നോവല്‍ കൊറോണ വൈറസ്, കോവിഡ് -19 വ്യാപിച്ച മറ്റു രാജ്യങ്ങളിലെ അവസ്ഥകള്‍ നമുക്ക് വലിയ പാഠങ്ങള്‍ തരുന്നുണ്ട്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യ്തു പറഞ്ഞത്, ഒരു യുദ്ധസമാനമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നാണ് ..കൊറോണ കാലത്ത് നമ്മള്‍ ഓരോരുത്തരും ഏറ്റെടുത്തു നടപ്പിലാക്കേണ്ട ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട് … ഭയപ്പെടാന്‍ അല്ല, മുന്നില്‍ വരുന്ന ഏതു സാഹചര്യത്തെയും നേരിടാന്‍ ഉള്ള കരുതലാണ് ഇന്ന് ആവശ്യം.
1.കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ഏറ്റവും ആവശ്യമായ ഒന്നാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്. പരസ്പരം അകലം പാലിച്ചും,ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയും നമുക്ക് ആ കണ്ണികള്‍ മുറിക്കാം.. Break the chain.
കൈകള്‍ കഴുകി വൃത്തിയാക്കി സൂക്ഷിക്കുക വഴി, നമ്മളില്‍ നിന്നും മറ്റൊരാളിലേക്കും, മറ്റൊരാളില്‍ നിന്നും തന്നിലേക്കും വൈറസ് പകരുന്നില്ല എന്നു ഉറപ്പു വരുത്തുക. ഒപ്പം ദൈനംദിനം പുറമേ നിന്ന് കൊണ്ടുവരുന്ന സാമഗ്രികളില്‍ നിന്നും നമ്മളിലേക്ക് വൈറസ് എത്തുന്നുനില്ല എന്നു കൂടി ഉറപ്പു വരുത്തുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പു വരുത്തുക..
2. എത്ര നാള്‍ നമുക്ക് ഇങ്ങനെ നാല് ചുമരുകള്‍ക്കുള്ളില്‍ , ഇല്ലെങ്കില്‍ ഒരു വീടിനുള്ളില്‍ ഒതുങ്ങി കഴിയേണ്ടി വരും? … സാമൂഹ്യ ജീവിയായ മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിച്ചു എന്നു വരാം.. അവിടെ അവരെ സഹായിക്കാന്‍ കഴിയുന്ന ഒരു സമൂഹം കലാകാരന്‍മാരുടേതാണ്. മുങ്ങിത്താഴുന്ന ആ പടകൂറ്റന്‍ കപ്പലില്‍ അവര്‍ വാദ്യോപകരണങ്ങള്‍ വായിച്ചു കൊണ്ടിരുന്നതു പോലെ. തന്റെ സംഗീതം, രചനകള്‍, ചിത്രങ്ങള്‍ കൊണ്ടെല്ലാം മറ്റുള്ളവരെ, മുന്നിലെ സാഹചര്യങ്ങളില്‍ മാനസികമായി തളര്‍ന്നു പോകാതെ പിടിച്ചു നിറുത്താന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. എങ്ങനെ അവ മറ്റുള്ളവരിലെയ്ക് എത്തിക്കാന്‍ കഴിയുമെന്നത് ഒരു ചോദ്യമായി വരാം…. നിലവില്‍ ലഭ്യമായ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകള്‍, അഥവാ വിര്‍ച്വല്‍ പ്ലാറ്റ്ഫോമുകള്‍ കലാകാരന്‍മാര്‍ പ്രയോജന പെടുത്തണം.. ട്രോളുകള്‍ മുന്നോട്ടു വയ്ക്കുന്ന നര്‍മ്മങ്ങളും, പുസ്തക പരിചയവും എല്ലാം ഇവിടെ ഉപകരിക്കും. കൂടാതെ Bottle art പോലുള്ള വിനോദങ്ങളും മാനസിക പിരിമുറുക്കത്തില്‍ നിന്നും പുറത്ത് കടക്കാനും, ആത്മവിശ്വാസം കൂട്ടാനും സഹായകമാവും. പൊരുതി മുന്നേറാന്‍ മെന്റല്‍ ഹെല്‍ത്ത്, മെന്റല്‍ വെല്‍ബീയിങ് എന്നിവ കൂടിയേ തീരൂ.. കൂടാതെ വ്യക്തി ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ ഒക്കെയും ഉഷ്മളമാക്കുകയും ചെയ്യണം.
