Dr Sofiya Kanneth

എം.എസ് ബാബുരാജിന്റെ ജീവിതം പകര്‍ത്തുന്ന അജയ് മുത്താനയുടെ നോവല്‍ -രാഗം യമന്‍ കല്യാണ്‍
മാനാഞ്ചിറ മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. നിലാവ് ജനസാഗത്തിനു മേല്‍ ഒഴുകിപ്പരന്നിരുന്നു. യേശുദാസ് പാടുകയാണ്. കരയോ നല്ലൊരു മണവാട്ടി...

മന്ത്രമധുരം എന്ന പ്രയോഗം രൂപപ്പെട്ടതില്‍ പിന്നെ അന്വര്‍ത്ഥമായത് ഇന്നാണെന്ന് തോന്നിപ്പോവുന്നു. ചുണ്ടില്‍ വിടര്‍ന്ന ചിരി പി. സുശീലയ്ക്കു സമ്മാനിച്ച് ദാസ് ആരോഹണങ്ങളിലേക്ക് കയറിപ്പോയി... ഒരു വഞ്ചി ഒരുമിച്ച് ഒരേ താളത്തില്‍ തുഴയുകയായിരുന്നു ദാസും സുശീലയും.

അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ആരോ പാടുന്നു. ആരൊക്കെയോ കേള്‍ക്കാന്‍ കാതുകൂര്‍ത്തുനില്‍ക്കുന്നു. മദ്യം വല്ലാതെ തലയ്ക്കു പിടിച്ചിട്ടുണ്ട്. ബോധം നശിച്ചിരുന്നു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍. താന്‍ ഒരു ഭിക്ഷക്കാരനാണെന്ന് അയാള്‍ക്കു സ്വയം തോന്നി.

ജനസഞ്ചയം അപ്പോള്‍ അറബിക്കടലിനു മീതേ നടക്കുകയായിരുന്നു. അവര്‍ അനായാസം കടലലകള്‍ക്കു മീതേ നടന്നു. മുന്നില്‍ യേശുദാസും സുശീലയും വഞ്ചിയില്‍. അറബിക്കടല്‍ അവര്‍ക്കു മുന്നില്‍ ഗലീലി കടലായി മാറി. കടലല അവര്‍ക്ക് കളിത്തോഴനായി. കടല്‍ക്കാറ്റ് കളിത്തോഴിയായി...

അഞ്ചു പൈസ. പത്തു പൈസ. നാലണ. അയാള്‍ ഓരോരുത്തരോടും ചോദിച്ചു. ആരും അതു കേട്ടതുകൂടിയില്ല. അവര്‍ അപ്പോള്‍ കടല്‍ജലത്തില്‍ വിതറിയ പൂക്കളായി വഞ്ചിയെ പിന്‍തുടരുകയായിരുന്നു.

അയാള്‍ തൊട്ടുവിളിച്ചു ചോദിച്ചു. കേട്ടുനിന്നവന് ദേഷ്യമായി. തന്നെ സുഖസഞ്ചാരത്തില്‍ നിന്ന് ഇയാള്‍ മടക്കിവിളിച്ചിരിക്കുന്നു.

ബാബുക്കാന്റെ പാട്ടിനിടയിലാണ് ഓന് ഭിക്ഷ. പോ തെണ്ടീ.

അവന്‍ പിടിച്ചുതള്ളി. അയാള്‍ നിലതെറ്റി താഴേക്കു വീണു. മറ്റാരുടെയോ കാലില്‍ ചെന്നിടിച്ചു. രസംകൊല്ലിയെ കാല്‍കൊണ്ട് കുടഞ്ഞെറിഞ്ഞുകൊണ്ട് അവനും പറഞ്ഞു, ബാബുക്കാന്റെ പാട്ടിനിടേല് അവന്റെ അമ്മട ഭിക്ഷ...

ഒരു പഞ്ഞിക്കെട്ടുപോലെ അയാള്‍ മറുവശത്തേയ്ക്കു മറിഞ്ഞു. കൈയിലുണ്ടായിരുന്ന ചില്ലറത്തുട്ടുകളും തെറിച്ചുപോയിരുന്നു.

ബാബുക്കാന്റെ പാട്ട്...

അയാള്‍ കിടന്നുകൊണ്ട് കാതുകൂര്‍പ്പിച്ചു.

എവിടെയോ കേട്ട വരികള്‍...

കേള്‍ക്കാന്‍ ഇമ്പമുണ്ട്...

