Shanavas K Bavakutty Divya Chandrasobha

അരാഷ്ട്രീയത എന്റെ സിനിമകളുടെ രാഷ്ട്രീയമല്ല : ഷാനവാസ് കെ. ബാവക്കുട്ടി

അഭിമുഖം: ഷാനവാസ് കെ. ബാവക്കുട്ടി / ദിവ്യ ചന്ദ്രശോഭ


2016 ലെ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് ഷാനവാസ് കെ. ബാവക്കുട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കിസ്മത്ത്.’ മലപ്പുറം ജില്ലയിലെ പൊന്നാനി എന്ന സ്ഥലത്ത് നടന്ന യഥാര്‍ത്ഥസംഭവത്തെ അടിസ്ഥാനമാക്കിയാണ് കിസ്മത്ത് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത്തി ഒന്നാമത് ഐ.എഫ്.എഫ്.കെ.യില്‍ ‘മലയാളസിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ കിസ്മത്തും ഇടം നേടുകയുണ്ടായി. തന്റെ ആദ്യ സിനിമ തന്നെ ഇത്തരത്തില്‍ ഇന്ത്യയിലെത്തന്നെ വലിയ ചലച്ചിത്രമേളകളിലൊന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദവും അഭിമാനവും തന്റെ സിനിമാസങ്കപ്പങ്ങളും ഷാനവാസ് കെ. ബാവക്കുട്ടി പങ്കുവെക്കുന്നു.


ദിവ്യചന്ദ്രശോഭ: ഐ.എഫ്.എഫ്.കെ. അല്ലെങ്കില്‍ പൊതുവെ ഫിലിം ഫെസ്റ്റിവലുകള്‍ ഒരു പുതിയ സിനിമാസങ്ക പ്പത്തെ/ സംവിധായകരെ വാര്‍ത്തെടുക്കാന്‍ എത്രമാത്രം പര്യാപ്തമാണ്.


ഷാനവാസ് കെ. ബാവക്കുട്ടി: എന്റെയൊരു അനുഭവത്തില്‍ നിന്നുകൊണ്ടുതന്നെ പറയാം. 2011 - ലാണ് ആദ്യമായിട്ട് ഞാന്‍ ഐ.എഫ്.എഫ്.കെ.യില്‍ ഡെലിഗേറ്റ് ആയി വരുന്നത്. അന്നുമുതല്‍ 2015 വരെ ചലച്ചിത്രമേളയുടെ വലിയ ആള്‍ക്കൂട്ടങ്ങളിലൊരാളാകുകയും അവിടുത്തെ തിരക്കുകള്‍ക്കിടയിലും നീണ്ട ക്യൂവിലും നിന്ന് പ്രയാസപ്പെട്ട് അവസാനസിനിമയും കണ്ട് തിരിച്ചുപോരുകയും ചെയ്യുന്ന ഒരു ആസ്വാദകനായിരുന്നു ഞാന്‍. 2016 -ല്‍ എന്റെ സിനിമയുമായി എനിക്ക് ചലച്ചിത്രമേളയില്‍ എത്താന്‍ പറ്റുന്നു എന്നുള്ളത് എനിക്ക് ഏറെ അഭിമാനം തോന്നുന്ന കാര്യമാണ്. അത് സാധ്യമാക്കിയത് ഐ.എഫ്.എഫ്.കെ.യാണ്. 2011 മുതല്‍ 2015 വരെ മേളയില്‍ വെച്ച് ഞാന്‍ കണ്ട സിനിമകള്‍ എന്നി പുതിയ ചലച്ചിത്രസങ്കല്‍പ്പത്തെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പുതിയ സിനിമാഭിരുചികള്‍, സിനിമാനിര്‍മ്മാണ രീതികള്‍ എന്നിവയെക്കുറിച്ചൊക്കെ പുതിയ അവബോധമുണ്ടാക്കാനും സിനിമയുടെ ലോകത്തുനടക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാനുമൊക്കെയുള്ള അവസരമാണ് ചലച്ചിത്രമേളകള്‍. ആ രീതിയില്‍ ചലച്ചിത്രമേളകള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ല ചലച്ചിത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ ചലച്ചിത്രമേളകള്‍ ഉതകുന്നുണ്ട് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.


ഇരുപത്തിഒന്നാമത് ഐ.എഫ്.എഫ്.കെ.യിലെ ഫിലിം പാക്കേജിനെ എങ്ങിനെ വിലയിരുത്തുന്നു.


ഞാന്‍ കണ്ട സിനിമകള്‍വെച്ച് വളരെ നല്ല പാക്കേജായിരുന്നു. എല്ലാ പാക്കേജുകളും നല്ല നിലവാരമുള്ളവയായിരുന്നു. ‘ക്ലാഷ്’ എന്ന സിനിമ തന്നെ എടുത്തുനോക്കുമ്പോള്‍, നമ്മളെ അമ്പരപ്പിക്കുന്ന ഒരു മെയ്കിംഗ് , ഒരു പൊളിറ്റിക്‌സ് ആണ് ആ സിനിമ മുന്നോട്ട് വെയ്ക്കുന്നത്. കണ്ടിറങ്ങിയതിനുശേഷം നമ്മളെ വല്ലാതെ പിന്തുടരുന്ന ഒരു സിനിമയായിരുന്നു അത്. അതുപോലെത്തന്നെ ‘കോള്‍ഡ് ഓഫ് കലണ്ടര്‍,’ ‘ഡോട്ടര്‍,’ ‘ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി’ തുടങ്ങി നിരവധി പടങ്ങള്‍ നല്ലതായിരുന്നു. ഇപ്രാവശ്യത്തെ ചലച്ചിത്രമേള ഒരു തരത്തിലും നിരാശപ്പെടുത്തിയില്ലെന്നു പറയാം. പിന്നെ മലയാളം ഫിലിംമേക്കര്‍ എന്ന നിലയി ഞാനടക്കം ഉള്ള ആളുകള്‍ക്കുണ്ടായ ഒരു നിരാശ, ലോകത്തുള്ള പല സിനിമകളും അതിന്റെ പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ഞാനുള്‍പ്പെടുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ ഒരു ഫെസ്റ്റിവല്‍ സിനിമാ വാര്‍പ്പുമാതൃകയെ പിന്തുടരുകയാണ് ചെയ്യുന്നത്. മാറ്റങ്ങളിലേക്ക് നമ്മള്‍ പോകുന്നില്ല. സിനിമയുടെ ആഖ്യാനത്തില്‍ , രാഷ്ട്രീയത്തില്‍ , നിര്‍മ്മാണത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ലോകസിനിമയില്‍ ‘ക്ലാഷാ’യാലും, ‘സിങ്കാ’യാലും, ‘നെരൂദ’യായാലും ഒക്കെ നമ്മളോട് സംസാരിക്കുന്നത് അതാണ്. നമ്മളിപ്പോഴും ഒരു ടിപ്പിക്കല്‍ മെയ്ക്കിംഗ് ശൈലിയില്‍ ത്തന്നെയാണ് നില്‍ക്കുന്നത്. പണമില്ല എന്നത് ഒരു പരാധീനതയും പോരായ്മയും ഒക്കെത്തന്നെയാണ്. ഉള്ള സാധ്യതകള്‍ വെച്ച് മെച്ചപ്പെട്ടൊരു സിനിമയുണ്ടാക്കാന്‍ എന്തുകൊണ്ട് നമ്മള്‍ ശ്രമിക്കുന്നില്ല എന്നൊരു ചിന്ത ഞാനടക്കമുള്ള മലയാളസിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവണമെന്ന് തോന്നുന്നു.


കിസ്മത്തിനെക്കുറിച്ചുള്ള ഐ.എഫ്.എഫ്.കെ.പ്രേക്ഷകരുടെ പ്രതികരണം എന്തായിരുന്നു.


കിസ്മത്തിന് മറ്റ് സിനിമകളെപ്പോലെ ഡെലിഗേറ്റ്‌സ് ഇടിച്ചുകേറുകയൊന്നും ഉണ്ടായില്ല. എനിക്ക് തോന്നുന്നത് കമ്മട്ടിപ്പാടവും, മഹേഷിന്റെ പ്രതികാരവും, കിസ്മത്തുമൊക്കെ നല്ല സിനിമകളെ സ്‌നേഹിക്കുന്ന ആളുകള്‍ തിയേറ്ററില്‍ പോയി നേരത്തെത്തന്നെ കണ്ടിട്ടുണ്ട് എന്നാണ്. അങ്ങനെ കാണാന്‍ സാധിക്കാത്ത ആളുകള്‍ ഫെസ്റ്റിവലില്‍ ഈ സിനിമ കാണുകയുണ്ടായി. എന്നെ സന്തോഷപ്പെടുത്തിയ ഒരു കാര്യം ഞാന്‍ കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടിയാണെന്നറിഞ്ഞ് എന്നെ അഭിനന്ദിക്കുകയും സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുകയുമുണ്ടായി. അതില്‍ പലരും തിയേറ്ററില്‍ പോയി സിനിമ കണ്ടവരായിരുന്നു. പൊതുവെ നല്ല പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായത്.


അനിതയും ഇര്‍ഫാനും എങ്ങനെയാണ് താങ്കളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്താണ് ആദ്യ സിനിമ അവരെ കുറിച്ച് തന്നെയാവണം എന്ന് തീരുമാനിക്കാന്‍ ഉള്ള കാരണം.


