ആത്മപ്രകാശനത്തിനും ആത്മാവിഷ്ക്കാരത്തിനും പൊതു സമൂഹം വൈവിധ്യമാര്‍ന്ന ഉപാധികള്‍ പ്രയോജനപ്പെടുത്താറുണ്ട്. കല , സാഹിത്യം , സിനിമ തുടങ്ങി സംവേദനത്തിന്റെ ഭിന്ന രൂപങ്ങള്‍ അതതു കാലത്തെ പൊതു/ അരികു ജീവിതങ്ങളുടെ പ്രതിഫലനങ്ങളാകുന്നു. മതം / ഭരണകൂടം തുടങ്ങി വ്യവസ്ഥിതിയുടെ കൈരേഖകളില്‍ സുനിശ്ചിതവും സുബന്ധിതവും ' സുരക്ഷിതവുമായിരുന്ന' സംവേദനത്വത്തിന്റെ ഭിന്ന രൂപങ്ങള്‍ പൊതുസാമാന്യത്തിനും പാര്ശ്വവല്കൃതര്ക്കും പ്രാപ്യമായത് കാല ദേശ ഭേദമെന്യേ ഉരുത്തിരിഞ്ഞ നവോതഥാന പ്രസ്ഥാനങ്ങളുടെ കരുത്തിലൂടെയാണ്. അധസ്ഥിതനും സ്ത്രീക്കും അറിവും അക്ഷരവും നിഷേധിച്ചിരുന്ന ഇരുണ്ട കാലത്തിന്റെ ചങ്ങല പൊട്ടിച്ച് തോട്ടക്കാട്ട് ഇക്കാവമ്മയും, കുട്ടിക്കുഞ്ഞി തങ്കച്ചിയുമടക്കം സാഹിത്യം മാധ്യമമാക്കി നടത്തിയ മുന്നേറ്റങ്ങള്‍ ഭാഷാ സാഹിത്യ രംഗത്തെ സ്ത്രീയുടെ സര്‍ഗ്ഗാത്മക ഇടപെടലുകളുടെ അടയാളപ്പെടുത്തലുകളാണ്.
എന്തിനെഴുതണം (സാഹിത്യം / സാഹിത്യേതരം) ആരെല്ലാമെഴുതണം ആര്‍ക്കു വേണ്ടി എഴുതണം; വിപണി എഴുതുന്നവരോട് നിരന്തരം ചോദിക്കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന പദാവലികളാണിവ. ' അവരുടെ ' സൌകര്യാര്‍ത്ഥം എഴുത്തിനെ കള്ളികളാക്കി കളം കളം തിരിക്കുകയും ഉചിതവും അനുഗുണവുമായ ഇടങ്ങളില്‍ വില്പ്പനക്കായ് ഒരുക്കുകയും ചെയ്യുന്നു. സാംസ്ക്കാരിക - നവോത്ഥാന കാലഘട്ടത്തിലെ എഴുത്തിന്റെ ഇടം (space) തികച്ചും സ്വാഭാവികമായി രൂപപ്പെട്ട ഒന്നായിരുന്നുവെങ്കില് ആഗോളീകൃത കാലഘട്ടത്തിലെ എഴുത്ത് കച്ചവടത്തിന്റേയും സംഘാടനത്തിന്റേയും വിരുതുകളുടെ നിപുണതകളില്‍ ഉരുവപ്പെടുന്ന ' ഒന്നു ' മാത്രമായി പലപ്പോഴും ഉത്പ്പന്നവത്ക്കരിക്കപ്പെടുന്നു. കോര്പ്പറേറ്റ്വത്കൃതജീതിതത്തിലെ അടുക്കളക്കും ഊണ്മുറിക്കും കട്ടിലിനും ബന്ധങ്ങള്ക്കുമുണ്ടായ സവിശേഷതളില്‍ നിന്നും സാഹിത്യവും വിഭിന്നമാകുന്നില്ല.