3. പരസ്പര സഹകരണത്തിലൂടെ വളര്‍ന്ന് വന്നവരാണ് നമ്മള്‍. വിപണന മേഖലയില്‍ ഇറക്കുമതി, കയറ്റുമതി എന്നിവ പരസ്പര സഹകരണത്തിന്റെ മറ്റൊരു മുഖമാണ്.. പങ്കുവെക്കാന്‍ കരുതി വെക്കലാണ് ഈ കൊറോണ കാലം ആവശ്യപ്പെടുന്നത്. അതു കേവലം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങി, വീട്ടില്‍ നിറച്ചു വെക്കുക എന്നതല്ല. മറിച്ചു സ്വയം നിര്‍മ്മിക്കാന്‍ കഴിയുന്നവ ഉത്പാദിപ്പിക്കുകയാണ് ആവശ്യം. പ്രാഥമിക ഭക്ഷ്യ വസ്തുക്കള്‍ സ്വയം നിര്‍മ്മിക്കേണ്ടതായി വരും. അത് മറ്റുള്ളവരുമായി പങ്കുവെക്കേണ്ടിയും വരും.
ഗ്രാമങ്ങളില്‍ ഇതു പലതും സാധാരണയായി നടക്കുന്നവയാണ്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ ഇത് പുതിയ കരുതലിന്റെ സംസ്കാരം രൂപപ്പെടുത്തും. ..കാരണം വരാന്‍ പോകുന്ന ഭക്ഷ്യ ക്ഷാമം നമുക്ക് അതിജീവിച്ചേ മതിയാവു.. അടുക്കള തോട്ടങ്ങള്‍ സജീവമാക്കുക തന്നെ വേണം.ഫ്ലാറ്റുകളില്‍ പോലും ബാല്‍ക്കണി ബേസ്ഡ് പച്ചക്കറി തോട്ടങ്ങള്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഒരുപക്ഷേ പണത്തിനേക്കാള്‍ വിലയുണ്ടാകും ഈ സഹകരണത്തിന് അന്ന് . നോട്ടിനു വെറും കടലാസിന്റെ വിലയും.
4. വീടുകളില്‍ സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ഭക്ഷണത്തിന് നാടന്‍ വിളകളെ കൂടുതല്‍ ആശ്രയിക്കുക. കപ്പ, കാച്ചില്‍ പോലെ കിഴങ്ങു വര്‍ഗങ്ങള്‍ , മുരിങ്ങയില, ചീര , മറ്റു ഇലകള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കാം. പോഷകങ്ങളുടെ വലിയ കലവറയാണ് ഇവ. ഡ്രൈ ഫ്രൂട്ട്സും കരുതി വെക്കാം . അളവില്‍ കുറഞ്ഞെങ്കിലും, പട്ടിണിയില്‍ നിന്നും സഹജീവികളെ സംരക്ഷിക്കാം..കൂടാതെ സുരക്ഷിതവുമാണ് ഇവ…. തലമുറകള്‍ക്ക് മുന്‍പ് പിന്തുടര്‍ന്നു വന്ന, ഭക്ഷ്യ വസ്തുക്കള്‍ സംസ്‌കരിച്ചു സൂക്ഷിച്ചു വെക്കുന്ന വിവിധ രീതികള്‍ ഇവിടെയും ഉപയോഗ്യപ്രദമാവും.
