‘’വംശഹത്യയ്ക്കായ് നിരത്തിനിര്‍ത്തപ്പെട്ട
കുഞ്ഞുങ്ങളാണ് ഞാന്‍ പാടുന്ന പാട്ടുകള്‍’’
ഭീകരരും കുറ്റവാളികളും അധികാരികളും
കലയുടെ നാവിനെ ഭയപ്പെടുന്നു
സല്‍ മാന്‍ റുഷ്ദി എന്നും എം. എഫ്. ഹുസൈന്‍ എന്നും
തസ്ലിമ നസ്രീന്‍ എന്നും പെരുമാള്‍ മുരുകനെന്നും
കലബുര്‍ഗിയെന്നുമൊക്കെ
ആ നാവിന് പല പല പേരുകളുണ്ട്
ഈ അവസ്ഥയില്‍
‘ തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക് ’
എന്നു വിളിച്ചുപറയുന്ന ധീരതയാണ് ഈ കവി
കാലം മാറുന്നു. കാലം എല്ലാറ്റിനെയും മാറ്റിക്കൊണ്ടിരിക്കുന്നു. പഴയൊരു കാലം ഉണ്ടാക്കിവച്ച സൗന്ദര്യശാസ്ത്രങ്ങളും കാവ്യസിദ്ധാന്തങ്ങളും മറ്റൊരു കാലത്തിനു യോജിച്ചെന്നു വരില്ല. ഒരു കാലത്തിന്റെ രാജകിരീടം മറ്റൊരു കാലത്തിന്റെ കോമാളിത്തൊപ്പിയായി മാറും.
ഇരിക്കാന്‍ നേരമില്ലാതെ ഓടുകയാണ് നമ്മള്‍. എവിടേയ്ക്കെന്നും എന്തിനെന്നും അറിയാത്ത ഓട്ടം. ഓടുകയല്ലാതെ എന്തു മാര്‍ഗ്ഗം എന്ന വിചാരത്തില്‍ , പിന്നെയും ഓടുന്നു. ഓടിക്കൊണ്ടിരിക്കലാണ് ജീവിതം എന്നു വിശ്വസിക്കുകയും ചെയ്യുന്നു. കഷ്ണങ്ങളായി ചിതറിപ്പോകുന്ന ജീവിതം; സമയമില്ല. മാത്രകള്‍ മാത്രം. ഇത്തരമൊരു കാലത്തിന് പഴയ മഹാകാവ്യങ്ങള്‍ ചേരുകയില്ല. ഒരു ചില്ലുകഷ്ണത്തിലും അഖിലാണ്ഡമണ്ഡലം പ്രതിഫലിക്കും.
നമ്മുടെ കാലത്തെ, സ്വപ്നങ്ങളെ, ആകുലതകളെ, വ്യഥകളെ ശക്തിയോടെ പ്രതിഫലിപ്പിക്കുന്ന ചില്ലുകഷ്ണങ്ങളും മഞ്ഞുതുള്ളികളുമാണ് ഈ പുസ്തകത്തിലെ സൂക്ഷ്മകവിതകള്‍. ഒറ്റ വരിയോ രണ്ടു വരിയോ നാലു വരിയോ ആണ് ഇവയെങ്കിലും വരികളെ കവിഞ്ഞൊഴുകുന്ന കവിതയുടെ പ്രവാഹിനിയാണിത്. വാക്കുകള്‍ക്കിടയില്‍ മൗനം എന്നല്ല, മൗനത്തില്‍ വാചാലത സൃഷ്ടിക്കലാണിത്. കുറച്ചു വാക്കുകള്‍ മതി, അനുഭവങ്ങളുടെ വലിയൊരു ലോകം തുറന്നിടുകയായി.
ആദ്യ വായനയില്‍ ഈ കവിതകള്‍ എന്നില്‍ ഉളവാക്കിയ പ്രാഥമികവിചാരങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ: ഇത്ര കാലം നിന്നെ കണ്ണില്‍ നോക്കിയിരുന്നിട്ടും കാണുന്നതെന്തെന്ന് എനിക്കു തെളിഞ്ഞുകിട്ടിയില്ല. പറച്ചിലില്‍ ക്കൊള്ളാത്ത ഒന്നാണ് ദൈവം. സര്‍വ്വരൂപിയും അരൂപിയും, സര്‍വ്വാകാരിയും നിരാകാരിയും. പ്രണയിനിയുടെ കണ്ണുകളില്‍ ദൈവം പ്രണയംതന്നെയാണ്. ദൈവം പ്രണയമാകുന്നു. ദുര്‍ബ്ബലമാനവര്‍ക്കുപോലും പ്രണയം ശക്തിയും പ്രതീക്ഷയും തരുന്നു. നിന്റെ കണ്ണുകളില്‍ ആകാശങ്ങള്‍ ഉണ്ട്; ദൈവവും ഉണ്ട്. ആകാശസഞ്ചാരം നടത്താന്‍ എവിടേയ്ക്കും പറന്നുപോകണമെന്നില്ല, നിന്റെ കണ്ണുകളില്‍ നോക്കിയിരുന്നാല്‍ മതി. ദൈവത്തെക്കാണാന്‍ ഒരു ദേവാലയത്തിലും പോകണമെന്നില്ല, നിന്റെ കണ്ണുകളില്‍ നോക്കിയിരുന്നാല്‍ മതി. ആലംബമില്ലാതാവുമ്പോള്‍ എവിടേയ്ക്കും പലായനം ചെയ്യേണ്ടതില്ല, നിന്റെ കണ്ണുകള്‍ രക്ഷ. നിന്റെ കണ്ണുകളില്‍ നോക്കിയുള്ള എന്റെ വിചാരങ്ങള്‍ അനുവേദം, വേദത്തിന്റെ കൂടെച്ചേരേണ്ടത്. (അനുവേദം).
ദുരന്തങ്ങളിലും കെടുതികളിലും ചെന്നുനിന്ന് ഉറക്കെ നിലവിളിക്കുകയാണ് കവിത ചെയ്യുന്നത്. ആരെയും സ്വസ്ഥരായിരിക്കാന്‍ വിടാതെ അസ്വാസ്ഥ്യങ്ങളിലേയ്ക്കും അശാന്തികളിലേയ്ക്കും ചൂണ്ടുകയാണ് കവിതയുടെ കര്‍മ്മം. കവിതയുടെ വിളികേട്ടിറങ്ങുന്ന കവിയുടെ കൂടെനടന്ന് കവിത പറയുന്നതും, ‘അരുതേ, അരുതേ’ എന്നാണ്. ‘ദുരന്തങ്ങള്‍ അരുതേ, അശാന്തി അരുതേ’. കവി ഏവരുടെയും നിലവിളികള്‍ കേള്‍ക്കുന്നു. കവിയുടെ നിലവിളി ആരും കേള്‍ക്കുന്നില്ലല്ലോ എന്നയാള്‍ കൈയുയര്‍ത്തി നിലവിളിക്കുന്നു. കവിത പഥേര്‍ പാഞ്ചാലി, പാതയുടെ പാട്ട്. കവി പാതയുടെ പാട്ടുകാരന്‍. (പഥേര്‍ പാഞ്ചാലി).
തണുത്ത വെള്ളംകൊണ്ടു ചെയ്യുന്ന അഭിഷേകമാണ് ശിശിരോദകം. കത്തിയാളുന്ന സൂര്യനു നല്‍ കാന്‍ സൂര്യകാന്തിയുടെ കൈയില്‍ ഒന്നുമില്ല. ഒന്നുമില്ലെന്നു പറയുന്ന വേദനയില്‍ അവളുടെ കണ്ണില്‍ നിന്നുതിരുന്ന ബാഷ്പകണങ്ങളാകുന്നു സൂര്യനുള്ള ശിശിരോദകം. (ശിശിരോദകം).
വെളിച്ചത്തിന്റെ വര നിഴലുകൊണ്ടാണ്, കറുപ്പിലാണ്. കറുപ്പു വരയ്ക്കപ്പെടുമ്പോള്‍ വെളിച്ചം താനേ ഉണ്ടാകുന്നു. ഇരുട്ടു വരയ്ക്കപ്പെടുമ്പോള്‍ വെളിച്ചം ഉണ്ടാകുന്നു. കറുപ്പിന്റെ വേറൊരു നിറമാണ് വെളുപ്പ്. ഇരുട്ടിന്റെ വേറൊരു രൂപമാണ് വെളിച്ചം, ചൂടിന്റെ അവസ്ഥാന്തരമാണ് തണുപ്പ് എന്നതുപോലെ. (ഛായാവാദം).
