Dr Anishia Jayadev

ഒരു മലയാളി ഹിജഡയുടെ ആത്മകഥ

മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമായിത്തീരാന്‍ ആഗ്രഹിക്കുന്നു ട്രാന്‍സ് ജന്‍ഡര്‍ വിഭാഗം. അതിലേക്കായി നിലവിലിരിക്കുന്ന നിയമവ്യവസ്ഥയെ സജീവമാക്കണം , പുനര്‍ വിചിന്തനം ചെയ്യുക ആ വ്യവസ്ഥയെ പിന്നെ പുരോഗമനപരമായ അന്തര്‍ദേശീയ നിയമങ്ങളെ നമ്മുടെ നിയമ വ്യവസ്ഥയോട് ചേര്‍ക്കാന്‍ പ്രേരണ ചെലുത്തുക . വേശ്യാലയം നടത്തിപ്പുകാരെയോ പിമ്പുകളെയോ നിയന്ത്രിക്കാന്‍ ശ്രമിക്കാത്ത പോലീസ് , ഏതു നാട്ടിലും ലൈംഗിക ന്യൂനപക്ഷങ്ങളെ ഉള്ള നിയമങ്ങള്‍ഒക്കെ ഉപയോഗിച്ച് പീഡിപ്പിക്കാനും അവരെ അനുഭവിക്കാനും മുന്‍പന്തിയില്‍ നില്‍ ക്കുന്നു. അത്തരം വ്യക്തികളുടെ നിരാസത്തിന്റെ കഥയാണ് ഒരു മലയാളി ഹിജഡയുടെ ആത്മകഥ.



ലോകത്തെ നേര്‍ പകുതിയായി മുറിച്ചാല്‍ ഒരു പകുതി ആണിനും ഒരു പകുതി പെണ്ണിനും എന്ന് ധാരണയുണ്ടോ? പകുതി പോയിട്ട് ഒരു സൂചിക്കിട കൊടുക്കില്ല പെണ്ണിന് എന്നതാണ് ലോക ധര്‍മമത്രെ . അപ്പോഴാണ് ആണും പെണ്ണും അല്ലാത്ത / ആണും പെണ്ണും കൂടി ചേര്‍ന്ന/ ആണുടലിനുള്ളില്‍ പെണ്ണുയിരും പെണ്ണുടലില്‍ ആണ്‍ ഉയിരും ഉള്ള , പെണ്ണുനോട് പെണ്ണിന് ഇണചേരുകയും ആണ് ആണിനോട് ഇണ ചേരുകയും ചെയ്യുന്ന ആണും പെണ്ണും ഒരുപോലെ അകറ്റുന്ന വൈചിത്ര്യങ്ങളുടെ ഒരു ലോകം എന്ന് പൊതു സമൂഹം കരുതുന്ന സുപ്രീം കോടതി മൂന്നാം ലിംഗം എന്ന് വിളിച്ച ഒരു കൂട്ടര്‍. അവരെ എവിടെ നിറുത്തും .കാലമുന്നയിക്കുന്ന ഈ ചോദ്യത്തിന്റെ ഒരു വേദനാജനകമായ മുഖം ഹരിയും വിജയനും എഴുതിച്ചേര്‍ത്തിട്ടുണ്ട് ഈ ആത്മകഥാകഥാനത്തില്‍ .വായന അതീവ ദുര്ഘടവും വേദനാജനകവും. ചില സമയങ്ങളില്‍ ബലാല്‍ ലൈംഗിക വൈകൃതങ്ങൾക്കു ഇരയാക്കപ്പെട്ട വേദന കൂടി അനുഭവവേദ്യമായി.


ആണിനോ പെണ്ണിനോ മനസിലാവില്ല അവരുടെ പരിമിതികള്‍. ലോകത്തില്‍ വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമല്ലാത്ത ഇടമാണ് കേരളം. പുറമെ ചിരിക്കയും അകമേ ആക്രമിക്കയും ചെയ്യുന്നവരുടെ നാട്. സുന്ദര ഹിജഡകളെയും പരുഷ/ സ്ത്രൈണ ഭാവങ്ങളുടെ പ്രോക്താക്കളെയും ഒരേ പോലെ വിചിത്ര രൂപികളായി കാണുന്നവര്‍ വെറുക്കുന്നവര്‍ . അവരുടെ ഇടയില്‍ ഇത്തരം വ്യക്തികളുടെ ജീവിതങ്ങളെ അനാവരണം ചെയ്യേണ്ടത് അത്യാവശ്യമാണ്
ഹമാം ഒരു കാലത്തു പൊതു കുളി സ്ഥലമായിരുന്നു . മസാജ് ചെയ്യാനൊക്കെ ആകും അനേകം കൊച്ചു മുറികളും. എവിടെയൊക്കെയാണ് ഹിജഡകള്‍കൂട്ടായി താമസിക്കുക . എല്ലാ തരക്കാരും , ലൈംഗിക തൊഴില്‍ ചെയ്യുന്നവരും അല്ലാത്തവരും .


