത്തിലുള്ളത്. വൈപ്പറുകള്‍ ഇരുമ്പുകുന്തങ്ങള്‍ പോലുള്ളവ, സിഗ്നല്‍ സിസ്റം വിപരീതം - ഇടത്തെ ചുവപ്പുവെളിച്ചം വലത്തോട്ടുള്ള ദിശ കാണിക്കും, വലത്തെ പച്ചവെളിച്ചം തെളിച്ച് പടിഞ്ഞാറേക്ക് പോകാം

എന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ മുതല്‍ ഇവനീ ഷെഡ്ഡില്‍ കഴിയുകയാണ്. ഞാനാരാ മോന്‍, ഞാന്‍ വെറുതേ വിടുമോ ? ഞാനിവനെ മൊത്തത്തിലൊന്ന് പരിഷ്കരിച്ചു. തലയില്‍ ഒരു കുടുമ പോലെ ഒരു ആന്റിന ഫിറ്റ് ചെയ്തുകൊടുത്തു. റിമോട്ടില്‍ അതിനെ ഏത് ദിശയിലും ആട്ടാം ഞാന്‍ ഷെഡ്ഡിന്റെ ഷട്ടര്‍ വല്ലപ്പോഴും തുറക്കുമ്പോള്‍ അവന്‍ എന്തൊരു ഹാപ്പിയാണെന്നോ ? വയ്യാത്ത അവസ്ഥയിലും അവന്‍ ഒരു സാത്വിക ബ്രാഹ്മണനെപ്പോലെ ചിരിച്ചുകാണിക്കും എവിടെയൊക്കെ യാത്രചെയ്ത ആളാണ്, എന്തൊക്കെ ചരിത്രസംഭവങ്ങള്‍ കണ്ട ആളാണ്

എന്നിട്ടും ഇങ്ങനെ കോലംകെട്ട കിടപ്പിലാക്കിയില്ലേ എന്നൊക്കെ അവന്‍ വേദനിക്കുന്ന ചിരി ചിരിക്കുന്നതാവാം. എനിക്കു പുല്ലാണ്. ഞാന്‍ നെറ്റില്‍ അവന്റെ പടം കൊടുത്തിരിക്കയാണ്. വാങ്ങാനിപ്പോ ഡോളറുമായി ആളുവരും പത്തഞ്ഞൂറുവര്‍ഷം മുമ്പ് വാങ്ങാനാളുവന്നതല്ലേ, എന്നിട്ടാണിപ്പോ ആള്‍ക്ക് പഞ്ഞം

അപ്പോള്‍ കൃത്യമായും മൊബൈല്‍ കരഞ്ഞു: ഒരു പ്രൈവറ്റ് കോള്‍