യാത്രക്കാരെ പുഴ വിഴുങ്ങുന്നു. രക്ഷിക്കാനെത്തുന്നവരെയും പുഴ ഉള്ളിലാക്കുന്നു. രക്ഷിക്കാന്‍ ശ്രമിച്ച് ശിക്ഷിക്കപ്പെട്ടവരുടെ ആത്മാക്കള്‍ പുഴയോരങ്ങളില്‍ അലഞ്ഞുനടക്കുന്നുണ്ട്. എങ്ങോട്ടെന്ന് അറിയാകാവാത്ത, സംശയാസ്പദമായ, അന്തമില്ലാത്ത വഴികളിലേയ്ക്കാണ് ഓരോ വിളിയും. (നിരന്തം).
സ്വാതന്ത്ര്യസമരങ്ങളില്‍ പോരാളികള്‍ കൂട്ടത്തോടെ മരണം വരിച്ചിട്ടുണ്ട്. കൂട്ടമരണങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പാരതന്ത്ര്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയല്ല, ജീവിതക്ലേശങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി. കൈകാലുകളില്‍ കെട്ടിപ്പൂട്ടിയ വിലങ്ങുകള്‍ അടിമത്തത്തിന്റേതല്ല, വീടാക്കടങ്ങളുടേതാണ്. (വയലാര്‍ വീണ്ടും ഗര്‍ജ്ജിക്കുന്നു).
മരിച്ചവര്‍ ജീവിച്ചിരിക്കുന്നു എന്ന ഓര്‍മ്മയില്‍ ജീവിക്കലാണ് ഏറ്റവും നല്ല ശ്രാദ്ധം, ഹിരണ്യശ്രാദ്ധം. മരിച്ചവര്‍ ഇല്ലാതാകുന്നില്ല. അവര്‍ ഉണ്ട്. ജീവിച്ചിരിക്കുന്നവരുടെ ഉള്ളില്‍ . അവര്‍ അവിടെ ഇല്ലാതാകുമ്പോഴാണ് യഥാര്‍ത്ഥ മരണം. (ഹിരണ്യശ്രാദ്ധം).
സ്കൂള്‍ കുട്ടികള്‍ മഴവില്ലുപോലെ വിരിഞ്ഞുനില്ക്കുന്നുണ്ട്. പൂമ്പാറ്റപോലെ പാറിനടക്കുന്നുണ്ട്. കുയിലിനെപ്പോലെ ഉറക്കെപ്പാടുന്നുണ്ട്. മഴവില്ലിന് എല്ലാ ആകാശവും തന്റേതാണ്. ഏതു പൂവാടിയും പൂമ്പാറ്റയ്ക്കു സ്വന്തമാണ്. കുയിലിന് ഓരോ മരവും വീടാണ്. ഏതു നാടും കിളിയുടെ ഇടമാണ്. എന്നാല്‍ , കുയിലൊത്തുപാടുന്ന പെണ്‍കുഞ്ഞിന് വീടുപോലും വീടല്ല. നാടില്ല. പാതിരാവുകളും കടല്‍ ത്തീരങ്ങളും പുഴയോരങ്ങളും അവളുടേതല്ല. കാടും അവളോടു കാടു കാട്ടുന്നു. (ഗാനവേദം).
ആയിരത്തൊന്നാം രാവിലാണ് കഥാഭാഷക വിജയിയാവുന്നത്. ദുര്‍മ്മരണത്തില്‍ നിന്നു രക്ഷപ്പെടുന്നത്. ഇത്തിരി വെള്ളം എന്നവള്‍ ചോദിച്ചതിന് വാസ്തവത്തില്‍ അര്‍ത്ഥം ഇത്തിരിപ്രണയം എന്നാണ്. തിരിച്ചുകിട്ടാത്ത പ്രണയം – തിരിച്ചറിയപ്പെടാതെ പോവുന്ന പ്രണയം – മരണത്തിന്റെ മുഹൂര്‍ത്തത്തിലാണ് പ്രണയം തിരിച്ചറിയപ്പെടുന്നത്. പ്രണയത്തിനു പകരം അവള്‍ വരിക്കുന്നത് മരണത്തെയാണ്. മരിക്കുമ്പോഴെങ്കിലും പ്രണയം തിരിച്ചറിയിക്കാനായതിനാല്‍ അവളുടെ മരണം വിജയമാണ്; പ്രണയത്തിന്റെ വിജയം. (ആയിരത്തൊന്നാം രാവ്).
വീണപൂവ് ശോകമാണ്. വീണപൂവാണ് കവിത. വിടരുന്ന പൂവ് അശോകമാണ്. പ്രതീക്ഷയാണ്. പ്രതീക്ഷയില്‍ കഥയുണ്ട്. പൂ വിരിഞ്ഞുനില്ക്കും. മരണത്തിലായാലും ജീവിതത്തിലായാലും. കാണിയില്‍ . (ദൃക്ക് – കാണി). ശോകത്തില്‍ നിന്നാണ് ശ്ലോകമുണ്ടാവുന്നത്. കണ്ണീര്‍ വിതച്ച് കൊയ്തെടുക്കുന്നതാണ് കവിത. വേദങ്ങളില്‍ ഇടമില്ലാത്തതാണ് ആ ചിന്ത. നിര്‍വ്വേദമാണത്. (നിര്‍വ്വേദം).
അച്ഛന്‍ ഇപ്പൊഴും എവിടെയൊക്കെയോ ഉണ്ട്. തളരുമ്പോള്‍ താങ്ങുവാന്‍. വീഴുമ്പോള്‍ എടുക്കുവാന്‍. നമുക്കെന്തു സംഭവിക്കുന്നുവെന്ന് സദാ നിരീക്ഷിക്കുന്നുണ്ട് രണ്ടു കണ്ണുകള്‍. സദാ ജാഗ്രത്തായ രക്ഷയെ അച്ഛന്‍ എന്നു വിളിക്കുക. ആതുരതയില്ലാതെ മരിച്ചവര്‍ നമ്മോടൊപ്പം എപ്പോഴും ഉണ്ട്. അവരുടെ സ്മരണതന്നെ നമ്മെ അനാതുരരാക്കുന്നു. (അനാതുരം).
രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ അവിടെ ചുംബനം നടക്കുകയല്ല ലോകം മാറുകയാണെന്ന് ഒക്ടേവിയാ പാസ്. പ്രണയോന്മത്തവും സ്നേഹസുരഭിലവുമായ ഒരു സ്പര്‍ശം മതി കുഷ്ഠം മാഞ്ഞുപോകാന്‍. ഒരു തഴുകല്‍ മതി വേദനയുടെ വടുക്കള്‍ ഇല്ലാതെയാവാന്‍. ഒരാലിംഗനം മതി മഹാവ്യാധികള്‍ മാറുവാന്‍. സ്നേഹം സങ്കടങ്ങളെ ദമനം ചെയ്യുന്ന ഒരു കാലം വരും. വരാതിരിക്കില്ല. (ദമനം).
യാചകര്‍ എപ്പോഴും വിളിക്കുന്നത് ദൈവത്തെയാണ്. ദൈവം, അപ്പുറത്തെവിടെയോ ഒളിച്ചുനില്ക്കുന്നു. വാസ്തവത്തില്‍ അവര്‍ കൈനീട്ടുന്നത് ദൈവത്തിന്റെ നേരേയാണ്. ദൈവം അതു കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല. അതിനാലാണ്, ഏവരും എപ്പോഴും യാചകരായിരിക്കുന്നത്. (കലിയായ കാലമിതില്‍ ).
ഹൃദയത്തിന്റെ മൺവീണ പണ്ടേ തകരാറുള്ളതാണ്. ദിനം തോറും കിട്ടുന്ന അനുഭവങ്ങളോരോന്നും അതിനെ ഉലച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും, തോല്‍ വി സമ്മതിക്കാതെ പുതിയ പുതിയ നിനവുകള്‍ അതില്‍ ശ്രുതിയിണക്കുകയാണ്. ഹൃദയത്തിന്റെ തടവറയില്‍ ഓര്‍മ്മകളുടെ കലാപം ഉയരുന്നു. (തടവറയില്‍ കലാപം).
