കഥാകാരന്‍ അക്ബര്‍ കക്കട്ടിലിന്‍റെ 11 കലാപകാലകഥകളുടെ ഒരു സഞ്ചയം നമ്മെ പരിചയപ്പെടുത്തുന്നു, ചിന്തപ്രസാധകര്‍, കലാപഭൂമികകളിലെ വാഴ്വ് എന്ന സമാഹാരത്തിലൂടെ. 54ല്‍പരം കൃതികള്‍ തന്‍റെ പേരിലവശേഷിപ്പിച്ച് ഈ കഥാകാരന്‍ യാത്രയായത് 2016 ഫെബ്രുവരി മാസം പതിനേഴാം തീയതിയാണ്. ദീര്‍ഘമായ അദേഹത്തിന്റെ സാഹിത്യസപര്യയില്‍കഥ, നോവലൈറ്റ്, നോവല്‍, പ്രബന്ധങ്ങള്‍, വിമര്‍ശനം, അഭിമുഖങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നാടകം, തിരക്കഥ, ബാലസാഹിത്യം, സര്‍വ്വീസ് കഥ, യാത്രാ വിവരണം എന്നിവയുണ്ട് എന്നറിയാമല്ലോ.
നാദാപുരത്തിന്‍റെ ചരിത്രത്തില്‍ഒരു കലാപകാലമുണ്ട്. ഇന്നവിടെ ശാന്തമാണെങ്കിലും ഏറ്റവും ആതിഥ്യമര്യാദയുള്ള ഈ നാട്ടിന്‍പുറം കലാപഭൂമിയാവുക പൊടുന്നനെയാവും. “തീര്‍ന്നു എന്നാശ്വസി ക്കുമ്പോള്‍ തുടങ്ങുന്നു പ്രശ്നങ്ങള്‍” എന്ന് കക്കട്ടില്‍പറഞ്ഞ സാഹചര്യം ഓരോ കഥയിലും നിഴലിക്കുന്നുണ്ട്.
നിസ്സഹായരുടെ നീറ്റം എന്ന കഥ ആത്മകഥാഛവി പുരണ്ടതാണ്. രണ്ടു രാഷ്ട്രീയ വിഭാഗത്തിനും അഭിമതനായ പൊതുകാര്യ പ്രസക്തനായ മാഷ് ഏതു പ്രശ്നങ്ങള്‍ക്കിടയിലും സുരക്ഷിതനാണ്. മുമ്പ് കലാപങ്ങള്‍ ഇരു വിഭാഗങ്ങളിൽനിന്നും മനുഷ്യരെ കൊന്നിരുന്നു ഇന്ന് അത് ഹിന്ദു മുസല്‍മാന്‍ എന്ന ക്രമത്തിലായിത്തീര്‍ന്നിരിക്കുന്നു. സാഹചര്യം മാഷിനെ തല്‍കാര്യക്കാരനും നിഷ്പക്ഷനും ആക്കുന്നതിലും നിഷ്പക്ഷത അലങ്കാരമാക്കുമ്പോള്‍ കൺമുന്നില്‍പരിചിതരാല്‍തന്നെ കൊല ചെയ്യപ്പെടുന്ന ബീരാന്‍റെ നിലവിളി സ്വയം നിറഞ്ഞ നിഷ്പക്ഷന്‍റെ നിസ്സഹായത ഒക്കെ ഹൃദയസ്പൃക് തന്നെ.
നാദാപുരത്ത് ആദ്യമായി വിരുന്നുവന്ന ആരിഫിന്‍റെ കഥയാണ് “നാദാപുര”ത്തില്‍. ജയപാലന്‍റെ ഈ സുഹൃത്ത് നാട്ടിന്‍പുറ നന്മകളില്‍ നിമഗ്നനാവുമ്പോഴാണ് അവിചാരിതമായി സംഘര്‍ഷം മുളപൊട്ടുന്നത് കാണുന്നത്. എന്തിനാ കൊല്ലപ്പെടുന്നതെന്നറിയാതെ കൊല്ലപ്പെടുന്നവരാണ് അധികം എന്ന വെളിപ്പെടുത്തല്‍ ആരിഫിനെ തളര്‍ത്തി. മുത്തുക്കോയ സുഹൃത്തായ സുമോഹനനെ കുത്തിക്കൊല്ലുന്നതറിഞ്ഞപ്പോഴാവും അയാള്‍ നാദാപുരത്തെ ശരിക്ക് തിരിച്ചറിയുന്നത്. “ബോംബ്…….. ബോംബ്…………….. അത് പൊട്ടി അച്ഛനും അമ്മയും ആരിഫ് മാമനും എന്ന് തുറിച്ച കണ്ണുകളോടെ സ്വപ്നം കണ്ട് നിലവിളിക്കുന്ന ജയപാലന്‍റെ മകന്‍ അവശേഷിപ്പിക്കുന്നത് വല്ലാത്ത ഒരു തേക്കമാണ്.
