Reeni Mambalam

സദാചാരവാദികള്‍ക്കും വായിക്കാം

സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കും പുരുഷനില്‍ നിന്ന് സ്ത്രീയിലേക്കുമുള്ള ദൂരം ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്കോ ഭൂമിയില്‍ നിന്ന് സൂര്യനിലേക്കോ ഉള്ള ദൂരത്തിനു സമമാണ്‌. ഈദൂരം നമ്മുടെ സമൂഹത്തിന്റെയും സ്കൂള്‍ അധികൃതരുടെയും സൃഷ്ടിയാണ്‌. പ്രൈമറി പ്രായത്തില്‍ അടിച്ചുകളിച്ച് കല്ലുപെന്‍ സിലും മഷിത്തണ്ടും കൈമാറേണ്ട പ്രായത്തില്‍ അദ്ധ്യാപകന്‍ അവര്‍ക്കിടയില്‍ അദൃശ്യ രേഖ വരച്ച് വെവ്വേറെ ഇരുത്തുന്നു.

ഇതേരേഖ തന്നെ മലയാളികളുടെ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും കാണുന്നു, സൃഷ്ടാവിനു മുമ്പില്‍ എല്ലാവരും ഒന്നുപോലെയെങ്കിലും. സായിപ്പ് കുടുംബമായി ആരാധനാലായത്തില്‍ ഇരിക്കുന്നു.എല്ലാത്തിനെയും പാശ്ചാത്തീകരിക്കുന്ന നമ്മുടെ നാട്ടുകാര്‍ വിവാഹവസരങ്ങില്‍ മാത്രം പാശ്ചാത്യരെ അനുകരിച്ച് കുടുംബസമേതം ഇരിക്കുന്നു. അപ്പോള്‍ വേര്‍ തിരിക്കുന്നത് വധുവിന്റെ പാര്‍ട്ടിക്കാരെ വരന്റെ പാര്‍ ട്ടിക്കാരില്‍ നിന്നാണ്‌. എങ്ങനെയെങ്കിലും കുട്ടികളെ മെഡിക്കല്‍ കോളേജില്‍ വിട്ടേ അടങ്ങൂ എന്ന് വാശിപിടിച്ച മതാപിതാക്കളുടെ കുട്ടികള്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ മെഡിക്കല്‍ കോളേജിലെത്തി. ഇവിടെ ഒരു കുടുംബം പൊലെ കഴിഞ്ഞ ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഹോസ്റ്റലില്‍ ഒരു കുടുംബം പോലെ ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും കഴിച്ചു. പിറ്റേന്നു ഹോസ്റ്റല്‍ അധികൃതരുടെയും കോളജ് അധികൃതരുടെയും ഫോണ്‍ വിളികള്‍ മതാപിതാക്കള്‍ ക്ക് അമേരിക്കയില്‍ എത്തി, ഹോസ്റ്റല്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന്. ഈ കുട്ടികള്‍ രണ്ടു വര്‍ ഷങ്ങള്‍ കൂടെ കഴിയുമ്പോള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ രോഗികളെ ചികിത്സിക്കേണ്ടവരാണ്‌, അവരുടെ ആരോഗ്യപരിരക്ഷാകര്‍ ത്താക്കളാവേണ്ടവരാണ്‌.

അമേരിക്കയില്‍ നിയമപരമായി പതിനെട്ടു വയസ്സായാല്‍ അവരുടെ തീരുമാനങ്ങളെല്ലാം അവരുടേതുമാത്രമാണ്‌. അവര്‍ ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം. ഡോക്റ്റേഴ് സിന്‌, കുട്ടികള്‍ ക്ക് പതിനെട്ടു വയസിന്‌ മേലായാല്‍ അവരുടെ മാതാപിതാക്കളുമായി അവരുടെ മക്കളുടെ കാര്യങ്ങള്‍ സംസാരിക്കണമെങ്കില്‍ മക്കള്‍ അതിനു സമ്മതമെന്ന് എഴുതിക്കൊടുക്കണം. ആരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കണമെന്നതും അവരുടേതുമാത്രമായ തീരുമാനം. കൂടെ താമസിക്കേണ്ടത് അവരാണല്ലോ മാതാപിതാക്കളല്ലല്ലോ ഞാന്‍ പറയുന്നപെണ്‍ കുട്ടിയെ കെട്ടിയില്ലെങ്കില്‍ ഞാന്‍ വെടിവെച്ചു ചാവും എന്ന ആയുധമൊന്നും ഇവിടെ ഫലിക്കില്ല. അത് ഇപ്പോഴും മലയാളികളുടെ ആയുധമാണന്ന് കേട്ടിട്ടുണ്ട്.

