Shimi E Chandran

ടോണി മോറിസണ്‍- ദ ബിലവഡ്

യു എസ്സിലെ ഒഹ്യോയില്‍ 1931 ഫെബ്രുവരി 18 ന് ഫാക്ടറിതൊഴിലാളിയായ ജോര്‍ജ്ജ് വാഫോര്‍ഡിന്റെ (George wofford) നാലുമക്കളില്‍ രണ്ടാമത്തവളായി കോള്‍ ആര്‍ഡേലിയ വാഫോര്‍ഡ് (Chole ardelia wofford) എന്ന ടോണി മോറിസണ്‍ (Toni Morison) ജനിച്ചു. പഠനത്തില്‍ ഏറെമികവുകാട്ടിയ ടോണി ചെറുപ്പംമുതലേ സാഹിത്യത്തില്‍ താല്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. Austen (ഓസ്റ്റണ്‍) നും (Tolstoy) ടോള്‍സ്റ്റോയിയും ചെറുപ്പംമുതലേ ഇവരെ ആകര്‍ഷിച്ചിരുന്നു. പാട്ടുകാരിയും ഭാവനാത്മകമായ ചിന്തകളുടെ ഉടമയുമായ അമ്മ റെമ വഫോര്‍ഡ് (Ramah wafford) മകളുടെ സാഹിത്യാഭിരുചികള്‍ ഉള്‍കൊണ്ട് നാടന്‍കഥകളിലൂടെയും പാട്ടിലൂടെയും അവളുടെ അഭിരുചികളെ പാലൂട്ടി. പഠനത്തിനായി ഇംഗ്ലീഷ് സാഹിത്യം തന്നെ അവര്‍ തിരഞ്ഞെടുത്തു. സാഹചര്യങ്ങളോട് മല്ലടിച്ചായിരുന്നു വിദ്യാഭ്യാസം.


toni_morrison


ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1953 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ എ ഡിഗ്രിനേടി. തുടര്‍ന്ന് കോണെല്‍ (Cornell) യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1955 ല്‍ എം എ യും നേടി. രണ്ടുവര്‍ഷം തുടര്‍ച്ചയായി ഹോസ്റ്റണിലെ ടെക്‌സാസ് (Texas southern university) സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. വീണ്ടും ഹോവര്‍ഡിലേക്ക് തിരികെ പോന്നു. അവിടെ അദ്ധ്യാപകനായിരുന്ന ജമൈക്കന്‍ യുവാവും ആര്‍ക്കിടെക്റ്റുമായ ഹാരോള്‍ഡ് മോറിസണ്‍ (Harold morrison) നെ പരിചയപ്പെടുകയും അത് 1958 വിവാഹത്തിലേക്ക് വഴിമാറുകയും ചെയ്തു. എന്നാല്‍ 1964 ല്‍ ആ ബന്ധം അവസാനിച്ചെങ്കിലും ഹാരോള്‍ഡ്‌ഫോര്‍ഡ് (Harold ford) ന്റെയും സ്ലേഡിന്റെയും (Slade) അമ്മയായ ടോണി കത്തോലിക്ക മതം സ്വീകരിച്ചതിനെ തുടര്‍ന്ന് നടുക്കത്തെ പേരായ (Anthony) അന്തോണി എന്ന വിശുദ്ധന്റെ പേര് സ്വീകരിക്കുകയും പിന്നീടത് വാഷിങ്ടണിലെ യൂണിവേഴ്‌സിറ്റി കൂട്ടുകാര്‍ ചുരുക്കി ടോണി എന്നാക്കുകയും ചെയ്തു.


