സാമ്രാജ്യത്വത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരെ സോഷ്യലിസ്റ്റ് സാര്‍വദേശീയതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് പൊരുതിനിന്ന ഫിഡല്‍കാസ്‌ട്രോ വിടപറഞ്ഞിരിക്കുന്നു . സ്വാതന്ത്ര്യത്തിനും ദേശീയവിമോചനത്തിനും സോഷ്യലിസത്തിനും വേണ്ടി നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളുടെയും വിപ്ലവപ്രസ്ഥാനങ്ങളുടെയും പ്രിയപ്പെട്ട നേതാവായിരുന്നു കാസ്‌ട്രോ. ഇരുപതാം നൂറ്റാണ്ടിന്റെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളില്‍ വിമോചനത്തിന്റെ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച ഇടതുപക്ഷ വിമോചനപോരാട്ടങ്ങളുടെ മാര്‍ഗദര്‍ശിയും ആവേശവുമായിരുന്നു കാസ്‌ട്രോ.
1990-കളിലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോഷ്യലിസ്റ്റ് ' ബ്ലോക്കിന്റെ തിരോധാനവും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാന്‍ ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ് വിമോചനശക്തികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത് കാസ്‌ട്രോവിന്റെ ഇടപെടലുകളായിരുന്നു. ഗ്രാന്മയിലെ ലേഖനങ്ങളും സാര്‍വദേശീയ വേദികളിലെ സുദീര്‍ഘമായ പ്രസംഗങ്ങളും ലാറ്റിനമേരിക്കയിലെയും ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഇടതുപക്ഷ നേതാക്കളും ദേശീയവിമോചന പ്രസ്ഥാനത്തിന്റെ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളും വലിയ ആത്മവിശ്വാസമാണ് വിമോചനശക്തികളിലേക്ക് പകര്‍ന്നത്. എല്ലാ അന്താരാഷ്ട്രവേദികളെയും സ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടിയുള്ള, രാഷ്ട്രങ്ങളുടെയും ജനസമൂഹങ്ങളുടെയും ആത്മാഭിമാനിത്തിനും വേണ്ടിയുള്ള, സമരമുഖമാക്കിമാറ്റുകയാണ് കാസ്‌ട്രോ ചെയ്തത്. 90 വര്‍ഷം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീലവീഴുമ്പോള്‍ മനുഷ്യസമൂഹത്തിന്റെ അപ്പത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കാസ്‌ട്രോവിന്റെ ആശയങ്ങള്‍ അമേരിക്കയുടെ ലോകാധിപത്യവും സി.ഐ.എയുടെ അട്ടിമറികളും നവലിബറല്‍ സാമ്പത്തികനയങ്ങളും സൃഷ്ടിച്ച രക്തപങ്കിലവും നരകപൂര്‍ണവുമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ലോകമെമ്പാടും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കാസ്‌ട്രോവും ക്യൂബയും ഗാഢമായ പിന്തുണയാണ് നല്‍കിയത്. 20 -ാംആം നൂറ്റാണ്ടിലെയും 21 ആം നൂറ്റാണ്ടിലെയും പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളെ ശുഭാപ്തിവിശ്വാസത്തോടെയും വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തോടെയും അഭിസംബോധന ചെയ്ത കാസ്‌ട്രോ ലോകമെമ്പാടുമുള്ള വിമോചനപോരാളികളുടെ ആദര്‍ശമാതൃകയാണ്.
ഗ്രാന്മയിലെ തന്റെ ലേഖനങ്ങളിലൂടെയും വിവിധവേദികളില്‍ നടത്തിയ പ്രസംഗങ്ങളിലൂടെയും സാമ്രാജ്യത്വവും നവലിബറിലിസവും ലോകത്തെ യുദ്ധത്തിലേക്കും മരണത്തിലേക്കും നയിക്കുകയാണെന്ന് കാസ്‌ട്രോ നിരന്തരം ഓര്‍മ്മിപ്പിച്ചു. സാമ്രാജ്യത്വമൊന്നാല്‍ യുദ്ധമാണെ ലെനിന്റെ വിലയിരുത്തലുകളെ ഉദ്ധരിച്ചുകൊണ്ട് മധ്യപൂര്‍വദേശത്തെ അധിനിവേശയുദ്ധങ്ങള്‍ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. സാമ്രാജ്യത്വത്തിന്റെ ചരിത്രവികാസം യുദ്ധങ്ങളിലൂടെയാണ്. 1890-നും 2000-നുമിടയില്‍ 134 രാജ്യങ്ങളില്‍ അമേരിക്ക ഇടപെട്ടു.. 1984-നും 1987-നുമിടയില്‍ 150 പ്രാവശ്യം യു.എന്‍ പ്രമേയങ്ങളെ അമേരിക്ക വീറ്റോ ചെയ്തു. 1998-ല്‍ മാത്രം 75-ഓളം രാജ്യങ്ങള്‍ക്കുനേരെ അമേരിക്ക കടന്നാക്രമണങ്ങള്‍ക്ക് ഒരുങ്ങിയെന്ന് ഗള്‍ഫ് യുദ്ധത്തെയും അത് സൃഷ്ടിച്ച ദുരന്തങ്ങളെയും വിശകലനം ചെയ്തുകൊണ്ട് കാസ്‌ട്രോ എഴുതി.
