Anita Viswam

തിരുത്ത്

Dr Anita Viswam

കവിതയായ്ത്തീരുമ്പോ-
ളൊരു പക്ഷി കുറുകുന്ന
വ്യഥ കൊള്ളുമിത്തളിർ
ലത ചൂഴ്ന്നരിപ്പൂക്കൾ.

സുഖമായി നിശ്വസി-
ച്ചൊരു കീറുകടലാസി-
ലിഴ തൂകിയൊഴിയുമ്പോ-
ളിതു വെറും കൂടാണ്.

ഇടിയൊച്ച,യുതിർമഞ്ഞ്,
ചുടുകാറ്റു പേറി വ-
ന്നിരുൾ തിന്നു മുതിരുന്ന
പുലർവേളയിതിലാണ്.

വയറൊഴിഞ്ഞാറാ-
തിരിക്കുമ്പൊളെരിപൊരി-
ഞ്ഞിനിശ്ശകടമൊച്ച വാർ -
ത്തിടറേണ്ടതിതിലാണ്.

അറുമുഷിപ്പൻ കണ-
ക്കുന്തുന്ന പേനകൊ-
ണ്ടെഴുതുന്ന വലയങ്ങൾ
ചുഴി തീർപ്പതിവിടാണ്.

കുഴയുന്നലഹരിനാ-
ക്കണിയുന്ന തെറി വാക്ക്,
വിരൽ ചൂണ്ടിടും പഴി -
യടിയുന്നതിവിടാണ്.

ഉടൽ നീളെയൊഴുകുന്ന
തിളനദികളൂളിയി-
ട്ടൊരുപാടു ജന്മങ്ങ-
ളുറയൂരലിതിലാണ്.

എഴുതാതിരിക്കുമ്പൊ -
ളിതിൽ നിന്നു മുനയാണ്.
പൊരുളിറ്റു പാളിയാൽ
കവിതയും വിനയാണ്!