കിസ്മത്ത് എന്ന സിനിമയുടെ പിറവിക്ക് കാരണമായ സംഭവം നടക്കുന്നത് 2011 ലാണ്. ഞാന്‍ അന്ന് പൊന്നാനി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു. ഇര്‍ഫാന്‍ എന്നും അനിത എന്നുമല്ല അവരുടെ യഥാര്‍ത്ഥ പേര്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതി പേര് മാറ്റുകയായിരുന്നു. ഈ സംഭവവുമായ ബന്ധപ്പെട്ട് കാണുന്നതിന് മുമ്പുതന്നെ അനിതയെ എനിക്ക് അറിയാമായിരുന്നു. അവള്‍ അത്യാവശ്യം നല്ല വിദ്യാഭ്യാസമുള്ള കുട്ടിയാണ്. ചിത്രം വരയ്ക്കും, നന്നായി തമാശ പറയും. വളരെ എനെര്‍ജെറ്റിക്ക് ആയ കുട്ടിയാണ്. പൊന്നാനി എം.ഇ.എസ് കോളേജില്‍ ആണ് പഠിച്ചത്. സാമൂഹ്യപ്രവര്‍ത്തകയാണ്. എസ്.സി. പ്രമോട്ടര്‍ ആയി പൊന്നാനി നഗരസഭയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ സാക്ഷരതാമിഷന്റെ തുല്യതാപരീക്ഷയി അധ്യാപികയായിരുന്നു. വളരെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കുട്ടി. എന്റെ വാര്‍ഡിലെ ഒരു പൊതുപ്രശ്‌നവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ ആണ് അനിതയും ഇര്‍ഫാനും സ്റ്റേഷനിലേക്ക് കയറിവരുന്നത്. എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളൊരു പരാതി കൊടുക്കുവാന്‍ വന്നതാണെന്ന് അനിത മാത്രം പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ കൂടെ ഒരു പയ്യനുണ്ട്. കണ്ടിട്ട് അവളേക്കാള്‍ പ്രായം കുറവാണ്. അവനെയും ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ ആരാണ് എന്താണ് എന്നൊന്നും അറിയില്ല. സാധാരണ എന്തോ വിഷയമാണന്ന് കരുതി ഞാനത് വിട്ടുകളഞ്ഞു. വൈകീട്ട് വീണ്ടും ഞാന്‍ പോലീസ് സ്റ്റേഷനി പോയപ്പോള്‍ വളരെ ക്രൂരമായ കാര്യങ്ങള്‍ ആണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ആകെ സംഘര്‍ഷമാണ്. സങ്കീര്‍ണമാണ് കാര്യങ്ങള്‍. അനിതയുടെ ചേട്ടന്റെ കൂടെ കൂറെ ആര്‍.എസ്.എസ്സുകാര്‍ ഉണ്ട്. അവരെന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇര്‍ഫാന്റെ വീട്ടുകാരുടെ കൂടെ കുറെ എന്‍.ഡി.എഫുകാര്‍ ഉണ്ട്. അവര്‍ വേറൊന്തെക്കെയൊ പറയുന്നു. രണ്ട് വീട്ടുകാരും അനിതക്കെതിരെ മാത്രമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അനിത പ്രായം ചെന്ന കുട്ടിയല്ലേ? ഇര്‍ഫാനെ ഇവള്‍ അവളുടെ കാര്യസാധ്യത്തിനായി വലവീശിപിടിച്ചതാണ്. പിന്നെ ആണിന് എന്തും ആവാം എന്നുകരുതുന്ന സാമൂഹ്യവ്യവസ്ഥിതിയാണല്ലോ നമ്മുടേത്. അതുതന്നെയാണ് അവരും പറയുന്നത്. പോലീസും പറയുന്നത്. നീയൊരു പെണ്ണല്ലെ ആണ്‍ക്കുട്ടികള്‍ക്ക് അത്തരം താല്‍പ്പര്യങ്ങള്‍ ഉണ്ടാകും. അതിന് നീ കൂട്ടുനില്‍ക്കാമോ? മനുഷ്യന് ദൈവം നല്‍കിയിട്ടുള്ള ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. അവള്‍ അവള്‍ക്കിഷ്ടപ്പെട്ട പുരുഷനുമൊത്ത് ജീവിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നതാണ്. ജാതിയും മതവും പ്രായവും ഒന്നും നോക്കിയില്ല. അങ്ങനെ സത്യസന്ധമായ ഒരാവശ്യത്തിന് സംരക്ഷണം തേടി വന്ന രണ്ടുപേരെ എത്രമാത്രം ടോര്‍ച്ചര്‍ ചെയ്യാമോ അത്രമാത്രം ടോര്‍ച്ചര്‍ ചെയ്യുന്ന കാഴ്ച്ചയാണ് ഞാന്‍ കണ്ടത്. അവിടുന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് ആ പയ്യന്‍ ആത്മഹത്യചെയ്ത കാര്യം ഞാന്‍ അറിയുന്നത്. അത് എന്നെ ശരിക്കും വേദനപ്പിച്ചു. കാരണം ഒരു പൊതുപ്രവര്‍ത്തകന്‍ ആയിട്ടും എനിക്കാ പ്രശ്‌നത്തി ഇടപെടാനായില്ലല്ലോ. ഒരുപക്ഷേ ഞാന്‍ അല്ലെങ്കില്‍ എന്റെ പ്രസ്ഥാനം അതിനകത്ത് ഇടപെട്ടിരുന്നെങ്കി ഇര്‍ഫാന്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അവരിന്ന് ഒരുമിച്ച് ജീവിക്കുമോ എന്നൊന്നും എനിക്ക് പറയാ പറ്റില്ല. ഒരു ജീവന്‍ ഈ ലോകത്തുനിന്ന് പൊലിഞ്ഞുപോകുമായിരുന്നില്ല. ഈ സംഭവം വല്ലാത്തൊരു വിങ്ങലായി മനസ്സിലങ്ങനെ കിടന്നു. സിനിമയെടുക്കുന്ന കാര്യമാലോചിച്ചപ്പോള്‍ ഞാന്‍ ആദ്യം രാജീവേട്ടനോട് (രാജീവ് രവി) പറഞ്ഞത് വേറൊരു കഥയാണ്. അദ്ദേഹത്തിന് ആ കഥ ഇഷ്ടമാവുകയും ചെയ്തിരുന്നു. പക്ഷേ അതിനിടയിലാണ് ‘ഐ.ഡി’ എന്ന സിനിമയുടെ സംവിധായകനായ കമല്‍ കെ.എം.നെ കാണുന്നത്. കമലാണ് പറഞ്ഞത് നീ ഇത് ചെയ്യ് ആദ്യം. ഈ കഥ പറഞ്ഞുകൊണ്ടാണ് നീ സിനിമരംഗത്തേക്ക് കടക്കേണ്ടത്. ആലോചിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി. എനിക്ക് അടുത്തറിയാവുന്നതും രാഷ്ട്രീയപരമായ ചില നിലപാടുകള്‍ പറയാന്‍ പറ്റുന്നതുമായ ഒരു വിഷയമാണിത്. എല്ലാറ്റിനുമുപരിയായി ഇര്‍ഫാന്റെയും അനിതയുടെയും അനുഭവത്തെക്കുറിച്ച് സമൂഹത്തിനോട് പറയേണ്ടതുണ്ട് എന്ന് തോന്നി.


സിനിമയെടുക്കുന്നതിന് മുമ്പ് അനിതയെ കാണാന്‍ ശ്രമിച്ചിരുന്നോ.


കിസ്മത്ത് ചെയ്യണമെന്ന് ആലോചിച്ചപ്പോള്‍ത്തന്നെ ഞാനാദ്യം കണ്ടത് അനിതയെയാണ്. അനിതയുടെ സമ്മതത്തോടുകൂടിത്തന്നെയാണ് ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയത്. സ്റ്റേഷനില്‍ വെച്ച് കുറച്ചുകാര്യങ്ങളെ എനിക്കറിയാന്‍ സാധിച്ചൊള്ളു. അവരനുഭവിച്ച മുഴുവന്‍ തിക്താനുഭവങ്ങളും എന്താണെന്ന് എനിക്കറിയില്ല. എനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞുവിളിച്ചപ്പോള്‍ അനിത എന്നെ കാണാന്‍ വന്നു. ഏകദേശം രണ്ട് മണിക്കൂറുകളോളം എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലും വെറും പത്ത് മിനിറ്റ് നേരം മാത്രമേ ഇര്‍ഫാനെ കുറിച്ചും അവരുടെ പ്രണയത്തെക്കുറിച്ചും സംസാരിക്കാന്‍ ആ കുട്ടിക്കുകഴിഞ്ഞൊള്ളൂ. ആ ഓര്‍മ്മകള്‍, പോലീസ് സ്റ്റേഷനിലേയും അതിനുശേഷം റെസ്‌ക്യൂ ഹോമിലെയും അനുഭവങ്ങള്‍ ആ കുട്ടിയെ അത്രയേറെ വേട്ടയാടുന്നുണ്ടായിരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ , അല്ലെങ്കില്‍ ഒരു മനുഷ്യജീവി എന്ന നിലയില്‍ ഒരു ആയുസ്സി അനുഭവിച്ചുതീര്‍ക്കേണ്ട എല്ലാ വേദനകളും ആ രണ്ട് ദിവസംകൊണ്ട് ആ കുട്ടി അനുഭവിച്ചു തീര്‍ത്തിരുന്നു. അവള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ എഴുത്ത് തുടങ്ങിയത്. സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഞാന്‍ അവളെ വിളിച്ചിരുന്നു. ‘സിനിമ ഞാന്‍ കണ്ടിട്ടില്ല, കണ്ടിട്ട് ഞാന്‍ എന്തായാലും ഷാനാവാസിനെ വിളിക്കാം’ എന്നാണ് അവള്‍ പറഞ്ഞത്. ആ വിളിക്കായി ഞാനും കാത്തിരിക്കുകയാണ്. സിനിമ ഇറങ്ങിയതിന് ശേഷവും ഞാനവളെ കണ്ടിരുന്നു. പൊന്നാനിയില്‍ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനുപോയപ്പോള്‍ ഹാളിന്റെ മുന്‍നിരയില്‍ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. അവള്‍ അവിടെയാണ് ജോലി ചെയ്യുന്നത് എന്നെനിക്കറിയില്ലായിരുന്നു. പരിപാടി കഴിഞ്ഞ് എന്നോട് എന്നത്തെയുംപോലെ സ്‌നേഹപൂര്‍വ്വം സംസാരിച്ചു. സംഭവകഥയായതുകൊണ്ടുതന്നെ സിനിമ കണ്ടവരെല്ലാം അനിതയും ഇര്‍ഫാനും എവിടെയാണ് എന്നു ചോദിക്കുന്നുണ്ട്. മാധ്യമങ്ങള്‍ അനിതയുടെ ഇന്റര്‍വ്യു വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഞാനിപ്പോ കരുതുന്നത് അവള്‍ തിരശീലക്കുപുറകില്‍ നില്‍ക്കുന്നതുതന്നെയാണ് നല്ലത് എന്നാണ്. കാരണം മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എപ്പോഴും ഓരോ കാരണങ്ങള്‍, ബിംബങ്ങള്‍ വേണം. ഈ ആഘോഷിക്കപ്പെടലുകള്‍ക്ക് അപ്പുറത്തേക്ക് ഇര്‍ഫാനും അനിതയും മുന്നോട്ട് വെച്ച ഒരു രാഷ്ട്രീയമുണ്ട്. കുറേ ചോദ്യങ്ങള്‍ ഉണ്ട്. മാനവികതയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് അനിത ഇപ്പോഴും പൊന്നാനിയില്‍ ജീവിക്കുന്നത്. ഇര്‍ഫാന്‍ ഇവിടുന്നുവിട്ടുപോകുമ്പോഴും ഒരു ചോദ്യം ചോദിച്ചുവെച്ചിട്ടുണ്ട്. അതാണ് അയാളുടെ ബാപ്പയോട് അയാള്‍ ചോദിച്ചത് : ‘ഓള് ആ ജാതിയായത് ഓളെ കുറ്റാണോ? ഞാന്‍ ഈ ജാതിയായത് ന്റെ കുറ്റാണോ?