ലോകജനതയും അവരുടെ പ്രകൃതിസമ്പത്തിനെയും കവര്‍ന്നെടുക്കാനുള്ള ഫൈനാന്‍സ് മൂലധനതാല്പര്യങ്ങളാണ് അധിനിവേശയുദ്ധങ്ങളുടെ ചാലകശക്തിയെന്ന് കാസ്‌ട്രോ ചൂണ്ടിക്കാട്ടിയത്. ലാറ്റിനമേരിക്കയുടെ കൊളോണിയല്‍ അടിമത്വവും അമേരിക്കന്‍ അധിനിവേശവും ചരിത്രപരമായി പരിശോധിച്ചുകൊണ്ടാണ് ക്യൂബന്‍ വിപ്ലവത്തിന്റെ വിമോചനാത്മകവും സോഷ്യലിസ്റ്റുമായ പ്രാധാന്യത്തെ കാസ്‌ട്രോ വിശദീകരിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ലോകസാഹചര്യത്തെ പരിശോധിച്ചുകൊണ്ടാണ് സ്വതന്ത്രദേശീയ ഭരണകൂടങ്ങളെ പേരില്‍ ലാറ്റിനമേരിക്കയില്‍ പാവഭരണകൂടങ്ങളെ പ്രതിഷ്ഠിക്കുന്ന അമേരിക്കയുടെ നവകൊളോണിയല്‍ അധിനിവേശത്തെയും ചൂഷണത്തെയും കാസ്‌ട്രോ തുറന്നുകാണിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കൊറിയയിലും വിയറ്റ്‌നാമിലുമെല്ലാം അമേരിക്ക നടത്തിയ ഇടപെടലുകളുടെ അനുഭവങ്ങള്‍ പഠിച്ചുകൊണ്ടാണ് ക്യൂബയില്‍ ബാറ്റിസ്റ്റ ഭരണകൂടത്തെ അട്ടിമറിക്കുന്ന വിപ്ലവനീക്കം കാസ്‌ട്രോ വിജയത്തിലെത്തിച്ചത്. അമേരിക്കന്‍ പിന്തുണയോടെ ക്യൂബയില്‍ സ്വേച്ഛാധിപതിയായി വാണ ബാറ്റിസ്റ്റയെ പുറത്താക്കിക്കൊണ്ട് 1959-ല്‍ ഫിദല്‍കാസ്‌ട്രോ ക്യൂബയുടെ ഭരണമേറ്റെടുത്തു. ബാറ്റിസ്റ്റക്കെതിരെ നടന്ന തുടര്‍ച്ചയായ പ്രക്ഷോഭത്തിന്റെയും സായുധ മുന്നേറ്റത്തിന്റെയും ഫലമായിട്ടാണ് കാസ്‌ട്രോവിന്റെ നേതൃത്വത്തില്‍ ക്യൂബയില്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിതമായത്.
ബാറ്റിസ്റ്റക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരെ ക്യൂബന്‍ ഭരണകൂടം നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങള്‍ ലാറ്റിനമേരിക്കയിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ മുഴുവന്‍ ആകര്‍ഷിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തു. ബ്രസീല്‍, പെറു, ചിലി, ബൊളീവിയ, നിക്കരാഗ്വെ , എല്‍സാവദോര്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു. വിപ്ലവത്തിന്റെ തീച്ചൂളകള്‍ സൃഷ്ടിച്ച ചെഗുവരയുടെ ബൊളീവിയന്‍ പോരാട്ടങ്ങള്‍ ഉള്‍പ്പെടെ ലാറ്റിനമേരിക്ക സാമ്രാജ്യത്വത്തിനെതിരെ തിളച്ചുമറിയുന്നതാണ് ലോകം കണ്ടത്.
