പൊഴിയുന്ന മഞ്ഞില്‍ തെളിഞ്ഞ കണ്ണുകള്‍ നിന്റേത്. അശേഷം പതറാതെ നോട്ടവും. എങ്കിലുമെന്നെ കാണാതെ. കണ്ണ് തുറന്നതു കൊണ്ട് കാണണമെന്നില്ലല്ലോ; കാണുന്നത് അനുഭവിക്കണമെന്നും മഞ്ഞു കടുത്തപ്പോള്‍ ഒഴിഞ്ഞ കണ്ണുകള്‍ . എങ്കിലും മഞ്ഞ മന്ദഹാസം പിന്തുടരുന്നു. എവിടേക്ക് നടന്നാലും അത്.
കുറിഞ്ഞിപ്പൂച്ചയുടെ മൌനത്തോടെ ഗുരുസാഗരം അതിലിറങ്ങിയാല്‍ എന്തെല്ലാം അനുഭവിക്കാം. ഓരോ ഇറക്കവും പുനര്‍ജനി പോലെ. ആ സാഗരത്തില്‍ നിന്നും പുതിയ ഉണര്‍വുമായി മടങ്ങിയെത്തുന്നു.
ഓരോ വായനയുടെ ഓരോ സഞ്ചാരമാണ്. ഇടുക്കത്തില്‍ അതിലേറെ ഇടുങ്ങിയിരിക്കുന്ന മലയാളി മനസ്സ് മറ്റൊരു മലയാളിയുടെ ഉയര്‍ച്ച അംഗീകരിക്കില്ല. കപടനെ വാഴിക്കുകയും. എന്തെങ്കിലും ഉള്ളവനെ ഇടങ്കാല്‍ വച്ച് വീഴ്ത്താന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ ഓര്‍ക്കാതെയല്ല, ജാതിയുടെയും മതത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും കാള സര്‍പ്പങ്ങള്‍ മേയുന്ന മണ്ണില്‍ കലാ സാഹിത്യകാര്‍ പിറവിയെടുക്കരുതെന്ന്. പാശ്ചാത്യന്റെ തുളവീണ അടിവസ്ത്രം മതി മലയാളിക്ക്. അത് എത്ര കാലം വേണമെങ്കിലും ആഘോഷിക്കപ്പെടും.
പുരസ്കാരങ്ങള്‍ക്ക് മീതെ പുരസ്കാരം വാങ്ങി ഞെളിഞ്ഞിരിക്കുന്നവരുടെ കൃതികള്‍ വക്കുപൊട്ടി കിടക്കുമ്പോള്‍ തെളിഞ്ഞിരിക്കുകയാണ് ഗുരു സാഗരം. അതിന്റെ പരിസരത്തു എത്തിയാല്‍ നമ്മെ മൊത്തമായും നെഞ്ചോട് ചേര്‍ക്കാനുള്ള ആവേശത്തോടെ അത് ജീവിക്കുകയും.
തൂതപ്പുഴയുടെ ഓരത്തെ ചുവന്ന ചരല്‍പ്പാതയിലൂടെ താങ്ങാഭാരവും വലിച്ചു കുന്നു കയറുമ്പോള്‍ കരിന്തൊലി പുതച്ച പുറത്തു ചാട്ടവാര്‍ വീണപ്പോള്‍ മകനേ, മകനേ എന്ന് വിളിച്ചു കരഞ്ഞ മഹിഷിപിതാമഹന്‍ , ഇത്രയും കാലങ്ങള്‍ക്കുശേഷം ഇവിടെ , ഈ അന്യമായ നഗരിയില്‍ , അതിന്‍റെ സാന്ധ്യ ജ്വരത്തിലേക്ക് തുറന്നിട്ട ജാലകത്തിലൂടെ, തേജസ്വിയായി, കര്‍മ്മപരിണിതികളുടെ ഉള്‍ത്തലങ്ങളിലേക്ക് വീണ്ടും നോക്കുന്നത് കുഞ്ഞുണ്ണി കണ്ടു. പിതാമഹ, ഞാന്‍ അങ്ങയെ ഓര്‍ക്കുന്നു, അങ്ങയുടെ മുതുകില്‍ വിരിച്ച കരിന്തൊലികൊണ്ട് അങ്ങ് ഒപ്പിയെടുത്ത ദുഷ്കൃതം ഞാനോര്‍ക്കുന്നു; എന്നാല്‍, അന്നു അങ്ങെനിക്കു പകര്‍ന്നുതന്ന പൊരുള്‍ എന്‍റെ അകങ്ങളെ നിറചെങ്കിലും അത് എന്നെകവിഞ്ഞു ഒഴുകിപ്പരന്നു എങ്ങോ ലയിച്ചു; അറിവില്ലാത്തവനായിത്തന്നെ ഞാന്‍ ഈ കാതങ്ങളത്രയും നടന്നെത്തി ( ഗുരുസാഗരം)
