M S Anupama

അടച്ചുറപ്പുള്ള വാതിലുകളിലല്ല; മനുഷ്യത്വമുള്ള സമൂഹത്തിലാണ് സ്ത്രീസുരക്ഷ

'Women don't get raped because they were drinking or took drugs. Women don't get raped because they weren't careful enough. Women get raped because someone raped them.' -Jessica Valenti


download


'അവളൊന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉണര്‍ന്നേനെ.' -ഹിറ്റ്‌ലര്‍ (സിനിമ)


'അവള്‍ എന്തുകൊണ്ട് ഓടി രക്ഷപ്പെട്ടില്ല ?' -ലോകത്തെവിടെയും ഉള്ള പുരുഷമനസ്. സ്ത്രീകളിലുള്ളതടക്കം.


ബലാത്സംഗങ്ങളുടെ കാര്യത്തില്‍ മാത്രം ലോകത്തെ പുരുഷാധിപത്യ സമൂഹങ്ങളെല്ലാം പാലിച്ചുവരുന്ന ഒരു യുക്തിയുണ്ട്. മറ്റേതു കുറ്റകൃത്യത്തിലും സമൂഹം ഇരയോടൊപ്പം ചേരുമെങ്കില്‍, ബലാത്സംഗത്തില്‍ മാത്രം ഇരയ്ക്ക അഗ്നിശുദ്ധി തെളിയിക്കേണ്ടതുണ്ട്. സീതയെ തൊട്ടുപോലും അശുദ്ധയാക്കാതെ ലങ്കേശ്വരന്‍ തട്ടിക്കൊണ്ടുപോയതുകൊണ്ട് മാത്രമാണ് രാമന്‍ യുദ്ധത്തിനൊരുങ്ങിയത്. അപ്പോഴും, സംശയം ബാക്കിയായിരുന്നു സമൂഹത്തിന്. ഇര തുളസിക്കതിര്‍ പോലെ നിര്‍മല ആയിരിക്കണം എന്നും, സംശയാതീതമായി തന്റെ പരിശുദ്ധി സ്ഥാപിച്ചിരിക്കണമെന്നും നമ്മള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഒരു രീതിയിലും ക്ഷണിച്ചുവരുത്തിയ ബലാത്സംഗം അല്ല ഇത് എന്ന്, താന്‍ മനുഷ്യസാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു എന്ന് ഇരയക്ക് പലയാവര്‍ത്തി തെളിയിക്കേണ്ടിവരുന്നു. രാത്രി പുറത്തിറങ്ങി, ഇറുകിയ വസ്ത്രം ധരിച്ചു, പരപുരുഷനൊപ്പം പോയി, ഭര്‍ത്താവല്ലേ, കണ്ടാലറിയാം എങ്ങനത്തവളാണെന്ന് എന്ന് തുടങ്ങി ഏറ്റവുമൊടുവില്‍, പെരുമ്പാവൂരിലെ ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ അതിക്രൂര കൊലപാതത്തിലും ബലാത്സംഗത്തിലും പോലും നമ്മള്‍ ന്യായങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. അടച്ചുറപ്പില്ലാത്ത വാതില്‍ എന്ന് കാരണം. ദാരിദ്ര്യം, ദളിത് എന്നീ അവസ്ഥകളുടെ എല്ലാം നിസഹായത നിറഞ്ഞുനില്‍ക്കുന്ന ഒരു കാരണം. എന്നാല്‍, സ്ത്രീകള്‍ ബലാത്സംഗത്തിന് അടിപ്പെടുന്നത് അവരെ ആരെങ്കിലും ബലാത്സംഗം ചെയ്യുന്നതുകൊണ്ടാണ് എന്ന് അടിസ്ഥാന കാരണത്തില്‍നിന്ന മുഖംതിരിച്ചുകൊണ്ടാണ് നമ്മുടെ ചര്‍ച്ചകളത്രെയും. ഈ കാരണം നേരിടാതെ, സ്ത്രീസുരക്ഷയുടെ പേരില്‍ നടത്തുന്ന മെഴുകുതിരി പ്രകടന മുതല്‍ പെണ്‍കുട്ടികളെ ബോധവത്കരിക്കല്‍ ക്ലാസുകള്‍വരെ അങ്ങേയറ്റം പ്രതീകാത്മകമാണ്, പ്രകടനപരവും.


