Manoj K Puthiavila

ഒരു മഹാപൈതൃകത്തിന്‍റെ തിരുശേഷിപ്പുകള്‍ തേടി

ഭാരതത്തിന്‍റെ വൈജ്ഞാനികപാരമ്പര്യത്തെപ്പറ്റി ഇന്നു വാചാലമായി സംസാരിക്കുന്നത് ഏറെയും ഹിന്ദുത്വവാദികള്‍ ആണ്. അതുകൊണ്ട് ആ വിഷയം സംസാരിക്കാന്‍ മതനിരപേക്ഷവാദികള്‍ക്കു പലപ്പോഴും ഭയമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം മിക്കവാറും അവഗണിക്കപ്പെടുകയാണ്. അതേസമയം ഇതേ വിഷയം തന്നെ ഹിന്ദുത്വവാദികളുടെ ഒരു പ്രധാന അജണ്ട പൊളിക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ഉപാധിയാണ്. ഈ വഴിക്കുള്ള വേറിട്ടൊരു ചിന്ത അവതരിപ്പിക്കുകയാണു ലേഖകന്‍‍.








എത്ര പെരുമാക്കള്‍‍, ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാര്‍‍, കുഞ്ചന്മാരും
ക്രൂരയാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരളമാതാവേ! നിന്‍ വയറ്റില്‍‍!
-മഹാകവി കുമാരനാശാന്‍

"...മിത്രോ ദാധാര പൃഥിവീമുത ദ്യാം
മിത്ര: കൃഷ്ടീരനിമിഷാഭി ചഷ്ടെ ..."
(मित्रो जनान्यातयति ब्रुवाणो मित्रो दाधार पृथिवीमुत द्याम् ।
मित्रः कृष्टीरनिमिषाभि चष्टे
मित्राय हव्यं घृतवज्जुहोत ॥१॥  -
ഋഗ്വേദം: സൂക്തം: 3.59.1)

4500 വര്‍ഷം മുമ്പു തുടങ്ങി 500 വര്‍ഷത്തോളം നീണ്ടുനിന്ന കാലത്തു രചിച്ചതെന്നു കരുതുന്ന ഋഗ്വേദത്തിലെ രണ്ടു വരികളാണിത്. പൊരുള്‍ ഇങ്ങനെ: 'ഭൂമി സൂര്യനെ ചുറ്റുകയാണ്. സൂര്യന്‍ ഭൂമിയെ തന്നിലേക്ക് ആകര്‍ഷിക്കുന്നുമുണ്ട്; ആകാശത്തെയും. ഈ ശക്തിയില്‍നിന്നു ഭൂമി ഒരിക്കലും വിട്ടുപോരുന്നില്ല.'
വ്യാസന്‍ ഭാഗവതപുരാണത്തില്‍ "അണ്ഡമദ്ധ്യഗത: സൂര്യോം..." (अण्डमध्यगत: सूयों द्यावाभृएँवोर्यददृतरमू ) എന്നു പറയുന്നിടത്തും സൂര്യന്‍ മദ്ധ്യത്തിലാണ് എന്നു വ്യക്തമാക്കിയിരിക്കുന്നു.
പിന്നെയും രണ്ടായിരത്തിലേറെ കൊല്ലം കഴിഞ്ഞ്, ക്രിസ്തുവിനു 340 കൊല്ലം മുമ്പ്‌, അരിസ്റ്റോട്ടില്‍ 'ഓണ്‍ ദി ഹെവന്‍സ്‌' എന്ന ഗ്രന്ഥം രചിച്ച ശേഷവും പാശ്ചാത്യര്‍ക്കു ഭൂമിയായിരുന്നു പ്രപഞ്ചത്തിന്‍റെ കേന്ദ്രം! അവരുടെ ഭൂമി അന്നുവരെ പരന്നുതന്നെ കിടക്കുകയായിരുന്നു! ഭൂമി ഉരുണ്ടതാണെന്ന് അന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞെങ്കിലും അന്നും പടിഞ്ഞാറന്‍ ശാസ്ത്രത്തില്‍ സൂര്യനും നക്ഷത്രങ്ങളും ഭൂമിയെ ചുറ്റുകതന്നെ ആയിരുന്നു!
സൂര്യനും ചന്ദ്രനും ഭൂമിയുടെ ഇരുപുറങ്ങളില്‍ വരികയും ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ മറയുകയും ചെയ്തു ചന്ദ്രഗ്രഹണം ഉണ്ടാകുമ്പോള്‍ ചന്ദ്രനില്‍ വീഴുന്ന നിഴല്‍ വൃത്താകൃതിയില്‍ ആയിരിക്കുന്നതിനു കാരണം ഭൂമിയുടെ ഗോളാകൃതി ആണെന്നാണ്‌ അരിസ്റ്റോട്ടില്‍ പുതിയ കാര്യംപോലെ സിദ്ധാന്തിച്ചത്. വടക്കോട്ടു പോകുന്തോറും ധ്രുവനക്ഷത്രം ഉയര്‍ന്നുയര്‍ന്നു വരുന്നതായി തോന്നുന്നതും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.








