ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാന്‍കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റു ചെയ്തിരിയ്ക്കുന്നു. 2014 മുതല്‍ കുറുവിലങ്ങാടിനടുത്തുള്ള മഠത്തില്‍ വെച്ച് പതിമൂന്നു തവണ ബലാത്സംഗത്തിനു വിധേയയാക്കിയെന്ന കുറവിലങ്ങാട് മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീയുടെ പരാതിയിലാണ് ഫ്രാന്‍കോയെ അറസ്റ്റുചെയ്തിരിയ്ക്കുന്നത്. പ്രകൃതിവിരുദ്ധ പീഡനം (ഐ പി സി 377) , സ്ത്രീയെ നിര്‍ ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയാക്കല്‍ – ഐ പി സി 376 പ്രകാരമുള്ള വിവിധ ഉപവകുപ്പുകള്‍ , തടഞ്ഞുവെച്ച് ലൈംഗികകമായി പീഡിപ്പിയ്ക്കല്‍ (342) , ക്രിമിനല്‍ ബുദ്ധിയോടെ ഭീഷണിപ്പെടുത്തല്‍ (506) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത് .
മൂന്നു ദിവസങ്ങളിലായി 24 മണിക്കൂറുകളില്‍ 1000 ല്‍ അധികം ചോദ്യങ്ങളാണ് അന്വേഷണ സംഘം ഫ്രാന്‍കോ മുളയ്ക്കലില്‍ നിന്നും ആരാഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യങ്ങളും പഴുതടച്ച അന്വേഷണവും അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ വാദങ്ങള്‍ക്ക് ബൂമറാങ് ആകുകയായിരുന്നു. 2018 ജൂണ്‍ 27നാണ‌് ബിഷപ്പിനെതിരെ പരാതിയുമായി കന്യാസ‌്ത്രീ പൊലീസിനെ സമീപിയ്ക്കുന്നത്. തൊട്ടടുത്ത ദിവസം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏഴുപേജുകളുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ വിവരിയ്ക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പഴുതടച്ച ശാത്രീയാന്വേഷണമാണ് ഫ്രാന്‍കോയുടെ അറസ്റ്റിലേക്ക് വഴിതുറന്നത്.
മദര്‍ സുപ്പീരിയര്‍
പൊലീസില്‍ പരാതിപ്പെടുന്നതിനു മുന്‍പുതന്നെ 2017 മാര്‍ ച്ച് 26 ന് കന്യാസ്ത്രീ ബന്ധപ്പെട്ട സഭയുടെ മദര്‍ സുപ്പീരിയറിന് ഇതുസംബന്ധിച്ച് പരാതി നല്‍ കിയിരുന്നു. ബിഷപ്പിനു പ്രതികൂലമായ അന്വേഷണ റിപ്പോര്‍ട്ടാണ് മദര്‍ സുപ്പീരിയര്‍ സഭ നേതൃത്വത്തിനു നല്‍കിയത്. എന്നാല്‍ ഇതിന്മേല്‍ നടപടികളൊന്നും ഉണ്ടായില്ല. ഒത്തുതീര്‍പ്പുമായി വൈദികര്‍ തന്നെ രംഗത്തിറങ്ങി. ബിഷപ്പ് സസുഖം 18 മാസക്കാലം തന്റെ ചുമതലകളില്‍ തുടര്‍ന്നു. പൊലീസ് ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് ഫ്രാന്‍കോയ്ക്ക് സ്ഥാനം നഷ്ടമായത്. മദര്‍ സുപ്പീരിയറിന്റെ റിപ്പോര്‍ട്ടില്‍ ഒന്നരവര്‍ഷക്കാലം തുടര്‍ നടപടികള്‍ ഒന്നുമെടുക്കാന്‍ നടപടികളുണ്ടാകാത്ത ‘സഭാ സാഹചര്യത്തിലാണ്’ പരാതി ലഭ്യമായി 90 ദിവസങ്ങള്‍ ക്കകം കുറ്റവാളി അഴിയ്ക്കുള്ളിലായിരിയ്ക്കുന്നത്.
