Kalloor Babu - Adv Resmi V Sabalima

ഭ്രഷ്ടിനു മേലെന്‍ ഇലത്താളം മുഴങ്ങും : കല്ലൂര്‍ ബാബു

ഇലത്താള കലാകാരനായ കല്ലൂര്‍ ബാബുവിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന പഞ്ചവാദ്യത്തില്‍ വാദ്യം വായിയ്ക്കാന്‍ അനുവദിയ്ക്കാതെ പുറത്താക്കിയ ജാതിക്കോയ്മയുടെ ഹുങ്കാരം അലകളുണ്ടാക്കേണ്ടത് സാംസ്ക്കാരിക കേരളത്തിന്‍റെ ഹിപ്പോക്രസിയിലാണ് . മേളപ്പിഴവുകളല്ല മറിച്ച് ചിലരുടെ സ്വാര്‍ത്ഥതാത്പ്പര്യങ്ങളില്‍ നിന്നുയിര്‍ത്തെണീറ്റ ജീര്‍ണ്ണ ചിന്തകളാണ് മാനവികതക്കാകെ അപമാനമുണ്ടാക്കിയ പ്രസ്തുത സംഭവത്തിനു കാരണം . ഇതര സംസ്ഥാനങ്ങളിലെ ജാതിമതിലുകളും മാനം കാക്കല്‍ കൊലകളും ബ്രാഹ്മണരുടെ ഉചിഷ്ട്ടത്തില്‍ ശയന പ്രദക്ഷിണം നടത്തുന്ന മടസ്നാനം പോലുള്ള ആചാരങ്ങളും കൊണ്ട് കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തെ അപലപിക്കുന്ന മലയാളിയുടെ ഉയര്‍ന്ന സാമൂഹ്യ ബോധമെന്ന അവകാശവാദത്തിനേറ്റ മറ്റൊരു കനത്ത അടിയാണ് ഗുരുവായൂര്‍ സംഭവം . പാലക്കാട് ജില്ലയിലെ വേമഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ നമ്പൂതിരിമാര്‍ക്കും എമ്പ്രാന്തിരിമാര്‍ക്കുമല്ലാതെ മറ്റു സമുദായക്കാര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് ഉയര്‍ന്നത് വെറും മാസങ്ങള്‍ക്ക് മുമ്പാണ് . പൊതുരോഷം ബോര്‍ഡ് നീക്കം ചെയ്യലിലേക്കെത്തിച്ചെങ്കിലും അതിനു പിന്നിലെ മനുഷ്യ വിരുദ്ധത നീക്കാന്‍ വഴിയെന്താണ് . വിവാദമായപ്പോള്‍ ബോര്‍ഡ് എടുത്തുമാറ്റിയെങ്കിലും നിലപാടുകളില്‍ മാറ്റം വരുത്താന്‍ ക്ഷേത്രം നടത്തിപ്പുകാര്‍ തയ്യാറായിട്ടില്ല എന്നതും കാണാതിരുന്നു കൂടാ . സാമൂഹ്യ പരിഷ്ക്കരണ മുന്നേറ്റങ്ങളിലൂടെ തടയിട്ടു എന്ന് നാം കരുതിയിരുന്ന പല പ്രാകൃതാചാരങ്ങളും ജീര്‍ണ്ണ വ്യവസ്ഥിതികളും തിരിച്ചു വരവിനുള്ള പഴുതുകള്‍ തേടുകയാണ് .ജാതി മത പരിഗണനകള്‍ മനുഷ്യര്‍ എന്ന പരിഗണനയിലും കൂടുതലാകുന്നത് ഒരു സ്വാഭാവിക മാറ്റമല്ല . മറിച്ച് ജാതിയും മതവും കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷത്തില്‍ നടത്തുന്ന ചില കൃത്യമായ ഇടപെടലുകളുടെ പരിണിതഫലങ്ങളാണ് . പുറമേ കാണുന്ന ശാന്തതയും സഹിഷ്ണുതയും യാദാര്‍ത്ഥ്യമല്ലെന്നുള്ള സാക്ഷ്യങ്ങളാണ് ശ്രീ കല്ലൂര്‍ ബാബുവടക്കം അനവധി പേരിലൂടെ അനുഭവസ്ഥമാകുന്നത് . ക്ഷേത്രങ്ങളില്‍ , ചുറ്റുപാടുകളില്‍ , പൊതുഇടങ്ങളില്‍ ജാതി ശ്രേണിയടിസ്ഥാനപ്പെടുത്തിയുള്ള പാര്‍ശ്വവത്ക്കരണങ്ങളുടെ ഒട്ടേറെ പൊതുവായതും വ്യക്തിപരമായതുമായതുമായ സംഭവങ്ങളുടെ ചുരുളുള്‍ അഴിയുക തന്നെ വേണം.