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഓരോ പ്രണയാനുഭവവും. എങ്കിലുമത്, ജീവകോടികളുടെ അനുഭവത്തുടര്‍ച്ചയാണ്. ഇതുപോലെ മുമ്പോരൊക്കെയോ അലഞ്ഞിട്ടുണ്ടല്ലോ. വലഞ്ഞിട്ടുണ്ടല്ലോ. തീയില്‍ നടന്നിട്ടുണ്ടല്ലോ. ചങ്കുപൊട്ടിപ്പാടിയിട്ടുണ്ടല്ലോ. ആരാണ് ആ മുമ്പത്തെ ഞാന്‍? ആരാണ് ആ മുമ്പത്തെ നീ? (പൂര്‍വ്വം).
ഭാവിയുടെ ജനതയാണ് കുഞ്ഞുങ്ങള്‍. ഭാവികാലത്തിന്റെ പ്രവാചകത്വമുള്ള ശബ്ദമാണ് പാട്ട് അഥവാ കവിത. ഇന്നിന്റെ അനീതിയെ ചോദ്യം ചെയ്യുന്ന കവിത സ്ഥാപിതതാല്പര്യക്കാരാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണകൂടം, സായുധമതം, വര്‍ഗ്ഗീയത എന്നിവ എഴുത്തുകാര്‍ക്കും ഗായകര്‍ക്കും ചിത്രകാരന്മാര്‍ക്കും മരണം വിധിക്കുന്നു. ഭീകരരും കുറ്റവാളികളും അധികാരികളും കലയുടെ നാവിനെ ഭയപ്പെടുന്നു. സല്‍ മന്‍ റുഷ്ദി എന്നും എം. എഫ്. ഹുസൈന്‍ എന്നും തസ്ലിമ നസ്രിന്‍ എന്നും പെരുമാള്‍ മുരുകനെന്നും കലബുര്‍ഗി എന്നുമൊക്കെ ആ നാവിന് പല പല പേരുകളുണ്ട്. കുഞ്ഞുങ്ങളെ വംശഹത്യചെയ്ത് ഭാവിജനതയെ മായ്ച്ചു കളയുന്നതുപോലെ കലയെ ഇല്ലായ്മചെയ്ത് ഭാവികാലത്തിന്റെ സ്വപ്നങ്ങളെ മായ്ച്ചു കളയാനുള്ള സംഘടിതശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ അവസ്ഥയില്‍ ഓടിയൊളിക്കുന്ന ഭീരുത്വമല്ല, ‘തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്’എന്നു വിളിച്ചു പറയുന്ന ധീരതയാണ് ഈ കവി. (തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്).
സ്നേഹിച്ച പെണ്ണിനെ കൈപിടിച്ചിറക്കിക്കൊണ്ടുപോയി മറ്റെവിടെയെങ്കിലും ചെന്നുപറ്റി അദ്ധ്വാനിച്ചു ജീവിച്ച കാമുകന്റെ കാലം നമ്മുടെ കണ്മുന്നിലുണ്ട്. ഇന്നു നോക്കുമ്പോള്‍ അതൊരു വിദൂരഭൂതകാലംപോലെ തോന്നുന്നു. സ്വാഭിമാനഹത്യകളുടെ കാലമാണിത്. കമിതാക്കളുടെ പിന്നാലേപോയി പിടിച്ചു തിരികെക്കൊണ്ടുവന്ന് തീയിലെറിഞ്ഞോ കൈകാലുകള്‍ വെട്ടിമാറ്റിയോ കഴുവേറ്റിയോ കൊല്ലുന്ന ഉടപ്പിറന്നവരുടെ കാലം വന്നുചേര്‍ന്നിരിക്കുന്നു. (എന്തു ചൊല്ലാവത്?).
വെണ്ണ കട്ടു തിന്നവനാണ് അമ്പാടിക്കണ്ണന്‍. കുറുമ്പുകള്‍ ഏറെക്കാട്ടിയ ആരോമല്‍ വായ് തുറന്നപ്പോള്‍ക്കണ്ടത് ഈരേഴുപതിന്നാലു ലോകങ്ങള്‍! ഒരു തുടം വെണ്ണയില്‍ ബ്രഹ്മാണ്ഡം മുഴുവനുമുണ്ട് എന്നു ബോധ്യപ്പെടുത്തിയതാവാം. കാളിന്ദിയില്‍ കുളിക്കാനിറങ്ങിയ ഗോപസ്ത്രീകളുടെ ചേലകള്‍ കവര്‍ന്നെടുത്തുകൊണ്ടുപോയി ആല്‍ മരക്കൊമ്പിലിരുന്നു ലീലയാടി. കൗരവസഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലി നിസ്സഹായയായി നിലവിളിച്ചപ്പോള്‍ ചേല നല്കി രക്ഷിച്ചതും കൃഷ്ണന്‍ തന്നെ. ഇത് കൃഷ്ണന്റെ നീതിയാണ്. കൃഷ്ണഗാഥാകാരനായ കവിയുടെയും നീതിയാണ്. (വ്യാസനീതി).
ശാകുന്തളം വായിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെയാണ് വായിക്കുന്നത്. ശകുന്തളയെ ശകുന്തങ്ങളില്‍ നിന്നേറ്റുവാങ്ങി വളര്‍ത്തിയ കണ്വമുനി എന്നിലുണ്ട്. ആശ്രമത്തിലെത്തുമ്പോള്‍ കൊട്ടാരം മറക്കുന്ന, കൊട്ടാരത്തിലെത്തുമ്പോള്‍ ആശ്രമം മറക്കുന്ന നിത്യരാഗിയായ ദുഷ്യന്തന്‍ എന്നിലുണ്ട്. പ്രണയവും കണ്ണീരും വിളഞ്ഞ മാലിനീതീരങ്ങള്‍ എന്റെ അന്തഃരംഗത്തിലുണ്ട്. ഈ മുറിഞ്ഞ ഹൃദയത്തിലുണ്ട്, കാവ്യസമുദ്രങ്ങള്‍. (ഇദം ഹത ഹൃദയം).
രാജാവ് നഗ്നനാണെന്നു വിളിച്ചുപറഞ്ഞ കുട്ടി ഇതിഹാസമായി. മര്‍ത്ത്യധീരതയുടെയും കവിത്വത്തിന്റെയും നിഷ്കളങ്കതയുടെയും എക്കാലത്തെയും മികച്ച പ്രതീകമായി. രാജാവ് ദുരധികാരത്തിന്റെയും. തന്റെ ജീവസുരക്ഷപോലും ഉപേക്ഷിച്ച് രാജാവിനെ തുറന്നുകാട്ടാന്‍ ദൃഢനിശ്ചയം ചെയ്ത്, ഇല്ലാ വസ്ത്രം നെയ്ത്, ഇല്ലാത്തുണിയുടുപ്പിച്ച് ഇറക്കിവിട്ട നെയ്ത്തുകാരന് പിന്നീട് എന്തു സംഭവിച്ചു? അയാള്‍ ചരിത്രത്തില്‍ നിന്നു മാഞ്ഞു പോയത് എന്തുകൊണ്ട്? താജ് മഹല്‍ പണിതവര്‍ മാഞ്ഞുപോയി. വന്മതില്‍ ഉണ്ടാക്കിയവര്‍ മാഞ്ഞുപോയി. ചരിത്രം സൃഷ്ടിച്ചവര്‍ മുഴുവന്‍ ചരിത്രത്തിന്റെ മറുപുറത്തായി. “മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും” എന്നു ബൈബിള്‍. നെയ്ത്തുകാരന് എന്തു സംഭവിച്ചിരിക്കും? നക്ഷത്രങ്ങളോടു ചോദിക്കതന്നെ. (നക്ഷത്രങ്ങളോടു ചോദിക്ക).
ഈ ലോകജീവിതം തരണം ചെയ്യാന്‍ പ്രയാസമായിട്ടുള്ളതാണ്. ഓര്‍മ്മകള്‍ മാത്രമാണ് കൈമുതല്‍ . ഓര്‍മ്മകളിലാകട്ടെ, നിറയെ കപ്പല്‍ച്ചേതങ്ങളുമാണ്. കണ്ണീരിന്റെ കടലിലാണ് അത്. (ഇഹ സംസാരേ).
വല്ലാതെ ഇരുണ്ട, മേഘങ്ങള്‍ നിറഞ്ഞ രാത്രിയ്ക്ക് ‘ഘോരതിമരഘനനിബിഡനിശീഥ’മെന്നു പേരിടുന്നുണ്ട് ടാഗോര്‍. ഇരുട്ടില്‍ കണ്ണുകള്‍ മാത്രമേ കാണാതിരിക്കുന്നുള്ളൂ. അന്നേരം കൈകള്‍ കണ്ണുകളാകും. ദേഹം വിളക്കായിമാറും. ശരീരത്തിന്റെ ആഴങ്ങളില്‍ നിന്ന് ദേഹി തീനാളമായി ജ്വലിക്കും. അങ്ങനെയാണ്, പ്രണയികള്‍ അന്ധകാരത്തെ ഇല്ലായ്മ ചെയ്യുന്നത്.
