Khadeejath Suhaila - John Williams

ആര്‍ത്തവക്കൊള്ള : മോദി സര്‍ക്കാര്‍ സ്ത്രീവിരുദ്ധതയുടെ ഇന്ത്യന്‍ മുഖം : ഖദീജത്ത് സുഹൈല
നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പാക്കിയ ഏകീകൃത ചരക്ക്സേവന നികുതിയില്‍ സാനിട്ടറി നാപ്കിനുകള്‍ ആഡംബര വസ്തുക്കളായി കണക്കാക്കി അമിത നികുതി ചുമത്തിയതിലൂടെ  ഇതര മേഖകളിലെന്നോണം സ്ത്രീകളുടെ സ്വാഭാവിക ജൈവിക സവിശേഷതകള്‍ക്കുമേലും ആര്‍ എസ് എസ് നിയന്ത്രിത കേന്ദ്ര സര്‍ക്കാര്‍ ചങ്ങാത്ത മുതലാളിത്തത്താല്‍   ചുറ്റിക പ്രഹരങ്ങളേല്‍പ്പിച്ചിരിയ്ക്കുകയാണ്. ആരോഗ്യപൂര്‍ണ്ണമായ ജീവിതം പോലും ബഹുരാഷ്ട്ര  കമ്പനികളുടെ 'ദാനമായി' മാറുന്ന സംഘ്പരിവാറിയന്‍ നാളുകളിലെ സ്ത്രീവിരുദ്ധ ഭരണകൂട ഭീകരതയുടെ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ മാനങ്ങള്‍ എസ് എഫ് ഐ ഉയര്‍ത്തുന്ന 'Bleed without fear Bleed without tax'  എന്ന മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തില്‍   എസ്എഫ്ഐ കേന്ദ്രക്കമ്മിറ്റിയംഗം ഖദീജത്ത് സുഹൈല എസ്. എഫ്. ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ജോണ്‍ വില്യംസിനോട് പങ്കുവെയ്ക്കുന്നു.
 ജോണ്‍ വില്ല്യംസ് : 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' തുടങ്ങിയ മുദ്രാവാക്യങ്ങളെ മുന്നോട്ട് വച്ചുകൊണ്ട് സ്ത്രീത്രീകളുടെ ഉന്നമനത്തിനായാണ് നിലകൊളളുന്നതെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു ഗവണ്‍ മെന്റ് തന്നെ സ്ത്രീ വിരുദ്ധമായ ഒരു നിയമം നടപ്പിലാക്കുകയാണ് . ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം.

ഖദീജത്ത് സുഹൈല :  സംഘപരിവാര്‍ ഗവണ്‍മെന്റിന്റെ മുദ്രാവാക്യങ്ങള്‍ കേവലമായി വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണല്ലോ. സ്ത്രീകളുടെ ഉന്നമനം എന്നു പറയുകയും നിര്‍ബന്ധമായും സ്ത്രിവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. നമുടെ നാട്ടില്‍ ഒരു മാനവിക കാഴ്ച്ചപ്പാടോടെ പ്രവര്‍ത്തിക്കാന്‍ ഏതെങ്കിലും വര്‍ഗ്ഗീയ സംഘടനയ്ക്കോ അവ രൂപം കൊടുത്ത ഗവണ്‍ മെന്റിനോ സാധിക്കുമെന്ന് കരുതേണ്ടതില്ല.ഗോള്‍വര്‍ക്കര്‍‘ നാം നമ്മുടെ ദേശിയതയെ നിര്‍വചിക്കുന്നു ‘ എന്ന ഗ്രന്ഥത്തില്‍ ആരാണ് ദേശത്തിനകത്തുള്ളവര്‍എന്ന് പറയുന്നുണ്ട്. ആ ദേശത്തിനകത്ത് സ്ത്രീകളില്ല, ദളിതരില്ല, ട്രാസ് ജെന്ററുകളില്ല, അങ്ങനെ അപരവത്കരിക്കപ്പെട്ട മനുഷ്യരാരുമില്ല. ഇവിടെയുള്ള സവര്‍ണ്ണ സംഘപരിവാരുകാരന്റെ കണ്ണില്‍ അവരാരും മനുഷ്യരല്ല. അക്കൂട്ടത്തില്‍ തന്നെയാണ് അവര്‍ സ്ത്രീകളെയും പെടുത്തിയിരിക്കുന്നത്. പിന്നെ മോഡിയുടെ പുറം മോഡിക്ക് ബേട്ടി ബച്ചാേവോ ബേട്ടി പഠാവോ എന്നൊക്കെ പറയുന്നുവെന്നു മാത്രം.
  • കേരളം പോലുള്ള സംസ്ഥാനത്ത് നാപ്കിന്‍ വെന്‍റിങ്ങ് മെഷീന്‍കള്‍ സ്കൂളുകളില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുണ്ട്. അതേ സമയം ഇന്ത്യന്‍ അവസ്ഥയില്‍ ആര്‍ത്തവകാലത്ത് 30% കുട്ടികളും സ്കൂളില്‍ എത്താറില്ല എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. നാപ്കിന്‍ നികുതി വര്‍ദ്ധനവിനെതിരെ ശബ്ദിക്കുന്നതിനു മുന്‍പേ ഈ സാമൂഹിക പൊതുബോധത്തിനെതിരെയല്ലേ സമരം ചെയ്യേണ്ടത്?