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പഞ്ചവാദ്യാവതരണവുമായി ബന്ധപ്പെട്ട് താങ്കള്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കു വെക്കാമോ.

ഗുരുവായൂരില്‍ നിന്നും ഏറെയൊന്നും അകലെയല്ലാത്ത കുന്ദകുളത്തിനടുത്ത് വടക്കേക്കാടാണ് എന്‍റെ സ്വദേശം . ക്ഷേത്ര ദര്‍ശനങ്ങളും മതപരമായ ആചാരങ്ങളുമൊക്കെയായി ക്ഷേത്രങ്ങളുമായി ഏറെ അടുത്ത ഒരു ജീവിതമാണ് ഞങ്ങളുടേത് . പാരമ്പര്യമായി വാദ്യകലയുമായി ബന്ധമുള്ള കുടുംബം . അച്ഛന്‍ കല്ലൂര്‍ ശങ്കരന്‍ ചെണ്ടകലാകാരനായിരുന്നു . ഇപ്പോള്‍ ജീവിച്ചിരിപ്പില്ല . ഞാനടക്കം ആറ് ആണ്മക്കളാണ്. എല്ലാവരും വാദ്യ കലാകാരന്മാരാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും ലഭിക്കാത്ത , എല്ലാവരും ഒരുപാടാഗ്രഹിച്ച ഒരു മഹാഭാഗ്യമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് വാദ്യമവതരിപ്പിക്കുക എന്നത് . അതാണ്‌ കഴിഞ്ഞ ജനുവരി അഞ്ചിന് എനിക്ക് ലഭിച്ചത് .

എന്‍റെ ഗുരുനാഥന്‍ ആയ പാഞ്ഞാള്‍ വേലുക്കുട്ടി വഴിയാണ് ഈ അവസരം എനിക്ക് ലഭിച്ചത് . വളരെ അഭിമാനത്തോടെ അമ്മയുടേയും സഹോദങ്ങളുടേയും അനുഗ്രഹത്തോടെയും പ്രാര്‍ഥനകളോടെയുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ ഇടത്തരികത്ത് കാവ് താലപ്പൊലിയ്ക്ക് ശ്രീ കലാമണ്ഡലം പരമേശ്വരന്‍ മാരാര്‍ നയിച്ച പഞ്ചവാദ്യത്തില്‍ ഇലത്താളം വായിയ്ക്കാന്‍ ഞാന്‍ ചെന്നത്. പകല്‍ വാദ്യത്തില്‍ പ്രഗത്ഭര്‍ക്കൊപ്പം ഗുരുവായൂരപ്പന്‍റെ സന്നിധിയില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നിറഞ്ഞ മനസ്സോടെ ഞാന്‍ ഇലത്താളം വായിച്ചു . പഞ്ചവാദ്യം കഴിഞ്ഞ് പുറത്തിറങ്ങിയത് വളരെ സന്തോഷത്തോടെയായിരുന്നു .കൂടിനിന്നവരില്‍ പലരും അഭിനന്ദിച്ചത് കേട്ടുനിന്നപ്പോഴും എല്ലാം ഭഗവാന്‍റെ അനുഗ്രഹം എന്ന് കരുതി .രാത്രി വാദ്യത്തിന് പോകാനായി ക്ഷേത്രത്തിനടുത്ത് പഞ്ചവാദ്യകലാകാരന്മാര്‍ക്കായി സൗകര്യമൊരുക്കിയിരുന്ന പാഞ്ചജന്യം ലോഡ്ജിലെത്തിയ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി .

