Lekshmi Dinachandran

Poems of Neruda, Anna Akhmatova, Gaddar, and Fahmidha Riaz in Malayalam translation

ഗീതകം 17 – പാബ്ലോ നെരുദ – നൂറു പ്രണയഗീതകങ്ങള്‍


Pablo-Neruda



ഞാന്‍ നിന്നെ സ്നേഹിക്കുന്നത് നീയൊരു ലവണപുഷ്പമെന്നോ പുഷ്യരാഗമെന്നോ
മോഹത്തിന്റെ തീനാളങ്ങള്‍ നീര്‍ത്തുന്ന പുഷ്പബാണമെന്നോ കരുതിയല്ല.
ഞാന്‍ നിന്നെ സ്നേഹിക്കുന്നത്, ചില ഇരുണ്ടപൊരുളുകള്‍ സ്നേഹിക്കപ്പെടും പോലെയാണ്,
രഹസ്യമായി, നിഴലിനും ആത്മാവിനുമിടയില്‍ വച്ച്.


ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ആ പൂക്കളുടെ വെളിച്ചം തന്നിലൊ-
ളിപ്പിക്കുന്ന പൂക്കാത്ത ചെടിയെന്നവണ്ണം,
നിന്റെ സ്നേഹത്തിനാല്‍ എന്റെ ശരീരത്തില്‍ ഗൂഢമായി
വസിക്കുന്നു, മണ്ണില്‍ നിന്നുമുയരുന്ന ഗാഢപരിമളം.


ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എങ്ങനെയെന്നോ എപ്പോഴെന്നോ എവിടെ നിന്നെന്നോ അറിയാതെ.
ഞാന്‍ നിന്നെ വളരെ ലളിതമായി സ്നേഹിക്കുന്നു,
സങ്കീര്‍ണതകളോ അഹംഭാവമോ ഇല്ലാതെ:
ഞാന്‍ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നതെന്തെന്നാല്‍ ഇങ്ങനെയല്ലാതെ സ്നേഹിക്കുന്നതെങ്ങനെ എന്നെനിക്കറിയില്ല.
ഇതിന്‍ ഞാനും നീയുമില്ല,
എന്റെ നെഞ്ചില്‍ തൊടുന്ന നിന്റെ കരതലം എന്റെ കരതലം തന്നെയാകുവോളം അഗാധമായി.
ഞാനുറങ്ങുമ്പോള്‍ നിന്റെയിമകള്‍ കൂമ്പുവോളം അഗാധമായി.


വിധിവാക്യം – അന്ന ആഖ്മടോവ


Anna-Akhmatova



അങ്ങനെയാ വാക്കിന്‍ കരിങ്കല്ല് പതിച്ചു,


അപ്പോഴും മിടിച്ചിരുന്ന എന്റെ നെഞ്ചില്‍.


സാരമില്ല, ഞാന്‍ തയ്യാറായിരുന്നു.


എങ്ങനെയും കൈകാര്യം ചെയ്തുകൊള്ളാം.


 


ഇന്നൊരുപാടുണ്ട് എനിക്ക് ചെയ്യാന്‍:


ഓര്‍മയെ എന്നേയ്ക്കുമായി കൊലപ്പെടുത്തണം


ആത്മാവിനെ ശിലയാക്കിത്തീര്‍ക്കണം,


വീണ്ടും ജീവിക്കുവാന്‍ പഠിക്കണം.


 


വേനലിന്റെ തീക്ഷ്ണമായ ഉലച്ചിലുകള്‍


എന്റെ ജനാലയ്ക്കലെ ഒരുല്സവമല്ലെന്നിരിക്കില്‍,
കാലമേറെയായി  ഞാന്‍ മുന്കൂട്ടിക്കണ്ടതുതന്നെ  


ഈ ഉജ്ജ്വലദിനവും, ആളൊഴിഞ്ഞ ഗൃഹവും.


തീരുകില്ലിത് – ഗദ്ദര്‍


download



തീരുകില്ല, തീരുകില്ല, തീരുകില്ലിത്
പശിയുടെ യുദ്ധം, തീരുകില്ല
തീരുകില്ലിത്.
കൊള്ളക്കാരുടെ വാഴ്ചയവസാനിക്കും വരെ
ആയുധമേന്തിയ പോരാട്ടം, തീരുകില്ല


തീരുകില്ലിത്.

നിലമുഴുത്ത കലപ്പ
ഈ ഉഴവുചാലെന്റെതെന്ന് ,
തൈ നട്ട വിരല്‍കള്‍
ഈ മരമെന്റെതെന്ന് ,
കതിര് മുറിച്ചയരിവാള്‍
ഈ കൊയ്ത്തെന്റെതെന്ന്
പറയുംവരെയും തീരുകില്ലിത്.


കൊല്ലന്റെ ആല തീതുപ്പിയുയരുന്നു
കുശവന്റെ ചൂള നീറിയെരിയുന്നു
തോല്‍ക്കൊല്ലന്റെ തമ്പേര്‍ മുഴങ്ങിയുണരുന്നു
ധനധനധന രണഭേരിയുയര്‍ത്തുന്നു,
തീരുകില്ല തീരുകില്ല തീരുകില്ലിത്.