പ്രപഞ്ചത്തിന്‍റെ കേന്ദ്രം ഭൂമിയാണെന്നു വിശ്വസിച്ചുപോന്ന യൂറോപ്പില്‍ ക്രിസ്തുവിനുശേഷം വന്ന ടോളമിക്കും സൂര്യനെക്കൊണ്ടു ഭൂമിയെ ചുറ്റിക്കാനേ കഴിഞ്ഞുള്ളു. അവരുടെ ശാസ്ത്രത്തില്‍ ഭൂമിക്കു കേന്ദ്രത്തില്‍നിന്നു മോചനം ലഭിച്ചത് ഋഗ്വേദകാലം കഴിഞ്ഞു 4000 വര്‍ഷത്തിനു ശേഷം മാത്രമാണ്! ഇന്നേക്കു വെറും 500 കൊല്ലം മുമ്പ്‌ 1514-ല്‍ നിക്കോളാസ്‌ കോപ്പര്‍നിക്കസ് ആണ് വ്യത്യസ്തമായ ഒരു അഭിപ്രായം ആദ്യമായി മുന്നോട്ടു വച്ചത്. പക്ഷെ അപ്പോഴാകട്ടെ, സൂര്യന്‍ പ്രപഞ്ചത്തിന്‍റെയാകെ കേന്ദ്രമായി! ഈ വാദത്തിനുപോലും അംഗീകാരം കിട്ടിയതാകട്ടെ പിന്നെയും ഒരു നൂറ്റാണ്ടു കഴിഞ്ഞു ഗലീലിയോയും ബ്രൂനോയും ഒക്കെ രംഗത്തുവന്നപ്പോള്‍ മാത്രവും!
അവര്‍ പ്രപഞ്ചത്തെ മുഴുവന്‍ സൂര്യനുചുറ്റും വട്ടം കറക്കുമ്പോള്‍ ഭാരതം പ്രപഞ്ചത്തെപ്പറ്റി മനസിലാക്കിയിരുന്നത് എന്താണെന്നോ? നാലപ്പാട്ടു നാരായണമേനോന്‍റെ ആര്‍ഷജ്ഞാനം എന്ന ഗ്രന്ഥത്തില്‍നിന്നുള്ള വിഖ്യാതമായ ഈ ഉദ്ധരണി കാണുക:
"മദ്ധ്യത്തില്‍ ജാജ്ജ്വല്യമാനമായ ഒരു മഹാസൂര്യഗോളവും അതിനെ പല കക്ഷകളിലായി പ്രദക്ഷിണം ചെയ്യുന്ന സ്ഥൂലങ്ങളും സൂക്ഷ്മങ്ങളും ആയ ഒട്ടനവധി തേജോഗോളങ്ങളും അവയില്‍ ഓരോന്നിനെയും പ്രദക്ഷിണം ചെയ്യുന്ന മറ്റു നിരവധി ഗോളങ്ങളും ഉപഗോളങ്ങളുംചേര്‍ന്നതാണു ബ്രഹ്മാണ്ഡം. ഒരു വിടര്‍ന്ന താമരപ്പൂവിന്‍റെ ആകൃതിയാണ് അതിന്. പൂഴിത്തരികള്‍ക്ക് കണക്കുണ്ടാകാം; പക്ഷെ, ഇത്തരം എത്ര ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടെന്നു തിട്ടപ്പെടുത്താനാവില്ല."
ഇനി പ്രപഞ്ചത്തെപ്പറ്റിയുള്ള ആധുനികസിദ്ധാന്തവുമായി ഇതിനെ ഒന്നു താരതമ്യം ചെയ്യാം.
പുരാണപ്രസിദ്ധമായ ആകാശഗംഗ നമ്മുടെ സൂര്യന്‍ ഉള്‍പ്പെടുന്ന വമ്പന്‍ നക്ഷത്രസമൂഹത്തിന്‍റെ കൈവഴികളില്‍ ഒന്നാണ്; നമുക്കു നേരിട്ടു കാണാവുന്ന കൈവഴി. ഒരേ ദിശയില്‍ വളഞ്ഞുചുറ്റി നില്‍ക്കുന്ന അനേകം ഇതളുള്ള ഒരു ഫാനിന്‍റെ ആകൃതിയാണ് ഇതിനുള്ളത്. വിടര്‍ന്ന താമരപ്പൂവുമായി ഇതിനെ തുലനം ചെയ്യുന്ന കാവ്യഭാവന എന്തുകൊണ്ട് യുക്തിഭദ്രമല്ല! നക്ഷത്രസാന്ദ്രമായ കേന്ദ്രത്തെ ചുറ്റി ഇതു സ്വയം കറങ്ങുന്നുമുണ്ട്. ഈ കേന്ദ്രത്തെ ചുറ്റിത്തിരിയുന്ന പതിനായിരംകോടി നക്ഷത്രങ്ങളില്‍ ഒന്നാണു സൂര്യന്‍. ഇതിലെ മറ്റു പല നക്ഷത്രങ്ങള്‍ക്കും സൂര്യനെപ്പോലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങുന്ന യൂഥങ്ങള്‍ ഉണ്ട്. ഈ കൂറ്റന്‍ നക്ഷത്രവ്യൂഹത്തിനു ഗ്യാലക്സി എന്നാണു പേര്. ഇത്തരം ഗ്യാലക്സികള്‍ ചേര്‍ന്ന ഗ്യാലക്സിസമൂഹങ്ങള്‍ എത്രയുണ്ടെന്നു തിട്ടപ്പെടുത്താന്‍ ഈ ശാസ്ത്രയുഗത്തിലും നമുക്കു കഴിഞ്ഞിട്ടില്ല.
നോക്കൂ, ഈ ആധുനിക പ്രപഞ്ചമാതൃകയ്ക്കു പ്രായം എത്രയാണെന്നോ? വെറും 89 വയസ്! 1924 -ല്‍ എഡ്വിന്‍ ഹബ്ള്‍ എന്ന അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ആണ് ഈ ആശയത്തിലേക്കു നയിച്ച തെളിവുകള്‍ ശേഖരിച്ചത്. അതുവരെ നമ്മുടെ ഗ്യാലക്സിയാണു പ്രപഞ്ചം, അതു മാത്രമേയുള്ളൂ പ്രപഞ്ചത്തില്‍, എന്നാണ് ആധുനികശാസ്ത്രം കരുതിപ്പോന്നത്. സാങ്കേതികവിദ്യ പിറവിയെടുക്കുന്നതിനും എത്രയോ മുമ്പ്, ദൂരദര്‍ശിനി എന്ന വാക്കുപോലും ജനിക്കുന്നതിന് ആയിരത്താണ്ടുകള്‍ക്കു മുമ്പ് ശാസ്ത്രീയമായ നിരീക്ഷണവും വസ്തുനിഷ്ഠമായ മനനാപഗ്രഥനങ്ങളും കൊണ്ടു രൂപപ്പെടുത്തിയെടുത്ത ഭാരതീയപ്രപഞ്ചവീക്ഷണം ശാസ്ത്രയുഗത്തിന്‍റെ മഹത്തായ കണ്ടുപിടിത്തങ്ങളുമായി ഇത്രമാത്രം ഇണങ്ങുന്നതിലെ അവിശ്വസനീയത, ആ ഭാവനയുടെ ഔന്നത്യം, വര്‍ണ്ണിക്കാന്‍ ആയിരം നാവുള്ള അനന്തനെ ചുമതലപ്പെടുത്താം!









