മറ്റേതു ദിവസവുമെന്ന പോലെ ബോയിങ് 777 വിഭാഗത്തിലെ എമിറേറ്റ്സിന്റെ ഇ കെ 521 വിമാനം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിയിലേക്ക് പറക്കാനാരംഭിച്ചു. മലയാളികളടക്കം 282 യാത്രക്കാരും 18 ജീവനക്കാരുമാണ് ജീവിത സ്വപ്‌നങ്ങളിലൂടെ മേഘങ്ങളില്‍ മുട്ടിയുരുമി ആകാശ യാത്ര നടത്തിരുന്നത്. ദുബായ് സമയം ഉച്ച്ക്ക് 12.45; ചുടു കാറ്റടിക്കുന്ന റണ്‍ വേയിലേക്ക് വിമാനം ഒഴുകിയിറങ്ങുന്നു. പൈലറ്റിന്റെ പരിഭ്രാന്തമായ നിര്‍ദ്ദേശം മുഴങ്ങിക്കേട്ടു. വിമാനത്തിന് യന്ത്രത്തകരാറുണ്ട്. ലാന്റ് ചെയ്താലുടന്‍ എല്ലാവരും പുറത്തേക്കിറങ്ങി ഓടണം . കൂട്ടനിലവിളി ഉയര്‍ന്നു. ലാന്റിങ്ങിനിടെ വിമാനത്തിന്റെ ചിറകാണ് ആദ്യം റണ്‍ വേയില്‍ ഉരഞ്ഞത് . അതോടെ തീ പടരുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിന്‍ ഭാഗത്തു നിന്നുമാണ് അതു തുടങ്ങിയത്. മുഴുവന്‍ പേരും അടിയന്തിര വാതായനത്തിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. മിനുട്ടൊന്നു കഴിഞ്ഞില്ല. പരിപൂര്‍ണ്ണമായും തീ വിഴുങ്ങിയ വിമാനം ഉഗ്രശബ്ദത്തോടെ കത്തിയമരാന്‍ തുടങ്ങുന്നു.
നിലത്തിറങ്ങി കേവലം 90 സെക്കന്‍ഡിനുള്ളില്‍ യാത്രികരെയപ്പാടെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നതിനടക്കം മുന്‍പന്തിയില്‍ നിന്ന അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ ജാസിം ഇസാ മുഹമ്മദ് ഹസ്സനും ആകാശം മുട്ടുന്ന തീജ്വാലകളില്‍ ഉരുകിത്തീര്‍ന്നിരിക്കുന്നു. സ്വജീവന്‍ തൃണവത്ക്കരിച്ച് വിശ്വമാനവികതയുടെ പ്രതീകമായ് മാറിയ ജാസിം, റാസല്‍ ഖൈമ സ്വദേശിയാണ്. നഷ്ടമായേക്കാവുന്ന ജീവന്‍ തിരികെ ലഭ്യമായിട്ടും തങ്ങളുടെ രക്ഷകനെ മരണം കവര്‍ന്നതിലുള്ള ദുഃഖത്തിലാണ് മലയാളികളായ പ്രവാസികളും യു എ ഇ നിവാസികളുമെല്ലാം. മലയാളികളടക്കമുള്ള ലക്ഷോപലക്ഷം മനുഷ്യരുടെ ജീവിത സന്ധാരണത്തിന് അടിസ്ഥാനം നല്‍കുന്ന യു എ ഇ യുടെ മാനുഷികമുഖം സ്വജീവന്‍ നല്‍കി പ്രോജ്വലമാക്കിയ ജാസിം ഇസാ മുഹമ്മദ് ഹസ്സന്‍ മരണത്തിനപ്പുറവും ലോകമാനവികതയുടെ സ്നേഹ ബിംബമായി മാറുന്നു.
വ്യോമയാനങ്ങളുടെ ചരിത്രം ആകസ്മികമായ അപകടങ്ങളുടേതു കൂടിയാണ്. സ്പെയിനിലെ റ്റെനെറൈഫ് എയര്‍ പോര്‍ട്ടില്‍ 1977 മാര്‍ച്ച് 27 നു നടന്ന അപകടത്തില്‍ 583 പേരാണ് മരണപ്പെട്ടത്. KLM Boeing 747 വിഭാഗത്തിലെ വിമാനം Pan Am 747 വിമാനവുമായി കൂട്ടയിടിക്കുകയായിരുന്നു. 1985. ആഗസ്റ്റ് 12 ന് നടന്ന ജപ്പാന്‍ എയര്‍ലൈന്‍സ് 123 വിമാനാപകടത്തില്‍ 520 പേരാണ് മരണപ്പെട്ടത്. സമാനമായ നിലയില്‍ നിരവധിയായ അപകടങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
വ്യോമഗതാഗത രംഗത്തെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എയര്‍ പോര്‍ട്ടുകളുടേയും വിമാനങ്ങളുടേയുമെല്ലാം ഗുണനിലവാരം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നിശ്ചിത കാലയളവുകള്‍ക്കു മേല്‍ ഉപയോഗിക്കപ്പെട്ട വിമാനങ്ങള്‍ യാത്രാ സംവിധാനങ്ങളില്‍ നിന്നും ഒഴിവാക്കുകയും യന്ത്രസംബന്ധികളായ പരിശോധനകളില്‍ കൃത്യതയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. പൈലറ്റുമാരുടെ അമിത ജോലിഭാരവും പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്. ആവശ്യമായ വിശ്രമമനുവദിക്കുകയും ജോലിഭാരം ലഘൂകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ. വ്യോമഗതാഗത രംഗത്തെ അനാരോഗ്യകരമായ മത്സരങ്ങള്‍ പലപ്പോഴും ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു.
അപകടരഹിതങ്ങളായ യാത്രകള്‍ക്ക് ബന്ധപ്പെട്ട സംവിധാനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതിലൂടെ യോജിച്ച ഇടപെടലുകള്‍ സാധ്യമാക്കേണ്ടതുണ്ട്. മലയാളികളടക്കമുള്ളവരുടെ ജീവന്‍ സംരക്ഷിക്കുന്നതിനിടെ സ്വയം പൊലിഞ്ഞ അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ ജാസിം ഇസാ മുഹമ്മദ് ഹസ്സനെ കേരള സര്‍ക്കാര്‍ ഉചിതമായ നിലയില്‍ ആദരിക്കേണ്ടതുണ്ട്. കാരണം ഇസാ മുഹമ്മദ് ഹസ്സന്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ നിരവധികളായ കുടുംബംങ്ങള്‍ക്ക് നെടുംതൂണുകള്‍ നഷ്ടമായേനെ.
ജാസിം ഇസാ മുഹമ്മദ് ഹസ്സനെ മരണാനന്തര ബഹുമതി നല്‍കി കേരള സര്‍ക്കാര്‍ ആദരിക്കണം.
അക്ഷരം മാസിക