പ്രതീക്ഷാഭരിതം
പ്രതീക്ഷ പകരുന്ന ഭിന്നമാന സന്ദേശങ്ങളാണ് ഫ്രാങ്കോയുടെ അറസ്റ്റിലൂടെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പൊതുസമൂഹത്തോട് പങ്കുവെയ്ക്കുന്നത്. കുറ്റവാളി എത്ര ഉന്നതനായാലും നിയമത്തിനു മുന്നില്‍ ഒരുവിധത്തിലുമുള്ള പരിരക്ഷയും ലഭ്യമാകില്ലെന്ന് അതസന്നിഗ്ദ്ധം പ്രഖ്യാപിയ്ക്കുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയുടെ മേഖലയില്‍ കേരളത്തിന് അഭിമാനകരമായ വളര്‍ച്ചയുടേയും നേട്ടങ്ങളുടേയും സൂചികകളാണുള്ളത്. സ്ത്രീശാക്തീകരണത്തിന്റെ രംഗത്ത് സര്‍വ്വദേശീയമായി തന്നെ കേരള മാതൃക ചര്‍ച്ച ചെയ്യപ്പെടുന്നു.
എണ്ണത്തില്‍ കാര്യമുണ്ടായില്ല
2011 ലെ സെന്‍സസ് പ്രകാരം സ്ത്രീ – പുരുഷ അനുപാതം 1000 പുരുഷന്മാര്‍ ക്ക് 1084 സ്ത്രീകള്‍ എന്നതാണ്. എന്നാല്‍ എണ്ണത്തിലുള്ള മേല്‍ക്കൈ ലിംഗ സമത്വം / നീതി / സമത്വം എന്നീ മേഖകളിലൊന്നും സ്ത്രീകള്‍ക്ക് വേണ്ടനിലയില്‍ ലഭ്യമായിട്ടില്ല എന്നത് ഫ്രാന്‍കോ മുളയ്ക്കല്‍ അടക്കമുള്ള കുറ്റവാളികളുടെ മതം കനിഞ്ഞു നല്‍കുന്ന ‘ആണധികാര വാഴ്ച്ചകളുടെ’ അടിസ്ഥാനത്തില്‍ സുവ്യക്തമാണ്. പുരുഷാധിപത്യക്രമങ്ങളെ അട്ടിമറിച്ച് സ്ത്രീകള്‍ തൊഴില്‍ , വിദ്യാഭ്യാസം, പ്രാദേശിക ഭരണം തുടങ്ങിവിവിധ മേഖലകളില്‍ നയരൂപീകരണം മുതല്‍ ആസൂത്രണം, നിര്‍വ്വഹണം എന്നിവകളിലടക്കം സവിശേഷമാംവിധം ഇടപെടലുകള്‍ സാധ്യമാക്കുമ്പോള്‍ സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടിവരുന്ന പ്രശ്‍നങ്ങളും അനുദിനമെന്നോണം വര്‍ദ്ധിയ്ക്കുകയാണ്. ഭോഗവസ്തു എന്നനിലയില്‍ ‘ചരക്കുവത്ക്കരണം’ നടക്കുന്നത് മത സംവിധാനങ്ങളില്‍ മാത്രമല്ലെന്നത് വസ്തുതയാണ്.
ഉടായിപ്പുകള്‍ കുടുങ്ങി
വലതുപക്ഷ സംസ്കാരത്തില്‍ നിന്നും വിഭിന്നമായി ആക്രമിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്‌ത്രീക്ക് പരിപൂര്‍ണ്ണമായ സുരക്ഷ ലഭ്യമാകുകയും സമൂഹമധ്യത്തില്‍ അപമാനിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സ്ഥിതി പഴംകഥയാകുകയും ചെയ്യുന്നു. ജിഷ കേസില്‍ കുറ്റവാളിക്ക് വധശിക്ഷ ഉറപ്പാക്കാനായത്, ചലച്ചിത്രനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ്, കൊട്ടിയൂരിലെ വൈദികന്റെ പീഡനം, കുമ്പസാര രഹസ്യം മുന്‍നിര്‍ത്തി ബ്ലാക്ക‌് മെയില്‍ ചെയ‌്ത‌് വൈദികര്‍ നടത്തിയ പീഡനം, വിദേശവനിതയെ പീഡിപ്പിച്ചുകൊന്ന സംഭവം, ഹിന്ദുസന്യാസിയുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമം (ലിംഗം ഛേദിയ്ക്കപ്പെട്ടത്), ചില മുസ്ലിം പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസുകള്‍ തുടങ്ങി കുറ്റവാളികളാരായാലും തടവറയുറപ്പാക്കാനാകുന്നു.