ഭാവനയും മനനവും മാത്രമല്ല, തികച്ചും ഭൌതികമായ ഒരു വീക്ഷണവും ഈ ശാസ്ത്രത്തിന് അടിത്തറ ആയിരുന്നു. പ്രപഞ്ചം മായയാണെന്നതു കപടവാദം ആണെന്നു സ്ഥാപിക്കാന്‍ കഴിയുമാറു ഭൌതികവാദത്തില്‍ അധിഷ്ടിതം ആയിരുന്നു ആ ചിന്താപദ്ധതി. പ്രപഞ്ചം യഥാര്‍ത്ഥമായ പഞ്ചഭൂതസ്രഷ്ടം ആണെന്നു ചിലര്‍ വാദിച്ചു; മണ്ണും(ഖരം) ജലവും(ദ്രാവകം) വായു(വാതകം)വും തേജ(അഗ്നി അഥവാ ഊര്‍ജ്ജം)സ്സും ആകാശ(സ്ഥലം)വും ചേര്‍ന്ന ഭൌതികപ്രപഞ്ചം.
ആധുനികശാസ്ത്രത്തിന്റെ കണ്ണിലോ?
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള ദ്രവ്യവും ഊര്‍ജ്ജവും സ്ഥല(space)വും ചേര്‍ന്നതാണത്. ഈ പൊരുത്തം വെറും യാദൃശ്ചികം ആകാമെന്നു പറഞ്ഞു തള്ളേണ്ടതുണ്ടോ? അങ്ങനെ തള്ളാനാകുമോ? എങ്കില്‍ കണാദന് എന്ത് മറുപടി നല്‍കും?
"ജാലന്തരസ്തെ സൂര്യംശൌ
യദ് സൂക്ഷ്മം ദൃശ്യതേ രജ:
ഭാഗത്തസ്യച ഷഷ്ടോയ
പരമാണു സവുച്യതെ"
പരമാണുവിന്‍റെ നിവ്വചനമാണ്. അര്‍ത്ഥം ഇങ്ങനെ: ഇരുട്ടുമുറിയില്‍ ഇത്തിരിവട്ടത്തിലൂടെ പാളിവീഴുന്ന വെയില്‍നാമ്പില്‍ പാറിപ്പറക്കുന്ന തിളങ്ങുന്ന അതിസൂക്ഷ്മധൂളി ആണല്ലോ കണ്ണിനു കാണാവുന്ന ഏറ്റവും ചെറുത്‌. അതിന്റെ ആറിലൊന്ന്. അതു തീര്‍ച്ചയായും വെറും കണ്ണിനു കാണാനാവാത്തതാണ്. അതാണു പരമാണു എന്നാണു കണാദന്‍ നിര്‍വ്വചിക്കുന്നത്. അത്തരം സൂക്ഷ്മാണുക്കള്‍ ചേര്‍ന്നാണു പ്രപഞ്ചം ഉണ്ടായിരിക്കുന്നത് എന്നാണു കണാദന്‍റെ സിദ്ധാന്തം.


നമ്മുടെ നാടന്‍ ഗണിതജ്ഞര്‍ ഇതിനെ തനി മലയാളത്തിലേക്കു പകര്‍ത്തിയിരിക്കുന്നു; നീളത്തിന്റെ അളവുകോലിലെ സുസൂക്ഷ്മതലത്തിലേക്കുള്ള പടവുകള്‍ വ്യക്തമാകുമാറ്:
"ഇഞ്ചിന്റെ പകുതിയാണു വിരല്‍. അതിന്റെ അറുപത്തിനാലിലൊന്ന് എള്ളിടയും." അതിനെ വീണ്ടും വിഭജിച്ചിരിക്കുന്ന ക്രമം കാണുക:
"ഒന്നില്‍ നാങ്കൊന്നു പോല്‍ കാല്,
കാലിനഞ്ചൊന്നു മാവതാം,
മാവു നേര്‍പ്പാതി അരമാം,
അരമര്‍ദ്ധന്തു കാണിയാം.
കാണ്യര്‍ത്ഥംപോ,ലരക്കാണി,
തദര്‍ത്ഥം മുന്ത്രികാ ഭവേല്‍ ,
മുന്ത്രികായാശ്ചതുര്‍ഭാഗം
കീഴുകാലെന്നു പേരത്.
കീഴരക്കാണിതന്‍ പാതി
തന്‍പാതി കീഴുമുന്ത്രിക,
കീഴുമുന്ത്രികയെപ്പിന്നെ-
യിരുപത്തൊന്നു കൂറിടൂ
എന്നാല്‍ വരുവതാമിമ്മി,
ഇമ്മിയേഴൊന്നുപോലണു."
എള്ളോളംപോന്ന തോതിനെയാണ് ഇത്തരത്തില്‍ വിഭജിച്ചിരിക്കുന്നത് എന്നോര്‍ക്കുക! (എന്തിനായിരുന്നാവോ ഇങ്ങനെയൊരു പട്ടിക!) ഇതിനെ ഗണിതരീതിയില്‍ ഒന്നു പരിശോധിച്ചാലോ? ഒരു ഇമ്മി എന്നത് 1,02,400-ലൊന്ന്  എള്ളിടയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 5 X 10 -8 വിരലാണ്. ഇഞ്ച് - സെന്റിമീറ്റര്‍ ബന്ധം വച്ചു സെന്റിമീറ്ററില്‍ ആക്കിയാല്‍ 5X10 -8 സെ.മീ. ഒരു സെന്റിമീറ്ററിന്റെ പത്തുകോടിയില്‍ അഞ്ച് അംശം.
ആധുനികശാസ്ത്രം പരമാണു(atom)വിനെ അംഗീകരിച്ചത് പത്തൊമ്പതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ്. വിഭജിക്കാനാവാത്ത ആറ്റങ്ങളാണ് പ്രപഞ്ചത്തിന് ആധാരം എന്നു ജോണ്‍ ഡാള്‍ട്ടന്‍ അന്നാണു സ്ഥാപിച്ചത്. ആറ്റത്തിന് ഇന്നു കണക്കാക്കിയിരിക്കുന്ന വലിപ്പം ഒരു സെന്റിമീറ്ററിന്റെ പത്തുകോടിയില്‍ ഒന്നോ രണ്ടോ നാലോ വരെയാണ്!


ആധുനികശാസ്ത്രം കണ്ടുപിടിച്ച, ഇലക്ട്രോണും പ്രോട്ടോണും ഒക്കെയുള്ള, സാക്ഷാല്‍ ആറ്റത്തെപ്പറ്റിയാണ്‌ കണാദന്‍ പറഞ്ഞതെന്നോ ആധുനികപ്രപഞ്ചവിജ്ഞാനം അതേ അളവില്‍ പ്രാചീനഭാരതം ആര്‍ജ്ജിച്ചിരുന്നെന്നോ അല്ല ഇതിനര്‍ത്ഥം. ഇവ തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നുതന്നെ പറയാം. ഒന്ന് ഉപകരണങ്ങള്‍കൊണ്ടു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയും മറ്റൊന്ന് വസ്തുനിഷ്ടമായ നിരീക്ഷണവിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ മെനഞ്ഞെടുത്ത ചില സങ്കല്‍പ്പങ്ങളും ഗണനങ്ങളും മാത്രവും ആണ്. അങ്ങനെ കരുതാനേ നമുക്കിന്നു കഴിയൂ.


എങ്കിലും സ്ഥൂലപ്രപഞ്ചത്തെയും സൂക്ഷ്മപ്രപഞ്ചത്തെയും പറ്റി ആധുനിക കണ്ടുപിടിത്തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സിദ്ധാന്തങ്ങളും വസ്തുതകളുമായി ഇത്രയേറെ പൊരുത്തപ്പെടുന്ന ദര്‍ശനങ്ങള്‍ ഇത്രകാലം മുമ്പ് ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞിരുന്നു എന്നതു വിശദീകരിക്കാനാവാത്ത വിസ്മയം തന്നെയാണ്. അത്തരമൊരു പ്രപഞ്ചവിജ്ഞാനവും ചിന്താപദ്ധതിയും വൈജ്ഞാനികാടിത്തറയും നമ്മുടെ പ്രപിതാക്കള്‍ക്ക് ഉണ്ടായിരുന്നു എന്ന സത്യം അംഗീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ.