അത്രയൊന്നും ഫോര്‍വേഡല്ലാത്ത ജെന്‍ഡര്‍ ബോധമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതു കൊണ്ട് തന്നെയാണ് ആര്‍ത്തവം അശുദ്ധമാണ് എന്ന കാഴ്ചപ്പാട് നിലനില്‍ക്കുന്നത്. അത് മാറണം. ക്യാമ്പസുകള്‍ സമൂഹത്തിന്റെ പരിഛേദമെന്നു പറയുന്നതു ശരിയല്ല, സമൂഹത്തിനു മുന്നേ നടക്കാന്‍ , കാലത്തിനു മുന്നേ നടക്കാന്‍ പുതിയ വെളിച്ചത്തിന് തിരികൊളുത്താന്‍ സാധിക്കണം നമുക്ക്.
  • സാനിട്ടറി നാപ്കിനുകളെ ആഡംബര നികുതി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ആര്‍.എസ്.എസ് നിയന്ത്രിത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സ്ത്രീകള്‍ക്കു മേല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു കോപ്പു കൂട്ടുന്നതിനായി വിലയിരുത്താനാകുമോ.


നഃ സ്ത്രീ സ്വാതന്ത്ര്‍യമര്‍ഹതേ എന്നാണല്ലോ മനുവാദം. ആ മനുവാദികളാണല്ലോ രാജ്യം ഭരിക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് എന്ന് പറയേണ്ടി വരും. നമ്മുടെ രാജ്യം നിരോധനങ്ങളുടെ റിപ്പബ്ലിക്കായി മാറിക്കൊണ്ടിരിക്കുകയാണല്ലോ.

നേരിന്റെ മുകുളങ്ങളുടെ കഴുത്തറുക്കപ്പെടുന്നു.
രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ നടപ്പിലാക്കുന്നു…
ഭക്ഷണത്തിനു മേല്‍ നിയന്ത്രണമുണ്ടാകുന്നു. ചിന്തയ്ക്കു മേല്‍…. അതിന്റെയെല്ലാം ഭാഗമായിട്ട് തന്നെയാണ് ഈ തീരുമാനവും…
  • ആര്‍ത്തവം തികച്ചും ജൈവശാസ്ത്രപരമായൊരു പ്രക്രിയയായിരിക്കേ പാഡുകള്‍ക്ക് മേലുള്ള നികുതി വര്‍ദ്ധന സ്ത്രീയുടെ മനുഷ്യവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമായി കരുതുന്നുണ്ടോ.


ആര്‍ത്തവം ഒരു ജൈവ പ്രക്രിയയാണ്. ഒരു മാസത്തില്‍ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന 40 – 45 മില്ലി രക്തമാണ്. ഇപ്പോള്‍ നമ്മള്‍ വിസ്പര്‍ ചെയ്യപ്പെടുന്ന , അശുദ്ധമെന്നൊക്കെ വിളിക്കപ്പെടുന്ന ഒന്ന്.