images (1)


ക്രിയാത്മകമായി ഈ വിഷയത്തില്‍ പരിഹാരം കാണേണ്ടതുണ്ട് എന്ന ഇച്ഛാശക്തിയാണ് ആദ്യമായി വേണ്ടത്. സ്ത്രീകളെ ഒളിച്ചിരുത്തുകയോ ഇരുമ്പ് കോട്ടയില്‍ പാര്‍പ്പിക്കുകയോ അല്ല വേണ്ടത്, മറിച്ച് തെരുവിലുറങ്ങുന്ന പെണ്ണിനെപ്പോലും അനുവാദമില്ലാതെ സ്പര്‍ശിക്കാത്ത പുരുഷനെ സൃഷ്ടിക്കുകയാണ് പരിഹാരം എന്ന് നമ്മള്‍ മനസിലാക്കേണ്ടുണ്ട്. അതല്ലാതെയുള്ള പരിഹാരങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ നിഷ്ഫലമാണ്, നിരര്‍ഥകമാണ്.


സര്‍ക്കാര്‍ തലത്തില്‍തന്നെ നടപ്പാക്കേണ്ട നിരവധി നയങ്ങള്‍ സ്ത്രീസുരക്ഷയ്ക്കായി സ്വീകരിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ ബോധവത്കരണ ക്ലാസുകള്‍ നടപ്പിലാക്കുമെന്ന് ഉറപ്പാക്കണം. ബോധവത്കരണം എന്നു കേട്ടാലുടന്‍, ഏതെങ്കിലും ഒരു പിന്തിരിപ്പന്‍ മൂരാച്ചിയെപ്പിടിച്ച് കോട്ടന്‍ഹില്‍ സ്‌കൂളില്‍ കൊണ്ടുപോയി പെണ്‍കുഞ്ഞുങ്ങളെ ഇനിയും ഇനിയും ഇനിയും നിശബ്ദരാക്കാനുള്ള മറ്റൊരു അവസരമായി കണക്കാക്കരുത്. സത്രീകളെപ്പറ്റി, അവരുടെ സ്ഥിതിയെപ്പറ്റി, അവരും മനുഷ്യരാണെന്ന അടിസ്ഥാന അവബോധത്തെപ്പറ്റി 12 മുതല്‍ 18 വയസുവരെയുള്ള നമ്മുടെ ആണ്‍മക്കളെ പഠിപ്പിക്കണം.


images
സ്ത്രീവിരുദ്ധത പാഠപുസ്തകങ്ങളില്‍പ്പോലും കടന്നുവരുന്ന കാലത്ത് (Father works in the office. Mother cooks in the kitchen.) ഇതിനെതിരെ സര്‍ക്കാരിന്റെ നിതാന്ത ജാഗ്രത കൂടിയേ തീരൂ. ഉറക്കെ സംസാരിക്കാനും നൊന്താല്‍ ഒച്ചവച്ച് പ്രതികരിക്കാനും പെണ്‍കുഞ്ഞുങ്ങളെയും പഠിപ്പിക്കണം. ഈ ലോകം തനിക്കും കൂടിയുള്ളതാണെന്നും ഭൂമിയിലെ അഭയാര്‍ഥിയല്ല താനെന്നും പെണ്‍കുട്ടികളേയും പഠിപ്പിക്കണം. ശരീരഭാഗങ്ങളെപ്പറ്റി െ്രെപമറി തലത്തില്‍ പഠിപ്പിക്കുമ്പോള്‍ പറയാതെ പോകുന്ന കാര്യമാണ് ഇച്ചീച്ചി, അത്, ഇത് എന്നൊക്കെ നമ്മുടെ കുട്ടികളെ നമ്മള്‍ തന്നെ പറഞ്ഞുപഠിപ്പിക്കുന്നത്. ഒന്നാംക്ലാസിലോ അതിനു മുന്‍പോ പഠിക്കുന്ന കുട്ടിക്ക് മൂത്രമൊഴിക്കാനുള്ള ഭാഗം എന്നെങ്കിലും പറഞ്ഞുകൊടുക്കാനുള്ള ബാധ്യസ്ഥത അലൈംഗികമാക്കിയ ചെയ്ത ഒരു ചിത്രത്തിലൂടെ ഒഴിവാക്കുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരേണ്ടതുണ്ട്. പുതിയ തലമുറയിലേക്കെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിംഗവേര്‍തിരിവും ലിംഗ അനീതിയും പകരാതിരിക്കാനുള്ള ശ്രദ്ധ വിദ്യാഭ്യാസ വകുപ്പില്‍നിന്നുതന്നെ തുടങ്ങണം.