രവി കൂമന്‍ കാവില്‍ ബസ്സിറങ്ങുന്ന പ്രതീതി. ഹൃദയത്തിന്റെ ആകാശമത്രയും ചിറകു വിരിച്ചു കുഞ്ഞുണ്ണി എന്ന മഹാവൃക്ഷം. കാലത്തിലേക്ക്, കാലത്തിന്റെ പിന്നാമ്പുറത്തേക്കും വായന ക്ഷണിച്ചു കൊണ്ട് വിജയന്‍റെ തൂലിക. നാട്ടിന്‍ പുറത്തെ പുല്‍ നാമ്പിലെ ദര്‍ശനം കാണാതെ പടിഞ്ഞാറ് നോക്കി തൂലികയുന്തുന്ന മലയാളി നിരൂപകന്റെ ഹൃദയത്തിന് വഴങ്ങാത്ത ഭാഷയോടെ വിജയന്‍ ഓരോ നോവലിലൂടെയും ഓരോ ലോകം സൃഷ്ടിക്കുന്നു വിജയനെ നടരാജ ഗുരുവില്‍ എത്തിച്ചു ആ അന്വേഷിയെ തകര്‍ക്കാനുള്ള ചിലരുടെ ഗൂഡനീക്കം വിജയനില്‍ കാവി പുടവയെറിഞ്ഞതിലൂടെ വായിച്ചെടുക്കാം. വിജയന്‍ എന്ന അവധൂതന്‍ സിമന്റ് ഹൃദയങ്ങളുടെ ദര്‍ശനം തകര്‍ക്കുമെന്ന ഭീതിയാവാം. ചില ദാര്‍ശനികരുണ്ട് തങ്ങളാണ് ദര്‍ശനത്തിന്റെ അവസാന വാക്കെന്നു വിളമ്പരം ചെയ്യും. മറ്റു ചിലര്‍ യോഗി ചമഞ്ഞു ഒരിടം പണിതു അതില്‍ ഒതുങ്ങി കൂടും. യോഗികള്‍ വിപ്ലവകാരികള്‍ , അവര്‍ വേറിട്ട സഞ്ചാരികള്‍ .അവര്‍ അവിശ്വാസികളും അവിശ്വാസമാണല്ലോ അന്വേഷണത്തിന്ഇന്ധനമായി മാറുക.
രവി കാഷായം പുതച്ചു ഒരിടത്ത് അടിഞ്ഞു കൂടിയില്ല രവി പുറപ്പെട്ടു പോകുകയാണ് രവിയില്‍ നിന്ന് പോലും പുറപ്പെട്ടു പോകുന്നു ചിലപ്പോള്‍ ജലത്തിന്റെ വില്ലീസ് പടികള്‍ തകര്‍ത്ത് ഊളിയിട്ട കുപ്പുവച്ചനിലൂടെ രവിയും സഞ്ചരിക്കുന്നു.
ഖസാക്കിന്റെ പനമ്പട്ടകളില്‍ ദൈവസാന്ദ്രമായ കാറ്റില്‍ വരാന്‍ പോകുന്ന പ്രവാചക ചൈതന്യമില്ലേ? അതും കടന്നു മധുരം ഗായതിയിലെ സുകന്യയുടെ ആകാശ യാത്രയിലേക്കുള്ള വിളിയില്ലേ?
സായാഹ്നങ്ങളുടെ അച്ഛാ ഒരു ദീര്‍ഘനിശ്വാസം പോലെ വിജയന്‍റെ സ്വരം കാറ്റില്‍ ആവര്‍ത്തിക്കുന്നു. വിജയന്‍ കടന്നു പോയിട്ടും കൃതികള്‍ നമ്മോടു സംസാരിച്ചു കൊണ്ടേയിരിക്കുന്നു. വായനയുടെ രസങ്ങളെ തകര്‍ത്ത് കടന്നു കൂടിയ നപുംസക കൃതികളില്‍ പലതും അരങ്ങിനു വെളിയില്‍ ചിതലെടുത്തു കഴിഞ്ഞു. എന്നിട്ടും നിരൂപകന്‍ ദ്രവിച്ചു തുടങ്ങിയ ആ പഴയ അളവ് കോലും വച്ച് പടിഞ്ഞാറ് നോക്കിയിരിക്കുന്നു. നിരൂപകന് ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടാണ്. പക്ഷെ സൃഷ്ടാവിന് അത് തെറ്റും. ബഷീറിനെ പോലെ ഉമ്മിണി വലിയ ഒന്നും കടന്നു സഞ്ചരിക്കുന്നു. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള എഴുതാത്ത കരാറാണ് താന്‍ യാതൊന്നിലും തടഞ്ഞു കിടക്കില്ലെന്ന്, സൃഷ്ടിയെ കയറൂരി വിടാമെന്ന്.