മാസത്തില്‍ ആറോ ഏഴോ ദിവസങ്ങളില്‍ നാപ്കിനുകള്‍ ഉപയോഗിക്കേണ്ടതായി വരും. ശരാശരി കുറഞ്ഞത് 14 നാപ്കിനുകളെങ്കിലും വേണ്ടി വരും. 12% ടാക്സ് വര്‍ദ്ധിക്കുമ്പോള്‍ 4 മുതല്‍ 5 വരെ രൂപ വര്‍ദ്ധിക്കും. ഇത് കേരളത്തിലെ ഒരു മദ്ധ്യവര്‍ഗ്ഗത്തിന് പോലും താങ്ങാവുന്ന നിലയ്ക്കപ്പുറമുള്ള വിലക്കയറ്റം ഉണ്ടാകും. അപ്പോള്‍ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ.


ഇതിന്റെയെല്ലാം ഭാഗമായിട്ട് ഉണ്ടാവുന്നത് ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ വ്യാപകമായിട്ട് മറ്റ് അനാരോഗ്യ മാര്‍ഗങ്ങള്‍ അവലംബിക്കും. ഇന്ന് രാജ്യത്താകമാനമുള്ള സ്ത്രീകളില്‍ വലിയ ആരോഗ്യ പ്രശ്നമുണ്ടാകും. ഇത് മനുഷ്യാവകാശ ലംഘനം തന്നെയാണ്.
  • ക്വാണ്ടത്തിന് G.S.T O% ടാക്സ് ഈടാക്കുമ്പോള്‍ സാനിട്ടറി പാഡിന് ആഡംബര നികുതി ഈടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍തീരുമാനം സ്ത്രീകള്‍ക്ക് നേരെയുള്ള വംശീയ അതിക്രമമാണ് എന്നാണ് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ സമര്‍ജിത്ത് ജന പറയുന്നത്. സാനിട്ടറി നാപ്കിന് അമിത നികുതി ഈടാക്കുന്ന സര്‍ക്കാര്‍ നയം സ്ത്രീകള്‍ക്കു നേരെയുള്ള വംശീയ ആക്രമണമായോ ലിംഗ വിവേചനപരമായോ എസ്.എഫ്.ഐ വിലയിരുത്തുന്നുണ്ടോ.നികുതി ഈടാക്കുന്ന സര്‍ക്കാര്‍ നയം സ്ത്രീകള്‍ക്കു നേരയുള്ള വംശീയ ആക്രമണം തന്നെയാണ്. സംഘ പരിവാരത്തിനും, ഫാസിസത്തിനും, സ്ത്രീകളും, ദളിതരും, ട്രാന്‍സ്ജെന്ററുകളുമെല്ലാം അപരര്‍ തന്നെയാണല്ലോ. അതു കൊണ്ട് തന്നെ അവര്‍ക്കു മുകളിലെല്ലാമുളള ആക്രമണങ്ങള്‍ സംഘപരിവാര്‍ നിര്‍ബാധം തുടരുന്നു. അതിനെയാണ് നാം പ്രതിരോധിക്കേണ്ടത്.’
  • എസ്.എഫ്.ഐയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകള്‍ക്കായി നിരന്തരം വിദ്യാര്‍ത്ഥികളെ തെരുവിലിറക്കുന്ന രീതിയില്‍ നിന്നു മാറി ഇത്തരം സമരങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഇതിനു ലഭിക്കുന്ന ബഹുജന പിന്തുണ കൂടുതലല്ലേ ? രാഷ്ട്രീയ സമരങ്ങളെക്കാള്‍ ഇത്തരം സമരങ്ങളല്ലേ പ്രസക്തമാകുന്നത്.


കേന്ദ്ര ഗവണ്‍ മെന്റ് GST നടപ്പിലാക്കുന്നതിലൂടെ സാനിട്ടറി നാപ്കിനുകളെ സൗന്ദര്‍യ വര്‍ദ്ധക വസ്തുക്കളുടെ ലിസ്റ്റില്‍പ്പെടുത്തി 12% അധിക നികുതി ചുമത്താന്‍ തീരുമാനമെടുത്തിരിക്കുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജ്യത്താകമാനം ക്യാമ്പസുകളില്‍ പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തത്. കേരളത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആണ്, പരിപാടികള്‍ സംഘടിപ്പിക്കുന്നത്, കേവലമായി വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റികളല്ല. ജൂലൈ 11 മുതല്‍ ആരംഭിച്ച പ്രതിഷേധം ജൂലൈ 14 വരെ നീണ്ടു നില്‍ക്കും.പ്രതിഷേധ സൂചകമായി Bleed without fear Bleed without tax എന്ന മുദ്രാവാക്യമെഴുതിയ നാപ്കിനുകള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അരുണ്‍ ജെയ്റ്റ്ലിയുടെ വിലാസത്തില്‍ അയച്ചു കൊടുത്തു. ഏറെ മൂര്‍ച്ചയുള്ള പ്രതിഷേധം തന്നെയാണ്. അതു കൊണ്ട് തന്നെ ബഹുജന പിന്തുണയുണ്ട്.