752038-genderrightsx-1408699705-257-640x480


ഇത് ദീര്‍ഘകാലാടിസ്ഥാനത്തിലെ ഒരു പരിഹാരപദ്ധതിയാണെങ്കില്‍ വിജിലന്റ് ആയ പൊലീസാണ് ഹൃസ്വകാലത്തിലേക്കായി സ്ത്രീകള്‍ക്ക് ആവശ്യപ്പെടാനുള്ളത്. സ്ത്രീ വിദ്യാഭ്യാസം, തൊഴില്‍ എന്നീ രംഗത്ത് ദേശീയ ശരാശരിയേക്കാള്‍ ഒരുപാടുയരെ നില്‍ക്കുന്ന കേരളത്തില്‍, പ്രവാസികളായ പുരുഷന്‍മാരുള്ള കുടുംബങ്ങളിലൊക്കെയായി നല്ലൊരു ശതമാനം സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന സംസ്ഥാനത്ത് അതിക്രമങ്ങള്‍ക്ക് ഇരയാക്കാന്‍ സാധ്യതയുള്ള സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. അപ്പോള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന ക്രമസമാധാനപാലന സംവിധാനമാണ് ആവശ്യം. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നാല്‍ അതിലെ കുറ്റക്കാരെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരുമെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കണം. നാട്ടിലെ നീതിന്യായസംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്വസിക്കാനാകണം.


gender-equality2


ബലാത്സംഗം മുതല്‍ താഴേക്കുള്ള അക്രമങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നുണ്ട് എന്ന് സര്‍ക്കാര്‍ കൃത്യമായി പരിശോധിക്കണം. ഇതിന് പരാതി സ്വീകരിക്കുന്ന സിവില്‍ പൊലീസ് ഓഫിസര്‍ മുതല്‍, സാമൂഹ്യസുരക്ഷാ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍, നിയമപാലകര്‍ എല്ലാവരും ഇരകളുടെ മാനസിക-ശാരീരിക ക്ലേശങ്ങള്‍ മനസിലാക്കി പെരുമാറേണ്ടതുണ്ട്. ബലാത്സംഗത്തിന് ഇരയായ സ്ത്രീയോട് കൊടുംക്രിമിനലിനോടെന്ന് പോലെ ചോദ്യം ചെയ്യുന്ന പൊലീസുകാരും അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ച് സാഡിസ്റ്റ് സ്വര്‍ഗം കാണുന്ന ഡോക്ടര്‍മാരും സര്‍വ്വസാധാരണമാണ്. ബസ്സില്‍ തോണ്ടുന്ന പുരുഷനെപ്പറ്റി പരാതിപറയുന്ന പെണ്‍കുട്ടിയോട് 'ലെഗിന്‍സിട്ടാല്‍ പിടിക്കാന്‍ തോന്നില്ലേ' 'ഞങ്ങളെയാരെയും തോണ്ടിയില്ലല്ലോ' 'പരാതികൊടുത്താല്‍ നിനക്കാ മോശം' എന്നൊക്കെ പറയുന്ന സമൂഹത്തിന്റെ അതേ മനസ്ഥിതിയാണ് നിയമസംവിധാനത്തിനും. കേവലം 16 വയസുള്ള ഒരു പെണ്‍കുട്ടിയെ 40 ദിവസത്തില്‍ 37 പേര്‍ ബലാത്സംഗം ചെയ്തപ്പോള്‍ അവള്‍ എന്തുകൊണ്ട് ഓടിരക്ഷപ്പെട്ടില്ല എന്നാണ് നമ്മുടെ നീതിപീഠത്തിനുപോലും ചോദിക്കാനുണ്ടായിരുന്നത്. പുരുഷന്റെ യുക്തിയും നിയമവും നിറഞ്ഞ ലോകത്തില്‍ സ്ത്രീ എന്ന കീഴാള സ്വത്വത്തിന്റെ പ്രശ്‌നങ്ങള്‍ നമ്മള്‍ തിരിച്ചറിഞ്ഞുവരുന്നതേയുള്ളു. ആ പ്രക്രിയയ്ക്ക് യോജിക്കുന്ന നിയമങ്ങളും നയങ്ങളും സര്‍ക്കാരില്‍നിന്ന് ഉണ്ടാകാണം, ആ മാറ്റത്തിന് സര്‍ക്കാര്‍തന്നെ നേതൃത്വം കൊടുക്കണം.