“ഇരുട്ടു പെയ്ത് ഭൂതലം നിറയുമ്പോള്‍
വിളക്ക് വെളിച്ചം തരും
വിളക്കു കെടുമ്പോള്‍ നക്ഷത്രങ്ങള്‍
നക്ഷത്രങ്ങള്‍ കെടുമ്പോള്‍ സൂര്യന്‍
സൂര്യന്‍ കെടുമ്പോള്‍ ചന്ദ്രന്‍
വിളക്കും നക്ഷത്രങ്ങളും
സൂര്യനും ചന്ദ്രനും കെടുമ്പോള്‍
എനിക്കു നീയും
നിനക്കു ഞാനും
വിളക്ക്
എണ്ണതേടി നാടിറങ്ങുമ്പോള്‍
കെടാവിളക്കുകളുടെ നിറമാല” – എന്ന് ഈയുള്ളവന്‍ എഴുതിവെച്ചിട്ടുണ്ട്. വെളിച്ചം അസ്തമിക്കുകയില്ല, സ്നേഹിക്കുന്ന മനുഷ്യര്‍ ഉള്ള കാലത്തോളം. (ഘോരതിമിരനിബിഡനിശീഥേ).
നിന്റെ ശവമടക്കു കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോന്നു; ഞാനും. എന്നെ അവിടെത്തന്നെ നിര്‍ത്തിയിട്ടാണ് ഞാന്‍ മടങ്ങിയത്. നിന്റെ ശവമാടത്തില്‍ ഞാന്‍ ഇപ്പോഴുമുണ്ട്. നീയില്ലാതെ ഞാനില്ല. (ദുഃഖമൊക്കെപ്പറവാനോ…).
കവികള്‍ പള്ളിയുറങ്ങുന്നില്ല. കല്ലറകളില്‍ നിദ്രകൊള്ളുന്നുമില്ല. അവര്‍ അവരുടെ വാക്കുകളില്‍ നിത്യമായി ജീവിക്കുന്നു. ശരീരം ഇല്ലാതായിട്ടും, അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. കലഹിച്ചുകൊണ്ടിരിക്കുന്നു. സ്നേഹിച്ചുകൊണ്ടിരിക്കുന്നു. കവികള്‍ക്കു ചരമദിനമില്ല. (അനന്നശ്രാദ്ധം – അന്നം ഉപയോഗിക്കാതെയുള്ള ശ്രാദ്ധം).
ശബ്ദമുയര്‍ത്തിയുള്ള പ്രാര്‍ത്ഥനയാണ് വൈഖരീജപം. ശരീരം അമ്പലമാണ്. അമ്പലത്തില്‍ പ്രാര്‍ത്ഥന എന്നതു പോലെയാണ് ശരീരത്തില്‍ രോഗം. രോഗങ്ങള്‍ക്കു പാര്‍ക്കാനുള്ള ഇടം എന്ന് ശരീരത്തെ വിശേഷിപ്പിക്കാം. ദുഃഖങ്ങള്‍ക്ക് പാര്‍ക്കാനുള്ള ഇടം എന്ന് മനസ്സിനെ വിശേഷിപ്പിക്കാം. രോഗമാണ് ശരീരത്തെക്കുറിച്ചു പഠിപ്പിക്കുന്നത്. രോഗമില്ലാതെയായാല്‍ ശരീരത്തെ മറക്കും. പ്രാര്‍ത്ഥന മറ്റൊരിടത്തേയ്ക്കുള്ള യാത്രയാണ്. രോഗം നമ്മുടെ അഹന്തകളെ ഇല്ലായ്മ ചെയ്യുന്നു. ജ്ഞാനിയാക്കുന്നു. ശുദ്ധീകരിക്കുന്നു. (വൈഖരീജപം.)
‘യാതൊന്നു കാണ്മതതു നാരായണപ്രതിമ’ എന്ന് ഹരിനാമകീര്‍ത്തനം. കാണുന്നതെല്ലാം നാരായണന്റെ രൂപഭേദങ്ങള്‍. എല്ലാം ഒന്ന് – പ്രകൃതി തന്നെ. ഇന്നലത്തെ കൊഴിഞ്ഞ ഇലകളാണ് ഇന്നത്തെ പച്ചിലകള്‍. ഒന്നും മരിക്കുന്നില്ല. ജനിക്കുന്നുമില്ല. (യാതൊന്നു കാണ്മത്.)
ഋതുക്കള്‍ ഒരു വലിയ കടങ്കഥയാണ്. April showers bring May flowers എന്ന ഇംഗ്ലീഷ് ചൊല്ല് അനുസരിച്ചായിരുന്നെങ്കില്‍ ഭൂമി പൂക്കാടാകുമായിരുന്നു. മഴത്തുള്ളികള്‍ മുഴുവന്‍ പൂക്കളാകുന്നില്ല. പൂക്കളാകുംമുമ്പ് സുമഭ്രൂണങ്ങളെ വിഴുങ്ങുന്ന ഏതോ ഒരു മാസം ഏപ്രിലിനും മെയ്-യ്ക്കുമിടയില്‍ ഉണ്ടെന്ന് ചന്ദ്രശേഖരന്‍ കരുതുന്നു. (കണക്കു കള്ളമാണെന്നും ഒന്നില്‍ നിന്നു രണ്ടിലേയ്ക്കുള്ള ദൂരമല്ല പൂജ്യത്തിലേയ്ക്കെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട് – തൊട്ടെണ്ണും പൊരുള്‍ ). മനുഷ്യന്‍ ഉണ്ടാക്കിയ കലണ്ടറിനപ്പുറത്ത് മറ്റൊരു കലണ്ടര്‍ ഉണ്ട്. പ്രകൃതിയുടെ കലണ്ടര്‍. മനുഷ്യര്‍ ഗണിച്ച കാലത്തല്ല ഇപ്പോള്‍ കണിക്കൊന്ന പൂക്കുന്നത്. മരങ്ങളെ, മഴയെ, പുഴയെ നോക്കി നാം പുതിയ കലണ്ടര്‍ ഉണ്ടാക്കേണ്ടതായിട്ടിരിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ കലണ്ടറിലെ രണ്ടു മാസങ്ങള്‍ക്കിടയില്‍ പ്രകൃതിയുടെ അനേകമാസങ്ങള്‍ കടന്നുപോയെന്നു വരും. നമ്മുടെ ചില മാസങ്ങള്‍ പ്രകൃതി മായ്ച്ചു കളച്ചെന്നും വരും. ചിലപ്പോള്‍, കൊല്ലങ്ങള്‍ മുഴുവനായിത്തന്നെ, കലണ്ടര്‍ മുഴുവനായിത്തന്നെ പ്രകൃതി മായ്ച്ചെന്നുവരും. (ഋതുസമസ്യ).
“എന്തുണ്ട് വിശേഷം?”
“ഒന്നുമില്ല.”
“വിശേഷിച്ച്?”
“ഒന്നുമില്ല.”
ഒന്നുമില്ലൊന്നുമില്ല. ഒന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. അറിയുന്നില്ല. ഓര്‍ക്കുന്നില്ല. ഓടിക്കൊണ്ടിരിക്കുകയാണ്. ജീവിതമെന്ന മരീചികയിലേയ്ക്ക്. അതിന്റെ കിതപ്പു മാത്രം. ‘ജ്ഞാതേ തത്വേ കഃ സംസാരഃ?’ എന്ന് ശങ്കരാചാര്യര്‍. കാര്യം അറിഞ്ഞാല്‍ ലൗകികജീവിതം എവിടെ? (ജ്ഞാതേ തത്വേ).
‘പെൺമാറിടം മുന്തിരിക്കനികള്‍’ എന്നു കവികള്‍. മാറിടങ്ങള്‍ അര്‍ബുദത്തിന്റെ ദുര്‍ദ്ദേവതയ്ക്കു ബലികൊടുത്തവളും പെണ്ണുതന്നെ. അവളുടെ ഒഴിഞ്ഞ മാറിടങ്ങളും മുന്തിരിക്കനികള്‍ തന്നെ. സത്യത്തിന്റെ മുന്തിരിക്കനികള്‍. (സത്യത്തിന്റെ മുന്തിരിക്കനികള്‍.).