ഉത്തരത്തിലേക്കു വരാം . അതിനു മുന്‍പ് എസ്.എഫ്.ഐയുടെ ‘പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകള്‍ക്കായി വിദ്യാര്‍ത്ഥികളെ തെരുവിലിറക്കുന്നു ‘എന്നു പറഞ്ഞു. അത്തരം പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളെല്ലം വിദ്യാര്‍ത്ഥി പക്ഷ നിലപാടുകളായിരുന്നു . അതിനു വേണ്ടിത്തന്നെയാണ് തെരുവിലിറങ്ങുന്നത്, തെരുവിലിറങ്ങിയിട്ടുള്ളത്. അനീതി നിയമമാകുമ്പോള്‍ ക്ലാസ്സുമുറികളില്‍ കുനിഞ്ഞിരിക്കുന്നത് എന്തൊരാഭാസമാണ് .ആ ഒരു സാഹചര്‍യത്തിലാണ് കേരളത്തില്‍, ചരിത്രത്തിലെവിടെയും വിദ്യാര്‍ത്ഥി സമരങ്ങള്‍ സാധ്യമായിട്ടുള്ളത്. അതു കൊണ്ട് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുന്നതിനെ ചുരുക്കി കാണേണ്ടതില്ല.രണ്ടാമത്, ആര്‍ത്തവവുമായി ബന്ധപ്പെട്ട സാനിട്ടറി നാപ്കിനുകളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ നാം ഇടപെടുമ്പോള്‍ അതൊരു സാംസ്ക്കാരിക പ്രശ്നം എന്ന നിലയിലാണ് നാം അഡ്രസ്സ് ചെയ്യുന്നത്.


ആര്‍ത്തവം മനുഷ്യരിലൊരു വിഭാഗത്തിന്റെ, സ്ത്രീകളുടെ ജൈവിക പ്രവര്‍ത്തനം മാത്രമാണ് (ജൈവികമായ സവിശേഷത എന്നു പോലും പറയേണ്ടതില്ലെന്നു തോന്നുന്നു). മനുഷ്യന്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതു പോലെ വളരെ സ്വാഭാവികമായ ഒന്ന്. അതിനെ രഹസ്യപ്പേരില്‍ വിളിക്കേണ്ട, വിസ്പര്‍ചെയ്യേണ്ട ഒന്നാണെന്ന് കരുതുന്നത് തെറ്റാണ്. മാന്യതയുടെ ഏതേത് വേദികളിലും ആര്‍ത്തവം ഒരു ജൈവിക പ്രവര്‍ത്തനം മാത്രമാണ് എന്ന് ഉറക്കെപ്പറയുന്നവരുടെ ഒരു കൂട്ടമുണ്ടാകണം.ഇതൊരു രാഷ്ട്രീയ സമരം എന്നു തന്നെയാണ് എസ്.എഫ്.ഐ വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ നവമാധ്യമങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നമുക്കുറപ്പായിട്ട് പറയാന്‍ കഴിയും, എസ്.എഫ്.ഐക്ക് കൃത്യമായ ജെന്‍ഡര്‍പൊളിറ്റിക്സ് ഉണ്ട്.അത് സ്ത്രീകളെയും ട്രാന്‍സ്ജെന്ററുകളെയും എല്ലാം ഉള്‍ക്കൊള്ളുന്നതാണ്. അപരവത്ക്കരിക്കപ്പെട്ട മുഴുവന്‍ ആളുകളുടെയും പ്രശ്നങ്ങളെ മനുഷ്യരുടെ പ്രശ്നങ്ങള്‍ എന്ന നിലയിലാണ് അഡ്രസ്സ് ചെയ്യുന്നത്. അതിനുവേണ്ടി എസ്.എഫ്.ഐ ക്യാമ്പസ്സുകളെ നിരന്തരം സജ്ജമാക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് ആദ്യമായിട്ട് ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ട്രാന്‍സ്ജെന്ററുകള്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കാന്‍ കഴിഞ്ഞത് പോലും.


