Dr T N Seema

പരിണാമം
ഉച്ചിയില്‍ വെയിലേറ്റുകൊണ്ടു കാട്

കുന്നിനെ പച്ച പുതച്ചിരുന്നു

ചരലുകള്‍ അമ്മാനമാടിക്കളിച്ചൊരു

പുഴയിങ്ങു നീന്തിത്തുടിച്ചിരുന്നു

വേരുകള്‍ വിരലുകള്‍ കൈകോര്‍ത്തു

ചെമ്മണ്ണിനെ ഗാഡം പുണര്‍ന്നി രുന്നു..

ഒരു കിളി മറു കിളി ഈണം പകര്‍ന്നപ്പോള്‍

തളിരുകള്‍ പൊട്ടിച്ചിരിച്ചിരുന്നു

ചെളി മണം വാരിയണിഞ്ഞ പാടങ്ങളില്‍

ജീവന്‍ പുതുനാമ്പണിഞ്ഞിരുന്നു..

പിന്നീടൊരു പകലിന്‍ പാതിയില്‍

ഒരു ദു:സ്വപ്നത്തില്‍ നടുക്കത്തില്‍

കുന്നിന്‍ നെറുകയെ നെടുകെ പകുത്തൊരു

ദയ രഹിതം കൊടുവാളിന്‍ മൂര്‍ച്ചയില്‍

കാടിന്‍ ചങ്ക് പിളര്‍ന്നതും ,

പുഴ ജീവ ശ്വാസം വെടിഞ്ഞതും,

വേരുകള്‍ വഴിതെറ്റിയലഞ്ഞതും.

ഞെട്ടിയടര്‍ന്ന് വന്മരങ്ങളെ തന്‍

നെഞ്ചോടമര്‍ത്തിയും വിങ്ങലടക്കിയും

കരളില്‍ കനലെരിഞ്ഞും വരളുന്ന നാവിനാല്‍

ശാപം ചൊരിഞ്ഞൂ വെറും മണ്ണ്;

ഇനിയൊരുനാളും

ഇരുളിന്‍ നിഴലിനെ പിന്തുടര്‍ന്നൊരു

നിലാവും ഇത് വഴി വരികയില്ല

മുറിവുകള്‍ തുന്നിക്കെട്ടിയ പോലൊരു തെരുവില്‍

കാറ്റിനു വഴി തെറ്റി ഗതി മുട്ടി നില്‍ക്കുമ്പോള്‍

ആകാശ വാതില്‍ തുറക്കും

കൈ ചൂണ്ടി മേഘം ശപിക്കും

ഭൂമിയെ അവസാന ആലിംഗനത്തില്‍

കനല്‍ മഴ ചതിക്കും .

 

ആറന്മുളയിലെ സമരസഖാക്കള്‍ക്ക്