1. കൈകൊട്ടിപ്പാട്ട്കൈകൊട്ടിപ്പാടുവാനാര്പ്പുവിളിക്കുവാ
നെത്തിടൂവേഗമെന് കൂട്ടുകാരെ…
നാടിന്നുത്സവമേളമല്ലേയിത്
പൊന്നിന്തിരുവോണക്കാലമല്ലേ…
മാനത്തു പൂത്തിങ്കള്‍ , താരകള്‍ ചേര്‍ന്നൊരു
പൂക്കളം ചന്തത്തില്‍ തീര്‍ത്തിടുന്നു…
ആര്‍പ്പും കുരവയും മേളവുമായൊ
രോണക്കാറ്റായത്തില് വീശിവന്നു.
ഞാന്നു കിടന്നുകൊണ്ടാടുന്നു തെങ്ങിലായ്
ഓലഞ്ഞാലിക്കുമോണമായേ…
കുഞ്ഞാറ്റപൈങ്കിളി കുട്ടിക്കുരങ്ങുമായി
സദ്യയൊരുക്കാന്‍ തുനിഞ്ഞിറങ്ങി.
അക്കരപ്പാടത്തൂന്നായിരം നെന്മണി
കൊത്തിയരിയാക്കി തത്ത വന്നു.
അമ്പിളിവട്ടത്തിലഞ്ചാറു പപ്പടം
അണ്ണാറക്കണ്ണനും കൊണ്ടുവന്നു.
അമ്പലക്കുരുവികള് , ആമോദപ്പറവകള്
കലപിലകൂട്ടിപ്പറന്നു വന്നു.
പച്ചടി കിച്ചടി പത്തു കറിയുമായി
പഞ്ചവര്‍ണ്ണക്കിളി പാറി വന്നു.
എങ്ങും തിരുവോണത്തിക്കും തിരക്കുമായ്
മാവേലിത്തമ്പ്രാനും വന്നു ചേര്‍ന്നേ…
കൈകൊട്ടിപ്പാടുവാനാര്പ്പുവിളിക്കുവാ
നെത്തിടൂവേഗമെന് കൂട്ടുകാരെ…
2. കുമ്മിയടിപ്പാട്ട്ചിങ്ങമാസം പിറന്നേ, കേരളത്തിന്നുത്സവകാലമായേ തെയ്താരോ…
വൃക്ഷലതകള്‍ ചെടികളും പൂവിട്ടു നൃത്തമാടി തെയ്താരോ…
വഞ്ചിപ്പാട്ടീരടികള് തകൃതിയായ് നീളെ മുടങ്ങിടുന്നു തെയ്താരോ..
കുമ്മിയടിച്ച് പാടാന്‍ കൂട്ടരുമൊത്ത് വായോ പെണ്ണാളെ…
കാലില്ച്ചിലങ്ക വേണം, കണ്മഷി, പൊട്ടൊന്ന് കുത്തിടേണം
കാര്‍കൂന്തല്‍ കെട്ടിലായി ഒരുമുഴം മുല്ലപ്പൂ ചൂടിടണം പെണ്ണാളെ…
മഞ്ഞപ്പുടവ ചുറ്റി വരുന്നത് മാവേലിമന്നനല്ലേ തെയ്താരോ…
ഓലക്കുടയുമുണ്ടേ, ഭസ്മക്കുറി, ചുണ്ടില്‍ ചിരിയുമുണ്ടേ തെയ്താരോ…
പീഠമെടുത്ത് വെച്ച്, തമ്പുരാനെ സ്വീകരിച്ചാട്ടെ പെണ്ണേ തെയ്താരോ…
തൂശനില നിരത്തി, തുമ്പപ്പൂചോറ് വിളമ്പിയാട്ടെ തെയ്താരോ…
പച്ചടി,കിച്ചടി, തൊടുകറി പത്തുതരം വേണം തെയ്താരോ…
ചക്കപ്രഥമന് വേണം, പാലടപ്പായസം വെച്ചിടേണം തെയ്താരോ…
ഊണ് കഴിഞ്ഞ് വന്നാല്‍ മന്നന് വെറ്റില നല്കിടേണം…
വാസനപ്പാക്ക്, പുകയില വേണ്ടുവോളം കൊടുത്തു തെയ്താരോ…
അത്തപ്പൂ മണ്ഡപത്തില്‍ മഹാബലി ചമ്രം പടഞ്ഞിരുന്നേ തെയ്താരോ…
ചുറ്റിനും നമ്മളെല്ലാം തകൃതിയായ് നൃത്തം ചവിട്ടിടുന്നേ തെയ്താരോ…
ആര്‍പ്പോ…. ര്‍… റോ… ഇര്‍റോ… ഇര്‍റോ…
3. പൂക്കളപ്പാട്ട്ഓണം വന്നോണം വന്നോണം വന്നേ
നമ്മുടെ പൊന്നോണനാള് വന്നേ
ഒന്നാമോണം പിറന്നാലുടനെ
വീടിന്റെ മുറ്റത്തു പൂക്കളങ്ങള്‍
രണ്ടാമോണമായ് രണ്ടുനിറം വേണം
നല്ലൊരു പൂക്കളം തീര്‍ത്തിടേണം
മൂന്നാമോണമായി മുക്കുറ്റികൊണ്ടൊരു
പൂക്കളം മുറ്റത്തു തീര്‍ത്തിടട്ടെ..
