കടല്‍ ഒരു തിര കരുതി വച്ചിട്ടുണ്ട് ...
വസന്തം ഒരു പൂമര ചില്ലയും
മഴ ഒരു തുടം കുളിരും കാത്തു വച്ചിട്ടുമുണ്ട്
വഴി തെറ്റി മേയുന്ന വാക്കുകളെ തേടി
കാറ്റ് കിഴക്കോട്ടും
വെയില്‍ പടിഞ്ഞാട്ടും പോയിട്ടുമുണ്ട് ..
തെക്കേ പറമ്പിലെ
മൂവാണ്ടന്‍ മാവിന്റെ കടക്കല്‍
ചിന്തകള്‍ മഴുവെറിയുന്നുണ്ട് ...
നട് മുറിയിലോരോര്‍മ്മ
പൊള്ളി വിയര്‍ത്തു പയ്യാരം ചൊല്ലി
തലതല്ലിയാര്‍ക്കുന്നുണ്ട്.
പുന്നരമോനൊരന്ത്യ ദര്‍ശനമേകി
ഒന്ന് തീപ്പെടാന്‍ കൊതിച്ചു
എത്ര ദിവസമായി
ഈ തണുത്ത കണ്ണാടി പെട്ടിക്കുള്ളില്‍
വിറച്ചു വിറച്ചു കിടക്കുന്നു
എയര്‍ ഇന്ത്യന്‍ ദൈവങ്ങള്‍
ഒന്ന് കനിഞെങ്കില്‍ ....