Vinod Vellayani

പുറപ്പാട്

കൊടും ജ്വരമാണെന്‍ മസ്തിഷ്ക്കത്തിന്നുള്ളില്‍

ജടയാര്‍ന്നൊരോര്‍മ്മകള്‍ പടിയിറങ്ങുന്നു .

മോഹങ്ങളെല്ലാം പെരുംസങ്കടത്തിന്റെ

കീര്‍ത്തനങ്ങളേറ്റു പാടുന്നു .

പൊളിഞ്ഞു വീഴാറായ

ഭൂതസുഗന്ധങ്ങളിലിരുളിന്‍

പരുക്കന്‍ സ്വരങ്ങള്‍ കേള്‍ക്കുന്നു.

സ്പര്‍ശനത്തിന്‍ പച്ച കുത്തിയ

നിലാവസ്തമിച്ചിരിക്കുന്നു .

വരണ്ട ചുണ്ടുകളുരുവിട്ടുറപ്പിക്കാത്തതാം

സ്വപ്നഗീതാസ്തവങ്ങളില്‍

മുട്ടു മടക്കുന്നു വാക്കുകള്‍

വെന്തുവെണ്ണീറാകുന്നു തൃഷ്ണകള്‍ .

മുരളുന്നു , മുളങ്കാട്ടിലൂടലസം

ഉരുണ്ടും താണും

കാറ്റുകള്‍ പായുന്നു .

മുഞ്ഞി കറുത്ത

പ്രണയത്തിനിപ്പോളെന്തു സംഭവിച്ചിരിക്കാം ?

മരണമത്രേ

പണ്ടു തൊട്ടേ നമ്മള്‍

പങ്കിട്ടൊരുപഹാരത്തിന്‍

രത്നച്ചുരുക്കം.