(പൗരപ്രമുഖനും സദാചാരപ്രിയനും സര്‍വ്വോപരി സിഫിലീസ് ബാധിതനുമായ……വായിച്ച ഒരു റഷ്യന്‍ നോവലില്‍ നിന്നുള്ളതാണീ വരികള്‍.കേരളത്തിലെ സദാചാര ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ ഇത് ഓര്‍മ്മവരും.)
തിരുവനന്തപുരത്ത് ഓടുന്ന കാറില്‍ നിന്നും ഒരാണിനേയും പെണ്ണിനെയും ഓടിച്ചിട്ട് പിടിക്കുന്ന പോലീസ് അനാശാസ്യത്തിനു കേസ്സെടുക്കുന്നു.ചാവക്കാട്ടെ ഒരു വീട്ടില്‍ നിന്നും ഒരു യുവതിയേയും യുവാവിനെയും പ്രണയത്തില്‍ നിന്നും വിളിച്ചുണര്‍ത്തി നാട്ടുകാര്‍ പോലീസിനെ ഏല്പിക്കുന്നു.പാലക്കാട്ടെ കോട്ടമൈതാനത്തെ പാര്‍ക്കില്‍ ഹൃദയം തുറന്ന് പൂക്കളെ പോലെ ആഘോഷിച്ച കോളേജ് ആണ്‍/പെണ്‍കുട്ടികളെ പിടികൂടിയ വനിതാ പോലീസ് വീട്ടിലേക്ക് വിളിച്ച് മക്കളുടെ താന്തോന്നിത്തരം കാക്കിയുടെ ധിക്കാരസ്വരത്തില്‍ അറിയിക്കുന്നു.(മുരടന്‍ പുരുഷ പോലീസുകാരെ വെറുതെ വിടാം.പെണ്‍പോലീസെങ്കിലും അറിയേണ്ടതല്ലെ പ്രണയം കയറിയ മാന്ത്രികമനസ്സ്)മറൈന്‍ ഡ്രൈവില്‍ ആഴങ്ങളിലേക്ക് ലയിച്ചിരുന്ന സ്ത്രീയെയും പുരുഷനേയും പിറകില്‍ നിന്നും പോലീസ് ലാത്തി കൊണ്ടു ഞെരടുന്നു,കേസ്സെടുക്കുന്നു . ഈയടുത്തകാലത്ത് നേരിട്ടു കണ്ടതും കേട്ടതുമായ സംഭവങ്ങളാണ് ഇതൊക്കെ.
ശരീരങ്ങളെ മാനിക്കാത്ത ഇത്രമേല്‍ വൃത്തികെട്ട ഒരു സമൂഹം വേറെ എവിടെയെങ്കിലുമുണ്ടൊ എന്ന് സംശയമാണ്.വിളപ്പില്‍ ശാലയിലേ മാലിന്യക്കൂമ്പാരത്തേക്കാള്‍ ലാലൂരിലെ പടരുന്ന മാലിന്യത്തേക്കാള്‍ മൂക്കുപൊത്തി കണ്ണു പൊത്തി മുഖം തിരിക്കേണ്ടതാണൊ മനുഷ്യ ശരീരങ്ങള്‍. ലൈംഗീകതക്കുള്ള ഉപകരണങ്ങള്‍ ഉള്ളതു കോണ്ടായിരിക്കും ഇത്രമേല്‍ ശരീരങ്ങളെ ഭയം. |
ശരീരങ്ങളെ മാനിക്കാത്ത ഇത്രമേല്‍ വൃത്തികെട്ട ഒരു സമൂഹം വേറെ എവിടെയെങ്കിലുമുണ്ടൊ എന്ന് സംശയമാണ്.വിളപ്പില്‍ ശാലയിലേ മാലിന്യക്കൂമ്പാരത്തേക്കാള്‍ ലാലൂരിലെ പടരുന്ന മാലിന്യത്തേക്കാള്‍ മൂക്കുപൊത്തി കണ്ണു പൊത്തി മുഖം തിരിക്കേണ്ടതാണൊ മനുഷ്യ ശരീരങ്ങള്‍. ലൈംഗീകതക്കുള്ള ഉപകരണങ്ങള്‍ ഉള്ളതു കോണ്ടായിരിക്കും ഇത്രമേല്‍ ശരീരങ്ങളെ ഭയം.ഒരു രസികന്‍ പറഞ്ഞതു പോലെ മലയാളിക്ക് പണ്ടേ ഭയമാണ്, ഇംഗ്ലീഷും സെക്സും.രണ്ടിലും പ്രശ്നമാകുന്നത് ഗ്രാമര്‍ പിശകും പേടിയുമാണ്.അതുകൊണ്ടല്ലെ സെക്സിനു പോകുമ്പോള്‍ രണ്ടു പെഗ്ഗും വീശുന്നത്.