Gopakumar Pookkottur

കാരുണ്യത്തിലേക്കുമൊരു കിക്ക് ഓഫ്

മലബാറിലെയും വിശേഷിച്ച് മലപ്പുറത്തെയും സെവന്‍സ് മൈതാനങ്ങളില്‍ ആവേശം വാനോളം നുരഞ്ഞുപൊന്തുമ്പോള്‍ പന്തുരുളുക കാരുണ്യത്തെയും പ്രതിബദ്ധതയെയും ലക്ഷ്യമാക്കിയാകും. ടൂര്‍ണമെന്റുകളില്‍ നിന്നും കിട്ടുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹികസേവനങ്ങള്‍ക്കും മാറ്റിവെച്ച് കാല്‍പ്പന്തുകളി സംസ്കാരത്തില്‍ പുത്തന്‍ അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തവരാണ് ഇവിടത്തെ സെവന്‍സ് കൂട്ടായ്മകളില്‍ പലതും. വെറുമൊരു വിനോദമെന്നതിനുപരി നഗരങ്ങളിലും ഗ്രാമഹൃദയങ്ങളിലും കാല്‍പ്പന്തുകളി ഒരുപോലെ സ്വീകാര്യമാകുന്നതും മറ്റൊന്നുംകൊണ്ടല്ല.കാല്‍പ്പന്തുകളിയുടെ മെക്കയാണ് മലപ്പുറം. ലോകത്തെവിടെ പന്തുരുണ്ടാലും അതിവിടത്തെ ഗ്രാമങ്ങളെ ഇളക്കിമറിക്കും. ലോകകപ്പ് ഫുട്ബോള്‍ വേളയില്‍ വിവിധരാജ്യങ്ങളുടെ പതാകകളും ഫ്ളക്സുകളും നാട്ടി നാട്ടിന്‍പുറങ്ങള്‍ വരവേല്‍ക്കും. സെവന്‍സ് സീസണുകളാകട്ടെ മലബാറുകാരുടെ കളിക്കമ്പത്തിനും വാശിക്കും തീ പിടിക്കുന്ന കാലവും.


കാല്‍പ്പന്തുകളി അതെവിടെയായാലും മലപ്പുറത്തിന് ഉത്സവ നാളുകളാണ്. എന്താകാം ഈ ഫുട്ബോള്‍ പ്രണയത്തിനു കാരണം?.അതറിയാന്‍ അല്‍പം ചരിത്രമാകാം. സ്വാതന്ത്യ്രത്തിനും മുമ്പ് മലപ്പുറം സ്പെഷ്യല്‍ പൊലീസ് (എംഎസ്പി) കോട്ടപ്പടി മൈതാനിയില്‍ പന്തു തട്ടിക്കളിച്ചതുകണ്ടാണ് മലപ്പുറത്തുകാര്‍ ഫുട്ബോളില്‍ പിച്ചവച്ചത്. അന്നുതൊട്ട് എതാണ്ട് എല്ലാ ഗ്രാമങ്ങളിലും ഫുട്ബോള്‍ പ്രചാരത്തിലായി. കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും തരിശിട്ട പറമ്പിലും കെട്ടുപന്തുണ്ടാക്കി, ആദ്യചുവടുകള്‍ ശീലിച്ചവര്‍ ഉയരങ്ങള്‍ കീഴടക്കി. ഇങ്ങ നിരവധി ഗ്രാമങ്ങള്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ഫുട്ബാള്‍ പാരമ്പര്യം വാനോളമുയര്‍ത്തി. സന്തോഷ് ട്രോഫിയില്‍ മികച്ച കളിക്കാരെ സംഭാവന ചെയ്ത മമ്പാട്, അരീക്കോട്, ഊര്‍ങ്ങാട്ടിരി, വാഴക്കാട്... ആ നിര നീണ്ടു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നും എത്തി പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയവരാണിവരില്‍ പലരും. അതും നാട്ടുമൈതാനങ്ങളില്‍ കളിച്ചുവന്നവര്‍. കാല്‍പ്പന്തുകളി മത്സരത്തിനുള്ള ഇത്തരം പ്രാദേശിക കൂട്ടായ്മകള്‍ ഇലവന്‍സില്‍ നിന്ന് തുടങ്ങി സെവന്‍സ്, ഒടുവില്‍ ഫൈവ്സ് ടൂര്‍ണമെന്റുകളായി രൂപാന്തരപ്പെട്ടു.സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടത്തികിട്ടുന്ന ലാഭം സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും, നാടിന്റെ വികസനത്തിനും വിനിയോഗിക്കുന്ന പ്രവണത പ്രോത്സാഹിക്കപ്പെടേണ്ടതുതന്നെയാണ്. നമുക്കാദ്യം ഒരുദാഹരണത്തില്‍ നിന്നു തുടങ്ങാം. 1962- ല്‍ രൂപീകൃതമായ പെരിന്തല്‍മണ്ണയിലെ 'കാദറലി' സ്പോര്‍ട്സ് ക്ളബ്ബാണ് ജീവകാരുണ്യപ്രവര്‍ത്തനത്തിലെ ഒരു അനുകരണീയ മാതൃക. ആദ്യകാല കളിക്കാരായ കാദര്‍, മുഹമ്മദി അലി എന്നിവരുടെ സ്മരണാര്‍ത്ഥമാണ് ക്ളബ്. മുഹമ്മദലി അരീക്കോട്ടെ സെവന്‍സ് ടൂര്‍ണമെന്റിനുശേഷം കുഴഞ്ഞുവീണും കാദര്‍ പാമ്പുകടിയേറ്റും മരിക്കുകയായിരുന്നു. കേരളത്തിലെവിടെയെങ്കിലും ആരെങ്കിലും പാമ്പുകടിയേറ്റുമരിച്ചാല്‍ അവര്‍ക്ക് ധനസഹായമെത്തിക്കാന്‍ ക്ളബ് മുന്‍പന്തിയിലുണ്ടാകും.


