Soonaja Ajith

ഹൃദയത്തിലേയ്ക്കിറങ്ങുന്ന മുള്ളുകള്‍

ബാലുവേട്ടാ . ദാ ഇന്ന് നിങ്ങടെ നാട്ടിലാ പീഡനം ട്ടോ.. നോക്ക്യേ.. അറിയണ കക്ഷികള് വല്ലതും ആണോന്ന്..

ആകെ കിട്ടുന്ന അവധിദിനത്തില്‍ രാവിലെ ഇങ്ങനെ ഒരു വിളി കേട്ടാല്‍ കലി കയറുമായിരുന്നു എങ്കിലും ഒപ്പം കേട്ടത് തീര്‍ച്ചയായും ജിജ്ഞാസ ഉണ്ടാക്കിയതുകൊണ്ട്‌ അയാള്‍ കിടക്ക വിട്ടെഴുന്നേറ്റു വന്നു.

നീ പോടാ.. എന്റെ നാട്ടിലൊക്കെ നല്ല മനുഷ്യരാ . നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നൊക്കെ പറയില്ലേ..

മുറി പങ്കിടുന്ന സതീശന്‍ ചായക്കപ്പുമായി അതിരാവിലെ തന്നെ നാട്ടുവാര്‍ത്ത‍ക്ക് മുന്നിലാണ്.

ഉം.. അങ്ങനെയൊന്നും പറയണ്ട.. നോക്കൂ നിങ്ങടെ നാട് തന്നെയാ കാണിക്കുന്നേ . ഏതോ സ്കൂള്‍ മാഷാ ഇത്തവണ പ്രതി ..

മുന്നിലെ ദൃശ്യങ്ങളും വാര്‍ത്തകളും നടുക്കം നിറച്ച മനസ്സില്‍ അമ്മുവിന്‍റെ മുഖം തെളിഞ്ഞുവന്നു. അവള്‍ പഠിക്കുന്ന സ്കൂളില്‍ ആണ് സംഭവം. സ്കൂളിന്റെ പേര് മറച്ചു വെച്ചിട്ടുണ്ടെങ്കിലും എത്രയോ തവണ കണ്ടിട്ടും പോയിട്ടുമുള്ള വിദ്യാലയമുറ്റം.. ഈശ്വരാ . . ഏതു കുട്ടിയാവും

ഫോണ്‍ കാര്‍ഡിലെ പൈസ തീര്‍ന്നിട്ട് രണ്ടു ദിവസമായി.. ലാപ്ടോപ് തുറന്നു ലോഗിന്‍ ചെയ്തു. അല്ലെങ്കില്‍ എല്ലാ ദിവസവും ആദ്യമേ വന്നു ലോഗിന്‍ ചെയ്തു പത്തു മിസ്‌ കാളും അടിച്ച് മുഖവും വീര്‍പ്പിച്ചിരിക്കാറുള്ള സുമി ഇന്നിതെവിടെ പോയി ഇനിയൊരു പക്ഷെ . അമ്മു . ഛെ.. അവള്‍ കൊച്ചു കുട്ടിയല്ലേ.. അവളെ അങ്ങനെ . ഇല്ല. അങ്ങനെ ഒന്നുമാവില്ല..

ചാനലുകള്‍ മാറ്റിമാറ്റി വാര്‍ത്തകള്‍ക്കായി പരതുമ്പോള്‍ സതീശന്‍ ചായയുമായി വന്നു..നിങ്ങളിങ്ങനെ ബേജാറാവാതെ ബാലുവേട്ടാ.. എന്തേലും പ്രശ്നം ഉണ്ടെങ്കില്‍ ചേച്ചി വിളിക്കില്ലായിരുന്നോ?

ടെന്‍ഷന്‍ കൂടുന്നതുകണ്ടാവും സതീശന്‍ അപ്പുറത്തെ മുറിയിലെ ബഷീറിന്റെ ഫോണ്‍ വാങ്ങിവന്നത്.ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം സുമി ഫോണ്‍ എടുക്കുമ്പോള്‍ ക്ഷമയുടെ നെല്ലിപലക കണ്ടു തുടങ്ങിയിരുന്നു.

ബാലുവേട്ടാ.. ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു . അമ്മൂന്റെ സ്കൂളിലെ കുട്ടി സുഖമില്ലാതെ കിടക്കുകയാണ് . ഇവിടെ ഒരു പ്രശ്നം .

