Hima Shankar Sheematty

പ്രതിരോധത്തിന്റെ നാടകവഴികള്‍

നാടകം ഉൺമയിലേക്കുള്ള വേലികളില്ലാ കവാടമാണ്. ശരീരത്തെ അപ്പാടെ സത്യസന്ധമായി പ്രവര്‍ത്തിപ്പിക്കേണ്ട, ഓരോ രോമകൂപങ്ങളും ഒരു കേന്ദ്രത്തിലേക്കു തിരിഞ്ഞിരിക്കുന്ന സമയം. ഒരു കയ്യകലത്തില്‍ കാണികളെ കാണാവുന്ന അനുഭവിക്കാവുന്ന കലയുടെ നേര്‍ക്കാഴ്ച. സ്ററേജില്‍ ഒരു മൈക്കിനു ചുറ്റും കളിക്കുന്ന തരത്തില്‍ നിന്നു നാടകം കാണികള്‍ നാടകത്തിന്‍റെ ഭാഗമാകുന്നതിലേക്കു വളര്‍ന്നുകഴിഞ്ഞു. സിനിമക്കു കഴിയുന്നതിലും എത്രയോ ഏറെയാണ് ഈ നേരിട്ടുള്ള സംവേദനം കാണികളുടെ ശരീരത്തേയും മാനസികതലത്തേയും സ്വാധീനിക്കക്കുന്നത്. ഇവിടെ തന്നെയാണ് നാടകത്തിന്‍റെ കാലികപ്രസക്തി. ജീവിതത്തിലിന്നുവരെ ആടാതെയും പാടാതെയും പ്രതികരിക്കാതെയും ബന്ധനത്തിലിട്ട മനുഷ്യജീവിതങ്ങളുടെ ശരിയായ സ്വാതന്ത്ര്യ പ്രഖ്യാപനം ,അതാണ് സ്റ്റേജില്‍ നിന്ന് കാണികളിലേക്കു വളര്‍ന്ന പ്രതിരോധത്തിന്‍റെ നാടകവേദി.


maxresdefault


സമയവും, സ്ഥലവും നാടകം കളിക്കുന്നവരുടെ മാത്രമല്ല കാണുന്നവരുടെ കൂടിയായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നാടകത്തെ കാണുന്നതിനൊപ്പം സ്വയം പുനര്‍നിര്‍മ്മാണം നടക്കുന്നത് അനുഭവിക്കുകയും ചെയ്യുന്നു. നാടകവത്കരിച്ച പാട്ടുകള്‍ ഉയര്‍ത്തിവിടുന്നത് നിലനില്‍ക്കുന്ന കാണാചങ്ങലകളെ പൊട്ടിച്ചെറിയുന്ന ചിന്താമണ്ഡലത്തിലെ വിസ്ഫോടനങ്ങളെ തന്നെയാണ്...ലോകം തന്നെ അറിഞ്ഞോ അറിയാതെയോ നാടകത്തിന്‍റെ ഭാഗമാണ്..ഓരോ മനുഷ്യനും ആടുന്ന വേഷങ്ങള്‍ മറ്റൊരാളില്‍ നിന്നു വ്യത്യസ്തമാണ്.. അറിഞ്ഞുകൊണ്ട് ആടുന്നവരും അറിയാതെ ആടുന്നവരും ഉണ്ട്.


ഈ വര്‍ഷത്തെ നാടകദിനസന്ദേശമായി റഷ്യന്‍ ഡിറക്ടര്‍ Anatoli Vassiliev പറഞ്ഞതില്‍ നിന്നും ഒരു ഭാഗം ഇവിടെ ചേര്‍ക്കുന്നു. "ആര്‍ക്കും വേണ്ടാത്തതായി ഒരുപക്ഷെ ഒരുതരം നാടകമേ ഉണ്ടാകൂ -രാഷ്ട്രീയകളികളുടെ നാടകം, രാഷ്ട്രീയ "എലിപ്പത്തായങ്ങളുടെ നാടകം",രാഷ്ട്രീയക്കാരുടെ നാടകം." രാഷ്ട്രീയത്തിന്‍റെ നിരര്‍ത്ഥകമായ നാടകം നമുക്ക് ആവശ്യം ഇല്ല. ദൈനംദിനമുള്ള ഭീകരതയുടെ നാടകം ,അത് ഒറ്റപ്പെട്ടതായാലും സഞ്ചിതമായാലും നമുക്ക് തീര്‍ച്ചയായും ആവശ്യം ഇല്ല.തലസ്ഥാന, നഗര, ഗ്രാമീണ തെരുവുകളിലും കവലകളിലും അരങ്ങേറുന്ന രക്തത്തിന്‍റേയും ശവങ്ങളുടേയും നാടകങ്ങള്‍ ഇനയും വേണ്ട,മതാത്മക വര്‍ഗീയ ഏറ്റുമുട്ടലുകളുടെ കപടനാടകങ്ങള്‍.."