ക്ഷേത്ര ജീവനക്കാരിലൊരാള്‍ ഞാന്‍ കീഴ്ജാതിക്കാരനാണെന്ന് അന്വേഷിച്ചറിഞ്ഞ് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു എന്നും ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ താലപ്പൊലിക്കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു കീഴ്ജാതിക്കാരനെ ക്ഷേത്രത്തിനകത്തെ പഞ്ചവാദ്യത്തില്‍ പങ്കെടുപ്പിക്കാനാവില്ല എന്ന തീരുമാനം ഉണ്ടായതായി അറിയിക്കുകയുംചെയ്തു . അധകൃതനാണ് എന്നത് കൊണ്ട് രാത്രി പഞ്ചവാദ്യത്തില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്തി . അക്ഷരാര്‍ത്ഥത്തില്‍ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് നഷ്ട്ടപ്പെടുന്ന അനുഭവം . തിരസ്കൃതനായി കണ്ണീരോടെയാണ് ഞാന്‍ അവിടെ നിന്നുമിറങ്ങിയത് . വെറും മണിക്കൂറുകള്‍ക്കു മുമ്പ് അഭിമാനത്തോടെ അനുവാചകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിടത്ത്, ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വിലക്കപ്പെട്ടവനാകുന്നത് എന്‍റെ ഏറ്റവും മോശം ദുസ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല .

പഞ്ചവാദ്യ കലയിലേക്ക് എങ്ങിനെയാണ് എത്തിച്ചേര്‍ന്നത്. എന്താണ് ഇലത്താളം. എങ്ങിനെയാണ് ഉപയോഗിക്കുക.

ഞാന്‍ ഒരിയ്ക്കലും വാദ്യകലയിലേക്ക് എത്തിച്ചേരുകയായിരുന്നില്ല . മറിച്ച് ജനിച്ചപ്പോള്‍ മുതല്‍ കേള്‍ക്കുന്നത് ഈ താളങ്ങളാണ് . കാണുന്നത് വാദ്യകലാകാരന്മാരെയും . വാദ്യമാണ് സ്വാഭാവികത . എന്നിരുന്നാലും ചെണ്ടകലാകാരനായിരുന്ന എന്‍റെ അച്ഛന്‍ കല്ലൂര്‍ ശങ്കരന്‍ തന്നെയാണ് മാര്‍ഗ്ഗദര്‍ശി. തിമില , മദ്ദളം , ഇടയ്ക്ക , കൊമ്പ് ,ഇലത്താളം എന്നിവയാണ് പഞ്ചവാദ്യത്തിലുള്ളത്. താമര ഇലയുടെ ആകൃതിയില്‍ ഓടുകൊണ്ട് ഉണ്ടാക്കുന്ന ഏകദേശം രണ്ടുകിലോ ഭാരമുള്ള വാദ്യോപകരണമാണ് ഇലത്താളം . ഇലത്താള നിര്‍മ്മാണത്തിന് ഏറ്റവും പ്രശസ്തമായത് തൃശ്ശൂര്‍ ജില്ലയിലെ കുടവല്ലൂരാണ് . തായമ്പകയിലും പഞ്ചവാദ്യത്തിലും മറ്റും മേളക്കൊഴുപ്പിന് വേണ്ടി ഇലത്താളം ഉപയോഗിക്കുന്നു .

ഭക്തി / കലയോടുള്ള താത്പ്പര്യം / ഉപജീവത്തിനുള്ള മറ്റൊരു മാര്‍ഗ്ഗം - പഞ്ചവാദ്യത്തിലേക്കുള്ള വഴി ; ഇതിലേതായിരുന്നു.

ഞാന്‍ ഒരു ഭക്തനാണ് . ക്ഷേത്രങ്ങളുമായി അത്രമേല്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്‍റെ ജീവിതം . പക്ഷേ കല എന്‍റെ രക്തത്തിലുള്ളതാണ് . എന്‍റെ അച്ഛനും സഹോദരങ്ങളുമെല്ലാം വാദ്യകലാകാരന്മാരുമാണ് . കുട്ടിക്കാലം ചെണ്ടയുടേയും തിമിലയുടെയും ഒക്കെ ശബ്ദങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു . കലയോടുള്ള താത്പ്പര്യം എന്നല്ല സ്നേഹം എന്നാണ് പറയേണ്ടത് . അങ്ങിനെയാണ് അച്ഛനില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സ്വായത്തമാക്കിയ ആദ്യപാഠങ്ങളുടെ തുടര്‍ച്ചയായി കുടവല്ലൂരുള്ള കലാമണ്ഡലം താമിയില്‍ നിന്ന് തിമില അഭ്യസിച്ചു തുടങ്ങുന്നത് . പിന്നീട് ഇലത്താളത്തിലേക്ക് തിരിഞ്ഞു . അപൂര്‍വ്വമായി ടാക്സിയില്‍ ഡ്രൈവറായി പോകാറുണ്ട് .

നവോത്ഥാനന്തര കേരളത്തിലും ചാതുര്‍വര്‍ണ്യം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ വര്‍ദ്ധിക്കുന്നുണ്ടോ. എന്താണ് താങ്കളുടെ നിരീക്ഷണം.