51hO5BaEaSL._SX324_BO1,204,203,200_


ദാമ്പത്യ തകര്‍ച്ചയെ തുടര്‍ന്ന് 1968ല്‍ അവര്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് താമസം മാറ്റി. അവിടുത്തെ പ്രസിദ്ധ പ്രസാധകരായ റാന്‍ഡം ഹൗസില്‍ ആദ്യ ആഫ്രിക്കന്‍ വംശജയായ എഡിറ്റര്‍ ആയി ടോണി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഒരു single mother  ആയ ടോണി അവരുടെ കിച്ചണ്‍ ടേബിളില്‍ ഇരുന്ന് തന്റെ രചനകള്‍ ആരംഭിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ ജീവിതമായിരുന്നു അവക്കവലംബം. ബാലസാഹിത്യ പുസ്തകങ്ങള്‍, നാടകങ്ങള്‍, നോണ്‍ ഫിക്ഷന്‍ ലേഖനങ്ങള്‍, എഡിറ്റുചെയ്ത പുസ്തകങ്ങള്‍, പാട്ടുകള്‍ എന്നിവ രചിക്കപ്പെട്ടു. ആഫ്രിക്കന്‍ വംശജരുടെ ജീവിത സമര ചരിത്രം അവരുടെ എഴുത്തുകള്‍ക്ക് പശ്ചാത്തലമൊരുക്കി. പെയിന്ററും പാട്ടുകാരനുമായിരുന്നവരുടെ മകന്‍ സ്ലാഡിനോടൊത്ത് മോറിസണ്‍ ബാല സാഹിത്യ കൃതികള്‍ രചിച്ചു. എന്നാല്‍ 2010 ല്‍ അദ്ദേഹം പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധയെതുടര്‍ന്ന് മരണമടയുമ്പോള്‍ അവരുടെ വീട് പാതി പണിത അവസ്ഥയിലായിരുന്നു. പിന്നീട് അവര്‍ അതിലെ പണികളും ഉപേക്ഷിച്ചു. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു അവരുടെ നോവലുകള്‍. മൂര്‍ഛയേറിയ സംഭാഷണം, കഥാസൃഷ്ടിയിലെ സൂക്ഷ്മത, മുറ്റിനില്‍ക്കുന്ന അമേരിക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എന്നിവയായിരുന്നു അവരുടെ സൃഷ്ടികളിലെ സവിശേഷതയായി ചൂണ്ടികാണിക്കപ്പെടുന്നത്. വര്‍ഗ്ഗം എന്നതിനെ ഒരു സാമൂഹ്യ നിര്‍മ്മിതിയായും കഥാപാത്രങ്ങളുടെ സഹനങ്ങളിലൂടെയും നല്ലൊരു ലോകം എന്ന ആശയം ഭാഷയിലൂടെ അവര്‍ രൂപാന്തരപ്പെടുത്തി.


toni


മോറിസണ്‍ എന്ന മനുഷ്യസ്‌നേഹിയെ 1993 ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിലൂടെയോ മുഴുവന്‍ വാഴ്ത്തി. ഇതിനര്‍ഹയാക്കിയ ദ ബ്ലൂവസ്റ്റ് ഐ (The bluest eye) എന്ന നോവലില്‍ ബ്രിഡ്‌ലോണ്‍ (Breedlone) എന്ന കുടുംബത്തിലെ സ്വന്തം അച്ഛനാല്‍ മാനഭംഗപ്പെട്ടതും അമ്മയാല്‍ തിരസ്‌കൃതയുമായ പെക്കോള (Pecola) എന്ന യുവതിയുടെ കഥ പറഞ്ഞു. എന്നാല്‍ പെക്കോളയെ അവതരിപ്പിക്കുമ്പോള്‍ അവളുടെ വേദനകളെ മറക്കാതെ എന്നാല്‍ ഒട്ടും സംവേദനക്ഷമത ചോര്‍ന്നുപോവാതെയും ആഖ്യാനത്തിന്റെ മാസ്മരികതയില്‍ ഇന്ദ്രജാലം സൃഷ്ടിച്ചു. അതേസമയം ഏറെശ്രദ്ധയോടെയാണ് ഇവര്‍ അനുവാചകര്‍ക്ക് പൊക്കോളയുടെ മാതാപിതാക്കളെ പരിചയപ്പെടുത്തുന്നത്. ആ മാതാപിതാക്കളുടെ പ്രവര്‍ത്തികള്‍ക്ക് നിദാനമായ സാഹചര്യങ്ങളും വളരെ അര്‍ത്ഥവത്തായി വെളിപ്പെടുത്തുന്നുണ്ട്. ഇങ്ങനെ കാര്യകാരണങ്ങളെ ബന്ധിപ്പിച്ച് ബോധിപ്പിക്കുവാനും അവ ക്ഷമ എന്ന ബോധത്തിലേക്ക് വഴിമാറ്റിവിടുവാനും സാധിക്കുന്നു. ഇതിലൂടെ വെളിവാകുന്നത് മോറിസണിലെ മാനവികതയുടെ ബൗദ്ധിക ഔന്ന്യത്യമല്ലാതെ മറ്റെന്താവാന്‍? ഹോര്‍ഫ് ആന്റ് കമ്പനിയിലൂടെ പ്രസിദ്ധീകൃതമായ ഈ നോവല്‍ ഏജന്റ് ഇല്ല എന്ന ഒറ്റകാരണത്താല്‍ പല പ്രസാധകരും തിരസ്‌ക്കരിച്ചതാണെന്നും ഓര്‍ക്കാതെവയ്യ.