ഇത്തരം സിദ്ധാന്തങ്ങള്‍ ഭാരതത്തില്‍ മാത്രമല്ല ഉണ്ടായിട്ടുള്ളത്. ക്രിസ്തുവിനുമുമ്പ് 460 മുതല്‍ 365 വരെ ഗ്രീസില്‍ ജീവിച്ചിരുന്ന ജനാധിപത്യവാദിയും ഭൌതികവാദിയും ആയിരുന്ന ദെമോക്രാറ്റസ് അവിഭാജ്യമായ (അവരുടെ ഭാഷയില്‍ 'അ-തമോസ്'. ഈ വാക്കില്‍നിന്നാണ് ആറ്റം എന്ന വാക്കുണ്ടായത്.) ആറ്റങ്ങളും ശൂന്യസ്ഥലവും ചേര്‍ന്നാണു പ്രപഞ്ചം മുഴുവന്‍ - എന്തിനു മനുഷ്യമതവും ദൈവവും പോലും - ഉണ്ടായത് എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വേറെയും പല ആശയങ്ങള്‍ ഇത്തരത്തില്‍ ലോകത്തിന്‍റെ പല കോണുകളിലും പ്രാചീനകാലത്തുതന്നെ രൂപപ്പെട്ടിരുന്നു. എല്ലാം പ്രാചീനഭാരതത്തിലാണ് ഉണ്ടായത് എന്ന തരത്തിലുള്ള, അടിസ്ഥാനമില്ലാത്ത, അമിതാത്മാഭിമാനപരമായ വീമ്പിളക്കലുകളിലൊന്നും കാര്യമില്ല എന്നുകൂടി ബോദ്ധ്യപ്പെടുത്താനാണ്‌ ഇത്രയും വിശദീകരിച്ചത്.


ആയുര്‍വ്വേദത്തിന്‍റെയും ജ്യോതിശാസ്ത്രതിന്‍റെയും ജന്മദേശം ഭാരതമല്ല, ബാബിലോണിയ ആണെന്നു ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൈനയിലും ഉണ്ടായിരുന്നു ശാസ്ത്രാന്വേഷണതിന്‍റെ പാതയില്‍ മഹത്തായ മുന്നേറ്റം. ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് ഇത്തരം വിജ്ഞാനങ്ങള്‍ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തില്‍ മാത്രമായി എല്ലാ വിജ്ഞാനവും വളര്‍ന്നുവികസിച്ചു എന്ന വാദത്തിന് അടിസ്ഥാനമൊന്നും ഇല്ല. ഉണ്ടെന്നു വീമ്പു പറയുന്നവര്‍ അതു സ്ഥാപിക്കാന്‍ വേണ്ട ഗവേഷണപഠനങ്ങളൊന്നും നടത്തുന്നുമില്ല. മറിച്ച്, ആ പാരമ്പര്യത്തെ തകര്‍ത്ത, തുടര്‍ച്ച ഇല്ലാതാക്കിയ, നമ്മുടെ സംസ്കാരതിന്‍റെതന്നെ മലീമസവശങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.


ഇവിടെ പ്രശ്നം അതല്ല. എവിടെനിന്നു വന്നതായാലും ഈ വിജ്ഞാനശാഖകളും ചിന്തകളും ദര്‍ശനങ്ങളും ഭാരതത്തിലെ മണ്ണിലും ആഴത്തില്‍ വേരോടുകയും പടര്‍ന്നുപന്തലിക്കുകയും ചെയ്തിരുന്നു എന്നത് ഓര്‍മ്മപ്പെടുത്തുകയാണു ലക്ഷ്യം.പ്രപഞ്ചം അനന്തവിശാലം ആണെന്നും അതേസമയം അതിന് ആധാരം ചിന്തിക്കാന്‍കൂടി കഴിയാത്തത്ര സൂക്ഷ്മമായ കണങ്ങളാണെന്നും ഉള്ള അറിവും അതു പകരുന്ന ദര്‍ശനവും എത്ര ഉദാത്തമാണ്!
ആ ഭൌതികലോകത്തെ അളക്കാന്‍ അതിദീര്‍ഘവും അതിഹ്രസ്വവും ആയ തോതുകളും അവര്‍ ആവിഷ്ക്കരിച്ചു! എന്തിന്, ദ്രവ്യത്തെയും സ്ഥലത്തെയും മാത്രമല്ല കാലത്തെയും സൂക്ഷ്മമായും സ്ഥൂലമായും അളക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു! ഇതിനുള്ള ഒരു ഉദാഹരണംകൂടി സൂചിപ്പിക്കാം:
ഒരു ദിവസം = 60 ഘടിക (നാഴിക)
ഒരു ഘടിക = 60 വിനാഴിക
ഒരു വിനാഴിക = 6 നെടുവീര്‍പ്പ്
ഒരു നെടുവീര്‍പ്പ് = 10 ഗണിതം
ഒരു ഗണിതം = 4 നിമിഷം
ഒരു നിമിഷം = 30 കാഷ്ഠ
ഒരു കാഷ്ഠ = 30 കല
ഒരു കല = 30 ത്രുടി
ഒരു ത്രുടി = 30 അല്‍പ്പകാലം
ഇതുപ്രകാരം 8,10,000 അല്പ്പകാലങ്ങള്‍ അടങ്ങുന്നതാണ് ഒരു നിമിഷം! ഇത്തരം 86,400 നിമിഷങ്ങള്‍ ചേരണം ഒരു ദിവസം ആകാന്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഒരു ദിവസത്തിന്‍റെ 71,98,40,00,000 - ല്‍ ഒരംശം ആണ് അല്‍പ്പകാലം. സെക്കന്‍ഡിന്റെ 33,73,000 -ല്‍ ഒരംശം!
രണ്ടു താമരത്തളിരിലകള്‍ ചേര്‍ത്തമര്‍ത്തിവച്ചിട്ടു നേര്‍ത്തതും കൂര്‍ത്ത മുനയുള്ളതുമായ ഒരു സൂചി അതിവേഗം കുത്തിയിറക്കിയാല്‍ അത് ആദ്യത്തെ ഇല കടന്നശേഷം രണ്ടാമത്തെ ഇലയെ സ്പര്‍ശിക്കാന്‍ എടുക്കുന്ന സമയമാണ് അല്‍പ്പകാലം. ഇതാണു നിര്‍വ്വചനം. അന്നത്തെ അറിയപ്പെടുന്ന ഏറ്റവും ചെറിയ ദൂരമാണ് അമര്‍ത്തിവച്ച രണ്ടു താമരത്തളിരുകള്‍ക്ക് ഇടയിലുള്ള സ്ഥലം. ആ സൂക്ഷ്മസ്ഥലത്തുകൂടി ഏറ്റവും വേഗത്തില്‍ കടന്നുപോകാവുന്ന സാധനമാണ് കൂര്‍ത്ത നേര്‍ത്ത സൂചി. 'ഏറ്റവും ചെറിയ ദൂരം കടക്കാന്‍ ഏറ്റവും വേഗമുള്ള വസ്തുവിനു വേണ്ട സമയമാണ് ഏറ്റവും ചെറിയ സമയം.' ഈ നിര്‍വ്വചനത്തിന് ഇന്നും മാറ്റമില്ല.


