Thanzeer S

സിനിമാപാരഡിസോവും ഞാനും തമ്മില്‍ ?

ഞാന്‍ സിനിമയെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന വ്യക്തിയല്ല, സിനിമ കാണുന്ന വ്യക്തി മാത്രമാണ്. അതിനാല്‍ ഇതിനെ ഒരു പഠനമായി കാണരുത്. കാഴ്ചക്കിടയില്‍ മനസില്‍ തട്ടിയ ചില സിനിമകളെ സ്വയം ഓര്‍മിക്കാനും മറ്റുള്ളവരെ ഓര്‍മിപ്പിക്കാനുമുള്ള എളിയ ശ്രമം. അത്രമാത്രം. ഏതു മനുഷ്യന്റേയും ജീവിതത്തിലെ പ്രധാന കാലഘട്ടമാണ് വിദ്യാഭ്യാസകാലം. ഓര്‍മിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ ഈ കാലത്ത് നമുക്ക് കിട്ടുന്നു. ഓരോ മനുഷ്യനും രൂപപ്പെട്ടു വരുന്നത് പഠനകാലത്താണ്. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ശീലങ്ങള്‍ പലതും മരണംവരെ ഒപ്പമുണ്ടാകും. എന്റെ സ്കൂള്‍ വിദ്യാഭ്യാസകാലവും ഏറെ രസകരമായിരുന്നു. ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലായിരുന്നു പഠനം.

പല കാരണങ്ങള്‍കൊണ്ടും പത്താം ക്ലാസ് വരെ മാത്രമേ എനിക്ക് പഠിക്കാന്‍ കഴിഞ്ഞുള്ളു. പത്താം ക്ലാസില്‍ വിജയിക്കാനും കഴിഞ്ഞില്ല. അത്രയും പ്രതിസന്ധികളായിരുന്നു ചുറ്റും. തിരുവനന്തപുരത്ത് ബാലരാമപുരത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ബാപ്പ ഞങ്ങളോട് പിണങ്ങിക്കഴിയുകയായിരുന്നു. പിന്നീട്, ഞാനും ഉമ്മയും എന്റെ രണ്ടു സഹോദരിമാരും ബാലരാമപുരത്തുനിന്നും ബീമാപള്ളിയില്‍ കുഞ്ഞുമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. ബീമാപള്ളിയിലെ "സിഡി വേള്‍ഡ്" എന്ന കടയില്‍ ഞാന്‍ ജോലിക്കു നില്‍ക്കാനും തുടങ്ങി. പലതരം സിനിമകളുടെ സിഡികള്‍ കടയിലുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ദൂരദര്‍ശനില്‍ വന്നിരുന്ന ഹിന്ദി സിനിമകളൊക്കെ ഉമ്മയുടെ മടിയിലിരുന്ന് ഞാന്‍ കാണാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമകളോട് വലിയ ഇഷ്ടമായിരുന്നു. സിഡി കടയില്‍വച്ചാണ് സിനിമാ പാരഡിസോ എന്ന ചിത്രം കാണാനിടയായത്. അതിന് കാരണക്കാരന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ക്രിബുന ബിശ്വാസ് എന്ന സാറും.

ക്രിസ്തുവും ബുദ്ധനും നബിയും ചേരുന്ന സാറിന്റെ പേരിനോടു തന്നെ വലിയ ബഹുമാനം തോന്നിയിരുന്നു. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് സിനിമാപാരഡീസോ കണ്ടത്. അതുവരെ എല്ലാ കുട്ടികളെയും പോലെ ജാക്കിച്ചാന്‍, ബ്രൂസ്ലി തുടങ്ങിയവരുടെയൊക്കെ ആക്ഷന്‍ പടങ്ങള്‍ മാത്രമായിരുന്നു കണ്ടിരുന്നത്. സിനിമാ പാരഡിസോ കണ്ടപ്പോള്‍ എന്തോ പ്രത്യേകത തോന്നി. സബ്ടൈറ്റിലുകളൊന്നും ശരിക്കും മനസിലായില്ലെങ്കിലും ദൃശ്യങ്ങള്‍ മനസ്സില്‍ മായാതെ നിന്നു. പലതവണ കണ്ടപ്പോഴാണ് സിനിമ ശരിക്കും മനസ്സിലായത്. ഇത്തരം സിനിമകളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചുകൊണ്ടുപോയത് സിനിമാ പാരഡിസോ ആണ്. 1989ല്‍ പുറത്തിറങ്ങിയ ഈ ഇറ്റാലിയന്‍ പടം സംവിധാനം ചെയ്തത് ഗ്രസ്പി ടൊര്‍നാറ്റോറാണ്. അതിനുശേഷം അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും കണ്ടു.

