ഒറ്റയ്ക്കുള്ള ജീവിതത്തിലും അനാഥത്വത്തിലും തനിച്ചു പോരാടി വിജയിച്ച സ്ത്രീ എന്ന ആത്മവിശ്വാസം, ആ വിശ്വാസം തന്നെയാണ് ഒരു സ്ത്രീയ്ക്ക് അത്യാവശ്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു . സ്വരഭേദങ്ങള്‍ Pg 73
ഡി. സി. ബുക്സ് പുറത്തിറക്കിയ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്ന ആത്മകഥയില്‍ നിന്നാണ് ഈ വരികള്‍ . ഭാഗ്യലക്ഷ്മി എന്ന പേരു കേള്‍ക്കുമ്പോള്‍ ഉര്‍വശി, ശോഭന തുടങ്ങിയ മലയാള സിനിമയിലെ മുന്‍നിര നായികമാര്‍ക്ക് ശബ്ദം കൊടുക്കുന്ന , നല്ല മുഖശ്രീയുള്ള ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നാണോര്‍മ്മ വരിക. അവരുടെ ജീവിതത്തിലൂടെ, അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ആ അസാധാരണ വ്യക്തിത്വം നമ്മെ അത്ഭുതപ്പെടുത്തുക. ജീവിതത്തോടു ഒറ്റയ്ക്ക് നിന്ന് പൊരുതി, ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള തന്റേടം നേടിയെടുത്ത, ഉള്‍ക്കരുത്തുള്ള സ്ത്രീയായി അവര്‍ നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അത്ഭുതം ആദരവിന് വഴിമാറിക്കൊടുക്കുന്നത് കാണാം. സ്വാഭിമാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ഓരോ സ്ത്രീയും വായിച്ചിരിക്കേണ്ട പുസ്തകമാണിത് .
ഭാഗ്യലക്ഷ്മിയുടെ ആത്മകഥയോ ? അവര്‍ക്കെന്താണ് നമ്മോടു പറയാനുള്ളത് ? അത്രമാത്രം പ്രത്യേകതയുള്ള ഒരു വ്യക്തിയാണോ അവര്‍ ? എന്താണീ പുസ്തകത്തിന്റെ പ്രസക്തി ? സ്വാഭാവികമായും നമ്മുടെ മനസ്സിലുയര്‍ന്നു വന്നേക്കാവുന്ന ഈ ചോദ്യങ്ങളെല്ലാം തന്നെ സ്വയം ചോദിക്കുകയും അതിനു വ്യക്തമായ ഉത്തരം കിട്ടുകയും ചെയ്തതിനു ശേഷമാണ് ഇത്തരത്തിലൊരുദ്യമത്തിനു മുതിര്‍ന്നതെന്ന് അവര്‍ ആമുഖത്തില്‍ പറയുന്നുണ്ട് . കല്ലും മുള്ളും നിറഞ്ഞ ജീവിതവഴികളും സ്നേഹിച്ചവരില്‍ നിന്നും തിരിച്ചു കിട്ടിയ തിക്താനുഭവങ്ങളും നല്കിയ കരുത്താണ് ഈ പുസ്തകമെഴുതാനുള്ള പ്രചോദനം എന്നവര്‍ പറയുന്നു. നാല് വയസ്സ് മുതല്‍ സംരക്ഷിക്കാനോ സ്നേഹിക്കാനോ ആരുമില്ലാതെ കടന്നുപോയ ബാല്യത്തിലൂടെ , കൌമാരത്തിലൂടെ , അനാഥത്വത്തിലൂടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വ്യക്തിത്വം, സത്യസന്ധത, സ്നേഹം ഇതെല്ലാം ലളിതസുന്ദരമായ, കൃത്രിമത്വമോ ജാടയോ കലരാത്ത ഭാഷയില്‍ വിവരിച്ചിരിക്കുന്നു .. തളര്‍ന്നു വീണാലും പിടഞ്ഞെണീക്കാനുള്ള ചങ്കുറപ്പോടെ, പ്രതീക്ഷയോടെ ജീവിതം നോക്കിക്കാണാന്‍ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നു