images


തുടര്‍ന്ന് 1987 ല്‍ രചിച്ച ബിലവഡില്‍ അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടിമയാക്കപ്പെട്ട് ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ജീവിതം തന്‍മയത്വത്തോടെ ആവിഷ്‌ക്കരിച്ച് പ്രശസ്തിനേടി. സോംഗ് ഓഫ് സോളമന്‍, സുല, ജാസ്, ഹോം എന്നിവയാണ് മറ്റു പ്രശസ്തനോവലുകള്‍, എന്‍.ഇ.എ ആര്‍ട്ട്‌സ് മാഗസീനില്‍ (NEA Arts Magazine) ല്‍ 2014 ല്‍ വന്ന അവരുടെ ഇന്റര്‍വ്യൂവില്‍ അവര്‍ തന്റെ എഴുത്തിനെക്കുറിച്ച് ഇപ്രകാരം പറയുന്നു. “വായിക്കുവാന്‍ നിങ്ങള്‍ക്ക് വേണ്ടത് എഴുതൂ. ഞാന്‍ ആദ്യം എഴുതിയ പുസ്തകം അതെനിക്ക് വായിക്കണമെന്ന് ഉള്ളതിനാലാണ്. ഞാന്‍ ഓര്‍ക്കുന്നു അത്തരമൊരു പുസ്തകം അതേ വിഷയത്തോടെ ഏറ്റവും ദുര്‍ബലമായ ഇതുവരെ വിവരിക്കപ്പെടാത്ത, കറുത്തപെണ്‍കുട്ടികളാല്‍ ഗൗരവമായി എടുക്കപ്പെടാത്ത ഇതുവരെ സാഹിത്യത്തില്‍ ഗൗരവമായി നിലനില്‍ക്കാത്ത ഒന്ന്”. അനേകം പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. സാഹിത്യത്തിനുള്ള പുലിറ്റ് സര്‍ പുരസ്‌കാരം നല്കി 1988 ല്‍ അവരെ ആദരിച്ചു. അമേരിക്കയിലെ ഏറ്റവും ഉന്നതമായ സിവിലിയന്‍ പുരസ്‌കാരം, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡണിന് 2012 ല്‍ അവര്‍ അര്‍ഹയായി.


il_340x270.1968806204_mmyp
പ്രസാധകനായ ആല്‍ഫ്രഡ് നോഫും മോറിസണിന്റെ കുടുംബവും 2019 ആഗസ്റ്റ് ആറ് ചൊവ്വാഴ്ച മോറിസണിന്റെ അന്ത്യവാര്‍ത്ത പുറത്തുവിട്ടതറിയുമ്പോള്‍ അവരുടെ വാക്കുകള്‍ പ്രതിധ്വനിച്ചു. “നാം മരിക്കുന്നു. അതായിരിക്കും ജീവിതത്തിന്റെ പൊരുള്‍. പക്ഷേ നാം ഭാഷയിലും പണിയെടുക്കുന്നു. അതിയിരിക്കാം നമ്മുടെ ജീവിതങ്ങളെ നിര്‍ണ്ണയിക്കുന്നത്”. എന്നിരുന്നാലും അപൂര്‍ണ്ണമെങ്കിലും അനുവാചകരിലേക്ക് എത്തുമോ എന്നോ മറ്റുവിധ വിവരങ്ങള്‍ ഒന്നുമില്ലെങ്കില്‍ തന്നെയും 88-ാം വയസ്സില്‍ മോറിസണ്‍ അന്ത്യശ്വാസം വലിക്കുന്ന സമയത്തും അവര്‍ രചനയിലായിരുന്നു എന്ന പബ്ലിഷറുടെ ഉറപ്പ് അനുവാചകരില്‍ സ്ഥിരപ്രതിഷ്ഠനേടിയ തനിക്ക് മരണമില്ലെന്ന് അവര്‍ ഉദ്‌ഘോഷിക്കുന്നതായെടുക്കാനേ ആവൂ.