യഥാര്‍ത്ഥത്തില്‍ മതങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് മാനവസ്‌നേഹമാണ്. പക്ഷേ, മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രണയബന്ധങ്ങള്‍ക്ക് ഏറെ എതിര് നില്‍ക്കുന്നതും മതങ്ങള്‍ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ മതങ്ങളെ കിസ്മത്ത് വിമര്‍ശനവിധേയമാക്കുന്നുണ്ടോ.


ഞാന്‍ ഷാനവാസ്.കെ.ബാവക്കുട്ടി, ഒരു ഇസ്ലാംമതവിശ്വാസിയാണ്. ഞാന്‍ ഇസ്ലാംമതവിശ്വാസിയായത് ഞാന്‍ നേരെപ്പോയി ഇസ്ലാംമതത്തില്‍ ചേര്‍ന്നതുകൊണ്ടല്ല. എന്റെ ബാപ്പയും എന്റെ കുടുംബവും ഇസ്ലാമായതുകൊണ്ടാണ്. ഇസ്ലാമായത് ഒരു തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്, പഠിച്ചിട്ടുണ്ട്. എനിക്ക് കംഫര്‍ട്ട് ആയിത്തോന്നിയതുകൊണ്ട് ഞാനതില്‍ നില്‍ക്കുന്നു. നമ്മള്‍ ഏത് മതത്തില്‍പ്പെടണമെന്ന് തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. മാത്രമല്ല എന്റെ വായനയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് എല്ലാ മതങ്ങളുടെയും അന്തസത്ത മനുഷ്യസ്‌നേഹമാണ്, മനുഷ്യന്റെ ഉന്നമനമാണ് എന്നതാണ്. അതുകൊണ്ടുതന്നെ മനുഷ്യസ്‌നേഹത്തെ ഉദ്‌ഘോഷിക്കുന്ന മതങ്ങളെ കിസ്മത്ത് വിമര്‍ശിക്കുന്നില്ല. മറിച്ച് അധികാരസ്ഥാപനമായി മാറിയ, അല്ലെങ്കില്‍ അങ്ങനെയായി നിലനില്‍ക്കുന്ന മതങ്ങളെയാണ് കിസ്മത്ത് വിമര്‍ശിക്കുന്നത്. ഇര്‍ഫാന്റെ ബാപ്പ സെയ്തു ബാവതങ്ങള്‍പോലും പ്രണയത്തെ എതിര്‍ക്കുന്നത് മതത്തില്‍ നിന്ന് പുറത്തുപോകുമോ എന്ന പേടികൊണ്ടല്ല മറിച്ച്, മതം അനുവദിച്ചുനല്‍കിയ മഹല്ല് സെക്രട്ടറി സ്ഥാനം പോകുമോ എന്ന പേടി കൊണ്ടാണ്. കുടുംബത്തിന്റെ മാനം, മഹല്ല് സെക്രട്ടറി എന്ന നിലയിലുള്ള ആ സമൂഹത്തിലെ തന്റെ സ്ഥാനവും മാനവും നീയായിട്ട് കളയല്ലേ എന്നാണ് അദ്ദേഹം ഇര്‍ഫാനോട് പറയുന്നത്. അല്ലാതെ നിന്റെ പ്രണയം നമ്മുടെ മതത്തിന് എതിരാണ് എന്നല്ല. അപ്പോ അധികാരമാണ് പ്രശ്‌നം. മതങ്ങള്‍ ഇത്തരത്തില്‍ അധികാരസ്ഥാപനങ്ങള്‍ ആയി നിലനില്‍ക്കുന്നു. കൂടാതെ അധികാരത്തിനോടുള്ള ആര്‍ത്തി എല്ലാവരിലും ഉണ്ട്. പോലീസ് സ്റ്റേഷനില്‍ ഇളകുന്ന കസേരയിലിരിക്കുമ്പോള്‍ എസ്.ഐ. അജയ് സി.മേനോന്‍ വല്ലാതെ അസ്വസ്ഥനാകുന്നു. അധികാരകസേരയുടെ ഇളക്കം മനുഷ്യനെ വല്ലാതെ അസ്വസ്ഥനാക്കുന്നു, ക്ഷുഭിതനാക്കുന്നു. സിനിമയിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യവും അതൊക്കെത്തന്നെയാണ്.


അനിതയും ഇര്‍ഫാനും തമ്മിലുള്ള പ്രണയത്തെ സ്ഥാപിക്കുന്നില്‍ സിനിമ പരാജയപ്പെട്ടു, അവര്‍ പ്രണയബദ്ധരാകുന്നതും പ്രണയിക്കുന്നതുമായ രംഗങ്ങള്‍ കുറേകൂടി ഉള്‍പ്പെടുത്താമായിരുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവല്ലോ. അതിനെ എങ്ങിനെ നോക്കിക്കാണുന്നു .


ഞാന്‍ വളരെ സത്യസന്ധമായിട്ടാണ് ഈ സിനിമയെ സമീപിച്ചിട്ടുള്ളത്. എനിക്കറിയില്ല അവരെങ്ങനെയാണ് കണ്ടുമുട്ടിയതെന്ന്. ഇര്‍ഫാന്‍ അനിതയോട് പറഞ്ഞ പ്രണയവാക്കുകള്‍ എന്തൊക്കെയാണെന്ന് എനിക്കറിയില്ല. ഞാനന്തെങ്കിലും അധികമായി പറഞ്ഞുകഴിഞ്ഞാല്‍ ഇന്നും പൊന്നാനിയില്‍ ജീവിച്ചിരിക്കുന്ന ആ പെണ്‍കുട്ടിയെ അത് വേദനിപ്പിച്ചേക്കും. അതാണ് മറ്റെന്തിനേക്കാളും ഉപരിയായി സിനിമ ചെയ്യുമ്പോള്‍ ഞാന്‍ പരിഗണിച്ച കാര്യം. സാധാരണ പ്രണയസിനിമകളില്‍ പറയപ്പെടുന്ന കുറേ മസാലകള്‍ എനിക്ക് ചേര്‍ക്കാമായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കി ഇക്കിളിപ്പെടാനുള്ള മനുഷ്യന്റെ, പ്രത്യേകിച്ച് മലയാളിയുടെ ത്വരയെ എനിക്ക് വേണമെങ്കി വിറ്റുകാശാക്കാമായിരുന്നു. ഒരുപക്ഷേ, കിസ്മത്ത് ഇപ്പോള്‍ ആഘോഷിക്കപ്പെട്ടതിന്റെ നാലിരട്ടി അപ്പോള്‍ ആഘോഷിക്കപ്പെട്ടേനെ. എന്റെ പ്രൊഡ്യൂസര്‍മാര്‍ക്ക് ഒരുപാട് റവന്യൂവും കിട്ടുമായിരുന്നു. എനിക്കും അതുകൊണ്ട് ഗുണം കിട്ടിയേനെ. ഇനിയും അരമുക്കാല്‍ മണിക്കൂര്‍നേരം ഷൂട്ട് ചെയ്യാനുള്ള സ്‌പേസ് എനിക്ക് ഉണ്ടായിരുന്നു. എന്റെ നിര്‍മ്മാതാക്കള്‍ക്ക് അതി എതിര്‍പ്പുമുണ്ടായിരുന്നില്ല. പക്ഷേ അത് പാടില്ല എന്നത് എന്റെ ഉറച്ച തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെയാണ് കിസ്മത്തില്‍ അത്തരം രംഗങ്ങള്‍ ഇല്ലാതിരുന്നത്. എനിക്ക് പറയാനുണ്ടായിരുന്നത് ഇതാണ്. പക്ഷേ കിസ്മത്ത് നല്ല രീതിയി വിജയിച്ചിട്ടുണ്ട്, 2016 ലെ ഹിറ്റ്‌സിനിമകളുടെ കൂട്ടത്തില്‍ കിസ്മത്ത് ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. കിസ്മത്ത് ഒരു ‘പ്രണയസിനിമ’യാണെന്ന് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം കിസ്മത്ത് ‘പ്രണയത്തിന്റെ രാഷ്ട്രീയം’ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് എന്ന് പറയുന്നതാണ്.


ഇര്‍ഫാന്റെ വീട്ടുകാര്‍, സെന്‍സര്‍ബോര്‍ഡ്, ജാതിമതസംഘടകള്‍ എന്നിവയുടെയെല്ലാം സിനിമയോടുള്ള പ്രതികരണം എന്തായിരുന്നു.