രണ്ടിലേയും തോല്‍വി സഹിക്കാന്‍ പറ്റില്ല.കേരളത്തിലാണിത് കൂടുതല്‍,ആണും പെണ്ണും ഒന്നിടപെട്ടാല്‍ അത് അനാശാസ്യമാകുന്നു (സ്വകാര്യമായൊ/പരസ്യമായോ).ഇത് പോലീസിന്റെ ഭരണകൂടത്തിന്റെ കോടതിയുടെ പൊതുജനത്തിന്റെ മാധ്യമങ്ങളുടെ പൊതു ഭാഷ്യമാകുന്നു.ലൈംഗീകതയുമായുള്ള ആഗ്രഹങ്ങള്‍ തേടിപ്പിടിക്കല്‍ അനുഭവിക്കല്‍ എല്ലാം അനാശാസ്യമെന്ന വിഭാഗത്തില്‍ പെടുന്നു.ഇഷ്ടപ്പെട്ടത് സ്വന്തമാക്കുക എന്നത് മനുഷ്യ സ്വഭാവമാണ്.ഭക്ഷണമാണെങ്കില്‍ ഇഷ്ടമുള്ളിടത്ത് കയറി ആവശ്യത്തിനും അനാവശ്യത്തിനും ചെലുത്താം.മാന്യമായി ബില്ലും കൊടുത്ത് ബാലന്‍സില്‍ നിന്ന് ടിപ്പും കൊടുത്ത് ഞെളിഞ്ഞിറങ്ങാം.പുസ്തകമാണെങ്കില്‍ പേജുകള്‍ മറിച്ചും മറിക്കാതെയും കൈപിടിക്കാം.ഒരു സ്ത്രീയുമൊത്ത് കുറച്ച് സഞ്ചരിക്കാമെന്നു വെച്ചാലോ.ജന്മം പോകും മോനെ.
ശരീരത്തിന്റെ കാര്യം വരുമ്പോള്‍ കളി മാറുന്നു.ലൈംഗീകതയുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.പ്രണയത്തിന്റെ കാര്യത്തില്‍ ലൈംഗീകതയുടെ കാര്യത്തില്‍ എനിക്കും താല്പര്യമുണ്ട് താത്പര്യമുണ്ട് എന്ന്‍ ജോര്‍ജ്ജ് മാഷ് പറഞ്ഞതു പോലെ ആത്മഗതം ചെയ്യാത്തവര്‍ ജീവനുള്ളവരില്‍ അധികം ഉണ്ടാവാന്‍ വഴിയില്ല.ഉണ്ടെങ്കില്‍ അവര്‍ എറിയാനുള്ള കല്ല് താഴെവെക്കട്ടെ.
സിനിമാ മാഗസിനുകള്‍ വാങ്ങി സെന്റര്‍ പേജ് കുത്തനെ പിടിച്ച് നെടുവീര്‍പ്പിടുന്നവരെ മാടക്കടയുടെ മുന്നിലെ കാഴ്ചയാണ് . ഒരു കാലത്ത് ഒരു രാഷ്ട്രീയ യുവജന സംഘടനയുടെ സംസ്ഥാന കമ്മിറ്റി എപ്പോഴും തൃശൂരായിരിക്കും ചേരുക.കേരളത്തിന്റെ നടുക്കഷ്ണമാണ്,സാംസ്കാരിക നഗരമാണ് എന്നൊക്കെ പറഞ്ഞ് ഇതിനെ അംഗീകരിച്ചുകൊടുക്കാവുന്നതാണ്.പൂച്ച പുറത്തു ചാടിയത് പിന്നീടാണ്.ഉച്ചക്ക് മുന്നേ മീറ്റിംഗ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.ഇവിടെ ഒരു തിയ്യറ്ററില്‍ സ്ഥിരമായി നീലപ്പടങ്ങള്‍ നൂണ്‍ ഷോ ആയി പ്രദര്‍ശിപ്പിച്ചിരുന്നു.കമ്മിറ്റിയിലെ പ്രധാന ഭാരവാഹിക്ക്/ഭാരവാഹികള്‍ക്ക് ഈ തിയ്യറ്ററില്‍ സീസണ്‍ ടിക്കറ്റ് ഉണ്ടായിരുന്നുവത്രെ.അന്ന് നൂണ്‍ ഷോ കണ്ട നേതാക്കള്‍ ഇപ്പോള്‍ മൂന്നു ഷോയും കാണാന്‍ സാധിക്കുന്ന വിധം അധിക സമയമുള്ള വലിയ നേതാക്കളാണ്.ഈ വിപ്ലവത്തെ കുറ്റം പറയുകയല്ല.ഇങ്ങിനെയൊക്കെയാണ് സര്‍ സമൂഹം മുന്നോട്ടു പോകുന്നത്.
