Dr Abhaya V S

അല്‍ഷിമേഴ്‌സ് ഓര്‍ക്കേണ്ടതും .. ഓര്‍മ്മിപ്പിയ്ക്കേണ്ടതും ..

‘ ഓര്‍മ്മിയ്ക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ..
ഓര്‍മ്മിയ്ക്കണം എന്ന വാക്കുമാത്രം ..’സെപ്തംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനമാണ്. അല്‍ഷിമേഴ്‌സ് സംബന്ധമായ ബോധവത്ക്കരണം/ മിഥ്യാ ബോധങ്ങള്‍ ക്കെതിരായ ഇടപെടലുകള്‍ എന്നിവയാണ് ദിനാചരണത്തിന്റെ സുപ്രധാന ലക്ഷ്യങ്ങള്‍ . ഡോ. അലിയോസ് അല്‍ഷിമറാണ് രോഗം സംബന്ധിച്ച് ആദ്യമായി പഠനം നടത്തുകയും അപഗ്രഥനത്തിനു വിധേയമാക്കുകയും ചെയ്തിട്ടുള്ളത്. അങ്ങിനെയാണ് പ്രസ്തുത രോഗത്തിന് അല്‍ഷിമേഴ്‌സ് എന്ന പേരു വിളിയ്ക്കപ്പെട്ടത്. പ്രായമായവരിലാണ് അല്‍ഷിമേഴ്‌സ് പ്രധാനമായും കാണുക. 65 വയസിനു മേല്‍ പ്രായമുള്ള 15 ല്‍ ഒരാളില്‍ വീതവും 85 വയസ്സിനുമേല്‍ 50 % പേരിലും അല്‍ഷിമേഴ്‌സ് കാണപ്പെടുന്നു. ലോകത്തെമ്പാടുമായി മൂന്നരക്കോടിയോളം രോഗബാബാധിതരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കേരളീയ പശ്ചാത്തലങ്ങളില്‍ ആരോഗ്യ രംഗത്തെ മുന്നേറ്റം ഏറെ ശക്തമായതിനാല്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലായതിനാല്‍ അല്‍ഷിമേഴ്‌സ് ഭീഷണിയും വളരെയധികമാണ്. പ്രായമാകുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക മറവിയ്ക്കുപരി നിയന്ത്രണവിധേയമല്ലാത്ത മറവിയാണ് അല്‍ഷിമേഴ്‌സിന്റെ ഭാഗമായി അനുഭവപ്പെടുക. അല്‍ഷിമേഴ്‌സ് ഒരു വാര്‍ദ്ധക്യ ലക്ഷണമായി മാത്രം തള്ളിക്കളയാതിരിയ്ക്കുക എന്നതാണ് സുപ്രധാനം. അപൂര്‍വമായി ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നുണ്ട്. രോഗത്തിന്റെ കാരണങ്ങള്‍ എന്തെന്നതിന് കൃത്യമായ ഉത്തരങ്ങളില്ല.


download (1)


തലച്ചോറിന്‍ AMYLOID PROTEIN കൂടുതലായി അടിഞ്ഞുകൂടുകയും ന്യൂറോണുകള്‍ തമ്മിലുള്ള സംവേദനം നടക്കാതെ വരുമ്പോള്‍ നാഡീ കോശങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിയ്പ്പിയ്ക്കുകയും ക്രമേണ നശിയ്ക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുകയും ചെയ്യും. അങ്ങനെ തലച്ചോറിന്റെ വലിപ്പം ചുരുങ്ങുകയും ചെയ്യുന്നു. പ്രായം, ജനിതക കാരണങ്ങള്‍ , പാരിസ്ഥിതിക കാരണങ്ങള്‍ , ജീവിത ശൈലികള്‍ എന്നിങ്ങനെ അള്‍ ഷിമേഴ്‌സിന് പലതരം കാരണങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുക.