ഓരോ വര്‍ഷത്തിലും നിരവധി പദ്ധതികള്‍ക്ക് ടൂര്‍ണമെന്റ്കമ്മിറ്റി തുക നീക്കിവെക്കും. കഴിഞ്ഞകാലങ്ങളില്‍ പെരിന്തല്‍മണ്ണയിലെ മിനി ഇന്‍ഡോര്‍ സ്റേഡിയം, ഇ എം എസ് വിദ്യാലയ കോംപ്ളക്സ് വികസനം, ഗേള്‍സ് ഹൈസ്കൂളിനുള്ള ബസ്, മഞ്ചേരി ജനറല്‍ ആശുപത്രിക്ക് ഫര്‍ണിച്ചര്‍ എന്നിവക്ക് ടൂര്‍ണമെന്റില്‍ നിന്നും തുക കണ്ടെത്തി. പതിവുപോലെ, 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള പരിശീലനത്തിന് ഇത്തവണ 30 പേരെ ഉള്‍പ്പെടുത്താനാകും., ഇ എം എസ് വിദ്യാലയ കോംപ്ളക്സ് വികസനത്തിനും ഗേറ്റിനും കൂടി മൂന്നരലക്ഷത്തോളം രൂപ നീക്കിവെക്കുന്നതിനും പദ്ധതിയുണ്ട്. ക്യന്‍സര്‍, കിഡ്നി രോഗികള്‍ക്കും നിര്‍ധകുടുംബങ്ങള്‍ക്കുമുള്ള ധസഹായം ഇത്തവണയുമുണ്ടാകും.1989-ല്‍ രൂപീകൃതമായ ചേറൂര്‍ ഡയമന്‍ഡ് ആന്റ് സ്പോര്‍ട്സ് ക്ളബിന്റെ (ഡാസ്ക് ) പ്രവര്‍ത്തവും വ്യത്യസ്തമല്ല. ടൂര്‍ണമെന്റ് വേദിയായ വിഎംയുപി സ്കൂളിന്റെ ഗ്രൌണ്ട് ശ്രമദാനത്തിലൂടെ ക്ളബ് നിര്‍മിച്ചു നല്‍കി. കൂടാതെ സ്റ്റെജ് കം ക്ളാസ് റൂം, കംപ്യൂട്ടര്‍ ലാബ്, ബസ് എന്നിവയ്ക്ക് ക്ളബിന്റെ ധസഹായമുണ്ടായി. ചേറൂര്‍ ജിഎംഎല്‍പി സ്കൂളിനുള്ള കംപ്യൂട്ടര്‍ സ്കൂളിന്റെ വകയായിരുന്നു. ജില്ലാപഞ്ചായത്തിന്റെ വൃക്കരോഗ ചികിത്സാഫണ്ടിലേക്ക് എല്ലാവര്‍ഷവും സാമ്പത്തിക സഹായം നല്‍കുന്നു.