നമ്മുടെ രാജ്യത്ത്, അസഹിഷ്ണുത നടമാടിക്കൊണ്ടിരിക്കുന്ന കാലത്ത്, സെന്‍സര്‍ബോര്‍ഡ് പലസിനിമകളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. സ്റ്റേറ്റ്, സെന്‍സര്‍ബോര്‍ഡിനെ ഉപയോഗിച്ചുകൊണ്ട് അതിന്റെ അധികാരം പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തി ‘കഥകളി’ എന്ന സിനിമയില്‍ , ‘ഉട്താ പഞ്ചാബ്’ എന്ന പഞ്ചാബി- ഹിന്ദിസിനിമയില്‍ ഒക്കെ സെന്‍സര്‍ബോര്‍ഡ് ഇടപെട്ടത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ എന്റെ സിനിമ കണ്ട് സെന്‍സര്‍ബോര്‍ഡിന്റെ ഹെഡ് അടക്കമുള്ള ആളുകള്‍ അഭിനന്ദിക്കുകയാണ് ഉണ്ടായത്. അതെന്നെ ഏറെ അമ്പരിപ്പിച്ച കാര്യമാണ്. ഈ സിനിമ മലയാളത്തില്‍ വരേണ്ട സിനിമയാണ്, ഇതില്‍ ഒന്നും മുറിച്ചുമാറ്റേണ്ടതില്ല. ഇതിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ഞങ്ങള്‍ തരുന്നത് എന്നാണ് അവര്‍ പറഞ്ഞത്. എങ്ങനെയാണ് ആ മിറാക്കിള്‍ സംഭവിച്ചത് എന്നെനിക്കറിയില്ല. എന്റെ നിര്‍മ്മാതാവ് രാജീവേട്ടന്റെ സിനിമയില്‍ നിന്നും ‘പുലയ’ എന്ന വാക്ക് അവര്‍ വെട്ടിമാറ്റാന്‍ പറഞ്ഞു. കിസ്മത്തി ‘ചെറുമി’ എന്ന് പ്രയോഗിക്കുന്നുണ്ട്. ‘ചെറുമി’ എന്ന് ഞാന്‍ പറയാന്‍വേണ്ടി പറഞ്ഞതല്ല. ജാതി വിളിക്കാന്‍ വേണ്ടിപ്പറഞ്ഞതുമല്ല. പോലീസ് സ്റ്റേഷനില്‍ വെച്ച് ആ കുട്ടിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നത് ഞാന്‍ കേട്ടതാണ്. വിനയ് ചെയ്ത അജയ് സി. മേനോന്‍ എന്ന കഥാപാത്രം ഹിന്ദിയില്‍ പറയുന്ന ഡയലോഗുകള്‍ വളരെ വള്‍ഗര്‍ ആയിട്ടുള്ളതാണ്. പക്ഷേ അതൊന്നും വെട്ടിമാറ്റാന്‍ സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടില്ല. തീവ്രമായ ചില ഡയലോഗുകള്‍ മതത്തെ, ജാതിയെ വേദനിപ്പിക്കുമെന്ന് അവര്‍ക്ക് തോന്നിയില്ല. അതുപൊലെത്തന്നെ ഇര്‍ഫാന്റെ കുടുംബമോ മുഖ്യധാരാ രാഷ്ട്രീയമതജാതിസംഘടനകള്‍ ഒന്നുംതന്നെ കിസ്മത്തിനെതിരെ സംസാരിച്ചുകണ്ടില്ല. അതിനര്‍ത്ഥം ഞാന്‍ ഒരു വിവാദം ഉണ്ടാകാന്‍ ആഗ്രഹിച്ചു എന്നല്ല. എന്റെ സത്യസന്ധമായ ഇടപെടലിലെ കേരളസമൂഹം അംഗീകരിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ കേരളത്തിന് ഒരു പ്രത്യേകസാഹചര്യമുണ്ടല്ലോ. ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാകാതിരുന്നതി സന്തോഷമുണ്ട്.


ഒരു ദളിത് പെണ്‍കുട്ടി അതും വിദ്യാസമ്പന്നയായ ദളിത് പെണ്‍കുട്ടി നായികയാവുക എന്നത് മലയാളസിനിമയില്‍ സമാനതകളില്ലാത്തതാണ്. ദളിത് വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളോ ദളിത് കഥാപാത്രങ്ങളോ നായികാനായകന്‍മാരാവുക എന്നതുതന്നെ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം വിരളമായ കാര്യമാണ്. സിനിമയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് വേണമെങ്കില്‍ മാറ്റം വരുത്താമായിരുന്നിട്ടും ദളിത് പെണ്‍കുട്ടിതന്നെ കേന്ദ്രകഥാപാത്രമാവട്ടെ എന്ന് തീരുമാനിക്കാന്‍ എന്താണ് കാരണം.


ഞാന്‍ പറഞ്ഞുവല്ലോ കിസ്മത്ത് ഞാന്‍ കണ്ട ഒരു കാഴ്ച്ചയെക്കുറിച്ചുള്ള സിനിമയാണ്. എനിക്കറിയാവുന്ന അനിത ഒരു ദളിത് പെണ്‍കുട്ടിയാണ്. ദളിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കുട്ടിയാണ്. എന്റെ സിനിമയിലെ നായികാകഥാപാത്രം പട്ടികജാതിയില്‍ ഉള്‍പ്പെട്ടവളാകുന്നതി എനിക്കൊരു അപാകതയും തോന്നിയില്ല. അതുകൊണ്ട് അത് മാറ്റേണ്ടതുണ്ടെന്നും തോന്നിയില്ല. മാത്രമല്ല എന്റെ നായികാ കഥാപാത്രം ഒരു ദളിത് പെണ്‍കുട്ടിയാണ് എന്നുപറഞ്ഞപ്പോള്‍ ചില നിര്‍മ്മാതാക്കളില്‍ നിന്നും ചില നടിമാരില്‍ നിന്നും ഉണ്ടായ പ്രതികരണംകൂടി കണ്ടപ്പോള്‍ എന്റെ തീരുമാനം ഉറയ്ക്കുകയായിരുന്നു. രാജീവേട്ടനോട് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് ചില മുഖ്യധാരാ നിര്‍മ്മാതാക്കളോടൊക്കെ ചര്‍ച്ച ചെയ്തിരുന്നു. അവര്‍ പറഞ്ഞ പ്രധാനപ്പെട്ട രണ്ട് പ്രശ്‌നങ്ങളില്‍ ഒന്ന് നായകനും നായികയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട് എന്നതും രണ്ടാമത്തേത് ആ പെണ്‍കുട്ടി പട്ടികജാതിയില്‍പ്പെട്ടതാണ് എന്നതുമാണ്. രണ്ടാമത്തെ ഏരിയ ഒന്നു വര്‍ക്ക് ചെയ്യൂ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. അങ്ങനെയേ പറഞ്ഞൊള്ളൂ. നമ്മളൊക്കെ ചോറുതിന്നുന്ന ആളുകളല്ലേ. നമുക്ക് മനസ്സിലാക്കാന്‍പറ്റും അതിലൂടെ അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന്. ആ കുട്ടിയെ മിനിമം ഒരു നായരോ, മേനോനൊ ഒക്കെ ആക്കണമെന്നാണ്. അനിതാമേനോന്‍ ആയാല്‍ ഏറെ സന്തോഷം. മറ്റാളുകളുടെ ജാതിയെക്കുറിച്ച് നമ്മളത്ര ബോധവാന്‍മാരല്ല. എന്റെ സുഹൃത്തുക്കുളുടെയൊക്കെ ജാതി ചോദിച്ചാല്‍ ഞാന്‍ തെണ്ടിപ്പോകുകയേ ഒള്ളു. പക്ഷേ പലരുടെ ഉള്ളിലും ഈ ജാതിചിന്ത വളരെ ആഴത്തി കിടപ്പുണ്ട്. അനിതയുടെ റോള്‍ ചെയ്യാന്‍ ഞാന്‍ സമീപിച്ച പല നടികളും ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചു. അതിന് കാരണം ജാതി തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്. എന്നെ ഏറെ വേദനിപ്പിച്ചത് പുതിയ കുട്ടികളുടെ സമീപനമാണ്. ഒരുപാട് പേരെ ഞാന്‍ സമീപിച്ചിരുന്നു. അഭനിയമികവിന്റെ കാര്യത്തി ഞാന്‍ തൃപ്തനായ രണ്ട് പെണ്‍കുട്ടികള്‍ ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാരംഗത്തേക്ക് കടന്നുവരാന്‍ വിമുഖത കാണിച്ചു. ഇത്തരമൊരു കഥാപാത്രമാവാന്‍ എന്താണ് ഇത്ര പ്രയാസം? എന്തുകൊണ്ട് ദളിത് പെണ്‍കുട്ടിയാവാന്‍ ശ്രുതി‘മേനോന്‍’ എന്ന് പലരും ചോദിച്ചു. ഞാന്‍ ശ്രുതിയെ സമീപിച്ചത് ‘മേനോന്‍’ എന്ന അവരുടെ ജാതിവാല് കണ്ടിട്ടല്ല. ശ്രുതിയെന്ന അഭിനേത്രിയെ കണ്ടിട്ടാണ്. സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഞാനാവാം അനിത എന്ന് ഏറ്റവും ചങ്കൂറ്റത്തോടെ പറഞ്ഞ ഒരേ ഒരു നടി അവരാണ്. എന്നിട്ടും ഞാനത്ര കംഫര്‍ട്ട് ആയിരുന്നില്ല. കാരണം ഞാന്‍ നോക്കുമ്പോള്‍ ടി.വി.ചാനലി അവതാരിക റോളി മംഗ്ലീഷ് പറയുന്ന, ക്യാറ്റ് വാക്ക് നടക്കുന്ന, വളരെ ഫാഷനബിളായ ഒരു പെണ്‍കുട്ടിയാണ് ശ്രുതിമേനോന്‍. എന്റെ കഥാപാത്രമാണെങ്കില്‍ നേരെ വിപരീതവും. അതുകൊണ്ടുതന്നെ അവള്‍ ഒ.കെ. പറഞ്ഞിട്ടും ഞാന്‍ ഒ.കെ. പറയാന്‍ കുറെ സമയമെടുത്തു. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ അവസാന നിമിഷത്തിലാണ് ഞാന്‍ ആ കുട്ടിയോട് വരാന്‍ ആവശ്യപ്പെടുന്നത്. എന്നിട്ടിപ്പോ ആളുകള്‍ ചോദിക്കുന്നത് എന്തുകൊണ്ട് ശ്രുതിമേനോന്‍ എന്നാണ്. ഇതും ഒരു ജാതി ചിന്തയുടെ ഭാഗമാണ്. വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെല്ലാം പ്രബുദ്ധരായ കേരളത്തില്‍ ഇത്തരം കാര്യങ്ങളെല്ലാം സംഭവിക്കുന്നു എന്നത് ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്.


നീതിന്യായവ്യവസ്ഥയെപ്പോലും ജാതിബോധം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് പോലീസ് സ്റ്റേഷന്‍ രംഗങ്ങള്‍. കേരളം ശക്തമായ ജാതിബോധത്തിലേക്ക് നടന്നടുക്കുകയാണ് എന്നാണോ.


അതെ എന്നാണ് എനിക്ക് തോന്നുന്നത്. 2011 ലെ പോലീസ് സ്റ്റേഷനകത്ത് മിനിമം ഒരു ഈഴവക്കുട്ടിയെങ്കിലും ആയിരുന്നെങ്കി ഇര്‍ഫാന്റെ വീട്ടുകാരും പോലീസുകാരും അതിനെ വേറൊരു തരത്തില്‍ കണ്ടേനെ. അങ്ങനെത്തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവിടെ കണ്ട കാഴ്ച്ചകള്‍ വെച്ച് നോക്കുമ്പോള്‍ അങ്ങനെത്തന്നെയായിരിക്കും സംഭവിക്കുക. കാരണം ജാതിപ്പറഞ്ഞാണ് ആ കുട്ടിയെ ഏറ്റവും കൂടുത ആക്ഷേപിക്കുന്നുണ്ടായിരുന്നത്. ദളിത് സ്വത്വത്തോടുള്ള പുച്ഛവും അറപ്പും ഇപ്പോഴുമുണ്ട് നമ്മുടെ സമൂഹത്തില്‍. അവരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന ആളുകള്‍ ഇപ്പോഴും ഉണ്ട് എന്നെനിക്കറിയാം. പുരോഗമനകേരളം എന്നൊക്കെ പറയുമ്പോഴും ജാതിചിന്ത വളരെ ശക്തമാണ്.