സ്ത്രീകളുടെ എഴുത്തിനോടും വായനയോടുമുള്ള ഗൗരവതരമായ സമീപനങ്ങളെ സംബന്ധിച്ച് നര്‍മ്മമെന്ന വ്യാജേന നിരര്‍ത്ഥകമായ സൂചനകളാണ് ' ചിലയിടങ്ങളെങ്കിലും ആണ് - പെണ് ഭേദമെന്യേ പങ്കു വെയ്ക്കപ്പെടാറുണ്ട്. എന്നാല്‍ അച്ചടി മാധ്യമങ്ങളോടുള്ള ആഭിമുഖ്യത്തെ സംബന്ധിച്ചുള്ള പഠനങ്ങളില്‍ കേരളവും (64 ശതമാനം) , മിസോറാമും ( 65 ശതമാനം) മുന്പന്തിയിലാണെത് വെളിപ്പെടുത്തപ്പെടുന്നു. ബന്ധപ്പെട്ട സംസ്ഥാനങ്ങളാണ് ഇന്ത്യയില്‍ സ്ത്രീ സാക്ഷരതയില്‍ പ്രഥമ സ്ഥാനങ്ങളലങ്കരിക്കുന്നത് എന്നതു കൊണ്ടാകാം ഇത്തരം ഒരു മുന്നേറ്റത്തിനു കാരണം.
ഡിജിറ്റല്‍ ചുമരുകളില്‍ സംഭവിക്കുന്നത്
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വികാസവും എഴുത്തിന്റെ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ ശുഭസൂചകങ്ങളാണ്. ഇന്റര്‍നെറ്റ് അധിഷ്ടിത അനുബന്ധ സങ്കേതങ്ങളായ ബ്ലോഗുകള്‍ / സാമൂഹ്യ ശൃംഖലകള്‍ , ഇ മാസികകള്‍ തുടങ്ങിയവയിലൂടെ ഭാഷയും സാഹിത്യവും കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നു. എഴുതുന്നവരിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനന്തമായ സാധ്യതകളാണ് ഈ വാതായനങ്ങള്‍ തുറന്നു വെയ്ക്കുന്നത്. വിവിധ സാമൂഹ്യ സാഹചര്യങ്ങളുടെ ഭാഗമായി എഴുതുന്നതിനോ വായിക്കുന്നതിനോ അവസരം നഷ്ടമായ നിരവധിയായ പ്രതിഭാധനര്‍ക്ക് രചനകള്‍ ' ഭയരഹിതമായി ' അവതരിപ്പിക്കുന്നതിനുള്ള അവസരമായി ഇതു മാറുന്നു. സൈബര്‍ ഭിത്തികളിലൂടെ പൊതു ലോകത്തോടു സംവദിച്ച നിരവധിയായ സ്ത്രീകളുടെ രചനകള്‍ പുസ്തക രൂപത്തിലെത്തിയതും സ്ത്രീകളുടെ സൈബര്‍ സര്‍ഗ്ഗാത്മകതയുടെ മികവുറ്റ ഉദാഹരണങ്ങളാണ്.
