Haripriya Shivan

കൂട്ടുകാരന്‍

ഒരു ദിവസം മക്കള്‍ക്ക് ഭക്ഷണം കൊടുൂക്കാന്‍ പറ്റാതെ വന്നു . അവിടെയൊന്നും പൂവില്ല, പൂവില്ലാത്തതുകൊണ്ട് തേനുമില്ല. അമ്മചിത്രശലഭം കുറേ സ്ഥലത്തുപോയി, എവിടേയും പൂവില്ല. അപ്പോഴാണ് ചെത്തിയും, മന്താരവും, മുല്ലയുമെല്ലാം പൂത്തുനില്‍ക്കുന്ന ഒരു സ്ഥലം കണ്ടെത്തിയത്. വായില്‍ നിറയെ തേന്‍ ശേഖരിക്കാമെന്നു കരുതി പൂക്കള്‍ക്കടുത്തുനിന്നപ്പോള്‍ ഓര്‍ത്തു, "വേറേ എവിടേയും പൂക്കളില്ല, ഈ വീട്ടുകാര്‍ നന്നായി നോക്കുന്നതുകൊണ്ടാണ് ചെടികള്‍ പൂക്കുന്നത്, പൂവളരുന്ന കാലമാണ് എന്നിട്ടും ഇവിടല്ലാതെ മറ്റെങ്ങും പൂക്കളില്ല, ഇതിന്റെ ഉടമസ്ഥനോട് ചോദിച്ചിട്ട് കുടിക്കാം, പക്ഷേ ഇവിടെയാരേയും കാണുന്നില്ലല്ലോ? ദാ അവിടൊരു കുട്ടി നില്‍ക്കുന്നു അവനോട് ചോദിക്കാം"

കുട്ടി പേടിച്ച് കര്‍ട്ടനു പിറകില്‍ ഒളിച്ചു. " പേടിക്കേണ്ട കുട്ടീ ഞാന്‍ ഒരു കാര്യം ചോദിക്കാന്‍ വന്നതാ , അല്ലെഹ്കിലും ഞാന്‍ ആരേയും ഉപദ്രവിക്കില്ല"

കുട്ടി വിറച്ചുകൊണ്ടു ചോദിച്ചു "എന്താ..?"

" കുട്ടിയാണോ ഈ പൂക്കള്‍ വളര്‍ത്തുന്നത്?"

"അതേ എന്തു പറ്റി ?"

"ഒന്നും പറ്റിയില്ല, എന്റെ കുട്ടികള്‍ക്ക് കൊടുക്കാന്‍ അല്‍പ്പം തേന്‍ തരുമോ?"

"പക്ഷേ ഞാനവിടെ വന്നാല്‍ ഉപദ്രവിക്കില്ലെന്നുറപ്പുവേണം"

" ഇല്ല, അല്ലെങ്കിലും ഞാന്‍ പറഞ്ഞില്ലേ ഞാന്‍ ഉപദ്രവകാരിയല്ല"

"നിന്നെ കാണാന്‍ മനോഹരമായിരിക്കുന്നു, ശരി ഞാന്‍ തേന്‍ തരാം, പക്ഷേ എന്നോട് ചോദിക്കാതെ ഇനി തേനെടുക്കില്ലെന്ന് ഉറപ്പു തരണം"

"ഞാനുറപ്പുതരുന്നു കുട്ടിയോടു ചോദിക്കാതെ ഞാനിനി തേനെടുക്കുകയില്ല."

"എന്റെ പേരു കുട്ടിയെന്നല്ല അപ്പു. ഇനി അങ്ങനെ വിളിച്ചാല്‍ മതി, പോയി തേനെടുത്തോളൂ, ചെത്തിയില്‍ നല്ല തേനുണ്ട്."

"ഞാന്‍ ഇനി അപ്പു എന്നേ വിളിക്കൂ, ഞാന്‍ തേനെടുക്കുവാ"

തേനെടുത്തശേഷം "വളരെ നന്ദി ഞാന്‍ പോകുന്നു"

"നാളേയും വരണേ "

"തീര്‍ച്ചയായും"

പിറ്റേന്നും, അതിന്റെ പിറ്റേന്നും, അതിന്റെ പിറ്റേന്നുമെല്ലാം ചിത്രശലഭം തേനെടുക്കാന്‍ പോയി.

അപ്പു ഒരുദിവസം ഓര്‍ത്തു, " തേനിനു വേണ്ടി മാത്രമാണോ ചിത്ര ശലഭം വരുന്നത്? എന്നോടു പറയാതെ കൊണ്ടുപോകുന്നുണ്ടാവുമോ? ഒളിഞ്ഞിരുന്ന് നോക്കാം "

ആരേയും കാണാതെ ചിത്രശലഭം വിഷമിച്ചു. വീടിനു പിറകിലൊക്കെ പറന്നു നോക്കി , അടുത്ത ദിവസം അപ്പുവുള്ളപ്പോള്‍ വരാമെന്നു കരുതി മടങ്ങാനൊരുങ്ങുമ്പോള്‍ അപ്പു ഓടി വന്നു "എന്നോട് ക്ഷമിക്കണം, ഞാന്‍ നിന്നെ സംശയിച്ച് ഒളിഞ്ഞുനിന്നതാണ്. തേനിനുവേണ്ടി മാത്രമാണ് നീ കൂട്ടു കൂടുന്നതെന്ന് ഞാന്‍ വിചാരിച്ചു.'

ചിത്ര ശലഭം പറഞ്ഞു "അതു സാരമില്ല എനിക്കു വിഷമമില്ല"

അവര്‍ അന്ന് എന്നും സംസാരിക്കുന്നതിന്റെ ഇരട്ടി സംസാരിച്ചു. ചിത്ര ശലഭം ഇരട്ടി തേനുമായി മടങ്ങി.

കുട്ടി കരഞ്ഞു "എനിക്ക് ഇത്രയും നല്ല കൂട്ടുകാരെ ഇതുവരെ കിട്ടിയിരുന്നില്ല "