Dr Maya Madhavan

കോവിഡ് 19 : അറിയാം; വരിഞ്ഞു കെട്ടാം ....

എന്താണ് കൊറോണവൈറസുകള്‍


Novel-Coronavirus-780×515-1


Novel-Coronavirus-780x515-1


ജലദോഷം മുതല്‍ മെര്‍സ് (middle east respiratory syndrome-CoV ), സാര്‍സ് (severe acute respiratory syndrome -CoV ) മുതലായ ഗൗരവമായ രോഗങ്ങള്‍വരെ ഉണ്ടാക്കാന്‍ കഴിവുള്ള വൈറസുകളാണ് കൊറോണവൈറസുകള്‍ . 186 രാഷ്ട്രങ്ങളെ രോഗാതുരമാക്കി തുടരുന്ന, നമ്മെ ഭീതിയില്‍ ആഴ്ത്തിക്കൊണ്ടിരിക്കുന്ന വില്ലനാണ് കൊറോണാ വൈറസുകളില്‍ അവസാനമായി കണ്ടെത്തിയ SARS CoV 2 (covid 19 യ്ക്ക് കാരണമായ വൈറസ് ) . നാളിതു വരെ SARS CoV 2 ഉള്‍പ്പെടെ മനുഷ്യരെ ബാധിക്കുന്ന ഏഴ് കോറോണവൈറസുകളാണ് കണ്ടെത്തിയിട്ടുള്ളത് കൊറോണവൈറസുകള്‍ സൂനോട്ടിക് വൈറസുകളാണ്. അതായത്, അവ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാവുന്നവയാണ്.സാര്‍സ് രോഗം മരപ്പട്ടിയില്‍ നിന്നും മെര്‍സ് രോഗം ഒട്ടകത്തില്‍ നിന്നും പകരുന്നതായി പഠനങ്ങള്‍കണ്ടെത്തിയത് ഇത്തരുണത്തില്‍ ഓര്‍ക്കുമല്ലോ.


വൈറസിന്റെ പ്രയാണത്തിന്റെ തുടക്കം


കാരണം കൃത്യമായി കണ്ടെത്താനാവാത്ത ഒരു കൂട്ടം ന്യൂമോണിയ രോഗികള്‍ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ ആരോഗ്യപ്രവര്‍ത്തകരെ ഞെട്ടിച്ചത് 2019 ഡിസംബര്‍ അവസാനമാണ്. ഇത് പൊട്ടിപ്പുറപ്പെടുന്നതിന് വുഹാനിലെ കടല്‍വിഭവങ്ങളുടെ ചന്തയ്ക്ക് ബന്ധമുണ്ടെന്ന് പ്രാഥമിക പഠനങ്ങള്‍വിരല്‍ ചൂണ്ടി. എന്നാല്‍ അപ്പോഴും അത് ഏത് വൈറസ് ആണെന്നോ അതിന്റെ ഉറവിടം ഏത് മൃഗമാണെന്നോ കണ്ടെത്താന്‍ കഴിഞ്ഞില്ല . ജനുവരി ആദ്യവാരം തന്നെ രോഗിയില്‍ നിന്ന് വൈറസ് വേര്തിരിച്ചെടുക്കുന്നതില്‍ ചൈന വിജയിച്ചു. നോവല്‍ കൊറോണ വൈറസ് എന്ന് നാമകരണം ചെയ്ത ഈ വൈറസിന്റെ ജനിതകം RNA(റൈബോന്യൂക്ലിക് ആസിഡ് ) യാണ് .കുന്തമുനകളാല്‍ (spike ) ആവരണം ചെയ്യപ്പെട്ടത് കൊണ്ടാണ് ഇതിനെ കൊറോണവൈറസ് എന്ന് വിളിക്കുന്നത്.


