Life of Pi : ജീവന്റെ കഥ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ തന്‍റെ സംവേദനക്ഷമത തെളിയിച്ച വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ആങ്ങ് ലീയുടെ ഏറ്റവും പുതിയ ചിത്രമാണ് Life of Pi .ആധുനിക സാങ്കേതിക വിദ്യയെ എത്ര സുന്ദരമായി ഒരു ചലച്ചിത്രത്തില്‍ സന്നിവേശിപ്പിക്കാമെന്നു ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു. Yan Martel-ന് ബുക്കെര്‍ സമ്മാനം നേടിക്കൊടുത്ത ഇതേ പേരിലുള്ള നോവല്‍ അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആങ്ങ് ലീ ചലച്ചിത്രമാക്കിയപ്പോള്‍ അതൊരു ഹൃദ്യമായ ദൃശ്യവിരുന്നായി എന്ന് പറയാം.
ഇന്ത്യന്‍ പശ്ചാത്തലമുള്ള ഇതിവൃത്തം ഈ ചിത്രത്തെ നമുക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുന്നു.ജെയിംസ് കാമെറൂണിന്‍റെ അവതാറിലെ സാങ്കേതികസംഗതികളും ഗ്രാഫിക്സും 3-ഡി സങ്കേതവും നമ്മളെ മടുപ്പിച്ചുവെങ്കില്‍ ആങ്ങ് ലീ ഇവയെ തന്‍റെ ചിത്രത്തില്‍ അതിമനോഹരമായിത്തന്നെ ഉപയോഗപ്പെടുതിയിരിക്കുന്നു. കഥയ്ക്കുള്ളിലെ കഥയായി ആണ് ചിത്രം ആരംഭിക്കുന്നത്.പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ എഴുത്തുകാരനോട് കഥാനായകന്‍ തന്‍റെ ജീവിതകഥ പങ്കുവയ്ക്കുന്നു .കഥാനായകനായ പൈയുടെ അനിതരസാധാരണമായ ജീവിതയാത്രയുടെ അമ്പരപ്പിക്കുന്ന വിവരണമാണ് ഈ ചലച്ചിത്രം.
ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന പോണ്ടിച്ചേരിയില്‍ ഒരു മൃഗശാല നടത്തിപ്പുകാരന്‍റെ മകനായി ജീവിതം ആരംഭിച്ച പൈ പട്ടേല്‍ തന്‍റെ കുടുംബത്തോടൊപ്പം മൃഗശാലയിലെ മൃഗങ്ങളുമൊത്ത് കപ്പല്‍ മാര്‍ഗം കാനഡയിലേക്ക് യാത്രയാകുന്നു. ശാന്തസമുദ്രത്തില്‍ വച്ച് കപ്പല്‍ തകരുകയും ഒരു ലൈഫ് ബോട്ട്-ല്‍ പൈ പട്ടേല്‍ ചില മൃഗങ്ങളോടൊപ്പം -ഒരു ബംഗാള്‍ കടുവ, ഒരു കഴുതപ്പുലി,ഒരു സീബ്ര , ഒരു ഒറാങ് ഊട്ടാന്‍ -രക്ഷപ്പെടുകയും ചെയ്യുന്നു . അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ദുര്‍ബലമൃഗങ്ങള്‍ ശക്തര്‍ക്ക് ഇരയാവുകയും അവസാനം പൈയും റിച്ചാര്‍ഡ് പാര്‍ക്കെര്‍ എന്ന കടുവയും അവശേഷിക്കുന്നു. തുടര്‍ന്ന് 227 ദിവസം വിശന്നു വലയുന്ന കടുവയുമൊത്ത് നടുക്കടലില്‍ പൈ നടത്തുന്ന സാഹസികമായ അതിജീവനത്തിന്‍റെ കഥയാണ് ചിത്രം.