തിരിച്ചറിവ്


എങ്ങനെയാണ് ഒരു ഹിജഡ തന്നെ തിരിച്ചറിയുന്നത്. ശരിയല്ലാത്ത ശരീരത്തില്‍ കുടുങ്ങി പോയി എന്നത് അറിയുന്നത്. സ്വന്തം വിഭാഗത്തോടും അപര വിഭാഗത്തോടും ഉള്ള മനോഭാവത്തില്‍ നിന്ന് തന്നെ. അത് അവര്‍ മാത്രമല്ല തിരിച്ചറിയുന്നത്. വ്യത്യസ്തമായ ലൈംഗികത ആഗ്രഹിക്കുന്ന മറ്റു പലരും , അവരുടെ ചൂഷക മനസിന് കിട്ടുന്ന ഒരു നല്ല ഇരയാണ് ഒരു ഹിജഡ. അധ്യാപകരാണ് ആദ്യ ചൂഷകര്‍ എന്ന് ജെറീനയും പറയുന്നു. ജെറീന അത് ചൂഷണമായല്ല കാണുന്നത് എന്ന് പറയട്ടെ, ഒരു പത്തു വയസുകാരനോട് ആ എല്‍ പി സ്കൂള്‍ഹെഡ്മാസ്റ്റര്‍ നടത്തിയ ബാന്ധവം പ്രണയം എന്ന് കണ്ടാണ് അവനിലെ അവള്‍അത് അംഗീകരിക്കുന്നത്. പൊതു സമൂഹം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം എന്ന് എഴുതി വയ്ക്കുന്ന ഒന്നിനെ ഒരു യുവതിയുടെ മാനസിക അവസ്ഥയുടെ അംഗീകരിക്കുന്ന ജെറീന തന്റെ ഹിജഡ ജീവിത കാലത്തു ബാംഗ്ലൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ അയാളെ വീണ്ടും കാണുന്നു. തിരസ്കരിക്കലിന്റെ പടിവാതിലില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ജെറീന തന്നെ തിരിച്ചറിഞ്ഞതിനു പ്രതിഫലമായി പണ്ടത്തെ ഒഴിഞ്ഞ ക്ലാസ്സുമുറിഇടപെടലുകളില്‍ അധ്യാപകനോട് എത്ര വിധേയപ്പെട്ടോ അത്ര തന്നെ ആര്‍ദ്രതയോടെ അയാളെ തൃപ്തിപ്പെടുത്തുന്നു. ശരീരത്തിന്റെ ഈ ഒരു ഇടപെടലിന് വല്ലാത്ത വൈകാരിക പ്രസക്തിയുണ്ട് ഒരു ഹിജഡയുടെ ജീവിതത്തില്‍ . ഒരുപക്ഷെ ജീവിതത്തില്‍ ഏറ്റവും ആഘോഷിക്കുന്നതും അവര്‍ രതിയെ തന്നെ.



ജെറീന തന്നെ തിരിച്ചറിഞ്ഞത് സ്വന്തം നടത്തത്തിലും , നൃത്തം പഠിക്കണം എന്ന അദമ്യമായ ആഗ്രഹത്തിലും തന്നെ. പിന്നെ ആടയാഭരണങ്ങളിലുണ്ടായ ആഗ്രഹങ്ങളില്‍ ഒരു ഹിജഡയുടെ ജീവിതം ഇത്രമേല്‍ പരിമിതമാണെന്നും നമുക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. സ്വന്തം വീട്ടില്‍ നിന്ന് നേരിടുന്ന പീഡനത്തിന്റെ മൃഗീയത , ഒരു ലിംഗ പദവിയില്‍ ഒതുങ്ങാനാകാത്ത മാനസിക സംഘര്‍ഷം ഒക്കെ നമുക്ക് അന്യമാണ്. കിട്ടുന്ന ശ്രദ്ധ തെറ്റായ വിധത്തിലാണ് കൊടുക്കുന്ന സ്നേഹം ലൈംഗികതയുടെ രൂപത്തിലും . ജെറീന സന്തോഷം അനുഭവിച്ചിട്ടില്ല എന്നാണോ ? അല്ല . അതിനെ ഒക്കെ കവിഞ്ഞു നില്‍ ക്കുന്ന പീഡന പര്‍വ്വം അവര്‍ അനുഭവിച്ചു. ലൈംഗിക തൊഴിലാളി , ലൈംഗിക ന്യൂനപക്ഷം എന്ന നിലയില്‍ ഒക്കെ അവര്‍ അനുഭവിക്കയും കാണുകയും ചെയ്ത ദുരന്തങ്ങള്‍അവരുടെ ജീവിതത്തിലെ കൊച്ചു വെളിച്ചത്തെ പോലും കെടുത്തിക്കളഞ്ഞു . പോലീസ് ഉദ്യോഗസ്ഥര്‍ ഇത്ര ലൈംഗിക അരാജകത്വമുള്ളവരാണോ, കാപാലികമായ ശാരീരിക അതിക്രമങ്ങള്‍വര്‍ണിക്കാന്‍ സാധിക്കയില്ല.