ഇവിടെ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും സ്വതന്ത്രരായി ഇടപഴകാന്‍ സ്കൂള്‍ അധികൃതര്‍ സമ്മതിക്കുന്നു, കൊച്ചുക്ലാസ് മുതല്‍ അവര്‍ ഇടകലര്‍ ന്നിരിക്കുന്നു. മൂടിവെച്ചതിന്റെ അടപ്പുമാറ്റിനോക്കുവാനുള്ള വ്യഗ്രതയല്ലേ മനുഷ്യ മനസ്സിനെപ്പോഴും. അതിനാലാവും ആദ്യം അടുത്ത്കാണുന്ന പൂവ് പറിച്ച് തലയില്‍ ചൂടാനുള്ള ധൃതി പെണ്‍ കുട്ടികള്‍ ക്കില്ലാത്തത്. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും മനസിനിണങ്ങിയ ആളെ കണ്ടുകിട്ടും വരെ വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്നത്, ആദ്യം കാണുന്നവരുടെ കഴുത്തില്‍ തൂങ്ങാതെ. മലയാളിയുടെ സുകുമാരകലകളായ ചൂളം കുത്ത്, കമന്റടി, തുറിച്ചു നോട്ടം ഇവയൊന്നും ഇവിടെ കാണാന്‍ ഇല്ലാത്തത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള ആരോഗ്യപരമായ ഇടപഴകലിനെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുന്ന സമൂഹം ‘ഡേറ്റിങ്ങിനെയും’ പ്രോത്സാഹിപ്പിക്കുന്നു. കൗമാര പ്രായത്തിലെത്തിനില്‍ക്കുന്ന മകനോ മകളോ ‘ഡേറ്റ്’ ചെയ്യുന്നില്ല എന്നാലാണ്‌ വേവലാതി. ഡേറ്റ് ചെയ്യുന്നതുകൊണ്ടോ, ഒരു ഹൈസ്കൂള്‍ പ്രോമിന്‌ ഒരുത്തന്റെ കൂടെ വിട്ടതു കൊണ്ടോ സദാചാരത്തിനു എതിരാണന്നോ മകന്‍ മാനഭംഗപ്പെടുമെന്നോ അവളുടെ ചാരിത്ര്യം നഷ്ടപ്പെടുമെന്നോ ഉള്ള പേടി സാധാരണ മലയാളികള്‍ ക്കുള്ളപോലെ അമേരിക്കന്‍ മാതാപിതാക്കള്‍ ക്കില്ല. ജീവിത പങ്കാളിയെ കണ്ടുപിടിക്കേണ്ട ചുമതല കുട്ടികള്‍ ക്ക് വിട്ടുകൊടുക്കയാണവര്‍ . “നോക്കരുത്, ആവശ്യമില്ലാത്ത കൂട്ട്കെട്ടിനൊന്നും പോവരുത്” എന്ന് പറഞ്ഞ് ചെറുപ്പം മുതല്‍ വളര്‍ ത്തുന്നതുകൊണ്ടാവണം പല മലയാളിക്കുട്ടികളും വിവാഹം കഴിക്കാന്‍ മടിച്ചു നില്‍ ക്കുന്നത്. പേടിപ്പിച്ചുവളര്‍ ത്തിയതുകൊണ്ട് സ്വന്തമായിട്ടു ഒരാളെ കണ്ടുപിടിക്കാനാവാതെ എന്നാല്‍ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നയാളെ വിവാഹം കഴിക്കാന്‍ മടിച്ച് നില്‍ ക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ ധാരാളം. അമേരിക്കന്‍ സമുദായത്തില്‍ പ്രായപൂര്‍ ത്തിയായ രണ്ടു പേര്‍ ഒന്നിച്ചു ജീവിതം ചെലവഴിക്കണമെന്ന് തീരുമാനിച്ചാല്‍ വിവാഹത്തിന്‌ മുമ്പ് ഒന്നിച്ചു താമസിക്കുന്നതും അസാധാരണമല്ല. ആരും പുരികം ഉയര്‍ ത്താറുമില്ല. തെറ്റിപ്പിരിഞ്ഞാല്‍ സ്വന്തം സാധനങ്ങളും പാക്ക് ചെയ്ത് വേറൊരു അപ്പാര്‍ ട്ട്മെന്റ് കണ്ടുപിടിക്കണമെന്ന് മാത്രം. സിമ്പിള്‍ ആസ് ദാറ്റ് വിവാഹത്തിനുശേഷമാണ്‌ തെറ്റിപ്പിരിഞ്ഞതെങ്കിലൊ? പിന്നെ വക്കീലായി, പുരയിടം വീതംവെക്കലായി, കുട്ടികളുണ്ടെങ്കില്‍ അവരെ പങ്കുവെക്കലായി , പിന്നെ സമ്പാദ്യം വല്ലതുമുണ്ടെങ്കില്‍ അത് കണ്ടുകെട്ടലായി.

