കനിവോലും കണ്ണാലവള്‍
അമ്മച്ചിയെ കണ്ടു
തെമ്മാടിക്കുഴിക്കു ചുറ്റും
കണ്ണീരോളങ്ങള്‍ തീര്‍ത്ത്
അവളുടെ അമ്മച്ചി കരഞ്ഞു
"ഇനി നിന്റെ ആത്മാവിനെന്ത് ?"
പച്ചനിലമായി പരന്നു കിടപ്പവള്‍
മിന്നാമിന്നികളൊളിക്കും
തടാകമായി തണുത്തവള്‍
നിലാവായി ചിരിച്ചു കുഴഞ്ഞു
വെണ്ണക്കല്ലു കുരിശുകള്‍ക്കടിയില്‍
റോസാദലങ്ങള്‍ക്കും ഓര്‍ക്കിഡ്
-പ്പൂക്കള്‍ക്കുമിടയില്‍ കുര്‍ബ്ബാനകളും
കൂദാശകളുമേറ്റു വാങ്ങിയവർ
ദുര്‍ഗന്ധത്താല്‍ മൂക്കുപൊത്തുന്നതും
ഉഷ്ണപ്രവാഹത്താല്‍ എരിപൊരി -
കൊള്ളുന്നതുമിടം കണ്ണാലവള്‍ കണ്ടു
പാവം അമ്മച്ചി!
അവളൊന്നുകൂടി കനിവൂറി
ഇലഞ്ഞിപ്പൂവിന്‍ മണമുള്ള
ചുണ്ടുകളാൽ അവൾ
അമ്മച്ചിയുടെ കണ്ണീര്‍ക്കണങ്ങള്‍
ഉമ്മ വെച്ചുണക്കി .