അങ്ങനെ വളരെ കൃത്യമായ ജെന്റര്‍പൊളിറ്റിക്സ് ഉണ്ടായതു കൊണ്ടു തന്നെയാണ് ഇത്തരമൊരു ക്യാമ്പയിന്‍ ഏറ്റെടുക്കാന്‍ സാധിച്ചതും.എസ്.എഫ് ഐയ്ക്കു ഏറ്റെടുക്കാന്‍ സാധിച്ചതും .എസ്.എഫ്.ഐക്ക് പുറത്തു നില്‍ക്കുന്ന ലിബറല്‍ എന്നു വാദിക്കുന്ന പലയാളുകളുകളും ഈ സമരത്തെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ട്. സ്ത്രീപ്രശ്നങ്ങളെ മനുഷ്യപ്രശ്നങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ക്യാമ്പസുകളില്‍ ഏറ്റെടുക്കുന്നത്. അതുകൊണ്ടാണ് ആണ്‍ കുട്ടികളും ഈ സമരത്തില്‍ പങ്കെടുക്കുന്നത്. ഇത് ഏറെ പ്രതീക്ഷാനിര്‍ഭരം തന്നെയാണ്.
  • ടാക്സ് കുറയ്ക്കുന്നതും സാനിട്ടറി നാപ്കിന്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതും നാപ്കിന്‍ നിര്‍മ്മാണ കമ്പനികളെ സഹായിക്കുന്നതല്ലേ ? സര്‍ക്കാര്‍ നാപ്കിന്‍ നിര്‍മ്മാണ രംഗത്ത് എങ്ങനെ ഇടപെടണം എന്നാണ് എസ്.എഫ്.ഐയുടെ അഭിപ്രായം. സാനിട്ടറി നാപ്കിനുകളെ സൗന്ദര്‍യ വര്‍ദ്ധക വസ്തുക്കളുടെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് സാനിട്ടറി നാപ്കികിനുകള്‍ സൗന്ദര്‍യവര്‍ദ്ധക വസ്തുക്കളുടെ ലിസ്റ്റില്‍പ്പെടുന്നത്?


 ആര്‍ത്തവ സമയത്ത് വൃത്തി പൂര്‍ണമായ ജീവിതരീതിയും മാര്‍ഗങ്ങളും അവലംബിച്ചില്ലെങ്കില്‍ ക്യാന്‍സര്‍അടക്കമുള്ള രോഗങ്ങള്‍ വരിക്കുന്നതിനു കാരണമാകുമെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാല്‍ കൂടി ഇന്ത്യയില്‍ 12% സ്ത്രീകള്‍ക്ക് മാത്രമാണ് നാപ്കിനുകള്‍ ഉപയോഗിക്കാനുള്ള സാമ്പത്തിക സ്ഥിതിയുള്ളത്. ബാക്കി 88% മറ്റു അനാരോഗ്യപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചില പഠനങ്ങള്‍ പരിശോധിച്ചാല്‍ 83% പെണ്‍ കുട്ടികള്‍ ആര്‍ത്തവ സമയത്ത് സ്കൂളുകളില്‍ നിന്നു അവധിയെടുക്കുന്നു. നാപ്കിനുകള്‍ വാങ്ങിക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ . അതു കൊണ്ടു തന്നെ സൗന്ദര്‍യവര്‍ദ്ധക വസ്തുക്കളുടെ ലിസ്റ്റില്‍ നിന്ന് ഇതിനെ ഒഴിവാക്കണം.ഇപ്പോള്‍ നമുക്ക് ലഭ്യമാകുന്ന നാപ്കിനുകള്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നതാണ്. അതിനു ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കണം. നമ്മുടെ നാട്ടിലൊക്കെ കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള ആരോഗ്യ പൂര്‍ണമായ നാപ്കിനുകള്‍ വ്യാപകമായി ഉല്‍പാദിപ്പിക്കണം.നിര്‍ബന്ധമായും ഡിസ്പോസിബിള്‍ ചെയ്യാന്‍ സാധിക്കുന്ന ശരീരത്തിന് ഹാനികരമല്ലാത്ത നാപ്കിനുകള്‍ സ്ത്രീകള്‍ ലഭ്യമാക്കുന്നതിനാവശ്യമായ സംരംഭങ്ങള്‍ ഗവണ്‍ മെന്റിന് തുടങ്ങാന്‍ സാധിക്കും.


