Sreerag M G

അമ്പിളി

അമ്പിളി -ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഒരു അനുഭൂതിയാണ്, “ആരാധികേ” എന്ന് തുടങ്ങുന്ന സിനിമയിലെ പാട്ടുപോലെ തന്നെ ആദ്യാവസാനം ഒരു ഇമ്പമുണ്ട്‌ അമ്പിളിക്ക് . കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയും പെരുമാറ്റവും ഉള്ള അമ്പിളിയും ടീനയും തമ്മിലുള്ള പ്രണയവും ഇതേതുടര്‍ന്ന് ടീനയുടെ അനിയനായ ബോബി കുട്ടന് അമ്പിളിയോടുണ്ടാകുന്ന ദേഷ്യവും അടങ്ങുന്ന ആദ്യ പകുതിയിലെ ടീന -അമ്പിളി പ്രണയത്തിന്റെയും പലരും അമ്പിളിയെ ചൂഷണം ചെയ്യുന്നത്തിന്റെയും ചുരുങ്ങിയ പ്രതലത്തില്‍ നിന്നും രണ്ടാം പകുതിയില്‍ ചിത്രം അമ്പിളി- ബോബികുട്ടന്‍ ലേക്ക് തിരിഞ് കൂടുതല്‍ വിശാലമായ പ്രതലത്തിലൂടെ ഒഴുകുമ്പോള്‍ പ്രണയത്തിന്റെ പല ഭാവങ്ങളും, ആഴങ്ങളും ചര്‍ച്ചചെയ്യുന്നു.


1


.കുട്ടികാലത്തെ ഓര്‍മ്മകള്‍ തേടി ബോബി കുട്ടന്‍ ഹിമാലയത്തിലേക്ക് സൈക്കിളില്‍ യാത്രപോകുന്നു. ബോബി കുട്ടനെ അമ്പിളി പിന്തുടരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെ നീങ്ങുന്ന സിനിമയുടെ രണ്ടാം പകുതിയാണ് എനിക്ക് ശ്രദ്ധേയമായത്. മിനുട്ടുകള്‍ കൊണ്ട് പറഞ്ഞ ഗോവന്‍ പ്രണയം , പ്രണയത്തെ മനോഹരമായി നിര്‍വചിക്കുന്നു -possession -അഥവാ ഇഷ്ടമുള്ളത് സ്വന്തമാക്കുക എന്നതല്ല പ്രണയം – പ്രിയപ്പെട്ടവളുടെ സന്തോഷത്തിനു കാരണമാകുന്നതില്‍ (താന്‍ ആണ് ആ സന്തോഷം പകരുന്നതെന്ന് അറിയിക്കുക പോലും ചെയ്യാതെ ) നിര്‍വൃതി പൂകുന്ന പ്രായം തളര്‍ത്താത്ത കാമുകന്‍ . ഒടുവില്‍ അവരുടെ പ്രണയകാല സ്മരണകള്‍ തിങ്ങി നിന്ന ഒരു പഴയ കോട്ടയുടെ മുകളില്‍ , എന്നുമവളുടെ ഓര്‍മകളില്‍ ജീവിക്കുന്ന കാമുകന് ആ ഓര്‍മ്മകള്‍ തേടി വന്ന കാമുകിയെ സമ്മാനിച്ച പ്രണയത്തിന്റെ നീതി – അതെ പ്രണയിക്കുന്നവരെല്ലാം ഭ്രാന്തന്മാരാണ്


ബോബി കുട്ടനില്‍ നമുക്ക് നമ്മളെ തന്നെ കാണാം- നമ്മുടെ ഇഷ്ടങ്ങള്‍ ക്ക് പുറകെ പായുമ്പോള്‍ നമ്മെ ഇഷ്ടപെടുന്ന പലരും നമ്മള്‍ക്കു ശല്യമായി തോന്നും.




” Hard times will always reveal true relations”


2



രോഗാവസ്ഥയിലാണ് പലപ്പോഴും നമ്മുടെയൊക്കെ കാഴ്ച വ്യക്തമാകാറ്, യാത്ര മദ്ധ്യേ ബോബി കുട്ടന്‍ രോഗാവസ്ഥയിലാകുന്നു – അമ്പിളിയെ തിരിച്ചറിയാനായി കഥാകാരന്‍ ഒരുക്കിയ സാഹചര്യം മഹാരാഷ്ട്രയിലെ ഒരു ഉള്‍ ഗ്രാമത്തില്‍ ഒരു ചെറിയ വീട്ടില്‍ ഗ്രാമവാസികള്‍ ക്കായി നടത്തുന്ന ഒരു ക്ലിനിക്കില്‍ ഇരുവരും എത്തിച്ചേരുന്നു . 3 ദിവസത്തേക്ക് ബോബി കുട്ടന് ബെഡ് റസ്റ്റ് നിര്ദേശിക്കുന്നതിലൂടെ കേരളത്തിന് പുറത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെയും ജീവിത സാഹചര്യങ്ങളുടെയും പരിതാപകരമായ അവസ്ഥകളിലൂടെ നമ്മളെ കൊണ്ടുപോകുന്നതിന് ചിത്രം വഴിയൊരുക്കുന്നു . അമ്പിളിയുണ്ടാക്കി വിളമ്പിയ വിശപ്പിന്റെ രുചിയുള്ള കഞ്ഞി ആസ്വാദ്യവും അതോടൊപ്പം വേദന ഉണ്ടാകുന്നതുമായി.


