Jyothi Tagore

തമാശ – മലയാളസിനിമയുടെ കുമ്പസാരം

അന്യ/ന്റെ ശബ്ദം സംഗീതമായി മാറുന്ന കാലം സ്വപ്നം കാണുന്ന ജീവിവര്‍ഗ്ഗമാണ് മനുഷ്യര്‍. സഹജീവിസ്നേഹം പോലെയുള്ള വൈകാരികതകളുടെ പശ്ചാത്തലവുമതാണ്. മനുഷ്യന് ഇത്തരം ദാര്‍ശനികതലങ്ങള്‍ രൂപപ്പെടുത്തിയെടുക്കേണ്ടി വരുന്നതില്‍ ജീവിതത്തിന്റെ വൈരുദ്ധ്യാത്മകത ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റു ജീവികളില്‍ ഇതൊക്കെ സ്വാഭാവികമാകുമ്പോള്‍ , ഭക്ഷണത്തിനായിട്ടല്ലാതെ വേട്ടയാടുന്ന ഒരേയൊരു ജീവിയ്ക്ക് ഇതിനെ ദര്‍ശനമായി സ്വീകരിക്കേണ്ടി വരുന്നു. ദര്‍ശനങ്ങള്‍ നാഗരികതയുടെ ഭാഗമാണ്. അതിന് മുമ്പുള്ള കഠിനമായ ജീവിതത്തെ അതിജീവിച്ചെടുത്തതിന്റെ ശേഷിപ്പുകൂടിയാണ് മനുഷ്യസഹജമായ ക്രൂരതകള്‍. സ്വാഭാവിക അനുകൂലനങ്ങള്‍ ഏറെയില്ലാതെ പോയ ജീവിക്ക് നിലനിന്നു പോകണമെങ്കില്‍ കൂടുതല്‍ അക്രമോത്സുകനാകേണ്ടിയിരുന്നു, സ്വാര്‍ത്ഥനാകേണ്ടിയിരുന്നു. വലിയ തോതില്‍ അരക്ഷിതനായ മനുഷ്യര്‍ ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് സ്വയം നിര്‍ണ്ണയിച്ചെടുത്തതിന്റെ കഥയാണത്. സ്വന്തം വര്‍ഗ്ഗത്തിനകത്ത് തന്നെ തുടര്‍ച്ചയായ മത്സരങ്ങള്‍ നേരിടേണ്ടി വന്ന ഇരുകാലികള്‍ക്ക് അസഹിഷ്ണുതയെന്നത് സഹജഭാവമായി തീര്‍ന്നിരിക്കാം. സമൂഹജീവിയാകാന്‍ നമ്മെ പ്രേരിപ്പിച്ച ഘടകങ്ങള്‍ തന്നെയാണ് നമ്മെ സ്വാര്‍ത്ഥരാക്കിയതെന്ന് സാരം.