പഴുന്തുണി പോലെ അഴുകിയും വിളര്‍ത്തും കിടക്കുന്ന മനുഷ്യര്‍ ഊര്‍ജ്ജസ്വലമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കണ്ടിട്ടില്ലെ.അയാള്‍ക്ക്/അവള്‍ക്ക് പ്രകാശന സാദ്ധ്യതയുള്ള എന്തെങ്കിലും സ്വശരീരത്തിലോ മനസ്സിലോ ഉണ്ടെങ്കില്‍ അതില്‍ മറ്റുള്ളവര്‍ തൊടുമ്പോഴാണ് ഓര്‍മ്മപ്പെടുത്തുമ്പോഴാണ് അങ്ങിനെ സംഭവിക്കുന്നത്. അതവനെ ഉണര്‍ത്തുന്നു,ഉയര്‍ത്തുന്നു . മരിച്ചാ മതി എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന രോഗികളെ കണ്ടിട്ടില്ലെ. ആത്മബന്ധമുള്ളവരുടെ ഒറ്റ വാക്കില്‍ ഒറ്റ നോട്ടത്തില്‍ ഒറ്റത്തൊടലില്‍ ഒരങ്കത്തിനല്ല പല അങ്കങ്ങള്‍ക്ക് ബാല്യമുണ്ടെന്ന ആവേശത്തില്‍ അവര്‍ തളിര്‍ത്ത് പൂവും കായുമാവുന്നതു കണ്ടിട്ടില്ലെ നിങ്ങള്‍ . അതു കൊണ്ട് ശരിരത്തിന്റെ പ്രധാന ഭാഷകളിലൊന്നായ ലൈംഗീകതയെ നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുക,അനുഭവിച്ചു കൊണ്ടിരിക്കുക.പ്രയോഗത്തിലില്ലെങ്കില്‍ ഭാഷ മരിച്ചുപോകുമെന്നാണല്ലൊ.ഈ ഭാഷ പക്ഷെ മരിക്കില്ല,നമ്മെ കൊല്ലും.നമ്മെ കൊണ്ട് എന്തും ചെയ്യിക്കും.അതിന്റെ അടിച്ചമര്‍ത്തല്‍ അഗ്നിപര്‍വ്വതം പോലെ തിളച്ചുമറിയുന്നതിലേ അവസാനിക്കൂ.
ലോകത്തില്‍ ഏറ്റവും സുന്ദരം അപരത്വമാണ്. അപരമനുഷ്യന്‍ അപരശരീരം അപരമനസ്സ് അപരലോകം.പ്രണയം അപരത്വമാണ്.വിവാഹത്തിനു മുമ്പായാലും ശേഷമായാലും,ഹോമിയോ മരുന്നു പോലെ അതിനു നിശ്ചിത സമയങ്ങളില്ല.അപരിചിത മനുഷ്യന്‍ അപരിചിത ശരീരം അപരിചിതമായ മനസ്സ്, ഒരു പുതിയ ലോകത്തെ തൊടുന്നതു പോലെയാണത്.ഇതൊക്കെ എത്രയെത്ര അനുഭവങ്ങള്‍ കാഴ്ചകള്‍ ഗന്ധങ്ങള്‍ നമുക്കു തരുന്നു . ഇതെല്ലാം അനാശാസ്യങ്ങള്‍ ആണെങ്കില്‍ നമ്മുടെ നാടു ഓരോ നിമിഷവും ഓരോ ചുവടും മുന്നോട്ടു വെക്കുകയാണ്,മനോഹരമായ അനാശാസ്യത്തിലേക്ക്.
അനാശാസ്യസുന്ദരമായ ലോകം ഓരോ മനുഷ്യന്റെയും സ്വപ്നമാവട്ടെ.