അമ്മു എവിടെ? അപ്പോള്‍ മറ്റൊന്നും അറിയേണ്ടായിരുന്നു അയാള്‍ക്ക്.

അവള്‍ വീട്ടിലുണ്ട്.. അമ്മേം സുനീം വന്നിട്ടുണ്ട്.. അവരുള്ളത് കൊണ്ടാ ഞാന്‍ അവിടെയാക്കി പോന്നത് .

അവിടെ എന്താ പ്രശ്നം?

അത്.. ബാലുവേട്ടന് ഓര്‍മ്മേണ്ടോ? അമ്മൂന്റെ വാനില്‍ വന്നിരുന്ന വെളുത്ത പൂച്ചക്കണ്ണുള്ള കുട്ടിയെ? മാളവിക.. മ്മടെ മാളു .

നീ കാര്യം പറ യൂണിഫോം ധരിച്ച് മുടി രണ്ടായി പിന്നി മുന്നിലേക്കിട്ട്‌ മുന്‍സീറ്റില്‍ ഇരിക്കാറുള്ള സുന്ദരിക്കുട്ടിയുടെ വെളുത്ത കണ്ണുകള്‍ ഓര്‍മ്മ വന്നപ്പോള്‍ ആകാംക്ഷ കൂടിയതേയുള്ളൂ..

അവരുടെ സ്കൂളില്‍ത്തെ ഗോവിന്ദന്‍ കുട്ടി മാഷാ.. പെന്‍ഷന്‍ പറ്റാന്‍ രണ്ടു വര്ഷം കൂടിയേ ഉള്ളൂ.. ഷെല്‍ഫില്‍ നിന്നും ബുക്ക്‌ എടുക്കാന്‍ തുടങ്ങിയപ്പോ പിന്നില്‍ നിന്ന് എടുത്തു പൊക്കീ ന്ന് സഹായിച്ചതാത്രേ . മറ്റുകുട്ടികള്‍ ബഹളം വെച്ചപ്പോ അയാള്‍ പിന്നെ ഒന്നും ചെയ്തില്ല.. അത്രേ ണ്ടായുള്ളൂ..

ഹോ.. ഇപ്പോഴാ സമാധാനമായേ ..

കട്ടികണ്ണടയും വെളുത്ത കുപ്പായവുമിട്ട ഗോവിന്ദന്‍ കുട്ടി മാഷ് വായനശാലാ വാര്‍ഷികാഘോഷങ്ങള്‍ക്ക് നാടകം സംവിധാനം ചെയ്യാനും മറ്റുമായി അയാളോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. സൌമ്യനും വാത്സല്യനിധിയുമായ മാഷ് കുട്ടികളുടെയൊക്കെ പ്രിയങ്കരനായിരുന്നില്ലേ .

അതല്ല . എല്ലാരും അറിഞ്ഞു നാണക്കേടായപ്പോ മാളു ഒരു കടുംകൈ ചെയ്തു . വീട്ടില്‍ പോയി എന്തോ എടുത്തു കുടിച്ചു.. ഇപ്പൊ സീരിയസായി ആശൂത്രീലാ.. അപ്പൊ പിന്നെ വീട്ടുകാര്‍ കേസ് കൊടുത്തു. അയാളെ സസ്പെന്ഡ് ചെയ്തു എന്നാ കേട്ടത്.. പത്രക്കാരൊക്കെ വന്നു..

സതീശന്‍ വീണ്ടും വിശദാംശങ്ങള്‍ തേടി ചാനലുകള്‍ പരതുമ്പോള്‍ അയാള്‍ കണ്ണുകള്‍ അടച്ചു സോഫയില്‍ വെറുതെ കിടന്നു.

സ്കൂളിലെ അമ്മുവിന്‍റെ രണ്ടാം ദിവസം . അന്നുമുതലായിരുന്നു അവളെ വാനില്‍ വിട്ടുതുടങ്ങിയത്. ഏറെ പണിപ്പെട്ട് അടക്കിയ കരച്ചിലും കണ്ണുകളില്‍ തെല്ലുപകപ്പുമായി മടിച്ചുനില്‍ക്കുന്ന അമ്മുവിനോട് അച്ഛനും അമ്മയും അമ്മൂമ്മയുമൊക്കെ പഠിച്ച പണികള്‍ പയറ്റുമ്പോഴായിരുന്നു അവള്‍ വാനിന്റെ ജനാല വഴി അയാളുടെ തോളില്‍ തോണ്ടിയത്.