കേരളത്തില്‍ അത്തരത്തിലൊരു തുടക്കം കാണുന്നുണ്ട്. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് മുഴുവന്‍ സര്‍ക്കാര്‍സ്കൂളുകളിലും സാനിട്ടറി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കപ്പെട്ടത് ഏറെ മാതൃകാപരമാണ്. ഇത്തരം ഇടപെടലുകള്‍ രാജ്യവ്യാപകമായി നടപ്പിലാക്കണം. കേവലമായി 12% സ്ത്രീകളല്ല, മുഴുവന്‍ സ്ത്രീകള്‍ക്കും സാനിട്ടറി നാപ്കിനുകള്‍ ആര്‍ത്തവ സമയത്ത് കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടലാണ് കേന്ദ്ര ഗവണ്‍ മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.
  • സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത് അഭിനന്ദനാര്‍ഹം തന്നെയാണ്. പക്ഷേ ട്രാന്‍സ്ജെന്റേഴ്സിന്റെ  പ്രശ്നങ്ങള്‍ക്കൂടി ഏറ്റെടുക്കുന്നതില്‍ എസ്.എഫ്.ഐ പോലുള്ള സംഘടന ശ്രദ്ധ ചെലുത്തേണ്ടതില്ലേ ? എസ്.എഫ്.ഐ യുടെ മെമ്പര്‍ഷിപ്പ് ഫോറത്തില്‍ മാത്രം ഒതുങ്ങേണ്ടതാണോ അവരുടെ പ്രാതിനിധ്യം ? സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനത്തിന് പ്രത്യേക സംവരണം നല്‍കേണ്ടതല്ലേ .


ട്രാന്‍സ്ജെന്റേഴ്സിന്റെ പ്രശ്നങ്ങള്‍ ആദ്യമുയര്‍ത്തിയ വിദ്യാര്‍ത്ഥി പ്രസ്ഥാനം എസ്.എഫ്.ഐ ആണ്.എസ്.എഫ് ഐ യുടെ വിദ്യാര്‍ത്ഥിനി സബ് കമ്മറ്റി പുറത്തിറക്കുന്ന ‘ഷീ മാഗസീനിന്‍’ട്രാന്‍സ്ജെന്റേഴ്സിന് മെമ്പര്‍ഷിപ്പ് കൊടുത്തു. അത് എസ്.എഫ്.ഐ ആണ്. രണ്ട് വര്‍ഷമായി എസ്.എഫ്.ഐ ഗവണ്‍ മെന്റിന് സമര്‍പ്പിക്കുന്ന അവകാശപത്രികയില്‍ ട്രാന്‍സ്ജെന്റേഴ്സിസിന്റെ പ്രശ്നങ്ങളുണ്ട്.സ്കൂള്‍, കോളേജ് ഫോറങ്ങളില്‍ ട്രാന്‍സ്ജെന്റേഴ്സിന് പ്രത്യേക കോളങ്ങളുണ്ടാകണം എന്നത് അവകാശപത്രികയിലെ രണ്ടാമത്തെ ഇനമാണ്. തീര്‍ച്ചയായും സര്‍വകലാശാലകളിലും കോളേജുകളിലും പ്രത്യേക സംവരണം നടപ്പിലാക്കണം.ഇവരുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ അഡ്രസ്സ് ചെയ്ത പ്രശ്നങ്ങള്‍ ഒരു പാടായി എന്ന മിഥ്യാധാരണയൊന്നുമില്ല. ചെറിയ കാര്‍യങ്ങള്‍ മാത്രമാണ് .പക്ഷേ ഞങ്ങളാണ് തുടക്കം കുറിച്ചത് – അതു തുടര്‍ന്നു കൊണ്ട് മുന്നോട്ടു പോവുന്നു.എസ്.എഫ്.ഐ ഭരിക്കുന്ന പല കോളേജ് യൂണിയനുകളും ഉദ്ഘാടനം ചെയ്തത് ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റുകളും സുഹൃത്തുക്കളുമാണ്. സംസ്ഥാനതലംമുതല്‍ ജില്ലാ, യൂണിറ്റ് തലം വരെ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഇവരെ പങ്കെടുപ്പിക്കുന്നുമുണ്ട്. ഇങ്ങനെയാണ് ക്യാമ്പസുകളെ, വിദ്യാര്‍ത്ഥികളെ നമുക്ക് മാറ്റാന്‍ സാധിക്കുന്നത് .
  • സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് സ്വാഗതം ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. പല കമ്പനികളിലും ആര്‍ത്തവത്തിന്റെ ആദ്യദിനം അവധി നല്‍കുന്നുമുണ്ട്. ആഗോള മുതലാളിത്ത സമ്പദ് വ്യവസ്ഥ ഒരു വശത്ത് അതിന്റെ പുരോഗമന സ്വഭാവം കാണിക്കുന്നില്ലേ എന്നു ചിന്തിക്കുമ്പോള്‍ , തന്നെ മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകള്‍ ഇരട്ട ചൂഷണത്തിന് വിധേയമാകുന്നുണ്ട് എന്ന മാര്‍ക്സിയന്‍ സമീപനവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതല്ലേ ?