ഇതര മാധ്യമങ്ങളെയുമെന്ന പോലെ ഇന്റര്‍നെറ്റിനെയും സാമ്രാജ്യത്വം ഫലപ്രദമായി ഉപയോഗിക്കുന്നു. പോര്‍ണോഗ്രഫി, പരസ്യങ്ങളുമായി ബന്ധപ്പെട്ട ശരീര പ്രദര്‍ശനം, ' ചാറ്റ് ' ഉപയോഗപ്പെടുത്തിയുള്ള ബ്ലാക്ക് മെയ്ലിങ്ങ്, തുടങ്ങി പെണ്വാണിണിഭങ്ങളുടെയടക്കം ഇടപാടു നിലമായി ബന്ധപ്പെട്ട മേഖല മാറിയിരിക്കുന്നു. സാക്ഷരതയുടെയടക്കം വിഷയത്തില്‍ ഇനിയുമേറെ മുന്നേറ്റം സംഘടിപ്പിക്കേണ്ട പരിതസ്ഥിതിയില്‍ ഇന്റര്‍നെറ്റ് അനുബന്ധ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിനുള്ള സാഹചര്യം പരിമിതപ്പെട്ടു തന്നെ നിലകൊള്ളുന്നു. ലിംഗഭേദമേന്യേ വര്‍ദ്ധിച്ച നിലയില്‍ സ്ത്രീകള്‍ സാമൂഹ്യ ശൃംഖലകളിലും ബ്ലോഗുകളിലും തങ്ങളുടെ വിരലടയാളം പതിപ്പിക്കുന്നുണ്ടെങ്കിലും അവയില്‍ ചിലതെങ്കിലും അരാഷ്ട്രീയവും ഏകപക്ഷീയവുമായ ബൌദ്ധിക നാട്യങ്ങളോ കേവലം പുരുഷ വിരോധത്തിലധിഷ്ഠിതമായ പരാമര്‍ശനങ്ങളോ മാത്രമായി പരിമിതപ്പെടുന്നതും കാണാതിരുന്നുകൂട.
' എഴുത്തിന് ലിംഗ ഭേദങ്ങളില്ല '
സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കും തുല്യ നീതിയിലധിഷ്ഠിതമായ സ്ത്രീപദവിക്കും വേണ്ടിയുള്ള പോരാട്ടങ്ങളെ ഭിന്നിപ്പിക്കുന്നതിനും അടിസ്ഥന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും വേണ്ടി മാത്രമാണ് സാഹിത്യത്തിലും ' പെണ്ണെഴുത്ത് ' അടിച്ചേല്‍പ്പിക്കപ്പെടുന്നത് . രചന , സ്ത്രീയുടേതാണെന്നതു കൊണ്ടു മാത്രം ആഘോഷവത്ക്കരിക്കപ്പെടുന്നതിലെ യുക്തി തികച്ചും അസഹനീയമാണ്. ' ജീവിതമുള്ള' രചനകള്‍ രചയിതാവിന്റെ ലിംഗ പരിഗണനകള്‍ക്കതീതമായി വായിക്കപ്പെടുകയും കാലാനുവര്‍ത്തിയായി നിലകൊള്ളുകയും ചെയ്യും. ഇതര ' ബഹുമതികള്‍ ' ; 'പെണ്ണ് ഏഴുതിയതിന്റെ ' ഭാഗമായ് മാത്രം അവരോഹിക്കപ്പെടുന്നതാണെന്ന തിരിച്ചറിവ് ; അച്ചടി / സൈബര്‍ വേര്‍തിരിവുകളിലും , എഴുതുന്നവരുടെ മാനസിക നിലകളെ സ്വാഭാവികമായ് നിലനില്ക്കാന് കാര്യമായി ഉപകരിക്കപ്പെടും.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്ത്രീകളുടേതുമാത്രമായ പ്രശ്നങ്ങളല്ല. അത് പൊതു നിര്‍മ്മിതമാണ്. പരിഹരിക്കാനുള്ള ഉത്തരവാദിത്വം ആണിലും പെണ്ണിലും പരസ്പ്പരപൂരകമായ് നിലകൊള്ളുന്നു. ആ നിലയില്‍ സ്ത്രീകളുടെ സൈബര്‍ ഇടപെടലുകള്‍ യാതഥാര്ഥ്യങ്ങളുള്ക്കൊള്ളുന്നതും സാമൂഹികപ്രതിബദ്ധവുമാകണം. ഉത്തരവാദിത്വങ്ങള്‍ വലുതാണ്. സ്ത്രീകള്‍, പുരുഷന്മാര് , ലിംഗാതിതര് തുടങ്ങിയവരടങ്ങുന്ന ബഹുമുഖമായ കൂട്ടായ്മകള്‍ സൈബറിടങ്ങളിലുണ്ടാകുമ്പോള് മാത്രമേ ക്രിയാത്മകമായ സാഹിത്യമുണ്ടാകൂ. സ്ത്രീ ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ അടയാളപ്പെടൂ.