ഓരോ നിമിഷവും പ്രയാസം നിറഞ്ഞതാണ് ജീവിതം. ശ്വാസം മുട്ടിപ്പിടയുമ്പോള്‍ എങ്ങനെയെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്നു വിചാരിക്കും. ഒടുവില്‍ , ആ സമയം വരും. ഇത്തിരി കൂടി ജീവിതം, കുറച്ചു കൂടി, കുറേക്കൂടി… എന്ന് ആര്‍ത്തി പെരുകി വരും. ജീവിക്കുമ്പോള്‍ മരിക്കാനും മരിക്കുമ്പോള്‍ ജീവിക്കാനും മോഹിക്കുന്ന ഒരു ഊരാക്കുടുക്കാണിത്. ശബ്ദമില്ലാത്ത ശബ്ദമാണ് നീരവരവം. ജീവിതമില്ലാത്ത ജീവിതം, മരണമില്ലാത്ത മരണം എന്നൊക്കെ ഇത് പരിഭാഷപ്പെടുത്താം. (നീരവരവം).
നരകിക്കലാണ് നരനുള്ളത്. നരകിക്കുന്നവന്‍ നരന്‍. അതിനാല്‍ , നരകിക്കുക എന്ന വാക്കുണ്ടായി. ‘സ്വര്‍ഗ്ഗി’ക്കല്‍ നരനറിയില്ല. അങ്ങനെ ഒരു വാക്കുമില്ല. എത്ര കാലമായി ഇങ്ങനെ? ‘തലമുറകള്‍ വരുന്നു. പോകുന്നു. ഭൂമിയാകട്ടെ എന്നെന്നേയ്ക്കും നിലനില്ക്കുന്നു’ എന്ന് ബൈബിള്‍. (തലമുറകള്‍ വരുന്നു… പോകുന്നു…).
സ്വപ്നം കണ്ടതിന് വീണ്ടും ശിക്ഷിക്കപ്പെട്ട തടവുപുളളികളെക്കുറിച്ച് ഈയുള്ളവന്‍ പണ്ടൊരു കവിത എഴുതിയിട്ടുണ്ട്. ‘വളരെപ്പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്’ എന്ന പേരില്‍ . സ്വപ്നം ഉറക്കത്തില്‍ സംഭവിക്കുന്ന ഒന്നല്ല. ഉണരുമ്പോള്‍ ഇല്ലാതാവുന്നതുമല്ല. മനസ്സിന്റെ ആഴത്തിനുമാഴത്തില്‍ രൂഢമൂലമായി വിരിഞ്ഞുവരുന്ന സ്വാതന്ത്ര്യത്തിന്റെ വന്മരമാണത്. തടവറകളെ തകര്‍ക്കലാണത്. കണ്ണില്ലാത്തവന്റെ കണ്ണും കാതില്ലാത്തവന്റെ കാതും കാലില്ലാത്തവന്റെ കാലും ആണത്. കാലാന്തരങ്ങളിലേയ്ക്കു പറക്കാനുള്ള ചിറകാണത്. ജനതയുടെ സ്വപ്നങ്ങളെ രാജാക്കള്‍ ഭയപ്പെടുന്നു. സ്വപ്നം കാണാനുള്ള ജനങ്ങളുടെ ശേഷിയെ അടിച്ചമര്‍ത്തുകയാണ് അമിതാധികാരം ആദ്യം ചെയ്യുക. എല്ലാ അരുതുകളേയും അതിലംഘിച്ചുകൊണ്ട് പിന്നെയും പിന്നെയും സ്വപ്നങ്ങള്‍ പൊട്ടിമുളയ്ക്കുന്നു. സ്വപ്നം കാണുക എന്നതു തന്നെയാണ് ഏറ്റവും വലിയ സ്വപ്നം. (സര്‍വ്വം ദുഃഖം… മഹാദുഃഖം!).
ഈ സൂക്ഷ്മകവിതകള്‍ ഓരോന്നും ഓരോ കൊച്ചു ജനലാണ്. അതൊന്നു തുറന്നാല്‍ ആകാശം കാണാം. ഒരു കൊതുമ്പുവള്ളത്തില്‍ തുഴഞ്ഞുപോയി കാണാലോകങ്ങള്‍ കാണുന്നതുപോലെ, ഈ കുഞ്ഞുകവിതകളിലൂടെ നമുക്ക് ഏറെ സഞ്ചരിക്കാന്‍ കഴിയും.
ഇവിടെ വാക്കുകളങ്ങനെ ചുരുക്കിച്ചുരുക്കിയെടുത്ത് അണുരൂപമാക്കിയിരിക്കുന്നു. അതിനാല്‍ , ഈ കവിതകളില്‍ ഉഗ്രമായ ഊര്‍ജ്ജം ഒളിഞ്ഞിരിക്കുന്നു. പല തരത്തിലുള്ള പാരായണസാധ്യതകള്‍ തുറന്നിടുന്നു എന്നതാണ് മഹത്തായ കവിതയുടെ ഒരടയാളം. പുറംലോകത്തേയ്ക്കുള്ള സഞ്ചാരം മാത്രമല്ല അകംലോകങ്ങളിലേയ്ക്കുള്ള സഞ്ചാരമായും ഈ കുഞ്ഞുകവിതകള്‍ മാറുന്നു. രൂപത്തില്‍ മാത്രമേ ഈ കവിതകള്‍ ചെറുതായിരിക്കുന്നുള്ളൂ.
ഈ കുഞ്ഞുകവിതകള്‍ വിത്തുകള്‍ പോലെയാണ്. ‘വളമേറിന കണ്ടത്തില്‍ വിതച്ചാല്‍ ’ പൊട്ടിമുളച്ച് വന്മരങ്ങളായി മാറാവുന്ന വിത്തുകള്‍. അതാണ് നല്ല കവിതയുടെ ലക്ഷണം. ‘വാക്യം രസാത്മകം കാവ്യം’ എന്നാണ്. ഒരു മഹാകാവ്യത്തില്‍ രസാത്മകവാക്യങ്ങള്‍ നന്നേ കുറയും. അത്തരം വാക്യങ്ങളിലേയ്ക്കുള്ള യാത്രകളാണ് മറ്റെല്ലാ വരികളും. പശ്ചാത്തലവര്‍ണ്ണനകളെ പാടേ ഒഴിവാക്കി, കവിതയെ അതിന്റെ കേന്ദ്രത്തില്‍ ത്തന്നെ പ്രതിഷ്ഠിക്കുകയാണ് കുഞ്ഞുകവിത ചെയ്യുന്നത്. എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നു, കടല്‍ . എല്ലാം പ്രതിബിംബിപ്പിക്കുന്നു, മഞ്ഞുതുള്ളികള്‍. കുഞ്ഞുകവിത ഹിമബിന്ദുവാണ്.
ഈ കവിതയുടെ ശീര്‍ഷകങ്ങള്‍ കേവലം തലക്കെട്ടുകളോ തലേക്കെട്ടുകളോ അല്ല. കവിതയെ പുതിയ വിതാനങ്ങളിലേയ്ക്കു വിടര്‍ത്തുന്ന ചിറകുകളായിട്ടാണ് അവ അനുഭവപ്പെടുക. അവയിലെ മഹാകാവ്യപരാമര്‍ശങ്ങള്‍ കാവ്യചരിത്രത്തെ ചേര്‍ത്തുപിടിക്കുകകൂടിച്ചെയ്യുന്നു.
എന്‍. പി. ചന്ദ്രശേഖരന്‍ എനിക്കു മറ്റൊരാളല്ല. ഞാന്‍ തന്നെയാണയാള്‍. അര്‍ത്ഥവും ആഴവുമുണ്ടായിരുന്ന വിദ്യാര്‍ത്ഥിജീവിതകാലത്ത് കവിതകൊണ്ടും കനവുകൊണ്ടും ഒന്നിച്ചു ജീവിച്ച എന്റെ പ്രിയസഖാവ്. അതിനാല്‍ , ഈ കവിതകള്‍ വേറൊരാള്‍ എഴുതിയതല്ല.
കണ്ടതും കേട്ടതും വായിച്ചതും പറഞ്ഞതും നിനച്ചതുമെല്ലാം കല്ലില്‍ കൊത്തിവച്ചതുപോലെ ചന്ദ്രശേഖരന് ഓര്‍മ്മയുണ്ട്. ആ ഓര്‍മ്മ എന്നെ മിക്കപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഓര്‍മ്മ കൊണ്ടാണ് ചന്ദ്രശേഖരന്‍ എഴുതുന്നത്. മറവിയെ മായ്ക്കുന്ന ഓര്‍മ്മ.