download


ജനുവരിയില്‍ തന്നെ കോവിഡിന്റെ ജനിതകചുരുള്‍അഴിച്ചെടുക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞെങ്കിലും ഒരു മാസത്തിനു ശേഷമാണ്, അതും ഏകദേശം ആയിരത്തോളം മരണം ഔദ്യോഗികമായി ചൈനയില്‍ സ്ഥിരീകരിക്കപ്പെട്ട ശേഷം, ലോകാരോഗ്യസംഘടന ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടത്. മനുഷ്യരില്‍ നിന്ന് മനുഷ്യനിലേക്ക് പകരാന്‍ ഈ രോഗാണുവിന് കഴിയുമെന്നും രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന ചെറിയ തുള്ളികള്‍മറ്റൊരാളിന്റെ മൂക്ക്, വായ, കണ്ണ് എന്നിവയില്‍ പതിക്കുമ്പോളാണ് ഇത് പകരുന്നതെന്നും (droplet infection ) ഉറപ്പിച്ച ശേഷം WHO പുത്തന്‍ രോഗത്തിനെ  covid 19 എന്ന് നാമകരണവും ചെയ്തു. (co -കൊറോണ , vi -വൈറസ്, d -ഡിസീസ് , 19 -2019 ). രോഗികളില്‍ നിന്ന് പുറത്തെത്തുന്ന തുള്ളികള്‍ക്ക് പത്ത് മീറ്റര്‍ ദൂരേയ്ക്ക് വരെ തെറിച്ചു വീഴാന്‍ കഴിയും. അതിലെ വലിയ തുള്ളികളില്‍ ആണ് കൊറോണവൈറസ് അടങ്ങിയിരിക്കുന്നത്. അവയ്ക്കാണെങ്കില്‍ ഏറിയാല്‍ രണ്ട് മീറ്റര്‍ വരെ എത്താന്‍ കഴിയും. അത് കൊണ്ടാണ് സാമൂഹ്യ അകലം പാലിക്കുക എന്നത് രോഗവ്യാപനം തടയുന്നതില്‍ പ്രധാനമാകുന്നത്.


download (1)ചുമ, തൊണ്ടവേദന, പനി , ക്ഷീണം, ശ്വാസതടസം തുടങ്ങിയവയാണ് കൊറോണരോഗബാധയുടെ ലക്ഷണങ്ങള്‍എന്ന് നമുക്കിന്ന് അറിയാമെങ്കിലും രോഗബാധിതരില്‍ 1 -3 ശതമാനം ആളുകള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങള്‍ഒന്നും കാണില്ല (asymptomatic carriers). ഇവരില്‍ നിന്നുള്ള രോഗസംക്രമം രോഗത്തെ നിയന്ത്രണത്തിലാക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ഉയര്‍ത്തുന്നുണ്ട്. ആരാധന, ഉത്സവം, ആഘോഷം, പൊതുയോഗങ്ങള്‍തുടങ്ങി ആളുകള്‍കൂടുന്ന പരിപാടികള്‍ക്ക് വിലക്കുകള്‍, യാത്രാവിലക്കുകള്‍,വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടുക തുടങ്ങിയ കര്‍ശന നിലപാടുകളിലേക്ക് നീങ്ങേണ്ടി വരുന്നതും ഇത് കൊണ്ടാണ് . രോഗബാധയ്ക്കും ലക്ഷണങ്ങള്‍പ്രകടമാകുന്നതിനും ഇടയ്ക്കുള്ള സമയമാണ് ഇന്‍ക്യൂബേഷന്‍ പീരീഡ് എന്ന് വിളിക്കുന്നത്. ഈ കാലയളവിന് രോഗം പകരുന്നതില്‍ സുപ്രധാന പങ്കുണ്ട്. 2 മുതല്‍ 14 ദിവസം വരെയാണ് SARS -coV 2 ന്‍റെ ഇന്‍ക്യൂബേഷന്‍ പീരീഡ്. അത് കൊണ്ടാണ് രോഗബാധിതപ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍, അവരുമായി പ്രത്യക്ഷമായോ പരോക്ഷമായോ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, കൊറോണ രോഗലക്ഷണം ഉള്ളവര്‍ എന്നിവര്‍ 14 ദിവസം സമൂഹത്തില്‍ നിന്ന് അകന്ന് കഴിയണം (isolation) എന്ന് പറയുന്നത്.


വൈറസുകള്‍ക്ക് ഒരു ആതിഥേയന്‍ (host ) ഉണ്ടെങ്കില്‍ മാത്രമേ ജീവനുള്ളൂ എന്നത് നമുക്കറിയാം. എന്നാല്‍ ആതിഥേയന് പുറത്തു, എത്ര നേരം കൊറോണ വൈറസിന് പിടിച്ചു നില്ക്കാന്‍ കഴിയും എന്നത് അറിഞ്ഞിരിക്കേണ്ടത് വൈറസ്ബാധ തടയുന്നതിന് അത്യാവശ്യമാണ്. വായുവില്‍ മൂന്ന് മണിക്കൂറോളം അതിന് നിലനില്ക്കാനാവും എന്നാണ് പരീക്ഷണശാല ഫലങ്ങള്‍ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്ലാസ്റ്റിക്, സ്റ്റീല്‍ പ്രതലങ്ങളില്‍ മൂന്ന് ദിവസത്തോളം അതിന് പിടിച്ചു നില്‍ക്കാനാവും. വാതിലിന്റെ പിടി, കോണിയുടെ കൈവരി, ലിഫ്റ്റിന്റെ ബട്ടണ്‍ ,പൊതുവാഹനങ്ങളിലെ സ്റ്റീല്‍ അടങ്ങിയ പ്രതലങ്ങള്‍ തുടങ്ങി വൈറസുകള്‍ക്ക് കയറിക്കൂടാനാവുന്ന എത്രയെങ്കിലും വസ്തുക്കള്‍ദൈനം ദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് പൊതു ഇടങ്ങളില്‍ നില്‍ക്കുമ്പോള്‍കൈകള്‍സോപ്പും വെള്ളവും, അല്ലെങ്കില്‍ സാനിറ്റൈസര്‍ കൊണ്ട് ഇടയ്ക്കിടെ വൃത്തിയാക്കി വയ്‌ക്കേണ്ടതിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.


