Ancy K Jose

മാറേണ്ടത് മാധ്യമസംസ്കാരം
ആം നൂറ്റാണ്ടില്‍ അച്ചടിയന്ത്രത്തിന്റെ വിപ്ലവകരമായ ആവിര്‍ഭാവം വരെ 'വാമൊഴി' ആയിരുന്നു മാധ്യമസംസ്കാരം നിര്‍വ്വഹിച്ചിരുന്നത്. അച്ചടി മാധ്യമങ്ങളുടെ വരവായി പിന്നെ. ഇന്ന് ലോകം 21 - ആം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുമ്പോള്‍ വിവരസാങ്കേതിക വിദ്യ അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിനില്‍ക്കുന്നു. സമൂഹ്യമാധ്യമങ്ങള്‍ (social media) കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഒരു കാലം കൂടി പുലര്‍ന്നിരിക്കുന്നു.


ആഗോളവല്‍ക്കരണ'ത്തോട് കൂടി ലോകം ഒരു 'ഗ്രാമത്തിലേക്ക്' ചുരുങ്ങി പോയെങ്കിലും 'ഗ്രാമീണ'ലോകങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. കമ്പോളത്തിന്റെ സര്‍വ്വ മേഖലകളിലുമുള്ള കടന്നുകയറ്റം നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തെ അപഹരിച്ചുകൊണ്ടുമിരിക്കുന്നു. മത്സരാധിഷ്ടിത ലോകത്ത് വ്യക്തി കേന്ദ്രീകൃതമായ ഉള്‍വലിയലുകള്‍ സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥലാഭചിന്തകള്‍ ഒരു പാപമല്ലാതായി മാറിയ കാലം! അവശേഷിച്ച നന്മകള്‍ പോലും പിന്‍വാങ്ങിത്തുടങ്ങുന്ന ലോകം നിസ്സഹായരായ മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.


ഈ കാലഘട്ടത്തില്‍ വസ്തുനിഷ്ടമായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അധികാരവര്‍ഗത്തിന്റെ ദുഷ്ചെയ്തികള്‍ക്ക് കുട പിടിക്കുന്ന മാധ്യമങ്ങളെ കൊണ്ട് ലോകത്തിനു തെല്ലും പ്രയോജനം ഇല്ല. സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജിഹ്വയായി മാറേണ്ട മാധ്യമങ്ങള്‍ കോടീശ്വരന്മാരുടെ കൈകളിലെ കളിപ്പാട്ടമായി മാറുന്ന അത്യന്തം ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് ലോകമെങ്ങും അരങ്ങേറുന്നത്. അധികാരവര്‍ഗം പ്രതിസന്ധിയിലാകുമ്പോള്‍ രക്ഷകരായി എത്തുന്ന മാധ്യമങ്ങളുംവിരളമല്ല.



ലോകത്തിലെ ഭൂരിപക്ഷം വരുന്ന വാര്‍ത്താമാധ്യമങ്ങളെയും നിയന്ത്രിക്കത്തക്കവിധം മുതലാളിത്തത്തിന്റെ പിടി മുറുകിയിരിക്കുന്നു. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സ്ഥിതി വിഭിന്നമല്ല. പണക്കാര്‍ കൂടുതല്‍ പണക്കാരും, ദരിദ്രര്‍ കൂടുതല്‍ ദാരിദ്രരായും മാറികൊണ്ടിരിക്കുന്നു. ഇതൊട്ടും ശുഭകരമല്ല. പത്രമുതലാളിമാരും , ചാനല്‍ മുതലാളിമാരും മാധ്യമങ്ങളെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നു. സാധാരണക്കാരുടെ ജീവല്പ്രശ്നങ്ങള്‍ മാധ്യമങ്ങളുടെ വാര്‍ത്താപട്ടികയില്‍ ഇടം നേടാതെ പോകുന്നു. അനീതിക്കെതിരായ ചെറുത്തുനില്‍പ്പുകളെ മുളയിലെ നുള്ളിക്കളയാന്‍ കുത്തകമാധ്യമങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ അനായാസം കഴിയുന്നുണ്ട്. ലോകത്ത് നവോഥാനപോരാട്ടങ്ങള്‍ക്ക് ചൂട്ടു പിടിച്ചു മാധ്യമങ്ങള്‍ ഇന്ന് നീതികെടുകലോട് സന്ധിചെയ്തു നിലനിന്നു പോകുന്നു. മുതലാളിത്തത്തെ തൃപ്തിപ്പെടുത്തുക എന്നതാണ് അവരുടെ ദൗത്യം.