അതുകൊണ്ട് തന്നെയാണ് പ്രവാചകന്റെ വഴിയില്‍ വിജയന് ഇങ്ങനെ കുറിക്കാന്‍ ആവുന്നത്
ക്രുസ്തുവില്‍ നിന്ന് മുഹമ്മദില്‍ നിന്ന് നാനകനില്‍ നിന്ന് ഗുരു ചരണ്‍സിംഗ് വരെ നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ ജനിതക ധാരയില്‍ ഒരു കുഞ്ഞു പിറക്കാനിരിക്കുന്നു, അവനാണ് പ്രവാചകന്‍ . അവനാണ് ആവര്‍ത്തനം.
നിരൂപകന്റെ മുഴക്കോലിനു വഴങ്ങാത്ത സൃഷ്ടിയാണ് ഓ.വി.വിജയന്റെ ഗുരുസാഗരം. അതുകൊണ്ടാവാം ഖസാക്കിനെ മാസ്റ്റര്‍ പീസ്സാക്കി സ്ഥാപിക്കുകയും ഗുരുസാഗരത്തെ തള്ളുകയും ചെയ്തത് യാത്രയില്‍ ഖസാക്ക് തളര്‍ന്നേക്കാം. ചാരം മൂടി കിടക്കുന്ന ഗുരുസാഗരം ചിറകടിച്ചുയരാതിരിക്കില്ല. കൂടുതല്‍ വായന നടക്കുന്ന സൃഷ്ടിയാണ് മഹത്തരമെന്നൊരു തീര്‍പ്പ് എങ്ങനെയോ മലയാളി ഇടത്തിന് സംഭവിച്ചിരിക്കുന്നു.
അതൊക്കെ പാത്രമറിഞ്ഞു വിളമ്പല്‍ എന്നെ അര്‍ത്ഥമുള്ളൂ അല്ലെങ്കില്‍ പാദത്തിനൊപ്പിച്ചു കാല്‍ മുറിക്കുക അത്തരം സൃഷ്ടികളാണ് സമൂഹത്തില്‍ ആഘോഷിക്കപ്പെടുക. വിജയന്‍ അതിനുമെത്രയോ ഉയരത്തിലാണ്. ഒരുവേള വായനയുടെ സുഗന്ധം തകര്‍ക്കാനുള്ള നീക്കമായി കാണണം ചിലയിടങ്ങളില്‍ നിന്നും ഉടലെടുത്ത വിജയനില്‍ കാവി ആരോപണം.
ഖസാക്കില്‍ രവി നിര്‍ത്തിയ ഇടത്ത് നിന്നുമല്ലേ കുഞ്ഞുണ്ണിയുടെ സഞ്ചാരം.കുഞ്ഞുണ്ണിയെ അനുഗമിക്കുമ്പോള്‍ മൌനത്തിന്റെ മഞ്ഞ മന്ദാരത്തിലൂടെ, കാമാനയോഴിഞ്ഞ പ്രണയ ലഹരിയിലൂടെ ആദിയോ അന്തമോ ഇല്ലാത്തെ ആ മഹാ ഗുരുവിന്റെ ചൈതന്യം അനുഭവിക്കാനാവുന്നു.വീണ്ടും സന്ദര്‍ശകര്‍ , ബന്ധു ജനങ്ങള്‍ . അവരൊക്കെ പൊയികഴിഞ്ഞപ്പോള്‍ വീണ്ടും തനിച്ചായി. വീട്ടില്‍ ഇന്ന് ആരുമില്ല. അമ്മയും അച്ഛനും ചിന്നേട്ടനും ഒക്കെ മറഞ്ഞു കൂട് പറ്റികഴിഞ്ഞിരിക്കുന്നു. കുടിയാന്മാരും ആശ്രിതരും അവര്‍ക്ക് കിട്ടിയ നിലവുമെടുത്തു പിരിഞ്ഞു പോയി. ആ വിയോഗങ്ങളില്‍ , പടര്‍ന്നു വൃദ്ധങ്ങളായി നിന്ന മാവിന്റേയും പ്ലാവിന്റെയും പുള്ളിവെയിലില്‍ , എല്ലാം സ്വച്ഛവും ശുദ്ധവുമായി.