ഇടതുപക്ഷ ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറയുന്നതിന്റെ പ്രധാന കാരണം കുറ്റവാളികളെ കണ്ടുപിടിക്കുന്നതിലും നടപടിയെടുക്കുന്നതിലുമുള്ള വേഗതയല്ലാതെ മറ്റൊന്നല്ല. ഫ്രാന്‍കോ മുളയ്ക്കല്‍ കേസിലും പൊലീസിന്റെ സമാനമായ സ്വതന്ത്രവും നീതിപൂര്‍വ്വകവും അവധാനതയോടെയുള്ള ഇടപെടലാണ് ഫലം കണ്ടത്. ബലാത്സംഗക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.അറസ്റ്റ് വൈകിപ്പിച്ച് ഫ്രാന്‍കോയെ രക്ഷപ്പെടുത്താന്‍ കേരളം സര്‍ക്കാര്‍ പരിശ്രമിയ്ക്കുന്നു എന്ന നിലയില്‍ നിരാഹാരമിരുന്ന കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി ചില സര്‍ക്കാര്‍ വിരുദ്ധര്‍ നടത്താന്‍ ശ്രമിച്ച കൊടിയ നുണപ്രചാരവേലയ്ക്ക് ഹൈക്കോടതി തന്നെയാണ് ‘അറസ്റ്റാണോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടലാണോ പ്രധാനം’ എന്ന ഒറ്റച്ചോദ്യത്തിലൂടെ അവസരോചിതമായി നിഷ്പ്രഭമാക്കിയത്. ഫ്രാന്‍കോയുടെ അറസ്റ്റോടെ അന്വേഷണത്തില്‍ ഹൈക്കോടതി പ്രകടിപ്പിച്ച ‘പരിപൂര്‍ ണ തൃപ്തി’ അര്‍ത്ഥവത്തായിരിയ്ക്കുന്നു.
സഭയ്ക്കുള്ളിലെ പുരുഷാധിപത്യത്തിനും ഏകാധിപത്യപ്രവണതകള്‍ക്കുമെതിരായി കന്യാസ്ത്രികള്‍ നടത്തിയ ഉപവാസ സമരത്തെ സര്‍ക്കാര്‍ വിരുദ്ധമാക്കാന്‍ താത്പ്പരകക്ഷികള്‍ നടത്തിയ കുത്സിതനീക്കങ്ങളെ പ്രബുദ്ധ കേരളം ഇതിനോടകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ സമരപ്പന്തലിലെ സാന്നിധ്യവും ഇതേ നിഗമനങ്ങള്‍ ശരിവയ്ക്കുന്നു.
പോപ്പ് ഫ്രാന്‍സിസ്, പുരോഹിതരില്‍ നിന്നും പീഡനം നേരിട്ട ലോകമാസകലമുള്ള പ്രായപൂര്‍ ത്തിയാകാത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടും കുടുംബാംഗങ്ങളോടും മാപ്പിരന്ന് അധികകാലമാകും മുന്‍പാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാരില്‍ നിന്നും കേരളത്തില്‍ കന്യാസ്ത്രികള്‍ ക്കടക്കം പീഡനങ്ങളേറ്റു വാങ്ങേണ്ടി വരുന്നത്.
