Sanil Sha

ഇംഗ്ലീഷ് ഫുട്‌ബോളില്‍ വീണ്ടും നീലവസന്തം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വീണ്ടും ചെല്‍സിയുടെ പടയോട്ടം. സീസണില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ചെല്‍സി കിരീടം സ്വന്തമാക്കിയത്. ക്രിസ്റ്റല്‍ പാലസിനെതിരെ ഒരുഗോള്‍ ജയം നേടിയതോടെയായിരുന്നു ചെല്‍സിയുടെ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ അഞ്ചാം കിരീടം.

റൊമാന്‍ അബ്രമോവിച് എന്ന ശതകോടീശ്വരനായ ഉടമയും സൂപ്പര്‍ താരങ്ങളുമൊക്കെ നീലപ്പടയുടെ അണിയറയിലുണ്ടെങ്കിലും കോച്ച് ജോസ്  മോറീഞ്ഞോയായിരുന്നു യഥാര്‍ഥ വിജയശില്‍പ്പി. തന്ത്രങ്ങളും കുതന്ത്രങ്ങളും കളിക്കളത്തിനകത്തും പുറത്തും പയറ്റിയാണ് മോറീഞ്ഞോ ചെല്‍സിയെ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അധിപന്‍മാരാക്കിയത്.

ക്രിസ്റ്റല്‍പാലസിനെതിരെ ഇറങ്ങുമ്പോള്‍ ഒറ്റജയം അകലെയായിരുന്നു ചെല്‍സിയുടെ കിരീടം. എഡന്‍ ഹസാര്‍ഡിന്റെ ഗോള്‍ കിരീടത്തിലേക്കുള്ള അകലം ഇല്ലാതാക്കി. ആദ്യറൗണ്ട് മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് ചെല്‍സിയുടെ അഞ്ചാം കിരീടധാരണം. 35 മത്സരങ്ങളില്‍നിന്ന് 83 പോയിന്റുമായാണ് ചെല്‍സി കിരീടം വീണ്ടെടുത്തത്. രണ്ടാം സ്ഥാനക്കാരായ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് നേടാനായത് 70 പോയിന്റ് മാത്രം. ആഴ്‌സനലും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

മോറീഞ്ഞോയുടെ തലച്ചോറിനുള്ളിലായിരുന്നു ചെല്‍സിയുടെ കിരീടം വിരിഞ്ഞത്. അതാവട്ടെ ഏറെനാളത്തെ ശ്രമഫലവും. സീസണ്‍ തുടങ്ങുന്നതിന് മുന്‍പേ മോറീഞ്ഞോ ഒരുക്കം തുടങ്ങിയിരുന്നു. കഴിഞ്ഞ സീസണില്‍ ഉന്നംപിഴയ്ക്കാത്ത ഗോള്‍വേട്ടക്കാരന്റെ അഭാവമായിരുന്നു ചെല്‍സി നേരിട്ട തിരിച്ചടി. ഇത് നികത്താനായി അത്‌ലറ്റിക്കോ മാഡ്രിഡില്‍നിന്ന് ഡീഗോ കോസ്റ്റയെ നീലപ്പടയിലെത്തിച്ചു. ലോകകപ്പില്‍ സ്‌പെയ്‌ന് വേണ്ടി ദുരന്തമായിരുന്നു കോസ്റ്റ. ഇതുകൊണ്ടുതന്നെ മോറീഞ്ഞോയുടെ തീരുമാനത്തെ എല്ലാവരും വിമര്‍ശിച്ചു.

ലീഗ് തുടങ്ങിയപ്പോള്‍ വിമര്‍ശകര്‍ക്ക് മാളത്തില്‍ ഒളിക്കേണ്ടി വന്നു. 19 ഗോളുകളാണ് കോസ്റ്റ എതിരാളികളുടെ വലയില്‍ നിറച്ചത്. കോസ്റ്റയുടെ സ്‌കോറിംഗ് കരുത്തില്‍ ചെല്‍സിക്ക് കിട്ടിയത് തകര്‍പ്പന്‍ തുടക്കം. കോസ്റ്റ അക്ഷരാര്‍ഥത്തില്‍ മോറീഞ്ഞോയുടെ പ്രതീക്ഷകാത്തു, ചെല്‍സിയുടെയും. പരിശീലകനെന്ന നിലയില്‍ മോറീഞ്ഞോയുടെ വലിയ വിജയംകൂടിയായിരുന്നു ഇത്.