download (1)


ഇവിടെയാണ്, ജനാധിപത്യം എന്ന ഭരണസംവിധാനത്തിന്റെ ബലം. നിയമസഭ എന്ന നിയമനിര്‍മാണസഭയിലേക്ക് സ്ത്രീകള്‍ക്ക് ആവശ്യമുള്ള അര്‍ഹതയുള്ള നിയമങ്ങള്‍ നിര്‍മിക്കാന പ്രതിനിധികളെ അയക്കുക എന്നത് നമ്മുടെ അവകാശം മാത്രമല്ല, ബാധ്യത കൂടിയാണ്. വോട്ട് ബഹിഷ്‌കരിക്കാന്‍പറയുന്ന യുക്തി ലിംഗം ഛേദിക്കാന്‍ മുറവിളി കൂട്ടുന്ന പ്രാകൃതത്വത്തിന്റെ വനിതാ പതിപ്പാണ്. സ്ത്രീകളെ തിരികെ വീടുകളിലേക്ക് ചുരുക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളുമല്ല ഈ സാഹചര്യത്തിലും, ഒരു സാഹചര്യത്തിലും ഉണ്ടാകേണ്ടത്. മറിച്ച്, വനിതാ മുന്നേറ്റത്തിന്റെ പുതുവെളിച്ചത്തില്‍ അവരെ സുരക്ഷിതരും സുശക്തരും ആക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്.


download


സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പുരോഗമനപ്രസ്ഥാനങ്ങള്‍ സമൂഹത്തിലേക്ക് ബോധപൂര്‍വ്വമായ, ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. മനുഷ്യന്‍ എന്ന പദത്തില്‍ സ്ത്രീ എന്നും ഒരു ഘടകമുണ്ട് എന്ന് സമൂഹത്തിലെ എല്ലാ വിഭാഗവും അറിയണം. പെണ്ണ് എന്നത് അവനുതാഴെയുള്ള ഒരു സൃഷ്ടിയല്ല, വാരിയെല്ല് അല്ല, നോവുന്ന, പൊള്ളുന്ന, ചിരിക്കുന്ന, സന്തോഷിക്കുന്ന മറ്റൊരു മനുഷ്യജീവി തന്നെയാണ് എന്ന നമ്മുടെ ആണ്‍കുട്ടികളെ പഠിപ്പിക്കണം. ഇതൊരു അടച്ചുറപ്പില്ലാത്ത വാതിലിന്റെ വിഷയമല്ല, അടച്ചുറപ്പില്ലാത്ത സമൂഹത്തിന്റെ വിഷയമാണെന്ന ചര്‍ച്ച സമൂഹത്തില്‍ നടക്കണം. ഇവിടെയാണ്, സമൂഹമാധ്യമങ്ങളുടെ ശക്തിയും ദൌര്‍ബല്യവും. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വളരെ വളരെ സജീവമായി നടക്കുന്നുണ്ട്. നമ്മളെല്ലാവരും ഇവിടെ ചെലവിടുന്ന ഓരോ നിമിഷവും സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളെപ്പറ്റി, അസ്വാരസ്യങ്ങളെപ്പറ്റി ബോധവതികളാണ്. പക്ഷേ, നമ്മുടെ ന്യൂസ്ഫീഡ് ഒരിക്കലും ഒരുതരത്തിലും പൊതുസമൂഹത്തിന്റെ പരിച്ഛേദമല്ല എന്നും സമാനമനസ്‌കരുടെ സമാനചിന്തകളുടെ ഒരു മാറ്റൊലിത്താഴ്‌വര മാത്രമാണെന്നും നാം അറിയണം. ഇവിടെയാണ് സോഷ്യല്‍ മീഡിയ വിര്‍ച്വല്‍ ലോകത്തുനിന്നിറങ്ങേണ്ടത്. തെരുവുകളിലേക്കല്ല, മറിച്ച് സ്‌കൂളുകളിലേക്ക്, വീടുകളിലേക്ക്, ബസ് സ്‌റ്റോപ്പുകളിലേക്ക്, ചന്തകളിലേക്ക്, കടപ്പുറങ്ങളിലേക്ക്, ഇന്റര്‍സിറ്റി എക്‌സ്പ്രസിലേക്ക്, ജീസസ് ബസിലേക്ക്, മാനഞ്ചിറ മൈതാനത്തിലേക്ക്, കിഴക്കേകോട്ടയിലേക്ക്.. അങ്ങനെ ഈ സമൂഹത്തിലേക്ക് തന്നെ.