സബ്ടൈറ്റിലുകളില്‍ മനസിലാകാത്ത വാക്കുകള്‍ ആവര്‍ത്തിച്ചുകണ്ട് കംപ്യൂട്ടറില്‍ കരുതിവെച്ച ഡിക്ഷ്ണറിയിയില്‍ നോക്കി മനസിലാക്കുകയാണ് പതിവ്. സാല്‍വറ്റോര്‍ എന്ന മധ്യവയസ്കനായ സിനിമാ സംവിധായകന്റെ ഓര്‍മകളിലൂടെയാണ് സിനിമാ പാരഡിസോ വികസിക്കുന്നത്. കുട്ടിക്കാലത്ത് തന്റെ അച്ഛന് തുല്യമായി കണ്ടിരുന്ന ഫിലിം ഓപറേറ്റര്‍ ആല്‍ഫഡോയുടെ മരണ വാര്‍ത്ത അറിയുന്ന സാല്‍വറ്റോറിന്റെ ചിന്തകളില്‍ നിറയുന്ന സംഭവബഹുലമായ കഴിഞ്ഞകാലം. കഥയിങ്ങനെ; രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിലെ സിസിലിയന്‍ പട്ടണത്തില്‍ "സിനിമാ പാരഡിസോ" എന്ന സിനിമാ തിയേറ്ററില്‍ ഓപ്പറേറ്ററായിരുന്നു ആല്‍ഫ്രഡോ. തിയേറ്ററിനു തൊട്ടടുത്തുള്ള വീട്ടിലെ ആറു വയസുകാരനായ ടോട്ടോ തിയേറ്ററിലെ നിത്യസന്ദര്‍ശകനാണ്. ടോട്ടോയോട് ഇഷ്ടം തോന്നിയ ആല്‍ഫ്രഡോ പതുക്കെ സിനിമ പ്രദര്‍ശിപ്പിക്കുന്ന വിദ്യകള്‍ ഓരോന്നായി ടോട്ടോയെ പഠിപ്പിക്കുന്നു. കൗതുകക്കണ്ണുകളോടെ എല്ലാ സിനിമകളും കാണുന്ന ടോട്ടോ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ സാങ്കേതിക വശങ്ങള്‍ പെട്ടെന്ന് പഠിക്കുന്നു.

ടോട്ടോ കൗമാരത്തിലെത്തിയ കാലത്ത് ഒരു ദിവസം അപ്രതീക്ഷിതമായി തിയേറ്ററിന് തീപ്പിടിക്കുന്നു. ഈ അപകടത്തില്‍ ആല്‍ഫ്രഡോയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്നു. അതിനുശേഷം നാട്ടുകാരുടെ തീരുമാനപ്രകാരം ടോട്ടോ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഇതിനിടെ, നാട്ടിലെ ഒരു പെണ്‍കുട്ടിയുമായി ടോട്ടോ പ്രണയത്തിലാകുന്നുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രണയം പരാജയപ്പെടുന്നു. ഹൃദയവേദനയോടെ ടോട്ടോ പട്ടാളത്തില്‍ ചേരുന്നു. എന്നാല്‍ കളിച്ചുനടന്ന നാടും കൈവിട്ട പ്രണയവും സിനിമാ പാരഡിസോയും ടോട്ടോയെ തിരിച്ചുവിളിക്കുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ടോട്ടോ പഴയ കാമുകിയെ കാണാന്‍ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. ഒടുവില്‍ നാടുവിടുന്ന ടോട്ടോയെന്ന സാല്‍വറ്റോര്‍ ചലച്ചിത്ര സംവിധായകനാകുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ആല്‍ഫ്രഡോയുടെ മരണവാര്‍ത്തയറിഞ്ഞ് സിസിലിയന്‍ പട്ടണത്തിലേക്ക് തിരിച്ചെത്തുന്ന സാല്‍വറ്റോര്‍ യാദൃച്ഛികമായി പഴയ കാമുകിയുടെ മുഖസാദൃശ്യമുള്ള യുവതിയെ കണ്ടുമുട്ടുന്നു.

അന്വേഷണത്തിനൊടുവില്‍ തന്റെ കാമുകിയുടെ മകളെയാണ് താന്‍ കണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അയാളുടെ മനസില്‍ വീണ്ടും പ്രണയം നുരയുന്നു. ഇതിനിടയില്‍ സിനിമാപാരഡിസോ തിയറ്റര്‍ ഇടിച്ചുപൊളിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. സിനിമാ പാരഡിസോയിലെ ടോട്ടോയെ പോലെയാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്. ടോട്ടോ സിനിമാ പാരഡീസോ എന്ന തിയേറ്ററില്‍ നിന്നാണ് സിനിമകള്‍ കണ്ടു വളര്‍ന്നതെങ്കില്‍ സിനിമാ പാരഡിസോ എന്ന സിനിമയാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇന്ന് ഈ കുറിപ്പ് ഞാനെഴുതാനും കാരണം ഈ സിനിമ തന്നെ. ലോകസിനിമ കണ്ടു തുടങ്ങുന്ന സുഹൃത്തുക്കള്‍ തീര്‍ച്ചയായും സിനിമാ പാരഡിസോ കാണണമെന്നാണ് എന്റെ അഭിപ്രായം. ജീവിത യാഥാര്‍ഥ്യങ്ങളെ സത്യസന്ധമായി പകര്‍ത്താന്‍ ഈ സിനിമയുടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചെറിയ കാര്യങ്ങളെപോലും വളരെ ഗൗരവത്തോടെയാണ് സംവിധായകന്‍ കാണുന്നത്. ഈ സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിരവധി സിനിമകള്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഉണ്ടായിട്ടുണ്ട്. ഏതൊക്കെ സിനിമകളാണ് അവയെന്ന് സിനിമാ പാരഡിസോ കണ്ട് ബോധ്യപ്പെടുക. ടൊര്‍നാറ്റോറുടെ സ്റ്റാര്‍മേക്കര്‍, മെലീന, ലെജന്റ് ഓഫ് 1900, പ്യുയര്‍ ഫോര്‍മാലിറ്റി തുടങ്ങിയ പടങ്ങളും എനിക്ക് പ്രിയപ്പെട്ടവയാണ്.