സോപ്പ് -വൈറസിന്റെ ഘാതകന്‍


എന്ത് കൊണ്ടാണ് സോപ്പ് ഇത്ര ഫലപ്രദമാകുന്നത് എന്ന് നോക്കാം….സോപ്പ് എന്നതിന് കൊഴുപ്പിന്റെ ചില തന്മാത്രകള്‍പ്രത്യേക രീതിയില്‍ അടുക്കി വച്ചിരിക്കുന്ന ഘടനയാണുള്ളത്. വൈറസ് എന്ന നാനോപദാര്‍ത്ഥത്തില്‍ ഏറ്റവും ഉറപ്പില്ലാത്ത ഒരു lipid (കൊഴുപ്പ് ) bilayer ആവരണം ആണുള്ളത്. ഇതിലേക്ക് സോപ്പിന്റെ കണികകള്‍ഇടിച്ചിറങ്ങുമ്പോള്‍വൈറസ് തകര്‍ന്ന് തരിപ്പണമാകുന്നു. എന്നാല്‍, ഇതിന് ആവശ്യമായ സമയം സോപ്പുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്. അതിനാലാണ് 20 സെക്കന്റോളം കൈകള്‍കഴുകണം എന്ന് പറയുന്നത്.


images


കൈകളുടെ രണ്ട് വശങ്ങളും നഖങ്ങളുടെയും വിരലുകളുടെയും ഇടയിലും വൃത്തിയായി സോപ്പ് പതപ്പിച്ചു തന്നെ വൃത്തിയാക്കണം. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിനേക്കാള്‍എന്ത് കൊണ്ടും സോപ്പ് തന്നെയാണ് നല്ലത്. അറുപത് മുതല്‍ എണ്‍പത് ശതമാനം വരെയുള്ള ആല്‍ക്കഹോളിന് അണുനാശകശക്തി ഉണ്ടെങ്കിലും കൈകളുടെ മുക്കും മൂലയും വേണ്ടത്ര സമയം കുതിര്‍ത്തു വയ്ക്കാന്‍ കഴിയില്ല എന്നത് ന്യൂനതയാണ്. അതിനാല്‍, സോപ്പ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രം സാനിറ്റൈസര്‍ ഉപയോഗത്തിലേക്ക് തിരിയുന്നതാണ് അഭികാമ്യം.


കോവിഡ് 19 മനുഷ്യനിര്മിതമല്ല


കൊറോണവൈറസ് ജനിതകത്തിലെ ഏറ്റവും വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ഭാഗം അതിന്റെ സ്പൈക്ക് പ്രോട്ടീനിലെ റിസപ്റ്റര്‍ ബൈന്‍ഡിങ് ഡൊമൈന്‍ ആണ് (RBD ). ഇതിന്റെ പ്രാധ്യാന്യം എന്തെന്ന് അറിയണമെങ്കില്‍ എന്താണ് സ്പൈക്കും RBD യും ചെയ്യുന്നതെന്ന് മനസിലാക്കണം. മനുഷ്യരിലേക്ക് കടന്ന് കയറാന്‍ വൈറസ് ഉപയോഗിക്കുന്ന ഭാഗമാണ് RBD .മനുഷ്യരിലെ ACE 2 receptor (ആഞ്ചിയോടെന്‍സിന്‍ കണ്‍വെര്‍ട്ടിങ് എന്‍സൈം 2 ) എന്ന രക്തസമ്മര്‍ദം നിയന്ത്രിക്കുന്ന സ്വീകരിണകളിലാണ് വൈറസിന്റെ RBD കൊളുത്തിപ്പിടിക്കുന്നത്. ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ് പുതിയ കൊറോണവൈറസ് എന്ന ആശയങ്ങള്‍ ആദ്യകാലത്തു പ്രചാരത്തിലുണ്ടായിരുന്നെങ്കിലും RBDയുടെ ഘടന പഠിച്ച ശാസ്ത്രജ്ഞര്‍ ആ സിദ്ധാന്തം പാടെ തള്ളിക്കളഞ്ഞു.