ഇവിടെ ഹൈസ്കൂളുകളിലെ പ്രധാനപ്പെട്ട ഒരു ദിനമാണ്‌ പതിനൊന്നാം ക്ളാസിലെയും പന്ത്രണ്ടാം ക്ളാസ്സിലെയും പ്രോമുകള്‍ , പെണ്‍ കുട്ടികള്‍ ഫോര്‍ മര്‍ ഗൗണും ആണ്‍ കുട്ടികള്‍ വിവാഹത്തിന്‌ വരന്‍ ധരിക്കുന്നതുപോലുള്ള റ്റക്സീടോയും ധരിച്ച് ഒരു ഫോര്‍മര്‍ ഡിന്നറും ഡാന്‍സും. പ്രോം നടക്കുന്നത് വിവാഹ വിരുന്ന് നടക്കുന്നതുപോലെയുള്ള ഫാന്‍സി ഹാളിലായിരിക്കും. കുട്ടികളുടെ ഹൈസ്കൂള്‍ ജീവിതത്തിലെ വളരെയധികം ഓര്‍ മ്മിക്കുന്ന ഒരു ദിവസവും അതാണ്‌. പ്രോമിനുശേഷം ആണ്‍ പെണ്‍ ഭേദമില്ലാതെ കൂട്ടുകാര്‍ അവരുടെ ഇടയിലുള്ള ആരുടെയെങ്കിലും വീട്ടില്‍ അന്തിയുറങ്ങുക എന്നതും സാധാരണമാണ്‌. പ്രോമിന്റെ ആഘോഷത്തിന്റെ തുടര്‍ ച്ചയായി കുട്ടികള്‍ രാത്രി മുഴുവന്‍ റ്റൗണിലൂടെ കാറോടിച്ച് കറങ്ങി അപകടങ്ങളില്‍ ചെന്നു ചാടുമെന്നുള്ള ഭയമാണ്‌ പല മാതാപിതാക്കള്‍ക്കും. ഇവിടെ പതിനാറു വയസ്സില്‍ ഡ്രൈവിങ്ങ് ലൈസന്‍ സ് കിട്ടുമല്ലോ ആരുടെയെങ്കിലും വീട്ടില്‍ കൂടിയാല്‍ മാതാപിതാക്കളുടെ മേല്‍ നോട്ടമുണ്ടാവുമല്ലൊ

ഹൈസ്കൂള്‍ കഴിഞ്ഞ് കോളജിള്‍ എത്തിയാല്‍ കുട്ടികള്‍ക്ക് ഇഷ്ടമെങ്കില്‍ ഹോസ്റ്റലില്‍ (ഡോമിറ്റോറി) ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു താമസിക്കുന്ന ഹോസ്റ്റല്‍ തിരഞ്ഞെടുക്കാം. ചില കോളജുകളില്‍ അവര്‍ ക്ക് ഇഷടമുള്ളവരെ ആണ്‍പെണ്‍ ഭേദമില്ലാതെ ഫ്ളോര്‍മേറ്റ് ആയി തിരഞ്ഞെടുക്കാം. ഇത് അനാശാസ്യമായി കോളജ് അധികൃതര്‍ കണക്കാക്കുന്നില്ല. സ്വാതന്ത്യം ദുരുപയോഗപ്പെടുത്തുന്നവര്‍ ഇല്ല എന്നു ഞാന്‍ പറയുന്നില്ല. അങ്ങിനെ ഒരു കൂട്ടര്‍ എല്ലാ സമൂഹത്തിലും, കേരളമെന്നോ അമേരിക്കയെന്നോ വ്യത്യാസമില്ലാതെ ഉണ്ടല്ലോ