എന്നാല്‍, ഇന്നത്തെ ഏറ്റവും ചെറിയ ദൂരം ഇലക്ട്രോണിന്‍റെ വ്യാസമാണ്. ഏറ്റവും വേഗമേറിയതു പ്രകാശരശ്മിയും. ഇലക്ട്രോണിന്റെ വ്യാസത്തോളം സ്ഥലം മുറിച്ചുകടക്കാന്‍ പ്രകാശരശ്മിക്കു വേണ്ട സമയമാണ് ഇന്നത്തെ കണക്കാക്കാവുന്ന ഏറ്റവും ചെറിയ സമയം. നാം ഏറെ മുന്നേറിയിരിക്കുന്നെങ്കിലും സങ്കല്പ്പനം പഴയതുതന്നെ.


പ്രപഞ്ചദര്‍ശനങ്ങളിലും ആശയ - സങ്കല്പ്പനങ്ങളിലും മാത്രമല്ല, പ്രയോഗശാസ്ത്രങ്ങളിലും സമാനമായ ഔന്നത്യം ഭാരതം നേടിയിരുന്നു. പലരോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിവുള്ള ഭിഷഗ്വരര്‍ 3000 വര്‍ഷം മുമ്പുതന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. ശസ്ത്രക്രിയയില്‍ അതിവിദഗ്ദ്ധനായിരുന്ന ജീവകന്‍റെ കാലം 2500 വര്‍ഷം മുമ്പാണ്. ജനിക്കാന്‍പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു പറയാന്‍ പോലും ഭാരതീയ വൈദ്യന്മാര്‍ക്കു കഴിയും എന്നു മെഗസ്തനീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതെല്ലാം അതിശയോക്തിയായി കണക്കാക്കിയാല്‍പ്പോലും വസ്തുതകള്‍ പരിഗണിക്കാതെ വയ്യല്ലോ. 2000 വര്‍ഷം മുമ്പാണു കനിഷ്കന്‍റെ രാജസദസിലെ ചരകന്‍ വിഖ്യാതമായ ചരകസംഹിത രചിച്ചത്. അഞ്ഞൂറിലധികം ഓഷധച്ചെടികളെപ്പറ്റി പഠനവും പരീക്ഷണങ്ങളും നടത്തി നേടിയ വിവരങ്ങള്‍ ഇതിലുണ്ട്. ശസ്ത്രക്രിയാവിദഗ്ദ്ധനായ സുശ്രുതന്‍റെ സുശ്രുതസംഹിതയില്‍ പറയുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളെയും അവയുടെ പ്രയോഗങ്ങളേയും പറ്റി വായിച്ചാല്‍ത്തന്നെ നാം അത്ഭുതപരതന്ത്രരാകും. വൈദ്യശാസ്ത്രരംഗത്തെ ഈ നേട്ടങ്ങളെല്ലാം എത്രയോ മഹത്തരമാണ്!
വിശദീകരിക്കാന്‍ ആവാത്തവിധം അത്ഭുതം വിടര്‍ത്തുമാറ് ഭാരതീയ സാങ്കേതികവിദ്യയുടെ മകുടോദാഹരണം കുത്തബ് മീനാറിനടുത്ത് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു; ആറു ടണ്ണിലധികം തൂക്കവും 28 അടി ഉയരവും ഉള്ള ഊക്കന്‍ ഉരുക്കുസ്തംഭം. തരിമ്പും തുരുമ്പിക്കാതെ അതു മെഹറൌളി ദേവാലയത്തില്‍ നില്‍പ്പു തുടങ്ങിയിട്ട് 1500 - ല്‍ ഏറെ വര്‍ഷമായി. തുരുമ്പിക്കാത്ത ഉരുക്ക് (stainless steel) ഉണ്ടാക്കുന്ന സാങ്കേതികവിദ്യ വെറും ഒന്നേമുക്കാല്‍ നൂറ്റാണ്ടു മുമ്പ് മൈക്കേല്‍ ഫാരഡെയാണ് പാശ്ചാത്യലോകത്ത് അവതരിപ്പിച്ചത്. അവിടെനിന്നാണ് ഇന്ന് അത് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. എന്തൊരു വൈരുദ്ധ്യം, അല്ലെ?


ഈ വിജ്ഞാനമെല്ലാം ഇവിടെനിന്നു നാനാവഴിക്കും വ്യാപിക്കുന്നുണ്ടായിരുന്നു. മറ്റിടങ്ങളില്‍നിന്ന് ഇവിടേക്കും. ജ്യോതിശാസ്ത്രത്തിന്‍റെ ഉത്പ്പന്നമായ കലന്‍ഡറിന്‍റെ കാര്യം എടുക്കാം. പ്രാചീനഭാരതത്തിന്‍റെയും ബാബിലോണിയയുടെയും കലണ്ടറുകള്‍ക്കു തമ്മില്‍ വളരെ സമാനതകള്‍ ഉള്ളത് ഇതിന്‍റെ തെളിവാണ്. ഹിപ്പോക്രാറ്റസ് ആയുര്‍വ്വേദൌഷധങ്ങള്‍ തന്‍റെ വിവരണങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.
ഗണിതത്തിലെയും ജ്യോതിശാസ്ത്രത്തിലേയും മറ്റും നമ്മുടെ തനതു കണ്ടുപിടിത്തങ്ങള്‍ എങ്ങിനെയാണു പടിഞ്ഞാറന്‍ ലോകത്ത്‌ എത്തിയത് എന്നത് പ്രമുഖ ശാസ്ത്രസാഹിത്യകാരന്‍കൂടി ആയ ഡോ: ആര്‍.വി.ജി. മേനോന്‍ 'ശാസ്ത്രസാങ്കേതികവിദ്യയുടെ ചരിത്രം' എന്ന പുസ്തകത്തില്‍ വിവരിക്കുന്നത് ഉദ്ധരിക്കട്ടെ:
"എ.ഡി. 773 ല്‍ അബ്ബാസിദ് ഖലീഫയായ അല്‍ മന്‍സൂറിന്‍റെ സദസ്സിലേക്ക് ഇന്ത്യന്‍ ഗണിതജ്ഞാനായ കനകന്‍ ആനയിക്കപ്പെട്ടു. അദ്ദേഹത്തിലൂടെ ഇന്ത്യയില്‍നിന്നുള്ള സംഹിതകളും സിദ്ധാന്തങ്ങളും അറബികള്‍ക്കു പരിചിതമായി. തുടര്‍ന്നു ബ്രഹ്മഗുപ്തന്‍റെ ബ്രഹ്മസ്ഫുടസിദ്ധാന്തം അറബി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങനെ നമ്മുടെ സ്വന്തമായിരുന്ന പൂജ്യവും സ്ഥാനമൂല്യവും ഉള്‍പ്പെടെയുള്ള ദശാംശസമ്പ്രദായം അറേബ്യയില്‍ എത്തി. 'ഹിസാബ്‌ അല്‍ ജബ്ര്‍ വല്‍-മുകാബല' എന്ന മഹാഗ്രന്ഥത്തിന്‍റെ (എ.ഡി. 820) കര്‍ത്താവായ അല്‍ ഖ്വാരിസ്മി ഇന്ത്യന്‍ സംഖ്യാപദ്ധതി അറബികള്‍ക്കു പരിചയപ്പെടുത്തി. ഈ ഗ്രന്ഥത്തിന്‍റെ പേരില്‍നിന്നാണ് 'ആള്‍ജിബ്ര' എന്ന പദം ഉണ്ടാകുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ ജീവിച്ചിരുന്ന അലി അല്‍ തബാരി (അദ്ദേഹത്തിന്‍റെ പിതാവ് പേര്‍ഷ്യക്കാരനായ ഒരു കൃസ്ത്യാനി ആയിരുന്നത്രേ) 'ഫിര്‍ദൌസ് അല്‍ ഹിക്മ' എന്നൊരു ഗ്രന്ഥം രചിച്ചു. ജ്ഞാനത്തിന്‍റെ പറുദീസ എന്നാണ് അതിന്‍റെ അര്‍ത്ഥം. ഈ പറുദീസയില്‍ ഹിപ്പോക്രാറ്റസിനും ഗാലനും ഒപ്പം ചരകനും സുശ്രുതനും വാഗ്ഭടനും സ്ഥാനമുണ്ടായിരുന്നു.