അങ്കിള്‍.. എന്താ മോള്‍ടെ പേര്?

അമൃത, അമ്മൂന്നാ വിളിക്കുന്നത്‌

പിന്നീട് സംഭവിച്ചതിനെല്ലാം സാക്ഷ്യം വഹിച്ചു മിണ്ടാതെ നിന്നതേയുള്ളൂ അമ്മുവിന്‍റെ അമ്മയും അമ്മൂമ്മയും അച്ഛനും വാനിലുള്ള മറ്റുള്ളവരും..

വാന്‍ നീങ്ങുമ്പോള്‍ ചിരിച്ചുകൊണ്ട് കൈ വീശുന്ന മാളുവിന്റെ മടിയില്‍ അമ്മു കണ്ണ് തുടച്ചു ചെറുപുഞ്ചിരിയുമായി ഇരിക്കുന്നു

ഡോണ്ട് വറി അങ്കിള്‍.. ഐ വില്‍ ടേക്ക് കെയര്‍ അമ്പരപ്പിനിടയില്‍ കാതില്‍ വീണത്‌ അത്ര മാത്രം.

വെറും പത്തോ പതിനൊന്നോ വയസു മാത്രം പ്രായമുള്ള കുട്ടിയുടെ പക്വത ശരിക്കും അത്ഭുതപ്പെടുത്തിയത് അമ്മുവിലുള്ള മാളുചേച്ചി യുടെ സ്വാധീനം അറിഞ്ഞപ്പോഴാണ്. മാളു ചേച്ചി അവള്‍ക്കായി കാത്തുവെച്ച സമ്മാനങ്ങള്‍ സ്വപ്നം കാണാനായി ഉറങ്ങുകയും മാളു ചേച്ചിയുടെ വിശേഷങ്ങള്‍ പറയാനായി വീടണയുകയും പുതുതായി വിരിഞ്ഞ പൂക്കള്‍ മാളു ചേച്ചിക്കായി കരുതി വെക്കുകയും . .

മാളു അവളെ മാത്രമല്ലല്ലോ ആകര്‍ഷിച്ചത് സ്കൂള്‍ വാന്‍ പടിക്കലെത്തുമ്പോള്‍ തന്നെ വീട്ടിലുള്ളവരെ വിളിച്ചു എന്തെങ്കിലും പറഞ്ഞു പൊട്ടിച്ചിരിപ്പിച്ച സുന്ദരിക്കുട്ടിയെ ആര്‍ക്കാണ് ഇഷ്ടമാവാത്തത്

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ ഒന്ന് എടുത്തു പൊക്കുന്നത് ഇത്ര കൊഴപ്പാണോ ബാലുവേട്ടാ?ചോറും കറികളും മീന്‍ പൊരിച്ചതും എടുത്തു ഹാളില്‍ നിലത്തു വിരിച്ച പായയില്‍ നിരത്തുമ്പോഴാണ് സതീശന്‍ അങ്ങനെ ചോദിച്ചത്.

ന്നാലും പെണ്‍കുട്ടിയല്ലേടാ ?

ആ മാഷ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് നിങ്ങള് തന്നെയല്ലേ പറഞ്ഞത് ? അത് സത്യമാണ്.. പഠിപ്പിച്ചിട്ടില്ലെങ്കിലും ബഹുമാന്യ വ്യക്തിത്വം തന്നെയായിരുന്നു കഴിഞ്ഞ ദിവസം വരെ അദ്ദേഹം.

എന്നിട്ടെന്തായി ഇപ്പൊ . ? ചെറിയ കാര്യത്തിനെ വലുതാക്കി ആ കുട്ടി കാണിച്ചത്‌ കണ്ടില്ലേ.. ഒരു പക്ഷെ അയാള്‍ അങ്ങനെ ഒരു ഉദ്ദേശത്തോടെ ചെയ്തതല്ലെങ്കിലോ..

ഉം.. മാളൂന് ഒന്നും ആവാതിരിക്കണേ എന്നേയുള്ളൂ പ്രാര്‍ത്ഥന..

അതെങ്ങനെയാ .. പത്രക്കാര് ഇത് തന്നെ തപ്പി നടക്കുവല്ലേ . ആസ്പത്രി പടിക്കല്‍ കാവലാവും

ഇക്കണക്കിനു പോയാല്‍ നിങ്ങള്ക്ക് നിങ്ങടെ മോളെ എടുക്കാന്‍ പറ്റാണ്ടാവുമല്ലോ നാട്ടില്‍ പോവുമ്പോ.. സതീശന്റെ രോഷം തൊണ്ടയിലെ മുള്ളായി കൊണ്ടുകയറി. എത്ര വെള്ളം കുടിച്ചിട്ടും ചോറുരുള വിഴുങ്ങിയിട്ടും കുത്തി നോവിച്ചുകൊണ്ടിരുന്നു അത്.

ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുമിയുടെ മിസ്‌ കാള്‍ വന്നു. കൈ കഴുകി ലാപ്ടോപ് തുറന്നു സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ സതീശനും അരികിലെത്തി. വെള്ളിയാഴ്ചകളില്‍ അമ്മുവിന്‍റെ ഓണ്‍ലൈന്‍ കൂട്ടുകാരന്‍ കൂടിയാണ് അവളുടെ സതീശന്‍ മാമന്‍.

സ്ക്രീനില്‍ സുമിയുടെ മ്ലാനമായ മുഖം ഇത്തവണ ഭയമാണ് ഉണ്ടാക്കിയത്.

അപകട നില തരണം ചെയ്തൂന്നാ കേട്ടത്..ന്നാലും.. ആകപ്പാടെ . . .

അമ്മു എവിടെ? തൊണ്ടയിലെ മുള്ളിന്റെ നൊമ്പരത്തില്‍ അല്പം ഉമിനീര്‍ ഇറക്കി അയാള്‍ ചോദിച്ചു.

അവളെ വിളിച്ചേ .

സുമിയുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അമ്മു പ്രത്യക്ഷയായി.. കണ്ണുകളിലെ അപരിചിതഭാവം തോന്നല്‍ മാത്രമാണെന്ന് അയാള്‍ വിശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അമ്മൂട്ടീ . .എവിടെയായിരുന്നു അച്ഛടെ മോള്?

സ്ക്രീനിലേക്ക് ഒന്ന് നോക്കി, അമ്മയെ തള്ളി മാറ്റി അമ്മു അപ്പുറത്തേക്ക് ഓടി.

എന്താ സുമീ . .?

അവളാകെ വിരണ്ടിരിക്കുവാ . ആരൊക്കെയോ എന്തൊക്കെയോ അവളോട്‌ പറഞ്ഞുപിടിപ്പിച്ചിട്ടുണ്ട് .. അവള്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു . എനിക്കാകെ പേടിയാവുന്നു ബാലുവേട്ടാ . സുമിയുടെ ശബ്ദത്തിലെ ഇടര്‍ച്ച അയാളിലെ നടുക്കമായി .

അമ്മുനെ വിളിച്ചേ.. അവള്‍ സതീശന്‍ മാമനെ കണ്ടില്ലേ?

അവളെ വിളിച്ചുകൊണ്ടുവരാനായി സുമി എഴുന്നേറ്റു പോയപ്പോള്‍ അയാള്‍ക്ക് ശരീരം തളരുന്നതുപോലെ തോന്നി. സതീശന്‍ ക്യാമറക്ക്‌ മുന്നിലേക്ക്‌ കുറച്ചുകൂടി നീങ്ങിയിരുന്നു.

സുമിയുടെ കൈ പിടിച്ചു മടിച്ചുമടിച്ച് അമ്മു എത്തി.

ആംഗ്യത്തിലൂടെ ഇറുക്കെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നിര്‍ത്താതെ വിശേഷങ്ങള്‍ പറയുന്ന അമ്മു അല്ല അതെന്ന് അയാള്‍ക്ക് പെട്ടെന്ന് തോന്നി. കാണെക്കാണെ വളര്ന്നുയര്‍ന്ന ഒരു പെണ്ണ്. ഏതോ അന്യപുരുഷന്റെ മുന്നില്‍ വന്നു നില്‍ക്കുന്നതുപോലത്തെ ജാള്യത്തോടെ.. കണ്ണുകളില്‍ ഭയമോ മറ്റെന്തൊക്കെയോ തിരിച്ചറിയാനാവാത്ത വിധം.... അമ്മയുടെ പിന്നില്‍ മറഞ്ഞ് നിന്നിട്ട് വീണ്ടും ഉള്ളിലേക്ക് ഓടുന്ന അമ്മുവിനെ തൊടാനെന്നോണം അയാള്‍ കൈ നീട്ടി.... പിന്നെ വരണ്ട തൊണ്ടയിലേക്ക്‌ വേദനയോടെ ഉമിനീരിറക്കി.