Jyothish M G

മലയാള തനത് നാടകവേദിക്കാരേ; ഗിരീഷ് കര്‍ണാഡ് എന്തുകൊണ്ട് നിങ്ങള്‍ക്ക് പഥ്യമല്ലാതായി

മലയാള തനത് നാടകവേദിക്കാരേ; ഗിരീഷ് കര്‍ണാഡ് എന്തുകൊണ്ട് നിങ്ങള്‍ക്ക് പഥ്യമല്ലാതായി
വിട പറയുന്നത് ഒരു പ്രതിരോധത്തിന്റെ ശബ്ദം കൂടിയാണ്, നാടകക്കാരന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ പഠിച്ചിട്ടുള്ളതും അറിഞ്ഞിരുന്നതും. പക്ഷെ ഇന്ന് അദ്ദേഹം ഒരു നാടകക്കാരന്‍ മാത്രമല്ല ഈ ഭൂമി ജീവിക്കാന്‍ കൊള്ളുന്ന ഒന്നാകമെന്ന് ആഗ്രഹിച്ച ഒരു കൂട്ടം മനുഷ്യരില്‍ ഒരാളാണ്. അദ്ദേഹം മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ പെട്ടെന്ന് കൊന്നേ… എന്നാണ് ആദ്യം ചിന്തിച്ചത്.. ഈ കെട്ട കാലമാണ് അങ്ങിനെ ചിന്തിപ്പിച്ചത് . ഗൗരിലങ്കേഷ് , പന്‍സാരെ തുടങ്ങി ഒട്ടനവധി പേരുടെ മുഖം പെട്ടെന്ന് മിന്നി മാഞ്ഞു. അതെ ഞാന്‍ ഒരു അര്‍ബന്‍ നക്സലൈറ്റാണ് എന്ന് കഴുത്തില്‍ എഴുതി തൂക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ മുഖം ആര്‍ക്കും മറക്കാനാവുന്നില്ല.


act1


സ്വാതന്ത്രിയാനന്തര ഭാരതത്തില്‍ മണ്ണും വേരും അറ്റുപോയ മനുഷ്യന് സ്വത്വബോധം പകരാന്‍ ടാഗോര്‍ പറഞ്ഞ ദര്‍ശ്ശനമാണ് ‘നമുക്ക് വേരുകള്‍ അന്വേഷിക്കാം’ എന്ന ആശയം , പാട്ടിലും നൃത്തത്തിലും, നാടകത്തിലും നാടിന്റെ ഗന്ധമനുഭവിപ്പിക്കാം നമുക്ക് നമ്മുടെ വേരുകള്‍ തിരയാം എന്ന് പറയുമ്പോള്‍ ഗാന്ധി പറഞ്ഞ പാരമ്പര്യമായിരുന്നില്ല. ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വയലിലെ കര്‍ഷകനെ കാണിച്ചു കൊടുത്ത ടാഗോര്‍ വിശ്വപൗരനായിരുന്നു.


“തനത് ” എന്ന ആശയം രൂപം കൊണ്ടത് അവിടെ നിന്നാണ്.


ഗിരിഷ് കര്‍ണ്ണാട് എന്തുകൊണ്ട് മലയാളിയുടെ തനത് നാടകവേദിക്ക് പഥ്യമല്ലാതായി ?


കാരണം അദ്ദേഹം പാരമ്പര്യം അന്വേക്ഷിച്ചത് ബ്രഹ്ത് ആഖ്യാനങ്ങളില്‍ ആയിരുന്നില്ല മറിച്ച് ഏറ്റവും ഭാവനാ സമ്പന്നമായ നാടോടികഥകളിലായിന്നു.സാര്‍വ്വദേശീയമായ മനുഷ്യ ഭാവനയെ സങ്കുചിതമായ ദേശീയതയുടെ വരമ്പുകളില്‍ കെട്ടാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല.


act4


തോമസ്സ് മന്നിനെയും ഇന്ത്യന്‍ നാടോടി കഥയെയും കൂട്ടിയിണക്കി നാടകം (ഹയവദന) രചിക്കുമ്പോള്‍ പാരമ്പര്യത്തിലേക്ക് ഉള്ള തിരിച്ച് പോക്കല്ല മറിച്ച് ഉത്തരമില്ലാത്ത ജീവിത സമസ്യകളുടെ സാര്‍വ്വലൗകികമായ അസ്ഥിത്വ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.


നാഗമണ്ഡല, തുഗ്ലക്, യയാതി മുതല്‍ ബ്രോക്കണ്‍ ഇമേജസ് വരെയുള്ള നാടകങ്ങളില്‍ ഒരു ഇന്ത്യന്‍ ആധുനികതയുടെ ഭാഷ കണ്ടെത്താനുള്ള ശക്തമായ ശ്രമം അദ്ദേഹത്തിന്റെ നാടകങ്ങളില്‍ കാണം. ഹബീബ് തന്‍വീര്‍ കഴിഞ്ഞാല്‍ ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ തീയേറ്റര്‍ കണ്ടെത്താന്‍ ആധുനികമായ കാഴ്ചപാട് മുന്നോട്ട് വെച്ച ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട നാടകക്കാരനാണ് ഗിരിഷ്കര്‍ണ്ണാട്.


act3


N S D യുടെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാഡമിയുടെ സഹകണത്തോടെ തുടങ്ങിയ റെപ്പറട്ടറി കമ്പനിയുടെ ആദ്യ നാടകമായ ഗിരീഷ് കര്‍ണ്ണാടിന്റെ ഹയവദന അറുപതോളം വേദികളില്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.കുഞ്ഞ് മക്കള്‍ മുതല്‍ ഗൗരവമുള്ള നാടകപ്രേക്ഷകരെ ഒരു പോലെ ആകര്‍ഷിച്ച ഈ നാടകം വയനാട്ടിലെ കുഞ്ഞു ഗ്രാമങ്ങളില്‍ പോലും കളിച്ചിട്ടുണ്ട്… ഒരു കൃതിയുടെ കരുത്തറിഞ്ഞ നാടക ഭാഷ തിരിച്ചറിഞ്ഞ ആ നാളുകള്‍ക്ക്‌ പ്രണാമം.