download (3)


മദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപഭോഗം പോലെ, അതിലുമപ്പുറം, മനസാക്ഷിയെ മരവിപ്പിക്കുന്ന ചിന്തകള്‍ നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്നുണ്ട്. ചാരിത്ര്യം കണ്ണീരില്‍ കഴുകിത്തോര്‍ത്തി സഹനത്തില്‍ പൊതിഞ്ഞ് ജീവിക്കുന്ന സതീദേവികളും പുറംലോകത്ത് ജോലിചെയ്യുക, ജീന്‍സിടുക, തുടങ്ങിയ ദുര്‍ഗുണങ്ങളോടുകൂടി പുരുഷനെ വശീകരിക്കാന്‍ നടക്കുന്ന രതീദേവികളും നിറഞ്ഞ സീരിയലിന്റെ രൂപത്തില്‍.. എങ്ങനെ നല്ല കേക്ക് ഉണ്ടാക്കാം, കാവ്യാ മാധവന്‍ വണ്ണം കൂട്ടിയതോ കുറച്ചതോ എങ്ങനെ എന്നതില്‍ തുടങ്ങി സര്‍ക്കുലേഷന്‍ കുറയുമ്പോള്‍ ഓര്‍ഗാസത്തിന് എളുപ്പവഴി വരെമാത്രം ആണ് പെണ്ണ് ചിന്തിക്കേണ്ടത് എന്നു പഠിപ്പിക്കുന്ന വനിതാ മാസികകളുടെ രൂപത്തില്‍.. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വഴിപിഴച്ചു, വീട്ടമ്മ ഒളിച്ചോടി തുടങ്ങിയ സ്ത്രീകളെ മാത്രം നന്നാക്കാനുള്ള (വീട്ടിലടയ്ക്കാനുള്ള) വാര്‍ത്തകളുമായി വരുന്ന പത്രങ്ങളുടെയും പാതിരാ െ്രെകം കഥകളുടേയും രൂപത്തില്‍.. പതിയെ പതിയെ നമ്മളെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പല പല വിഷങ്ങളും ക്യാപ്പിറ്റലിസം നമുക്ക് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് വെച്ചുനീട്ടുന്നുണ്ട്. ഇതിന് പരിഹാരം നമുക്ക് ഈ സത്യങ്ങള്‍, നമ്മുടെ ചിന്തകള്‍ ഉറക്കെ പറയുക (പോസ്റ്റ് അല്ല, ജനങ്ങള്‍ക്കിടയില്‍ തന്നെ) എന്നത് മാത്രമാണ്.


download (4)