സുമംഗലു എന്ന ആസ്സാമീസ് യുവാവിനോടുള്ള പോലീസുകാരുടെ പെരുമാറ്റത്തില്‍ നിന്നും ഇതരസംസ്ഥാനത്തൊഴിലാളികളോടുള്ള കേരളീയരുടെ മനോഭാവം സിനിമ വ്യക്തമാകുന്നുണ്ട്. ജാതിചിന്തയി നിന്നും വംശീയവിദ്വേഷത്തിന്റെ ഒരു തലത്തിലേക്ക് കേരളം മാറിക്കഴിഞ്ഞിട്ടുണ്ട് എന്നുതോന്നുന്നു.


ശരിയാണ്. ഇതരസംസ്ഥാനത്തൊഴിലാളികളോടുള്ള മലയാളികളുടെ പെരുമാറ്റം ഒട്ടും മനുഷ്യത്വപരമല്ല. സിനിമയിലെ പല സംഭവങ്ങളും അറിയാതെ വന്നുപോയതല്ല. ഞാന്‍ ബോധപൂര്‍വ്വം പറഞ്ഞതാണ്. സുമംഗലുവിന്റെതിന് സമാനമായ ഒരു സംഭവം പൊന്നാനിയി നടന്നിട്ടുണ്ടായിരുന്നു. ഞാനതില്‍ ഇടപെട്ടിട്ടുണ്ട്. മുതലാളി ബൈക്കുകൊടുക്കുകയും അയാള്‍ക്കുവേണ്ടിപ്പോകുംവഴി ബൈക്കിടിച്ചു. മുതലാളി കൈയ്യൊഴിഞ്ഞു. ലൈസന്‍സില്ലാത്തിന്റെ പേരില്‍ അവന്‍ കുടുങ്ങുകയും ചെയ്തു. നമ്മളെപ്പോഴും ഇവരെ അന്യസംസ്ഥാനത്തൊഴിലാളികള്‍ എന്നാണ് വിളിക്കുന്നത്. ആരാണ് ഈ ‘അന്യര്‍’ ?. നമ്മളൊക്കെ സ്‌ക്കൂളില്‍ പഠിച്ചിരിക്കുന്നത് എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്‍മാരാണ് എന്നതാണ്. എന്നിട്ട്, നമ്മള്‍ പറയുന്നു അന്യസംസ്ഥാനത്തൊഴിലാളികള്‍ എന്ന്. നമ്മളുമായി ബന്ധമില്ലാത്തവരാണല്ലോ അന്യരാകുന്നത്. നമ്മുടെ രാജ്യത്തുത്തന്നെ ജീവിക്കുന്ന ഇവര്‍ എങ്ങനെയാണ് അന്യരാകുന്നത്? അവര്‍ ജോലിയെടുത്ത് ജീവിക്കാന്‍ നമ്മുടെ സംസ്ഥാനത്ത് വന്നവരാണ്. അതില്‍ ക്രിമിനല്‍സ് കണ്ടേക്കാം. അതിനര്‍ത്ഥം അവര്‍ എല്ലാവരും ക്രിമിനല്‍സ് ആണ് എന്നാണോ? മലയാളികള്‍ ലോകത്തെയില്ലായിടത്തും പോയി പണിയെടുക്കുന്നു. അതില്‍ ചിലരൊക്കെ കൊലപാതകം വരെയുള്ള കേസുകളില്‍പ്പെടുന്നുണ്ട്. അതിനര്‍ത്ഥം എല്ലാ മലയാളികളും കൊലയാളികളാണ് എന്നാണോ? അതുപോലെത്തന്നെയാണ് ആസ്സാമില്‍ നിന്നും ബംഗാളില്‍ നിന്നുമൊക്കെ നമ്മുടെ നാട്ടിലെത്തി പണിയെടുക്കുന്ന മനുഷ്യര്‍. മുമ്പ് തമിഴ്‌നാട്ടി നിന്നാണ് കൂടുതല്‍ ആളുകള്‍ വന്നിരുന്നതെങ്കില്‍ ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ വരുന്നത്. ഇവരെയെല്ലാം നമ്മള്‍ ബംഗാളികള്‍ എന്നാണ് വിളിക്കുന്നത്. സിനിമയിലെ സുമംഗലു, യഥാര്‍ത്ഥ പേരും അതുതന്നെയാണ്, അവന്‍ ആസ്സാമിയാണ്. ആസ്സാമിലെ ഗുവാഹട്ടി സ്വദേശിയാണ്. അവന്‍ എറണാകുളത്ത് ഒരു ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. ഡ്രൈവറാണ്. വളരെ സ്‌നേഹമുള്ള നിഷ്‌ക്കളങ്കനായ ഒരു ചെറുപ്പക്കാരന്‍. ഇവരോടൊക്കെയുള്ള നമ്മുടെ മനോഭാവമെന്താണ് ? അവരോട് മലയാളികള്‍ക്ക് ഭയങ്കര പുച്ഛമാണ്. അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. നമ്മളുമാത്രം മികച്ചവരും നല്ലവരുമായിപ്പോകുന്ന കാലത്താണ് ജീവിക്കുന്നത് എന്നത് എന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒളിമ്പിക്‌സ് മല്‍സരത്തിന്റെ ഒരു വീഡിയോ ഞാന്‍ കാണുകയുണ്ടായി. ഓട്ടമല്‍സരത്തിനിടെ തട്ടിവീണ രണ്ട് അത്‌ലീറ്റുകള്‍. ആദ്യം എഴുന്നേറ്റയാള്‍ മറ്റേ ആളിനെ പിടിച്ചെഴുന്നേല്‍പ്പിക്കുകയാണ്. അല്ലാതെ മല്‍സരമാണെന്നോര്‍ത്ത് ആദ്യം എഴുന്നേറ്റയാള്‍ ഓട്ടം തുടരുകയല്ല ചെയ്തത്. രണ്ടുപേരും കൂടിയാണ് ഓട്ടം തുടരുന്നത്. ഏറ്റവും ഒടുവിലാണ് അവര്‍ എത്തിയതെങ്കിലും പരസ്പരം കെട്ടിപ്പിടിച്ചാണ് അവര്‍ പിരിഞ്ഞത്. മാനവികതയുടെ ഒരു വലിയ തലമാണ് നമ്മള്‍ അവിടെ കണ്ടത്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അവിടെ മായുകയാണ്. അല്ലെങ്കിലും എല്ലാതരത്തിലുള്ള അതിരുകളും സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയല്ലേ? നമ്മള്‍ പലപ്പോഴും പലസംഭവങ്ങളിലും കാഴ്ച്ചക്കാരായി നോക്കിനില്‍ക്കുകയാണ്. നമ്മളെ നേരിട്ട് ബാധിക്കാത്ത പ്രശ്‌നങ്ങളിലൊന്നും നമ്മള്‍ ഇടപെടില്ല. സിനിമയ്ക്ക് ഒരു ടാഗ് ലൈന്‍ ആലോചിച്ചപ്പോള്‍ ‘നിസംഗത അതിക്രമത്തേക്കാള്‍ ക്രൂരമാണ്’ എന്ന വാക്യം ഉപടയോഗിക്കാന്‍ കാരണമതാണ്. നമ്മള്‍ ഇടപെടാന്‍ മടിക്കുന്നു. അതുകൊണ്ടാണ് ഇര്‍ഫാന് മരണത്തിന് കീഴടങ്ങേണ്ടിവന്നത്.


മുസ്ലീങ്ങള്‍, പ്രത്യേകിച്ച് അയോധ്യാനന്തര ഇന്ത്യന്‍ സാഹചര്യത്തില്‍ വില്ലന്‍മാരോ, രാജ്യദ്രോഹികളോ, കുഴല്‍പ്പണക്കാരോ ഒക്കെ ആയിട്ടാണ് സിനിമകളില്‍ ചിത്രീകരിക്കപ്പെടുന്നത്. കിസ്മത്തില്‍ പക്ഷെ ഷിഹാബ് എന്ന മുസ്ലീം ചെറുപ്പക്കാരന്‍ ഇരയാക്കപ്പെടുന്നതായിട്ടാണ് കാണിക്കുന്നത്. മുസ്ലീമായതുകൊണ്ടാണ് അയാള്‍ ഇരയാക്കപ്പെട്ടത് എന്ന് താങ്കള്‍ കരുതുന്നുണ്ടോ.


ഉണ്ട്. ഇവിടുത്തെ മുസ്ലീങ്ങള്‍ മുഴുവന്‍ പ്രശ്‌നത്തിലാണ്, ഇവിടുന്ന് പാലായനം ചെയ്യേണ്ടുന്ന അവസ്ഥാണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇവിടെ ഇസ്ലാമതവിശ്വാസികള്‍ ആരെങ്കിലും സുരക്ഷിതരല്ലെന്ന് കരുതുന്നുണ്ടെങ്കില്‍ അതിനവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. അതിന് അനുബന്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ബീഫ് കഴിച്ചു എന്നാരോപിച്ച് തല്ലിക്കൊല്ലുന്നു, കേസില്‍ കുടുക്കുന്നു തുടങ്ങി നിരവധി കാര്യങ്ങള്‍. ഇതൊക്കെ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇപ്പോ മദനിയുടെ കാര്യം തന്നെ നോക്കൂ. അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുകയും ശിക്ഷവിധിക്കുകയും ചെയ്യേണ്ടത് ഇവിടുത്തെ നിയമസംവിധാനങ്ങളാണ്. പക്ഷെ, അവര്‍ അത് എത്ര കണ്ട് ചെയ്തിട്ടുണ്ട്. വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തുകയും വര്‍ഗീയകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തവര്‍ ഇപ്പോഴും സമൂഹത്തില്‍ സൈ്വരവിഹാരം നടത്തുമ്പോള്‍, ഇനി അഥവാ ആരെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ കാര്യത്തില്‍ പെട്ടന്നുതന്നെ തീര്‍പ്പുണ്ടാകുകയും ചെയ്യുമ്പോള്‍, മുസ്ലീംനാമധാരികള്‍ ആയിട്ടുള്ള പലരും ഇതേ പേരില്‍ കാലങ്ങളായി ജയിലില്‍ കിടക്കുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയുമൊക്കെ ചെയ്യുന്നു. ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത് അവര്‍ ഇസ്ലാംനാമധാരികള്‍ ആയതുകൊണ്ടാണ് അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് എന്നുതന്നെയാണ്. ഇസ്ലാമതവിശ്വാസികളായതുകൊണ്ടുമാത്രം ഇരയാക്കപ്പെട്ട് ജയിലിലടക്കപ്പെടുകയും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയി അവകാശപ്പെട്ട വിചാരണപോലും നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഷിഹാബിന്റെ ഇഷ്യൂവും പൊന്നാനി സ്റ്റേഷനില്‍ നടന്നതാണ്. പോലീസിനെ പൂട്ടുപൊട്ടിക്കാനും ഒക്കെയായി സ്ഥിരം സഹായിച്ചുകൊണ്ടിരുന്ന, പോലീസിന്റെ നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ഈ ചെറുപ്പക്കാരനെ അവര്‍ കുടുക്കിക്കളഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിട്ടല്ല ഞാന്‍ കാണുന്നത്. രാജ്യത്താകമാനം നടക്കുന്ന സംഭവങ്ങളുടെ ഒരു പരിച്ഛേദം എന്ന നിലയില്‍ ത്തന്നെയാണ് ഞാന്‍ ഷിഹാബിനെ അവതരിപ്പിച്ചിരിക്കുന്നത്.