ഓര്‍മ്മയുടെ ഊന്നുവടിയില്‍ വേണം, ഇനിയൊരു ചുവടു മുന്നോട്ടുവയ്ക്കാന്‍.
അധികാരം അദൃശ്യമാക്കിയതിനെയാണ്
ഈ കവിതകള്‍ ദൃശ്യമാക്കുന്നത്
നിശ്ശബ്ദമാക്കിയതിനെയാണ് ശബ്ദമാക്കുന്നത്
അസ്പൃശ്യമാക്കിയതിനെയാണ് സ്പര്‍ശിക്കുന്നത്
തത്സമയം മാത്രമല്ല സദാസമയവും
സൂക്ഷ്മകവിതകളില്‍ നിന്നു തത്സമയകവിതകളിലേയ്ക്കു പ്രവേശിക്കുമ്പോള്‍, അണുവില്‍ നിന്ന് വിളവിലേയ്ക്കു പ്രവേശിക്കുന്നതുപോലെ. സ്ഥലകാലങ്ങളും അനുഭവങ്ങളും ഭാഷയും വാറ്റിയെടുത്ത തുള്ളികളാണ് സൂക്ഷ്മകവിതകള്‍. അതില്‍ വിള അണുവിലേയ്ക്കു ചുരുങ്ങുന്നു. വൃക്ഷം വിത്തില്‍ മറയുന്നു. വിത്തില്‍ നിന്നു വൃക്ഷം പുറത്തുകടക്കുമ്പോള്‍ തത്സമയകവിതകള്‍. അവ ചരിത്രത്തോടും വര്‍ത്തമാനത്തോടുമുള്ള പ്രതികരണങ്ങള്‍. വര്‍ത്തമാനം എങ്ങനെ വര്‍ത്തിക്കരുത്, ചരിത്രം എങ്ങനെ ചരിക്കരുത് എന്നു കരുതുന്നവ. ഒരു കാല്‍ വര്‍ത്തമാനത്തിലും ഒരു കാല്‍ ഭൂതത്തിലുമാണ്. ഭാവിയിലേയ്ക്കാണ് ആയുന്നത്.
തത്സമയകവിതകളില്‍ ഭാവന അധികാരചരിത്രത്തോട് ഏറ്റുമുട്ടുന്നു. ഏറിയും കുറഞ്ഞും ഏതു കവിതയിലും ഇതുണ്ട്. ചരിത്രത്തെ നിര്‍ണ്ണയിക്കേണ്ടതും നയിക്കേണ്ടതും ജനതയും നീതിയുമാണ്. സംഭവിക്കുന്നതു നേരേ മറിച്ചും. ജനതയ്ക്കും നീതിയ്ക്കും എതിരായി അധികാരം ചരിത്രത്തെ കൈയിലെടുക്കുന്നു; ആശയരൂപത്തില്‍ , സംഘടിതമതത്തിന്റെ രൂപത്തില്‍ , ഭരണകൂടത്തിന്റെ രൂപത്തില്‍ , കോര്‍പ്പറേറ്റുകളുടെ രൂപത്തില്‍ . അകത്തും പുറത്തും സൂക്ഷ്മത്തിലും സ്ഥൂലത്തിലും അധികാരം അതിന്റെ തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുന്നു. അത് ആത്മീയതയെ ആത്മാവുകെട്ട ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കെട്ടിയിടുന്നു. തമ്മിലടുപ്പിക്കേണ്ട മതങ്ങളെ തമ്മിലടിപ്പിക്കുന്നു. ജനാധിപത്യത്തെ ജനങ്ങളുടെ മേലുള്ള ആധിപത്യമാക്കി മാറ്റുന്നു. രാജാക്കന്മാരും ചക്രവര്‍ത്തിമാരും കൈയടക്കിയ ചരിത്രത്തെ അവരില്‍ നിന്നു പിടിച്ചുവാങ്ങുകയാണ് കവി:
എഴുതപ്പെട്ടിട്ടുണ്ടല്ലോ:
“തെരുവിന്റെ മക്കളാണ് നമ്മള്‍;
തെണ്ടികളുടെ മാറാപ്പിലാണ് ചരിത്രം.”
സത്യം സത്യമായും
തലസ്ഥാനം എന്നോടു പറയുന്നു:
“തെരുവിനും തെണ്ടുന്നവരാണ് നമ്മള്‍;
നമ്മുടെ മറവിയിലാണ് ചരിത്രം!”
(തുക്കിടിസായ്പിന്റെ വീഥി)
തെരുവുതെണ്ടികളാണ് ചിലപ്പോള്‍ ചരിത്രം സൃഷ്ടിക്കുന്നത്. ‘ആദ്യം ആരും അറിയുന്നില്ല’ അത്. അതേ തെരുവില്‍ ജീവിക്കാന്‍വേണ്ടി അവര്‍ ചരിത്രം സൃഷ്ടിച്ച പുസ്തകങ്ങള്‍ വില്ക്കുന്നു പിന്നെ. അധികാരം പുസ്തകങ്ങളെപ്പേടിക്കുന്നു. അങ്ങനെ തെണ്ടികള്‍ക്കു തെണ്ടാന്‍ തെരുവുപോലുമില്ലാതാകുന്നു. എഴുതപ്പെടുന്ന ചരിത്രത്തില്‍ അവരില്ലാതാകുന്നു. ചരിത്രത്തിലെ കേടുവന്ന നീതിയെ നന്നാക്കിയെടുക്കാനാണ് കല എപ്പോഴും ശ്രമിക്കുന്നത്. തെണ്ടികളുടെ മാറാപ്പില്‍ നിന്നു ചിക്കിച്ചികഞ്ഞെടുത്ത ചരിത്രമാണ് ഈ കവിതകള്‍ നിരത്തിവയ്ക്കുന്നത്.
പല കാലങ്ങളിലും പ്രകാരങ്ങളിലുമുള്ളവയാണിവ. ആദ്യവും അവസാനവുമുള്ള രണ്ടു മെയ് ദിന കവിതകള്‍ക്കിടയില്‍ ഇവയെ അടുക്കിവച്ചിരിക്കുന്നു. കവിയുടെ നിലപാടും കാഴ്ചപ്പാടും അതില്‍ നിന്നുതന്നെ വ്യക്തമാണ്. തൊഴിലാളികളുടെ നില ഒട്ടും മെച്ചമല്ലെന്ന് ഈ ലോകതൊഴിലാളികവിതകള്‍. തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം നഷ്ടസങ്കല്പവും മുതലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം യാഥാര്‍ത്ഥ്യവുമാണെന്ന വൈപരീത്യം വരയ്ക്കുന്നവ.
‘യക്ഷ’ത്തിലെ നായകന്‍, ‘മേഘസന്ദേശ’ത്തിലെ നായകന്റെ പുതിയകാലരൂപമാണ്. കാളിദാസന്റെ യക്ഷനെ ശിക്ഷിക്കുന്നത് അന്നത്തെ മുതലാളിയാണ്. പണിയില്‍ വരുത്തിയ പിഴവിന്. ഭാര്യയില്‍ നിന്നും നാട്ടില്‍ നിന്നും കടത്തലായിരുന്നു ശിക്ഷ. യക്ഷത്തൊഴിലാളി ഇന്നും ‘തൊഴി’ കൊള്ളുകയാണ്. പുതുമുതലാളിത്തത്തിന്റെ തിട്ടൂരമായ ‘ടാര്‍ഗെറ്റി’ന്റെ ഗ്രീഷ്മത്തില്‍ അയാള്‍ വെന്തുരുകുന്നു. കോര്‍പ്പറേറ്റ് അധികാരത്തിന്റെ ആള്‍രൂപമായ ‘സി. എം. ഡി.’(ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍)മാര്‍ ‘മെമ്മോ’കള്‍ കാട്ടി അയാളെ ഭയപ്പെടുത്തുന്നു. രണ്ടാം ഖണ്ഡമാണ് കവിതയെ തത്സമയത്തിലേയ്ക്കു കൊണ്ടുവരുന്നത്. ഒന്നാം ഖണ്ഡം ഭൂതകാലത്തിലാണ്. മൂന്നാം ഖണ്ഡം രണ്ടു കാലത്തിലായി നിലകൊളളുന്നു. ദൂരെയുള്ള കാമിനിക്ക് യക്ഷന്‍ അര്‍ച്ചിക്കുന്നത് വീണപൂക്കളാണ്. യക്ഷന്റെ വീഴ്ചയുടെ പൂക്കള്‍. കാളിദാസന്റെ മേഘസന്ദേശത്തിന്റെ ഒരു തൊഴിലാളിവര്‍ഗ്ഗവായനയാണിത്.