"മഹമ്മൂദ്‌ ഗസ്നിയുടെ ഇന്ത്യന്‍ ആക്രമണത്തില്‍ അദ്ദേഹത്തെ അനുഗമിച്ച അല്‍ ബറൂണി തിരിച്ചുപോയ ശേഷം 1012 ല്‍ എഴുതിയ 'അല്‍ ഹിന്ദ്‌' എന്ന ബൃഹദ്ഗ്രന്ഥം ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല വിപുലമായ വിജ്ഞാനസമ്പത്തും പ്രതിപാദിക്കുന്നുണ്ട്.
"പടിഞ്ഞാറോട്ടെന്നപോലെ തെക്കോട്ടും കിഴക്കോട്ടും വടക്കോട്ടും ഇന്ത്യന്‍ ശാസ്ത്രവും സംസ്ക്കാരവും പടര്‍ന്നു. ....... പൂജ്യവും സ്ഥാനമൂല്യവുമെല്ലാം ഏതാണ്ട് ഒരേ കാലത്തുതന്നെ ചൈനയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്."








നമ്മുടെ കൊച്ചുകേരളത്തിനുപോലുമുണ്ട് ഈ രംഗത്തു വിസ്മയകരമായ സംഭാവന. ലോകനിലവാരമുള്ള ഒരു ഗണിതശാസ്ത്രപാരമ്പര്യം 14 മുതല്‍ 19 വരെ നൂറ്റാണ്ടുകളില്‍ ഇവിടെ ഉണ്ടായിരുന്നു. ലീബ്നിറ്റ്‌സും ഗ്രിഗറിയും ഐസക്‌ ന്യൂട്ടനുമൊക്കെ നടത്തിയ ചില സുപ്രധാന കണ്ടെത്തലുകള്‍ അതിനു 150 ഉം 200 ഉം കൊല്ലം മുമ്പു കണ്ടെത്തിയ ഗണിതശാസ്ത്രജ്ഞരുടെ പരമ്പര. അതുകൂടി സൂചിപ്പിക്കാം.
ഗ്രഹനില (ഗ്രഹങ്ങളുടെ ഓരോ ദിവസത്തേയും സ്ഥാനം) കണക്കാക്കാന്‍ ഏഴാം നൂറ്റാണ്ടു മുതല്‍ ഉപയോഗിച്ചിരുന്ന രീതിയായ പരഹിതഗണിതം തെറ്റുകള്‍ തീര്‍ത്തു പരിഷ്ക്കരിച്ചു ദൃഗ്ഗണിതം എന്ന രീതി കണ്ടുപിടിച്ചത് വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി എന്ന ജ്യോതിശാസ്ത്രജ്ഞന്‍ ആണ്. 1431- ല്‍ ആയിരുന്നു ഇത്. കൂടാതെ, സ്വയംഭ്രമത്തിനു പുറമേ 26,000 വര്‍ഷംകൊണ്ടു ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന വൃത്താകൃതിയിലുള്ള ആട്ടവും നമ്മുടെ ജ്യോതിശാസ്ത്രഗണനകളെ കുഴപ്പത്തിലാക്കിയിരുന്നു. ഈ പിശകു പരിഹരിക്കാനുള്ള മാര്‍ഗ്ഗവും ഇദ്ദേഹം നിര്‍ദ്ദേശിക്കുകയുണ്ടായി! മഹാഗണിതജ്ഞന്‍കൂടി ആയിരുന്നു പരമേശ്വരന്‍.


ഇദ്ദേഹത്തെ സ്വാധീനിച്ച തൊട്ടുമുന്‍തലമുറയിലെ സംഗ്രാമമാധവന്‍ (ഇരിങ്ങാലക്കുട ഇരിങ്ങാടപ്പള്ളി ഇല്ലം 1340-1435) മഹാഗണിതജ്ഞന്‍ ആയിരുന്നു. ത്രികോണമിതി (Trigonometry) എന്ന ഗണിതശാഖയില്‍ വരുന്ന സൈന്‍, കൊസൈന്‍, റ്റാന്‍ജന്‍റ് തുടങ്ങിയവയ്ക്ക് അനന്തശ്രേണികള്‍ ഉപയോഗിച്ച് ഇദ്ദേഹം വിപുലനം (infinite series expansion) നടത്തിയതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്! ഒരു വര്‍ഗ്ഗശ്രേണി ഉപയോഗിച്ചു 'പൈ'യുടെ മൂല്യം പതിനൊന്നു സ്ഥാനത്തിനുവരെ കൃത്യമാക്കി 3.14159265359 എന്ന് അദ്ദേഹം കണ്ടെത്തി!


15 -ആം നൂറ്റാണ്ടില്‍ പരമേശ്വരന്‍റെ അതേകാലത്തു ശുകപുരത്തു ജീവിച്ചിരുന്ന പുതുമന ചോമാതിരിയും അതുല്യസംഭാവന ചെയ്ത ആളാണ്‌. ഇന്‍വേഴ്സ് റ്റാന്ജന്‍റിന്‍റെ അനന്തശ്രേണി (infinite series of Tan-1) ഇദ്ദേഹം വിപുലീകരിക്കുകയുണ്ടായി. ഗ്രഹണഗണിതം, വേണ്വാരോഹാഷ്ടകം തുടങ്ങിയ എട്ടു സുപ്രധാന ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്‍റെതായി ഉണ്ട്. പരമേശ്വരന്‍റെ മകന്‍ ദാമോദരന്‍, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ബീജഗണിതത്തിലും ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും പണ്ഡിതനായിരുന്ന കേളല്ലൂര്‍ ചോമാതിരി എന്ന നീലകണ്‌ഠസോമയാജി, പറങ്ങോട്ടു ജ്യേഷ്ഠദേവന്‍ നമ്പൂതിരി, ബ്രഹ്മദേവന്‍, ത്രിക്കൂട്ടുവേലില്‍ ശങ്കരവാര്യര്‍, മഴമംഗലം നാരായണന്‍ നമ്പൂതിരി, ശങ്കരവര്‍മ്മന്‍ എന്നിങ്ങനെ നീളുന്ന ഈ പരമ്പര 1838-ല്‍ അവസാനിക്കുന്നു.