ആസക്തികളും അഹങ്കാരവും അത്യാര്‍ത്തിയും അഹന്തയും വെടിഞ്ഞു താഴ്വരയില്‍ എത്തിപ്പെട്ട ഒരുവന്‍ കാണുന്ന ആകാശം. അത് മഹത്തായ പ്രണയത്തിന്റെ അതിരുകളില്ലാത്ത ഭൂമി. സിദ്ധാര്‍ത്ഥന്‍ അവന്റെതായ എല്ലാം തന്റേതല്ലെന്നു തിരിച്ചറിഞ്ഞ് ഒടുവില്‍ ബോധിവൃക്ഷ ചുവട്ടില്‍ അനുഭവിക്കുന്നത് കുഞ്ഞുണ്ണി മറ്റൊരു തലത്തിലൂടെ അനുഭവിക്കുന്നു. അതുവഴി വിജയന്‍ പറയാതെ പറയുന്നുണ്ട് ഓരോരുത്തര്‍ക്കും ഓരോ സഞ്ചാരമുണ്ടെന്ന്, ഓരോ മതവും എന്നുകരുതി ഒരു സഞ്ചാരവും മറ്റൊരു സഞ്ചാരത്തെ വിരോധിക്കുന്നില്ല. ബുദ്ധനെ പ്രണയിക്കുക, ബുദ്ധനാവാതിരിക്കുക. നീ നീയാവുക. എവിടെയോ ഒരിടത്ത് വിജയന്‍ പറഞ്ഞത് ഇതോടു ചേര്‍ത്തു വായിക്കാവുന്നതാണ്, ‘പുറപ്പെട്ടു പോകുന്നവരെ എന്തെങ്കിലും നേടിയിട്ടുള്ളൂ ’
എല്ലാത്തരം ആസക്തികളോടും വിട പറയുമ്പോഴേ സത്യത്തിന്റെ തെളിനീര്‍ നുകരാനാവൂ
എല്ലാമിരുളുന്നു. ഇരുള്‍ സാന്ത്വനമായി. റസാക്കറുടെ കുഞ്ഞിനെ കല്ലെടുത്തെറിഞ്ഞു കൊല്ലുന്ന ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളിയും ഗൌരിയുടെ കരച്ചിലുമെല്ലാം ആ സ്വര പ്രളയത്തിലലിഞ്ഞു. ജോയ് ബംഗ്ലാ, ജോയ് ബംഗ്ലാ.
യുദ്ധത്തിന്റെ വ്യര്‍ത്ഥത പോലെ. പാപത്തിന്റെ വ്യര്‍ത്ഥത പോലെ. ആ സ്വരങ്ങളുടെ പുറകെ കടന്നു വന്ന അന്ധനിശബ്ദത കുഞ്ഞുണ്ണിയുടെ മേല്‍ പുതപ്പിട്ടു.’
ആത്മ സംഘര്‍ഷങ്ങളോട് വിട. ഇനി പാപത്തിന്റെ തറയില്‍ നിന്നും മോചനം. കുഞ്ഞുണ്ണിക്ക് മേല്‍ ശാന്തിയുടെ പുതപ്പു വീഴുന്നു.എല്ലാത്തരം ഒച്ചകളും ശാന്തിയുടെ മന്ത്രം ആത്മാവിന്റെ ജലപ്പരപ്പില്‍ നിന്നും ആഴങ്ങള്‍ തേടുകയും.
യുദ്ധങ്ങള്‍ എത്ര വ്യര്‍ത്ഥം. ഇതൊരു യുദ്ധവും അശാന്തി മാത്രമേ വിതക്കൂ സമാധാനത്തിന്റെ ഔഷദം സംഘട്ടനമല്ല. പ്രണയത്തില്‍ സ്വാര്‍ത്ഥത അന്യമെന്ന പോലെ.
വിശ്വ പരകൃതി ചെകിടോര്‍ത്തു; ശതകോടി ദലസ്വരങ്ങള്‍ ഇപ്പോള്‍ സമൂര്‍ത്തങ്ങളായി; ജലധാരകള്‍ , ശിഖര സ്പന്ദങ്ങള്‍ , സാക്ഷരങ്ങളായി. മരങ്ങളും ചെടികളും നീരുറവുകളും കല്‍ത്തിട്ടുകളും കല്യാണിയുടെ ശബ്ദത്തില്‍ വിളി കേട്ടു, അച്ഛാ അച്ഛാ
പിന്നെ പരമമായ ശാന്തിയുടെ ഭാഷയ്ക്ക് വഴങ്ങാത്ത ലോകത്ത് കൂടെ കുഞ്ഞുണ്ണി. കുഞ്ഞുണ്ണി അവസാനിക്കുന്നില്ല മറ്റൊരു തച്ചന്റെ പേനത്തുംബിലൂടെ മറ്റൊരു വേഷത്തില്‍ മറ്റൊരു യാത്രയിലൂടെ കുഞ്ഞുണ്ണി വരും.