ഗായകൻ രമേശ് നാരായൺ അഭിനേതാവ് ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിക്കുന്ന ദൃശ്യങ്ങൾ ആത്മാഭിമാനമുള്ള ആരെയും സങ്കടപ്പെടുത്തുന്ന ഒന്നാണ്. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി തയ്യാറാകുന്ന ആന്തോളജി സീരിസ് 'മനോരഥങ്ങളു'ടെ ട്രെയിലർ റിലീസിങ്ങുമായി ബന്ധപ്പെട്ട പുരസ്‌കാരവിതരണത്തിനിടയിലാണ് ഇത് സംഭവിച്ചത്. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീത സംവിധാനം നിർവ്വഹിച്ചതുമായി ബന്ധപ്പെട്ടാണ് അവതാരക ആസിഫ് അലിയെ രമേശ് നാരായണന് പുരസ്ക്കാരം കൈമാറുന്നതിനായി ക്ഷണിക്കുന്നത്.
രമേശ് നാരായണനരികിലേക്ക് പുഞ്ചിരിച്ചുകൊണ്ടെത്തുന്ന ആസിഫ് അലിയെ ദൃശ്യങ്ങളിൽ കാണാം. എന്നാൽ അദ്ദേഹത്തെ അശേഷം വകവെയ്ക്കാതെ ചലച്ചിത്ര സംവിധായകൻ ജയരാജിനെ കൈകാട്ടി വിളിച്ച് അതേ പുരസ്ക്കാരം നിർബന്ധപൂർവ്വം ജയരാജിൽ നിന്നും രമേശ് നാരായൺ സ്വീകരിക്കുന്നു. തുടർന്ന് ജയരാജിനെ ആലിംഗനം ചെയ്ത് ഫോട്ടോ എടുത്തുവെന്നുറപ്പാക്കിയാണ് രമേശ് നാരായൺ പിന്തിരിയുന്നത്. അസ്വാഭാവികമെങ്കിലും ഭാവവ്യത്യാസം അശേഷം പ്രകടിപ്പിക്കാതെ ആസിഫ് അലി ഫ്രെയ്മുകളിൽ നിന്നും പൊടുന്നനവേ അപ്രത്യക്ഷനാകുന്നു.
അധീശത്വ ബോധങ്ങളുടെ മുരത്ത മേൽക്കോയ്മയും അനൈതികങ്ങളായ മാനവികതാവിരുദ്ധതയുമാണ് രമേശ് നാരായണനെ ഈ വിധം മനുഷ്യത്വരഹിതമായ പെരുമാറ്റരീതികളിലേക്ക് കൊണ്ടുചെന്നെത്തിച്ചതെന്നതിൽ സംശയമശേഷമില്ല. മികച്ച സംഗീതജ്ഞൻ, ഗായകൻ എന്ന നിലയിൽ രമേശ് നാരായണനും അയനലളിതമായ അഭിനയ സിദ്ധിയുടെ പ്രതിരൂപമെന്ന നിലയിൽ ആസിഫ് അലിയും നിരന്തരമെന്നോണം സംസ്കാരത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രതിഭാധനരാണ്. സ്വാഭാവികമായും അഹംഭാവങ്ങളുടെ ചെറുനിഴലാട്ടത്തിനുപോലും അത്തരം ഇടങ്ങളിൽ പ്രസക്തിയശേഷമില്ല. എന്നിട്ടും രമേശ് നാരായണിൽ നിന്നുവന്ന ഇടപെടൽ രീതി കലാകാരനിൽ ഒട്ടുമേ ഉണ്ടാകാൻ പാടില്ലാത്ത അസഹിഷ്ണുതയുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമാകുന്നില്ല.
പ്രതിനായകനെ സ്വയം തിരിച്ചറിയുക
ദൃശ്യ - ശ്രവ്യ - അച്ചടി മാധ്യമങ്ങളിൽ അടക്കം ഇത് സംബന്ധിച്ച് ഉയർന്നുവന്ന വിമർശനങ്ങൾക്കുമേൽ രമേശ് നാരായൺ നടത്തിയ ആദ്യ പ്രതികരണങ്ങൾ ദുർബലവും ബാലിശവുമായി പരിണമിക്കുന്നുണ്ട്. അവനവനേയും അപരരേയും നിർമ്മലീകരിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ കല, സംസ്കാരത്തിന്റെ പുരോഗതിയിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ കലാകരരിലെ അധീശത്വബോധം അത്രകണ്ട് അശ്ലീലമാണ്. നർത്തകി സത്യഭാമ ഡോ ആർ എൽ വി രാമകൃഷ്ണനോടും അദ്ദേഹത്തിന്റെ നൃത്തരീതിയോടും കൈക്കൊണ്ട പ്രതികരണത്തോടും സമീപനത്തോടും ചേർത്തുവെക്കാനാകുന്ന മറ്റൊരു എപ്പിസോഡിനാണ് പണ്ഡിറ്റ് രമേശ് നാരായൺ തുടർച്ച നൽകിയിരിക്കുന്നത്. ഡിജിറ്റൽ മാധ്യമ കാലത്തെ സാങ്കേതിക വിദ്യ ഇത്തരം ഹുങ്കുകളെ പൊതുഇടങ്ങളിൽ തന്നെ നല്ല ക്രിസ്റ്റൽ ക്ലാരിറ്റിയോടെ അനാവരണം ചെയ്യുന്നുണ്ട്.