കണ്ണന്‍ എന്ന അമാനുഷികന്‍ ഓരോ കലാപഭൂമിയുടെയും പ്രതീക്ഷയാണ്. മായക്കണ്ണനില്‍ അഷ്റഫിനെ – അഷ്റഫ് ഒരു കവിയായാണ് കലാപബാധിത പ്രദേശങ്ങളില്‍കലാപം നിയന്ത്രിക്കുന്ന യജ്ഞങ്ങളിലെ ഭാഗഭാക്കാക്കുന്നത് അയാളാണ്. ഗ്രാമം ക്രമസമാധാനനില കൈവരിക്കുന്നു. അദൃശ്യനാവാന്‍ സാധിക്കുന്ന കണ്ണന്‍ വീടുകളില്‍രാപാര്‍ക്കില്ല. കടതിണ്ണകളില്‍രൂപം പൂണ്ടുറങ്ങുകയാണ് പതിവ്. കഥാന്ത്യത്തില്‍സംശയാലുക്കളായി നാട്ടുകാര്‍ കടതിണ്ണയ്ക്കൊപ്പം കണ്ണനെ അഗ്നിക്കിടയാക്കി മറ്റൊരു കലാപത്തിന് തുടക്കം കുറിക്കുന്നു.
ഓം ശാന്തിയില കൃഷ്ണകുമാറിലൂടെ ജീവിതത്തില്‍ഇനി ഒന്നും ചെയ്യാനില്ലാത്തതിനാല മരിക്കാന്‍ തയ്യാറായി നടക്കുന്ന മനുഷ്യന് ജീവനോടുള്ള അഭിനിവേശം വെളിവാക്കുകയാണ് കഥാകാരന്‍. കൂട്ടുകാരുമായി മരണത്തിനെ അത്യന്താപേക്ഷിതയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ കൊലപാതകത്തിന്‍റെ വാര്‍ത്തയും എത്തുന്നു. പ്രതികരിക്കാന്‍ തയ്യാറെടുക്കുന്ന കൂട്ടുകാരില്‍നിന്നും വേറിട്ട് കൃഷ്ണകുമാര്‍ വീടിന്‍റെ സുരക്ഷിതത്വത്തിലേക്ക് ഒളിക്കുന്നു. “വെറുതെ ആ നായിന്‍റെ മക്കള കൈകൊണ്ട് ചാകണോ” എന്ന് നിലവിളിച്ച്.”
അകത്തേക്കുള്ള വാതിലില്‍നിരപരാധിയായ സര്‍ക്കാരുദ്യോഗസ്ഥന്‍ ബാലന്‍ കൊലപാതകകുറ്റത്തിനകത്താകുന്നു. കത്തി വാങ്ങിവരാന്‍ ഏല്‍പ്പിച്ച രാമന്നായരോട് “നല്ല മൂര്‍ച്ചയുള്ള ഒറ്റകുത്തിന് ആളുടെ കഴുത്തങ്ങ് തെറിച്ച് പോണ” കത്തി കൊണ്ടു വരാന്‍ പറഞ്ഞത് അയാളെ ഇരുട്ടറയ്ക്കുള്ളിലാക്കുന്നു.