FB_IMG_1560967548764


ചരിത്രം നമുക്ക് സമ്മാനിച്ച ഇത്തരം സവിശേഷതകളുടെ നിരാസം കൂടിയാണ് യഥാര്‍ത്ഥ നാഗരികതയെ / ആധുനികതയെ സാധ്യമാക്കുന്നത്. അതൊരു രാഷ്ട്രിയ പ്രക്രിയയാണ്. അതുപക്ഷേ classwar പോലെയുള്ള ബൃഹദാഖ്യാനങ്ങള്‍ കൊണ്ടു എത്രമാത്രം വിശദമാക്കാനാകുമെന്നറിയിയില്ല, വൈരുദ്ധ്യങ്ങളെ പ്രകടമാക്കുന്നതിനാല്‍ ഇടതു വീക്ഷണത്തിലൂടെയുള്ള നിര്‍ദ്ധാരണം സാധ്യമാണ് താനും. അതിജീവിനത്തിനായുള്ള ഏതു പോരാട്ടത്തിലും ബലപ്രയോഗത്തിന്റെ ഒരു വശം അടങ്ങിയിട്ടുണ്ട്. പരാജയപ്പെട്ടു പോകുന്ന / അരികിലേയ്ക്ക് തള്ളപ്പെടുന്ന ജീവിതങ്ങള്‍ക്ക് മേല്‍ അത് ദുരിതമായി പെയ്തിറങ്ങുകയും ചെയ്യും. Survival of th fitest എന്നതിലും ഹൃദയശൂന്യമായൊരു വാചകം മാനവ ചരിത്രത്തിലില്ല. അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ സാംസ്ക്കാരികവളര്‍ച്ചയുടെ പ്രോഗ്രസ് കാര്‍ഡ്. അത് ജീവിതത്തോളം ലളിതമാണ്. സങ്കീര്‍ണ്ണതകളില്ലാതെ വാര്‍പ്പുമാതൃകള്‍ രൂപപ്പെടുത്തുകയും അതാണ് പൂര്‍ണ്ണതയെന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് അടിസ്ഥാനം. പൂര്‍ണ്ണതയ്ക്കായുള്ള ശ്രമങ്ങള്‍ അതിനെ പിന്തുടര്‍ന്നുവരുന്നു. ഇവിടെ മനുഷ്യന്റെ കഴിവോ മികവോ സര്‍ഗ്ഗാത്മകതയോ അല്ല വാര്‍പ്പു മാതൃകകളാണ് വിജയത്തിന്റെ മാനദണ്ഡം.. അതിന് പുറത്തുനില്‍ക്കുന്നവര്‍ അരികുകളിലേയ്ക്ക് തള്ളിമാറ്റപ്പെടുന്നു. നിസ്സഹായരാകുന്നു. അശാന്തരാകുന്നു. കപടമായി സൃഷ്ടിക്കപ്പെടുന്ന മത്സരബോധമായതിനാല്‍ വിജയമെന്നത് ക്രിയേറ്റിവായ ഒന്നല്ല, ആപേക്ഷികമാണ് – മറ്റുള്ളവരുടെ പരാജയത്തില്‍ മാത്രം മാറ്റുകൂടുന്നത്. ഉദാഹരണത്തിന് സമൂഹം കല്‍പ്പിച്ചിരിക്കുന്ന സൗന്ദര്യബോധത്തില്‍ നിന്ന് വ്യത്യസ്ഥരായ ചിലരുടെ സാന്നിദ്ധ്യത്തിലാണ് സൗന്ദര്യം തികഞ്ഞ വിജയി ഉണ്ടാകുന്നത്. വ്യത്യസ്ഥരായ മനുഷ്യരുടെ ശബ്ദങ്ങള്‍ സംഗീതമാകാതെ പോകുന്നത് അങ്ങനെയൊക്കെയാണ്. ഇത്തരം സൂക്ഷ്മമായ ഒട്ടേറെ രാഷ്ട്രീയപ്രശ്‌നങ്ങളെക്കൂടി കൈകാര്യം ചെയ്തു കൊണ്ടാണ് വര്‍ത്തമാനമലയാളസിനിമ “നവസിനിമ” എന്ന വിളിപ്പേരിനെ വികസ്വരമാക്കിക്കൊണ്ടിരിക്കുന്നത്.