hqdefault


കൃത്രിമമായി ഉണ്ടാക്കുന്നവര്‍ SARS -coV 2 യുടെ അവലംബമായി ഏതെങ്കിലും രോഗവാഹകമായ കോറോണവൈറസിനെ മാത്രമേ ഉപയോഗിക്കാന്‍ ശ്രമിക്കുകയുള്ളൂ. എന്നാല്‍ SARS-coV 2 യുടെ ഘടനയ്ക്ക് നിലവില്‍ കണ്ടുപിടിക്കപ്പെട്ട കൊറോണവൈറസുകളുമായി സാമ്യമില്ലെന്ന് മാത്രമല്ല, വവ്വാലുകളിലും ഈനാംപേച്ചികളിലും കാണപ്പെടുന്ന സമാനമായ വൈറസുകളുമായി സാദൃശ്യം കണ്ടെത്താനുമായി. ഇക്കാരണങ്ങള്‍കൊണ്ട് തന്നെ, ഈ വൈറസ് പ്രകൃതിയുടെ സ്വാഭാവിക തിരഞ്ഞെടുപ്പ് (natural selection ) എന്ന പരിണാമപ്രക്രിയയിലൂടെയാണ് വൈറസിന്റെ ഉത്ഭവം എന്നത് തന്മാത്രശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനായി.


കോവിഡിനെതിരെയുള്ള പ്രതിരോധം


ചൈനയിലും ജപ്പാനിലും രോഗബാധയില്‍ നിന്ന് വിമുക്തരായവര്‍ വീണ്ടും രോഗികളാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വൈറസിനെതിരെ ശരീരത്തിലെ പ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് ഇനിയും ശാസ്ത്രജ്ഞര്‍ക്ക് തരിമ്പും പിടി കിട്ടിയിട്ടില്ല. ജനതയില്‍ ഭൂരിഭാഗവും രോഗത്തിനെതിരെ പ്രതിരോധം ആര്‍ജിക്കുന്ന അവസ്ഥയാണ് herd immunity എന്നത്. ഇത് പ്രതിരോധ കുത്തിവയ്പ്പിലൂടെയോ രോഗവിമുക്തിയിലൂടെയോ നേടാവുന്നതാണ്. ഒരു കോവിഡ് രോഗിക്ക് ശരാശരി രണ്ട് മുതല്‍ മൂന്ന് പേരിലേക്ക് രോഗം പകര്‍ത്താനാവും. മറ്റ് ഇടപെടലുകള്‍ഒന്നും ഇല്ലാത്ത അവസ്ഥയില്‍ , അന്‍പത് മുതല്‍ എഴുപത് ശതമാനം പേര്‍ക്ക് രോഗബാധ ഉണ്ടാവുമ്പോള്‍മാത്രമേ herd immunity സജീവമാവുകയുള്ളൂ.


download (2)


അപ്പോഴേക്കും ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍പൊലിഞ്ഞിട്ടുണ്ടാകും. എന്നാല്‍ സാമൂഹ്യ അകലം പാലിക്കുന്നതിലൂടെയും കൈകള്‍അണുവിമു ക്തമാക്കുന്നതിലൂടെയും ചങ്ങല പൊട്ടിക്കുമ്പോള്‍herd immunity വളരെ നേരത്തെ രംഗത്തെത്തും. ഒരു കോവിഡ് രോഗി മറ്റൊരാളെയോ അതിലും താഴെയോ ആളുകളിലേക്ക് മാത്രം പകരാനാവുന്ന അവസ്ഥയില്‍ എത്തിച്ചേരുക എന്നതാണ് വിജയസൂത്രം.