നുണകള്‍ പലതവണ ആവര്‍ത്തിച്ചു സത്യമാക്കുന്ന തന്ത്രമാണ് ഈ ആധുനിക ഡിജിറ്റല്‍ യുഗത്തിലും പല മാധ്യമങ്ങളും പയറ്റുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത വ്യക്തികളെ, പ്രസ്ഥാനങ്ങളെ, പോരാട്ടങ്ങളെ അവര്‍ തമസ്കരിക്കുന്നു. വരികള്‍ക്കിടയിലൂടെ വായിച്ചിട്ടും സത്യം പിടിതരാതെ പോകുന്നു. ആടിനെ പട്ടിയും പേപ്പട്ടിയും ആക്കി തള്ളിക്കൊല്ലുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു.


പെയ്ഡ് ന്യൂസുകള്‍ കളം കയ്യടക്കിയിരിക്കുന്നു. പണവും സ്വാധീനവും ഉള്ളവര്‍ക്ക് തങ്ങളുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കാനുതകുന്ന വ്യാജവാര്‍ത്തകള്‍ സൃഷ്ട്ടിച്ചു കൊടുക്കുന്ന മാധ്യമങ്ങള്‍ ഇന്ന് ധാരാളമുണ്ട്. യാഥാര്‍ത്ത്യങ്ങളെ തമസ്ക്കരിച്ചു നുണകളെ പൊലിപ്പിച്ച് ജനാധിപത്യ ഭരണകൂടങ്ങളെ വരെ അട്ടിമറിക്കാന്‍ ഉള്ള ശേഷി ഇന്നവര്‍ക്കുണ്ട്. ഈയടുത്ത് നമ്മുടെ കേരളത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ ദേശീയതലത്തിലെ വമ്പന്‍ മാധ്യങ്ങള്‍ നടത്തിയിരുന്നു. ന്യൂനപക്ഷമായ മതത്തിലെ പ്രവര്‍ത്തകര്‍ ഭൂരിപക്ഷം വരുന്നവരെ ജീവിക്കാന്‍ അനുവദിക്കുന്നില്ല
എന്നതായിരുന്നു തെറ്റായ ആസുത്രിത പ്രചരണങ്ങളില്‍ പ്രധാനമായി വ്യാപിപിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടിയ ശിശുമരണ നിരക്കുകള്‍ ഉള്ള സംസ്ഥാനത്തെ , ഏറ്റവും കുറവ് ശിശുമരണ നിരക്കും , ആരോഗ്യം , വിധ്യാഭ്യാസം , ഊര്‍ജ്ജ ഉത്പ്പാദനം എന്നിവയില്‍ ലോകരാഷ്ട്രങ്ങളോട് സമവല്‍ക്കരിക്കാന്‍ കെല്‍പ്പുള്ള കേരളവുമായി താരതമ്യം ചെയ്യുകയുണ്ടായി. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നു. പല പത്ര-ദൃശ്യ മാധ്യമങ്ങളും പുറത്തിറക്കാറുള്ള പ്രീ-പോള്‍ സര്‍വ്വേകള്‍ ഈ ലക്‌ഷ്യം വച്ചുകൊണ്ടുള്ളതാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.