വേണ്വാരോഹം, ഗോളവാദം, മാദ്ധ്യമനയനപ്രകാരം, ദൃഗ്ഗണിതം, ഗോളദീപിക, കരണപദ്ധതി, വേണ്വാരോഹാഷ്ടകം, ഗ്രഹണഗണിതം, തന്ത്രസംഗ്രഹം, ഗണിതയുക്തിഭാഷ, യുക്തിദീപിക, യുക്തിഭാഷ, ആര്യഭടീയഭാഷ്യം, ക്രിയാക്രമകാരിക, സദ്രത്നമാല, എന്നുതുടങ്ങി ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങളെങ്കിലും ഇവരുടേതായി ഉണ്ട്. എന്നാല്‍, ഇവയില്‍ പല ഗ്രന്ഥങ്ങളും ഇന്നു ലഭ്യമല്ല. അവയെപ്പറ്റിയുള്ള പരാമര്‍ശങ്ങളിലൂടെയും അവയിലെ ചില ഉദ്ധരണികളിലൂടെയും മാത്രമാണ് അവയെപ്പറ്റിയുള്ള സൂചനകള്‍ നമുക്കു കിട്ടിയിട്ടുള്ളത്.
അതിവിപുലമായ ഒരു വിഷയം ആണിത്. ഒരു ലേഖനത്തിലോ പുസ്തകത്തിലോ ഏതാനും പുസ്തകങ്ങളിലോപോലും ഒതുങ്ങാത്ത ഒന്ന്. അതുകൊണ്ടു കൌതുകകരമായ ചില കാര്യങ്ങള്‍ മാത്രം എടുത്തുകാട്ടാനേ ശ്രമിച്ചിട്ടുള്ളൂ. എന്നിട്ടും ഈ ലേഖനം വളരെ നീണ്ടിരിക്കുന്നു. അതുകൊണ്ട് ഉപസംഹരിക്കട്ടെ.









ഇത്രയൊക്കെ മഹത്തായ വൈജ്ഞാനികമുന്നേറ്റം നേടിയ ഇന്ത്യ എങ്ങനെയാണ് ശാസ്ത്രവും വിജ്ഞാനവും സാങ്കേതികവിദ്യയുമെല്ലാം ഇറക്കുമതി ചെയ്യുന്ന ഒരു പരാശ്രിതരാജ്യമായി അധപ്പതിച്ചത്?


ഇതാണു പ്രസക്തമായ ചോദ്യം. പാരമ്പര്യത്തില്‍ അഭിമാനിച്ചിട്ടുമാത്രം കാര്യമില്ലല്ലോ. പറ്റിയ പിഴവുകളില്‍നിന്നു പാഠം പഠിക്കണമല്ലോ.
... എവിടെയാണു താളം പിഴച്ചത്? ഓരോ രംഗങ്ങളും വളര്‍ന്നുവികസിച്ച പുഷ്ക്കലമായ ആ ഭൂതകാലം എവിടെവച്ചാണു നമുക്കു കൈമോശം വന്നത്? അതിന്‍റെ തുടര്‍ച്ച കാത്തുസൂക്ഷിക്കാനും വളര്‍ത്താനും കഴിഞ്ഞിരുന്നെങ്കില്‍ തോക്കും ആവിയന്ത്രവും കമ്പിത്തപാലും കുതന്ത്രങ്ങളുമായി വന്ന പാശ്ചാത്യര്‍ക്കു ഭാരതത്തെ കീഴ്പ്പെടുത്താന്‍ ആകുമായിരുന്നില്ല. ഒരുപക്ഷെ, അതിലും മുന്തിയ പലതും നാം അതിനകം ഇവിടെ സൃഷ്ടിച്ചുകഴിയുമായിരുന്നു. 'ലോകാസമാസ്താ സുഖിനോ ഭവന്തു' എന്ന വിശാലദര്‍ശനം ഉള്‍ക്കൊണ്ട സമൂഹം എന്ന നിലയില്‍ നാം ദുഷ്ടമനസോടെ അങ്ങോട്ടുപോയി കോളനി സ്ഥാപിക്കില്ലായിരുന്നേനെ എന്നു മാത്രം.


'ഒന്നാന്തരം അതിശയോക്തി'യായി ഈ അഭിപ്രായത്തെ ഇപ്പോഴും കാണുന്നവര്‍ ഒരുവട്ടംകൂടി ചിന്തിക്കണമേന്നേ പറയാനുള്ളൂ. രാജഭരണത്തിലും ജന്മിത്തത്തിലും നിന്നു ബൂര്‍ഷ്വാജനാധിപത്യത്തിലേക്കും മുതലാളിത്തത്തിലേക്കും ഉള്ള പരിവര്‍ത്തനത്തിനു വഴിവച്ച സാങ്കേതികവിദ്യാവിപ്ലവം യൂറോപ്പിന്‍റെതില്‍നിന്നു വ്യത്യസ്തമായ ദര്‍ശനം പുലര്‍ത്തിപ്പോന്ന ഭാരതത്തില്‍ ഉണ്ടാകുമായിരുന്നോ എന്ന താത്വികപ്രശ്നം മാറ്റിവച്ചുകൊണ്ട് ഈ പ്രശ്നം നമുക്കു ചര്‍ച്ച ചെയ്യാം.