നാലാമോണമായ് നാലുനിറം വേണം
നല്ലൊരു പൂക്കളം പുഞ്ചിരി തൂകിടട്ടെ
അഞ്ചാമോണത്തിനഞ്ചഴകുള്ളൊരു
പെണ്‍കൊടി നൃത്തം ചവിട്ടട്ടെ…
ആറാം ഓണം കേട്ടയാ കേട്ടോ
കൊട്ടക്കണക്കിന് പൂ വേണം
ഏഴാം ഓണം എഴുന്നുള്ളി പെണ്ണേ
മാവേലി വന്നിടും നാടു കാണാന്‍
പൂരാടമായല്ലോ പുത്തന്നുടുപ്പുകള്
തുന്നീതു വേഗം നീ വാങ്ങി വായോ
ഉത്രാടത്തിന്നാള് ഉച്ചകഴിഞ്ഞാല്‍
അച്ചിമാര്‍ക്കെല്ലാം വെപ്രാളം
കായ വറുക്കണം ചീനി വറുക്കണം
പപ്പടം പൊള്ളിച്ചുകൂട്ടിടേണം
പുന്നെല്ലിന്‍ ചോറാണു സദ്യയ്ക്കത്
പുത്തന്കലത്തില് തന്നെ വേണം.
ഓലനും കാളനും പച്ചടികിച്ചടി
ഇഞ്ചിക്കറിയും പരിപ്പും വേണം
നമ്മളെക്കാണാന്‍ വരുന്നിതാ മാവേലി
സദ്യയൊരുക്കി, ഒരുങ്ങി നില്ക്കാം
പുത്തനുടുപ്പിട്ടു പൂങ്കാവനത്തിലെ
പൂമരച്ചോട്ടിലായൊത്തുകൂടാം
ആര്‍പ്പും കുരവയും കുമ്മിയടിയുമായ്
എന്നും തിരുവോണം വന്നിടട്ടെ…
4. വട്ടക്കളിപ്പാട്ട്ഓണം വന്നേ പൊന്നോണം വന്നേ
പൂക്കളം പൂവിളി കളി ചിരിയായ്..
കാട്ടിലെ പൂങ്കിളി നാരായണക്കിളി
നാട്ടില്‍ പോയ് വന്ന കഥ പറഞ്ഞേ…
വട്ടപ്പാറ കുട്ടപ്പന് ചേട്ടന്
എട്ടണയ്ക്ക് പൊട്ടങ്ങുവാങ്ങി
അങ്ങേലെ നങ്ങേലി ചേച്ചിയ്ക്ക്
തൊട്ടുകൊടുകൊടുത്തെടി തെയ്യകതാരോ
കണ്ടുനിന്ന ചെല്ലപ്പന് ചേട്ടന്
ചേനമന്ത് ചേലോടെ പൊക്കി
പാവപ്പെട്ട കുട്ടപ്പന് ചേട്ടന്റെ
നെഞ്ചത്തു വെച്ചത്തു വെച്ചങ്ങു തെയ്യകതാരോ
നാണങ്കെട്ടോടിയ ചേട്ടന്
ഓണക്കോടി വാങ്ങാനെന്നോതി
കൊമ്മാടി ഷാപ്പിലിരുന്നു കുടിക്കണ
കണ്ടിതാ മാലോകരെല്ലാം
പത്തുഗ്ലാസ് കള്ളങ്ങുമോന്തി
പപ്പരേല് വലിഞ്ഞങ്ങ് കേറി
പാതിവഴി ചെന്നപ്പം മൂപ്പര്
മാക്കാച്ചി പോലെ മലന്നങ്ങ് വീണെ…
ഓണം ബഹു കെങ്കേമായി
കാലൊടിഞ്ഞ് തോളേലും വെച്ചേ
കണ്ടുനിന്ന മാവേലി തമ്പുരാന്
കണ്ണീരോടെ പോകണ കണ്ടാ…
ഇങ്ങനാണോ നമ്മടെയോണം
അല്ലലില്ലായതാ കഷ്ടം
കാണം വിറ്റും കള്ളുകുടിക്കണ
കാലമാണെങ്ങനെ നാടുനന്നാകും!
കെ ജി ശശിധരൻആലപ്പുഴ ആര്യാട് സ്വദേശി. കയര്‍ തൊഴിലാളിയാണ്. അമച്വര്‍ നാടകനടന്‍. കരപ്പുത്തിന്റെ സ്വന്തം ഓണക്കളിയായ വട്ടക്കളിയുടെ പാട്ടുകള്‍ എഴുതാറുണ്ട്. നാടന്‍പാട്ട് ശൈലിയില്‍ പെട്ടവയാണ് ഈ പാട്ടുകള്‍ .