5.നമുക്ക് ഉള്ള സ്രോതസ്സുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുക. re use ന്റെ സാധ്യത പ്രയോജനപ്പെടുത്തുക, centralised waste disposal , waste use and management രീതിയില്‍ മാറ്റി എടുക്കുക. ഉപഭോഗ വസ്തുക്കളുടെ പരമാവധി ഉപയോഗമാണ് ഇതിനാല്‍ ലക്ഷ്യമാക്കുന്നത്. അടുക്കള മാലിന്യങ്ങള്‍ മുതല്‍ വെള്ളം, വസ്ത്രം, പാത്രങ്ങള്‍ വരെ ഉള്ള ഏതൊരു വസ്തുവും പല നിലകളില്‍ പുനരുപയോഗിക്കാന്‍ നമുക്ക് കഴിയും. ഭക്ഷ്യ മാലിന്യങ്ങളും, തുണി അലക്കിയ വെള്ളവും മട്ടുപ്പാവിലെ തോട്ടത്തില്‍ ഉപയോഗിക്കുന്നതിന് തടസ്സം എന്താണ്.. ഇത്തരത്തിലുള്ള സാധ്യതകള്‍ നമ്മള്‍ പരമാവധി കണ്ടെത്തേണ്ടതായി വരും.
6. വ്യായാമവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.. വീടുകളില്‍ ഒതുങ്ങി കൂടേണ്ടി വരുമ്പോള്‍ നമ്മള്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി അഭിമുഖീകരിക്കേണ്ടിവരും. നമ്മുടെ സമൂഹത്തില്‍ ഒരു വലിയ വിഭാഗം ആളുകളും, വിവിധ ജീവിത ശൈലി രോഗങ്ങളുടെ അടിമകള്‍ ആണ്. അവരുടെ കാര്യം കൂടുതല്‍ പ്രയാസത്തില്‍ ആവും. കഴിവതും വീടിനുള്ളില്‍ ചെറു വ്യായാമങ്ങള്‍ ശീലമാക്കുക.കൂടാതെ വിവിധ കാരണങ്ങള്‍ കൊണ്ട് ഭക്ഷ്യ നിയന്ത്രണവും നിര്‍ബന്ധിതമാക്കേണ്ടി വരും… ഒന്ന് ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം, മറ്റൊന്ന് വീട്ടില്‍ വലിയ അദ്ധ്വാനം ഇല്ലാതെ, TV, കമ്പ്യൂട്ടര്‍, മൊബൈല്‍ മാത്രം നോക്കി ഇരുന്നുള്ള സമയം കളയല്‍ , കൂടാതെ ഇവക്കു മുന്നില്‍ ഇരുന്ന് ആഹാരം കഴിക്കുമ്പോള്‍ അളവില്‍ നിയന്ത്രണം നഷ്ടമാകുന്നതും , ഒപ്പം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും.
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ ആവശ്യത്തിന് വാങ്ങി കരുതുക. മരുന്നുകള്‍ തീരുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പേ വാങ്ങി വെക്കണം. സ്വയം മരുന്നിന്റെ അളവില്‍ മാറ്റം വരുത്തരുത്.. കണ്ടു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ചു അത്യാവശ്യം വേണ്ട നിര്‍ദ്ദേശങ്ങള്‍ വാങ്ങുക.
രോഗ ബാധിതര്‍ക്ക്, അവരുടെ പക്കലേക്ക് പോയി ചികിത്സ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകേണ്ടിവരും.. ഒരുപക്ഷേ ഇന്ന് നിലവിലുള്ള സന്നാഹങ്ങള്‍ മതിയാകാതിരിക്കും. നമ്മള്‍ ഒരോരുത്തരും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ആകേണ്ടി വരും..
വസുധൈവ കുടുംബകം എന്നാണല്ലോ പറയുക … ലോകം ഓരോ നിമിഷവും ഒന്നായി നിന്നു പോരാടി മുന്നേറുക തന്നെ ചെയ്യും . ഭയം അല്ല.. ജാഗ്രതയും കരുതലുമാണ് ആവശ്യം.