Sarath Cheloor

ലൈംഗിക സ്വാഭിമാനം: എന്ത് ; എന്തിന്

ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും ആഘോഷിക്കാനുമുള്ള വേദിയായാണ് ക്വിയര്‍ പ്രൈഡ് മാര്‍ച്ചും (ലൈംഗിക സ്വാഭിമാന ഘോഷയാത്ര) അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത്. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ല എന്ന് 2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന്‍മേല്‍ ഡെല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പ്രഖ്യാപനത്തെത്തുടര്‍ന്ന് രാജ്യമെങ്ങും അലയടിച്ച ആഘോഷപ്രകടനങ്ങളുടെ ഭാഗമായാണ് ക്വിയര്‍ പ്രൈഡ് മാര്‍ച്ച് ആരംഭിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം ശക്തമായി വിളിച്ചറിയിക്കുക, അവരുടെ ജീവിതത്തേയും അവകാശങ്ങളേയും കുറിച്ച് സമൂഹത്തെ ഓര്‍മ്മിപ്പിക്കുക എന്നിവയാണ് ക്വിയര്‍ പ്രൈഡ് മാര്‍ച്ച് ലക്ഷ്യം വയ്ക്കുന്നത്.ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, കേരളത്തിലെ മറ്റ് സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ പ്രയത്‌നഫലമായാണ് 2010 മുതല്‍ കേരളത്തിലും ക്വിയര്‍ പ്രൈഡ് മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ ഇത്തവണ ക്വിയര്‍ പ്രൈഡ് മാര്‍ച്ച് ആഘോഷത്തേക്കാള്‍ പ്രതിഷേധസ്വരമായിരിക്കും ഉയര്‍ത്തുക. 2009 ലെ ഡെല്‍ഹി ഹൈക്കോടതി വിധി കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി അസാധുവാക്കിയിരുന്നു. അതോടെ ലക്ഷക്കണക്കിന് വരുന്ന സമുദായാംഗങ്ങള്‍ ഇന്ന് അതിജീവനത്തിനായുള്ള സമരത്തിലാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായാംഗങ്ങളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്നും അവര്‍ക്ക് പ്രത്യേക പരിഗണനയും നിയമ പരിരക്ഷയും നല്‍കണമെന്നുമുള്ള കോടതി വാചകം മാത്രമാണ് നേരിയ ആശ്വാസം നല്‍കുന്നത്.അഞ്ചാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഇത്തവണ കൊച്ചിയില്‍ നടത്തും. ജൂലൈ 26 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരള ഹൈക്കോടതിയുടെ മുന്നില്‍ നിന്നും ആരംഭിക്കും. പ്രശസ്ത അവതാരകയും ചലച്ചിത്ര താരവുമായ രഞ്ജിനി ഹരിദാസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കലാ-സാംസ്‌കാരിക-രാഷ്ട്രീയ-പരിസ്ഥിതി പ്രവര്‍ത്തന മേഖലകളിലെ പ്രമുഖരും സമുദായാംഗങ്ങളും പൊതുജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്ര മേനക ജംഗ്ഷന്‍ കടന്ന് രാജേന്ദ്ര മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് മഹാരാജാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക കല്‍ക്കി സുബ്രമണ്യം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ അദ്ധ്യക്ഷനാകും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ് നരേന്‍ "കേരളത്തിലെ സമകാലീന സാഹചര്യത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിയമപരവും സാമൂഹ്യവുമായ അവസ്ഥ" എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.ലൈംഗിക ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സംസ്ഥാന നിയമസഭാംഗങ്ങള്‍ക്കു സമര്‍പ്പിക്കുന്നതിനായി തയ്യാറാക്കി സമുദായാംഗങ്ങളും പൊതുജനങ്ങളും ഒപ്പിട്ട നിവേദന പത്രിക ചടങ്ങില്‍ അവതരിപ്പിക്കും. കവിയും എഴുത്തുകാരനുമായ അന്‍വര്‍ അലി, എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പി.ഗീത, ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ രേഖാ രാജ്, സാമൂഹ്യ പ്രവര്‍ത്തകനായ സി. ആര്‍.നീലകണ്ഠന്‍, സാമൂഹ്യപ്രവര്‍ത്തകനും മുന്‍ എം.എല്‍.എയുമായ രാജാജി മാത്യു തോമസ്, ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് സമുദായാംഗങ്ങളും അവരെ പിന്തുണയ്ക്കുന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.


ക്വിയര്‍ പ്രൈഡ് മാര്‍ച്ച് സമുദായാംഗങ്ങള്‍ക്ക് മാത്രമല്ല അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും പ്രധാനപ്പെട്ടതാണ്. സമൂഹത്തിന്റെ മുന്‍വിധികള്‍ക്കുള്ളില്‍ ഒതുങ്ങാത്തവരെ പ്രശ്‌നക്കാരായി കാണുകയും അവരുടെ തിരഞ്ഞെടുപ്പുകളേയും ജീവിതത്തേയും രോഗമായോ വൈകല്യമായോ തെറ്റിദ്ധരിക്കുകയും ചെയ്യുന്ന പതിവുകള്‍ ഇല്ലാതാക്കേണ്ടതുണ്ട്. വ്യത്യസ്തമായ ജീവിതത്തേയും ലൈംഗികതയേയും സമൂഹം ഉത്തരവാദിത്വത്തോടെ സമീപിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള വേദി കൂടിയാണിത്.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 9809477058