Anatolij-Vasiliev


പ്രതിരോധത്തിന്‍റെ തീവിത്തുകള്‍, ലോകത്താകമാനം പടര്‍ത്തുന്ന കാറ്റാവുക എന്നതാണ് നാടകം, ഈ ജാതിയുടെ,മതത്തിന്‍റെ കാണാ മതില്‍ക്കെട്ടുകള്‍ വളര്‍ത്തുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് കാലത്ത് നിറവേറ്റേണ്ട ധര്‍മ്മം. നടിക്കുന്ന ശരീരങ്ങളില്‍ നിന്ന് പടരുന്ന തീവിത്തുകള്‍ ഓരോ ശരീരങ്ങളും ചിന്തയിലേറ്റു വാങ്ങി ഫാസിസത്തിന്‍റെ കാണാമതില്‍ക്കെട്ടുകളെ തന്നില്‍നിന്നു തന്നെ എരിച്ചു കളയുമാറാകട്ടെ.വാക്കും, സംഗീതവും,നൃത്തവും സര്‍ഗ്ഗമേളനം നടത്തുന്ന നാടകം അത്രത്തോളം ശക്തമെന്നു നിങ്ങള്‍ അറിയുക. കണ്ടുകളഞ്ഞതല്ല ,അനുനിമിഷം നിങ്ങളില്‍ നടക്കുന്നതും നാടകമാണ്. തിരിച്ചറിവിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ , സ്വാസ്ഥ്യത്തിന്‍റെ, മനുഷ്യത്വത്തിന്‍റെ,പാട്ടിന്‍റെ, നൃത്തത്തിന്‍റെ ,സ്നേഹത്തിന്‍റെ, കാമംകലരാത്ത ചുംബനങ്ങളുടെ പൂക്കാലമാകട്ടെ ഓരോ നാടകരാവുകളും സ്വപ്നം കാണിക്കുന്നത്. ഒരുപാടു പൂക്കാലങ്ങള്‍ ഒന്നായി ലോകനാടകത്തിന്‍റെ ഗതി മാറ്റട്ടെ.


Safdar


ലോകനാടകം ,മനുഷ്യനേയും, അവന്‍റെ വികാരങ്ങളേയും, പ്രകൃതിയേയും, മൃഗങ്ങളേയും വെറും ഇറച്ചിവെട്ടുകാരന്‍റെ മനോഭാവത്തിലേക്കു മാറ്റുന്നതായി മാറിയിരിക്കുന്നു. ചുറ്റുമുള്ളതെല്ലാം പണമായി മാറുവാനുള്ളത്.. വേദന , സ്നേഹം, ബന്ധങ്ങള്‍, കനിവ് എന്നതെല്ലാം കണ്ടില്ലെന്നു,അറിയില്ലെന്നു നടിക്കേണ്ടത്. പൂപ്പുഞ്ചിരിയുടെ മുഖംമൂടി വച്ച്, നക്കാപ്പിച്ച കാശെറിഞ്ഞ് നമ്മുടെ സന്തോഷത്തേയും, പ്രകൃതിസമ്പത്തുകളേയും കൊള്ളയടിക്കുന്ന ജീവിതനാടകത്തിലെ കൊലയാളിമുഖങ്ങളെ തിരിച്ചറിയാനുള്ള നാടക അവബോധം ഓരോമനുഷ്യനും ഈ ഫാസിസ്ററ് കാലത്ത് രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.


martin


പുറത്തേക്കു ചൂണ്ടുമ്പോഴും, ഒരു വിരലെങ്കിലും,സ്വയം നമ്മുടെ നേരെ കൂടി ചൂണ്ടാന്‍ മറക്കാതിരിക്കുക.. നമ്മള്‍ അറിയാതെ ചുറ്റുപാടിന്‍റെ സ്വാധീനം കൊണ്ട് നമ്മുടെ സ്വഭാവത്തില്‍ വന്നു ചേര്‍ന്ന പണത്തിനോടും, സ്ഥാനമാനങ്ങളോടുമുള്ള അത്യാര്‍ത്തിയും, സ്ത്രീകളടക്കമുള്ള സഹജീവികള്‍ തന്നെക്കാള്‍ താഴെ നില്‍ക്കേണ്ടവരാണെന്ന ഫാസിസ്റ്റ് ചിന്താഗതിയും , മനുഷ്യന്‍റെ ഒരു ജീവിയെന്ന നിലയിലുള്ള സ്വാഭാവികതയെ കപടസദാചാരം ഉന്നയിച്ച് തടസ്സപ്പെടുത്തുന്ന സ്വഭാവത്തിലുള്ള മനോഭാവവും ഉള്ള കഥാപാത്രമാണോ നിങ്ങള്‍ എന്ന സ്വന്തം കഥാപാത്രപരിശോധനകള്‍ സ്വയം കൂടി നടത്തിയെങ്കില്‍ മാത്രമേ ലോകനാടകത്തിന്‍റെ ഗതി മാറ്റുന്ന കഥാപാത്രമാകാന്‍ നിങ്ങള്‍ക്കു സാധിക്കൂ. നിലവിലുള്ള സ്ത്രീ പുരുഷ സംഹിതകളുടെ അപനിര്‍മ്മാണം , നിങ്ങളെന്ന കഥാപാത്രങ്ങളുടെ വളര്‍ച്ചയെ തിരിച്ചറിയുന്നിടത്ത് തുടങ്ങുന്നു എന്ന തിരിച്ചറിവാണ് പ്രതിരോധത്തിന്‍റെ നാടകവഴികള്‍ സാധ്യമാക്കുന്നത്.. ഫാസിസത്തിന്‍റെ കാണാവേരുകള്‍ നമ്മില്‍ നിന്നുകൂടി പറിച്ചെറിയേണ്ടതുണ്ടെന്ന തിരിച്ചറിവാണ് നാടകം പ്രതിരോധമാക്കിയതിനാല്‍ കൊല ചെയ്യപ്പെട്ട സഫ്ദര്‍ഹാഷ്മിയില്‍ തുടങ്ങി മാര്‍ട്ടിന്‍ ഊരാളി വരെ എത്തി നില്‍ക്കുന്ന പ്രതിരോധത്തിന്‍റെ നാടകവഴിത്താരകള്‍ക്ക് പറയാനുള്ളത്.