എന്നാൽ തികച്ചും യാദൃശ്ചികമായി രൂപപ്പെട്ട വിഷയത്തെ മതവർഗ്ഗീയതയുമായി കൂട്ടിക്കെട്ടി മുതലെടുപ്പ് നടത്താൻ ഹിന്ദുത്വവാദികൾ നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ആസിഫ് അലിയെ മട്ടാഞ്ചേരി മാഫിയയായി മുദ്രകുത്തി അഭിനേതാവെന്ന സ്വത്വത്തിൽ നിന്നും മതസ്വത്വത്തിലേക്ക് ചുരുക്കാനും അങ്ങനെ ഹിന്ദു മുസ്ലിം പ്രശ്‌നമാക്കി മാറ്റുന്നതിനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ഉണ്ടായതും.
ഇതാ ആസിഫ് അലി; സംസ്കാരത്തിന്റെ കണ്ണാടി.
വിഷയത്തിൽ ആസിഫ് അലി നടത്തിയ പ്രതികരണം ഔന്നത്യപൂർണ്ണവും തുടർ സംവാദങ്ങൾക്ക് ശരിയായ ദിശാബോധം പകരുന്നതുമായിരുന്നു എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാൻ വകയുണ്ട്.
' രമേഷ് നാരായൺ തന്നെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചതായി തോന്നുന്നില്ല.തനിക്കുള്ള പിന്തുണയ്ക്ക് നന്ദി. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാള് തന്നെയാണ് ഞാനും. എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ എനിക്കും ഉണ്ടാകും. എന്റെ പ്രശ്നങ്ങളും സങ്കടങ്ങളും എന്റേത് മാത്രമാണ്. അത് പ്രകടിപ്പിക്കാറില്ല. ഒരു പിന്തുണയും സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് സിനിമയിൽ ഇതുവരെ എത്തിയത്. അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലാവും. സംഭവത്തിൽ എനിക്ക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം മാപ്പ് ചോദിച്ചതിൽ വിഷമം ഉണ്ട്. അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാമ്പയിൻ ഉണ്ടാക്കുന്നതിൽ താല്പര്യമില്ല. അന്ന് അദ്ദേഹത്തിന് മറ്റെന്തെങ്കിലും കാര്യത്തിൽ പിരിമുറുക്കം ഉള്ളതുകൊണ്ടാവം അങ്ങനെ പെരുമാറിയത്. ഞാൻ കാരണം അദ്ദേഹം വിഷമിക്കാൻ പാടില്ല’.
തനിക്കുള്ള പിന്തുണ രമേശ് നാരായണനെതിരായ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുതെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥനയിലൂടെ മുട്ടുകുത്തുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അരാഷ്ട്രീയതകളല്ലാതെ മറ്റൊന്നല്ല.
രമേശ് നാരായണന്റെ തുടർ പ്രതികരണം വിവേകപൂർണ്ണം
തുടർന്നുള്ള രമേശ് നാരായണന്റെ പ്രതികരണം വിവേകപൂർണ്ണമാണെന്നതിൽ സംശയമില്ല. ' അങ്ങനെ ഒരുകാര്യം സംഭവിച്ചു പോയി. സാഹചര്യം മനസ്സിലാക്കി മികച്ച രീതിയിൽ പ്രതികരിച്ചതിന് ആസിഫിനോട് പ്രത്യേകം നന്ദി പറയുന്നു. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തെ മനസിലാക്കുന്നു. ഞാൻ ആസിഫിന് മെസേജ് അയച്ചിരുന്നു. അതിന് മറുപടിയായി എന്നെ അദ്ദേഹം രാവിലെ വിളിച്ചിരുന്നു. ഏറെ നേരം ഞങ്ങൾ സംസാരിച്ചു. ഉടനേ നേരിൽ കാണും. സംഭവവുമായി ബന്ധപ്പെട്ട് എനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതിൽ വിഷമമുണ്ട്. അത് ഒഴിവായിക്കിട്ടിയാൽ വലിയ സന്തോഷം. മതപരമായ ചർച്ചകളിലേക്ക് ഈ വിഷയം നീങ്ങരുത് എന്നൊരു ആഗ്രഹമുണ്ട്. വർഗീയമായി കലാശിക്കരുത്. നമ്മളെല്ലാവരും മനുഷ്യരാണ്. ആ രീതിയിൽ മാത്രമേ ഇതിനെ കാണാവൂ. സ്നേഹബന്ധം അന്യോന്യം നിലനിന്നു പോകട്ടെ’.