തീര്‍ച്ചയായും ഉണ്ടെന്നു വേണം കരുതാന്‍ . കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ സാമൂഹിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള ഉള്ള ചലനങ്ങള്‍ ഒരു താത്ക്കാലിക ഒത്തുതീര്‍പ്പാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . പൊതുഇടങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ജാതീയമായ അസഹിഷ്ണുത പലരിലും പ്രകടമാകുന്നുണ്ട് . അമ്പലങ്ങളുമായി ബന്ധപ്പെട്ട് ഇതൊക്കെ സാധാരണമാണെന്ന ഒരു പൊതുബോധം സൃഷ്ട്ടിക്കുവാനുള്ള ശ്രമങ്ങളും വ്യാപകമാണ് . ജാതീയമായ ചില വിശേഷാധികാരങ്ങള്‍ തങ്ങള്‍ക്കുണ്ട് എന്ന് വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്ത് കൊണ്ട് അത്തരം വിശ്വാസങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നവരുടെ എണ്ണം കൂടുന്നു . അല്ലെങ്കില്‍ സാമൂഹിക ചുറ്റുപാട് അത്തരം യുക്തിയില്ലാത്ത മുതലെടുപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണ് പ്രധാനം ചെയ്യുന്ന വിധത്തിലേക്ക് മാറ്റപ്പെടുന്നതിന്‍റെ പാതയിലാണ് .

ഗുരുവായൂര്‍ ചരിത്രത്തിലടയാളപ്പെടുന്നത് മഹത്തരമായൊരു സത്യഗ്രഹത്തിന്റെ ഭാഗമായ് കൂടിയാണ് . ജാതീയമായ വിവേചനമനുഭവിച്ച വലിയൊരു വിഭാഗത്തിന്റെ ക്ഷേത്ര പ്രവേശന സ്വാതന്ത്രത്തിനു വേണ്ടിയും ആയിത്താചരണമടക്കമുള്ള വൈകൃതങ്ങള്‍ക്കെതിരായും കെ കേളപ്പന്‍ , പി കൃഷ്ണപിള്ള , എ കെ ജി തുടങ്ങിയ നവോത്ഥാന നായകരുടെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹം ദേശീയ സ്വാതന്ത്ര സമര പ്രക്ഷോഭങ്ങളുടെ കേരളീയ മുഖമാണ്. ഗുരുവായൂരിന്‍റെ മാനവികതക്ക് ആരെല്ലാമാണ് പോറലുകളേല്‍പ്പിക്കുന്നത്. ജാതീയകോയ്മകള്‍ ചില മനസ്സുകളിലെങ്കിലും നിലനില്‍ക്കുന്നുണ്ടോ.

ക്ഷേത്ര പ്രവേശന വിളംബരം കീഴ് ജാതിക്കാര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശനം സാധ്യമാക്കി എന്നത് ചെറിയ കാര്യമല്ല എന്നിരിക്കിലും അകത്ത് കയറി തൊഴുന്നതില്‍ കൂടുതല്‍ മറ്റൊന്നിനും സാധ്യമല്ല എന്ന അവസ്ഥ ഏറെയൊന്നും പുരോഗമിച്ചിട്ടില്ല . ഉദ്ദേശം ഇരുപത്തഞ്ച് വര്‍ഷം മുമ്പ് സ്വാമി ഭൂമാനന്ദ തീര്‍ത്ഥയുടെ നേതൃത്വത്തില്‍ കീഴ് ജാതിക്കാരായ വാദ്യകലാകാരന്മാരെയും ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തെ മേളങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടക്കുകയുണ്ടായി . തുടര്‍ന്ന് അവർണ്ണരായ മേളക്കാരെ അകത്ത് മേളം അവതരിപ്പിക്കാന്‍ അനുവദിക്കാമെന്ന് ഒത്തുതീര്‍പ്പ് ആകുകയും അതിനെത്തുടര്‍ന്ന് നടന്ന പഞ്ചവാദ്യത്തില്‍ എന്‍റെ സഹോദരന്‍ ബാലകൃഷ്ണന് മദ്ദളം വായിയ്ക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട് . എന്നാല്‍ പിന്നീട് ഈ ഒത്തുതീര്‍പ്പ് പാലിയ്ക്കപ്പെട്ടില്ല . അതിനര്‍ത്ഥം വ്യക്തമല്ലേ ?