പൈമൂന്നില്‍ മലര്‍ന്നു കിടക്കുന്നവരോട്
പതിമൂന്നുവട്ടം ബലാത്സംഗം ചെയ്തിട്ടും എന്തുകൊണ്ടാണ് മിണ്ടാത്തതെന്ന അയഞ്ഞ ആണ്‍ ചോദ്യങ്ങളും സമാന തരംഗദൈര്‍ഘ്യം രേഖപ്പെടുത്തുന്ന പെണ്‍ ചോദ്യങ്ങളും. അധികാരം ചങ്ങല തീര്‍ ക്കുന്ന അടിമസാമാനമായ അവസ്ഥ മഠങ്ങളിലും സെമിനാരികളിലും മദ്രസകളിലുമെല്ലാം തുല്യഅളവുകളില്‍ നിലനില്‍ക്കുന്നുവെന്നും ചോദ്യങ്ങളുയര്‍ത്തുന്നവര്‍ മാനസികരോഗാശുപത്രിയിലോ, ‘കിണറുകള്‍ ഉണ്ടാകുന്നത് കന്യാസ്ത്രികള്‍ക്ക് മരിച്ചു കിടക്കുവാന്‍ വേണ്ടിയാണ്’ എന്ന ഡോ ആരിഫ കെ സി യുടെ വരികളെ അന്വര്‍ത്ഥമാക്കും വിധം ‘മരിച്ചു തന്നെ കിടക്കേണ്ടി വരുമെന്നും അറിയാത്തത് ആര്‍ക്കാണ്.
സമ്മര്‍ദ്ദം, ഭീഷണി തുടങ്ങി സാധ്യമാര്‍ഗ്ഗങ്ങളെല്ലാം അവലംബിച്ച് ഇരയെ ഇച്ഛയ്ക്കനുസരണം കറുമുറം വെട്ടിത്തിന്നുബോള്‍ ശരീരവും മനസും തമ്മിലുള്ള ബന്ധം എവിടെയോ നഷ്ടമാകുമെന്നും അവനവന്‍ വെറും ഇറച്ചിക്കഷ്‌ണമെന്നോണം മരവിച്ചിരിയ്ക്കുമെന്നും തുളഞ്ഞു കയറുന്നതൊന്നും മനസില്‍ തൊടില്ലെന്നും ഒലിച്ചിറങ്ങുന്നതിനെ തികഞ്ഞ നിസംഗതയോടെ നോക്കിക്കണ്ട് വിഷാദമടക്കമുള്ള രോഗങ്ങളിലേയ്ക്ക് സ്വയമെടുത്തെറിയപ്പെടുന്നുവെന്ന് ‘കുര്‍ബാന’ മുഴക്കുന്ന പി സി ജോര്‍ ജ്ജുമാരെ എങ്ങിനെയാണ് മനസിലാക്കിക്കൊടുക്കുക. പതിമൂന്നാം വട്ടത്തിനുശേഷമല്ല മദര്‍ സുപ്പീരിയറിനു പരാതി നല്‍കിയതെന്ന് ഏത് സുവിശേഷപ്രകാരമാണ് വിവരിച്ചു നല്‍കുക. പതിമൂന്നിന്റെ ‘കെട്ട’ കഥ അകവും പുറവും അയവിറക്കി ഇക്കിളികളില്‍ അഭിരമിയ്ക്കുന്ന പോണ്‍ സൈറ്റുകളിലെങ്ങാനും ‘ഫ്രാന്‍കോ പിതാവിന്റെ’ ഒളിവീഡിയോ പലവട്ടം തിരഞ്ഞു നോക്കുന്ന ആ സദാചാരവാദിയായ കാപട്യക്കാരനെ മതഭേദമെന്യേ തിരിച്ചറിഞ്ഞ് പരസ്യം ചാട്ടവാറിനടിയ്‌ക്കേണ്ടതുണ്ട്.
കെ സി ബി സി യ്ക്ക് വേദനയെന്തിന്
കത്തോലിക്കാ പുരോഹിതരുടെ സ്ഥിരം കൂട്ടായ്മയാണ് കേരളാ കാത്തലിക്ക്സ് ബിഷപ്പ്സ് കൗണ്‍ സില്‍. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര വിഭാഗങ്ങളിലെ പുരോഹിതനാണ് കെ സി ബി സി യിലെ അംഗങ്ങള്‍.പള്ളിയെ ബാധിയ്ക്കുന്ന ചോദ്യങ്ങള്‍ക്കുമേലുള്ള ചര്‍ച്ച/ പഠനം / സംഘാടനം / നിര്‍വ്വഹണം എന്നിവയ്ക്കുപുറമേ കേരളത്തിലെ പള്ളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപപ്പെടുത്തി ഫലപ്രദമായ നടപടികള്‍ ഉറപ്പാക്കുക എന്നതുമാണ് കെ സി ബി സി യുടെ പരമപ്രധാനമായ ലക്ഷ്യങ്ങള്‍.