ആതുരസേവനത്തിലൂടെയും അറിവ് പങ്കുവയ്ക്കുന്നതിലൂടെയും ഡോക്ടര്‍ കണ്ടെത്തുന്ന സ്നേഹവും സന്തോഷവും ,ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കുമ്പോള്‍ മാത്രം ലഭിക്കുന്ന , വ്യക്തിബന്ധങ്ങള്‍ക്കതീതമായ പ്രണയത്തിന്റെ വ്യത്യസ്തമായ മുഖം ചിത്രം പരിചയപ്പെടുത്തുന്നു .


അമ്പിളി വെട്ടത്തിലൂടെ കടന്നു പോകുന്ന ബോബി കുട്ടനുണ്ടാകുന്ന മാറ്റങ്ങളാണ് കഥയുടെ കാതല്‍ . സൈക്ലിങ്ങിന്റെ ബാലപാഠങ്ങള്‍ ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ബോബി കുട്ടന്‍ ഓര്‍ക്കുമ്പോള്‍ അമ്പിളിയുടെ അച്ഛനെ മാത്രം കാണിക്കുകയും പിന്നീട് രണ്ടാം പകുതിയില്‍ അമ്പിളിയോട് സ്നേഹം തോന്നി തുടങ്ങുമ്പോള്‍ അന്ന് കൂടെ ഉണ്ടായിരുന്ന അമ്പിളിയെക്കൂടി ഓര്‍ക്കുന്നതായി കാണിക്കുന്ന ഡയറക്ടര്‍ ബ്രില്ലിയന്‍സ് , “ഏത് ആള്‍ ക്കൂട്ടത്തിലും നമ്മള്‍ ഓര്‍ക്കാറ് നമുക്ക് പ്രിയപെട്ടവരെ മാത്രംമാകും പിന്നീടെപ്പോഴെങ്കിലും മറ്റു പലരെയും ഓര്‍ക്കേണ്ട സാഹചര്യം വരുമ്പോള്‍ എന്തൊക്കെയോ നഷ്‌ടമായതു പോലെ തോന്നും ”


3


സാധാരണ ചിത്രങ്ങളിലേതുപോലെ വച്ച് കെട്ടിയപോലെ തോന്നല്‍ ഉണ്ടാക്കാത്ത മനോഹരമായ പാട്ടുകളും യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി സുന്ദരമായ കുറയെ ഫ്രെയിമുകളും ചിത്രം സമ്മാനിക്കുന്നു . എന്തുകൊണ്ട് അമ്പിളിയെ സ്നേഹിക്കുന്നു എന്ന കൂട്ടുകാരികളുടെ ചോദ്യത്തിന് അമ്പിളിയുടെ ഈ അവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ എന്ന വിധത്തില്‍ സഹതാപം ഉള്ള മറുപടിയെക്കാള്‍ നമ്മളെല്ലാം തിരയുന്ന എന്നാല്‍ നമ്മളിലാരിലും ഇല്ലാത്ത unconditional love അമ്പിളിയില്‍ ഉള്ളതുകൊണ്ടെന്ന തരത്തില്‍ പ്രണയം നിറയുന്ന ഒരു മറുപടി ആയെങ്കില്‍ നന്നായേനെ എന്ന് തോന്നി .


dc-Cover-o865ilmnp1kslf7sj54ju8pnj1-20180416232346.Medi


യാത്രയ്‌ക്കൊടുവില്‍ പണ്ട് താമസിച്ച വീട്ടു വരാന്തയില്‍ ഇരുന്ന് ആഗ്രഹങ്ങള്‍ സഫലീകരിച്ച സന്തോഷത്തില്‍ കരയുന്ന അമ്പിളിയെ പോലെ, രണ്ടാം തവണ (അറു പിശുക്കന്‍ ആയതുകൊണ്ട് വളരെ അപൂര്‍വം ) കണ്ടപ്പോഴും സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞ അനുഭവം -അമ്പിളി