ക്ഷേത്ര ദര്‍ശനത്തിലുപരി മറ്റ് അനുഷ്ഠാനങ്ങളിലും ചിട്ട വട്ടങ്ങളിലും കീഴ് ജാതിക്കാരന്‍ ഇപ്പോഴും അനഭിമതന്‍ തന്നെ . ഒരു വലിയ വിഭാഗം ജാതി ചിന്ത വെടിഞ്ഞു മനുഷ്യരെ മനുഷ്യരായി കാണാനുള്ള ബൌധിക നിലവാരമുള്ളവരാണ് . ഒരു ചെറു വിഭാഗത്തിന്‍റെ സവര്‍ണ്ണ മനസ്സാണ് ഈ സംഭവത്തിലൂടെ പുറത്ത് വന്നത്. മുന്‍ കാലങ്ങളില്‍ അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളെ കുറിച്ച് ഒപ്പമുള്ള അവര്‍ണ്ണരായ മുതിര്‍ന്ന കലാകാരന്മാര്‍ പറയാറുണ്ട്‌ . പുറത്താക്കലുകളുടെയും അപമാനത്തിന്‍റെയും കണ്ണീരുറഞ്ഞ എണ്ണമറ്റ നേര്‍ സാക്ഷ്യങ്ങള്‍ . അന്നൊക്കെ പലപ്പോഴും ഭഗവാന് മുന്നില്‍ വീഴുന്ന കണ്ണീരിലുപരി വലിയ പ്രതിഷേധങ്ങളുണ്ടായില്ല . ഇന്ന് കാലം ഒട്ടു കടന്നു . മാറ്റങ്ങളും പലതുണ്ടായി സാമൂഹികവും വിദ്യാഭ്യാസപരവും ഒക്കെയായ ഒട്ടേറെ മാറ്റങ്ങള്‍ . എന്നിട്ടും വിസ്മൃതിയിലാണ്ടു എന്ന് നാം കരുതിയ പല സാമൂഹ്യാസമത്വങ്ങളും തിരിച്ചു വരവിനൊരുങ്ങുന്നു .

കലയിലെ പ്രാഗത്ഭ്യങ്ങളുമായി ജനിച്ച ജാതിക്ക് (ചാതുര്‍വര്‍ണ്യമടിച്ചേല്‍പ്പിച്ച) എന്തെങ്കിലും ബന്ധമുണ്ടോ.

എന്‍റെ അച്ഛന്‍ കല്ലൂര്‍ ശങ്കരന്‍ ചെണ്ടക്കലാകാരനായിരുന്നു എന്ന് പറഞ്ഞുവല്ലോ . ഞാനടക്കം ആറ് മക്കളും വാദ്യകലാകാരന്മാരാണ് . ജാതി ശ്രേണിയിലെ ഉയര്‍ന്ന സ്ഥാനം കലാഭിരുചിയേയോ കലാനൈപുണ്യത്തേയോ സ്വാധീനിക്കുന്ന ഘടകങ്ങളാണെങ്കില്‍ ഞങ്ങള്‍ എല്ലാവരും ഈ രംഗത്ത്‌ വരുമോ? അഹങ്കാരലേശമെന്യേ പറയട്ടേ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് മനോഹരമായി ഇലത്താളം വായിക്കാന്‍ എനിക്ക് കഴിഞ്ഞതുമാണ് . ഒരു കീഴ് ജാതിക്കാരന്‍ ക്ഷേത്രത്തിനകത്ത് വാദ്യവായന നടത്തുന്നത് ഭഗവാന്‍റെ അഭീഷ്ട്ടത്തിനെതിരായിരുന്നുവെങ്കില്‍ തീര്‍ച്ചയായും എനിക്കത് സാധിക്കുമായിരുന്നില്ല . കല ദൈവീകമാണ്‌ ജാതീയമല്ല . ദൈവത്തിനു മുന്നില്‍ എല്ലാവരും സമന്മാരുമാണ് .

ജാതിയും കലയും തമ്മില്‍ ബന്ധപ്പെടുത്തുന്നത് ആരെല്ലാമാണ് . എന്തിനു വേണ്ടിയാകണം .