ചാരനാണെന്നു തെറ്റിദ്ധരിച്ച് ചിത്രവധത്തിനിരയായ യക്ഷനാണ് ‘ചിത്രവധത്തിന്നു ഞാനിര’ എന്ന കവിതയിലെ നായകന്‍. വിചാരണകൂടാതെ വധശിക്ഷയ്ക്കു വിധിക്കലാണ് ചിത്രവധം. വിചിത്രമായ വധം. അതു തെറ്റിദ്ധാരണയുടെ പേരില്‍ . അധികാരത്തിന്റെ കണ്ണില്‍ ഒരാള്‍ കുറ്റവാളിയാണെന്നു തോന്നിയാല്‍ മതി. കുറ്റം ചെയ്യണമെന്നില്ല. അധികാരത്തിന്റെ കണ്ണില്‍ എല്ലാവരും കരടുകളാണ്. അധികാരം ആരെയും അധികം വിശ്വസിക്കില്ല. സംശയിച്ചുകൊണ്ടിരിക്കുകയെന്നതാണ് അതിന്റെ സ്വഭാവം. രാജ്യദ്രോഹിയാണെന്നും രാജ്യമോഹിയാണെന്നും ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവനാണെന്നും…
അനാഥവും വ്യഥിതവുമായ യക്ഷജന്മം മടുത്തിട്ടാണ് യക്ഷനും കൂട്ടുകാരിയും നരജന്മമെടുത്തത്. നരജന്മവും നരകജന്മംതന്നെ. ഇപ്പോളവരുടെ ഒരേയൊരുദ്ദേശ്യം ബാങ്കുലോണടയ്ക്കലാണ്. അതിന്റെ അന്ത്യം ജപ്തിനടപടികളായിരിക്കും. കവിതയിലെ അവസാനവരിയിലെ ഒരൊറ്റ ട്വിസ്റ്റുകൊണ്ടാണ്, കവിത തത്സമയത്തിലേയ്ക്കു പകര്‍ന്നാടുന്നത്. അതുവരെ പഴങ്കഥകളുടെ കാലത്തിലാണ് കവിത വ്യാപരിച്ചിരുന്നത്.
ഈ യക്ഷന്റെ തുടര്‍ച്ചകളാണ് ‘അസ്ഥിമാടക്കുറിപ്പ്’ എന്ന കവിതയിലെ ആത്മഹത്യചെയ്ത കര്‍ഷകര്‍. ലോണിന്റെ തവണകള്‍ തെറ്റി കടക്കുരുക്കില്‍ കുടുങ്ങിയ കര്‍ഷകര്‍ കയറിന്റെ കുരുക്കിലേയ്ക്കും മറ്റും രക്ഷപ്പെട്ടു! എന്തുകൊണ്ട് കര്‍ഷകര്‍ക്കിടയില്‍ ആത്മഹത്യ പെരുകുന്നു? വ്യവസായികളൊന്നും ഇതുപോലെ ആത്മഹത്യചെയ്യുന്നില്ലല്ലോ. മറ്റാരൊക്കെ ആത്മഹത്യചെയ്താലും കര്‍ഷകര്‍ അതുചെയ്യാന്‍ പാടില്ലാത്തതാണ്. മണ്ണിനോടും പ്രകൃതിയോടും അത്രയും ജൈവമായി ഇടപെടുന്നതുകൊണ്ട്. പക്ഷേ, ഇന്നു കൃഷിക്ക് സര്‍ഗ്ഗാത്മകമൂല്യം കൈമോശം വന്നു. കൃഷി കച്ചവടവത്കരിക്കപ്പെട്ടു. ലാഭം ലക്ഷ്യമായി. കവിത പങ്കുവയ്ക്കുന്ന വിദൂരമായ ഒരു ഭാവിസ്വപ്നമുണ്ട്:
“അക്കാലം:
കാശ് കാഴ്ചബംഗ്ലാവില്‍
കടം കുട്ടിക്കളികളില്‍
പലിശ പഴഞ്ചൊല്ലുകളില്‍
പറ്റുപടിക്കാര്‍ പാട്ടിക്കഥകളിലും.”
(അസ്ഥിമാടക്കുറിപ്പ്)
അധികാരവും അതിനെ സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളും അവയുടെ ഏറ്റുമുട്ടലുമില്ലാത്ത ഒരു കാലത്തെ, ലോകത്തെ ഈ കവിതകള്‍ സ്വപ്നം കാണുന്നുണ്ട്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ നിന്ന് എഴുന്നുവരുന്ന കവിതയാണ് ‘വെള്ളിയാഴ്ച’. ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാഹിത്യത്തിലും തീവ്രതയുടെ കാലമായിരുന്നു അത്. ജനാധിപത്യം ഫാസിസത്തിന്റെ നഖങ്ങളും തേറ്റകളും പുറത്തെടുത്ത കാലം. ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമായിമാറി. അതിനെതിരേ നടന്ന പോരാട്ടങ്ങളിലെ നായകരില്‍ ഒരാളായിരുന്നു വര്‍ഗ്ഗീസ്. വര്‍ഗ്ഗീസിനെ പോലീസ് വെടിവച്ചുകൊന്നു. ജനാധിപത്യനീതിക്കുവേണ്ടി പോരാടി എന്നതാണ് വര്‍ഗ്ഗീസ് ചെയ്ത തെറ്റ് അഥവാ ശരി. വര്‍ഗ്ഗീസിനെ കൊല്ലിച്ചു എന്നതാണ് ലക്ഷ്മണ ചെയ്ത ശരി അഥവാ തെറ്റ്. ജനരക്ഷകരാകേണ്ട പോലീസ് ജനശിക്ഷകരായിമാറുമ്പോള്‍, അവരെ ശിക്ഷിക്കാന്‍ നിയമം മടിക്കുന്നു. ശിക്ഷ വൈകിക്കുന്നു. ശിക്ഷയുടെ കനം കുറയ്ക്കുന്നു. ഇതിനോടുള്ള രോഷവും പരിഹാസവും കവി ഇങ്ങനെ രേഖപ്പെടുത്തുന്നു:
“ഏമാന്റെ ശിക്ഷ എഴുപത്താറില്‍ ,
നിന്റെ ശിക്ഷ മുപ്പത്തൊന്നിലും.
ഏമാന്റെ ശിക്ഷയ്ക്കു മൂന്നു വയസ്സ്,
നിന്റേതിന് നാല്പത്തിനാലും.
സഹിച്ചവരുടെ കണക്ക് എന്നും തോറ്റു,
ഭരിച്ചവരുടെ കണക്ക് എപ്പോഴും ജയിച്ചു.”
(വെള്ളിയാഴ്ച)
സഹനത്തിന്റെ ദുഃഖവെള്ളിയാഴ്ച വെള്ളിപോലെ വിളങ്ങുന്നു ചരിത്രത്തിലുടനീളം. ഇനി എന്നാണ് ഉയിര്‍പ്പ് എന്നാണ് ഈ കവിതകള്‍ ചോദിക്കുന്നത്. ജനാധിപത്യം ജനങ്ങളോടു ചെയ്തത് ഇതാണെങ്കില്‍ ഫാസിസം എന്തുതന്നെ ചെയ്യില്ല എന്ന മുന്നറിയിപ്പ് ഈ കവിതകളില്‍ ഉടനീളം. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് ഇന്ത്യയില്‍ വര്‍ഗ്ഗീയ ഫാസിസം ഇപ്പോള്‍ അതു ചെയ്തുകൊണ്ടിരിക്കുന്നു എന്നും.
ജനാധിപത്യം ഫാസിസത്തിനു വഴിമാറിയ അടിയന്തരാവസ്ഥതന്നെ മറ്റൊരു കവിതയില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്:
“വാര്‍ത്തയില്ലാക്കാലം വന്നാല്‍
വാര്‍ത്താഭാസം വാര്‍ത്തയാകും;
കാഴ്ചയില്ലാക്കാലങ്ങളില്‍
കാഴ്ചത്തെറ്റും കാഴ്ചയാകും.”
(എതിര്‍വേദം)
അധികാരത്തെ ചോദ്യംചെയ്താല്‍ അധികാരം മാധ്യമങ്ങളോടു ചെയ്യുന്നത് ഇതാണ്. അമാധ്യമങ്ങളാക്കും.