ക്യൂബന്‍ വിപ്ലവത്തിനുശേഷം ചിലിയില്‍ അലന്റയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നു. അമേരിക്കന്‍ കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള ചെമ്പുഖനികളും വെടിയുപ്പ് അയിരുകളും അലന്റെ സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചു. പ്രകോപിതമായ അമേരിക്കയും ബഹുരാഷ്ട്രകുത്തകകളും സി.ഐ.എയുടെ ഒത്താശയോടെ പട്ടാള അട്ടിമറി സംഘടിപ്പിച്ചു. അലന്റെയെ വധിച്ചു. വിശ്വപ്രസിദ്ധ കവി മഹാനായ പാബ്ലോ നിരൂദയെ വധിച്ചു. 1950-കളില്‍ അപ്പര്‍ ഫിലിപ്പൈന്‍സിലും ഇറാനിലുമൊക്കെ സി.ഐ.എ നടത്തിയ അട്ടിമറികളുടെ തുടര്‍ച്ചയായിരുന്നു ഇത്.
1950-കളുടെ അവസാനം ക്യൂബന്‍ വിപ്ലവത്തോടെ അമേരിക്കന്‍ ഭരണകൂടം തങ്ങളുടെ ശീതയുദ്ധ പദ്ധതികള്‍ അക്രമാസക്തമാക്കി. ക്യൂബക്കെതിരായ കുരിശുയുദ്ധം പ്രഖ്യാപിച്ചു. അമേരിക്കക്ക് മൂക്കിനുകീഴെയുള്ള കൊച്ചു ക്യൂബക്കുനേരെ ഉപരോധം പ്രഖ്യാപിച്ചു. സാര്‍വദേശീയ മര്യാദകളെ ലംഘിച്ച് ക്യൂബയെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിച്ചു. എല്ലാ സീമകളെയും തകര്‍ത്ത് ക്യൂബക്കുനേരെ പ്രതിവിപ്ലവ തന്ത്രങ്ങള്‍ പയറ്റി. ലാറ്റിനമേരിക്കന്‍ വിമോചനത്തിന്റെ നായകനായി മാറിയ, സോഷ്യലിസ്റ്റ് സാര്‍വദേശീയതയുടെ പ്രതീകമായി മാറിയ കാസ്‌ട്രോയെ എങ്ങനെയും നശിപ്പിക്കുകയെത് സി.ഐ.എയുടെ ലക്ഷ്യമായി. ഇതിനായി സി.ഐ.എ ആവിഷ്‌കരിച്ച പദ്ധതിയനുസരിച്ച് 638 തവണയാണ് ഫിഡല്‍കാസ്‌ട്രോവിന് നേരെ വധശ്രമമുണ്ടായത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ജനാധിപത്യ സ്വഭാവമുള്ള ഭരണാധികാരികളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാന്‍ കൂട്ടക്കൊലകളുടെ പരമ്പരകളാണ് അമേരിക്ക ലാറ്റിനമേരിക്കയില്‍ സൃഷ്ടിച്ചത്. ബൊളീവിയയില്‍ ചെഗുവരയെ നിഷ്ഠൂരമായി വധിച്ചു. ഗ്വാട്ടിമാലയിലും എല്‍സല്‍വദോറിലും തങ്ങളെ അനുസരിക്കാത്ത ഭരണാധികാരികളെ അട്ടിമറിക്കുന്നത് പതിവാക്കി. യുണൈറ്റഡ്ഫ്രൂട്‌സ് കമ്പനിപോലുള്ള യു.എസ് ബഹുരാഷ്ട്രകമ്പനികള്‍ കൈയ്യടക്കിയ കൃഷിഭൂമിയും തോട്ടങ്ങളും വീണ്ടെടുക്കാന്‍ സമരം നടത്തുന്ന കര്‍ഷകസംഘടനകളെയും ഗോത്രസമൂഹങ്ങളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ഉന്മൂലനം ചെയ്യുന്നതിനായി ഡെത്ത് സ്‌ക്വാഡുകളെ ഇറക്കി.
എല്‍സാവദോറിലെ ബിഷപ്പ് റഫിറായിയുടെ നിഷ്ഠൂരമായ കൊലപാതകം ഉള്‍പ്പെടെ ഡെത്ത് സ്‌ക്വാഡുകള്‍ ലാറ്റിനമേരിക്കയില്‍ നടത്തിയ ഹിംസകള്‍ വിവരണാതീതമാണ്. ഗ്വാട്ടിമാലയില്‍ 50,000 പേരെയാണ് കൂട്ടക്കൊല ചെയ്തത്. ഗ്രനഡയിലും പനാമയിലും തങ്ങള്‍ക്കനഭിമതരായ ഭരണാധികാരികളെ അട്ടിമറിക്കുകയും പിടിച്ചുകെട്ടി അമേരിക്കയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യുകയും ചെയ്തു.