യുവതലമുറയെക്കുറിച്ചുള്ള (ന്യൂ ജെനറേഷന്‍) പൊതുബോധ്യം എന്നുപറയുന്നത് ഉത്തരവാദിത്തബോധമില്ലാത്തവര്‍, സാമൂഹികപ്രതിബദ്ധതയില്ലാത്തവര്‍ എന്നൊക്കെയാണ്. ഇര്‍ഫാനും ഒരു ന്യൂജെന്‍ ചെറുപ്പക്കാരന്‍ തന്നെയാണ്. പക്ഷെ പിന്നീട് തന്റെ പ്രണയത്തിനുവേണ്ടി വളരെ സെന്‍സിബ്ള്‍ ആയി, ധൈര്യപൂര്‍വ്വം സംസാരിക്കുന്ന ഒരാളായി ഇര്‍ഫാന്‍ പിന്നീട് മാറുന്നുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ ഇപ്പോഴത്തെ യുവതലമുറയെ എങ്ങനെ നോക്കിക്കാണുന്നു.


യുവാക്കളില്‍ എനിക്ക് വളരെ പ്രതീക്ഷയാണുള്ളത്. എല്ലാവരും ആശങ്കപ്പെടാറാണ് പതിവ്. അവരുടെ ഓരോ ചലനങ്ങളും ഞാന്‍ വീക്ഷിക്കാറുണ്ട്. അനിതയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പറയാന്‍ അനിതയുള്ളതുപോലെ ഇര്‍ഫാന്റെ കാര്യം പറയാന്‍ അവനില്ല. ഞാന്‍ തന്നെ ഇര്‍ഫാന്‍ ആവുകയാണ് ചെയ്യുന്നത്. ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന യുവാക്കളില്‍ നിന്നാണ്, അവരുടെ താല്‍പ്പര്യങ്ങള്‍, ജീവിതരീതികള്‍ എന്നിവയില്‍ നിന്നാണ് എന്നിലെ ഇര്‍ഫാന്‍ രൂപംകൊള്ളുന്നത്. ഇപ്പോ സംസാരിക്കുന്ന ഞാന്‍ മുമ്പ് ഇങ്ങനെയായിരുന്നില്ല. എന്റെ ചിന്തകള്‍ ഇത്ര സ്പഷ്ടമായിരുന്നില്ല. ഈ വ്യക്തത മുപ്പത്തിയെട്ട് വയസ്സിലേക്കെത്തുമ്പോള്‍ ഞാനാര്‍ജ്ജിച്ചതാണ്. അതുപോലെത്തന്നെയാണ് എല്ലാവരും. അതുകൊണ്ടുതന്നെ അവരെ നമ്മള്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. പിന്നെ, രാഷ്ട്രീയത്തില്‍ അവര്‍ക്ക് താല്‍പര്യമില്ലാത്തതിന് അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നെനിക്ക് തോന്നുന്നു. രാഷ്ട്രീയം, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയപ്രവര്‍ത്തനം എന്നിവയിലെല്ലാം മൂല്യച്ച്യുതികള്‍ വന്നിട്ടുണ്ട്. അതിനുത്തരവാദികള്‍ രാഷ്ട്രീയക്കാര്‍ക്കൂടിയാണ്. അല്ലാതെ രാഷ്ട്രീയം മോശമായിട്ടല്ല. എ.കെ.ജിയുടേയും ഇ.എം.എസ്സിന്റെയും കേളപ്പജിയുടേയുമൊക്കെ കാലത്തെ രാഷ്ട്രീയജീവിത്തതില്‍ നിന്നും വിഭിന്നമായി ചിലപ്പുഴുക്കുത്തുകള്‍ ഇതിനകത്തൊക്കെ കടന്നുവന്നിട്ടുണ്ട്. എന്നിരുന്നാലും നോക്കു, രാജ്യത്ത് ഇത്രയേറെ അസഹിഷ്ണുതയും അക്രമങ്ങളും വര്‍ഗീയധ്രൂവീകരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ പോരാടുന്നത് യുവാക്കളല്ലേ? ജെ.എന്‍.യു.വിലും ഹൈദരാബാദിലും പൂനയിലുമൊക്കെ പൊരുതുന്നത് യുവാക്കളാണ്,വിദ്യാര്‍ത്ഥികളാണ്. കനയ്യയും രോഹിത് വെമുലയുമൊക്കെയാണ്. വെമുല ആത്മഹത്യചെയ്തു എന്നത് നേരാണ്. പക്ഷെ, അദ്ദേഹത്തിന്റെ ആത്മഹത്യപോലും പോരാട്ടമാണ്. ആത്മഹത്യയിലേക്ക് എത്തിച്ച സാഹചര്യങ്ങളെക്കുറിച്ച് നമ്മള്‍ ചിന്തിക്കുന്നത് അതുകൊണ്ടാണ്. പിന്നെ കൂറേക്കൂടി കാര്യങ്ങള്‍ പഠിച്ചും ചിന്തിച്ചും കൊണ്ട് ഇടപെടാനുള്ള ഒരു സ്‌പേസ് ഉണ്ടാക്കിയാ നന്നാവും എന്നുതോന്നുന്നു.


ഇര്‍ഫാന്റെ മരണം ഒരു ദുരഭിമാനഹത്യയായി കണക്കാക്കാമോ? അങ്ങനെയെങ്കി ദുരഭിമാനഹത്യകളിലേക്കുള്ള കേരളത്തിന്റെ ദൂരം അത്ര ചെറുതല്ല എന്നല്ലേ അത് കാണിക്കുന്നത്.


അത്ര ചെറുതല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഇര്‍ഫാന്റെ മരണം ഒരു കയ്യബദ്ധമായിട്ടാണ് സിനിമ കാണിക്കുന്നത്. യഥാര്‍ത്ഥജീവിതത്തില്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയാണ് ഇര്‍ഫാന്‍ ചെയ്തത്. രണ്ടാണെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല; അദ്ദേഹം നിര്‍ബന്ധിക്കപ്പെടുകയാണ്., കൊല്ലപ്പെടുകയാണ്. ഇങ്ങനെത്തന്നെയാണ് ദുരഭിമാനഹത്യകള്‍ സംഭവിക്കുന്നത്. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമൊക്കെ ഇങ്ങനെത്തന്നെയാണ് നടക്കുന്നത്. ഓരോ സ്ഥലത്തും ഓരോ പേരില്‍ കിസ്മത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യനിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. അതിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നു എന്നത് തീര്‍ച്ചയായും നമ്മളെ ചിന്തിപ്പിക്കേണ്ട കാര്യമാണ്. കിസ്മത്ത് കണ്ടിട്ട് ഒരുപാടുപേര്‍ എന്നെ വിളിച്ച് ഞാനും ഒരു ഇര്‍ഫാന്‍ ആണ്, അനിതയാണ്; ഇര്‍ഫാനോട് അദ്ദേഹത്തിന്റെ ബാപ്പ പറഞ്ഞകാര്യം തന്നെയാണ് എന്നോട് എന്റെ അച്ഛന്‍/ ബാപ്പ, കുടുംബാംഗങ്ങള്‍ പറഞ്ഞത് എന്നെല്ലാം പറഞ്ഞു. പ്രായം കൂടിയതിന്റെ പേരില്‍ , ജാതി, മതം വേറെ ആയതിന്റെ പേരില്‍ , സാമ്പത്തികം കുറവായതിന്റെ പേരി ഒക്കെ ഞാന്‍ കേട്ട ചോദ്യങ്ങളാണ് എന്നാണ്. ഇത്തരം തുറന്നുപറച്ചിലുകളി നിന്നെല്ലാം ഞാന്‍ മനസ്സിലാക്കുന്നത് ജാതി, മതബോധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രണയത്തില്‍ അത് ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇര്‍ഫാന്റെത് മനപ്പൂര്‍വ്വമായ കൊലപാതകമാണ്, ദുരഭിമാനഹത്യ തന്നെയാണ് എന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്.


പൊന്നാനിക്കാര്‍ എന്തുപറയുന്നു കിസ്മത്തിനെപ്പറ്റി .


പൊന്നാനിക്കാര്‍ വളരെ ആവേശത്തിലാണ്. അവര്‍ കിസ്മത്തിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അവര്‍ കിസ്മത്തിനെ നെഞ്ചിലേറ്റാനുള്ള പ്രധാനകാരണം അവര്‍ക്ക് അതില്‍ സ്വന്തം നാടിനെ കാണാനാവുന്നുണ്ട് എന്നതുകൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. കിസ്മത്ത് വേണമെങ്കില്‍ എനിക്ക് കൊച്ചിയിലോ ആലപ്പുഴയിലോ വെച്ചൊക്കെ ചെയ്യാമായിരുന്നു. പക്ഷെ, എനിക്കേറ്റവും കംഫര്‍ട്ടബ്ള്‍ ആയ സ്ഥലം പൊന്നാനിയാണ്. കാരണം ഞാന്‍ പൊന്നാനിക്കാരനാണ്. പൊന്നാനിക്കാരുടെ പള്‍സ് എനിക്കറിയാം. അവര്‍ക്ക് എന്നെയറിയാം. ഷൂട്ടിംഗ് സമയത്തൊക്കെ വളരെ നല്ല സഹകരണമായിരുന്നു. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെപ്പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല. എല്ലാം പൊന്നാനിക്കാരാണ്. പോലീസ് സ്റ്റേഷനി വരുന്ന ആളുകള്‍, റെസ്‌ക്യൂ ഹോമിലെ ആളുകള്‍ എല്ലാം. സഖാവെ, ഇന്നെന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്ന് ഓരോ ദിവസവും അവര്‍ വന്ന് ചോദിക്കുമായിരുന്നു. അവര്‍ എല്ലാറ്റിനും റെഡിയായിരുന്നു. അത്തരത്തില്‍ കിസ്മത്ത് ഒരു നാടിന്റെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ്. പൊന്നാനിയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അഞ്ച് ശതമാനംപൊലും സിനിമയില്‍ അവതരിപ്പിക്കാന്‍ എനിക്കായിട്ടില്ല. പക്ഷെ, എന്റെ നാടിനെ അടയാളപ്പെടുത്താനും അതിന്റെ സാംസ്‌കാരിക പൈതൃകത്തെ ചെറിയതോതിലെങ്കിലും കിസ്മത്തിന്റെ ചെറിയ ക്യാന്‍വാസിന്‍ പകര്‍ത്താനായി എന്നാണ് ഞാന്‍ കരുതുന്നത്. അത് എനിക്ക് ഏറെ അഭിമാനമുള്ള കാര്യമാണ്. ആ അഭിമാനത്തില്‍ പൊന്നാനിക്കാരും പങ്കുചേരുന്നുണ്ട് എന്നതില്‍  ആഹ്ലാദമുണ്ട്.