എന്താണീ പുസ്തകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാനുള്ളത് ? തന്റെ പതിനൊന്നാം വയസ്സില്‍ സിനിമയില്‍ ഡബ്ബിംഗ് ചെയ്തു കൊണ്ട് തൊഴിലെടുത്ത് ജീവിക്കാന്‍ തുടങ്ങിയ ഈ കലാകാരി, അനാഥാലയത്തിലും ബന്ധുവീടുകളിലുമായി കഴിച്ചു കൂട്ടിയ തന്റെ ബാല്യ കൌമാരങ്ങള്‍ , പതിനഞ്ചു വര്‍ഷത്തോളം തന്റെ മക്കള്‍ക്ക് വേണ്ടി സഹിക്കുകയും പിന്നീട് വേര്‍പെടുത്തുകയും ചെയ്ത ദുസ്സഹദാമ്പത്യം, ഇടയിലൊരു കുളിര്‍മഴയായ് വന്ന പ്രണയം, അതില്‍ നിന്നുള്ള പിന്‍വാങ്ങല്‍ , ഒരിക്കലുമുലയാത്ത ആത്മബന്ധങ്ങള്‍ , തൊഴില്‍പരമായ പ്രതിസന്ധികള്‍ , നേട്ടങ്ങള്‍ , ഇതെല്ലാം ആത്മനിന്ദയൊട്ടുമില്ലാതെ , കുറ്റപ്പെടുത്തലോ കണ്ണീരൊഴുക്കലോ ഇല്ലാതെ , ഇടര്‍ച്ചയില്ലാത്ത തന്റെ ശുദ്ധസ്വരത്തില്‍ നമുക്ക് മുന്നില്‍ തുറന്നു പറയുകയാണ് . തന്റെ താന്‍പോരിമ അഹങ്കാരമല്ല, മറിച്ചു അധ്വാനിച്ചു ജീവിക്കുന്ന സ്ത്രീയുടെ ആത്മവിശ്വാസമാണെന്നു അവര്‍ വിനീതമായി നമ്മെ ബോധ്യപ്പെടുത്തുന്നു. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിത ഭൂമികകളില്‍ വളര്‍ന്നു വരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകമാണിതെന്നു മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അവതാരികയില്‍ പറയുന്നു. ഈ പുസ്തകം വായിച്ചു കഴിഞ്ഞാല്‍ ആര്‍ക്കും അത് ബോധ്യമാകും.
നമുക്ക് അത്ര പരിചിതമല്ലാത്ത ഡബ്ബിംഗ് ലോകത്തെ നുറുങ്ങു വിശേഷങ്ങള്‍ ഭാഗ്യലക്ഷ്മി സ്വാനുഭവങ്ങളിലൂടെ വിവരിക്കുന്നത് വായിക്കാന്‍ നല്ല കൌതുകമുണ്ട് . തന്റെ കൂടെ പ്രവര്‍ത്തിച്ചവരെപ്പറ്റി പറയുമ്പോള്‍ സ്നേഹവും പരസ്പരബഹുമാനവും അവര്‍ വാക്കുകളില്‍ കാത്തു സൂക്ഷിക്കുന്നു. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ ദുഖങ്ങളും കഷ്ടനഷ്ടങ്ങളും പരിഭവമേതുമില്ലാതെ അവര്‍ സ്വയം ഏറ്റെടുക്കുന്നു . ഒരു പക്ഷെ അവരോടു അഭിപ്രായവ്യത്യാസമുള്ളവരുണ്ടാകാം, അസൂയയുള്ളവരുണ്ടാകാം. അങ്ങനെയുള്ളവര്‍ക്കു പോലും, ജീവിതത്തില്‍ തനിച്ചായിപ്പോയ ഈ സ്ത്രീയുടെ അര്‍പ്പണബോധത്തിനും നിശ്ചയദാര്‍ഢ്യത്തിനും ആത്മവിശ്വാസം തുളുമ്പുന്ന വ്യക്തിത്വത്തിനും മുന്നില്‍ നമിക്കാതിരിക്കാനാവില്ല . ആമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞ പോലെ , ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും മനസ്സ് തളരുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്യുന്ന ചിലര്‍ക്കെങ്കിലും ഈ പുസ്തകം പ്രചോദനമാകുമെങ്കില്‍ , അതാണ് ഈ പുസ്തകത്തിന്റെ നന്മയും പ്രസക്തിയും.