എന്ത് കൊണ്ടാണ് കോവിഡ് 19 ന് ഫലപ്രദമായ മരുന്നില്ലാത്തത്


ഓരോ വൈറസും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ അതിനുള്ള സവിശേഷമായ മരുന്നുകളും വ്യത്യസ്തമായിരിക്കുമല്ലോ. കോവിഡ് 19 രോഗം മരുന്ന് വികസിപ്പിക്കാനുള്ള സമയം പോലും നല്‍കാതെ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണ് . നിലവില്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ ഉപയോഗിക്കുന്ന ചില പ്രധാന ആശയങ്ങളെ പറ്റി പറയാം. റെംഡെസീവിര്‍ എന്ന മരുന്ന് വൈറസിന്റെ ശരീരത്തിലേക്കുള്ള പ്രവേശനത്തിനെ തന്നെ തടസ്സപ്പെടുത്തുന്നു. കൂടുതല്‍ ഫലപ്രദമാവുന്നത്, വൈറസിനെ ശരീരത്തിലേക്ക് കടന്ന് കയറാന്‍ സഹായിക്കുന്ന മനുഷ്യശരീരത്തിലെ തന്മാത്രകളില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളാണ്. ലോപിനവിര്‍ , റെറ്റിനവിര്‍ എന്ന ആന്റിവൈറല്‍ മരുന്നുകളും കോമ്പിനേഷന്‍ തെറാപ്പിയായി ഉപയോഗിക്കുന്നുണ്ട്. ഫ്ലൂവിനെതിരെയും HIV യ്ക്കെതിരെയും ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നുകളും മലേറിയയുടെ മരുന്നായ ക്ളോറോക്വിന്നും നിലവില്‍ കോവിഡ് 19 നെതിരെയുള്ള യുദ്ധത്തില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. മറ്റൊരു ചികിത്സാ രീതിയാണ് കണ്‍വാലസന്റ്റ് പ്ലാസ്മ (convalescent plasma )ഉപയോഗിച്ചുള്ളത്. ഇവിടെ രോഗം ബാധിച്ച വ്യക്തികളുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ആണ് ഉപയോഗിക്കുന്നത്. അവരുടെ രക്തത്തിലുള്ള ആന്റിബോഡികള്‍ശരീരത്തിന് രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കും.


കോവിഡ് 19 നെ പ്രതിരോധിക്കുന്ന വാക്സിനുകള്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ലോകമെമ്പാടും നടക്കുന്നുണ്ട്. സാധാരണയായി രോഗാണുവോ അതിന്റെ ഒരു ഭാഗമോ, ജീവനോടെയോ നിര്ജീവമാക്കപ്പെട്ടതോ, ശരീരത്തിലേക്ക് കടത്തി വിട്ട് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുക എന്നതാണ് വാക്സിനുകളുടെ രസതന്ത്രം. എന്നാല്‍ കൊറോണവൈറസിനെതിരെ RNA വാക്സിനുകളാണ് ഇപ്പോള്‍ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്.രോഗസവിശേഷമായ ഒരു mRNA ശരീരത്തിലേക്ക് പ്രവേശിപ്പിച്ച് കോശങ്ങളെ കൊണ്ട് ആന്റിജനും ആന്റിബോഡിയും ഉണ്ടാക്കിക്കുക എന്നതാണ് ഇവിടെ നടക്കുന്നത്. സാധാരണയായി മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ ശേഷം മാത്രമാണ് വാക്സിനുകള്‍മനുഷ്യരില്‍ കുത്തിവയ്ക്കാറുള്ളത്. എന്നാല്‍ mRNA 1273 എന്ന വാക്സിന്‍ സമാന്തരമായി മനുഷ്യരില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ആദ്യത്തെ പരീക്ഷണത്തിന് സ്വയം തയാറായി എത്തിയ ജെന്നിഫര്‍ ഹാളര്‍ എന്ന 43 കാരിയെ കുറിച്ച് നാം വായിച്ചതാണല്ലോ. പക്ഷെ ഇത് വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാവാന്‍ ഏതാണ്ട് ഒരു വര്ഷം എടുക്കും .


download (3)


അത് കൊണ്ട് തന്നെയാണ് ചില ആരോഗ്യ-സാമൂഹ്യപ്രവര്‍ത്തകര്‍ ആഗോളതലത്തിലെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന് ഒരു വര്‍ഷത്തോളം നീളം വേണ്ടി വരും എന്ന് പ്രവചിക്കുന്നത്. ജാതി മത വ്യത്യാസങ്ങള്‍ഇല്ലാത്ത ,രാഷ്ട്രീയമോ ഭാഷയോ അറിയാത്ത കൊറോണ വൈറസിനെ തുരത്താന്‍ ഇപ്പോള്‍നമ്മുടെ മുന്നില്‍ ഒരു വഴിയേ ഉള്ളൂ. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്ന രോഗികളെ മാത്രം വിട്ടു കൊടുക്കുന്ന നിലയില്‍ വൈറസിനെ നമുക്ക് പിടിച്ചു കെട്ടണം. അതിനായി തല്ക്കാലം സാമൂഹ്യ അകലം പാലിക്കാം, കൈകള്‍സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം. ഒപ്പം, രോഗബാധിത മേഖലകളില്‍ നിന്ന് എത്തിയവരും രോഗലക്ഷണം ഉള്ള വരും സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കണം.