സാമൂഹിക ഘടനയില്‍ ഞാന്‍ ജനിച്ച ജാതി ഏറെ താഴെയാണ് എന്നത് വ്യക്തിപരമായി ഒരു കുറവാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല . പക്ഷെ ജാതീയമായ വിവേചനങ്ങള്‍ തീര്‍ത്തും ഇല്ലാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് എനിക്കഭിപ്രായമില്ല . പലരുടേയും ഉള്ളില്‍ ജാതി സ്പര്‍ദ്ധ ഉണ്ട് . എന്നാല്‍ ഇപ്പോള്‍ അതെല്ലാം കൂടുതല്‍ വ്യക്തമാകുന്നു എന്ന് മാത്രം . പലപ്പോഴും കീഴ് ജാതിക്കാരായ വാദ്യ കലാകാരന്മാര്‍ ചില ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാരെ ക്ഷേത്രത്തിനകത്ത് മേളങ്ങളില്‍ പങ്കെടുപ്പിക്കില്ല എന്ന വേദനാജനകമായ യാദാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് ഒഴിഞ്ഞ് നില്‍ക്കാറാണ് പതിവ് . ഒരുപക്ഷേ ഇതിത്ര നാള്‍ നിലനിന്നതും ഇത് കൊണ്ടാണ് . ഈ തരത്തിലുള്ള ജാതിക്കോയ്മ നിലനിര്‍ത്തേണ്ടത് ഏതായാലും അവര്‍ണ്ണന്‍റെ ആവശ്യമല്ല . അതില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കുന്നവരുടേത് മാത്രമാണ് . നമ്മുടെ സമൂഹത്തെ സവര്‍ണ്ണ സാമുദായിക മേധാവിത്വത്തിന് കാഴ്ച വെച്ച് രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നവരുടെ ആവശ്യം .

ജാതീയമായി വിവേചനമനുഭവിക്കുന്നവരും ക്ഷേത്രവിശ്വാസികളായി ഉണ്ടല്ലോ. അവര്‍ വിവിധ നിലകളില്‍ സമര്‍പ്പിക്കുന്ന സമ്പത്തിനും സമാനമായ വിവേചനമുണ്ടോ. അങ്ങനെ സ്വീകരിക്കാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ.

ജാതി അന്വേഷിച്ചറിഞ്ഞ് ക്ഷേത്രത്തിനകത്ത് ഇലത്താളം വായിയ്ക്കുന്നതിനുള്ള എന്‍റെ അവസരം നിഷേധിച്ചു . എന്നാല്‍ ഞാനര്‍പ്പിക്കുന്ന ദക്ഷിണയ്ക്കോ കാഴ്ചയ്ക്കോ വിവേചനമുണ്ടാകില്ല . തൃപ്പടിയില്‍ ദക്ഷിണ വെക്കുന്ന പണത്തോട് ഈ സവര്‍ണ്ണ ചിന്തയോ തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ ഇല്ല . ഒരുപക്ഷേ മുന്‍കാലങ്ങളിലെ പോലെ അവര്‍ണ്ണരെ ക്ഷേത്രത്തിനകത്ത്‌ പ്രവേശിപ്പിച്ചു കൂടാ എന്ന് പറഞ്ഞാല്‍ പോലും അവര്‍ സമര്‍പ്പിക്കുന്ന കാണിയ്ക്കയോ കാഴ്ച്ചയോ വേണ്ടെന്നു വെയ്ക്കില്ല . പണത്തോടില്ല വിവേചനം . മനുഷ്യരോടേയുള്ളൂ .

താങ്കളുടെ അനുഭവം കേവലം വ്യക്തിഗതമാകുന്നില്ല. അത് കേരളം ഇതപര്യന്തം ആര്‍ജ്ജിച്ച പുരോഗമന മൂല്യങ്ങള്‍ക്കു മേല്‍ പോറലുകളേല്‍പ്പിച്ചിരിക്കുന്നു. ബന്ധപ്പെട്ട സംഭവത്തില്‍ പൊതുസമൂഹം എങ്ങിനെയാണ് പ്രതികരിച്ചത്. എന്തായിരുന്നു ഹിന്ദു സംഘടനകളുടെ നിലപാട്. അവര്‍ പ്രതികരിച്ചിരുന്നോ.