അങ്ങനെ കൊടുക്കുന്ന അവധികള്‍ വിശാലമായ പുരോഗമന ചിന്തയില്‍ നിന്നുണ്ടാവുന്നതാണെന്ന് പറയാനാവില്ല. അതൊരു ആഗോള മുതലാളിത്ത തന്ത്രമാണ്. ഒരു അധിക പരിഗണന, അല്ലെങ്കില്‍ ഒരു അനാവശ്യ പരിഗണന ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടതില്ല. വളരെ സ്വാഭാവികമായ ജൈവിക പ്രശ്നമായി ഇതിനെ കണ്ടാല്‍ മതി. മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകള്‍ ഇരട്ട ചൂഷണത്തിന് വിധേയമാകുന്നുണ്ട് എന്ന മാര്‍ക്സിയന്‍ വീക്ഷണത്തില്‍ (മാര്‍ക്സ് & ഏംഗല്‍സ്) നിന്നു കൊണ്ട് നോക്കുമ്പോള്‍ മുതലാളിത്ത ലോകക്രമത്തിന് അതിന്റെ സാമൂഹ്യ മൂല്യങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും സ്ത്രീകളോടുള്ള കാഴ്ചപ്പാടാണ് ഈ വലതുപക്ഷ സാമ്പത്തികനയം നടപ്പിലാക്കുന്ന ഗവണ്‍ മെന്റ് തീരുമാനങ്ങളിലൂടെ മനസിലാകുന്നത്.സ്ത്രീകള്‍ എന്ന നിലയിലും മുതലാളിത്ത വ്യവസ്ഥയിലെ സ്ത്രീ എന്ന നിലയിലും സ്ത്രീകള്‍ ഇരട്ടചൂഷണത്തിന് വിധേയമാകുന്നുണ്ട്. ഒന്ന് ആണധികാരത്തിന്റെ ചൂഷണം മറ്റൊന്ന് മുതലാളിത്തത്തിന്റെ ചൂഷണം .അത് സകലതും കമ്പോളവത്ക്കരിക്കുന്നതിന്റെ, ചരക്കവത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചൂഷണമാണ്.മുതലാളിത്തം സൃഷ്ടിക്കുന്ന ലോകക്രമം ആഗ്രഹിക്കുന്നതും നിഷ്ക്രിയമായ തലച്ചോറുകളുള്ള ഒരു കൂട്ടം സ്ത്രീകളെയാണ് . മുതലാളിത്തത്തിന്റെ ജീര്‍ണ്ണതകളോട്, വ്യവസ്ഥിതികളോട് യുദ്ധം ചെയ്യാനാണ് നാം നിരന്തരം സ്ത്രീകളെ പ്രാപ്തരാക്കേണ്ടത്