ഇപ്പോള്‍തന്നെ നിലനില്‍ക്കുന്ന, പുല്‍വേര് തലത്തില്‍ ശൃംഖലയുള്ള പുരോഗമനപ്രസ്ഥാനങ്ങളുണ്ട് നാട്ടില്‍. ഇവയ്ക്ക് പ്രവര്‍ത്തകരെ കിട്ടുന്നില്ല, പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രസ്ഥാനങ്ങളെ കിട്ടുന്നില്ല. അല്‍പ്പം ചിന്തിച്ചാല്‍, ആസൂത്രണം ചെയ്താല്‍ ഈ രണ്ട് ഭാഗങ്ങളെത്തമ്മില്‍ കൂട്ടിമുട്ടിക്കാം. പഴയമട്ടില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തകരെയല്ല. വൊളന്റിയര്‍മാരെ പല സമയങ്ങളിലായി പരീക്ഷിക്കാന്‍ സംഘടനകളും തയ്യാറാകണം. ശാസ്ത്രാവബോധമുള്ള, പുരോഗമനചിന്തയുള്ള, മനുഷ്യപ്പറ്റുള്ള ഒരു തലമുറയെ ഇനി സൃഷ്ടിക്കേണ്ടതുണ്ട്. അതിന്, വാതിലുകള്‍ അടയ്ക്കുകയല്ല, തുറക്കുകയാണ് വേണ്ടത്. മനുഷ്യരെ ചെറിയ ചെറിയ കളങ്ങളില്‍ ഒതുക്കി മുന്നോട്ടുപോകുന്നതിനുപകരം, കൂടുതല്‍ പേരെ അണിചേര്‍ത്തുകൊണ്ട് ഇവയുടെ അടിത്തറയും റീച്ചും വര്‍ദ്ധിപ്പിക്കണം.


download (1)


കോരിച്ചൊരിയുന്ന മഴയില്‍ പുതപ്പ്, കള്ളുകുടിക്കുമ്പോള്‍ തൊഴിക്കാനൊരു വസ്തു, കൊമ്പനാനയുടെ തുമ്പിക്കൈയിലെ കന്യക എന്നിങ്ങനെ സ്ത്രീയെപ്പറ്റി ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകരുതാത്ത പിന്തിരിപ്പന്‍ ചിന്തകള്‍ നിറയുമ്പോള്‍, നമ്മുടെ പുരോഗമന കലാ സാഹിത്യ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കും നായികാനായകന്‍മാര്‍ക്കും മറുപടി പറയേണ്ടതുണ്ട്. ചിതലരിച്ച പുസ്തകങ്ങളില്ല, നവയുഗത്തിന്റെ നടുമുറ്റത്താണ് നിങ്ങള്‍ ഉണ്ടാവേണ്ടത്. ഒരു മനോരോഗിയെ കലാകാരനായി സമൂഹം സ്വീകരിക്കേണ്ടിവരുന്നത് ആ സമൂഹത്തില്‍ ചിന്തിക്കുന്ന, ദൃഷ്ടാന്തമുള്ള നിങ്ങള്‍ ദൃഷ്ടിയിലില്ലാത്തതുകൊണ്ടാണ്. നിങ്ങളിരിക്കേണ്ട കളത്തില്‍ നിങ്ങള്‍ തന്നെ ഇരിക്കുക. പ്രതികരിക്കുക, നയിക്കുക.


download (5)


വെറുപ്പിന്റെ, നൈരാശ്യത്തിന്റെ കാലാവസ്ഥയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അത് സ്വാഭാവികമാണ്. സ്ത്രീകള്‍ ഭയത്തിനപ്പുറവും പുരുഷന്‍മാര്‍ (അന്തസുള്ള പുരുഷന്‍മാര്‍) കുറ്റബോധത്തിനപ്പുറവും കണ്ടുകഴിഞ്ഞു. കറുത്ത മലിനജലം കെട്ടിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍നിന്ന് നല്ലതൊന്ന് ഉണ്ടാവുക എന്നത് പ്രയാസമാണ്. പക്ഷേ നമുക്ക് മാറേണ്ടതുണ്ട്. ജിഷയുടെ വിഷയത്തില്‍നിന്ന് നമുക്ക് വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. സമഗ്രമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.