FB_IMG_1560967574064
”നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത ” എന്ന അതിശയോക്തിയെ ഉയര്‍ത്തിപ്പിടിക്കാതെ, വ്യത്യസ്ഥതകളെ അതിന്റെ സ്വാഭാവികതയില്‍ ദൃശ്യവത്കരിക്കാന്‍ ശ്രമങ്ങളുണ്ടാകുന്നു എന്നതാണ് ഇതില്‍ പ്രധാനം. ഊതിപ്പെരുപ്പിച്ച വലിയ ക്യാന്‍വാസുകള്‍ ആവശ്യമായി വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രതിഭകളുടെ വസന്തമാണ് ഈയൊരു മാറ്റത്തിന്റെ ഗുണഫലം. ഇപ്പോള്‍ തീയ്യേറ്ററിലുള്ള ചിത്രങ്ങളെടുത്താല്‍ നിരൂപകശ്രദ്ധയും പ്രേക്ഷകപിന്തുണയും നേടുമ്പോള്‍ തന്നെ വിട്ടുവീഴ്ചയില്ലാതെ രാഷ്ട്രീയം പറയാന്‍ അവ തയ്യാറുകുന്നു എന്ന് കാണാം. കൊടിപിടിച്ച്, മുദ്രാവാക്യം വിളിക്കുന്നതല്ല, ലളിതമായി, ഭംഗിയായി, കൃത്യമായി കാര്യം പറയുന്നതും ജനപക്ഷത്ത് നിലയുറപ്പിക്കുന്നതുമാണ് കലയുടെ രാഷ്ട്രീയമെന്നത് ആ സിനിമകള്‍ വിളിച്ചുപറയുന്നുണ്ട്. വൈറസ്, തൊട്ടപ്പന്‍, തമാശ, ഉണ്ട- എല്ലാം തന്നെ സൂക്ഷ്മാര്‍ത്ഥത്തില്‍ രാഷ്ട്രീയസിനിമകളാണ്. തമാശ എന്ന ചെറിയ വലിയ സിനിമ അടയാളപ്പെടുന്നത് തുടക്കത്തില്‍ സൂചിപ്പിച്ച തരം പൊതുബോധ നിര്‍മ്മിതിയുടെ ഇരകളെയാണ്. വ്യത്യസ്ഥതകളെ പരിഹാസപൂര്‍വ്വം സമീപിക്കുന്ന നാമെന്ന പൊതുബോധത്തിന്റെ പ്രതിപക്ഷത്തു നിന്ന് കൊണ്ടാണ് കാമറ ചലിച്ചുതുടങ്ങുന്നത്. ധീരോദാത്തനതിപ്രതാപഗുണവാനായ നായകനിര്‍വചനത്തെ ക്ലാസില്‍ വിശദമാക്കേണ്ടി വരുന്ന അദ്ധ്യാപകനില്‍ ആ സങ്കല്‍പ്പം സൃഷ്ടിക്കുന്ന അപകര്‍ഷമാണ് ആദ്യ ഷോട്ട്. നിര്‍ദോഷമെന്ന് കരുതുന്ന സൗന്ദര്യസങ്കല്‍പ്പങ്ങള്‍ വ്യത്യസ്തരായ മനുഷ്യരില്‍ തീര്‍ക്കുന്ന ആഴമുള്ള മുറിവുകളിലൂടെയാണ് സിനിമ മുന്നേറുന്നത്. തമാശയെന്ന ഓമനപ്പേരില്‍ ക്രൂരമായ അവഹേളനങ്ങള്‍, അവഗണനകള്‍ നേരിടേണ്ടി വരുന്നവരുണ്ട്. Body Shaming എന്ന സ്വന്തം വൈകൃതത്തെ തമാശയെന്ന ലഘൂകരണത്തിലൂടെ ന്യായീകരിച്ച ആര്‍ക്കും സിനിമയില്‍ അവരവരെത്തന്നെ കാണാം – വില്ലന്മാരില്ലാത്ത സിനിമയിലെ വില്ലന്മാരായി. മുടിയില്ലാത്ത മനുഷ്യര്‍, തടിയുള്ള മനുഷ്യര്‍, സംസാരവൈകല്യമുള്ളവര്‍, കേള്‍വിക്ക് കാഴ്ചയ്ക്ക് ബുദ്ധിമുട്ടു നേരിടുന്നവര്‍, ബുദ്ധിപരമോ മാനസികമോ ലൈംഗികമോ ആയി ഭിന്നതയുള്ളവരൊക്കെ പൊതുബോധത്തിന് മുന്നില്‍ പരിഹാസപാത്രങ്ങളാണ്. അവര്‍ എത്രതന്നെ സര്‍ഗ്ഗവാസനകള്‍ പുലര്‍ത്തുന്നു എന്നതിലല്ല , തങ്ങളുടെ കണ്ണില്‍ അവരെത്രമാത്രം കുറവുകളുള്ളവരാണെന്നതാണ് നോട്ടം. ഏതെങ്കിലും സാമൂഹ്യവീക്ഷണം പുലര്‍ത്താതെ പിന്തിരപ്പനായി ജീവിക്കുന്ന ഒരാള്‍ക്ക്, തന്നേക്കാള്‍ മെച്ചപ്പെട്ട ഒരാളുടെ മേല്‍, അയാളുടെ ഭിന്നശേഷിയുടെ പേരില്‍ മേധാവിത്തം പുലര്‍ത്താന്‍ അവസരം നല്‍കുന്ന മനോഭാവമാണത്.