ദൈവനിധിയും ദൈവനീതിയും തമ്മിലുള്ള പൊരുത്തക്കേടാണ് ‘അച്ഛന്റെ അവകാശം’ എന്ന കവിത. അച്ഛന്റെ അവകാശം രാജാവ് ദൈവത്തിന്റെ പേരില്‍ തട്ടിയെടുത്തു. അങ്ങനെ എത്രയോ പ്രജകളുടെ എത്രയോ സമ്പത്ത് തട്ടിയെടുത്തത് കുമിഞ്ഞുകൂടിയതാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ . പ്രജകള്‍ അഷ്ടിക്കു തെണ്ടുമ്പോഴാണ് രാജാവ് സമ്പത്തു മുഴുവന്‍ ദൈവനടയ്ക്കല്‍ സമര്‍പ്പിക്കുന്നത്! ദൈവത്തിനുള്ളതു ദൈവത്തിനും പ്രജകള്‍ക്കുള്ളതു പ്രജകള്‍ക്കും എന്ന നീതി അധികാരത്തിനറിയില്ല. അധികാരം ദൈവത്തെ പിശാചിനു തുല്യമാക്കും.
കൃഷി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സര്‍ഗ്ഗാത്മകപ്രവര്‍ത്തനമായിരുന്നു. പക്ഷേ, അത് പ്രകൃതിയുടെ മേലും ഇതര ജീവജാലങ്ങളുടെ മേലുമുള്ള അധികാരപ്രയോഗമായി മാറുന്ന കാഴ്ചയാണ് ഹരിതവിപ്ലവത്തില്‍ ക്കണ്ടത്. അങ്ങനെയാണ്, മാരകമായ കീടനാശിനികളും കളനാശിനികളുമുണ്ടായത്. ഇവയെല്ലാം ജൈവശൃംഖലയെ നിര്‍ജ്ജീവശൃംഖലയാക്കി. അതിന്റെ തിരിച്ചടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കീടനാശിനി ഉല്പാദിപ്പിക്കുന്ന യൂണിയന്‍ കാര്‍ബൈഡില്‍ വിഷവാതകം ചോര്‍ന്നപ്പോള്‍ മനുഷ്യര്‍ കീടങ്ങളെപ്പോലെ ചത്തുവീണു. അതിന്റെ നടുക്കുന്ന ഓര്‍മ്മയും കാഴ്ചയും കാഴ്ചത്തുടര്‍ച്ചയുമാണ് ‘കണ്ണുകള്‍’ എന്ന കവിത. ഭോപ്പാല്‍ ദുരന്തത്തില്‍ പ്പെട്ട് മരണമടഞ്ഞ കുട്ടിയുടെ തിരുമ്മിയാലും അടയാത്ത കണ്ണ് ഇത്തരം ദുരന്തങ്ങളുടെ നേരേ ഒരിക്കലും കണ്ണടയ്ക്കരുതെന്നു കാണിക്കുന്നു. ഒരനീതിയുടെ നേരേയും. ഇങ്ങനെ അധികാരത്തിന്റെ നൃശംസതയ്ക്കുനേരേ സദാ തുറന്നിരിക്കുന്ന കണ്ണുകള്‍ ഈ കവിതകളില്‍ .
സ്മൃതി, മൃതിയെ ജയിക്കാനുള്ള ഒരു തന്ത്രം. സ്മൃതിനാശം മരണത്തിനുമുമ്പേയുള്ള മരണം. ഓര്‍മ്മ ഭൂതകാലത്തിലേയ്ക്കുമാത്രം ഓടുന്ന വാഹനം. ഭാവിയിലേയ്ക്കോടുന്ന വാഹനമാണ് ഭാവന. മുന്നോട്ടും പിന്നോട്ടും ഓടുന്ന ഇവ വര്‍ത്തമാനത്തിലെ ഏതോ ബിന്ദുവില്‍ വച്ച് കൂട്ടിമുട്ടിയപ്പോഴാണ് തത്സമയകവിതകളില്‍ പ്പലതും സംഭവിച്ചത്. ഓര്‍മ്മയുടെ രാഷ്ട്രീയമാണ് ഈ കവിതകളില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഓര്‍മ്മകളിലേയ്ക്ക് അച്ഛന്‍ പലതവണ കടന്നുവരുന്നു. വര്‍ഗ്ഗീസും സനില്‍ ദാസും കെ. ആര്‍. തോമസും ടി. എം. മാമുണ്ണിയും കടന്നുവരുന്നു. കഥാവശേഷരായ ടാഗോറും വൈലോപ്പിള്ളിയും എ. അയ്യപ്പനും മുല്ലനേഴിയും കവിതാവശേഷരാകുന്നു. മതത്തെ മതേതരവത്കരിച്ച പൗലോസ് മാര്‍ പൗലോസിനെപ്പോലുള്ളവര്‍ കടന്നുവരുന്നു. പാരമ്പര്യസ്മൃതികളെ റിവൈവലിസത്തിനുവേണ്ടി ഉപയോഗിക്കുന്ന ഈ കാലത്ത് പാരമ്പര്യത്തിന്റെ വിമോചകസ്മൃതികളെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. അതാണ് ഈ കവിതകള്‍ അനുഷ്ഠിക്കുന്ന രാഷ്ട്രീയദൗത്യങ്ങളിലൊന്ന്.
സഹപാഠി(ടി)യായ കെ. പി. രാജനോടൊപ്പം ലോകപാടികളായ മൈക്കല്‍ ജാക്സനെയും പീറ്റ് സീഗറെയും പാട്ടിലാക്കിയ കവിതകളാണ് ‘നൃത്താങ്കണം’, ‘പാട്ടുകാലം’, ‘രാജന്‍’ എന്നിവ. പാട്ടിനെ പാട്ടിലാക്കിയവരും അങ്ങനെ ലോകത്തെ പാട്ടിലാക്കിയവരുമാണിവര്‍. ‘പാട്ടുകൊണ്ടു ചൂട്ടുകെട്ടിയവര്‍’. ലോകത്തെ മാറ്റിമറിക്കാനും പാട്ടിനുകഴിയുമെന്ന് ഈ കവിതകള്‍ പാടുന്നു. സംഗീതത്തോടുള്ള ഈ കവിയുടെ ആഭിമുഖ്യത്തിന്റെ ഭാഗമാകാം ഛന്ദസ്സിനോടുള്ള ആഭിമുഖ്യം. ഛന്ദസ്സ് ഇവിടെ തടസമല്ല, സ്വാതന്ത്ര്യമാണ്.
അദൃശ്യനായ ഒരു ദൃശ്യമാധ്യമപ്രവര്‍കനുണ്ട് ഈ കവിതകളില്‍ . ഭരണകൂടത്തിനും ജനതയ്ക്കും മധ്യത്തിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അധികാരത്തിന്റെ ശാസനങ്ങളറിയിക്കലല്ല മാധ്യമങ്ങളുടെ കടമ. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനങ്ങളുടെ മുറവിളി കേള്‍പ്പിക്കലാണ്. കവിത എന്ന മാധ്യമത്തിലൂടെ ഈ മാധ്യമപ്രവര്‍ത്തകന്‍ മുഖ്യമായും ചെയ്യുന്നത് അതാണ്. പക്ഷേ, അത് കേള്‍ക്കേണ്ടവര്‍ കേള്‍ക്കാത്തതിന്റെ വിമ്മിട്ടം, രോഷം, പരിഹാസം ഈ കവിതകളില്‍ . ദൃശ്യമാധ്യമങ്ങള്‍ അദൃശ്യമാധ്യമങ്ങള്‍കൂടിയാണ്. അവ ഒന്നിനെ ദൃശ്യമാക്കുമ്പോള്‍ അനേകത്തെ അദൃശ്യമാക്കുന്നു. എന്തു കാണിക്കുന്നു എന്നതല്ല, എന്തു മറച്ചുവയ്ക്കുന്നു എന്നതാണ് പ്രധാനം. അധികാരം അദൃശ്യമാക്കിയതിനെയാണ് ഈ കവിതകള്‍ ദൃശ്യമാക്കുന്നത്. നിശ്ശബ്ദമാക്കിയതിനെയാണ് ശബ്ദമാക്കുന്നത്. അസ്പൃശ്യമാക്കിയതിനെയാണ് സ്പര്‍ശിക്കുന്നത്. തത്സമയം മാത്രമല്ല സദാസമയവും.
മറവിതന്‍ ഓര്‍മ്മ
എന്‍. പി. ചന്ദ്രശേഖരന്‍
കവിതാസമാഹാരം
60 സൂക്ഷ്മകവിതകളും 30 തത്സമയകവിതകളും
ഡി. സി. ബുക്സ്
വില 80 രൂപ