ജാതിപിരിവും ചേരിപ്പോരും കിടമത്സരങ്ങളും അന്ധവിശ്വാസങ്ങളും ചൂഷണവും ഒരു വിഭാഗത്തിന്‍റെ സുഖലോലുപതയുമൊക്കെ ഇരുള്‍ക്കോട്ട കെട്ടി പാര്‍ത്ത ഒരു പില്‍ക്കാല യുഗം മേല്‍പ്പറഞ്ഞ എല്ലാ നന്മകളെയും തമസ്ക്കരിച്ചുകളഞ്ഞു!
പിന്നെ പുതുജീവനുമായി ഉയിര്‍ത്തെഴുന്നേറ്റ ഭാരതം രാഷ്ട്രീയസ്വാതന്ത്ര്യം കൈവന്നതോടെ സ്വപ്നങ്ങളും വറുത്തുകൊറിച്ചു സ്വസ്ഥമായി മൂടിപ്പുതച്ചു വീണ്ടും ഉറക്കം ആരംഭിക്കുകയും ചെയ്തു! എന്നിട്ട്, ആഹാരത്തിനും തൊഴിലിനും വ്യവസായത്തിനും നിക്ഷേപത്തിനും സാങ്കേതികവിദ്യയ്ക്കും, എന്തിന്, വിജ്ഞാനത്തിനുപോലും വേണ്ടി അടുത്തകാലം വരെ പ്രാകൃതരായിരുന്ന സമൂഹങ്ങള്‍ക്കുമുന്നില്‍ കൈനീട്ടി മുട്ടുകുത്തിനിന്നു കേഴുന്നു!
ഇതിനിടയാക്കിയ പശ്ചാത്തലം വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും മഹത്തായ പൈതൃകത്തില്‍നിന്ന് ഊര്‍ജ്ജവും ആവേശവും ഉള്‍ക്കൊണ്ട് ഒരു പുതിയ ഭാരതം സൃഷ്ടിക്കാനും നാം ഇനിയും മുതിരാത്തതു വിസ്മയകരമായി പലപ്പോഴും തോന്നുന്നു. നമ്മെ നശിപ്പിച്ച ഭൂതകാലത്തെ തിന്മകളെ വാരിപ്പുണരാനാണ് ഇന്നും നമുക്കു താത്പ്പര്യം.


മുകളില്‍ പറഞ്ഞ കേരളീയ ശാസ്ത്രപൈതൃകത്തിന്‍റെ കാര്യം ഒന്നുകൂടി നോക്കുക. ആ ധാരയില്‍ പെട്ടവരെല്ലാം നമ്പൂതിരിമാരാണ്. ബ്രാഹ്മണരിലേക്കുമാത്രം വിജ്ഞാനങ്ങള്‍ കേന്ദ്രീകരിക്കുകയും മഹാഭൂരിപക്ഷമായ മറ്റു വിഭാഗങ്ങളെല്ലാം അതില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും ചെയ്തതിന്‍റെ പ്രത്യക്ഷോദാഹരണം ആണത്. ശാസ്ത്രം ഉണ്ടായിവന്നതു ജീവിതാവശ്യങ്ങളില്‍നിന്നാണ്. മാമ്പഴം തല്ലിവീഴ്ത്താന്‍ വടി എടുത്തപ്പോഴും ആ വടി വളച്ചുകെട്ടി വില്ലാക്കിയപ്പോഴും ഒക്കെ മനുഷ്യന്‍ ശാസ്ത്രജ്ഞന്‍ ആകുകയായിരുന്നു. കൃഷി ചെയ്തവനാണു വളത്തിന്‍റെ പ്രയോഗം കണ്ടെത്തിയത്. മീന്‍ പിടിച്ചവനാണു വഞ്ചി ഉണ്ടാക്കിയത്. കത്തി ഉണ്ടാക്കിയവനാണു ലോഹവിദ്യ വികസിപ്പിച്ചത്. തീയുടെ ഉപയോഗം കണ്ടെത്തുമ്പോള്‍ ലോകത്തു നായരും നമ്പൂതിരിയും പറയനും ഉണ്ടായിരുന്നില്ല. അങ്ങനെ എല്ലാവരുടെതും ആയിരുന്ന വിജ്ഞാനങ്ങള്‍, അവ പ്രയോഗിക്കുന്നവരും അവയുടെ ഫലം കൊണ്ടു സുഖിച്ചു കഴിയുന്നവരും എന്ന രണ്ടു വിഭാഗങ്ങള്‍ ഉണ്ടായപ്പോള്‍, പ്രയോക്താവില്‍നിന്നു ഗുണഭോക്താവിലേക്കു മാറി. ജീവിതത്തിന്‍റെ ഭാഗം ആയിരുന്ന ശാസ്ത്രം ഒരു വിഭാഗത്തിന്‍റെ ബൌദ്ധികവ്യായാമത്തിന്‍റെ ഉപാധിയായി ചുരുങ്ങി. പ്രയോക്താക്കളുടെ എണ്ണം മാനവരാശി എന്നതില്‍നിന്നു നാമമാത്രമായ വരേണ്യവര്‍ഗ്ഗത്തിലേക്കും സുഖലോലുപതയില്‍ മുങ്ങിയ ആ സമൂഹത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷത്തിലെക്കും ചുരുങ്ങി. കൈകാര്യം ചെയ്യുന്നവര്‍ കുറഞ്ഞപ്പോള്‍ അതിന്‍റെ പ്രയോഗവും വികാസവും അതിനൊത്തു കുറഞ്ഞു. അങ്ങനെ അതു നാമമാത്രമായി. ഓട്ടുപാത്രനിര്‍മ്മാണവും വസ്ത്രമുണ്ടാക്കലും ഒക്കെ വിജ്ഞാനം കൈമോശം വന്ന കേവലം കുലത്തൊഴിലുകളും ജ്യോതിശാസ്ത്രവുംമറ്റും ശാസ്തമില്ലാത്ത വയറ്റുപിഴപ്പും ഒക്കെയായി അധപ്പതിച്ചത് അങ്ങനെയാണ്.


തൊഴില്‍വിഭജനം ഉത്പ്പാദനം ഉയര്‍ത്താനും മറ്റും ഇടയാക്കിയിട്ടുണ്ടാകാമെങ്കിലും അതിന്‍റെ ഭാഗമായി വന്ന ജാതീയവിഭജനവും അതിനെ ആധാരമാക്കി വരേണ്യര്‍ സൃഷ്ടിച്ച ഉച്ചനീചത്വവും ആണു ഭാരതത്തിന്‍റെ മഹാപൈതൃകത്തെ തകര്‍ത്തുകളഞ്ഞത്. അതേ വിപത്തിനെയാണ് സംസ്കാരത്തിന്‍റെ പേരു പറഞ്ഞു സംരക്ഷിക്കാന്‍ ഇന്നും പലരും ശ്രമിക്കുന്നത്. ഒരു വായകൊണ്ട് വൈജ്ഞാനികപൈതൃകം പ്രസംഗിക്കുകയും അടുത്ത വായ്ക്കു ചാതുര്‍വര്‍ണ്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ഇവരില്‍ ചിലര്‍ അതു ചെയ്യുന്നത് അവരുടെ ഇരട്ടത്താപ്പും മറ്റുള്ളവര്‍ ചെയ്യുന്നത് അറിവില്ലായ്മയും കൊണ്ടാണ്.









അതുകൊണ്ട്, ഒരേസമയം തിന്മകളെ എതിര്‍ക്കുകയും നന്മകളെ അംഗീകരിക്കുകയും ചെയ്തുകൊണ്ടു നമ്മുടെ യഥാര്‍ത്ഥ പൈതൃകം കണ്ടെത്താനും പുതുതലമുറയെ അതു പഠിപ്പിക്കാനും അതില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാന്‍ കരുത്തും കാഴ്ചപ്പാടും പകരാനും ഉള്ള ശ്രമങ്ങള്‍ സാമൂഹിക ഉത്തരവാദിത്തമുള്ള ഓരോ പ്രസ്ഥാനവും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. കാലത്തിന്‍റെ ആവശ്യമാണത്.