ആര്‍.എസ്.എസ്സിന്റെയും എന്‍.ഡി.എഫിന്റെയും കേരളത്തി വര്‍ദ്ധിച്ചുവരുന്നതിന്റെ സൂചനകള്‍, വര്‍ഗീയമായ അവരുടെ ഇടപെടലുകള്‍ എല്ലാം കിസ്മത്ത് അവതരിപ്പിക്കുന്നുണ്ടല്ലോ.


ആര്‍.എസ്.എസ്സിന്റെയും എന്‍.ഡി.എഫിന്റെയും ആളുകളുടെ എണ്ണം ഒരുപക്ഷേ, കേരളത്തില്‍ കുറവായിരിക്കും. പക്ഷേ അവരുടെ ഇടപെടല്‍ വളരെ രൂക്ഷവും ക്രൂരവുമാണ്. ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന് കഥയ്ക്ക് പേരിട്ടതിനാണ് ജിംഷാര്‍ ആക്രമിക്കപ്പെട്ടത്. പൊന്നാനിയിലും രണ്ടു സംഘടനകളുടേയും സ്വാധീനം ഉണ്ട്. ദളിത് വിഭഗങ്ങള്‍ക്കിടയില്‍ സ്വാധീനം നേടാന്‍ കഠിനമായി പരിശ്രമിക്കുകയാണ് ആര്‍.എസ്.എസ്സ്. ഞാന്‍ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ അനിതയുടെ ചേട്ടനോട് ആര്‍.എസ്.എസിന്റെ ആളുകള്‍ പറയുന്നത് ഒരു കാരണവശാലും നമ്മുടെ കുട്ടിയെ അവര്‍ക്ക് വിട്ടുകൊടുക്കരുത് എന്നാണ്. അവര്‍ എന്നുവെച്ചാല്‍ മുസ്ലീങ്ങള്‍. അത് നമുക്ക് ക്ഷീണമാണ് എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ലീഗുകാരോ കോണ്‍ഗ്രസ്സുകാരോ ആണെങ്കില്‍ പോലും ഇങ്ങനെ പറയില്ല. പക്ഷെ, ആര്‍..എസ്.എസ്സ് പറയും. എന്‍.ഡി.എഫുകാര്‍ അനിതയെ മതം മാറ്റുന്നതിനെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ചില ദളിതരായ സുഹൃത്തുക്കള്‍ ആര്‍.എസ്.എസ്സിനോട് ചേര്‍ന്നുനില്‍ക്കുന്നതായി എനിക്കറിയാം. അവര്‍ ശ്രീകൃഷ്ണജയന്തിക്കും ഗണേശോത്സവത്തിനുമൊക്കെ കാവിയുമുടുത്ത് ഹരഹര പാടിപ്പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് യഥാര്‍ത്ഥത്തില്‍ വളരെ സങ്കടകരമായ കാര്യമാണ്. കാരണം ഇവിടുത്തെ ദളിതനെ മുന്നോട്ട് കൊണ്ടുവരാനുള്ള ഒരു ശ്രമവും ആര്‍.എസ്.എസ്സ് നടത്തിയിട്ടില്ല, ഇവിടെയെന്നല്ല ഇന്ത്യയിലാകമാനവും. ബി.ജെ.പി. ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും ദളിതന് തൊട്ടുകൂടായ്മയാണ്. രാജ്യത്താകമാനം ദളിതര്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഗുജറാത്തിലിന്നു തോട്ടിപ്പണി ചെയ്യുന്നത് ദളിരാണ്. എന്നിട്ട് അവരാണ് ദളിത് സ്‌നേഹം പറയുന്നത്. ആര്‍.എസ്.എസ്സും എന്‍.ഡി.എഫും രാജ്യത്താകമാനം വര്‍ഗീയധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയമായി ചിന്തിക്കുന്ന ഹിന്ദുക്കളും ഉണ്ട്. മുസ്ലീങ്ങളും ഉണ്ട്. പക്ഷെ അവര്‍ രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയോ മുസ്ലീങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല.


പൊതുപ്രവര്‍ത്തകനി നിന്നും ഫിലിംമേക്കറിലേക്കുള്ള വഴി


ഞാന്‍ സിനിമ അക്കാദമികമായി പഠിച്ച ഒരാളല്ല. രാജീവേട്ടന്റെ കൂടെപ്പോലും അസിസ്റ്റന്റ് ആയിപോലും പ്രവര്‍ത്തിച്ചിട്ടില്ല. ‘അന്നയും റസൂലും’ എന്ന സിനിമ മലയാളത്തില്‍ ഇറങ്ങിയിരുന്നില്ലെങ്കില്‍ കിസ്മത്ത് എന്ന സിനിമയോ ഷാനവാസ് എന്ന സംവിധായകനോ ഉണ്ടാകുമായിരുന്നില്ല എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചയും മാറിമാറി വരുന്ന എല്ലാ സിനിമകളും ഭാഷാവ്യത്യാസമില്ലാതെ കാണുന്ന ഒരാളാണ് ഞാന്‍. എന്റെ സിനിമകാഴ്ച്ചകളില്‍ നിന്നാണ് എന്റെ മനസ്സിനകത്ത് സിനിമയുണ്ടായത്. അതുവരെ കണ്ടതില്‍ നിന്നും വേറിട്ട വഴിയേ പോയ സിനിമയാണ് അന്നയും റസൂലും. അതില്‍ ആരും അഭിനിയിക്കുകയാണ് എന്നെനിക്ക് തോന്നിയില്ല. ഫഹദാണെങ്കിലും ആന്‍ഡ്രിയയാണങ്കിലും ഒക്കെ. അന്നയും റസൂലും എന്നെ വല്ലാതെ വേട്ടയാടിയ ഒരു സിനിമയാണ്. ഞാന്‍ എല്ലാ തരത്തലുള്ള സിനിമയും കാണും. സിനിമയെ വര്‍ഗീകരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ ‘മീശമാധവ’നും കാണും അടൂരിന്റെ ‘കൊടിയേറ്റ’വും സനല്‍ കുമാര്‍ ശശിധരന്റെ ‘ഒഴിവുദിവസത്തെ കളി’യും കാണും, ആസ്വദിക്കും. ഏതുസിനിമ കണ്ടാലും അത് എനിക്കിഷ്ടപ്പെട്ടാല്‍ അതിന്റെ സംവിധായകനെ വിളിച്ച് എനിക്കിഷ്ടമായി എന്ന് അവരോട് പറയുമ്പോള്‍ മാത്രമാണ് എന്റെ സിനിമാകാഴ്ച്ച പൂര്‍ത്തിയാകുന്നത്. അന്നയും റസൂലും കണ്ടതിനുശേഷം രാജീവേട്ടനേയും വിളിച്ചിരുന്നു. പിന്നീട് ഇടക്കിടെ വിളിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട എന്റെ സംശയങ്ങള്‍ക്ക് രാജീവേട്ടന്‍ യാതൊരു മുഷിവും കൂടാതെ മറുപടിതന്നുകൊണ്ടിരുന്നു. രാജീവേട്ടന്റെ എല്ലാ പടങ്ങളും അദ്ദേഹം ക്യാമറ ചെയ്ത പടങ്ങളുള്‍പ്പെടെ കണ്ടു. സിനിമയക്കുറിച്ച് സീരിയസ്സായി എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അന്നയും റസൂലും ആണ്. പിന്നീട് ഫെസ്റ്റിവലുകള്‍ക്ക് പോയിത്തുടങ്ങി. സുഹൃത്തുക്കളുടെ ഹാര്‍ഡ് ഡിസ്‌ക്കി നിന്നും സിനിമകള്‍ കണ്ടുതുടങ്ങി. അങ്ങനെ വ്യത്യസ്തവും ഗൗരവവുമുള്ള സിനിമകള്‍ കാണാനുള്ള ആവേശം ഉണ്ടാക്കിയത് രാജീവേട്ടനാണ്. അന്നയും റസൂലിന്റെയും അനുകരണമല്ല കിസ്മത്ത്. അന്നയും റസൂലും ഉണ്ടാക്കിയ സിനിമാസങ്ക പ്പത്തിന്റെ അനുകരണമാണ് എന്ന് പറയുന്നതായിരിക്കും ശരി. ഇങ്ങനെത്തന്നെ സിനിമ ചെയ്യാനാണ് എനിക്കിഷ്ടം. എല്ലാ സിനിമകള്‍ക്കും അത്തരമൊരു റിയലിസ്റ്റിക്ക് മൂഡ് നിലനിര്‍ത്തണം എന്ന് ഞാന്‍ കരുതുന്നു.


ഷെയ്ന്‍ നിഗം എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു. ഇര്‍ഫാനായി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.


സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഈ സിനിമയിലേക്ക് രണ്ടുപേരെ നിര്‍ദ്ദേശിച്ചത് രാജീവേട്ടനാണ്. ഒരാള്‍ ഷെയ്‌നും മറ്റെയാള്‍ സുമംഗലുവും. മലയാളത്തില്‍ ഇന്ന് ഇര്‍ഫാന്‍ ആകാന്‍ ഏറ്റവും യോഗ്യതയുള്ള നടന്‍ ഷെയ്‌നാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇര്‍ഫാന്‍ എന്ന കഥാപാത്രത്തെ കേരളം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് ഷാനവാസ് എന്ന സംവിധായകന്റെ മാത്രം കഴിവല്ല, ഷെയ്ന്‍ നിഗം എന്ന ഇന്‍ ബോണ്‍ അക്ടറുടെ കഴിവുകൂടിയാണ്. ഷെയ്ന്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി പലപ്പോഴും. അദ്ദേഹം വളരെ ഷൈ ആയിട്ടുള്ള അധികമൊന്നും സംസാരിക്കാത്ത ഒരു ചെറുപ്പക്കാരനാണ്. പക്ഷേ, ക്യാമറക്കു മുന്നിലെത്തിയാല്‍ അയാളാകെ മാറും. ലൗഡ് ആകേണ്ടിടത്ത് ലൗഡ് ആകും, പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിക്കും, ഇമൊഷണല്‍ ആകേണ്ടിടത്ത് ഇമോഷണല്‍ ആകും. ഇതെങ്ങനെ സംഭവിക്കുന്നുവെന്നാലോചിച്ച് ഞാന്‍ അതിശയപ്പെട്ടിട്ടുണ്ട്. അവനാകെ ഇരുപത് വയസ്സെ ആയിട്ടൊള്ളു. ബി.ടെക് വിദ്യാര്‍ത്ഥിയാണ്. എന്തായാലും അയാള്‍ മലയാളസിനിമയ്ക്ക് വലിയൊരു സംഭാവനയാണ്. എനിക്കതില്‍ പ്രത്യേകിച്ച് ക്രഡിറ്റൊന്നും അവകാശപ്പെടാന്‍ പറ്റില്ല. കാരണം, എന്റെ സിനിമയിലൂടെയല്ലെങ്കില്‍ വേറാരുടേയെങ്കിലും സിനിമയിലൂടെ അയാള്‍ കടന്നുവരും. എന്റെ സിനിമയിലൂടെ അയാളെ അടയാളപ്പെടുത്താന്‍ പറ്റിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്നെ ഏറെ സന്തോഷപ്പെടുത്തുന്ന മറ്റൊരു കാര്യം കുറെ പുതിയ ആളുകളെക്കൂടി സിനിമയിലേക്ക് കൊണ്ടുവരാനായി എന്നതാണ്. ഷെയ്‌നും ശ്രുതിയും പുതുമുഖങ്ങള്‍ അല്ല. പക്ഷെ, അവര്‍ പ്രധാന റോളുകളിലേക്ക് വരുന്നത് ഇതിലൂടെയാണ്. പലരും ചോദിച്ചു എന്തുകൊണ്ട് ശ്രുതിമേനോന്‍ എന്ന്. ഞാന്‍ പറഞ്ഞു നിങ്ങള്‍ സിനിമ കാണൂ. എന്നിട്ട് പറയൂ. സിനിമ കണ്ട ആരും ശ്രുതി മോശമായി എന്ന് പറഞ്ഞിട്ടില്ല. പുതിയ പാട്ടുകാരെയും പുതിയ സംഗീതസംവിധായകരെയും ഒക്കെ കൊണ്ടുവരാന്‍ സാധിച്ചു. ഞാന്‍ പുതിയതായിട്ട് വന്നതാണല്ലോ. അപ്പോ അതുപോലെ ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നവരെ കൈപിടിച്ചുകൊണ്ടുവരണമല്ലൊ.


ഫിലിംമേക്കറാകുന്നതിന് മുമ്പ്


ഞാന്‍ എന്റെ പഠനകാലത്ത് ഒരു കലാപരിപാടികളിലും പങ്കെടുത്തിട്ടില്ല. പൊന്നാനിയിലെ കല്ല്യാണവീടുകളിലും പാര്‍ട്ടിപരിപാടികളിലും ഒക്കെ ഞാന്‍ പാട്ടുപാടിയിട്ടുണ്ട്. സംഗീതം പഠിച്ചിട്ടൊന്നുമില്ല. എല്ലാം കിട്ടിയത് എന്റെ കൂട്ടുകാരില്‍ നിന്നാണ്; അഭിനയം, നാടകം, സിനിമ ഒക്കെ. ബെസ്റ്റ് ആക്ടര്‍ ആയി സമ്മാനം കിട്ടിയിട്ടുണ്ട്. 3 ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഞാന്‍ സിനിമയുടെ തിരക്കഥയെഴുതി എന്നതില്‍ എനിക്കിപ്പോഴും അത്ഭുതമാണ്. രാജീവേട്ടനോട് കഥ പറഞ്ഞതിനുശേഷം ഞാന്‍ സന്തോഷ് എച്ചിക്കാനം മുതല്‍ ജോണ്‍പോള്‍ സാര്‍ വരെയുള്ളവരോട് തിരക്കഥയെഴുതിത്തരാന്‍ ആവശ്യപ്പെട്ടു. അവര്‍ എന്നോട് ചോദിച്ചത് ഈ സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെയുള്ള കാര്യങ്ങള്‍ താന്‍ പറയുന്നുണ്ടല്ലോ പിന്നെ തനിക്കുതന്നെ എഴുതിയാലെന്താ എന്നാണ്. എല്ലാവരും നിര്‍ബന്ധിക്കുമ്പോഴും എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം ഒരു രണ്ട് വരി കവിതപോലും ഞാനിന്നോളം എഴുതിയിട്ടില്ല. എന്തിന് നല്ലൊരു പ്രേമലേഖനം പോലും എഴുതിയിട്ടില്ല. എഴുത്തെനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ എനിക്ക് കിസ്മത്തിലെ എഴുപത് സീനുകള്‍ എഴുതാന്‍ പറ്റിയെന്നത് അതിശയകരമാണ്. ബോബി സഞ്ജയ്, ഇഖ്ബാ കുറ്റിപ്പുറം എന്നിവരെല്ലാം സ്‌ക്രിപ്റ്റ് നന്നായി എന്നഭിപ്രായപ്പെട്ടു. അടുത്ത സിനിമയ്ക്കും ഞാന്‍ തന്നെയാകും തിരക്കഥയെഴുതുക. ഈ ആത്മവിശ്വാസം എനിക്ക് കിട്ടുന്നത് എന്റെ സൗഹൃദങ്ങളില്‍ നിന്നാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടകാര്യങ്ങളില്‍ നിന്നാണ്. പൊതുപ്രവര്‍ത്തനമാണ് എന്റെ മറ്റൊരു മേഖല. സി.പി.ഐ.എം പ്രവര്‍ത്തകനാണ്. 2005 മുതല്‍ 2015 വരെ ഞാന്‍ പൊന്നാനി മുന്‍സിപ്പ കൗണ്‍സിലര്‍ ആയിരുന്നു. 10 വര്‍ഷത്തെ കൗണ്‍സിലര്‍ എന്ന നിലയില്‍ വിശ്രമമില്ലാത്ത ഇടപെടലുകളിലൂടെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഒരുപാട് പ്രശ്‌നങ്ങളില്‍ ജനങ്ങളോടൊപ്പം നില്‍ക്കാനും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട്. ചിലതിന്റെ മുന്നില്‍ നിസ്സഹായനായും നിന്നിട്ടുണ്ട്. ഇടതുപക്ഷക്കാരനായതുകൊണ്ട് എനിക്ക് ചില ഗുണങ്ങള്‍ കിട്ടിയിട്ടുണ്ട്. ഷാനവാസ് എന്ന കലാകാരന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.ഐ.എം.ന്റെ ,ഡി.വൈ.എഫ്.ഐ.യുടെ പ്രവര്‍ത്തകനായി നിന്നതില്‍ നിന്നുള്ള അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്. അതിന്റെ ക്രഡിറ്റ് പാര്‍ട്ടിക്കുകൂടി അവകാശപ്പെട്ടതാണ് എന്ന് പറയാന്‍ എനിക്കൊരുമടിയുമില്ല. ഞാന്‍ എന്റെ എല്ലാ അഭിമുഖങ്ങളിലും പറയാറുണ്ട് ഞാന്‍ സി.പി.ഐ.എം.കാരനാണ്. സാധാരണ കച്ചവടസിനിമകളുടെ ഭാഗമായി നില്‍ക്കുന്നവര്‍ രാഷ്ട്രീയം ഒളിപ്പിച്ചുവെക്കാറാണ് പതിവ്. എനിക്കെന്തായാലും അത് മറച്ചുവെക്കേണ്ടതാണെന്ന് തോന്നുന്നില്ല. ഞാന്‍ സിനിമയെ ഒരു ഉപജീവനമാര്‍ഗമായി കണ്ടിട്ടില്ല. ഇനി അടുത്ത സിനിമ സംഭവിക്കുമോ എന്നെനിക്കറിയില്ല. കിസ്മത്ത് സംഭവിക്കണം എന്നെനിക്കുണ്ടായിരുന്നു. അത് സംഭവിച്ചു.


സിനിമയ്ക്ക് രാഷ്ട്രീയമുണ്ടാവണമെന്ന് താങ്കള്‍ കരുതുന്നുണ്ടോ.


സിനിമയ്ക്ക് രാഷ്ട്രീയം ഉണ്ടാവണമെന്നുതന്നെയാണ് എന്റെ നിലപാട്. രാഷ്ട്രീയം എന്നുവെച്ചാല്‍ ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മറ്റിയെടുക്കുന്ന തീരുമാനങ്ങള്‍ എന്റെ സിനിമയില്‍ അപ്ലൈ ചെയ്യുക എന്നതല്ല. എനിക്കൊരു നിലപാടുണ്ട്. ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം എന്നുപറയുന്നത് സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ടുന്ന രാഷ്ട്രീയമാണ്. ദളിതര്‍ക്കൊപ്പം നില്‍ ക്കേണ്ടുന്ന രാഷ്ട്രീയമാണ്. അല്ലെങ്കില്‍ ആരൊക്കെയാണോ ഇവിടെ പീഢനമനുഭവിക്കുന്നത് അവര്‍ക്കൊപ്പം നില്‍ക്കേണ്ടുന്ന രാഷ്ട്രീയമാണ്. അതാണ് കമ്മ്യൂണിസം, അതാണ് പുരോഗമന ചിന്ത എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു രാഷ്ട്രീയവും പറയാത്ത സിനിമകള്‍ക്കും ഒരു രാഷ്ട്രീയമുണ്ട്. അതാവരുത് എന്റെ സിനിമകളുടെ രാഷ്ട്രീയം. സിനിമ സംഭവിക്കുന്ന സ്ഥലം, അതിന്റെ സാമൂഹിക പരിസരം, അവിടുത്തെ സംസ്‌കാരം ഒക്കെ അടയാളപ്പെടുത്തുന്നതാവണം സിനിമ. കിസ്മത്തിലൂടെ ഇതിനല്ലാം സാധിച്ചു എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല. പരമാവധി ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങള്‍ ഇനിയുള്ള സിനിമകളിലും തുടരും.