T C Rajesh

ആകാശത്തിന്റെ നിറം ; കഥപറച്ചിലിലെ നിറഭേദങ്ങള്‍

സ്‌നേഹം, ജീവിതം എന്നിങ്ങനെ സുപരിചിതമായ രണ്ട് സത്യങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍കൊണ്ടൊരുക്കിയ നിര്‍വ്വചനമാണ് ഡോ.ബിജു എഴുതി സംവിധാനം ചെയ്ത 'ആകാശത്തിന്റെ നിറം'. ആകാശത്തിന്റെ നിറഭേദങ്ങള്‍ പോലെയാണ് ഓരോരുത്തരുടെയും മനസ്സും ജീവിതവുമെന്ന് സംവിധായകന്‍ ഈ സിനിമയിലൂടെ പറയുന്നു. സുപരിചിതമായ ഇത്തരമൊരു വിഷയത്തിനായി ഒരു സിനിമയുടെ ആവശ്യമുണ്ടോ എന്നു ചോദിക്കുന്നവര്‍ക്കുള്ള കൃത്യമായ മറുപടി ഈ ദൃശ്യാവിഷ്‌കാരംതന്നെയാണ്.


കഥപറയാന്‍ തിരഞ്ഞെടുത്ത പശ്ചാത്തലം ഉള്‍പ്പെടെ ഓരോ ഘടകവും ഈ സിനിമയെ ഏറെ പ്രസക്തമാക്കുന്നു. ഏകാന്തമായ ദ്വീപും ഊമയായ നായികയും വിക്കനായ സഹായിയും അതിലെല്ലാമുപരി പേരില്ലാത്ത കഥാപാത്രങ്ങളും. ഒരുതരത്തില്‍ പറഞ്ഞാല്‍ മലയാളസിനിമ ഇതുവരെ സഞ്ചരിച്ചിരുന്ന എല്ലാ പതിവുപാതകളില്‍ നിന്നും മാറിയുള്ള സഞ്ചാരമാണ് ഡോ. ബിജുവിന്റെ നാലാമത്തെ സിനിമയായ 'ആകാശത്തിന്റെ നിറം'.













സ്‌നേഹം, ജീവിതം എന്നിങ്ങനെ സുപരിചിതമായ രണ്ട് സത്യങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍കൊണ്ടൊരുക്കിയ നിര്‍വ്വചനമാണ് ഡോ.ബിജു എഴുതി സംവിധാനം ചെയ്ത ‘ആകാശത്തിന്റെ നിറം’.



ആന്‍ഡമാനിലെ ദ്വീപസമൂഹങ്ങളിലൊന്നാണ് ഈ സിനിമയുടെ ലൊക്കേഷന്‍. കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് മലയാളഭാഷ തന്നെയായതിനാല്‍ ആന്‍ഡമാനില്‍ നടക്കുന്ന കഥയായല്ല, മറിച്ച് കഥയ്ക്ക് ഉപോല്‍ബലകമായ പശ്ചാത്തലത്തിനുവേണ്ടിയാണ് സംവിധായകന്‍ ഈ ലൊക്കേഷന്‍ തിരഞ്ഞെടുത്തതെന്നു വ്യക്തം. ബഹളമയമായ സമൂഹത്തിന്റെ പതിവുശീലങ്ങളില്‍ നിന്നു മാറി ഏകാന്തതയിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ അര്‍ഥമെന്തെന്നു നമുക്കു ബോധ്യപ്പെടുകയെന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. ജീവിതാവസാനമെന്നത് എരിഞ്ഞുതീരാനുള്ളതല്ല, മറിച്ച് അതും ആഘോഷിച്ചു തീര്‍ക്കാനുള്ളതാണെന്നും ആ ആഘോഷത്തിന് അതിന്റേതായി നിറം നല്‍കിയാല്‍ മാത്രമേ ജീവിതം സത്യമാകുകയുള്ളുവെന്നും ഡോ.ബിജു ഈ സിനിമയിലൂടെ വ്യക്തമാക്കുന്നു.