FB_IMG_1560967636979


കച്ചവടത്തിന് മേല്‍ക്കൈലഭിച്ചകലയെന്ന നിലയില്‍ സിനിമ പൊതുബോധത്തെ പിന്‍പറ്റി വിറ്റഴിയുന്ന ചരക്കാണ്. മസാലകള്‍, താരപരിവേഷം തുടങ്ങി പലതും മാര്‍ക്കറ്റിന്റെ ഭാഗമായി വരുന്നവയാണ്. പൊതുബോധത്തെ തൃപ്തിപ്പെടുത്തിയും പുനര്‍നിര്‍മ്മിച്ചും ഏറ്റവും എളുപ്പമുള്ള വിജയഫോര്‍മുല കരഗതമാക്കാന്‍ മുഖ്യധാരസിനിമ ശ്രമിച്ചു കൊണ്ടേയിരിക്കും. ആ ശ്രമം തന്നെയാണ് സിനിമയെ കച്ചവടമെന്നും കലാമൂല്യമെന്നുമുള്ള വേര്‍തിരിവുകളിലേയ്ക്ക് നയിക്കുന്നതും. വ്യവസ്ഥിതിയ്ക്ക് കീഴ്പ്പെട്ടു നില്‍ക്കാനുള്ള സ്വഭാവം കച്ചവടത്തിന്റെ തന്ത്രവും കലാപം കലയുടെ സ്വഭാവമാണ്. ഇവ തമ്മിലുള്ള സംഘര്‍ഷം സിനിമയോളം പ്രകടമായൊരു കല വേറെയില്ല. തമാശ എന്ന സിനിമയുടെതിന് സമാനമായ പ്രമേയം മുമ്പും മലയാളത്തിലിറങ്ങിയിട്ടുണ്ട്. അങ്കിള്‍ബണ്‍, സുധി വാത്മീകം ഒക്കെ ആ ശ്രേണിയില്‍ വരുന്നവയാണ്. സിനിമ മുന്നോട്ടു വെയ്ക്കുന്ന നിലപാടില്‍ വിരുദ്ധദിശയിലാണെന്ന് മാത്രം. ക്രൂരമായ പരിഹാസത്തിന്റെ മറുപുറമെന്നോണം നാം എടുത്തണിയുന്ന ഔദാര്യം എന്ന കാപട്യമാണ് മറ്റുചിത്രങ്ങളുടെ ഉള്ളടക്കമെങ്കില്‍ “തമാശ” അത്തരം വൈവിധ്യങ്ങളെ അവയുടെ സ്വാഭാവികതയില്‍ തന്നെ സ്വീകരിക്കുന്നു. പരിഹരിക്കേണ്ട / മറികടക്കേണ്ട പരിമിതിയായി വിഷയത്തെ സമീപിക്കുന്ന മുന്‍കാലരീതിയ്ക്ക് ” തമാശ” യുടെ അണിയറ പ്രവര്‍ത്തകര്‍ സലാം പറയുന്നത് അത്ര തമാശയായ കാര്യമല്ല. കാരണം, ഔദാര്യപൂര്‍ണ്ണമായ പരിചരണമെങ്കിലും സ്വീകരിച്ചിട്ടുള്ള ചില സിനിമകളെ മാറ്റിനിര്‍ത്തിയാല്‍ ക്രൂരവും അവഹേളനപരവുമായ സമീപനമാണ് ഈവിഷയത്തില്‍ മലയാളസിനിമ നാളിതേ വരെ പുലര്‍ത്തിപ്പോന്നത്. നടന്‍ശ്രീനിവാസന്റെയും കലാഭവന്‍ മണിയുടെയും ചില കഥാപാത്രങ്ങള്‍, വിനായകന് ലഭിച്ചു പോന്ന ആദ്യചിത്രങ്ങള്‍ ഒക്കെ body shaming പാരമ്യതയാണ്. അതുകൊണ്ടു തന്നെ, ” ഞാന്‍ Occupy ചെയ്യുന്ന space നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടാകുന്നതെങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല ” എന്ന് നായികകഥാപാത്രം പറയുന്ന ഡയലോഗ് ഏറ്റവും ആഴത്തില്‍ പതിക്കുന്നത് മലയാളസിനിമയുടെ നെഞ്ചത്ത് തന്നെയാണ്. “തമാശ ” മലയാളസിനിമയുടെ കുമ്പസാരം കൂടിയാകുന്നു.