കഥയുടെ ഭൂരിഭാഗവും നടക്കുന്നത് നടുക്കടലിലാണ്. ആഴക്കടലിന്‍റെ ക്ഷോഭവും തിരമാലകളുടെ ശൌര്യവും അതിസുന്ദരമാം വിധം ഓരോ ഫ്രെയിമിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒപ്പം തന്നെ നിശ്ചല ശാന്തസാഗരത്തിന്‍റെ മനോഹാരിതയും ഒട്ടും ചോര്‍ന്നു പോകാതെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. കണ്ണിനു കുളിര്‍മയേകുന്ന മനസ്സിനെ ത്രസിപ്പിക്കുന്ന അതിമനോഹരമായ cinematography യാണ് ചിത്രത്തിന്‍റെ മേന്മകളില്‍ ഒന്ന്. ഒപ്പം തന്നെ Graphics എന്ന സാങ്കേതികവിദ്യയെ അതിന്‍റെ എല്ലാ തികവുകളോടും കൂടി തന്നെ ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. മാംസഭോജികളായ ആല്‍ഗകളുള്ള magical ദ്വീപ്, അവിടത്തെ meercat കള്‍ ,നടുക്കടലിലെ കൊടുങ്കാറ്റ്, പറക്കും മീനുകള്‍ തുടങ്ങിയ ദൃശ്യങ്ങള്‍ ത്രിമാനതയില്‍ കാണുമ്പോള്‍ അവാച്യമായ ഒരു അനുഭൂതി പ്രേക്ഷകനുണ്ടാകുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ചിത്രത്തില്‍ ചില ഷോട്ടുകളിലെങ്കിലും digital കടുവയെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് ശരിക്കും അമ്പരപ്പിക്കുന്ന ഒരു വസ്തുതയത്രേ. ഒരു സാധാരണ പ്രേക്ഷകന് digital കടുവയെയും യഥാര്‍ത്ഥ കടുവയെയും തിരിച്ചറിയാന്‍ ഒരിക്കലും സാധിക്കയില്ല എന്നത് സംവിധായകന്റെ നൈപുണ്യം തെളിയിക്കുന്നു.
മനോഹരമായ ഒരു ദൃശ്യവിരുന്ന് എന്നതിലുപരി ബൗദ്ധികമായും തത്വചിന്താപരമായും പ്രേക്ഷകനെ ഉണര്‍ത്തുക എന്നൊരു ദൌത്യം കൂടി ചിത്രം നിര്‍വഹിക്കുന്നുണ്ട്.പട്ടിണിയും ദിശയറിയാതെയുള്ള അന്തമില്ലാത്ത അലച്ചിലും ആജന്മ ശത്രുക്കളായ ഒരു മനുഷ്യനെയും വന്യമൃഗത്തെയും എങ്ങനെ സഹജീവനത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുന്നു എന്ന് സംവിധായകന്‍ നമുക്ക് കാണിച്ചു തരുന്നു. magical ദ്വീപിന്‍റെ വന്യ സൗന്ദര്യവും അപകടകരമായ വശ്യതയും അതിജീവനത്തിന്‍റെ പാതയില്‍ മനുഷ്യന്‍ അടിപ്പെട്ടേക്കാവുന്ന പ്രലോഭനങ്ങളെയാവാം സൂചിപ്പിക്കുന്നത്. മുഖ്യ കഥാപാത്രമായ പൈ പട്ടേലിനെ അവതരിപ്പിക്കുന്ന സുരജ് ശര്‍മ അസാമാന്യമായ അഭിനയ പാടവം പ്രകടിപ്പിച്ചിരിക്കുന്നു.മധ്യവയസ്കനായ പൈയെ ഇര്‍ഫാന്‍ ഖാന്‍ തന്റെ സ്വതസിദ്ധമായ അനായാസത കൊണ്ട് അവിസ്മരണീയമാക്കി.ചെറുതെങ്കിലും താബുവിന്‍റെ കഥപാത്രവും തന്‍റെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. കുട്ടികളെ അമ്പരപ്പിക്കുകയും രസിപ്പിക്കുകയും മുതിര്‍ന്നവരെ രസിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ഒരു ചിത്രമായി Life of Pi സിനിമാചരിത്രത്തില്‍ ഇടം നേടും എന്നതില്‍ സംശയമില്ല.