ഇതെല്ലാം മറ്റൊരു ക്യൂബ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള അമേരിക്കയുടെയും സി.ഐ.എയുടെയും പ്രതിവിപ്ലവ തന്ത്രങ്ങളായിരുന്നു. ഇതിനെയെല്ലാം ആത്മവിശ്വാസത്തോടെ നേരിടാന്‍ ലാറ്റിനമേരിക്കന്‍ ജനതയ്ക്ക് നേതൃത്വം നല്‍കിയത് മഹാനായ കാസ്‌ട്രോ ആണ്. 1990-കളോടെ ലാറ്റിനമേരിക്കന്‍ നാടുകളില്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരായി ഇടതുപക്ഷം നടത്തിയ മുന്നേറ്റങ്ങളെ വെനിസ്വല ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബദല്‍ രാഷ്ട്രീയശക്തിയെ അധികാരത്തിലെത്തിച്ചു. മുതലാളിത്തത്തിനു ബദലുകളില്ല എന്ന വാദത്തെ പൊളിച്ചുകൊണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഉയര്‍ത്തിയ ബദല്‍സാമ്പത്തികനയങ്ങള്‍ ലോകമെമ്പാടുമുള്ള ഇടതുപക്ഷ ശക്തികള്‍ക്ക് പ്രചോദനമായി. വെനിസ്വലയിലും ബൊളീവിയയിലും ഈവിധം ഇടതുപക്ഷ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷാവേസും ഇവാമൊറയില്‍സും കാസ്‌ട്രോവിന്റെ ഉപദേശ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിച്ചവരായിരുന്നു.
സോവിയറ്റ് സോഷ്യലിസത്തിന്റെ തിരോധാനത്തിനുശേഷം മാറിയകാലത്തിന്റെ പ്രശ്‌നങ്ങളെയും പുതിയ സാമൂഹ്യവൈരുദ്ധ്യങ്ങളെയും വിശകലനം ചെയ്തുകൊണ്ട് 21 - ആം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളും വിശകലനങ്ങളും കാസ്‌ട്രോ മുന്നോട്ടു വെച്ചു. ചരിത്രത്തിന്റെ അനിഷേധ്യമായ വികാസപരിണാമം മുതലാളിത്തത്തെ മറികട് മാനവസമൂഹം സോഷ്യലിസത്തിലേക്ക് കുതിച്ച് കയറുമെന്നതാണെ് കാസ്‌ട്രോ നിരന്തരമായി ഓര്‍മ്മപ്പെടുത്തി.
ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, വംശീയപ്രശ്‌നം ന്യൂക്ലിയര്‍ വിപത്ത് തുടങ്ങി നവലിബറല്‍ മൂലധനം സൃഷ്ടിക്കുന്ന വിപത്തുകളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ സോഷ്യലിസ്റ്റ് വികസനപരി പ്രേക്ഷ്യത്തെ വിപുലവും വിശാലവുമാക്കാന്‍ ഭരണാധികാരം ഒഴിഞ്ഞതിനുശേഷമുള്ള തന്റെ വിശ്രമകാലത്തെ കാസ്‌ട്രോപരിപൂര്‍ണമായി ഉപയോഗിച്ചു. സാമ്രാജ്യത്വത്തിനും അധിനിവേശ യുദ്ധങ്ങള്‍ക്കുമെതിരെ ലോകമാസകലമുള്ള ജനസമൂഹങ്ങളെ ബോധവല്‍ക്കരിക്കാനും ഭൂമിക്കും ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാ'ങ്ങളില്‍ അവരെ അണിനിരത്താനുമുള്ള ശ്രമങ്ങളിലൂടെയാണ് കാസ്‌ട്രോ ലോകനേതാവായി ഉയര്‍ന്നത്.
ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനുമെതിരെ ഉയരുന്ന സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ ജീവിതത്തിലുടനീളം കത്തിജ്വലിച്ചുനിന്ന സോഷ്യലിസ്റ്റ് സാര്‍വദേശീയതയുടെ പ്രതീകമാണ് കാസ്‌ട്രോ. സാര്‍വദേശീയ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ ആകാശങ്ങളില്‍ എന്നും വിമോചനശക്തികള്‍ക്ക് വഴികാട്ടുന്ന വിപ്ലവനക്ഷത്രമായി കാസ്‌ട്രോ പ്രകാശം പരത്തിക്കൊണ്ടിരിക്കും. സാമ്രാജ്യത്വവും അവരുടെ ചാരവലയങ്ങളും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇല്ലാതാക്കാന്‍ കഴിയാതിരുന്ന ഫിദല്‍കാസ്‌ട്രോ എന്ന മഹാവിപ്ലവകാരിയെ മരണത്തിനും ജനമനസ്സുകളില്‍ നിന്നും കവര്‍െന്നെടുക്കാന്‍ കഴിയില്ല. അത്രയും അഗാധവും ദൃഢവുമാണ് ലോകത്തിന് കാസ്‌ട്രോവുമായുള്ള ബന്ധം.