ദ്ദൃശ്യ മാധ്യമങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലമാണിത്. ആരോഗ്യകരമായ ഒരു 'ചാനല്‍' സംസ്കാരം പക്ഷേ നമ്മുക്കിപ്പോഴും അന്യമാണ്. 'ആക്ഷേപഹാസ്യപരിപാടി'കള്‍ ആയി മാറുന്ന മാറുന്ന ചാനല്‍ ചര്‍ച്ചകള്‍ ജനങ്ങളെ വലിയ അളവില്‍ മടുപ്പിക്കുന്നു. ഒരേ വാര്‍ത്ത‍ തന്നെ പലതിലും പല രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ഇതിനിടയിലെവിടെയോ സത്യം മറഞ്ഞിരിക്കുന്നു! ചാനല്‍ ചര്‍ച്ചക്ക് സംവാധകരെ വിളിച്ചു അദ്ധേഹത്തിന്റെ ഉത്തരങ്ങളില്‍ അനിഷ്ടം ഉണ്ടാകുമ്പോള്‍ റിപ്പോര്‍ട്ടര്‍ അയാളെ ന്യൂസ്‌ റൂമില്‍ നിന്ന് പുറത്താക്കുന്ന സംസ്കാരം ആണ് ഇന്നുള്ളത്. അതുപോലെ പുതിയൊരു ചാനലിനു പേരെടുക്കാന്‍ വേണ്ടി 3 - ആം തരം സംസ്കാരശൂന്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.


വളച്ചൊടിക്കപ്പെട്ട വാര്‍ത്തകളില്‍ നിന്ന് സ്വയം സൃഷ്ടിക്കപ്പെടുന്ന 'വ്യാജവാര്‍ത്ത'കളിലേക്ക് മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. ആ വാര്‍ത്തകളുടെ മേല്‍ അഭിപ്രായരൂപീകരണങ്ങളും, ചര്‍ച്ചകളും ഏറെ നടത്തിയതിനു ശേഷം അവയെ ഉപേക്ഷിക്കുകയും പുതിയൊന്നിലേക്ക് കടക്കുകയും ചെയ്യുന്നു. പ്രേക്ഷകരുടെയും, വായനക്കാരുടെയും ശ്രദ്ധയും,സമയവും,അധ്വാനവും എല്ലാം വെറുതെ പാഴായി പോകുന്നു. പ്രശസ്ത എഴുത്തുകാരനായ 'ഇറ്റലോ കാല്പ്പിനോ'യുടെ 'The Man Who Shouted Teresa' എന്ന ഒരു ചെറുകഥ ഓര്‍മ്മവരുന്നു. മാധ്യമങ്ങളുടെ അധര്‍മ്മസംസ്കാരത്തിന് നേരെ ചാട്ടുളി പോലെ ചെന്ന് തറയ്ക്കുന്ന ഒരു അസാധാരണ കഥയാണിത്. ആ കഥയിലെപോലെ , ഇല്ലാത്ത ഫ്ലാറ്റില്‍ , ഇല്ലാത്ത തെരേസയെ , തിരയുന്നവരായി മാധ്യമങ്ങള്‍ നമ്മളെ മാറ്റിതീര്‍ത്തിരിക്കുന്നു.



എന്നാല്‍ ഈ കെട്ടകാലത്തും പ്രതീക്ഷയുടെ വെള്ളിവെളിച്ചം പ്രസരിപ്പിക്കുന്ന ചില ജനപക്ഷ മാധ്യമങ്ങള്‍ നിലനില്‍ക്കുന്നുന്ടെന്നുള്ളത് വളരെ ശുഭകരമായ കാര്യമാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ജിഹ്വയായി മാധ്യമങ്ങള്‍ മാറുന്ന ഒരു കാലത്തെ നീതികേടുകള്‍ ലോകത്ത് നിന്ന് ഇല്ലാതാകുകയുള്ളൂ. 'സന്കുചിതമനസ്ക'രെ സൃഷ്ടിക്കുന്ന വാര്‍ത്താമാധ്യമ സംസ്കാരം നാടിനു ദോഷമേ ചെയ്യൂ. 'അപരന്റെ വാക്കുകള്‍ മധുരസംഗീതം പോലെ ശ്രവിക്കപ്പെടുന്ന' ഒരു കാലത്തിലേക്കുള്ള പ്രതീക്ഷാനിര്‍ഭരമായ യാത്രക്ക് ജനകീയ മാധ്യമങ്ങളും അവ സൃഷ്ടിക്കുന്ന 'നവമാധ്യമ സംസ്കാര'വും ഇന്ധനം പകരട്ടെ!