അവരുടെ ജീവിതത്തില്‍ ആറു വര്‍ഷത്തോളം ദാമ്പത്യ ജീവിതം ഉണ്ടായിരുന്നു. യഥാര്‍ത്ഥ സ്ത്രീയായി , സുരേന്ദ്രന്റെ ഭാര്യയായി അവര്‍ ജീവിച്ചു. പക്ഷെ സ്വാഭാവികമായും ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു, സുരേന്ദ്രന് വിവാഹം ഒരു സാധാരണജീവിതം എന്നിവ നിരസിക്കാന്‍ അവൾക്കു സാധ്യമല്ലല്ലോ. ശേഷം ഒരു പുത്രനെ ദത്തെടുക്കുന്നും ഉണ്ട് ജെറീന . ഒരു യുവാവിനെ. അയാള്‍ഒരു ഹിജഡയെ തന്നെയാണ് വിവാഹം കഴിച്ചത്.


കാലം മാറുമ്പോള്‍ലൈംഗിക തൊഴിലിന്റെ മാനം മാറുന്നു എന്ന് അവര്‍ക്കു അഭിപ്രായമുണ്ട്. മുന്‍കാലങ്ങളില്‍ perverts , വൃദ്ധന്മാര്‍, മദ്യപന്മാര്‍, ഒക്കെ ആണ് ഹിജഡമാരെ തേടി എത്തിയിരുന്നത്. പ്രധാന ആകര്‍ഷണം അവരുടെ റേറ്റ് കുറവാണെന്നു തന്നെയാണ്. പക്ഷെ ഇപ്പോള്‍യുവാക്കള്‍വളരെയധികം അവരെ തേടിയെത്തുന്നു. ഹിജഡകൾക്കു പൊതുവെ അത് താത്പര്യമില്ലത്രേ . കാരണം യൂവാക്കളെ വഴിതെറ്റിച്ചു എന്ന പഴികേൾക്കാന്‍ അവര്‍ക്കു താത്‌പര്യമല്ല .
ചേലാ വ്യവസ്ഥയെ കുറിച്ച് ഒന്ന് പറഞ്ഞു പോകാം. ഓരോ ഹിജടയ്ക്കും അവരുടെ കൂട്ടായ്മയില്‍ ഒരു ഗുരു ഉണ്ടാകും. ഗുരുവിന്റെ കൂടെ ഉള്ള ഹിജഡമാരെ ചേലാ എന്നാണ് വിശേഷിപ്പിക്കുക . ഗുരുവിന്റെ വാര്‍ദ്ധക്യം ചേലായുടെ ചുമതലയാണ് അങ്ങനെ സ്വന്തം ശരീരം കൊണ്ട് ഗുരുവിനെ പോറ്റണം . തീരെ വൃദ്ധരായ ഹിജഡമാര്‍ ഹമാം വിട്ടു പോയാല്‍ പിന്നെ തിരിച്ചു വരാതെ ഏതെങ്കിലും ഇരുണ്ട മൂലകളില്‍ , വലിയ സിമെന്റ് പൈപ്പിനുള്ളില്‍ ശിഷ്ട ജീവിതം കഴിക്കും. അത്തരമൊരു അന്ത്യത്തെ കുറിച്ച് ജെറീന ഭയപ്പെട്ടുന്നപോലെ.


നാട്ടിലേക്കോ


അവരുടെ വലിയ ഒരു മോഹമാണ് വേണ്ടുവോളം ധനം സമ്പാദിച്ചിട്ടു നാട്ടില്‍ പോകാന്‍. പക്ഷെ നാട്ടില്‍ പോയ പല ഹിജഡകളും തിരിച്ചു ഹമ്മാമില്‍ തന്നെ എത്തുന്നു. പലരെയും വീട്ടുകാര്‍ തന്നെ ആട്ടിപ്പായിക്കുന്നു . ഹമ്മാമില്‍ വന്നു പരിചയപ്പെട്ടു വിവാഹം കഴിച്ചു പോകുന്നവര്‍ക്കും പല തരാം വൈകാരിക പ്രശനങ്ങളാണ്. ചിലര്‍ അതി ഗുപ്ത സാഹചര്യങ്ങളില്‍ മരണപ്പെടുന്നു.


ജെറീനയുടെ ആത്മകഥ ഇവിടെ തീരുന്നില്ല. അവരുടെ കേരളത്തില്‍ ഒരു ട്രാന്‍സ് ജന്‍ഡര്‍ പോളിസി നടപ്പിലായിരിക്കുന്നു. അവരുടെ ദീര്‍ഘ നാളായുള്ള ആശപോലെ വന്നു വീട്ടുകാരുമായി ചേര്‍ന്ന് അഭിമാനത്തോടെ ഈ നാട്ടില്‍ പാര്‍ക്കാന്‍ സാധിക്കുമോ. സംശയമാണ്. ഇരട്ടത്താപ്പ് ആണല്ലോ നമ്മുടെ മുഖ മുദ്ര.