“ജാനകിയമ്മ”യില്‍മകന്‍ ദിനേശനും സുഹൃത്തും അവസാനം കൊലപാതകികള്‍ ആകുകയും നിസ്സംഗതയോടെ ഇരുമ്പഴിയില്‍മറയുകയും ചെയ്യുന്നു. കൊലയും അതു മറ്റൊരുവനില്‍വച്ചുകെട്ടലും ഒക്കെ. “എന്തിനായിരുന്നു ഇതെല്ലാം” എന്ന മാഷിന്‍റെ ചോദ്യത്തിന്‍റെ ഉത്തരം പലപ്പോഴും കൊലപാതകരാഷ്ട്രീയത്തിന്‍റെ ആണിക്കല്ലാണ്. “നേതാവു പറഞ്ഞു. ഞാനനുസരിച്ചു.” ഇതേ നേതൃത്വ ഇടപെടല്‍കൊണ്ട് നടക്കുന്ന ക്രൂരതകളാണ് “ജാഥയില്‍ആളെകിട്ടാന്‍ എളുപ്പമാര്‍ഗ്ഗം എന്ത്” എന്ന കഥയില്‍ആഴത്തില്‍ചര്‍ച്ച ചെയ്യപ്പെടുന്നു.
‘ക്വട്ടേഷന്‍’ ക്വട്ടേഷന്‍ തന്നെയാണ്. ജോലി തേടിവന്ന ബാലകൃഷ്ണന് കോയക്കുട്ടി ഹാജി “ഞാന്‍ ഇനിക്ക് ക്വട്ടേഷന്‍ പണി തരാം” എന്ന് പറയുന്നതിലും, ‘ക്വട്ടേഷന്‍, അതെന്തായാലും ജീവിക്കാന്‍ അതുമതി. അതിനും ഇല്ലേ ഒരിത്” എന്നു ചോദിക്കുന്നതിലും കാലവ്യത്യാസമില്ലാതെ യൗവ്വനം തച്ച് തകര്‍ക്കപ്പെടുന്നതിന്‍റെ ഒച്ച നമുക്ക് കേള്‍ക്കാം.
“ഫേസ്”ബുക്ക് എന്ന കഥയില്‍കഥാസഞ്ചയം അവസാനിക്കുന്നു. എഴുത്തുകാരനായ ഹേമന്ത് സുന്ദര്‍, മുഖപുസ്തക സുഹൃത്ത് സുചിത്ര വാര്യര്‍. ആകര്‍ഷകമായ ഒരു സൈബര്‍ ഇട ബന്ധം ഉടലിടുന്നതു അവരുടെ അഭിരുചികള്‍ പരസ്പരം ഇണങ്ങിയതിനാലത്രെ. എന്തിനോടും പ്രതികരിക്കേണ്ടി വരുന്ന കലാകാരന്മാരുടെ അവസ്ഥയില്‍അയാള്‍ പരിതപിക്കുന്നു, കാരണം അയാളും ഒരു കലാപഭൂമിയിലാണ്. സുചിത്ര വാര്യര്‍ നേരിട്ട് വരുന്നു കവിയെകാണാന്‍, ഒരു കലാപത്തിനിടെ എന്നാല്‍പാരമ്പര്യവാദിയായ പുരുഷനായിപ്പോയി അപ്പോള്‍ ഹേമന്ത്. അവള്‍ അമ്പരന്നു പോകുന്നു. തിരിച്ച് പോകുമ്പോള്‍ അയാള്‍ക്ക് അവള്‍ ഒരു മെസേജ് അയയ്ക്കുന്നു. “മിക്ക ആണുങ്ങളെ പ്പോലെയും സ്ത്രീപുരുഷബന്ധത്തിന് നിങ്ങള്‍ക്കും ഒറ്റ തലമേ ഉള്ളൂ എന്ന്”. അയാളുടെ മറുകുറിപ്പ് പ്രകാരം കാറ്റും കോളം കഴിഞ്ഞ് നന്മയുടെ ശാന്തിതീരത്തേയ്ക്ക് ഈ നാടു തുഴഞ്ഞെത്തും എന്ന പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം എന്ന്.”
ഇത് കവിയുടെ മാത്രമല്ല കലാപഭൂമിയിലെ ഓരോരുത്തരുടെയും പ്രതീക്ഷയാണ്. കഥാകാരന്‍റെ പ്രതീക്ഷയാണ്. മാനവികതയുടെ പ്രതീക്ഷയാണ്. അല്ലാതെ കലാപങ്ങളെക്കുറിച്ച് അത് അനുഭവി ക്കാത്തവര്‍ക്ക് എന്തറിയാം, അനുമാനിക്കാനല്ലാതെ? കക്കട്ടില്‍കഥകളിലൂടെ, നമ്മളും പലപ്പോഴും കലാപം നയിക്കുന്നു, കലാപത്തിനിരയാകുന്നു.