കുത്തഴിഞ്ഞ പുസ്തകം പോലെയാണ്‌ അമേരിക്കന്‍ കുടുംബങ്ങള്‍ എന്ന പൊതുലോകധാരണ ശരിയല്ല. അത്തരം പുസ്തകങ്ങള്‍ ഇന്ത്യന്‍ കുടുംബങ്ങളിലും കാണും എന്ന ധാരണ ഉണ്ടായിരുന്നതിനാലാവും ന്യുയോര്‍ക്കില്‍ നിന്നും കേരളത്തില്‍ ഒരു വര്‍ ഷത്തേക്ക് പഠിക്കാന്‍ പോയ പെണ്‍ കുട്ടികളെ പരിചയപ്പെട്ടൊരു മുതലാളി, പെണ്‍ കുട്ടികള്‍ ക്കെല്ലാം ‘കരാട്ട’യില്‍ ‘ബ്ളാക്ക് ബെല്‍റ്റ് ഉള്ളവരാണന്ന് വൈകി അറിഞ്ഞത്. അമേരിക്കക്കാരുടെ ഇടയിലും കുടുംബമൂല്യങ്ങളെ കെട്ടിപ്പിടിച്ച് നടക്കുന്നവര്‍ ഉണ്ട്. വിദ്യാഭ്യാസത്തിന്‌ വളരെയധികം പരിഗണനണ നകുന്നവരുണ്ട്. ആണും പെണ്ണും ഒന്ന് നോക്കിയാല്‍ , കെട്ടിപ്പിടിച്ചാല്‍ അത് സദാചാര വിരുദ്ധമാണന്ന് വിശ്വസിക്കുന്നില്ല, അത്രമാത്രം. നമ്മുടെ ആള്‍ ദൈവങ്ങള്‍ എന്തിനാണ്‌ വിശ്വാസികളെ ആശ്ളേഷം ചെയ്യുന്നത്? ശരീരമെന്ന മാധ്യമത്തിലൂടെ, ആശ്ളേഷമെന്ന ക്രിയയിലൂടെ മാനവ സ്നേഹം കൈമാറുകയാണ്‌, “എല്ലാം ശരിയാവും കുട്ടി” എന്ന് കൊച്ചുന്നാളില്‍ അമ്മ നല്‍ കിയതുപോലെ ഒരു സുരക്ഷിത ബോധം നല്‍ കുകയാണ്‌. ഇതൊക്കെമതിയാവും ഒരു സധാരണക്കാരന്‌ ജീവിതം മുന്നോട്ട് ഓടിക്കാന്‍ . കുട്ടികള്‍ വളരുന്തോറും മാതാപിതാക്കള്‍ കുട്ടികളെ ആശ്ളേഷിക്കുന്ന കാര്യത്തില്‍ ‘റേഷന്‍ ’ സമ്പ്രദായം ഏര്‍ പ്പെടുത്തുന്നു. ശിലായുഗത്തിലെന്നപോലെ ഗുഹാമുഖത്തുറങ്ങി പുരുഷന്‌ ഭാര്യക്കും കുട്ടികള്‍ ക്കും സുരക്ഷിതബോധം നല്‍ കേണ്ട ആവശ്യവും വരുന്നില്ല.

സദാചാരം കാക്കുകയെന്നത് അവരുടെ ജോലിവിവരണപ്പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഇവിടുത്തെ പോലീസുകാര്‍ക്ക് പൊതുജനപ്രാധാന്യമുള്ള മറ്റുപല സംഗതികളിലും ശ്രദ്ധിക്കുവാന്‍ സാധിക്കുന്നു.

പ്രസിദ്ധ എഴുത്തുകാരി ‘മാനസി’ ഒരു അഭിമുഖത്തില്‍ പറയുമ്പോലെ “സദാചാരം എന്ന് പറഞ്ഞാല്‍ നമുക്ക് പെണ്ണിന്റെ പാതിവ്രത്യം മാത്രമാണ്‌. ആണ്‍ പെണ്‍ ബന്ധത്തോട് തികച്ചും ബാലിശമായ കാഴ്ചപ്പാടാണ്‌ നമ്മുടെ സമൂഹം പുലര്‍ ത്തുന്നത്. സമൂഹത്തിന്റെ നിയമങ്ങളെ വെല്ലുവിളിക്കുന്ന കള്ളിയോ, വഞ്ചകിയോ, കൊലയാളിയോ എന്തുമാകട്ടെ അതിനോട് നമ്മുടെ സമുദായം ക്ഷമിച്ചെന്ന് വരും. പക്ഷെ ആര്‍ ക്കും ഒരു ചേതവുമില്ലാത്ത തന്റെ ചാരിത്രനഷ്ടം സമൂഹം പൊറുക്കില്ല. എന്നെ കുരിശില്‍ തറക്കും. സദാചാരമെന്നുള്ളത് പ്രതിപക്ഷബഹുമാനത്തോടെ മറ്റുള്ളവരുടെ സ്വാതന്ത്രത്തില്‍ കൈകടത്താതെ ജീവിക്കലാണ്‌. ആര്‌ ആരുമായോ,എങ്ങനെയോ ബന്ധപ്പെടട്ടെ, അത് അവരുടെ വൈയക്തിക ജീവിതത്തിന്റെ ഭാഗമാണ്‌, എനിക്കതില്‍ കുഴപ്പമില്ല.“