R Balaram

'ഉ'യില്‍ തുടങ്ങുന്ന ചില നിലവിളികള്‍
1.ഉരുവിന്റെ ഉടല്‍ നിലയറിയാന്‍

ഉച്ചി മുതല്‍ ഉപ്പൂറ്റി വരെ

ഉഴിഞ്ഞുള്ള നോട്ടം.

ഉടലാഴങ്ങളറിയാന്‍

ഉടയാടകള്‍ ഉടന്‍ ഉരിഞ്ഞെറിയുമെന്ന ഭാവം.

ഉറപ്പിക്കാമെന്ന മൂളല്‍.

ഉടമ്പടിയായി.

ഉരുപ്പടി വില്പനയായി.

 

2.ഉദ്ധതപൗരുഷം കീറിമുറിച്ച

ഉടലനക്കങ്ങള്‍

ഉയിരെടുക്കണേ എന്ന്

ഉള്ളുരുകുന്ന നേരമാണിത്.

ഉടലുടഞ്ഞ്,ഉള്ളുലഞ്ഞ്

ഉന്മാദത്തിന്റെ ചുഴിയിലാണ് ഞാന്‍.

ഉപ്പാ...ചോരയുളുമ്പുമായെന്റെ ഉടമ്പ് നീറുന്നു.

ഉമ്മാ...ഉടല്‍ പീടഞ്ഞിതാ നിലവിളിക്കുന്നു.

ഉറങ്ങിയതീല്ല.ഉണര്‍വുമായില്ല.

ഉടല്‍ക്കിനാവുകള്‍ ഉടഞ്ഞുതീര്‍ന്നില്ല.

ഉപ്പാ...ചോരയുളുമ്പുമായെന്റെ ഉടമ്പ് നീറുന്നു.

ഉമ്മാ...ഉടല്‍ പീടഞ്ഞിതാ നിലവിളിക്കുന്നു.