പിടിച്ചുപറിക്കാരനായ ഒരു യുവാവിന്റെ മാനസാന്തരമാണ് ഈ സിനിമ. ആ മാനസാന്തരത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്ന കാരണങ്ങളിലെത്താന്‍ അയാള്‍ക്കൊപ്പം പ്രേക്ഷകനും കുറേയേറെ ദുരൂഹതകളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. പേരില്ലാത്ത കഥാപാത്രങ്ങള്‍. ഒന്നും മിണ്ടാത്ത പെണ്‍കുട്ടി. ദ്വീപിലെ മനോഹരമായ വീട്ടില്‍ ഒരു സമസ്യപോലെ കഴിയുന്ന ക്ഷമാശീലനായ വൃദ്ധന്‍. ചൂണ്ടയില്‍ കൊരുക്കുന്ന മീനിനെ തേടിയിരിക്കുന്ന ബാലന്‍. ഇവര്‍ തമ്മിലുള്ള ഒട്ടും വ്യക്തമാകാത്ത ബന്ധം. ഇവരുടെയെല്ലാം തികച്ചും വ്യത്യസ്തമായ സ്വഭാവവിശേഷങ്ങള്‍. ആകാശത്തിന്റെ നിറത്തെ കൂടുതല്‍ മനോഹരമാക്കുകയാണ് അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഈ ദുരൂഹതകള്‍. അതേസമയം സിനിമ അവസാനിക്കുമ്പോഴേക്കും ഈ ദുരൂഹതകള്‍ക്കെല്ലാം ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് പതിവ് അവാര്‍ഡു സിനിമകളുടെ പാറ്റേണില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ സംവിധായകനു സാധിക്കുന്നു.


താനൊരു താരമല്ല, നല്ലൊരു നടനാണെന്ന് ഇന്ദ്രജിത്ത് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു ഈ സിനിമയിലൂടെ. ഊമയായ നായികയെ അവതിരിപ്പിച്ച അമല പോളിന്, പക്ഷെ, കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് വേഷം ചെയ്യാന്‍ പതിവുപോലെ നെടുമുടിവേണുവിനും അനൂപ് ചന്ദ്രനും സാധിച്ചിട്ടുണ്ട്. മാസ്റ്റര്‍ ഗോവര്‍ധനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം പൃഥ്വിരാജ്, ശ്രീരാമന്‍, ഇന്ദ്രന്‍സ്, ഗീഥ സലാം തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ക്കൊന്നും സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായതുമില്ല.













ഏകാന്തമായ ദ്വീപും ഊമയായ നായികയും വിക്കനായ സഹായിയും അതിലെല്ലാമുപരി പേരില്ലാത്ത കഥാപാത്രങ്ങളും. ഒരുതരത്തില്‍ പറഞ്ഞാല്‍ മലയാളസിനിമ ഇതുവരെ സഞ്ചരിച്ചിരുന്ന എല്ലാ പതിവുപാതകളില്‍ നിന്നും മാറിയുള്ള സഞ്ചാരമാണ് ഡോ. ബിജുവിന്റെ നാലാമത്തെ സിനിമയായ ‘ആകാശത്തിന്റെ നിറം’.



സിനിമയുടെ മറ്റൊരു മേന്മ എം.ജെ.രാധാകൃഷ്ണന്റെ ഛായാഗ്രഹണമാണ്. ഈ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയതില്‍ അത്ഭുതമില്ല. ചിത്രത്തില്‍ ആവര്‍ത്തിച്ചുവരുന്ന, നിശ്ചലമായ ഫ്രെയിമിലൂടെ ഇരുചക്രവാഹനങ്ങളില്‍ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ ദൃശ്യം സുന്ദരമായ പെയിന്റിംഗിനെയാണ് ഓര്‍മിപ്പിക്കുന്നത്. കടല്‍ത്തീരത്തെ ഒറ്റപ്പെട്ട വീടിന്റെ ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളുമെല്ലാം വ്യത്യസ്തവും പുതുമയുള്ളതുമായ ആംഗിളുകളില്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. ദ്വീപിന്റെ ഏകാന്തതയെ ജീവിതത്തിന്റെ ഏകാന്തതയുമായി ചേര്‍ത്തുവയ്ക്കുന്ന ദൃശ്യങ്ങള്‍തന്നെയാണ് ഈ സിനിമയുടേത്.
ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ സംഗീതവും സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്നു. വളരെ കുറച്ചുമാത്രം സംഭാഷണങ്ങളുള്ള, സ്വാഭാവിക ശബ്ദമല്ലാതെ അലോസരങ്ങളില്ലാത്ത കഥാപശ്ചാത്തലത്തിന് തികച്ചും ഉതകുന്ന സംഗീതമാണ് ഐസക് തോമസ് പകര്‍ന്നിരിക്കുന്നത്.