സംഘാടനവുമായി ബന്ധപ്പെട്ട ആശയവിനിമയത്തിലെ പോരായ്മകൾ ഈ വിധം സാഹചര്യങ്ങളെ വഷളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നുകരുതാനും വകയുണ്ട്. രമേശ് നാരായൺ തന്നെ പ്രതികരിച്ചതുപോലെ ഒന്നിലധികം തവണ തൻറെ പേര് അവതാരക തെറ്റി വായിക്കുന്ന സ്ഥിതിയുണ്ടായി. അദ്ദേഹത്തെ വേദിയിലേക്ക് ആനയിക്കുകയോ പുരസ്ക്കാരം നൽകുകയോ ചെയ്തില്ല. തുടർന്ന് ഇത് അദ്ദേഹം തന്നെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനായി തിരക്കിട്ട് പുരസ്ക്കാരം ക്രമീകരിക്കുകയും അത് കൈമാറുന്നതിനായി ആസിഫ് അലിയോട് അവതാരക അഭ്യർത്ഥിക്കുക്കയും ചെയ്യുന്നത്. എന്നാൽ ഇതൊന്നും പ്രസ്തുത സാഹചര്യത്തിലെ രക്തസാക്ഷി എന്ന നിലയിൽ ആസിഫിനോട് അപക്വവും അപമാനകാരവുമായ നിലയിൽ പ്രതികരിക്കുന്നതിനുള്ള അനുമതിയാകുന്നില്ല.
ബോഡി ഷെയ്മിങ്ങ് ക്രിയാത്മ വിമർശനമല്ല
രമേശ് നാരായണന്റെ സന്ദർഭികമായ മാനവികതാ വിരുദ്ധ പ്രകടനത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ രാഷ്ട്രീയമായ ശരിപക്ഷത്തുനിൽക്കുന്നവ ധാരാളമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ നിറം, രൂപം, ഭാവം, ഭിന്നശേഷിയുമായി ബന്ധപ്പെട്ട സവിശേഷതകൾ എന്നിവകളെ പ്രശ്നവത്കരിച്ചുകൊണ്ടു നടത്തപ്പെട്ട വിമർശനമെന്ന പേരിലെ ശാരീരിക നിന്ദകൾ ക്രിയാത്മക വിമർശനത്തിന്റെ പട്ടികയിൽ പെടുകയില്ല. അത്തരം സാമൂഹിക വിരുദ്ധമായ പ്രവണതകളെ മുളയിലേ നുള്ളേണ്ടതുണ്ട്.
ചില മാധ്യമങ്ങളുടെ കുരുട്ട് വിദ്യകൾ
ഇരുവരുടേയും ഈ നിലയിൽ പരസ്പരപൂരകവും രമ്യവുമായി പുരോഗമിച്ച ആശയവിനിമയങ്ങളിൽ മാതൃകയാക്കാൻ ഒട്ടൊന്നുമല്ല ബാക്കിയാകുന്നത്. എന്നിട്ടും ദുസ്സൂചനകളിലൂടെ ചർച്ചകളെ വഴിതിരിച്ചു കൊണ്ടുപോകുന്നതിനും വിയോജിപ്പ് നിലനിർത്തുന്നതിനും ആസിഫ് അലിയോട് ചില മാധ്യമ പ്രവർത്തകർ ആരാഞ്ഞ ചോദ്യങ്ങളോട് എത്ര പക്വമായാണ് അദ്ദേഹം പ്രതികരിച്ചതെന്നത് ഉറപ്പായും സ്നേഹത്തിന്റെ നിഘണ്ടുവിലെ പുതിയ അധ്യായങ്ങളാണ്.
ആസിഫ് അലിക്ക് കക്ഷി രാഷ്ട്രീയ ഭേദമെന്യേ ലഭ്യമായ പിന്തുണ പൊതു - സ്വകാര്യ ഇടങ്ങളിൽ അപമാനിക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്ത എല്ലാ മനുഷ്യരുടേയും അകങ്ങളിൽ നിന്നും സ്വയം ഉരുൾപൊട്ടിയ സ്നേഹത്തിന്റെ ലാവയാണ്. അതിന് അധികാരത്തിന്റെ റോഡ് റോളർ പ്രയോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കരുത്തുണ്ട്.