ബിഷപ്പ് പദവി അലങ്കരിയ്ക്കുന്നയാള്‍ തന്നെ വേട്ടക്കാരനായ് ഉപാധിരഹിതമായി ജീവിതം സഭാലക്ഷ്യങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും ബലാത്സംഗത്തിനു വിധേയമാക്കുമ്പോള്‍ കെ സി ബി സി എടുക്കേണ്ട നിലപാടെന്താണ്. സര്‍ക്കാര്‍/ പൊതുസമൂഹം ഒന്നടങ്കം അറസ്റ്റിനും ശിക്ഷയ്‌ക്കും ആവശ്യമായ ഇടപെടലുകള്‍ ഒരുമനസോടെ സംഘടിപ്പിയ്ക്കുമ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകമെന്ന് കെ സി ബി സിയ്ക്ക് തോന്നുന്നത് അടിമുടി സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവും പീഡനാനുകൂലവും ആയതിനാലല്ലാതെ മറ്റെന്താണ്. കെ സി ബി സി നിലപാട് അതുകൊണ്ടുതന്നെ ജനാധിപത്യ സമൂഹം വിമര്‍ശനപരമായി ചര്‍ച്ചചെയ്യുകയും കെ സി ബി സി യിലെ ബലാത്സംഗാനുകൂലികളെ നിയമത്തിനുമുന്നില്‍ എത്തിയ്ക്കുകയും വേണം.
” ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീമാര്‍ നടത്തുന്ന സമരപരിപാടികള്‍ അതിരുകടന്നത്. ഇത് അംഗീകരിക്കാനാവാത്തതാണ്. സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളും വൈദികരും സഭയുടെ താല്‍പര്യങ്ങള്‍ക്കും സന്യാസ നിയമങ്ങള്‍ക്കും എതിരാണ്. സമരം സഭയുടെ ശത്രുക്കള്‍ക്ക് കത്തോലിക്കാ സഭയെയും അധികാരികളെയും ചടങ്ങുകളെയും പരസ്യമായി അവഹേളിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. ബിഷപ്പ് അറസ്റ്റിലായെങ്കിലും പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ല. എന്തിന്റെ പേരില്‍ നടത്തിയ സമരമായാലും അംഗീകരിക്കാനാവില്ല” .
ഈവിധം ഏകപക്ഷീയ ഫാന്‍കോ അനുകൂല നിലപാടെടുക്കുന്ന കെ സി ബി സിയ്‌ക്കെതിരെ നിഷ്കളങ്കാവിശ്വാസം വെച്ചുപുലര്‍ത്തുന്ന സഭാവിശ്വാസികളും തുല്യനീതിയില്‍ വിശ്വസിയ്ക്കുന്നവരും നിലപാടെടുക്കേണ്ടതുണ്ട്. വിശ്വാസങ്ങളെ ദുര്‍വിനിയോഗം ചെയ്ത് സഭ ഒരൊന്നാംതരം കച്ചവട സ്ഥാപനമായി പരിണാമം ചെയ്തതിന്റെ ബാക്കിപത്രമാണ് കെ സി ബി സിയുടെ അപകടകരമായ ബലാത്സംഗിക്കനുകൂലമായ ഉറച്ചുനില്‍പ്പ്.