ഊര്‍ങ്ങാട്ടിരി ജനകീയസെവന്‍സ് കമ്മിറ്റി രൂപീകരിച്ചിട്ട് അധികവര്‍ഷമായില്ല; ആദ്യ സീസണില്‍ നിന്നും കിട്ടിയ ലാഭം മുഴുവന്‍ അവശതയനുഭവിക്കുന്നവര്‍ക്ക് നല്‍കുകയായിരുന്നു. ടൂര്‍ണമെന്റിനൊപ്പം കാരുണ്യവും കൂടി മുഖമുദ്രയാക്കുമ്പോള്‍ കളി കാര്യമാകുന്നു. കളിക്കളത്തിലെയും, ഗ്യാലറിയിലെയും ആവേശത്തിനപ്പുറം ഇവര്‍ പ്രതിബദ്ധതയുടെ ഗോള്‍വല ചലിപ്പിക്കുന്നു.കേരളസെവന്‍സ് അസോസിയേഷനു കീഴില്‍ പതിനഞ്ചോളം സെവന്‍സ് ടൂര്‍ണമെന്റുകളാണ് പ്രധാനമായും മലപ്പുറത്തുണ്ടാകാറുള്ളത്. മലപ്പുറം എംഎസ്പി ട്രോഫി, എടവണ്ണ സീതിഹാജി മെമ്മോറിയല്‍, റോയല്‍ റെയിന്‍ബോ മൊറയൂര്‍, തിരൂരങ്ങാടി ടൂര്‍ണമെന്റ്, പ്രസിഡന്‍സി പെരിന്തല്‍മണ്ണ, തുറക്കല്‍ ബാപ്പുട്ടി മെമ്മോറിയല്‍, തെരട്ടമ്മല്‍ ജകീയ ടൂര്‍ണമെന്റ്, ചിരാത് വളാഞ്ചരി, മുസ്തഫ കുരിക്കള്‍ മെമ്മോറിയല്‍ ഫുട്ബോള്‍ കരുവാരക്കുണ്ട്, ബ്രദേഴ്സ് വഴിക്കടവ്, അല്‍ അസ്ഹര്‍ കോട്ടക്കല്‍, വൈഎഫ്സി എടരിക്കോട്, മമ്പാട് സെവന്‍സ്, റോയല്‍ മഞ്ചേരി, പറപ്പുര്‍ സെവന്‍സ്, പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടി ഹ മെമ്മോറിയല്‍ എന്നിവയെക്കൂടാതെ അസോസിയേഷന്‍ അംഗീകാരമില്ലാത്ത നിവധി ടൂര്‍ണമെന്റുകള്‍ ഉള്‍ഗ്രാമങ്ങളില്‍ നമുക്ക് കാണാം. കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലും പരമ്പരാഗതമൈതാനങ്ങളിലും ഡിസംബറോടുകൂടിയാകും സെവന്‍സുകള്‍ക്ക് തുടക്കമാകുക. കൂറ്റന്‍ കാലുകള്‍ നാട്ടിയുള്ള സ്പോട്ട് ലൈറ്റ്- ഫ്ളഡ്ലിറ്റ് സംവിധാനത്തോടെയാകും മൈതാനങ്ങള്‍ സജ്ജീകരിക്കുക. കമുകിന്‍ തടികളും മുളകൊണ്ടും ഗ്യാലറികളുമൊരുങ്ങും.


'സ്പോര്‍ട്ട്- എ മോഡേണ്‍ ഹണ്ടിങ് റിക്ച്വല്‍' (വിനോദം- ആധുനികയുഗത്തിലെ ഒരു നായാട്ടാചാരം) എന്ന കണ്ടെത്തലില്‍ ഡെഡ്മണ്ട് മോറിസ് പറയുന്നതിങ്ങനെ. 'ഓരോ ഫുട്ബോള്‍ കളിക്കാരും വേട്ടക്കാരാണ്. ആയുധമായ കാല്‍പ്പന്തിനാല്‍ ഗോളെന്നെ ഇരയെ പിടിക്കുന്ന വേട്ടക്കാരന്‍. ഗോള്‍ നേടുമ്പോള്‍ ഇരയെ കൊന്ന ആവേശമുണ്ടാകും ഓരോ കളിക്കാരും'. ഇതു കണ്ടുനില്‍ക്കുന്നവന്റെ ആവേശം പിന്നെ പറയണോ. അതുതന്നെയാകാം ഇവിടെ നടക്കുന്നത്. പക്ഷേ, മലപ്പുറത്തുകാര്‍ ഒരുതിരുത്തല്‍ കൂടി വരുത്തുന്നു. ഓരോ ടിക്കറ്റിലും അവരറിയാത്ത ആര്‍ക്കോവേണ്ടിയുള്ള കനിവാര്‍ന്ന കാരുണ്യത്തിന്റെ നീക്കിവെയ്പ്പുകളുമായാണ് ഒരോരുത്തരും ആവേശത്തോടെ കളികണ്ടിറങ്ങുന്നത്.