കിം കി ഡുക്കിന്റെ 'ദി ബോ' എന്ന സിനിമ ഓര്‍മിക്കുക. കടലിനു നടുവില്‍ ഏകാന്തമായ ഒരു ബോട്ടില്‍ കഴിയുന്ന വൃദ്ധനും പെണ്‍കുട്ടിയും അവിടെയെത്തിപ്പെടുന്ന കുറേപ്പേരും അവരുടെ കാമനകളുമാണ് ആ സിനിമയുടെ കാതല്‍. വളരെ കുറച്ചുമാത്രം സംഭാഷണങ്ങളുള്ള ആ സിനിമയും ദൃശ്യങ്ങളിലൂടെയാണ് പ്രേക്ഷകനോട് സംവദിക്കുന്നത്. ആകാശത്തിന്റെ നിറത്തിന് ദി ബോയുടെ കഥയോടോ പരിചരണത്തോടെ യാതൊരു സാമ്യവുമില്ലെങ്കിലും കഥപറയാന്‍ തിരഞ്ഞെടുത്ത സങ്കേതങ്ങളുടെ മികവിലൂടെ 'ദി ബോ'യെ ഈ സിനിമ ഓര്‍മപ്പെടുത്തുന്നുണ്ട്.













സിനിമയുടെ മറ്റൊരു മേന്മ എം.ജെ.രാധാകൃഷ്ണന്റെ ഛായാഗ്രഹണമാണ്. ഈ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയതില്‍ അത്ഭുതമില്ല.



തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ സിനിമയുടെ അവസാന പ്രദര്‍ശനമാണ് കാണാന്‍ സാധിച്ചത്. നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടമില്ലെങ്കിലു ഇത്തരം ഒരു സിനിമയ്ക്കു പ്രതീക്ഷിക്കാവുന്നതിലുമപ്പുറം പ്രേക്ഷകര്‍ ആ സെക്കന്‍ഡ് ഷോ കാണാനെത്തിയിരുന്നു. കയ്യടികളോടെയാണ് പ്രേക്ഷകര്‍ സിനിമ കണ്ടെഴുന്നേറ്റത്. എന്നിട്ടും കണ്ടവര്‍ പറഞ്ഞുകേട്ട് സിനിമ കാണാന്‍ തീരുമാനിച്ചവരെ നിരാശരാക്കി രണ്ടാം വാരത്തിന് അവസരം നല്‍കാതെ സിനിമ മാറ്റിയതിലൂടെ മികച്ചൊരു സിനിമയോട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ തിയേറ്ററും ക്രൂരതയാണ് ചെയ്തത്.


ഇത്തവണ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, നല്ലൊരു സന്ദേശമുള്ളതിനാലാണ് 'ഇന്ത്യന്‍ റുപ്പി'ക്ക് പുരസ്‌കാരം നല്‍കിയതെന്നാണ് ജൂറി പറഞ്ഞത്. പുരസ്‌കാരത്തിനു വന്ന സിനിമകളില്‍ നിന്ന് ഇത്തരത്തിലാണ് ജൂറി സന്ദേശം മനസ്സിലാക്കുന്നതെങ്കില്‍, ഒന്നുകില്‍ സന്ദേശം എന്നത് എന്താണെന്ന് അവര്‍ക്കറിയില്ല, അല്ലെങ്കില്‍ അവര്‍ ഇന്ത്യന്‍ റുപ്പി മാത്രമേ കണ്ടിട്ടുള്ളു എന്നു കരുതേണ്ടിവരും. കാരണം, ആകാശത്തിന്റെ നിറം, മേല്‍വിലാസം തുടങ്ങിയ സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ പിന്നിലാണ് എല്ലാ അര്‍ഥത്തിലും 'ഇന്ത്യന്‍ റുപ്പി'!