തിരസ്കൃതനായി കുനിഞ്ഞ ശിരസ്സോടെ കണ്ണീരോടെയാണ് ഞാനന്ന് ഗുരുവായൂരില്‍ നിന്ന് തിരികെ പോന്നത് എന്ന് പറഞ്ഞുവല്ലോ . ആരേയും അഭിമുഖീകരിയ്ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല . എന്നാല്‍ പൊതുസമൂഹം - സുഹൃത്തുക്കള്‍ , പകല്‍പ്പൂരത്തില്‍ ഞാന്‍ ഇലത്താളം വായിച്ച പഞ്ചവാദ്യ സംഘത്തിലെ വാദ്യകലാകാരന്മാര്‍ , പരിചിതരും അപരിചിതരുമായ സവര്‍ണ്ണരും അവര്‍ണ്ണരുമായ മറ്റ് വാദ്യകലാകാരന്മാര്‍ , നാട്ടുകാര്‍ സാംസ്ക്കാരിക യുവജന സംഘടനകള്‍ , മാധ്യമങ്ങള്‍ എനിക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത് . പ്രേംജി സ്മാരക സാംസ്ക്കാരിക സമിതിയുടെ ഇടപെടലുകളും എടുത്തുപറയേണ്ടതുണ്ട് . സമിതി മുഖാന്തിരമാണ് ഇത് സംബന്ധിച്ച പരാതികള്‍ നല്‍കിയത് . ജാതീയമായ വരേണ്യ ചിന്തയ്ക്കെതിരെയുള്ള സമരങ്ങളില്‍ ജാതി മത ഭേദമെന്യേ ഒരു വലിയ വിഭാഗം ഇടപെട്ടു .

തുല്യനീതിക്കും സമത്വത്തിനും വേണ്ടി പുരോഗമന പ്രസ്ഥാനങ്ങള്‍ കേരളത്തിലങ്ങിങ്ങോളം സംഘടിപ്പിച്ച സമരങ്ങള്‍ ജാതീയ വിവേചനങ്ങളുടെ തായ് വേരറുത്തതായി വിലയിരുത്തപ്പെടുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടേയും അറിവുകളുടെ ജനാധിപത്യവല്‍ക്കരണത്തിന്റെയും പുതിയ കാലഘട്ടത്തില്‍ ജാതീയതക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ കരുത്തുറ്റതാക്കുന്നതിന് പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടതില്ലേ.

ജാതീയമായ വിവേചനങ്ങള്‍ ഇല്ല എന്ന വിലയിരുത്തല്‍ ശരിയല്ല . ജാതീയമായി വിവേചനം ഇപ്പോഴുമുണ്ട് .. അത് പക്ഷെ ജീര്‍ണ്ണ ചിന്തയുടെ ഉത്പ്പന്നമാണ് . പുതു തലമുറ അതിനെ ശക്തമായി പ്രതിരോധിക്കുകയാണ് വേണ്ടത് . ജാതീയമായ കൂട്ടായ്മയല്ല പൊതു സമൂഹത്തിന്‍റെ മാനുഷികമായ ഇടപെടലാണ് വേണ്ടത്. ജാതി മത സാമുദായിക പരിഗണനകള്‍ ഇല്ലാതെ അത്തരം ഇടപെടലുകള്‍ നടത്താനാവുക തീര്‍ച്ചയായും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌ തന്നെയാണ് . ജാതി മത സ്പര്‍ദ്ധകളുണ്ടാക്കുന്ന നിക്ഷിപ്ത താത്പ്പര്യക്കാര്‍ക്ക് ശക്തമായ താക്കീത് നല്‍കാനും ചെറുക്കാനും പുരോഗമന പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ട് .

ക്ഷേത്രങ്ങളിലെ വാദ്യോപകരണ അവതരണാനുമതി ഏതെങ്കിലുമൊരു വിഭാഗത്തിനു മാത്രമായി നിജപെടുത്തേണ്ടതുണ്ടോ. അത്തരം ആചാരങ്ങള്‍ നിലനിര്‍ത്തുന്നവര്‍ക്കും പരിപോഷിപ്പിക്കുന്നവര്‍ക്കുമെതിരായി ക്രിമിനല്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കേണ്ടതല്ലേ.

ജാതി മത വര്‍ണ്ണ ഭേദമില്ലാതെ സാമൂഹ്യസമത്വം എന്നത് പുസ്തകങ്ങളിലൊതുങ്ങുന്നു എന്നത് ഖേദകരമാണ് . നിയമം മൂലം തന്നെ നിര്‍ത്തലാക്കി എന്ന് പറയപ്പെടുന്ന അയിത്താചരണം ആണ് എനിക്ക് നേരെ ഉണ്ടായത് . ജാതി മനസിലാക്കി ക്ഷേത്രത്തിനകത്തെ വാദ്യാവതരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന് വെച്ചാല്‍ അതല്ലേ ? ഒരു പ്രത്യേക സമുദായത്തിനോ സമുദായങ്ങള്‍ക്കോ മാത്രമേ ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യം അവതരിപ്പിക്കാവൂ എന്ന് പറയുന്നത് ശരിയാണോ ? ഇത്തരം സംഭവങ്ങള്‍ നിയമപരമായി നേരിടേണ്ടത് തന്നെയാണ് .