വരൂ, നമുക്കൊരു പുത്തന്‍ നിഘണ്ടു ചമയ്ക്കാം – ഫഹ്മിദാ റിയാസ് 


images


വരൂ, നമുക്കൊരു പുത്തന്‍ നിഘണ്ടു ചമയ്ക്കാം


ഓരോ വാക്കിനും മുന്പ്
നാമിഷ്ടപ്പെടാത്ത അര്‍ത്ഥങ്ങള്‍ എഴുതിച്ചേര്‍ത്തത്.
ശേഷം കടുംകഷായംപോല്‍ കുടിച്ചിറക്കാം
നമ്മുടെതല്ലാത്ത യാഥാര്‍ഥ്യത്തിന്റെ സത്യം.
ഈ ശിലയില്‍ നിന്നുരുവാകും ജീവജലം
നാം ഒറ്റയ്ക്ക് നിര്‍ണയിച്ച പോല്‍ ഒഴുകുകയില്ല
ഏതോ വിസ്മൃതോദ്യാനത്തിന്റെ അസ്തമനപ്രഭയായ നാം
ആത്മവ്യാമോഹത്തിന്റെ വൃണിതാഭിമാനത്താല്‍ നിറഞ്ഞ നാം
ആത്മപ്രശംസയുടെ അതിരുകളെല്ലാം ഭേദിച്ച നാം
ഓരോ മുറിവും നിരന്തരം നക്കിത്തോര്‍ത്തുന്ന നാം
നഞ്ചുകലര്‍ത്തിയ ചഷകം ഏവര്‍ക്കും വിളമ്പുന്ന നാം
അപരനോടുള്ള വെറുപ്പ് മാത്രം ചുമന്ന്
അവജ്ഞ മാത്രം വരണ്ട ചുണ്ടുകളില്‍ തേച്ച്
ഉള്ളിലെ പാതാളഗര്‍ത്തം നികത്താത്തവര്‍
കണ്മുന്നിലെ സത്യത്തിന് അന്ധരായവര്‍.
നാമിന്നോയിന്നലെയോ നമ്മെ വീണ്ടെടുത്തിട്ടില്ല
രോഗം നമുക്ക് സ്വാസ്ഥ്യത്തെക്കാള്‍ പ്രിയതരം.
എങ്കിലും, ശബളിമയാര്‍ന്ന ഈ പുതുചക്രവാളം
എന്തിനു നമുക്ക് അന്യവും അപ്രാപ്യവുമാക്കണം?
എന്തുകൊണ്ട് നമുക്കൊരു പുത്തന്‍ നിഘണ്ടു ചമച്ചുകൂടാ?
ഈ ശീതശ്യാമഗര്‍ത്തത്തില്‍ നിന്നുയര്‍ന്നാല്‍
ആദ്യകാല്‍വയ്പ്പുകളെ കഠിനമാകൂ
അതിരില്ലാവാനങ്ങള്‍ നമ്മെ കൈനീട്ടി വിളിക്കുന്നു
ഒരു പുത്തന്‍ പുലരിയുടെ പുലര്‍ച്ചയിലേക്ക്.
നാം വസിക്കുന്ന നവീനപാര്‍വതഭൂവിന്റെ
നിറവാര്‍ന്ന വായു പ്രാണനില്‍ നിറയ്ക്കാം
സ്വയംവെറുപ്പിന്റെയഴുക്ക് മുഖങ്ങളില്‍ നിന്ന് തുടച്ച് മാറ്റാം.
ഉയര്‍ച്ചതാഴ്ചകള്‍ കാലവിനോദമെന്നാകിലും
സമയമുകുരത്തില്‍ നിഴലിക്കുന്നത്
നമ്മുടെ പുകഴും നമ്മുടെ ജയങ്ങളും കൂടിയാകുന്നു
അതിനാല്‍ സൗഹാര്‍ദ്ദതിങ്കലെയ്ക്ക് നമുക്ക് ദൃഷ്ടിയുയര്‍ത്താം.
ഈ പുഷ്പാങ്കിതഭൂവിലെയോരോ പഥികന്റെ മുഖത്തും
ഒളിഞ്ഞിരിക്കുന്ന ചൈതന്യം തെളിച്ചെടുക്കാം.
ഇടയ്ക്കു നാം “സാധ്യത” യെ കണ്ടുമുട്ടും.
ഞാനും നീയും സമന്മാരാകുന്ന വാക്ക്.
നാമും അവരും ഒന്നുപോലെയാകുന്ന വാക്ക്.
അതിനാല്‍ നമുക്കൊരു പുത്തന്‍ നിഘണ്ടു ചമയ്ക്കാം.


അന്താരാഷ്‌ട്ര വിവര്‍ത്തന ദിനത്തില്‍, ലോകത്തിന്റെ നാല് കോണുകളില്‍ നിന്നും നാല് കവിതകളുടെ സ്വതന്ത്രവിവര്‍ത്തനങ്ങള്‍. ആംഗലേയം വഴി മലയാളത്തിലേയ്ക്ക് വന്നവ. പ്രണയവും വിരഹവും വിശപ്പും വിപ്ലവവും പ്രതീക്ഷയും ഭാഷകള്‍ക്കപ്പുറം മനുഷ്യരെ ഒന്നാക്കുന്നവയാണല്ലോ!