മധ്യനിരയെ നിയന്ത്രിക്കാന്‍ ബാഴ്‌സലോണയില്‍ നിന്ന് സെസ്‌ക് ഫാബ്രിഗാസിനെ കൊണ്ടുവന്ന മോറീഞ്ഞോയുടെ തീരുമാനവും നിര്‍ണായകമായി. ഗോളടിച്ചും ഗോളടിപ്പിച്ചും ചെല്‍സിയെ ഒറ്റച്ചരടില്‍ കോര്‍ത്തത് ഫാബ്രിഗാസായിരുന്നു. ഇതോടൊപ്പം, പരിചയസമ്പന്നനായ ഒന്നാം നമ്പര്‍ ഗോളി പീറ്റര്‍ ചെക്കിന് പകരം തിബോത്ത് കോര്‍ട്ടോയിസിനെ ഗോള്‍വലയ്ക്ക് മുന്നില്‍ നിയോഗിച്ചതും മോറീഞ്ഞോയുടെ കൂര്‍മബുദ്ധി. ജോണ്‍ ടെറി നയിച്ച പ്രതിരോധ കോട്ടയ്ക്ക് പിഴച്ചപ്പോഴൊക്കെ കോര്‍ട്ടോയിസ് ചെല്‍സിയുടെ രക്ഷകനായി.

ഇതിനേക്കാള്‍ പ്രധാനമായിരുന്നു കളിക്കളത്തിലെ മോറീഞ്ഞോയുടെ തന്ത്രങ്ങള്‍. കോസ്റ്റയെ മുന്നില്‍ നിറുത്തി ആക്രമണ ഫുട്‌ബോളോടെ തുടക്കം. എന്നാല്‍ കോസ്റ്റയ്ക്ക് പരുക്കേറ്റതോടെ മോറീഞ്ഞോയുടെ കുശാഗ്രബുദ്ധി എതിരാളികള്‍ കണ്ടു. പ്ലേമേക്കര്‍ എഡന്‍ ഹസാര്‍ഡിനെയും വെറ്ററന്‍താരം ദിദിയര്‍ ദ്രോഗ്ബയെയും ഗോള്‍വേട്ടയ്ക്ക് നിയോഗിച്ച മോറീഞ്ഞോ കളിയുടെ ചുക്കാന്‍ പ്രതിരോധനിരയ്ക്ക് നല്‍കി. ഗോളടിക്കുന്നതിനേക്കാള്‍ ഗോള്‍വഴങ്ങാതിരിക്കുക എന്നതായി മോറീഞ്ഞോയുടെ തന്ത്രം. ജോണ്‍ ടെറി, സെസാര്‍ ആസ്പിലിക്യൂട്ട, ബ്രാനിസ്ലാവ് ഇവാനോവിച്, ഗാരി കാഹില്‍ എന്നിവര്‍ ഈ ദൗദ്യം മനോഹരമായി നിറവേറ്റുകയും ചെയ്തു.

മോറീഞ്ഞോയുടെ തന്ത്രങ്ങള്‍ കണക്കുകളിലും തെളിഞ്ഞുനില്‍ക്കുന്നു. 35 കളികളില്‍ 25ലും ജയം. എട്ട് സമനില. തോല്‍വി നേരിട്ടത് രണ്ടെണ്ണത്തില്‍ മാത്രം. ഹോംഗ്രൗണ്ടില്‍ ഒറ്റമത്സരങ്ങളിലും എതിരാളികളെ ജയിക്കാന്‍ അനുവദിച്ചില്ല. 69 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് 27 ഗോളുകള്‍ മാത്രം. കളംനിറഞ്ഞുകളിച്ച ഹസാര്‍ഡ് തന്നെയായിരുന്നു ചെല്‍സിയുടെ താരം. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരവും പ്രാഫഷണല്‍ പ്ലയേഴ്‌സ് അസോസിയേഷന്റെ പ്ലയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടതും ഹസാര്‍ഡ് തന്നെയായിരുന്നു.

മോറീഞ്ഞോയ്ക്ക് കീഴില്‍ മൂന്നാം തവണയാണ് ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാവുന്നത്. 50 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചെല്‍സിയെ 2004ല്‍ കിരീടത്തിലെത്തിച്ചാണ് മോറീഞ്ഞോ ഇംഗ്ലീഷ് ഫുട്‌ബോളില്‍ നീലവസന്തം തുടങ്ങിയത്. തൊട്ടടുത്ത സീസണില്‍ കിരീടം നിലനിര്‍ത്തിയ ചെല്‍സിയെ ഇപ്പോള്‍ മോറീഞ്ഞോ വീണ്ടും ഇംഗ്ലീഷ് ഫുട്‌ബോളിലെ രാജാക്കന്‍മാരാക്കിയിരിക്കുന്നു.