വീട്ടുകാരുടെ പ്രതികരണമെന്തായിരുന്നു.

ഞാന്‍ അപമാനിതനായി എന്നത് സ്വാഭാവികമായും വീട്ടിലെല്ലാവര്‍ക്കും വേദനയുണ്ടാക്കി എന്നത് പറയേണ്ടല്ലോ . ഈ സംഭവം അമ്മയ്ക്ക് കടുത്ത വേദനയായി . പരാതി കൊടുത്തത് എനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കും എന്ന് കരുതി വലിയ മാനസിക പിരിമുറുക്കമാണ് അമ്മ അനുഭവിച്ചത് . ഒരുപക്ഷേ ആ സമ്മര്‍ദ്ദം കൊണ്ടാകാം അതിനെത്തുടര്‍ന്ന് അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായത് . വിധിയെ പഴിച്ചിരിക്കാതെ അനുഭവിക്കേണ്ടി വന്ന തിരസ്ക്കാരത്തിനെതിരെ നടപടികള്‍ ഉണ്ടാകാന്‍ ശ്രമിക്കണം എന്ന് തന്നെയാണ്സഹോദരന്മാരുടേയും എന്‍റെ ഭാര്യ ലതികയുടേയും അഭിപ്രായം .

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇലത്താളം അവതരിപ്പിക്കുക എന്നതാണോ പ്രധാന ആഗ്രഹം.

അതെ . ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ എനിക്കും എന്നെ പോലുള്ളവര്‍ക്കും വിവേചനമില്ലാതെ വാദ്യവായന നടത്താന്‍ സാധിക്കണം എന്നതാണ് ആഗ്രഹം .

അവഹേളനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടോ.

ഈ സംഭവത്തെപ്പറ്റി പ്രേംജി സാംസ്ക്കാരിക സമിതിയാണ് എനിക്ക് വേണ്ടി മുഖ്യമന്ത്രി , ദേവസ്വം മന്ത്രി , പട്ടിക ഹാതി ക്ഷേമ വകുപ്പ് മന്ത്രി , പ്രതിപക്ഷ നേതാവ് , മനുഷ്യാവകാശ കമ്മീഷന്‍ , ദേവസ്വം ചെയര്‍മാന്‍ , ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ , ഡെപ്യൂട്ടി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് . അവര്‍ ഇത് പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്നാണ് പ്രതീക്ഷ . ഇക്കാര്യം ബഹുമാനപ്പെട്ട എം എല്‍ എ . കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും റിട്ടയേര്‍ഡ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു .

മതാടിസ്ഥാനത്തിലുള്ള ധൃവീകരണങ്ങളുടെ വിപത്തുകള്‍ അഭിമുഖീകരിക്കുന്ന സമൂഹം ജാതീയമായ മുറിവുകള്‍ പേറുന്നവരെയും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു എന്നത് തന്നെയാണ് സത്യം . മത വിശ്വാസം എന്നത് വ്യക്തിപരമല്ലാതിരിക്കുകയും ഇന്നിന്‍റെ പുരോഗതികളെ യാതൊരു വിധത്തിലും ത്വരിതപ്പെടുത്താത്ത ജാതി വ്യവസ്ഥ നിലനിര്‍ത്തുകയും ചെയ്യേണ്ടത് ചിലരുടെ സാമ്പത്തിക രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വേണ്ടിയാണ് . നൂറ്റാണ്ടുകളോളം എണ്ണമറ്റ മനുഷ്യരുടെ അവകാശങ്ങളെ ചവിട്ടി മെതിച്ച് അടിമത്തത്തിന്‍റെ നുകം ചുമപ്പിച്ച മനുഷ്യ ഹീന പ്രവണതകളുടെ തിരിച്ചു വരവിന് വളക്കൂറുള്ള മണ്ണാക്കാന്‍ വിശ്വാസങ്ങളെ കൂട്ടുപിടിക്കുകയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അയിത്താചാരം ഒരു സ്വാഭാവികത മാത്രമാണെന്ന പൊതുബോധം നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതി നെതിരെ ജാഗരൂകരാകണം . ഭരണഘടനാപരം കൂടിയായ മനുഷ്യാവകാശങ്ങള്‍ നോക്കുകുത്തികളാക്കാനുള്ളതല്ല . അവ സംരക്ഷിക്കപ്പെടണം .