22
നമ്മുടെ കാലഘട്ടത്തെ ഏറ്റവും ശക്തമായൊരിടത്തെ, സാമൂഹ്യമാധ്യമങ്ങളെ സിനിമ നിശിതമായ വിമര്‍ശിക്കുന്നുണ്ട്. അന്യന്റെ സ്വകാര്യതയെ മാനിക്കാതെ കടന്നുകയറുന്ന സൈബര്‍ ക്രിമിനലുകള്‍ക്ക് നേരെയാണ് ചിന്നു ചോദിക്കുന്നത് ഞാന്‍ occupy ചെയ്യുന്ന space നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നതെങ്ങനെയെന്ന്.


സ്വന്തം വര്‍ഗ്ഗത്തിനകത്ത് നിതാന്തശത്രുവിനെ തിരയുന്ന, വ്യത്യസ്ഥങ്ങളായ അപകര്‍ഷതകളെ വളമാക്കി തിടം വെയ്ക്കുന്ന പൊതുബോധത്തെ അഭിമാനമായി പേറി നടക്കുന്ന മനുഷ്യന് ഉത്തരം പറയാനാകുന്ന ചോദ്യമല്ലത് – ലളിതമെന്ന് തോന്നുമെങ്കിലും.


44


നിത്യജീവിതത്തില്‍ നിന്ന് വ്യത്യസ്ഥമായ, ഒറ്റക്കാഴ്ചയില്‍ മനസില്‍ പതിയാത്ത സങ്കീര്‍ണ്ണകളൊന്നും സിനിമയിലില്ല. നര്‍മ്മത്തിന്റെതായ പരിപചരണരീതി ചിത്രത്തെ ലളിതവും ഹൃദയഹാരിയുമാക്കുന്നു. അതിവൈകാരിത ഒഴിച്ചു നിര്‍ത്തി, ഒതുക്കത്തില്‍ പറയുന്നതിന്റെ എല്ലാ കൃതകൃത്യതയും സിനിമയ്ക്കുണ്ട്. അമ്പു തറക്കാത്തവരാരുണ്ട് എന്ന് സ്വയം ചോദിച്ചുകൊണ്ടു തീയ്യേറ്റര്‍ വിടുന്ന പ്രേക്ഷകരാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. അഷ്റഫ് ഹംസ എന്ന തിരക്കഥാകൃത്തും സംവിധായകനും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വിനയ് ഫോര്‍ട്ട്, ചിന്നുചാന്ദ്നി എന്നിവരുടെ മികച്ച പ്രകടനം എടുത്തുപറയേണ്ടതാണ്. നവാസ് വള്ളിക്കുന്ന്, ദിവ്യപ്രഭ, അരുണ്‍ കുര്യന്‍, ഗ്രേസ് ആന്റണി എന്നിങ്ങനെയാണ് താരനിര. കാമറ സമീര്‍ താഹിര്‍. ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ ലിജോ ജോസ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള നിര്‍മ്മാതാക്കളുടെ സാന്നിദ്ധ്യം സിനിമയുടെ നിലവാരത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതില്‍ നിന്ന് സംവിധായകനെ രക്ഷിച്ചിട്ടുണ്ട്.


തമാശ എന്ന ചെറുചിത്രം അത്ര ലളിതമായ തമാശയല്ല പങ്കുവെയ്ക്കുന്നത്. ” പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന കുഞ്ഞുണ്ണിച്ചിന്തയിലേയ്ക്കുള്ള ഉയരമാണതിന്റെ മാനദണ്ഡം. കേരളം താണ്ടേണ്ട ഉയരങ്ങളുടെ ദൂരങ്ങളുടെ മുന്നേ നടന്നുതുടങ്ങുകയാണിന്ന് മലയാള സിനിമ.