ആരാവും ഈ ബാബുക്ക...

അയാളാണോ പാടുന്നത്?

അതോ അയാള്‍ എഴുതിയോ?

ഇനി കമ്പോസിറ്ററുടെ പേരാവുമോ ബാബുക്ക?

അയാള്‍ക്ക് ഒന്നും ബോധത്തിലേക്കു വന്നില്ല.

വേച്ചുവേച്ച് എഴുന്നേറ്റ് അടുത്തുനിന്നവനോടു ചോദിച്ചു, ആരാ ഈ ബാബുക്ക?...

ഹൊ. ചാരായം നാറുന്നു. പോ തെണ്ടീ. നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല ബാബുക്കാന്റെ സംഗീതം...

അയാള്‍ ട്യൂബ് ലൈറ്റിന്റെ പ്രകാശം സൃഷ്ടിച്ച അരക്ഷിതത്വത്തില്‍ നിന്ന് നിലാവിനെ മറച്ച മരങ്ങളുടെ ഛായ പകര്‍ന്ന ഇരുട്ടു നല്കിയ സുരക്ഷിതത്വത്തിലൂടെ ദൂരേയ്ക്കു നടന്നു.

അപ്പോഴും അയാള്‍ ചിന്തിച്ചത് ബാബുക്കാ ആരെന്നായിരുന്നു.

പെട്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നെയും ചിലര്‍ ബാബുക്കാന്ന് വിളിച്ചിരുന്നില്ലേ...

അതിനു പക്ഷേ, എന്റെ മനസ്‌സില്‍ സംഗീതമില്ലല്ലോ...

നടന്നു ക്ഷീണിച്ചപ്പോള്‍ അയാള്‍ ഒരു കടത്തിണ്ണയില്‍ ഇരുന്നു. വിജനതയില്‍ ഒറ്റയ്ക്കിരുന്നപ്പോള്‍ ആശ്വാസം. അടുത്തൊരു പഴയ തകരപ്പാത്രം കിടക്കുന്നു. വെറുതെ അതെടുത്തു. മടിയില്‍വച്ചു. അറിയാതെ വിരലുകള്‍ അതിനു മീതേ ഓടിനടന്നു. തകരപ്പാട്ടയില്‍ വിരലുകള്‍ അയാളറിയാതെ നൃത്തംചെയ്തു.

തകരത്തില്‍ നിന്ന് വിറയാര്‍ന്ന വിരലുകള്‍ പുറത്തെടുത്തത് യമന്‍ കല്യാണ്‍ ആയിരുന്നു. വഴിപോക്കന്‍ അത്ഭുതത്തോടെയാണ് അടുത്തുവന്നത്. അയാള്‍ ആരെയും കണ്ടില്ല. വഴിപോക്കന്‍ അത്ഭുതപരതന്ത്രനായി നിന്നു.

തകരത്തില്‍ കൊണ്ടു മുറിഞ്ഞ വിരലുകള്‍ നൃത്തം പകുതിവഴിയില്‍ നിര്‍ത്തുമ്പോള്‍ വഴിപോക്കന്‍ ചോദിച്ചു, ബാബുക്കാല്ലേ...

അയാള്‍ മുഖമുയര്‍ത്തി നോക്കി.

വീണ്ടും ബാബുക്ക...

അയാള്‍ക്ക് ദേഷ്യം വന്നു, ഞാന്‍ ബാബുക്കയല്ല. ഒരു ഭിക്ഷക്കാരന്‍.

അല്ല. നിങ്ങള് ബാബുക്കാ തന്നെ...

അല്ലെന്നു പറഞ്ഞില്ലേ.

അയാള്‍ തകരം ദൂരേയ്‌ക്കെറിഞ്ഞ് എഴുന്നേറ്റ് വേച്ചുവേച്ച് മുന്നിലേക്ക് നടന്നു.

വഴിപോക്കന്‍ അതിശയത്തോടെ നോക്കിനിന്നു.

നടക്കുന്നതിനിടയില്‍ അയാള്‍ ആലോചിച്ചു, ആരാണ് ഞാന്‍...



*ഉടന്‍ പുറത്തിറങ്ങുന്ന രാഗം യമന്‍ കല്യാണ്‍ എന്ന നോവലില്‍ നിന്ന്. വിഖ്യാത സംഗീതജ്ഞന്‍ എം.എസ് ബാബുരാജിന്റെ ജീവിതത്തെ അധികരിച്ചുള്ളതാണ് നോവല്‍ ...