PBB_Protein_APP_image


ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം മറവിയാണ്. സമീപകാലയളവില്‍ സംഭവിച്ചവയാണ് മറന്നുപോകുക. ആദ്യഘട്ടത്തില്‍ പഴയകാല വിവരങ്ങള്‍ കൃത്യമായിരിയ്ക്കും. അതിനാല്‍ തന്നെ അടുത്തിടപഴകുന്നവര്‍ അല്‍ഷിമേഴ്‌സ് ബാധിതരെ പൊതുവില്‍ തെറ്റിദ്ധരിയ്ക്കാന്‍ ഇടയുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഓര്‍മ്മക്കുറവാണ് ഇതില്‍ പ്രധാനം. പേരുകള്‍ മറന്നുപോകുക, സ്ഥലകാല ബോധം നഷ്ടമാകുക, തീരുമാനമെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ , ചിന്താക്കുഴപ്പങ്ങള്‍ , സ്വഭാവ വൈകല്യങ്ങള്‍ , മാനസികാവസ്ഥാ വ്യത്യാനങ്ങള്‍ , സംശയം, വര്‍ത്തമാനം, നടത്തം, ഭക്ഷണം, വസ്ത്രധാരണം എന്നിങ്ങനെ ദൈനന്തന പ്രവര്‍ത്തനങ്ങളിലെ മാന്ദ്യം/ സാധനങ്ങള്‍ മറന്നു വെയ്ക്കല്‍, അലഞ്ഞുതിരിഞ്ഞു നടക്കല്‍ തുടങ്ങിയവയെല്ലാം അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങളാണ്. ഒടുവില്‍ രോഗി പരിപൂര്‍ണ്ണമായും മറ്റുള്ളവരുടെ ആശ്രയത്വത്തില്‍ ജീവിയ്ക്കേണ്ട അവസ്ഥയിലെത്തുന്നു.


രോഗ നിര്‍ണയത്തിന് പ്രത്യേക ടെസ്റ്റുകള്‍ ഇല്ല. രോഗം സംബന്ധിച്ച ലക്ഷണങ്ങളാണ് പ്രധാനം. ചില പരിശോധനങ്ങള്‍ നടത്തി ഓര്‍മ്മക്കുറവിന്റേത് മറ്റു കാരണങ്ങളല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തലച്ചോറിലെ ചില പ്രധാന നാഡീകോശങ്ങള്‍ നശിച്ചാല്‍ പുനരുജ്ജീവനം സാധ്യമാകില്ല എന്നതിനാല്‍ തന്നെ അല്‍ഷിമേഴ്‌സ് പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റുന്നതിനാകില്ല. എന്നാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ മരുന്നുചികിത്സയിലൂടെ രോഗ തീവ്രത കുറയ്ക്കുന്നതിനും അധിക വൈകല്യം തടയുന്നതിനും സാധിയ്ക്കും. ഒപ്പം അനുബന്ധ ലക്ഷണങ്ങള്‍ ചികിത്സിയ്ക്കുന്നതിനും ആകും.


_102461378_gettyimages-870109788


പലപ്പോഴും അല്‍ഷിമേഴ്‌സിന്റെ അവസാന ഘട്ടത്തില്‍ രോഗി ഒരുതരം രണ്ടാം ബാല്യത്തിലൂടെയാണ് കടന്നുപോകുക. അതുകൊണ്ടുതന്നെ സ്‌നേഹപൂര്‍ണമായ പിന്തുണയും പരിചരണവും ആവശ്യമാണ്. അല്‍ഷിമേഴ്‌സ് ബാധിതരുടെ സാമൂഹിക മാനസികാരോഗ്യം, വ്യക്തി ശുചിത്വം, നല്ല ഭക്ഷണം എന്നിവകളെല്ലാം സമൂഹത്തിന്റെ പൊതുഉത്തരവാദിത്വമാണ്. രോഗിയേക്കാള്‍ പലപ്പോഴും ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കേണ്ടിവരിക പരിചരിയ്ക്കുന്നവര്‍ക്കാണ്. അവര്‍ക്കും ആവശ്യമായ കൗണ്‍സിലിംഗും സാന്ത്വന പരിചരണവും നല്‍കേണ്ടതുണ്ട്. അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും നിരവധിയായ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു.