അന്വേഷണ സംഘത്തിന് അഭിവാദനങ്ങള്‍
മത / പൗരോഹിത്വ ശാസനങ്ങളുടെ പുരുഷാധികാര ബലാത്സംഗ പ്രയോഗത്തിനെതിരെ നിയമപോരാട്ടം സംഘടിപ്പിച്ച കന്യാസ്ത്രീയ്ക്ക് സിസ്റ്റര്‍മാരായ അനുപമ, ആന്‍സിറ്റ, ആല്‍ ഫി, ജോസഫൈന്‍, നിനാജോസ് എന്നിവരാണ് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയത്. വ്യവസ്ഥിതിയ്‌ക്കെതിരായി ബന്ധപ്പെട്ടവര്‍ നടത്തിയ ത്യാഗനിര്‍ഭരമായ പോരാട്ടം കേരളീയ നവോത്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. നീതിയ്ക്കായുള്ള ഒത്തുതീര്‍ പ്പുകളില്ലാത്ത മാതൃകാപരമായ പോരാട്ടത്തെ അക്ഷരം മാസിക അഭിവാദനം ചെയ്യുന്നു. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ നിലയില്‍ കേസന്വേഷണം സംഘടിപ്പിച്ച് ഫ്രാന്‍കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത പ്രത്യേക അന്വേഷണ സംഘത്തെ അഭിനന്ദിയ്ക്കുന്നു.
സമരയോദ്ധാക്കള്‍ക്ക് പുരോമന കേരളം സംരക്ഷണം നല്‍കും
സമരത്തില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ മാന്തവാടി സഭ പ്രതികാര നടപടികള്‍ ആരംഭിച്ചെങ്കിലും അല്‍മായരുടെ കനത്ത എതിര്‍പ്പിനെത്തുടർന്ന് ഇടവക വികാരിയുടെ വേദപാഠം, കുര്‍ബാന എന്നിവ നല്‍കുന്നതില്‍ നിന്നുമുള്ള വിലക്ക് പിന്‍വലിച്ചിരിയ്ക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുക്കുകയും പീഡനത്തിനിരയായ കന്യാസ്‌ത്രീയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്ത സമരധീരരായ ഇതര കന്യാസ്ത്രീകള്‍ക്കുമേലടക്കം സഭയുടെ ഭാഗത്തുനിന്നും പ്രതികാര നടപടികളുണ്ടായാല്‍ അത് നേരിടാന്‍ പൊതുസമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
Centre for Film Gender & Culture Studies ന്റെ ആഭിമുഖ്യത്തില്‍ #ActAgainstAbuse ന്റെ ഭാഗമായി കന്യാസ്സ്ത്രീ സമരപ്പന്തലിലേയ്ക്ക് നടന്ന മാര്‍ച്ചില്‍ www.aksharamonline.com എഡിറ്റര്‍ ദിവ്യ കെ സംസാരിയ്ക്കുന്നു.
കന്യാസ്ത്രീ സമരം സമ്പത്തിന്റെയും അധികാരത്തിന്റെയും ഹുങ്കുകളില്‍ പടുത്തുയര്‍ത്തിയ മത മേലദ്ധ്യായങ്ങളുടെ ചെകിളകള്‍ തകര്‍ക്കുകതന്നെ ചെയ്യും. സമാനമായ നിലയില്‍ ഇതര വ്യവസ്ഥാപിത മതങ്ങളിലും ആണധികാരത്തിന്റെയും ചൂഷണങ്ങളുടേയും ചങ്ങലകള്‍ പൊട്ടിച്ച് സ്ത്രീകള്‍ തെരുവുകളിലേയ്ക്ക് കടന്നുവരാന്‍ ‘ഫ്രാന്‍കോ പെട്ട’ സമരം പ്രചോദനമാകും.
സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക വകുപ്പ്
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പ്രതികയിലും ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളിലും സ്‌ത്രീകള്‍ക്കുവേണ്ടി ഒരു പ്രത്യേക വകുപ്പ് ആരംഭിക്കുന്നതിനുള്ള നിര്ദദ്ദേശങ്ങളുണ്ട്. മതം / ഭരണകൂടം തുടങ്ങി വ്യവസ്ഥാപിത സംവിധാനങ്ങളെ നിയന്ത്രിയ്ക്കുന്നവര്‍ തന്നെ സ്ത്രീകള്‍ ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതിസ്ഥാനത്തെത്തുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രമുള്ള പ്രത്യേക വകുപ്പെന്ന ആശയം അടിയന്തിരപ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ ത്ഥിയ്ക്കുന്നു.