പ്രതിരോധത്തിനായി ചെയ്യാവുന്നവ


ചെസ്, സുഡോക്കു, പദപ്രശ്നങ്ങള്‍ , എന്നിങ്ങനെയുള്ള ബുദ്ധിപരമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. വായന, എഴുത്ത്, ചര്‍ച്ചകള്‍ , ചിത്ര രചന, തയ്യല്‍, വാദ്യോപകരണങ്ങള്‍ എന്നിവകളില്‍ സജീവമാകുകയോ ബന്ധപ്പെട്ടവകളില്‍ പ്രാവീണ്യം നേടുകയോ ചെയ്യല്‍. നല്ല ജീവിതശൈലി, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണ ശൈലി, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കല്‍, വ്യക്തി ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കല്‍, സാമൂഹിക ഇടപെടലുകള്‍ , എന്നിവകളെല്ലാം മാനസിക സമ്മര്‍ദ്ദം ലഘൂകരിയ്ക്കാന്‍ ഉപയോഗപ്രദമാണ്.


ബ്ലെസിയുടെ തന്മാത്ര എന്ന സിനിമ മലയാളി സമൂഹത്തെ അല്‍ഷിമേഴ്‌സ് സംബന്ധിച്ച ബോധവത്ക്കരണത്തിന് ചെറുതല്ലാത്ത വിധം ഉപയുക്തമായിട്ടുണ്ട്. രോഗിയെ വിശേഷിച്ചും കുടുംബത്തെ പൊതുവിലും ആഴത്തില്‍ ബാധിയ്ക്കുന്ന അല്‍ഷിമേഴ്‌സ് മറച്ചുവെയ്ക്കുകയോ വാര്‍ദ്ധക്യ പ്രശ്ങ്ങള്‍ എന്ന നിലയില്‍ അവഗണിയ്ക്കുകയോ ചെയ്യുന്നത് രോഗിയോടുള്ള മനുഷ്യാവകാശ ലംഘനമാണ്. വൈദ്യ നിര്‍ണ്ണയം കൃത്യമായ വേളയില്‍ നടത്തി ചികിത്സ / പരിചരണം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്.


download


രോഗിയ്ക്ക് സാന്ത്വനം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചെറുകുറിപ്പുകള്‍ , ഡയറി, നോട്ട് ബുക്ക്, എന്നിവകളില്‍ വിവര സമാഹരണം നടത്താന്‍ പര്യാപ്തമാക്കണം. രോഗിയുടെ മുറിയില്‍ ക്ളോക്ക് ഉണ്ടാകണം. കുടുംബാംഗങ്ങളോ ഇതരരോ ഇവരോട് വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.


ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് കേരള സ്റ്റേറ്റ് ഇനിഷിയേറ്റീവ് ഓണ്‍ അല്‍ഷിമേഴ്‌സ് ഡിസീസ് എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ നടപ്പിലാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ തലത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ , പകല്‍ വീടുകള്‍ , മെമ്മറി ക്ലിനിക്കുകള്‍ എന്നിവകള്‍ ഉണ്ടെങ്കിലും ബന്ധപ്പെട്ടവ കൂടുതല്‍ ഇടങ്ങളില്‍ വ്യാപിപ്പിയ്ക്കേണ്ടതുണ്ട്.


ഓര്‍മ്മകള്‍ പാടേ നഷ്ടമാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അവനവനെ അവനവനാക്കുന്ന ഓര്‍മ്മകള്‍ ഇല്ലാതാകുക എന്നതിന്റെയര്‍ത്ഥം ജീവിതം തന്നെ അപരിചിതമാകുക എന്നതാകാതിരിയ്ക്കാന്‍ അല്‍ഷിമേഴ്‌സ് ബാധിതരുടെ രണ്ടാം ബാല്യത്തില്‍ അവര്‍ക്ക് കൈത്താങ്ങായി ഓര്‍മ്മകളുടെ പിന്‍ബലമുള്ളവര്‍ മാറേണ്ടതുണ്ട്. അതിനാല്‍ ഓര്‍കളില്ലാത്തവരുടെ ഓര്‍മ്മകളായി ഓരോ നിമിഷവും സവിശേഷമാക്കാം ..
ഓര്‍ക്കാം .. അല്‍ഷിമേഴ്‌സ് ആര്‍ക്കും എപ്പോഴും ഉണ്ടായേക്കാം .. വേണ്ടത് പരിചരണമാണ് .. ചികിത്സയും .. സഹിഷ്ണുതയാണ് .. സംവേദനത്വവും .. കരുതലാണ്.. അപര സ്നേഹവും ..